പരിസ്ഥിതി പഠനത്തിൻ്റെ സവർണവൽക്കരണം:  കേന്ദ്ര സർക്കാർ നയങ്ങളുടെ വിമർശനങ്ങൾ

സകല മേഖലകളിലും പ്രത്യക്ഷമായി തന്നെ ഇടപെടലുകൾ നടത്തികൊണ്ട്  സവർണ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പദ്ധതികൾ കൃത്യമായി തന്നെ അവർ നടപ്പിലാക്കുന്നുമുണ്ട്. പരിസ്ഥിതി വിഷയങ്ങളും ഇതിൽ നിന്ന് വിഭിന്നമല്ല. ബിജെപി സർക്കാരിന്റെ കാലത്ത് ഇറക്കിയ എല്ലാ റിപ്പോർട്ടുകളിലും ഇത്തരം സവർണ ബ്രാഹ്മണ ഐതിഹ്യങ്ങളുടെ അതിപ്രസരം നമുക്ക് കാണാം. ഷാദിയ ഷെറിൻ സി.ടി എഴുതുന്നു.

നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണത്തിന്റെ ഭാഗമായി ഇൻഡ്യൻ വനശാസ്ത്രവുമായും  കാലാവസ്ഥാ വ്യതിയാനവുമായും ബന്ധപ്പെട്ട വിവരങ്ങൾക്ക് വേണ്ടി പരിസ്‌ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ വായിക്കുന്നതിനിടക്ക് കണ്ട ചില കാര്യങ്ങളാണ് ഈ കുറിപ്പിനാധാരം.

സകല മേഖലകളിലും കാവിവൽക്കരണവും, സവർണ ബ്രാഹ്മണവൽക്കരണവും നിരന്തരം വിമർശന വിധേയമായിക്കൊണ്ടേയിരിക്കുമ്പോഴും ഭരണകർത്താക്കൾ എന്ന അധികാരമുപയോഗിച്ചു കൊണ്ട് നിലവിലെ ബിജെപി ഭരണകൂടം അവരുടെ  അജണ്ടയായ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള മാറ്റത്തിന് വേണ്ടുന്ന കാര്യങ്ങൾ കൃത്യമായിത്തന്നെ നടപ്പിലാക്കുന്നുണ്ട് എന്നു വേണം കരുതാൻ. അത്രയൊന്നും ആരുടേയും ശ്രദ്ധ പതിയാത്ത രീതിയിൽ മുഖ്യധാരാ വിഷയങ്ങളിൽ എല്ലാം തന്നെ സവർണഹിന്ദു ഐതിഹ്യങ്ങളുടെ സമാഹാരങ്ങളായ ഭഗവത് ഗീത, മനുസ്മൃതി, വേദങ്ങൾ എന്നിവയെല്ലാം തന്നെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഹിന്ദു പാരമ്പര്യമാണ് ഇൻഡ്യൻ പാരമ്പര്യം എന്ന് വരുത്തിത്തീർക്കും വിധം ഇത്തരം ഗ്രന്ഥങ്ങളുടെ മഹത്വവൽക്കരണമാണ് നടക്കുന്നത്. സകല മേഖലകളിലും പ്രത്യക്ഷമായി തന്നെ ഇടപെടലുകൾ നടത്തികൊണ്ട്  സവർണ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പദ്ധതികൾ കൃത്യമായി തന്നെ അവർ നടപ്പിലാക്കുന്നുമുണ്ട്. പരിസ്ഥിതി വിഷയങ്ങളും ഇതിൽ നിന്ന് വിഭിന്നമല്ല. ബിജെപി സർക്കാരിന്റെ കാലത്ത് ഇറക്കിയ എല്ലാ റിപ്പോർട്ടുകളിലും ഇത്തരം സവർണ ബ്രാഹ്മണ ഐതിഹ്യങ്ങളുടെ അതിപ്രസരം നമുക്ക് കാണാം. 2014ലെ പരിസ്‌ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിവിധ ആക്ടുകൾ പുനഃപരിശോധിക്കാനുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ടിലെ ഓരോ അധ്യായവും ആരംഭിക്കുന്നത് വിവിധ വേദങ്ങളിൽ നിന്നും മനുസ്‌മൃതിയിൽ നിന്നുമുള്ള സൂക്തങ്ങളോടെയാണ്. ഇൻഡ്യയുടെ നിലവിലെ ‘വർക്കിങ് പ്ലാൻ ഫോർ ക്ലൈമെറ്റ് ജസ്റ്റിസ്’ റിപ്പോർട്ടിന്റെ അവസ്ഥയും വ്യത്യസ്തമല്ല.

അതായത്, നിരന്തരം ഇത്തരം ഐതിഹ്യങ്ങളുടെ ചേർക്കലുകളിലൂടെ, ജാതി, വർണ ഘടനകളുടെ സ്വാഭാവികവൽക്കരണം നടക്കുന്നതോടൊപ്പം, ബ്രാഹ്മണ ജ്ഞാനത്തിനു മാത്രം പ്രാധാന്യം നൽകി, മറ്റു ജ്ഞാന വ്യവഹാരങ്ങളെയും ദലിത്-ന്യൂനപക്ഷഇതര മത സംസ്കാരങ്ങളെയും അവരുടെ അറിവുൽപാദനത്തെയും പാടെ നിരാകരിച്ചു കൊണ്ട്, ഭാരത പാരമ്പര്യമെന്നും സംസ്കാരമെന്നുമുള്ള പേരിൽ തീർത്തും വികലവും സവർണവുമായ അറിവുകളെ സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും, ദലിതുകളുടെയും ജ്ഞാനത്തെയും മറ്റും പൂർണാർഥത്തിൽ മായ്ച്ചു കളയുകയാണ്. അതുകൊണ്ടാണ് സുസ്ഥിര ജീവിതശൈലി എന്ന തരത്തിൽ അവതരിപ്പിച്ച ഇതേ വേദങ്ങളും, ഐതിഹ്യങ്ങളും ദലിത് വിരുദ്ധവും  സ്ത്രീ വിരുദ്ധവുമാണ് എന്ന കാരണം കൊണ്ട്  അംബേഡ്ക്കറിനെ പോലുള്ളവർ  നിരന്തരം വിമർശിച്ചത്.

ഇൻഡ്യയിൽ നിലനി(ൽക്കു)ന്ന  ജാതിവ്യവസ്ഥ എങ്ങനെയാണ് പാരിസ്ഥിതികമായി നോക്കുമ്പോൾ സുസ്ഥിര ജീവിതശൈലിയാകുന്നതെന്ന്, മാധവ് ഗാഡ്ഗിലും കൈലാഷ് മൽഹോത്രയും നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. അതായത്, ജാതി വ്യവസ്ഥകൾ എല്ലാം തന്നെ, കൃത്യമായ കൂടിച്ചേരലുകൾ ഇല്ലാതാക്കുന്നതോടൊപ്പം (reproductive isolation) ഓരോരുത്തരും അവർക്ക് പാരമ്പര്യമായി കിട്ടിയ ജോലികളുമായി ബന്ധപ്പെട്ടു ജീവിക്കുന്നത് കൊണ്ട് തന്നെ വിഭവങ്ങളുടെ വിനിയോഗത്തിലും (resource partitioning) കാര്യമായ കുറവുണ്ടാകുന്നു. കൃത്യമായി തന്നെ ഓരോ സമൂഹങ്ങൾക്കും നിർണയിക്കപ്പെട്ട ഇടങ്ങളിൽ (niche) മാത്രം ഒതുങ്ങുന്നത് കൊണ്ട്, വിഭവ ചൂഷണത്തിലേക്ക് ഒരിക്കലും എത്തിയിരുന്നില്ല എന്നും പറയുന്നു. എന്നാൽ കേവലം പാരിസ്ഥിതികമായ വീക്ഷണകോണിൽ നിന്നു മാറി നോക്കുമ്പോൾ എത്ര മാത്രം വിവേചനപരമായിരുന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകുന്ന തികച്ചും മനുഷ്യത്വരഹിതമായ കാര്യങ്ങളിലേക്കുള്ള തിരിച്ചു പോക്കിനെയാണ് ഇത്തരം നടപടികൾ ലക്ഷ്യം വെക്കുന്നത് എന്ന് വേണമെങ്കിൽ കരുതാം. ഇതേ കാരണം കൊണ്ട് തന്നെ, സാമുദായിക, ജാതി അസമത്വങ്ങളെ, വെറും പാരിസ്ഥിതിക കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ ന്യായീകരിക്കുകയും, കാൽപനികവൽക്കരിക്കുകയും ചെയ്തതിൽ രാമചന്ദ്ര ഗുഹ, മാധവ് ഗാഡ്ഗിൽ, ആശിഷ് കോത്താരി, വന്ദന ശിവ തുടങ്ങിയ പരിസ്‌ഥിതി ഗവേഷകരുടെ പങ്കിനെ മുകുൾ ശർമ കൃത്യമായി വിമർശിക്കുന്നുണ്ട്.

വേറെ ഒരു തലത്തിൽ നോക്കുകയാണെങ്കിൽ എന്തുകൊണ്ട് സവർണ ജ്ഞാന വ്യവഹാരങ്ങൾ മാത്രം മഹത്വവൽക്കരിക്കപ്പെടുന്നു എന്നു കൂടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇൻഡ്യയിൽ നിലനിന്നു പോന്ന പാരിസ്ഥിതിക അറിവുൽപാദനങ്ങൾ എല്ലാം തന്നെ ജാതിയുമായി ബന്ധപ്പെട്ടായിരുന്നുവെന്നും മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദലിത് പാരിസ്ഥിതിക ജ്ഞാനത്തെ എങ്ങനെയാണ് തീർത്തും നിരാകരിച്ചു കളഞ്ഞത് എന്നും Caste and Nature എന്ന പുസ്തകത്തിലൂടെ മുകുൾ ശർമ സമർഥിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, ഹിന്ദുത്വ/ബ്രാഹ്മണ്യവാദികളുടെ ‘ദേശീയത’യും ജാതി വ്യവസ്ഥയുമായും അഭേദ്യമായ ബന്ധമുണ്ടെന്നും പറയേണ്ടി വരും.

ഇൻഡ്യയിൽ എല്ലാം ജാതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു, അതുകൊണ്ട് ഇൻഡ്യയിൽ വെള്ളത്തിനു പോലും ജാതിയുണ്ട് എന്ന് അംബേഡ്കർ പറഞ്ഞതും ഈ ‘ദേശീയത’യുമായി ചേർത്ത് വായിക്കാം. ഒരേസമയം ഗാന്ധിയുടെ പാരിസ്ഥിതിക ദർശനങ്ങൾക്ക് വലിയ തരത്തിലുള്ള സ്വീകാര്യത ലഭിച്ചപ്പോൾ തന്നെയും, പാശ്ചാത്യ പ്രചോദനങ്ങൾ ഉൾക്കൊണ്ടു എന്ന രീതിയിൽ അംബേഡ്കറിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കുറിച്ചു വേണ്ട വിധത്തിൽ പഠനങ്ങൾ നടന്നിട്ടില്ല എന്ന് വേണം കരുതാൻ.

ആധുനിക സംസ്കാരം എല്ലാ അർഥത്തിലും വിനാശകാരിയാണെന്നും, പുരാണങ്ങളിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന, സുവർണ കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്‌ എല്ലാ  തലത്തിലും വേണ്ടതെന്നുമായിരുന്നു ഗാന്ധിയൻ ദർശനങ്ങൾ വഴി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഗ്രാമങ്ങളിലെ സമാധാനപരവും, സുസ്ഥിരവുമായ വിഭവ വിനിയോഗങ്ങളിലൂടെ പരിസ്ഥിതി സന്തുലനം സാധ്യമാണെന്നും, അതുകൊണ്ട് ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകൂ എന്ന ഗാന്ധി വാദങ്ങൾ ഉൾക്കൊണ്ട ഹിന്ദ് സ്വരാജ്, രാമരാജ്യം എന്നീ പരികൽപനകൾക്ക് യഥാർഥത്തിൽ, പുരാതന ഭാരതത്തിലെ അതേ കണക്കിൽ ജാതീയ അസമത്വങ്ങൾക്കുള്ള മുതൽക്കൂട്ടാകുമെന്നും അംബേഡ്ക്കറിന്റെ വാദങ്ങളെ നിരത്തി മുകുൾ ശർമ പറയുന്നു. കൊളോണിയൽ അധിനിവേശത്തിന്റെ ചൂഷണത്തിലാണ് ഇൻഡ്യയിൽ അതുവരെ നിലനിന്നിരുന്ന വിഭവ സന്തുലനം നശിപ്പിക്കപ്പെട്ടതെന്നും ഇൻഡ്യൻ ഗ്രാമങ്ങളിലെ ജാതിയിലധിഷ്ഠിതമായ വിഭവ ഉപയോഗം സന്തുലിതമായിരുന്നുവെന്ന ഗാഡ്ഗിലിന്റെയും മൽഹോത്രയുടെയും യുക്തി തന്നെയാണ് ഗാന്ധിയുടെ ഇൻഡ്യൻ ഗ്രാമങ്ങളിലേക്കുള്ള തിരിച്ചു വിളിയിലും അടങ്ങിയിരിക്കുന്നത്. കൊളോണിയലിസത്തിനെതിരെ ഗാന്ധി ഉയർത്തിയ വില്ലേജിസത്തിലാണ് (villagism) ഇൻഡ്യയുടെ നവ സാമൂഹിക മുന്നേറ്റങ്ങളുടെയും പരിസ്ഥിതി മുന്നേറ്റങ്ങളുടെയും തുടക്കമെന്ന് ടി.കെ. ഉമ്മനും, രാജേന്ദ്ര സിങും നിരീക്ഷിക്കുന്നതും  ഇൻഡ്യൻ ഗ്രാമങ്ങളിലെ ജാതിക്കെട്ടുകളെ ഒട്ടും പരിഗണിക്കാതെയാണ്.

ഗാന്ധി മുന്നോട്ട് വെക്കുന്ന വില്ലേജിസത്തിന്റെ പരിമിതി വേറെ ഒരു തലത്തിൽ കൂടി പരിഗണിക്കാം എന്ന് കരുതുന്നു. ഇൻഡ്യൻ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ ആഹ്വാനം ചെയ്യുമ്പോഴും, ഇൻഡ്യൻ ഗ്രാമങ്ങളുടെ പുനരുജ്ജീവനം പരിസ്ഥിതി സന്തുലനത്തിന്റെ അടിത്തറയായി പറയുമ്പോഴും, ഗാന്ധിക്ക് ഇൻഡ്യൻ ഗ്രാമത്തിന്റെ അനുഭവം ഇല്ലായിരുന്നു എന്ന് സുരീന്ദർ ജോതിക നിരീക്ഷിക്കുന്നുണ്ട്. ഗാന്ധി ആദ്യമായി ഇൻഡ്യൻ വില്ലേജ് എന്ന സംവർഗത്തെ രാഷ്ട്രീയമായി ഉന്നയിച്ച സാഹചര്യവും പ്രാധാന്യമർഹിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജീവിത കാലത്ത്, ദർബനിലെ വെള്ളക്കാരുടെ ലെജിസ്ലേറ്റീവ് അസംബ്ലിക്ക് മുമ്പാകെ സമർപ്പിച്ച നിവേദനത്തിൽ, ദക്ഷിണാഫ്രിക്കയിലെ ഇൻഡ്യൻ വംശജർക്ക് ഭരിക്കുന്ന വെള്ളക്കാരെ പോലെ തന്നെ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടെന്ന വാദം ഉന്നയിക്കാനെന്നും; ആ അവകാശത്തിന്റെ കാരണമായി ഗാന്ധി ഉന്നയിക്കുന്നത് വെള്ളക്കാരെ പോലെ ഇന്ത്യക്കാരും വംശീയമായി ആര്യൻ (ഇൻഡോ-ആര്യൻ) തുടർച്ചയാണെന്ന കാരണമാണെന്നും സുരീന്ദർ ജോതിക നിരീക്ഷിക്കുന്നുണ്ട്. ഗാന്ധിയുടെ വില്ലേജിസത്തിന്റെ യുക്തി എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനെ ഇത് വ്യക്തമാകുന്നുണ്ട്‌. ഈ വംശീയ യുക്തി പ്രവർത്തിക്കുന്നത് കൊണ്ടാണ് സ്വതന്ത്ര ഭാരതത്തിലെ ഇൻഡ്യൻ ഗ്രാമ സങ്കൽപത്തെ അവതരിപ്പിക്കുമ്പോൾ, ഇൻഡ്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യവും നിരക്ഷരതയും നിർമാർജനം ചെയ്ത് ജാതിയിലധിഷ്ഠിതമായ തൊട്ടുകൂടായ്മ അവസാനിപ്പിച്ച് ഇൻഡ്യൻ ഗ്രാമങ്ങളുടെ വീണ്ടെടുപ്പ് എന്ന് വിഭാവനം ചെയ്യുമ്പോഴും; കീഴ്ജാതിക്കാർ സ്വയം നവീകരണത്തിന് തയ്യാറാകണമെന്നും മാംസ ഭക്ഷണം ഉപേക്ഷിച്ച് കൂടുതൽ ശുദ്ധരാകണമെന്നും (clean) കൂടി ഗാന്ധിക്ക് കൂട്ടിച്ചേർക്കേണ്ടി വരുന്നത്.

           

ഇതേ ജാതീയ വിവേചനങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്, ഗാന്ധിജി വിഭാവനം ചെയ്ത, സമാധാനപരവും, സുസ്ഥിര വിഭവ വിനിയോഗവും (sustainable resource utilisation) ഉൾക്കൊണ്ട ഗ്രാമങ്ങളിലൂടെയുള്ള രാമരാജ്യം യഥാർഥത്തിൽ  അഴുക്കുചാൽ (cesspools) മാത്രമായിരിയ്ക്കും എന്ന് അംബേഡ്ക്കർ പറഞ്ഞതെന്ന് ഗെയിൽ ഓംവേഡിന്റെ പഠനത്തിൽ പറയുന്നുണ്ട്. അല്ലെങ്കിൽ പൗരാണിക മാതൃകാ ഇൻഡ്യൻ ഗ്രാമങ്ങളെ സംബന്ധിച്ച മുഖ്യധാരാ പരിസ്ഥിതിവാദികളുടെ കാൽപനികവൽക്കരിക്കപ്പെട്ട വീക്ഷണവും, കീഴ്ജാതി വിഭവങ്ങളുടെ ഗ്രാമീണ അനുഭവങ്ങളും  ഒപ്പം ദലിത് പരിസ്ഥിതി വീക്ഷണവും തീർത്തും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ദലിത് പാരിസ്ഥിതിക ജ്ഞാനത്തെ തിരസ്കരിക്കരിക്കപ്പെടാനുള്ള വേറെ ഒരു കാരണം ആയിക്കാണാവുന്നത്, അതിനു വേദങ്ങളോ , ഐതിഹ്യ ഗ്രന്ഥങ്ങളോ പോലെ കൃത്യമായി ഒരു പൊതു സ്വഭാവമോ തുപോലുള്ളപവിത്രത’യോ ഇല്ലാത്തതായിരുന്നു എന്നുകൂടെ പറയാം. വാമൊഴികളും, നേരിട്ടുള്ള അനുഭവങ്ങളും നാടൻപാട്ടുകളും കലകളുമെല്ലാമായി, കൃത്യമായി രേഖപ്പെടുത്തിവെക്കാനാവാത്ത, കുറച്ചുകൂടി  സങ്കീർണവും, എന്നാൽ അതേസമയം മിത്തുകളിൽ നിന്ന് മാറി കൂടുതൽ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നതുമായുള്ള അനുഭവ ജ്ഞാനത്തെ; യോഗിവര്യന്മാരിലൂടെയും ഋഷികളിലൂടെയും കിട്ടിയതെന്ന് പറയപ്പെടുന്ന മിത്തുകളുമായി താരതമ്യപ്പെടുതാൻ ആരും തയ്യാറായില്ലായിരുന്നു എന്നുവേണം കരുതാൻപവിത്രത അവകാശപ്പെടുന്ന വരേണ്യ ജ്ഞാനത്തിന്റെ യുക്തികളെ ചോദ്യംചെയ്യാനുള്ള കെൽപ്, കീഴാള പരിസ്ഥിതി ജ്ഞാനത്തിനുണ്ടെന്ന ബോധ്യം തന്നെയാണ്, അക്കാദമിക പരിസരങ്ങളിൽ നിന്നും പരിഗണ ആവശ്യമില്ലാത്ത  മലിനമായ അറിവ് (dirty knowledge) മാത്രമായി അവ തിരസ്കരിക്കപ്പെടുന്നത്

 മഹാരാഷ്ട്രയിലെ കർഷക, പാരിസ്ഥിതിക, സ്ത്രീ മുന്നേറ്റങ്ങളിൽ തന്നെ വലിയൊരു പങ്കുവഹിച്ച ജോതിറാവു ഫൂലെയുടെ പാരിസ്ഥിക ഇടപെടലുകൾ ഒരേസമയം കേന്ദ്രീകൃത വികസനത്തെയും, മുതലാളിത്ത വ്യവസായത്തെയും ചോദ്യംചെയ്യുമ്പോഴും ഗാന്ധിയെ പോലെ ആഘോഷിക്കപ്പെടാത്തത്, ഫൂലെയുടെ പരിസ്ഥിതി ബോധത്തിൽ വര്യേണ ജാതി വിമർശനം സജീവമായിരുന്നത് കൊണ്ടാണെന്നു ഗെയിൽ ഓംവെദ്, Reinventing Revolution: New Social Movements and the Socialist Traditions in India എന്ന പുസ്തകത്തിലൂടെ സമർഥിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതേ രീതിയിൽ ചർച്ചകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട, അല്ലെങ്കിൽ പൂർണ്ണമായും ഒഴിവാക്കപ്പെട്ട ദലിത്  പാരിസ്ഥിതിക നേതൃത്വങ്ങളെയും മുന്നേറ്റങ്ങളെയും കേവലം യാദൃശ്ചിക സംഭവം മാത്രമായി വ്യാഖ്യാനിക്കാൻ കഴിയില്ല. ഫൂലെ മുതൽ അംബേഡ്കർ വരെയുള്ള ജാതി വിവേചനത്തിനെതിരെയുള്ള സമര നേതാക്കളെല്ലാം തന്നെ, അവരുടേതായുള്ള സമരങ്ങളിലുള്ള സവർണ ബ്രാഹ്മണ ഇടപെടലുകൾ നടത്തുന്നവരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നത്, ജാതി വ്യവസ്ഥകളെ ന്യായീകരിക്കുന്ന പ്രമാണ ഗ്രന്ഥങ്ങളെ നിഷേധിച്ചു കൊണ്ടുള്ള ഇടപെടലുകളാണ് ആവശ്യമെന്നായിരുന്നു. എന്നാൽ എല്ലാ ഇടപെടലുകളും ക്രമേണ, ദലിത് നേതൃത്വത്തെയും, പങ്കാളിത്തത്തെയും പാടെ നിരാകരിച്ചു, സവർണ ബിംബങ്ങളുടെ കടന്നു കയറ്റത്തോടെ അതേ  രീതിയിലേക്ക് പോവുകയാണുണ്ടായത്.

കേരളീയ പരിസരത്തിൽ ദലിത് ജ്ഞാനത്തോടുള്ള വിരക്തി കൊണ്ടും, ഘടനാപരമായും, മറ്റും സ്വയം ആർജിച്ചെടുത്ത അറിവിനെ, മറ്റു ജ്ഞാന വ്യവഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വേണ്ടത്ര പ്രാധാന്യം അർഹിക്കുന്നില്ല എന്ന തോന്നലോടെ അദൃശ്യമാക്കപ്പെട്ട, അല്ലെങ്കിൽ വേണ്ടത്ര പരിഗണനകൾ നൽകാതെ പോയ വ്യക്തിയാണ്, കണ്ടൽക്കാടുകളെക്കുറിച്ച അഗാധ ജ്ഞാനം ഉണ്ടായിരുന്ന കല്ലേൻ പൊക്കുടൻ. മുൻപ് പറഞ്ഞുവെച്ച കാര്യങ്ങളോടൊപ്പം, “കേവല പൊതു” എന്ന സങ്കൽപത്തോട് ദലിത് എന്ന അർഥത്തിൽ വിയോജിച്ച് നിന്നതുകൊണ്ടും എങ്ങനെയാണ് കേരളത്തിലെ പാരിസ്ഥിതിക  മുന്നേറ്റ ചരിത്രത്തിൽ കല്ലേൻ പൊക്കുടനെ അടയാളപ്പെടുത്താതെ പോയത് എന്ന് കറുപ്പ് ചുവപ്പ് പച്ച’ എന്ന പുസ്തകം ചർച്ചക്കെടുക്കുന്നുണ്ട്.

കല്ലേൻ പൊക്കുടൻ

കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും നിരന്തരം ചർച്ചകളിലും, വാർത്തകളിലും നിറയുമ്പോഴും, ആഗോള രാഷ്ട്രങ്ങൾ ഒന്നാകെ ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമ്പോഴും കേവലം സ്വദേശി സയൻസ് എന്ന പേരിൽ, ബ്രാഹ്മണ ഐതിഹ്യങ്ങളിലൂടെയും, യോഗയിലൂടെയും മറ്റും ഇത്തരം പ്രശ്നങ്ങളെ മറികടക്കാം എന്ന് വിടുവായത്തം പറയുന്നതിനോടൊപ്പം തന്നെ, പ്രധാനപ്പെട്ട എല്ലാ റിപ്പോർട്ടുകളിലും ഇവയൊക്കെ ചേർത്തു കഴിഞ്ഞു. പരിസ്‌ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പുറത്തിറക്കിയ പരമ്പര എന്ന പുസ്തകം കാണുക. കാലാവസ്ഥാ വ്യതിയാനത്തിന്റെയെല്ലാം മൂലകാരണം നമ്മുടെ ജീവിത രീതികൾ ധര്‍മ പാതയിൽ നിന്നും വ്യതിചലിച്ചു പാരമ്പര്യമായി കിട്ടിയ ബ്രാഹ്മണ ഐതിഹ്യങ്ങളുടെ പാലനത്തിൽ നിന്നും മാറിയത് കൊണ്ടാണെന്നും, പഴമയിലേക്കുള്ള തിരിച്ചുപോക്കിലൂടെ, അഥവാ യോഗയും ഗായത്രി മന്ത്രവും സൂര്യനമസ്കാരവും ശീലമാക്കുന്നതിലൂടെ ഇതെല്ലാം സാധ്യമാകുമെന്നും പുസ്തകം സമർഥിക്കുന്നു. ഇൻഡ്യൻ സംസ്കാരവും, കാലാവസ്ഥാ സൗഹൃദ ജീവനവും എന്ന ആശയത്തിലൂന്നി വിവിധ സംസ്ഥാനങ്ങളിലെ തനതു വിവരങ്ങളുടെ ഒരു സമാഹാരം എന്ന രീതിയിൽ ഇറക്കിയിട്ടുള്ളപരമ്പരയിൽ  ഓരോ വിവരങ്ങളുടെയും അടിസ്ഥാനമായി വിവിധ സാംസ്കാരിക വൈജാത്യങ്ങളെ അപ്പാടെ മറന്നു കൊണ്ട് ഹൈന്ദവ ബ്രാഹ്മണ സംസ്കാരത്തിന്റെ പ്രതിഫലനം നമുക്ക്  ഓരോ പേജുകളിലും കാണാം. ഹിന്ദു മത നിയമാവലിയായി കാണുന്ന, ഇപ്പോഴും ഭരണഘടനക്ക് പകരം വെക്കാവുന്നതെന്ന് ഹിന്ദുത്വ ബ്രാഹ്മണവാദികൾ കരുതുന്ന മനുസ്മൃതിയുടെ  കാല്‍പനികവൽക്കരണവും ഇതോടൊപ്പം അവർ കൃത്യമായി നടപ്പിലാക്കുന്നു.

സ്ത്രീ വിരുദ്ധമെന്നും ദലിത് വിരുദ്ധമെന്നും പ്രത്യക്ഷത്തിൽ തന്നെ എതിർപ്പുകൾ നേരിടുന്ന ഇത്തരം ഐതിഹ്യങ്ങൾ എല്ലാം തന്നെ, ‘മഹത്തായ ഭാരത പാരമ്പര്യത്തിന്റെഅടിത്തറയായി കണക്കാക്കുകയും മറ്റെല്ലാ ശാസ്ത്ര സാങ്കേതിക അറിവുകൾക്കും മുൻപുള്ളതെന്നു വാദിക്കുകയും വഴി വിമർശനങ്ങളെ ഇല്ലാതാക്കാൻ ഉതകുന്ന രീതിയിൽ വിവരങ്ങളെ ഉൾക്കൊള്ളിച്ചു സ്ഥാപിച്ചെടുക്കാനും അതിനെയെല്ലാം സ്വദേശി സയൻസ് എന്ന പേരിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അവർക്ക് സാധിക്കുന്നുണ്ട് എന്നുവേണം കരുതാൻ.

പ്രകൃതി വിഭവങ്ങൾ എന്നതിൽ നിന്നും മാറി, പവിത്രവും പുണ്യവും എന്ന കാരണങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് എന്തുകൊണ്ട് ചില പ്രത്യേക നദികളും പ്രദേശങ്ങളും മാത്രം ഉൾക്കൊള്ളിക്കുന്നു എന്നും ചോദ്യം ചെയ്യപ്പെടേണ്ടതായുണ്ട്. ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ച ഗംഗ/യമുന ശുചീകരണ പദ്ധതി, കേവലം നദികളെ മലിനീകരണ മുക്തമാക്കുക എന്നതിലുപരി, എന്തുകൊണ്ട് നദികൾ മാത്രം എന്ന് ചോദിക്കേണ്ടി വരും. ഹൈന്ദവ ഐതിഹ്യങ്ങൾ പ്രകാരം പുണ്യ നദികളായി കണക്കാക്കപ്പെടുന്ന ഗംഗയും യമുനയും, പവിത്രം അല്ലെങ്കിൽ പുണ്യം എന്ന രീതിയിലേക്ക് ഒരു ഭരണകൂടം ഉയർത്തിക്കൊണ്ടു വരിക വഴി, കേവലം സവർണ ബ്രാഹ്മണ മിത്തിനെ ഭാരത പാരമ്പര്യത്തിലേക്ക് കൂട്ടിച്ചേർക്കാനുള്ള അജണ്ടയായി വ്യാഖ്യാനിക്കാം. അതോടൊപ്പം, ഇതേ ഐതിഹ്യങ്ങളുടെ ഉത്ഭവകേന്ദ്രമായ വേദങ്ങളും മറ്റു സവർണ ബ്രാഹ്മണ ഗ്രന്ഥങ്ങളും കൂടെയാണ്, ഭാരത പാരമ്പര്യത്തോടു ചേർത്ത് വെക്കുന്നത്. ഇതിനോടൊപ്പം, ഇത്തരം ഐതിഹ്യങ്ങളുടെ യാഥാർഥ്യവൽക്കരണത്തിലൂടെ, ഒരു ബഹുസ്വര സമൂഹം എന്ന നിലക്കുള്ള മറ്റു ഇൻഡ്യൻ സംസ്കാരങ്ങളുടെ എല്ലാം തുടച്ചു നീക്കൽ കൂടെയാണ് നടക്കാൻ പോകുന്നത്. ഹിന്ദു രാഷ്ട്രം എന്ന അജണ്ടയിലേക്ക് എത്തുമ്പോൾ തന്നെ, അത് ഉൾക്കൊള്ളുന്ന പ്രമാണ ഗ്രന്ഥങ്ങളുടെ പരിധിയിലുൾപ്പെടാത്ത ദലിതർ മുസ്‌ലിംകൾ തുടങ്ങിയ മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെ നിലനിൽപ്പിനെ കുറിച്ചും ഗവണ്മെന്റ് ആശങ്കാകുലരാകാൻ വഴിയില്ല. ഇതിന്റെയെല്ലാം തുടർച്ചയെന്നോണം മറ്റു സംസ്കാരങ്ങൾ ഇല്ലായ്മ ചെയ്യാനും അതിന്റെ ആദ്യ പടി എന്ന നിലക്കുള്ള നടപടികളിലേക്കും ഹിന്ദു രാഷ്ട്രം വിഭാവനം ചെയ്യുന്ന സംഘപരിവാർ/ബിജെപി, സർക്കാർ കടന്നു എന്നു വേണം കരുതാൻ. ഇൻഡ്യയുടെ മുഗൾ, ബ്രിട്ടീഷ് ഭരണത്തിന് മുൻപുള്ള സുവർണ കാലഘട്ടം എന്ന വേദ ഐതിഹ്യത്തെ കൂടുതൽ മഹത്വവൽക്കരിച്ചു കൊണ്ട്, ഹിന്ദു രാഷ്ട്രവാദത്തെ, ഗാന്ധിജിയുടെ രാമരാജ്യ സങ്കൽപത്തോട് ഉപമിച്ചു, പൗരാണിക ബ്രാഹ്മണ്യ ഗ്രന്ഥങ്ങളിലൂന്നി അവതരിപ്പിക്കുന്നതിൽ ഒരു പരിധി വരെ മുന്നോട്ടു പോയിട്ടുണ്ട്. ഇൻഡ്യൻ സംസ്കാരത്തിൽ ഭൂരിപക്ഷവും സസ്യാഹാരികൾ ആണെന്നും കാലാവസ്ഥ വ്യതിയാനത്തിനും ആഗോള താപനത്തിന്റെയുമെല്ലാം മുഖ്യ കാരണങ്ങളിൽ ഒന്നായി മാംസ ഉപയോഗത്തെയും മാംസാഹാരത്തെയും Climate Sustainable Lifestyle practices in India എന്ന പരിസ്‌ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബ്രോഷറിൽ ഉൾക്കൊള്ളിച്ചത് കാണുക.

2015 നടന്ന ഇൻഡ്യൻ ശാസ്ത്ര കോൺഗ്രസിൽ നൂറ്റാണ്ടുകൾക്കു മുൻപ് ഇൻഡ്യയിൽ എയർക്രാഫ്റ്റ് ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞപ്പോൾ ചിരിച്ചു തള്ളിയവരാണ് നമ്മൾ. എന്നാൽ ഇന്ന് വിമാനത്തിന്റെ കഥ മാത്രമല്ല, വേദങ്ങളിൽ ഉണ്ടെന്നു പറയപ്പെടുന്ന എല്ലാ ഐതിഹ്യങ്ങളും  ഉൾപ്പെടെ ഇൻഡ്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പുരാതന ഭാരതത്തിലെ ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ നീണ്ട നിര തന്നെ നമുക്ക് കാണാം. അതായത്, വേദ പഠനങ്ങൾക്കും സ്വദേശി സയൻസ് എന്ന പേരിൽ ഐതിഹ്യങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത പുരാണ തിഹ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഇൻഡ്യൻ സാംസ്കാരിക മന്ത്രാലയം ആരംഭിച്ച വേദിക് ഹെറിറ്റേജ് പോർട്ടൽ പോലും കൃത്യമായ ലക്ഷ്യത്തോടെയാണ്വേദങ്ങളിൽ നിന്നും ആർജിച്ചെടുത്ത പ്രകൃതി പ്രേമവും ശാസ്ത്രാവബോധവുമാണ് ഇൻഡ്യൻ പാരമ്പര്യത്തിന്റെ കാതൽ എന്ന് പുളകം കൊള്ളുന്ന പ്രധാനമന്ത്രിയും ആർഎസ്എസും അതിന്റെ പിൻബലമായി എടുത്തുദ്ധരിക്കാൻ വേണ്ട മിത്തുകളെയും സൂക്തങ്ങളെയും തിരുകിക്കയറ്റുക വഴി ഹിന്ദു മതത്തിന്റെയും ധര്മത്തിന്റെയും ആധാരം പ്രകൃതിയാണെന്നും, അതിനു വേണ്ടുന്ന പ്രാർത്ഥനകളും ജീവിതശൈലികളും ഇൻഡ്യ ഒരൊറ്റ സംസ്കാരമാണെന്ന് പറയുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് സവർണ ഹിന്ദു രാഷ്ട്രം എന്ന കാലങ്ങളായുള്ള ലക്ഷ്യത്തിലേക്കുള്ള അകലം കുറച്ചുകൊണ്ടേയിരിക്കുകയാണ്.

(പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഇക്കോളജി ആൻറ് എൺവിറോണ്മെന്റൽ സയൻസിലെ ഗവേഷക വിദ്യാർഥിയാണ് ലേഖിക)

Top