ഹിന്ദുത്വ അധികാരം: നിലംപരിശാവുന്ന ജനം

അമിതവും സ്വേച്ഛാപരവുമായ അധികാരങ്ങൾ ബലപ്പെടുത്തുന്നതിലൂടെ ജനകീയ സമരങ്ങൾ വഴി രൂപപ്പെടുത്തിയെടുത്ത പൊതുജന അഭിലാഷങ്ങള്‍ കുറേയെങ്കിലും പ്രതിഫലിക്കുന്ന ഭരണഘടനയും ജനാധിപത്യ കീഴ്‌വണക്കങ്ങളും തകർത്തുകൊണ്ടിരിക്കുകയാണ് മോഡി സർക്കാർ. കാർഷിക ഓർഡിനൻസ്, നവ ദേശീയ വിദ്യാഭ്യാസ നയം, അമിത വിദേശ നിക്ഷേപം, പൊതു മേഖലകളുടെ കോർപറേറ്റുവത്കരണം എന്നീ സർക്കാർ നടപടികളിൽ ദൃശ്യപ്പെടുന്നതും ഇതുതന്നെയാണ്. അഡ്വ. ജോഷി ജേക്കബ് എഴുതുന്നു.

കേരളത്തിലെ പരിസ്ഥിതി വാദം ഒരു പൈങ്കിളി അഭ്യാസമാണ്

പരിസ്ഥിതി സംരക്ഷണം ഇന്ന് ഏറ്റവും ഗൗരവമുള്ളതും ഒഴിച്ചുകൂടാനാവാത്തതുമായ കാര്യമാണ്. അതുൾകൊണ്ട് സമൂഹം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മനുഷ്യന്‍റെയും ഇതര ജീവജാലങ്ങളുടെയും അതിജീവനം പോലും അസാധ്യമാണ്. കേരളത്തില്‍ അനേകം പരിസ്ഥിതി വാദികളുണ്ട്. ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരിസ്ഥിതി വാദങ്ങളാൽ ശബ്ദമുഖരിതമാവുന്ന പ്രദേശം നമ്മുടെ സംസ്ഥാനമായിരിക്കും. സര്‍ക്കാർ വിലാസം പരിസ്ഥിതി വാദികള്‍, പഞ്ചനക്ഷത്ര പരിസ്ഥിതി വാദികള്‍ തുടങ്ങി, വികസന ഭീകരതക്കെതിരെ ജനകീയ തലത്തില്‍ പോരടിക്കുന്ന പരിസ്ഥിതി വാദികള്‍ വരെയുണ്ട്. എന്നാല്‍, മാറിമാറി വരുന്ന ഭരണകക്ഷികളുടെ ആനുകൂല്യങ്ങള്‍ മന്ത്രിയായും, എംഎൽഎ ആയും, പാര്‍ട്ടി നേതാവായും ആസ്വദിച്ചുകൊണ്ട് അതിനും മേലെ പറക്കുന്ന പരിസ്ഥിതി വാദികള്‍ കേരളത്തിന്റെ പ്രത്യേക ജനുസ്സുമാണ്.

എല്ലാ പരിസ്ഥിതി വാദികളും ഒന്നിച്ച് എതിര്‍ത്ത വിഷയമാണ് ‘പരിസ്ഥിതി ആഘാത ചട്ടം’. പുതിയ കരട് ബിജെപി സർക്കാർ പ്രസിദ്ധീകരിച്ചു. അടച്ചുപൂട്ടലിന്‍റെ കാലത്ത് കുറഞ്ഞ നാളുകള്‍ മാത്രം നൽകിയാണ് ജനങ്ങളുടെ അഭിപ്രായത്തിനു വിട്ടത്. ജസ്റ്റിസ് ഷായുടെ നിരീക്ഷണമനുസരിച്ച്, ഇന്ന് പാര്‍ലമെന്‍റ് ഒരു പ്രേത നഗരമായി കിടക്കുന്ന സ്ഥിതിവിശേഷത്തില്‍, വിദ്യാഭ്യാസ നയവും പരിസ്ഥിതി ആഘാത ചട്ടങ്ങളും പോലെയുള്ള അടിസ്ഥാന കാര്യങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യണമെന്ന് സര്‍ക്കാറിന് വാശിയില്ല. കുറഞ്ഞ നാളുകളാണെങ്കിലും, രാജ്യമൊട്ടാകെയുണ്ടായ അമര്‍ഷവും പ്രതിഷേധവും സര്‍ക്കാറിലേക്ക് അഭിപ്രായങ്ങളായി പ്രവഹിച്ചു. എന്നാല്‍, സര്‍ക്കാര്‍ അവയൊന്നും പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് പറയണമല്ലോ.

കരട് ചട്ടങ്ങളില്‍ അഭിപ്രായം അറിയിക്കേണ്ട അവസാന തിയതി കഴിഞ്ഞപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി മുന്‍കൂര്‍ ജാമ്യമെന്നോണം പറയുന്നത്, തങ്ങള്‍ കൊണ്ടുവന്ന പരിസ്ഥിതി ആഘാത ചട്ടങ്ങളിലെ മാറ്റം യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് സര്‍ക്കാര്‍ ഉത്തരവുകളായും മെമ്മോറാണ്ടങ്ങളായും മുന്‍പേ തന്നെ നടപ്പില്‍ വന്നവയാണെന്ന്. ഏറ്റവുമധികം എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ‘പോസ്റ്റ് ഫാക്റ്റോ’ വ്യവസ്ഥ പ്രകാരം വന്‍പദ്ധതികള്‍ ആരംഭിച്ചതിന് ശേഷം അവക്ക് പരിസ്ഥിതി അനുമതി നല്‍കുന്ന വ്യവസ്ഥ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെ തങ്ങൾ നേരിടുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നിമിത്തം വന്‍കിട പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളും അവരുടെ ഭാഗത്ത് നിലയുറപ്പിക്കുന്ന പരിസ്ഥിതി വാദികളും സര്‍വ മേഖലയിലും പോരാട്ടങ്ങള്‍ നടത്തുന്നില്ലെങ്കിലും, അവരുടെ പദ്ധതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ അടയാളപ്പെടുത്തുന്നത് അത്തരം സര്‍വോന്മുഖമായ ഒരു പോരാട്ടത്തെ തന്നെയാണ്. എന്നാല്‍ മറ്റെല്ലാ ജനുസ്സുകളിലും പെട്ട പരിസ്ഥിതി വാദികളുടെ പൈങ്കിളി പെരുമാറ്റമാണ് മന്ത്രിയുടെ വെളിപ്പെടുത്തലില്‍ പൊളിഞ്ഞുപോയത്. പരിസ്ഥിതിയെ ആകെ താങ്ങിനിര്‍ത്തുന്ന വലിയ സ്തംഭങ്ങളാണ് തങ്ങളെന്ന് മാധ്യമങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്ന അത്തരക്കാര്‍, യഥാര്‍ഥത്തില്‍ പരിസ്ഥിതിക്ക് നാശംവരുത്തുന്ന സര്‍ക്കാര്‍ നടപടികളെ ഒരിക്കലും കണക്കിലെടുക്കാറില്ല എന്നാണ് കാണിക്കുന്നത്. പരിസ്ഥിതി ആഘാത ചട്ടങ്ങളുടെ പുതിയ കരട് നിര്‍ദേശങ്ങള്‍ക്കെതിരെ അവര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ വെറും കാപട്യവും വഞ്ചനയുമാണ്.

എന്നാല്‍ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലുകളും സുപ്രീംകോടതി അതിനു നല്‍കിയ അംഗീകാരവും വന്നതിന് ശേഷമാണ് മന്ത്രിയുടെ പുതിയ ജാമ്യമെടുക്കൽ ഉരുവായത്. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ മതിയാകുമെന്ന സര്‍ക്കാറിന്‍റെ വാദത്തെ സുപ്രീംകോടതി തന്നെ തിരസ്കരിക്കുകയും, സാധാരണ ജനങ്ങൾ സംസാരിക്കുന്ന എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കാന്‍ എന്താണ് തടസ്സമെന്നും ആരായുകയും ചെയ്തു. മോദി സര്‍ക്കാര്‍ ജനകീയ ഭാഷകളെ വിദ്യാഭ്യാസത്തില്‍ എന്ന പോലെ ഭരണ മാധ്യമത്തിലും തിരസ്കരിക്കുകയും വിവരം അറിയാനുള്ള
അവകാശത്തെ നിഷേധിക്കാനുമാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ ദുര്‍ബലരാവുകയും അധികാരം കയ്യാളുന്നവര്‍ കൂടുതല്‍ ശക്തരാവുകയും ചെയ്യുന്ന പ്രക്രിയ.

വിദ്യാഭ്യാസ നയത്തിലെ കേന്ദ്രീകരണം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോറോണ വൈറസ് രോഗം വ്യാപനത്തിന്റെ മറവില്‍ എല്ലാ രംഗത്തും അധികാരം കേന്ദ്രീകരിക്കുന്ന നടപടികളാണ് എടുക്കുന്നത്. പരിസ്ഥിതി ആഘാത നിയമം പോലെ വിദ്യാഭ്യാസ നയവും ഇൻഡ്യയിലെ പരമോന്നത നയ രൂപീകരണ വേദിയായ പാര്‍ലമെന്‍റിനെ ഇരുട്ടത്ത് നിര്‍ത്തിയാണ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാത്ത വിദ്യാഭ്യാസ നയത്തിൽ, പുതിയതാണെന്ന പേരുണ്ടെങ്കിലും നൂതനമായ ഒന്നും ആ നയത്തിലില്ല. 1986ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന വിദ്യാഭ്യാസ നയം രാജ്യത്തിന് നവീനമായ ഒരു വിദ്യാഭ്യാസ
പദ്ധതി തീര്‍ക്കുമെന്ന് പ്രചാരണമുണ്ടായി. എന്നാൽ, കൂടുതല്‍ സ്വകാര്യവത്കരണം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്നു എന്നതാണ് അതിന്‍റെ സവിശേഷത. അതിനുശേഷം കോണ്‍ഗ്രസിന്‍റെ തന്നെ യുപിഎ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു. അത് കോര്‍പറേറ്റുകളുടെ വിദ്യാഭ്യാസത്തിലെ പങ്കാളിത്തം ഏറെ വിപുലമാക്കി. വിദ്യാഭ്യാസം ഒരു കച്ചവടം എന്ന നിലയില്‍ പുഷ്ടിപ്പെടുത്തുന്നതിനാണ് അത് സഹായിച്ചത്. സ്വകാര്യ വിദ്യാലയ, കലാലയ ശൃംഖലകള്‍ നടത്തുന്ന കമ്പനികളുടെ മുൻകയ്യിൽ സ്വകാര്യ സര്‍വകലാശാലകള്‍ തന്നെ ആരംഭിക്കുവാനാണ് അത് വഴിയൊരുക്കിയത്. എന്നാല്‍ എല്ലാവര്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന, പരക്കെയുണ്ടായ അന്നത്തെ ചര്‍ച്ചയും പ്രചാരണവും എത്രമാത്രം അസംബന്ധമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും വ്യക്തമാണ്.

ഡോ. മൻമോഹൻ സിങ്

ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യൂ.ടി.ഒ) സേവന മേഖലയുടെ പരിധിയില്‍പ്പെടുത്തി വിദ്യാഭ്യാസവും മുതല്‍ മുടക്കുന്ന വന്‍കിട
കമ്പനികള്‍ക്ക് തുറന്നുകൊടുക്കുവാന്‍ കരാര്‍ ഉണ്ടാക്കാൻ തുനിഞ്ഞിറങ്ങിയവരും കരാര്‍ ഒപ്പിട്ടവരും ഉള്‍പ്പെടെയുള്ള വ്യവസ്ഥാപിത പാര്‍ട്ടികളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാമെന്ന് കരുതേണ്ടതില്ല. അതിന്‍റെ തുടര്‍ച്ചയാണ് കടുത്ത വലതുപക്ഷ ചിന്തകളും വര്‍ഗീയ നയങ്ങളും പുലര്‍ത്തുന്ന ബിജെപിയുടെ പുതിയ വിദ്യാഭ്യാസ നയവും.

അധിനിവേശ കാലത്തെ ആധുനിക വിദ്യാഭ്യാസത്തിന് പകരമായി വിദ്യാഭ്യാസ രംഗം ഉടച്ചുവാര്‍ക്കണമെന്ന മഹാത്മാ ഗാന്ധിയുടെ ‘നയീ താലിം’ പരീക്ഷണം മുതല്‍ ഒരുപാട് ചര്‍ച്ചകള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. എന്നാല്‍, 14 വയസ്സ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ജാതി വ്യവസ്ഥയുടെ സവിശേഷമായ അറിവിന്‍റെ കുത്തകവത്കരണം, ജനാധിപത്യ യുഗത്തില്‍ ഇൻഡ്യയുടെ വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്ന തത്വത്തെ വിഴുങ്ങിക്കളയുന്നതാണ് യഥാര്‍ഥ വെല്ലുവിളി. പുരോഗമനത്തിന്‍റെ പ്രതിച്ഛായക്കുള്ളില്‍ ബ്രാഹ്മണ്യം പൊതിഞ്ഞുവെച്ച ആദ്യ പ്രധാനമന്ത്രി തികഞ്ഞ ജനാധിപത്യവാദിയാണെങ്കിലും വിദ്യാഭ്യാസം സാര്‍വത്രികമായി നല്‍കുകയെന്ന പ്രാഥമിക കടമ പോലും നിറവേറ്റാതിരുന്നതിന്‍റെ കാരണം മറ്റെങ്ങും അന്വേഷിച്ച്
പോകേണ്ടതില്ല. കോടാനുകോടി കുട്ടികള്‍ ഇന്നും വിദ്യാലയങ്ങളുടെ വെളിച്ചവും അക്ഷരങ്ങളുടെ തെളിച്ചവും കാണുന്നില്ല. കുറച്ചാളുകള്‍ക്ക് മാത്രം വിദ്യാഭ്യാസം പ്രാപ്യമാക്കുന്ന നടപടികള്‍ അഭംഗുരം നടമാടുകയാണ്.

പുതിയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയിലൂടെ നാലാം ക്ലാസ് വരെ വിദ്യാഭ്യാസം നല്‍കുമെന്ന് വീമ്പിളക്കുന്നു. എന്നാല്‍ അഭിജാത വര്‍ഗത്തില്‍പ്പെട്ടവര്‍ രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് അപ്പടി തുടരും. അവിടെ മാതൃഭാഷാ മാധ്യമം നടപ്പിലാക്കാതെ വരുമ്പോള്‍ പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രഖ്യാപനം വെറും ജലരേഖയാകും.

മറുവശത്ത്, ഇൻഡ്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിദ്യാഭ്യാസത്തിന് പുറത്താണെന്ന യാഥാര്‍ഥ്യം നമ്മെ തുറിച്ചുനോക്കുന്നു. ഉന്നത വിദ്യാഭ്യാസമാണ് ഏറ്റവും വിപുലമായ കച്ചവടത്തിന്‍റെ വഴിതുറക്കുന്നത്. സ്വകാര്യ സര്‍വകലാശാലകളും അവയുടെ ശൃംഖലയായുള്ള കലാലയങ്ങളും കടന്നുവരും. സര്‍വകലാശാല പ്രവേശനത്തിന് ഒരു പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനാണ് തീരുമാനം. പഠിക്കാന്‍ താൽപര്യമുള്ള, യോഗ്യതാ പരീക്ഷയില്‍ മതിയായ മാര്‍ക്ക് വാങ്ങിയ എല്ലാവര്‍ക്കും സര്‍വകലാശാല വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് വേണ്ടത്. ഇൻഡ്യ പോലുള്ള രാജ്യത്ത് അവസരങ്ങള്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് അതു വഴി തുറക്കുന്നതിനാല്‍ അത്തരമൊരു സംവിധാനം ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്യാവശ്യമാണ്. അതിനു പകരം അവസരങ്ങള്‍ ചുരുക്കി ചുരുക്കി എടുക്കുവാനാണ് മോഡി സര്‍ക്കാറിന്‍റെ പുതിയ വിദ്യാഭ്യാസ നയം ഇടയാക്കുന്നത്. പാവപ്പെട്ടവരും ആദിവാസികളും ദലിതരും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും മതന്യൂനപക്ഷങ്ങളിലെ ജാതിപരമായി അടിച്ചമര്‍ത്തപ്പെട്ടവരും വിദ്യാലയങ്ങളുടെ പടിവാതില്‍ കടക്കാതിരിക്കാന്‍ ലക്ഷ്യമിടുന്നതാണ് മോഡി സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ നയം. കണ്‍കറന്‍റ് പട്ടികയില്‍ പെട്ട വിദ്യാഭ്യാസത്തിൽ മോഡി സര്‍ക്കാറിന്‍റെ നയം മൂലം സംസ്ഥാനങ്ങളുടെ അധികാരം കുറയുകയും സ്വകാര്യ കുത്തക കമ്പനികളുടെ അധികാരം വിപുലമാകുകയും ചെയ്യും.

പരിസ്ഥിതി ആഘാത ചട്ടങ്ങളായാലും വിദ്യാഭ്യാസ നയമായാലും കേന്ദ്രത്തിലേക്ക് കൂടുതലായി അധികാരം കേന്ദ്രീകരിക്കുകയും കേന്ദ്ര സര്‍ക്കാറിന്‍റെ അധികാര പ്രമത്തത പ്രകടമാക്കുകയും ചെയ്തിരിക്കുകയുമാണ്.

കാര്‍ഷിക നയത്തിലും കേന്ദ്രീകരണം

മോഡി സര്‍ക്കാർ ഏറ്റവും വലിയ പ്രത്യാഘാതം സൃഷ്‌ടിച്ചത് കാര്‍ഷിക രംഗത്ത് അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ വഴിയാണ്. കര്‍ഷകരോട് ഏറെ സ്നേഹം വാക്കുകളില്‍ പ്രകടിപ്പിക്കുകയും, എന്നാല്‍ കര്‍ഷകര്‍ ഒരു വിഭാഗമെന്ന നിലയില്‍ ഇല്ലാതാവുകയും ചെയ്യുന്ന നയങ്ങളാണ് ഏറ്റവും ഒടുവില്‍ മോഡി സര്‍ക്കാര്‍ ഇറക്കിയ മൂന്ന് ഓര്‍ഡിനന്‍സുകള്‍. മുന്‍പേ തുടങ്ങിയ കരാര്‍ കൃഷിക്ക് കോവിഡിന്‍റെ മറവില്‍ തിടുക്കപ്പെട്ട് പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുക്കാതെ ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ട് അതിനെ വ്യാപകമാക്കുവാനാണ് മോഡി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയത്. അതോടൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരവും നിയമാനുസൃതമാക്കി. രാജ്യത്തിന്‍റെ മുക്കിനും മൂലയിലുമുള്ള കൃഷിയിടങ്ങളിലെ വിളകള്‍ പോലും കുത്തക കമ്പനികള്‍ക്ക് നേരിട്ട് കച്ചവടം ചെയ്യുന്നതിനുള്ള സൗകര്യമാണ് ആ ഓര്‍ഡിനന്‍സ് വഴി മോദി സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കാതെ കോറോണ രോഗത്തിന്‍റെ അടച്ചുപൂട്ടലില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന്
പകരം, ജനദ്രോഹപരമായി കുത്തക കമ്പനികളെ സഹായിക്കുന്ന ബിജെപി സര്‍ക്കാറിന്‍റെ നടപടി ആഗോള മുതലാളിത്ത ശക്തികളോടുള്ള തികഞ്ഞ അടിമത്വമാണ്. ‘ആത്മനിര്‍ഭർ’ (സ്വയം പര്യാപ്ത) ഭാരതമല്ല മോഡി സര്‍ക്കാര്‍ നിര്‍മിക്കുന്നത്. സര്‍ക്കാര്‍ സ്വേച്ഛാപരമായി അധികാരം കവര്‍ന്നെടുക്കുന്നത് ആഗോള മുതലാളിത്ത ശക്തികളുടെ ഇംഗിതമനുസരിച്ചാണ്. സ്വയം പര്യാപ്തതക്ക് പകരം രാജ്യത്തിന്‍റെ അടിമത്തമാണ് മോഡി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്.

കർഷക സമരത്തിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.

പ്രതിരോധം വിറ്റുതുലക്കുമ്പോള്‍

അതിന് ചേര്‍ന്ന വിധമാണ് പ്രതിരോധ ഉത്പാദന മേഖലയില്‍ നേരിട്ടുള്ള
വിദേശ നിക്ഷേപത്തിന്‍റെ അളവ് വര്‍ദ്ധിപ്പിച്ചത്. ഒരു രാജ്യവും അതിന്‍റെ പ്രതിരോധം വിദേശ കൈകടത്തിലിന് തുറന്നുവെക്കുകയില്ല. കോര്‍പറേറ്റുകള്‍ വാഴുന്ന ഇന്നത്തെ ലോകത്ത് കമ്യൂണിസ്റ്റ് ലേബലൊട്ടിച്ച ചൈന ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പ്രതിരോധ രംഗത്ത് കടന്നുകയറുവാന്‍ അവര്‍ക്ക് സാധിക്കുന്നു. കോണ്‍ഗ്രസ് തുടങ്ങിവെച്ച പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപ നയം മോഡി
വർധിപ്പിക്കുന്നത് 22 ശതമാനത്തില്‍ നിന്ന് 74 ശതമാനത്തിലേക്കാണ്. സംഭവിച്ചേക്കാവുന്ന ഒരു യുദ്ധകാലത്ത് ഒരു ഷൂസിന്‍റെ കാലുറയുടെ പോലും ലഭ്യത പോരടിക്കുന്ന സൈനികര്‍ക്ക് സുപ്രധാനമാണ്. എന്നാല്‍ 74 ശതമാനം വിദേശ നിക്ഷേപം കൈയ്യാളുന്ന ഒരു കമ്പനിക്ക് എന്തെല്ലാം തരത്തിലാണ് യുദ്ധകാലത്ത് രാജ്യത്തെ ദ്രോഹിക്കുവാന്‍ കഴിയുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാഴികക്ക് നാലുവട്ടം പട്ടാളക്കാരുടെ പേരില്‍ ഗർവ് പറയുന്ന ആർഎസ്എസും ബിജെപിയും പട്ടാളക്കാരുടെ ജീവന്‍ വെച്ചാണ് പന്താടുന്നത്. അത് രാജ്യത്തിന്‍റെ മേലുള്ള ഒരു വഞ്ചന
മാത്രമല്ല, പട്ടാളക്കാരുടെ മേലുള്ള പ്രത്യേകമായ വഞ്ചനയും ചതിയും തന്നെയാണ്. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം തിടുക്കപ്പെട്ട് കൂട്ടിയതും ‘സ്വയം പര്യാപ്ത ഭാരതമെന്ന’ മുദ്രാവാക്യത്തിന്‍റെ ലേബലൊട്ടിച്ച് അടച്ചുപൂട്ടല്‍ കാലത്താണ്.

വിശ്വാസ്യതയില്ലാത്ത അധികാര കേന്ദ്രീകരണം

രാജ്യത്തെ ജനങ്ങളുടെയെല്ലാം ആരോഗ്യ പരിരക്ഷ ഒരു ആരോഗ്യ കാര്‍ഡ് വഴി സമഗ്രമായി നല്‍കുന്ന പദ്ധതിയും സ്വയം പര്യാപ്തത എന്ന പരാശ്രിത പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചതാണ്. ആരോഗ്യം സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള വേദിയാക്കി നല്‍കുമ്പോള്‍ രാജ്യത്തെ ഓരോ പൗരന്‍റെയും ആരോഗ്യ, രോഗ വിവരങ്ങളെല്ലാം കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്ന നടപടിയാണ് മോഡി സര്‍ക്കാറിന്‍റേത്. പൗരന്മാരുടെ സ്വകാര്യത പൂര്‍ണമായും വിദേശ കമ്പനികള്‍ക്ക് അടിയറ വെക്കുവാനാണ് മോഡിയുടെ ശ്രമം. ഏറ്റവും വിചിത്രമായത് കര്‍ഷകരെ സഹായിക്കുവാനെന്ന് പ്രചരിപ്പിച്ച് മോഡി സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളാണ്. കര്‍ഷകര്‍ക്ക് പ്രാഥമികമായും അടിസ്ഥാനപരമായും അത്യാവശ്യം വേണ്ടത് അവരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടുകയാണ്. സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ ഇന്നോളം ഒരു സര്‍ക്കാരും അതു മാത്രം നല്‍കുവാന്‍ തയ്യാറായിട്ടില്ല. ഇറ്റിറ്റു വീഴുന്ന കഞ്ഞി പോലെ വില വര്‍ദ്ധിപ്പിക്കുന്നിടത്ത് കര്‍ഷകരും കാര്‍ഷിക മേഖലയും തകരും. മോഡി സര്‍ക്കാറും വിലയുടെ കാര്യത്തില്‍ യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ല. വന്‍കിട വ്യവസായ മേഖലയുടെ അധിനിവേശപരമായ ചൂഷണത്തിന് വിധേയമാകുന്ന ഗ്രാമീണ കാര്‍ഷിക മേഖലയില്‍ നിന്നും സമ്പത്ത് ഊറ്റിയെടുക്കുന്ന ആന്തരിക കോളനീകരണത്തെ പോഷിപ്പിക്കുന്ന നയങ്ങളാണ് ഇന്നുവരെ തുടരുന്നത്. അതിന്‍റെ പാരമ്യം ആഗോളവത്കരണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മോഡി സര്‍ക്കാര്‍ ഏറ്റവും ഒടുവിലായി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് വായ്പയായി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. അര്‍ഹമായ വില നല്‍കാതെ വായ്പ മാത്രം കൂട്ടി നല്‍കുന്നത് ഗ്രാമങ്ങളുടെയും കാര്‍ഷിക മേഖലയുടെയും സമ്പത്ത് പട്ടണങ്ങളിലേക്കും വന്‍കിട വാണിജ്യ വ്യവസായ മേഖലയിലേക്കും ഊറ്റിയെടുക്കുന്ന നടപടി മാത്രമാണ്. കോര്‍പറേറ്റു ബാങ്കുകള്‍ക്ക് വേണ്ടി ‘സര്‍ഫാസി നിയമം’ അടിച്ചേല്‍പ്പിച്ചിരിക്കുന്നതിനാല്‍ കിടപ്പാടങ്ങളും മറ്റു സ്ഥാവര വസ്തുക്കളും കര്‍ഷകര്‍ക്ക് നഷ്ടപ്പെടാനാണ് മതിയായ വിലയും വില സ്ഥിരതയും ഉറപ്പുവരുത്താതെ കൂടുതല്‍ വായ്പകള്‍ നൽകുന്നത് ഇടയാക്കുക. കര്‍ഷകരെ ഒരു വര്‍ഗമെന്ന നിലയില്‍ ഇല്ലായ്മ ചെയ്യുന്ന കോര്‍പറേറ്റ് ലക്ഷ്യങ്ങളാണ് മോഡി സര്‍ക്കാര്‍ സഫലീകരിക്കുന്നത്.

സുതാര്യമല്ലാതെയും ജനാധിപത്യ പ്രക്രിയകളെ കണക്കിലെടുക്കാതെയും അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന മോഡി സര്‍ക്കാറിന്‍റെ നടപടികള്‍ ഒന്നിനുപുറകെ ഒന്നായി വരികയാണ്. അത് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം അനുവര്‍ത്തിക്കുന്നതും ഇന്നൊരു യാഥാര്‍ഥ്യമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുവാന്‍ കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നിവ. മേല്‍പ്പറഞ്ഞ ദുരിതാശ്വാസ നിധികളില്‍ സര്‍ക്കാറിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുവാന്‍ ആഗ്രഹിക്കുന്ന ഏവരും സംഭാവനകള്‍ നൽകുന്നു. ദശകങ്ങളായി നിലനില്‍ക്കുന്ന ആ പ്രവര്‍ത്തന രീതി കൺട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍, കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്സ് എന്നിവയുടെ സൂക്ഷ്മമായ പരിശോധനക്ക് വിധേയവും, അവയുടെ ഓഡിറ്റ് ചെയ്ത വരവുചെലവു കണക്കുകള്‍ പാര്‍ലമെന്‍റിന്/നിയമസഭക്ക് സമര്‍പ്പിക്കേണ്ടതുമാണ്. അത് രാജ്യത്തിന്‍റെ ജനാധിപത്യപരവും സുതാര്യവുമായ വ്യവസ്ഥകള്‍ക്കനുസരിച്ചാണ്.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനാധിപത്യ വേദികളിലൊന്നും ചര്‍ച്ചചെയ്യാതെ മേല്‍പ്പറഞ്ഞ പ്രധാനമന്ത്രിയുടെ
ദുരിതാശ്വാസ നിധിയെ മാറ്റിനിര്‍ത്തിക്കൊണ്ട്, കൊറോണ വൈറസ് രോഗത്തിന്‍റെ ദുരിതാശ്വാസത്തിന് എന്ന പേരില്‍ പിഎം കെയേഴ്സ് ഫണ്ട് ഏകപക്ഷീയമായി നടപ്പിലാക്കുകയും ധനസമാഹരണം നടത്തുകയും ചെയ്യുന്നു. പിഎം കെയേഴ്സ് ഫണ്ടിൽ സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങളും സംഭാവനകളുടെ തുകകളും പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. നല്‍കിയ സംഭാവനകള്‍ എത്രയൊക്കെ വരവിലുണ്ടെന്ന് സംശയാസ്പദമായ സാഹചര്യവുമാണ്. അതിനെക്കുറിച്ച് പ്രതിപക്ഷ കക്ഷികളുന്നയിക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുക്കേണ്ട സ്ഥിതിവിശേഷമാണ്. അതുപോലെ കേരളത്തില്‍ 2018ലെ മഹാപ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കുന്നതിന് രൂപീകരിച്ച ലൈഫ്ലൈൻ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയും രേഖകള്‍ മറച്ചുവെക്കുകയുമാണ്. ഒരുപാട് അഴിമതി ആരോപണങ്ങള്‍ അതിനെക്കുറിച്ചും വന്നുകഴിഞ്ഞു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സുതാര്യതയും ജനാധിപത്യ പ്രക്രിയയും, അതിനുവേണ്ടി രൂപീകരിച്ചിരിക്കുന്ന സ്ഥാപനങ്ങളും തട്ടിനീക്കി ഏകപക്ഷീയമായി അധികാരം സ്വേച്ഛാധിപത്യ സമൂഹത്തിലേതുപോലെ കവര്‍ന്നെടുക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍.

ചവിട്ടിമെതിക്കുന്ന ഭരണഘടനാ വ്യവസ്ഥകള്‍

ഏറ്റവും ഒടുവിലായി, ദേശീയ റിക്രൂട്ടിംഗ് ഏജന്‍സി എന്ന പുതിയ
സംവിധാനമാണ് മോഡി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ളത്. യു.പി.എസ്.സി, സ്റ്റാഫ്
സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാനുസൃത സംവിധാനങ്ങളെ നോക്കുകുത്തികളാക്കുവാനാണോ സര്‍ക്കാരിന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. തൊഴിലവസരങ്ങളില്‍ റിക്രൂട്ട്മെന്‍റ് ഏത് സംവിധാനം നടത്തിയാലും ദശലക്ഷകണക്കിന് അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുക എന്നതാണ് പരമപ്രധാനം. എന്നാല്‍ റയില്‍വേ ഉള്‍പ്പെടെ 8,00,000 തൊഴിലവസരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. അതിനുപുറമേ, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും സ്വകാര്യ കുത്തക കമ്പനികള്‍ക്ക് മോഡി സര്‍ക്കാര്‍ വിറ്റുതുലക്കുമ്പോള്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുന്നത്. കലാലയങ്ങളിലും സര്‍വകലാശാലകളിലും സ്ഥിരം നിയമനങ്ങള്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന മോഡി സര്‍ക്കാര്‍, പുതിയ നയത്തിലുടെ കുട്ടികളില്‍ നിന്നും വന്‍ തുക ഫീസായും മറ്റും ഈടാക്കിയെടുക്കുന്ന കച്ചവടകേന്ദ്രം പോലെ അവയെ ആക്കുവാനാണ് ഒരുങ്ങുന്നത്. ഉന്നത വിദ്യാഭ്യാസം ഒരു സപര്യയാക്കി യോഗ്യത നേടുന്ന യുവജനങ്ങള്‍ക്ക് മേലാല്‍
സ്ഥിര നിയമനം ലഭിക്കാത്ത സാഹചര്യമാണ് വരുന്നത്. മുതലാളിത്ത ശക്തികള്‍ക്ക് അദ്ധ്വാനം അന്യായമായി ചൂഷണം ചെയ്യാവുന്ന ഹയര്‍ ആന്‍റ് ഫയര്‍ തൊഴില്‍ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുവാനാണ് മോഡിയുടെ പുറപ്പാട്. ഭരണഘടനയും അതിന്‍റെ സംവിധാനങ്ങളും മറികടന്ന് പുതിയ സംവിധാനങ്ങളാണ് മോഡി
സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. അധികാരത്തിന്‍റെ കേന്ദ്രീകരണവും അധികാര പ്രമത്തതയും മനോഹരമായ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞുവെക്കാനാവില്ല. ‘ആത്മനിര്‍ഭര്‍ ഭാരതം’ അല്ലെങ്കില്‍ സ്വയം പര്യാപ്ത ഭാരതം എന്ന മൂടുപടമണിഞ്ഞും പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന്‍റെ മറവിലും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ദേശദ്രോഹപരമായ നടപടികളെടുത്ത് മോഡി സർക്കാർ നടപ്പിലാക്കുന്നത്.

അമിതമായതും സ്വേച്ഛാപരവുമായ അധികാരം നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുന്ന ബിജെപിയുടെ മോഡി സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെടുത്തിയ ജനങ്ങളുടെ അഭിലാഷങ്ങള്‍ കുറേയെങ്കിലും പ്രതിഫലിക്കുന്ന ഭരണഘടനയും ജനാധിപത്യ കീഴ്‌വണക്കങ്ങളുമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇൻഡ്യൻ ജനത സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോള്‍, അതിനെതിരെ കട്ടായം നിലകൊണ്ട ആര്‍എസ്എസ്, ഹിന്ദു മഹാസഭ
എന്നീ ഹിന്ദുത്വ ശക്തികള്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. ഇന്ന് സ്വാതന്ത്ര്യ സമരത്തിന്‍റെ മൂല്യങ്ങളും പ്രതീക്ഷകളും ബിജെപിയുടെ മോഡി സര്‍ക്കാര്‍ പടിപടിയായി തകര്‍ക്കുമ്പോള്‍ ജനങ്ങളുടെ അധികാരവും ശക്തിയുമാണ്
ചോര്‍ന്നുപോകുന്നത്.

Top