മുല്ലപ്പെരിയാറില്‍ പുതിയ ഡാം പരിഹാരമല്ല: കണ്‍വെന്‍ഷന്‍

നിലവിലുള്ള ഡാമിന്റെ റിസര്‍വോയറിന്റെ 50 അടി ഉയരത്തില്‍ ടണല്‍ നിര്‍മിച്ചു തമിഴ്നാട്ടിലേക്ക് വെള്ളം എത്തിച്ചു കൊടുക്കാന്‍ കഴിയും. അത് വഴി ഡാമിന്റെ ജലനിരപ്പ്‌ 104 അടിയാക്കി കുറയ്ക്കാന്‍ കഴിയും. അതോടെ ഡാമിന്റെ അപകട ഭീഷണിയും കുറയ്ക്കാന്‍ സാധിക്കും. അപകട ഭീഷണി ഉയര്‍ത്തുന്ന ഡാം ക്രമേണ ഡി കമ്മിഷന്‍ ചെയ്തു കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയും.

ഭൂചലന സാധ്യതയുള്ള മേഖലയില്‍ പുതിയ ഡാം നിര്‍മിക്കുന്നത് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമല്ലെന്നും ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും നവ ജനാധിപത്യ പ്രസ്ഥാനം കൊച്ചിയില്‍  സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ വിലയിരുത്തി. പുതിയ ഡാമിന് പകരം രണ്ടു സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന്‍ ഡോ. സി പി റോയ് അഭിപ്രായപ്പെട്ടു.
നിലവിലുള്ള ഡാമിന്റെ റിസര്‍വോയറിന്റെ 50 അടി ഉയരത്തില്‍ ടണല്‍ നിര്‍മിച്ചു തമിഴ്നാട്ടിലേക്ക് വെള്ളം എത്തിച്ചു കൊടുക്കാന്‍ കഴിയും. അത് വഴി ഡാമിന്റെ ജലനിരപ്പ്‌ 104 അടിയാക്കി കുറയ്ക്കാന്‍ കഴിയും. അതോടെ ഡാമിന്റെ അപകട ഭീഷണിയും കുറയ്ക്കാന്‍ സാധിക്കും. അപകട ഭീഷണി ഉയര്‍ത്തുന്ന ഡാം ക്രമേണ ഡി കമ്മിഷന്‍ ചെയ്തു കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഇതുവഴി തമിഴ്നാടിനു കൂടുതല്‍ വെള്ളം ലഭിക്കുകയും കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാനും സാധിക്കും. ടണല്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപ മാത്രമേ ചെലവു വരൂ. നിവേദനം സി പി റോയ് വായിച്ചു. ഈ നിര്‍ദ്ദേശം അടങ്ങിയ നിവേദനം പ്രധാനമന്ത്രിക്കും കേരള,തമിഴ്നാട്‌ മുഖ്യമന്ത്രിക്കും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ കര്‍ഷകരെ പ്രധിനിധീകരിക്കുന്ന കെ എം അബ്ബാസിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടന ഈ നിര്‍ദ്ദേശം അംഗീകരിച്ചു കഴിഞ്ഞു എന്ന് തമിള്‍ മലര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ സി ആനന്ദ് പറഞ്ഞു. വൈകോ അടക്കമുള്ളവരും ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

പുതിയ ഡാം എന്ന വാദത്തിനു പിന്നില്‍ നിക്ഷിപ്ത തല്പര്യക്കാരായ ഒരു വിഭാഗം ആളുകളാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച നവ ജനാധിപത്യ പ്രസ്ഥാനം കണ്‍വീനര്‍ കെ കെ കൊച്ച് പറഞ്ഞു. പെരിയാര്‍ കടുവ സങ്കേതത്തില്‍ പെടുന്ന പ്രദേശത്ത് വന്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന പുതിയ ഡാമിന് അനുമതി ലഭിക്കാന്‍ ഇടയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഡാം എന്ന വാദം തന്നെ കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരാകുമെന്നു പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. പണി പൂര്‍ത്തിയാക്കാന്‍ പത്തോ പതിനഞ്ചോ വര്ഷം എങ്കിലും എടുക്കുമെന്നിരിക്കെ അത്രയും കാലം നിലവിലുള്ള ഡാം സുരക്ഷിതമാണെന്ന് സമ്മതിച്ചു കൊടുക്കുന്നതാണ്. കേരളം സ്വയം തോറ്റു കൊടുക്കകയല്ല, തോല്‍പ്പിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പുതിയ ഡാമിന് അനുമതി കിട്ടുക എളുപ്പമല്ല. അതിലേറെ ഒരു കോണ്‍ക്രീറ്റ് ഡാം നിര്‍മിക്കാന്‍ 1 ലക്ഷം ടണ്‍ മണല്‍ വേണ്ടി വരും. അത്രയും മണല്‍ കേരളത്തില്‍ എവിടെ നിന്ന് കിട്ടുമെന്ന് ആര്‍ക്കും ഉറപ്പു പറയാനാവില്ല. ഭൂചലന മേഖലയില്‍ വീണ്ടു വലിയൊരു കോണ്‍ക്രീറ്റ് ഡാം കെട്ടുക എന്ന ആശയം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡാം എന്നത് നടക്കാന്‍ ഇടയില്ലാത്ത ഒരു മിത്ത് മാത്രമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ ലത പറഞ്ഞു. ശക്തമായ ഒരു ഡാം ലോബി കേരളത്തിലുണ്ട്. അവരാണ് പുതിയ ഡാം ഒരു പരിഹാരമായി മുന്നോട്ടു വെക്കുന്നത്. മുല്ലപ്പെരിയാറിലെ നിലവിലുള്ള ഡാം ക്രമേണ ഡി കമ്മിഷന്‍ ചെയ്യുകയാണ് വേണ്ടത്. ഡി കമ്മിഷന്‍ എന്നാല്‍ ഡാം പൊളിച്ചു നീക്കലല്ല, ജലനിരപ്പു കുറച്ചു അതിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരികയാണ്. പ്രശ്ന പരിഹാരത്തിനായി ഡോ. റോയ് അവതരിപ്പിച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യണം.
സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ എ ഫൈസല്‍ , ജോണ്‍ ജോസഫ്‌, കെ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഡാമിന് പകരം ബദല്‍ മാര്‍ഗം കണ്ടെത്തുക എന്ന ആശയം പ്രചരിപ്പിക്കുന്നതിനും വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തുന്നതിനായി കാമ്പൈന്‍ കമ്മിറ്റി രൂപീകരിച്ചു. സി ആര്‍ നീലകണ്ഠന്‍, കെ കെ കൊച്ച്, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, ജോണ്‍സണ്‍ ജോസഫ്‌ എന്നിവരാണ്‌ അംഗങ്ങള്‍.

വീഡിയോ കാണുക: Another dam is not a solution for Mullapperiyar:

Top