ഇന്ത്യന്‍ ഭീകരവാദവും കാണാമറയത്തെ മുസ്‌ലിം തീവ്രവാദവും

മുസ്ലിങ്ങള്‍ ഓരോ ഭീകരാക്രമണത്തിന് ശേഷവും യാതൊരു തെളിവുമില്ലാതെയും അല്ലെങ്കില്‍ വെറും സംശയത്തിന്റെ പേരിലും ആരോപണവിധേയരാവുകയും അറസ്റിലാക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും തുടര്‍ന്ന് പോലീസിനാല്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. 

ഇന്ത്യന്‍ സര്‍ക്കാറും മാധ്യമങ്ങളും പറയുന്നതനുസരിച്ച് ഒരുപാട് മുസ്ലിം സംഘടനകള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. മൂന്ന് സംഘടനകള്‍ പ്രത്യേകമായി തന്നെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

1. 1976-ല്‍ രൂപീകരിക്കപ്പെട്ട് 9/11 ന് തൊട്ടുടനെ ‘സാമുദായിക അസ്വസ്ഥതയും’ ‘രാജ്യദ്രോഹവും’ പ്രചരിപ്പിക്കുന്നു എന്ന പേരില്‍ നിരോധിക്കപ്പെട്ട സ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി),

2. 2008 ലെ ബോംബെ ഭീകരാക്രമണകേസിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ശ്രദ്ധ നേടിയ ഡെക്കാന്‍ മുജാഹിദീന്‍ (ഡി.എം)

3. 2001 ല്‍ രൂപീകരിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ (ഐ.എം).

മേല്‍ പറഞ്ഞ സംഘടനകള്‍ നൂറ് കണക്കിനാളുകളെ കശാപ്പ് ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്് ഏറ്റവുമവസാനത്തെ അക്രമണ പരമ്പര നടന്നത് ജൂലൈ 13 ന് ബോംബെയിലാണ്. ഇരുപത് ആളുകളാണ് ബോംബാക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടത്. അക്രമണങ്ങള്‍ നടന്നതിന് ശേഷം പോലീസ് പറഞ്ഞത് സിമിയും ഇന്ത്യന്‍ മുജാഹിദീനുമാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ്. തുടര്‍ന്ന് രാജ്യവ്യാപകമായ ഭീകരവേട്ടകള്‍ ആരംഭിച്ചു. മഹാരാഷ്ട്രയില്‍ ഭീകര വിരുദ്ധ സ്കോഡിന്റെ (എ.ടി.എസ്) തലവന്‍ രാകേഷ് മരിയ പറയുന്നതനുസരിച്ച് ഏഴു സംസ്ഥാനങ്ങളില്‍ വിദഗ്ദ സംഘങ്ങള്‍ ഭീകരരെ തേടി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 2008 ബോംബെ ആക്രമണത്തിന് ശേഷമാണ് ദേശീയ ഇന്റലിജന്‍സ് ഏജന്‍സി(എന്‍.ഐ.എ) രൂപീകരിക്കപ്പെട്ടത്. ഇവര്‍ ഇന്ത്യന്‍ മുഹാജിദീന്‍ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ റാഞ്ചിയിലുള്ള വസതി റെയ്ഡ് ചെയ്യുകയുണ്ടായി. ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ സിമിയും ഡെക്കാന്‍ മുജാഹിദീനും ഇന്ത്യന്‍ മുജാഹിദീനും രാജ്യത്തിന്റെ സുസ്ഥിരതക്കും ആഗോളശക്തിയിലേക്കുള്ള വളര്‍ച്ചക്കും മുഖ്യ ഭീഷണിയാണ്.

ചിലയാളുകള്‍ ഇത്തരം ഗ്രൂപ്പുകള്‍ ആഭ്യന്തര സ്വഭാവമുള്ളതാണെന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ പാക്കിസ്ഥാനി വേരുകള്‍ ആരോപിക്കുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ 1990 കളില്‍ അഫ്ഗാനില്‍ രൂപം കൊണ്ട ലഷ്കറെ ത്വയ്ബയിലൂടെ രൂപപ്പെട്ടതാണെന്നും പാക്കധീന കാശ്മീരില്‍ സജീവമാണെന്നും പറയുന്നു. ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും വിവരണങ്ങളും പലപ്പോഴും അപൂര്‍ണവും അമൂര്‍ത്തവും പരസ്പര വിരുദ്ധവുമാണ്. ബോംബെ അക്രമണവും അതിനെ തുടര്‍ന്നുണ്ടായ സിമിയെക്കുറിച്ചും ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ചുമുള്ള വിശകലനവും വായിക്കുമ്പോള്‍ ഞാന്‍ മൂന്ന് വാദങ്ങള്‍ ഉന്നയിക്കാനാഗ്രഹിക്കുന്നു.

ഒന്ന്, മാധ്യമങ്ങളും സെക്യൂരിറ്റി ഏജന്‍സികളും തമ്മില്‍ അടുത്ത ബന്ധവും അതിലൂടെ രൂപപ്പെടുന്ന വിമര്‍ശനാതീതമായ ബന്ധങ്ങളും സഹകരണവും മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെ സംശയിക്കാന്‍ കാരണമാകുന്നു. ഇതിലൂടെ മുസ്ലിം വിഭാഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ യാതൊരു വിമര്‍ശനവും കൂടാതെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും എന്താണ് ഇന്ത്യന്‍ മുജാഹിദീനെന്നോ എന്തിനാണത് നിലനില്‍ക്കുന്നതെന്നോ എന്നതിനെക്കുറിച്ച് വലിയ വിവരമൊന്നുമില്ല. എന്നാല്‍ ബോംബെ ആക്രമണത്തിന് ശേഷം നിരവധി മുസ്ലിങ്ങളാണ് ഭീകരവാദികള്‍ എന്ന പേരില്‍ അറസ്റ് ചെയ്യപ്പെട്ടത്.

രണ്ട്, മുസ്ലിങ്ങള്‍ ഓരോ ഭീകരാക്രമണത്തിന് ശേഷവും യാതൊരു തെളിവുമില്ലാതെയും അല്ലെങ്കില്‍ വെറും സംശയത്തിന്റെ പേരിലും ആരോപണവിധേയരാവുകയും അറസ്റിലാക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും തുടര്‍ന്ന് പോലീസിനാല്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത് ഇന്ത്യയിലെ ഭരണകൂടം പോരാടാനാഗ്രഹിക്കുന്ന അപകടത്തെ അവസാനിപ്പിക്കാന്‍ സഹായിക്കില്ല.

മൂന്ന്, ഞാന്‍ ഉറച്ചു പറയാനാഗ്രഹിക്കുന്ന കാര്യം ഇന്ത്യന്‍ മാധ്യമങ്ങളുടെ ഭീകരതയെക്കുറിച്ചുള്ള ‘റിപ്പോര്‍ട്ടിങ്ങുകള്‍ ‘ മുന്‍വിധികള്‍ നിറഞ്ഞതാണെന്നാണ്.

ആരാണ് ഇന്ത്യന്‍ മുജാഹിദീന്‍ ?

സ്ഫോടനത്തിന് ശേഷം പോലീസ് നിരവധിയാളുകളെ മുംബെയിലെ ‘സെന്‍സിറ്റീവ്’ എന്ന് പരിചയപ്പെടുത്തുന്ന സ്ഥലങ്ങളില്‍ നിന്ന് അറസ്റ് ചെയ്യുന്നു. ഈ ‘സെന്‍സിറ്റീവ്’ എന്നത് മുസ്ലിം എന്ന് പരിഭാഷപ്പെടുത്താവുന്നതാണ്. ഇത്തരം സ്ഥലങ്ങളിലെ ആളുകളാവട്ടെ സ്ഫോടനത്തെ തുടര്‍ന്നുണ്ടാവുന്ന അറസ്റുകളെ കഴിഞ്ഞ പത്തുവര്‍ഷമായി ഒരു വഴിപാടെന്ന പോലെ അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. ഇത്തരമൊരു കുറ്റാരോപിതനായ ഫൈസ് ഉസ്മാനി പോലീസ് കസ്റഡിയില്‍ കൊല്ലപ്പെട്ടു. ‘ഹൈപ്പര്‍ ടെന്‍ഷ’നാണ് മരണകാരണമെന്നാണ് പോലീസ് ഭാഷ്യം. അയാളെ പോലീസ് പീഡിപ്പിച്ചു കൊന്നതാണെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നു. ഈ ചെറുപ്പക്കാരന്‍ 2008 അഹ്മദാബാദ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് ജയിലിലായ അഫ്സല്‍ ഉസ്മാനിയുടെ സഹോദരനാണ്. റിയാസ് ബട്കലെന്ന ‘മോസ്റ് വാണ്ടഡ് ടെററിസ്റ്’ ആണ് ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകന്‍. സിമി തീവ്രനിലപാടുകളിലേക്ക് നീങ്ങിയ തൊണ്ണൂറുകളിലാണ് റിയാസ് സിമിയില്‍ ചേര്‍ന്നു എന്ന് കരുതുന്നത്. 1976 ല്‍ ബട്കലില്‍ ജനിച്ച് ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസവും ബോംബെയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടിയ ആളാണ് റിയാസ് ബട്കല്‍. റിയാസിന്റെ കഥക്കപ്പുറം ഇന്ത്യന്‍ മുജാഹിദീന്റെ ചരിത്രം ആര്‍ക്കുമറിയില്ല. ഈ റിയാസ് ബട്കല്‍ ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്നു പോലും വ്യക്തമല്ല. ജൂലൈ 13 ലെ സ്ഫോടനത്തിന് ശേഷം പോലീസ് ബട്കലിനെ പിടികൂടാന്‍ ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. ഇത് വളരെ കൌതുകരമായി തോന്നുന്നു. കാരണം, ഒരു വര്‍ഷം മുന്‍പ് റിയാസ് ബട്കല്‍ കറാച്ചിയില്‍ വെച്ച് ബോംബെ അധോലോക രാജാവായ ഛോട്ടാ രാജന്‍ ഗ്രൂപ്പ് മുഖേനെ നടന്ന ഓപ്പറേഷന്‍ വഴി കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാധ്യമങ്ങള്‍ ഇന്ത്യന്‍ മുജാഹിദീന്റെ രൂപീകരണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ചിലപ്പോള്‍ ഒരു ലേഖനത്തില്‍ തന്നെ പരസ്പര വിരുദ്ധതത കാണാന്‍ കഴിയും. ഉദാഹരണത്തിന് ‘സൊസൈറ്റി ഫോര്‍ ദ സ്റഡി ഓഫ് പീസ് ആന്റ് കോണ്‍ഫ്ളിക്റ്റ്’ എന്ന ഡല്‍ഹി കേന്ദ്രീകരിച്ച സ്ഥാപനത്തിന്റെ ഡയറക്ടറായ അനിമേഷ് റൌള്‍ പറയുന്നതിങ്ങനെ: ഇന്ത്യന്‍ മുജാഹിദീന്‍ “2008 മെയില്‍ പാക്കധീന കാശ്മീരില്‍ വെച്ച് ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി)യും ലഷ്കരെ ത്വയ്ബയും ചേര്‍ന്ന് രൂപപ്പെടുത്തിയ ഭീകര സംഘമാണിത്”. അനിമേഷ് റൌള്‍ തുടര്‍ന്ന് ഇങ്ങനെയെഴുതുന്നു, “ഇന്ത്യന്‍ മുജാഹിദീന്‍ ആദ്യമായി നിലവില്‍ വന്നത് 2007 നവംബറിലാണ്”. ഇത്തരം പരസ്പര വിരുദ്ധമായ ഒരു കാര്യം രണ്ട് ലേഖനത്തിലല്ല മറിച്ച് ഒരൊറ്റ ലേഖനത്തില്‍ തന്നെയാണ് കാണപ്പെട്ടത്. ‘ഏഷ്യന്‍ പോളിസി’യിലെ ക്രിസ്റീന്‍ ഫയര്‍ രണ്ട് തിയറികളാണ് ഇന്ത്യന്‍ മുജാഹിദീന്റെ രൂപീകരണത്തെക്കുറിച്ച് നല്‍കുന്നത്. ഒന്ന് 2001 ലും മറ്റൊന്ന് (വെറുതെയൊരു ഒഴുക്കന്‍ മട്ടില്‍) 2001 ന് ശേഷവും. ടൈംസ് ഓഫ് ഇന്ത്യയാകട്ടെ, ഇന്ത്യന്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടത് 2005 ലാണെന്ന് പറയുന്നു. ഇന്‍സ്റിട്ട്യൂട്ട് ഓഫ് ഡിഫന്‍സ് സ്റഡീസ് ആന്റ് അനാലിസിസിലെ നമ്രതാ ഗോസ്വാമി പറയുന്നത് സിമിക്കാര്‍ ചേര്‍ന്ന് 2007 ഡിസംബര്‍ മുതലാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപീകരിച്ചതെന്നാണ്.

2007 ലാണ് ഇന്ത്യന്‍ മുജാഹിദീന്റെ ഇ-മെയില്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ മുസ്ലിംകളുടെ പരിതാപകരമായ സാഹചര്യങ്ങളെക്കുറിച്ചും വിഗ്രഹാരാധകര്‍ കൊല്ലുന്ന സഹോദരീ സഹോദരങ്ങളെക്കുറിച്ചും പറയുന്നതായിരുന്നു അതിലെ ഉള്ളടക്കം. പിന്നീട് 2008 ല്‍ അഹ്മദാബാദ് സ്ഫോടനത്തിന് തൊട്ടുമുന്‍പ് അയച്ച മെയിലില്‍ ഹിന്ദു ദേശീയവാദികളും ഭരണകൂടവും പിന്തുടരുന്ന മുസ്ലിം വിരുദ്ധ നയങ്ങളെയായിരുന്നു പരാമര്‍ശിച്ചത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുജാഹിദീന്റെ പ്രത്യയശാസ്ത്ര ഊര്‍ജ്ജമായിരുന്നു. അതുകൊണ്ടുതന്നെയാണ് മാധ്യമങ്ങള്‍ ‘ആഭ്യന്തര’ സ്വഭാവമുള്ള ഭീകരസംഘടനയായി ഇന്ത്യന്‍ മുജാഹിദീനെ വിശേഷിപ്പിച്ചത്. കശ്മീര്‍ പോലുള്ള ‘അന്താരാഷ്ട്ര’ പ്രശ്നങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നതിനാല്‍ മാധ്യമങ്ങളെ സംബന്ധിച്ചെടുത്തോളം ഇന്ത്യന്‍ മുജാഹിദീന്‍ ഇന്ത്യക്കകത്തു തന്നെയുള്ള ഒരു ആഭ്യന്തര ഭീകര സംഘടനയായി മാറി. എന്നാല്‍ മിക്ക ആഭ്യന്തര സുരക്ഷ വിദഗ്ദരും പറയുന്നത് ഇന്ത്യന്‍ മുജാഹിദീന്‍ പാക്കിസ്ഥാന്‍ ചാര സംഘടനായ ഐ.എസ്.ഐയുടെ ഉപകരണമാണെന്നാണ്. ഇതിലൂടെ ഐ.എസ്.ഐ ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയും ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര ഭീകരവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ ആണ് ഉത്തരവാദികളെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ്. എന്നാല്‍ ബി. രമണെപ്പോലുള്ള വിദഗ്ദര്‍ പറയുന്നത് സൌത്തേഷ്യയും പിന്നിടുന്ന ആഗോളനെറ്റ്വര്‍ക്കിന്റെ ഭാഗമാണെന്നാണ് ഇന്ത്യന്‍ മുജാഹിദീനും സിമിയുമെന്നാണ്. ഇതിനൊന്നും വലിയ തെളിവുകളെന്നും ബി.രമണ്‍ ഹാജറാക്കുന്നില്ല.

ഇന്ത്യയിലെ ഗ്വാണ്ടനാമോകള്‍

മാധ്യമങ്ങള്‍ തങ്ങളുടെ വാര്‍ത്തകളുടെ ഉറവിടമായി ഭരണകൂടത്തെയാണ് കാണുന്നത്. ഇതിനേറ്റവും വലിയ ഉദാഹരണമാണ് പ്രവീണ്‍ സ്വാമി. ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ച് പറയുന്നവര്‍ മുഴുവന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ഭീകരവാദ വിദഗ്ദനെയാണ്. സ്വാമി പ്രിന്റ്‌  മീഡിയയില്‍ ചെയ്യുന്നത് അര്‍ണബ് ഗോസ്വാമി(ടൈംസ് നൌ) ദൃശ്യമാധ്യമങ്ങളില്‍ ചെയ്യുന്നു. ഇവരുടെ വീക്ഷണങ്ങള്‍ ആത്യന്തിക ദേശീയവാദപരവും ഇസ്ലാമോ ഫോബികുമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പോലീസ് ഭാഷ്യം മുറതെറ്റാതെ സ്വാമി പുനരുല്‍പാദിപ്പിക്കുന്നു. (ഉദാഹരണത്തിന്, സി.ടി.സി സെന്റിനല്‍-മെയ് 2010, ദ ഹിന്ദു/ എഡിറ്റ് പേജ്- മാര്‍ച്ച് 22/2010, ഫ്രെണ്ട് ലൈന്‍- ജൂണ്‍ 2-15/ 2007 ലക്കങ്ങള്‍ കാണുക). സ്വാമിയുടെ എല്ലാ ലേഖനങ്ങളിലും സംഭവങ്ങളുടെ ഒരു വശം മാത്രം നല്‍കുന്നു. ഭീകരനെന്ന് ആരോപിക്കപ്പെടുന്ന ആളുടെ കുടുംബത്തിനോ സമുദായത്തിനോ പറയാനുള്ള കാര്യങ്ങളൊന്നും അയാള്‍ നല്‍കാറില്ല, ഇന്ത്യന്‍ പോലീസ് മിക്കപ്പോഴും മുസ്ലിംകളുടെ കാര്യത്തില്‍ പക്ഷപാതപരമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളതെന്നിരിക്കെ വിശേഷിച്ചും. 2002 ലെ ഗുജ്റാത്ത് വംശഹത്യ ഇതിന്റെ പരകോടിയായിരുന്നു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ ‘യാഥാര്‍ഥ്യ’ത്തെക്കുറിച്ചും ഭിന്നവീക്ഷണങ്ങളെക്കുറിച്ചും യാതൊരു പരിഗണനയുമില്ലാതെയും താല്‍പര്യമില്ലാതെയും മുന്നോട്ടുപോകുമ്പോള്‍ അങ്ങേയറ്റം മാധ്യമവല്‍കരിക്കപ്പെട്ട ഭീകരതയുടെ ലോകത്തെക്കുറിച്ച് എന്നെപ്പോലുള്ള ഒരു നരവംശശാസ്ത്രജ്ഞന് എങ്ങിനെയാണ് സംവദിക്കാന്‍ കഴിയുക. തോമസ് എര്‍കിന്‍സണിനെപ്പോലുള്ളവര്‍ പറയുന്നത് ആഗോളീകരണമെന്നത് ഒരു നരവംശ ശാസ്ത്രജ്ഞന് ഒന്നും നല്‍കില്ല. അല്ലെങ്കില്‍ അയാള്‍ യഥാര്‍ഥ്യ വ്യക്തികളിലൂടെയും ആ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിലൂടെയും അതുവഴി ചുറ്റുമുള്ള വിശാല ലോകത്തെയും കുറിച്ച് പഠിക്കാന്‍ തയ്യാറാകണം. മാധ്യമങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ദൃശ്യതാ എന്നുള്ളത് ഒരര്‍ഥത്തില്‍ വര്‍ദ്ധിച്ചുവരുന്ന അദൃശ്യതയാണെന്ന “പീറ്റര്‍ വാന്‍ഡര്‍ വീറി”ന്റെ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുകയാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ അപൂര്‍വ്വമായി മാത്രം ദൃശ്യപ്പെടാറുള്ളത് (അദൃശ്യമായത്) ഭീകരരെന്ന് ആരോപിക്കപ്പെട്ട് അറസ്റിലാകുന്നവര്‍ക്ക് മേല്‍ പ്രയോഗിക്കുന്ന നിയമവിരുദ്ധവും ക്രൂരവുമായ പീഢനമുറകളാണ്. പീഢന സെല്ലുകളും അന്യായമായ അറസ്റുകളും നിയമവിരുദ്ധ തടവുകളും പോലീസ് ഏറ്റുമുട്ടലുകളും ഭരണകൂട ഏജന്‍സികളുടെ ഒത്താശയോടെ നടക്കുന്ന തെളിവു നശിപ്പിക്കലും ശാരീരിക-മാനസിക ഉപദ്രവങ്ങളും മിക്ക മാധ്യമങ്ങളിലും ദൃശ്യമാകാറില്ല. 2009 ല്‍ ജൂലൈ മാസം ‘ദ വീക്ക്’ പുറത്തു വിട്ട കണക്കു പ്രകാരം 15 പീഢന സെല്ലുകള്‍ രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നുണ്ട്. തടവിലാക്കപ്പെടുന്നവരുടെ ലൈംഗികാവയവങ്ങളില്‍ ഷോക്കടിപ്പിച്ചും പെത്തഡിന്‍ കുത്തിവെച്ചും ഒക്കെയാണ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത്. ‘ദ വീക്ക്’ പറയുന്നതനുസിച്ച് ഇത് നമ്മുടെ സ്വന്തം ഗോണ്ടനാമോകളാണ്. ഉന്നത പോലീസ് അധികാരികളെ സംബന്ധിച്ചെടുത്തോളം ഈ ഗോണ്ടനാമോകള്‍ രാജ്യത്തിന്റെ ‘വിലമതിക്കാനാവാത്ത സ്വത്താണ’്.

മെയ് 2008 ല്‍ പതിനാല് വയസ്സുള്ള ഒരു മുസ്ലിം ആണ്‍കുട്ടിയെ ഗുജ്റാത്ത് പോലീസ് കസ്റഡിയിലെടുത്തു. പോലീസ് സ്റേഷനിലേക്ക് തോക്കിന്‍ മുനയില്‍ നിര്‍ത്തി കാറുപയോഗിച്ച് വലിച്ചു കൊണ്ടുപോയി. പിന്നീട് ഇത്തരമൊരു പീഢന സെല്ലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം മാതാവിന്റെ പരാതി പ്രകാരം കോടതി കുട്ടിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കേസ് ഇനി തുടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഈ പോലീസ് പീഢനങ്ങള്‍ കൂടുമ്പോള്‍ വക്കീലന്മാര്‍ ഇത്തരം കേസുകള്‍ കോടതിയിലേക്ക് ഇടുക്കാന്‍ മടിക്കുന്നു. കാരണം അതൊരു ‘ഭീകരവാദി’യുടെ കേസാണല്ലോ. സച്ചാര്‍ കമ്മിറ്റി 2006 ല്‍ നിരീക്ഷിച്ചതു പോലെ മുസ്ലിം സമുദായം ഇന്ത്യയിലെ തന്നെ ഏറ്റവും അവശ സമുദായങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ ഉയര്‍ന്ന വക്കീലന്മാരെ കാണാനും കേസ് തുടരാനും അവര്‍ക്ക് ശേഷിയില്ലാതാകുന്നു. കോടതിയിലെത്താത്ത കേസുകള്‍ മാധ്യമങ്ങളിലും അദൃശ്യമാകുന്നു.

സിമിക്കാരാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപീകരിച്ചതെതന്ന് പറയുന്നു. എന്നാല്‍ 2001-2004 കാലഘട്ടത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചും സിമിയെക്കുറിച്ചും ഞാന്‍ നടത്തിയ ഫീല്‍ഡ് വര്‍ക്കിനിടെ ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല. ശ്രദ്ധിക്കേണ്ടൊരു കാര്യം 2001 ന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റു ചെയ്യപ്പെട്ടത് ‘സിമി ഭീകരര്‍’ എന്ന പേരിലാണ്. എന്നാല്‍ 1996 ല്‍ സിമി അംഗങ്ങളായിരുന്നവര്‍ 413 പേര്‍ മാത്രമാണ്. സിമി രൂപീകരിക്കപ്പെട്ട 1976 ല്‍ 132 പേരായിരുന്നു അംഗസംഖ്യ. ഇന്നേ വരെ ഇന്ത്യന്‍ സര്‍ക്കാര്‍ സിമിയെ നിരോധിക്കാനുള്ള കാരണം യുക്തിപരമായി വിശദീകരിച്ചിട്ടില്ലെന്നും കൂട്ടത്തില്‍ ഓര്‍ക്കണം.

പറയപ്പെടാത്ത കഥ

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ തെളിവുകളും നിയമവാഴ്ചയും മുന്‍വിധികള്‍ക്ക് വഴിമാറുന്നതാണ് നാം കാണുന്നത്. ഇതെഴുതുമ്പോഴും ഇന്ത്യന്‍ സര്‍ക്കാര്‍ ജൂലെ 13 ലെ അക്രമണം നടത്തിയവരെ പിടികൂടിയിട്ടില്ല. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സുബ്രഹ്മണ്യ സ്വാമി ഇസ്ലാമിക തീവ്രവാദത്തെ തുടച്ചു നീക്കാനുള്ള വഴികളെക്കുറിച്ച് ലേഖനമെഴുതുതിയിരുന്നു. മുസ്ലിംകളെ ഒരു തെളിവുമില്ലാതെ സ്വാമി കുറ്റപ്പെടുത്തുകയായിരുന്നു. ജൂലൈ 22 ന് നടന്ന നോര്‍വെ കൂട്ടക്കൊലയെക്കുറിച്ച് ഇതുപോലുള്ള റിപ്പോര്‍ട്ടുകളാണ് ന്യൂയോര്‍ക്ക് ടൈംസിലും വാഷിങ് പോസ്റിലും വന്നിരുന്നത്. സ്വാമി ചെയ്യുന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്യുന്നതു തന്നെയാണ്. 2006 സെപ്റ്റംബറില്‍ മലേഗാവില്‍ 35 മുസ്ലിംകള്‍ ബോംബു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മാധ്യമങ്ങള്‍ മുസ്ലിംകളെയാണ് കുറ്റപ്പെടുത്തിയത്. 2007 ല്‍ ഹൈദരാബാദ് മക്ക മസ്ജിദില്‍ നടന്ന സ്ഫോടനത്തില്‍ 10 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. പ്രവീണ്‍ സ്വാമി എത്ര ലളിതമായാണ് മുസ്ലിം ഭീകരരെ പ്രസ്തുത സ്ഫോടനങ്ങളുടെ സൂത്രധാരന്മാരായി അവരോധിച്ചത്. മാത്രമല്ല, ഇന്ത്യന്‍ നഗരങ്ങള്‍ക്ക് മേലുള്ള ഇസ്ലാമിസ്റ് ഭീഷണിയെക്കുറിച്ച് സ്വാമി മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഹിന്ദു ദേശീയവാദികളാണ് മലേഗാവ്, മക്കാ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് തുടര്‍ന്നുള്ള അന്വേഷണങ്ങല്‍ തെളിയിച്ചു. നമുക്ക് സുബ്രഹ്മസ്വാമിയിലേക്ക് മടങ്ങി വരാം, സ്വാമി എഴുതുന്നു: “ഇസ്ലാമി ഭീകരവാദികള്‍ക്കെതിരെ ഹിന്ദുക്കള്‍ എന്ന നിലയില്‍ നാം യോജിച്ച മാനസികാവസ്ഥ കൈവരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മുസ്ലിംകളും നമ്മോടൊപ്പം ചേരാം. അവര്‍ക്ക് ഇവിടുത്തെ ഹിന്ദുക്കളോട് യഥാര്‍ഥ്യത്തില്‍ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍. അവര്‍ അത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അങ്ങിനെ ചെയ്യണമെങ്കില്‍ മുസ്ലിംകളാണെങ്കിലും ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഹിന്ദുക്കളാണെന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു”. തുടര്‍ന്ന് സ്വാമി എഴുതുന്നത് ഇങ്ങനെ മനസ്സിലാക്കാത്ത മുസ്ലിംകള്‍ക്ക് “വോട്ടു ചെയ്യാനുള്ള അവകാശമില്ല” എന്നായിരുന്നു. ഇന്ത്യയെ “ഹിന്ദു രാഷ്ട്രമായി” പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശവും സ്വാമിക്കുണ്ട്.

മുസ്ലിം ഭീകരവാദത്തെക്കുറിച്ചുള്ള കഥകള്‍ ഇന്ത്യന്‍ മാധ്യമങ്ങളും പാശ്ചാത്യ മാധ്യമങ്ങളും ധാരാളം നല്‍കുന്നുണ്ട്. 2011 ജൂലൈ 13 ന്റെ മുബൈ ആക്രമണത്തെത്തുടര്‍ന്ന് സുബ്രഹ്മണ്യസ്വാമി അടക്കമുള്ളവരുടെ ലേഖനങ്ങള്‍ മാധ്യമങ്ങളില്‍ തുടരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം ലേഖനങ്ങള്‍ ഒരു പരിധിവരെ നമ്മുടെ ലിബറല്‍ ബുദ്ധി ജീവികളെയും സ്വാധീനിക്കുന്നുണ്ട്. മുസ്ലിംകളുനുഭവിക്കുന്ന ഭീകരതയെക്കുറിച്ചുള്ള കഥകള്‍ മാധ്യമങ്ങളില്‍ വരുന്നത് വളരെ വിരളമാണ്. എങ്ങിനെയാണ് മുസ്ലിംകളുടെ ഇത്തരം കഥകള്‍ നമുക്ക് പറയാനാകുക?

രാഷ്ട്രീയ നരവംശശാസ്ത്രജ്ഞനും ആസ്ട്രേലിയയിലെ മൊണ്ടാഷ്‌  യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ് ലേഖകൻ. ഇസ്ലാമിസം ആന്റ് ഡമോക്രസി ഇന്‍ ഇന്ത്യ: ദ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് ജമാഅത്തെ ഇസ്ലാമി (പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി പ്രസ്, 2009) എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

 

കടപ്പാട്: അല്‍ജസീറ. 2011 സെപ്റ്റംബര്‍ 16

പരിഭാഷ: കെ. അഷറഫ് 

Top