മണ്ണിനായുള്ള തിരച്ചില്‍
സമൂഹത്തിന്റെ പൊതുഘടനയില്‍ നിന്നും ഒരു വലിയ വിഭാഗം ജനതയെ താഴ്ത്തട്ടിലേയ്ക്ക് തള്ളിമാറ്റുകയും അവരുടെ കായികശക്തിക്കും സംസ്കൃതിക്കും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്ത സവര്‍ണ്ണാധികാര വ്യവസ്ഥയോടുള്ള ഒരുതരം കലാപവാസന ചെറുപ്പം മുതലെ എന്റെ സ്വാഭാവത്തിന്റെ ഭാഗമായിരുന്നു. ശില്പി എ.കെ. ശിവദാസുമായി ബിനോയ് പി.ജെ. നടത്തിയ അഭിമുഖം.
ചിത്ര-ശില്പകലകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ താങ്കളുടെ ഭാഷ, ആവിഷ്കാരം ഇവയെ സംബന്ധിച്ച് ഒന്നു വിശദീകരിക്കാമോ?
എന്റെ ഇതുവരെയുള്ള കലാ ജീവിതത്തില്‍ ഞാന്‍ പിന്നിട്ട വഴികളെ പഠനാത്മകമായി വീണ്ടും തിരിഞ്ഞുനോക്കുവാന്‍ പ്രേരകമായിത്തീര്‍ന്നു ഈ ചോദ്യം എന്നുപറയട്ടെ.
എന്റെ കലാസൃഷ്ടികളുടെ പ്രത്യേകിച്ചും ശില്പങ്ങളുടെ ദൃശ്യഭാഷയും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സൌന്ദര്യശാസ്ത്രവുമെല്ലാം രൂപപ്പെട്ടുവരുവാനിടയായ സാഹചര്യങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍, ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ യൌവനത്തിന്റെ നല്ലൊരുഭാഗം ചെലവിട്ട വെച്ചൂര്‍ എന്ന കുട്ടനാടന്‍ ഗ്രാമത്തിന്റെ സാമൂഹികാന്തരീക്ഷത്തിന്റെ സ്വാധീനത്തെക്കുറിച്ച് എടുത്തുപറയേണ്ടതാണ്. വയലുകളും ജലാശയങ്ങളും തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ കരപ്രദേശങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകള്‍, ഭൂരിഭാഗം ദേശവാസികളും തൊഴിലാളികളായിരുന്നു.
തൊഴില്‍പരമായ സഹവര്‍ത്തിത്വവും ഏറെക്കുറെ നിര്‍ധനമായ സമാന ജീവിത സാഹചര്യങ്ങളുമൊക്കെക്കൊണ്ടായിരിക്കാം ജാതിമതചിന്തകള്‍ക്ക് അതീതമായൊരു സൌഹൃദാന്തരീഷം ഇവിടെ ഉണ്ടായിരുന്നു. സാമ്പത്തികമായി താഴെത്തട്ടിലായിരുന്ന പരമ്പരാഗത ശില്പികുടുംബത്തില്‍ ജനിച്ച എന്നെ സംബന്ധിച്ചിടത്തോളം ഈ സാംസ്കാരികാന്തരീക്ഷത്തിലൂടെ ജീവിച്ചുവന്നത് ഹൈന്ദവമതബോധത്തില്‍ നിന്നും പുറത്തുകടക്കുവാന്‍ വളരെയേറെ സഹായിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. സമൂഹത്തിന്റെ പൊതുഘടനയില്‍ നിന്നും ഒരു വലിയ വിഭാഗം ജനതയെ താഴ്ത്തട്ടിലേയ്ക്ക് തള്ളിമാറ്റുകയും അവരുടെ കായികശക്തിക്കും സംസ്കൃതിക്കും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്ത സവര്‍ണ്ണാധികാര വ്യവസ്ഥയോടുള്ള ഒരുതരം കലാപവാസന ചെറുപ്പം മുതലെ എന്റെ സ്വാഭാവത്തിന്റെ ഭാഗമായിരുന്നു. പരുക്കന്‍ പ്ളാവുമരങ്ങളും, കുമ്പിളും, തേക്കുമെല്ലാം മുത്തച്ഛന്റെ ഉളിമുനകളുടെ സ്പര്‍ശത്തില്‍ ദേവീദേവന്മാരുമായി പരിണാമം പ്രാപിക്കുന്നതിന്റെ വിവിധദശകള്‍ കണ്ടുപരിചയിച്ചാണ് ഞാന്‍ വളര്‍ന്നത്. ഈ അനുഭവപരിചയം, ഭക്തിസങ്കല്പത്തിലധിഷ്ഠിതമല്ലാത്തൊരു വീക്ഷണകോണിലൂടെ പരമ്പരാഗത ശില്പശൈലിയെ നോക്കിക്കാണുവാനും അതിന്റെ സൌന്ദര്യശാസ്ത്രപരമായ സവിശേഷതകളെ, അതായത് മനുഷ്യന്, കിളി, മരം, മറ്റുജീവജാലങ്ങള്‍ എന്നിവയെ ചലനാത്മകമായൊരു ദൃശ്യതാളഘടനയിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയും അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള ദര്‍ശനത്തിന്റെ വെളിച്ചവും, അതുപോലെ തന്നെ ഇമേജറികളുടെ ഘനത്വം കൊണ്ടു സ്ഥാപിച്ചെടുക്കുന്ന ഭൌതികമായ അസ്തിത്വവും മറ്റും – സ്വാംശീകരിക്കുവാനും സഹായിച്ചിട്ടുണ്ട്.
ശിവദാസിന്റെ രചനകള്‍ primitivism എന്നറിയപ്പെടുന്ന പ്രവണതയോട് സങ്കീര്‍ണ്ണമായ ഒരു ബന്ധമാണ് പുലര്‍ത്തുന്നതെന്നു തോന്നുന്നു. കീഴാളരില്‍ അഭാവവം പിന്നോക്കാവസ്ഥയും മാത്രം കാണുന്ന പതിവുസമീപനങ്ങളില്‍ നിന്നു മാറി ലോകത്തെ അഭിമുഖീകരിക്കുവാനുള്ള ശ്രമങ്ങളെ നോക്കിക്കാണുവാന്‍ ശ്രമിക്കുന്നുണ്ടല്ലോ. ഇതിനെ എങ്ങനെയാണ് കാണുന്നത്.?
ശില്പകലയിലെ തെന്നിന്ത്യന്‍ പാരമ്പര്യങ്ങളുമായുള്ള താങ്കളുടെ കലയുടെ ബന്ധത്തെ എങ്ങനെയാണ് കാണുന്നത്? ബൃഹത്പാരമ്പര്യവും ചെറുസ്വത്വങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശിവദാസിന്റെ ശില്പങ്ങളെ എങ്ങനെയാണ് മാറ്റിമറിച്ചിട്ടുള്ളത്?
ശില്പകലയിലെ തെന്നിന്ത്യന്‍ അഥവാ ദ്രവീഡിയന്‍ പാരമ്പര്യം എന്റെ ബോധത്തില്‍ത്തന്നെ ഉള്ളതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. മഹത്തായ പരമ്പരാഗത ശില്പകലാസമ്പ്രദായം അനുഷ്ഠാനപരമായതിനാല്‍ ശൈലീസംബന്ധമായ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുവാന്‍ കലാകാരന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. ഇത് കലാകാരന്റെ സ്വത്വാന്വേഷണത്തെ അഥവാ, അധികാരഘടനയില്‍ അധിഷ്ഠിതമായ സമകാലിക ജീവിതപരിസരവുമായുള്ള അവന്റെ ഇടപെടലുകളെ പ്രകാശിപ്പിക്കുവാനുള്ള സാദ്ധ്യതയെ പരിമിതപ്പെടുത്തിയെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്ളാസ്സിക്കല്‍ ഇന്‍സ്റലേഷന്‍ എന്നു വിശേഷിപ്പിക്കേണ്ടുന്ന മഹാബലിപുരമെന്ന കലയുടെ മഹാസന്നിധിയില്‍ സ്വത്വാന്വേഷണത്തിന്റെ അംശങ്ങളും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. കര്‍ഷകന്റെ തോളില്‍ കൈയിട്ടുനില്‍ക്കുന്ന ബലരാമനും ഗ്രാമജീവിതവും മഹിഷാസുരമര്‍ദ്ദിനിയും പൂച്ചസന്യാസിയുമൊക്കെ അനുഷ്ഠാനപരമായ ശൈലീബന്ധത്തില്‍ നിന്നും പുറത്തുകടക്കുവാനുള്ള കലാകാരന്റെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നവയാണ്. അതുപോലെ ക്യൂബിസത്തിന്റെ ആ ദിവസത്തെ എന്നു തോന്നിപ്പിക്കുന്ന നന്ദിയും.
എന്നെ സംബന്ധിച്ചിടത്തോളം ആധുനികമോ ഉത്തരാധുനികമോ ആയ ഇക്കാലത്ത് ജീവിക്കുന്ന കലാകാരനാണ് ഞാന്‍. പരമ്പരാഗതശില്പശൈലിയില്‍ നിന്നും മറ്റുപലതിലും നിന്നെന്നപോലെ ഒരു പങ്ക് ഞാനും സ്വന്തമാക്കിയിട്ടുണ്ട്.
ക്ലാസ്സിക്കല്‍ കലയിലെ വിശേഷിച്ചും ഗ്രീക്കോ-റോമന്‍ പാരമ്പര്യത്തിലെ മനുഷ്യസങ്കല്പങ്ങളില്‍ നിന്നും ഭിന്നമാണല്ലോ താങ്കളുടെ ശില്പങ്ങളിലെ മനുഷ്യരൂപങ്ങള്‍. കീഴാള സ്ത്രീരുപം അതില്‍ ഒരു monumentality നേടുന്നുണ്ട്.
സത്യമായതാണു സുന്ദരം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് പല സത്യങ്ങളുടെ തുലനാവസ്ഥ ആയേക്കാം. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി അത് അമൂര്‍ത്തവുമാണ്. ലെമൃരവശിഴ searching for soil കീഴാളമുദ്രകളുള്ള സ്ത്രീപുരുഷ ബിംബങ്ങള്‍ ഞാന്‍ ധാരാളം വരച്ചിട്ടുള്ള എനിക്ക് അടുത്തറിയാവുന്ന മനുഷ്യരില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. മരങ്ങള്‍ക്ക് മുളച്ചുപൊന്താന്‍ ഇടം അനിവാര്യമാണ് എന്നതുപോലെയാണ് മനുഷ്യജീവിക്ക് നിലനില്‍ക്കാന്‍ വേണ്ട ഇടവും. ഇത് ഓരോ ജീവിയുടെയും ജ•ാവകാശമാണ്. ഈ സ്പേസിനായുള്ള അന്വേഷണമാണ് searching for soil . ഇതൊരിക്കലും നിരാശാഭരിതമല്ല. ജീവിതം അതിന്റെ സമഗ്രമായ അര്‍ത്ഥത്തില്‍ ആന്തരികവും ബാഹ്യവുമായ അനവധി ഘടകങ്ങളുമായി ഇഴചേര്‍ന്നുകിടക്കുന്നു. ഒരു വ്യക്തിയുടെ ബാഹ്യമായ നിലനില്‍പിന് ഭൂമി ആഹാരം അതുപോലെയുള്ള അടിസ്ഥാനസൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ അവര്‍ക്ക്/അവന് തന്റെ ചിന്തകള്‍, മോഹം, ഭയാശങ്കകള്‍, പ്രതീക്ഷ തുടങ്ങിയ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആന്തരീകമായ ഒരു സമാന്തര ലോകവുമുണ്ട്.
ഈ രുണ്ടുതലവും തമ്മിലുള്ള സംഘര്‍ഷം ഒരു മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം ജ•നായുള്ള pessimism തന്‍റെ നശ്വരാതബോധത്തെ ഉദ്ദീപിപ്പിക്കുകയും ജീവിതം അസ്വസ്ഥമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആന്തരികവും ബാഹ്യവുമായ നിലനില്‍പിനായുള്ള അന്വേഷണം ഓരോ മനുഷ്യജീവിയുടെയും പോലെ എന്റേതുകൂടിയാണ്. അതുകൊണ്ടായിരിക്കാം താങ്കള്‍ സൂചിപ്പിക്കുന്നതോപെല ഈ ശില്പത്തിലെ കീഴാളമുദ്രകള്‍ പൊതുസ്വഭാവമാര്‍ജ്ജിക്കുന്നത്.
വയനാട്ടില്‍ മുത്തങ്ങ എന്ന സ്ഥലത്ത് ഭൂമിക്കുവേണ്ടി ആദിവാസികള്‍ സമരം ചെയ്യുന്ന കാലത്താണ് ഈ ശില്പം ഞാന്‍ ചെയ്തുതുടങ്ങുന്നത്. ഇതിനു പിന്നില്‍, ഈ സമരാന്തരീക്ഷത്തിന്റെ സ്വാധീനവും ഉണ്ടായേക്കാം.
ദീര്‍ഘകാലമായി തടിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്, ആ മാധ്യമത്തെ എതു നിലയിലാണ് താങ്കള്‍ നോക്കിക്കാണുന്നത്?
തടി എന്നത് എന്ന സംബന്ധിച്ചിടത്തോളം ശില്പകലയ്ക്ക് നന്നായി ഇണങ്ങുന്ന തരത്തില്‍ വളരെയേറെ പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു മാദ്ധ്യമം മാത്രമല്ല, അത് ഒരു ജൈവവസ്തുവാണ്. ജീവനുണ്ടായിരുന്നതും ശൈശവം മുതല്‍ ജീവിതത്തിന്റെ എല്ലാ ഘട്ടവും പിന്നിട്ട് പക്വതയെത്തിയതുമാണ്. മനുഷ്യന്‍ അടക്കമുള്ള അനേകം ജന്തുജാലത്തിന് ആഹാരവും പാര്‍പ്പിടവുമൊരുക്കിയതാണ്. ചുരുക്കത്തില്‍ മരം ഒരു ജീവിതാവസ്ഥയുടെ കേന്ദ്രബിന്ദുവാണ്. ഒരേസമയം തന്നെ കഠിനവും മൃദുവുമാണ് അതിന്റെ ദേഹം. ആലീസ് വാക്കറുടെ സെലി എന്ന കഥാപാത്രം സ്വയം മരമായി സങ്കല്പിച്ചുകൊണ്ടാണ് ഭര്‍ത്താവിന്റെ ഓരോ പ്രഹരത്തെയും നേരിടുന്നത്. മരങ്ങളില്‍ നിന്നും മരങ്ങളെത്തന്നെ ചെയ്യുവാനാണ് ആദ്യകാലത്തു ഞാന്‍ ശ്രമിച്ചിരുന്നത്. പലപ്പോഴും അത് മനുഷ്യരും മൃഗങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഇമേജുകളായാണ് പുറത്തുവന്നത്. ആദ്യമായി ഞാന്‍ എക്സിബിറ്റ് ചെയ്ത ട്രീ സീരിസില്‍ പെട്ടതാണ് സേര്‍ച്ചിംഗ് ഫോര്‍ സോയില്‍.
ശിവദാസിന്റെ വര്‍ക്കിംഗ് മെതേഡ്?
ല്‍ നിന്നും വ്യത്യസ്തമാകാറുണ്ട്.
കുടുംബവൃക്ഷം, കീഴാള ജാതി/വര്‍ഗ കുടുംബങ്ങളുടെ സമകാലീനതയെ ഒരു പ്രമേയമായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ. ഇതെക്കുറിച്ചെന്ത് തോന്നുന്നു?
ആഗോള കുത്തകകളുടെ പരസ്യതന്ത്രങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കപടജീവിതമാതൃകകളെ അനുകരിച്ചനുകരിച്ച് പ്രകൃതിയില്‍ നിന്നും സഹജീവികളില്‍ നിന്നെല്ലാം അകന്ന്, ഫ്ളാറ്റ് സംസ്കാരത്തിന്റെ കള്ളികളില്‍ തടവിലാക്കപ്പെടുന്ന ആധുനിക അണുകുടുംബത്തിന്റെ വ്യഥകളാണ് ഫാമിലി ട്രീ.
സങ്കല്പത്തിനുമപ്പുറത്തേക്ക് കുതിച്ചുപായുന്ന നൂതനസാങ്കേതിക വിദ്യകളുടെ അതിപ്രസരത്തില്‍ ഈ ഗ്ളോബല്‍ വില്ലേജിലെ ഹൈടെക്-ഗ്രാമീണനായി, മാനസികമായി സൈബോര്‍ഗുകളും, ഏലിയനുമായി മാറ്റപ്പെടുകയാണ് ഇന്നത്തെ മനുഷ്യജീവിതങ്ങള്‍. പ്രകൃതിയുടെയും മനുഷ്യന്റെയും സംരക്ഷകരായി നടിക്കുന്ന അധിനിവേശശക്തികളുടെ പ്രച്ഛന്നവേഷങ്ങളുടെ പിടിയില്‍ അകപ്പെടുന്ന ഇന്നത്തെ ബാല്യം. ഇതെല്ലാം ഉറഞ്ഞുകൂടിയതാണ് ഫാമിലി ട്രീ.
വൃക്ഷം പോലെ മുകളിലേയ്ക്ക് വികസിച്ചുവരുന്ന ഒരു ഘടനയാണ് ഈ ശില്പത്തിന്റേത്. പക്ഷെ വൃക്ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, തറയുമായി അതിനുള്ള ബന്ധം വളരെ നേര്‍ത്തതാണ്. ഈ വംശവൃക്ഷം ഫ്രാഗ്മെന്റലാണ്. ഇതു പറയുന്നില്ല. ആ തലത്തില്‍ ഇത് ഡിസ്ഹാര്‍മോണിയസാണ്. ബിനോയി സൂചിപ്പിച്ചതുപോലെ ഇത് ആധുനിക ജീവിതത്തിന്റെ ഡിസ്-ഹാര്‍മണി ആയേക്കാം.
ഒരു ഇല്ലസ്ട്രേറ്റര്‍ എന്ന നിലയില്‍ പോപ്പുലര്‍ മാസികകളില്‍ പണിയെടുത്തിരുന്നവല്ലോ. അത്തരം അനുഭവങ്ങള്‍ ശില്പകലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായിട്ടുണ്ടോ?
ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് ഞാന്‍ പോപ്പുലര്‍ മാഗസിനുകളില്‍ ഇല്ലസ്ട്രേറ്ററാകുന്നത്. അക്കാദമിക് തലത്തില്‍ കലയ്ക്കുപകരം കെമിസ്ട്രി പഠിക്കേണ്ടിവന്ന സാഹചര്യമാണ് എനിക്കുണ്ടായത്. പക്ഷെ മനസ്സുമുഴുവന്‍ കലയായിരുന്നു. അനുജന്‍ അക്കാദമിക് തലത്തില്‍ ചിത്രകല അഭ്യസിച്ച ആളാണ്. അങ്ങനെയാണ് ഞാനും വിവിധ മീഡിയങ്ങള്‍ ഉപയോഗിക്കാന്‍ പരിചയം നേടിയത്. വീട്ടിലെ സാഹചര്യം സാമ്പത്തികമായി മോശമായതിനാല്‍ എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടേണ്ടത് അത്യാവശ്യമായി വന്നു. അങ്ങനെയാണ് അനുജനോടൊപ്പം ഞാനും പോപ്പുലര്‍ മാസികകളില്‍ ചിത്രകാരനാകുന്നത്. സാധാരണ ജനസമൂഹത്തിന്റെ ആസ്വാദനബോധവും അവര്‍ സാഹിത്യത്തെയും കലയെയും ജീവിതത്തെയും നോക്കിക്കാണുന്ന രീതിയുമൊക്കെയായി അടുത്തിടപഴകാന്‍ കഴിഞ്ഞതിലൂടെ പോപ്പുലര്‍ കര്‍ച്ചറിന്റെ മന:ശാസ്ത്രം തിരിച്ചറിയുന്നതിന് ഈ കാലം ഉപകരിച്ചിട്ടുണ്ട്. ഈ സമയത്താണ് ബിനോയിക്കും അിറവുള്ളതുപോലെ വളരെ ക്രിയേറ്റിവായിരുന്ന കുറെ സുഹൃത്തുക്കള്‍ എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതും. ജനജാഗ്രത എന്ന മനുഷ്യാവകാശ സംഘടനയുമായി സഹകരിക്കുന്നതും. ഡോസ്റോവ്സ്കിയെയും മറ്റും വായിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. മനസ്സിലെ ആഗ്രഹങ്ങളും ചെയ്യുന്ന തൊഴിലും തമ്മിലുള്ള വൈരുദ്ധ്യം ഉച്ചസ്ഥായിയിലെത്തുകയും അതുവരെ ചെയ്തിരുന്ന തൊഴിലെല്ലാമുപേക്ഷിച്ച് കലയില്‍ മാത്രം ശ്രദ്ധിക്കുവാന്‍ തീരുമാനിക്കുകയുമാണ് ഉണ്ടായത്. ഹരീന്ദ്രനെപ്പോലെയുള്ള സുഹൃത്തുക്കളുടെ പ്രേരണയാലാണ് ശില്പകലയിലേയ്ക്ക് തിരിയുന്നത്.
ഞാന്‍ Calligraphy നന്നായി ചെയ്തിരുന്ന ആളാണ്. ഒരു ചിഹ്നമെന്ന നിലയില്‍ അക്ഷരങ്ങളുടെ ഡിസൈന്‍, വസ്ത്രങ്ങളുടെ ഡിസൈന്‍ പോലെ തന്നെ കാലവുമായി ലിങ്ക്ഡ് ആണ്. ഈ ചിഹ്നങ്ങളുടെ ഗണം, വാക്കുകള്‍ എന്ന സൌണ്ട് ഇമേജിലൂടെ നമ്മുടെ ബോധത്തില്‍ വീണ്ടും വിഷ്വല്‍ ഇമേജറികളായി മാറ്റപ്പെടുമ്പോള്‍ അവയുടെ കാലഗണനയില്‍ calligraphy യുടെ ശൈലിക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. ചില അക്ഷരങ്ങളും വസ്തുക്കളുമായുള്ള രൂപസാദൃശ്യവും, ഉദാ. മലയാളത്തിലെ അ എന്ന അക്ഷരവും ആന എന്ന ജീവിയും തമ്മിലുള്ള സാദൃശ്യം – എന്നെ വളരെയേറെ ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ്. എന്റെ വര്‍ക്കുകളില്‍ പലപ്പോഴും അക്ഷരങ്ങളോ, സദൃശ്യമായ ചിഹ്നരൂപങ്ങളോ പ്രത്യക്ഷപ്പെടാറുണ്ട്. അത് സ്വാഭീവികവുമാണല്ലോ.
ഒരു ശില്പിയെന്ന നിലയില്‍ താങ്കളെ സ്വാധീനിച്ച ആധുനിക ഇന്ത്യന്‍ കലാകാരന്മാര്‍?
ലോക ചിത്ര-ശില്പകലാരംഗത്തുണ്ടായ ക്യൂബിസം പോലെയുള്ള നൂതന ഭാവുകത്വങ്ങളെ സ്വന്തം കലയിലേയ്ക്ക് സ്വാംശീകരിച്ച രാംകിങ്കര്‍ ബെയ്ജ് എന്ന മഹാനായ കലാകാരന്റെ ശില്പങ്ങളും അവയിലെ സൂക്ഷ്മരാഷ്ട്രീയവുമെല്ലാം എന്റെ ശില്പഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പിന്നെ, കൃഷ്ണകുമാര്‍. ഇന്നു ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ, ഇക്കാലത്തെ പ്രമുഖനായ ശില്പി അദ്ദേഹമാകുമായിരുന്നു. പിന്നെ, എന്റെ കലയെ സ്വാധീനിച്ചിട്ടുള്ള ഘടകങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ ഞാന് ഇതുവരെ വായിച്ചറിഞ്ഞ സാഹിത്യകൃതികളും ഞാന്‍ കേട്ടറിഞ്ഞ സംഗീതവും കണ്ടറിഞ്ഞ സിനിമകളും മറ്റ് ഇതര കലാരൂപങ്ങളും എന്നെ വിസ്മയിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ള അനവധി സാധാരണ മനുഷ്യരുമൊക്കെയാണ് എന്റെ കലയെ കൂടുതല്‍ സാര്‍ത്ഥകമാക്കിത്തീര്‍ത്തിട്ടുള്ളത്.
ജിയോക്കൊമോത്തിയുടെ ശില്പങ്ങള്‍ ഞാന്‍ മരത്തിലും ക്ളേയിലുമൊക്കെ റീപ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ആദ്യമായി മരത്തില്‍ ചെയ്ത വര്‍ക്കുകളില്‍ എനിക്ക് ഏറെ താല്‍പര്യമുള്ളത് മൈക്കലാഞ്ചെലോയുടെ പോട്രെയ്റ്റാണ്. ബ്രാന്‍കുസിയുടെ കോമ്പോസിഷനോട് പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ട്. Marcel Duschamp ന്റെ ഇന്‍സ്റലേഷനുകളും ഫൌണ്ടേന്‍ അടക്കമുള്ള റെഡിമെയ്ഡ്സിനോടും താല്‍പര്യം തോന്നിയിട്ടുണ്ട്. ഇങ്ങനെ നോക്കിയാല്‍ അനവധി ചിത്രകാരന്മാരും ശില്പികളും എന്റെ ശില്പഭാഷയെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളതാണ് പരമാര്‍ത്ഥം.
ഇതുവരെ താങ്കള്‍ പിന്നീട്ട കലാജീവിത്തെ തിരിഞ്ഞുനോക്കുമ്പോള്‍, ഈ ജീവിതം നേടിയെടുക്കുന്നതില്‍ താങ്കള്‍ക്കു പ്രചോദനമായിത്തീര്‍ന്നതും എന്നും ഓര്‍ത്തിരിക്കുവാന്‍ ആഗ്രഹിക്കുന്നതുമായ ഘടകങ്ങളേതൊക്കെയാണ്?
ഒരുപക്ഷെ, എന്റെ വളരെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കളുടെ പ്രേരണയും സഹായവുമുണ്ടായിരുന്നില്ലെങ്കില്‍ ഈ ജീവിതത്തിലേയ്ക്ക് ഞാന്‍ എത്തപ്പെടുമോയെന്നു സംശയമാണ്. അതുപോലെതന്നെ, ഞാന്‍ ജോലിയെല്ലാമുപേക്ഷിച്ച് വീട്ടില്‍ വന്നു നില്‍ക്കുമ്പോള്‍ അക്കാര്യത്തില്‍ അല്പം രസക്കുറവ് ഉണ്ടായിരുന്നെങ്കിലും ശില്പം ചെയ്യുവാനുള്ള എന്റെ ആഗ്രഹം മനസ്സിലാക്കി ആദ്യമായി രണ്ട് ഉളികള്‍ പണിയിച്ചുതന്ന എന്റെ പിതാവിനോടും എന്റെ കലാജീവിതം കടപ്പെട്ടിരിക്കുന്നു. എനിക്ക് ഇപ്പോള്‍ അനവധി ഉളികള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും മൂര്‍ച്ചയുള്ളതും ഞാന്‍ കൂടുതലായി ഉപയോഗിക്കുന്നതും ആ രണ്ട് ഉളികള്‍ തന്നെയാണ്.