മലയരയർ: പത്തൊമ്പതാം നൂറ്റാണ്ടിലെ ചില മിഷനറി കാഴ്ചകൾ
മലയരയർ തങ്ങളുടെ കഥ സ്വയം പറയുന്നതു കേൾക്കാനാവുന്ന രേഖകൾ നിലവിലില്ലാത്ത സാഹചര്യത്തിൽ മിഷനറി പ്രമാണങ്ങൾ വഴിയാണ് മലയരയ ഭൂതകാലം കുറെയെങ്കിലും ലഭിക്കുന്നത്. ഇതിനെ കേവലം മതപരിവർത്തന രേഖയായി കാണാൻ കഴിയില്ല. മതപരിവർത്തനം ചെയ്തവരുടെ സാമൂഹികാവസ്ഥ അപ്പോഴും വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മിഷനറി രേഖകൾ വഴി വിമർശനാത്മകവും പ്രതിരോധപരവുമായ ചരിത്രരചന സാധ്യമാകുന്നുണ്ട്. ബദൽ പ്രമാണ ശേഖരങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ മലയരയ വിഭാഗത്തിനെക്കുറിച്ചുള്ള മിഷനറി ആഖ്യാനങ്ങൾ പൊതുവിലുള്ള അവരുടെ ഭൂതകാലത്തിലേക്കാണു നമ്മെ കൊണ്ടെത്തിക്കുന്നത്. വിനില്‍ പോള്‍ എഴുതുന്നു.
കോളനികാല ഫോട്ടോകൾ, സ്‌കെച്ചുകൾ തുടങ്ങിയ ഉപാദാനങ്ങൾ ഉപയോഗിച്ചുള്ള ഗവേഷങ്ങൾ നിലവിലെ സാമൂഹികശാസ്ത്ര പഠനങ്ങളെ ഊർജിതമാക്കിയിട്ടുണ്ട്. വിശേഷിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രമാണ രേഖകളിലെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള അന്വേഷണങ്ങൾ, ആഫ്രിക്കൻ നരവംശസത്രത്തിനെ ഒരുപാടു മുൻപിലേക്കു തള്ളിവിട്ടു. എന്നാൽ ഇന്ത്യയിലെ അധിനിവേശ രേഖകളിലെ കീഴാള പ്രതിനിധാനങ്ങളെ വ്യത്യസ്തമായി നോക്കിക്കണ്ടിരുന്ന പഠനങ്ങൾ നന്നേ കുറവായിരുന്നു. കേരളത്തിലെ നരവംശ ശാസ്ത്ര രചനയുടെ പതിവുപകരണങ്ങൾ, വിശേഷിച്ച് ഗോത്രപഠനങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ രീതിശാസ്ത്ര മാതൃകകൾ ബഹുഭൂരിപക്ഷത്തിലും ഗോത്രജനതയുടെ ഭൂതകാലത്തിനെ വേണ്ട വിധേന വികസിപ്പിച്ചില്ല. വിശേഷിച്ച് ആധികാരികതയോടുകൂടിയ കോളനികാല ഉപാദാനങ്ങൾ ഉള്ളപ്പോൾത്തന്നെയും ഈ ഗോത്ര ഭൂതകാലങ്ങൾ വിമർശനാത്മകമായി പുനർവായിക്കപ്പെട്ടിരുന്നില്ല. മലയരയരെക്കുറിച്ചുള്ള എഴുത്തുകൾ സൂക്ഷ്മമായി നോക്കിയാൽ ഇതു കൂടുതൽ വ്യകതമാകും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമതത്തിൽ ചേർന്ന ഒരു വിഭാഗം മലയരയരുടെ ഭൂതകാലം, വിലകുറഞ്ഞ ഭൂതകാലമായി പലപ്പോഴും ചിത്രീകരിക്കപ്പെടുന്നു. അവരുടെ മതപരിവർത്തനം സാമൂഹിക ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലായിമാത്രം നിർവചിക്കുകയും അവരുടെ ഭൂതകാലത്തിലെ സങ്കീർണമായ ജീവിതത്തിനെ ഏകരൂപവത്കരിക്കുകയും ചെയ്യുന്നു. എന്നാൽ 1849കൾ മുതൽ ബ്രിട്ടനിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ചർച് മിഷനറി മാസികകളിൽ സ്ഥാനം നേടിയ കേരളത്തിലെ ഏക ഗോത്ര വിഭാഗമായിരുന്നു തിരുവിതാംകൂറിൽ മലയരയർ. ഹെൻറി ബേക്കർ ജൂനിയർ (1819–1878) എന്ന ചർച് മിഷനറിയാണ് തിരുവിതാംകൂറിലെ മലയരയർക്കിടയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ചതും അവരെക്കുറിച്ചു മിഷൻ പ്രസിദ്ധീകരണങ്ങളിൽ എഴുതിയതും. പിന്നാലെ വന്ന യൂറോപ്യൻ മിഷനറിമാരും നാട്ടുമിഷനറിമാരും മലയരയ ക്രിസ്ത്യാനികളെക്കുറിച്ചു ധാരാളമായി എഴുതിക്കൂട്ടി. ഈ എഴുതപ്പെട്ട ലേഖനങ്ങളാകട്ടെ പലപ്പോഴും രേഖാചിത്രത്തോടു കൂടിയാണ് അച്ചടിച്ചിരുന്നത്. പിൽക്കാലത്ത് ചുരുക്കം ചില ഫോട്ടോയും അതോടൊപ്പം പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും ദുർഘടമായ മിഷൻ പ്രദേശം എന്ന പേര് മലയരയ മിഷനു ലഭിച്ചത് മിഷനറി പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കപ്പെട്ട ചിത്രങ്ങൾ വഴിയാണ്. 1850 കൾ മുതൽ 1888 വരെ മിഷനറി മാസികകളിൽ മലയരയരുമായി ബന്ധപ്പെട്ട രേഖാചിത്രങ്ങളെ മുൻനിർത്തിയുള്ള ചരിത്ര വിശകലനമാണിത്. ഏതെല്ലാം വിദേശികളാണ് മലയരയരെ രേഖപ്പെടുത്തിയിരിക്കുന്നതെന്നു നോക്കാം.
മലയരയരുടെ യൂറോപ്യൻ ബന്ധവും കൊച്ചു ബേക്കറും
പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയിൽ ഉണ്ടായിരുന്ന ഡച്ച് ക്യാപ്റ്റൻ ന്യൂഹാഫ് എഴുതിയ കുറിപ്പുകളിലാണു മലയരയരെക്കുറിച്ചു് ആദ്യമായി പ്രതിപാദിക്കുന്നത്. മരം കൊണ്ടുള്ള അവരുടെ വീടുകൾ ആനയേയും കടുവയേയും ഭയന്നു മരത്തിൽനിന്നു മരത്തിലേക്കു കൂടെക്കൂടെ മാറ്റിയിരുന്നെന്നു ന്യൂഹാഫ് രേഖപ്പെടുത്തി. പന്തളം രാജാവിന്റെയും പൂഞ്ഞാറ്റു് പെരുമാളിന്റെയും അധീനതയിലാണ് അവർ കഴിഞ്ഞിരുന്നത്. പോർച്ചുഗീസുകാരുടെ കാലത്തു് ആർച്ച്ബിഷപ് മെനസസ് മലയരയരുടെ ഇടയിൽ ക്രിസ്തുമത പ്രചാരണത്തിനായി ആളുകളെ അയച്ചെന്നും കുറച്ചു മലയരയർ ക്രിസ്തുമതം സ്വീകരിച്ചെന്നും ചില എഴുത്തുകളിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ അതു തെളിയിക്കത്തക്ക തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല (Painter 1898). അതിനു ശേഷം മലയരയരെക്കുറിച്ചുള്ള രേഖപ്പെടുത്തലുകൾ കാണുന്നത് ബ്രിട്ടീഷ് വരവിനു ശേഷമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ആദ്യമായി മലയരയ വിഭാഗത്തിനിടയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചത് ബെഞ്ചമിൻ എസ് വാർഡ് എന്ന ഉദ്യോഗസ്ഥനാണ്. മദ്രാസ് പ്രസിഡൻസിയുടെ കാലാൾപ്പട മേധാവിയായിരുന്ന വാർഡ് സർവേയർ ജനറൽ കൂടിയായിരുന്നു. 1816 മുതൽ 1820 വരെ നടന്ന തിരുവിതാംകൂർ കൊച്ചി സർവേയുടെ ഭാഗമായിട്ടാണ് വാർഡ് മലയരയരുടെ താമസ ഇടങ്ങൾ സന്ദർശിച്ചത്. പിന്നീട് വാർഡും പീറ്റർ ഇ കോണറും ചേർന്നു ശേഖരിച്ച വിവരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു (1863). എന്നാൽ ഇതിനു തൊട്ടുമുൻപ് അവർ ശേഖരിച്ചത് Madras Journal of Literature and Science എന്ന മാസികയുടെ ആദ്യ പതിപ്പിലെ (1833) ആദ്യ ലേഖനമായി ഹിൽ ട്രൈബ്സ് ഇൻ ട്രാവൻകൂർ എന്ന പേരിൽ അച്ചടിച്ചു. ഇത് നാട്ടുരാജ്യങ്ങളിലെ വിവിധ ജാതികളെക്കുറിച്ചുള്ള സർവേ റിപ്പോർട്ടായിരുന്നു. എന്നാൽ ഇവ ശകല വീക്ഷണം മാത്രമാണു തരുന്നത്. മലയരയ ജീവിതത്തിനെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ തുടങ്ങിയതാകട്ടെ, 1849 മുതൽ ഹെൻറി ബേക്കർ ജൂനിയർ മലയരയരുടെ ഇടയിൽ പ്രവർത്തനം ആരംഭിക്കുന്നതു മുതലാണ്.
തിരുവിതാംകൂറിൽ വന്ന ആദ്യ മിഷനറിമാരിൽ ഒരാളായ ഹെൻറി ബേക്കർ സീനിയറിന്റെ മകനാണു ഹെൻറി ബേക്കർ ജൂനിയർ അഥവാ കൊച്ചു ബേക്കർ. ഇംഗ്ലണ്ടിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച ബേക്കർ ലണ്ടനിലെ അറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനും സൂവോളജിക്കൽ സൊസൈറ്റിയുടെ അംഗവുമായിരുന്നു. ജോലി ഉപേക്ഷിച്ചു തിരുവിതാംകൂറിൽ മിഷനറി പ്രവർത്തനത്തിനായി വന്ന ബേക്കർ, 1843 മുതൽ 1878ൽ മരണപ്പെടുന്നതു വരെ മിഷനറിയായിരുന്നു. കോട്ടയത്തെ ഒരു വർഷത്തെ ജീവിതത്തിനു ശേഷം പള്ളത്താണ് ബേക്കർ ആദ്യമായി മിഷനറി പ്രവർത്തനം ആരംഭിക്കുന്നത് (David 1930). സഞ്ചാര മിഷനറി പ്രവർത്തനത്തിനിടയിലാണു ബേക്കർ ആദ്യമായി മലയരയരെ കാണുന്നത്. “അവർ ആ മലകളോളം തന്നെ പ്രാചീനരായിരുന്നു’ എന്നാണ് ബേക്കർ ആദ്യ കാഴ്ചയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. അവർ ഒരു രാത്രി മിഷനറി സംഘത്തിനോടുക്കൂടി താമസിക്കുകയും ചെയിതു (Baker 1862). ഇതിനുശേഷം 1848ലാണ് മലയരയരുമായുള്ള തുടർച്ചയായ ബന്ധം ആരംഭിക്കുന്നത്. മലയരയരുടെ സന്ദർശനത്തിനെ ബേക്കർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
”ഞാൻ പള്ളത്ത് എന്റെ പഠന മുറിയിയിൽ ആയിരിക്കുമ്പോൾ എന്നെ കാണുവാൻ കാഴ്ചയ്ക്ക് അസാധാരണമായ ചില ആളുകൾ വന്നിരിക്കുന്നു എന്ന് എന്റെ ഇളയ മകൾ മുറിയിൽ വന്നു പറഞ്ഞു. ഇത് 1848-ലായിരുന്നു. അവർ കിഴക്ക് മലകളിൽ നിന്നു വന്ന അഞ്ചു പേരായിരുന്നു. തങ്ങളുടെ സ്ഥലത്ത് സ്കൂളുകൾ തുടങ്ങണമെന്ന അപേക്ഷയുമായിട്ടാണ് അവർ വന്നത്. കപ്യാര്‍ കുര്യൻ എന്ന ഒരു റോമാ സുറിയാനിയായിരുന്നു അവരുടെ വഴികാട്ടി (Baker 1862)”. വീണ്ടും വീണ്ടും ഇതേ ദൗത്യവുമായി അവർ ബേക്കറിന്റെ അടുക്കൽ ചെന്നു. തിരക്കുകളും വളർന്നു കൊണ്ടിരിക്കുന്ന പുതിയ സഭകളും കാരണം ബേക്കർ വിസമ്മതിച്ചു. കാടിനുള്ളിൽ 45 മൈലുകൾ ദൂരത്തുള്ള പ്രദേശത്തു റോഡുകളുമില്ലായിരുന്നു. ഇതേ ആവശ്യമായി വീണ്ടും അവർ മലയിറങ്ങി വന്നു. മലയിൽ നിന്നു് ഒടുവിൽ വന്നവരിൽ ഒരാൾ, സായിപ്പവർകളെ ഈ അഞ്ചു പ്രാവശ്യം ഞങ്ങള്‍ വന്നിരിക്കുന്നു. സത്യമായും ഒരറിവും ഞങ്ങൾക്കില്ല, നിങ്ങൾ ഞങ്ങളെ പഠിപ്പിക്കുമോ? ഞങ്ങൾ മരിക്കുകയും മ്യഗങ്ങളെപ്പോലെ അടക്കപ്പെടുകയും ചെയ്യുന്നു. മറ്റൊരാൾ, സായിപ്പവർകളെ വിഷൂചികയും പനിയും പിടിച്ചു എന്റെ കുടുംബത്തിലെ അഞ്ചുപേർ ഈയിടെ മരിച്ചു. അവർ എവിടെ ആയിരിക്കുമോ പോയത്? മൂന്നാമതൊരാൾ, നിങ്ങൾ ഞങ്ങൾക്കു പണം തരേണ്ട സായിപ്പവർകളെ, ധാരാളം നെല്ല് ഞങ്ങൾക്കുള്ളതിനാൽ സാമ്പത്തിക സഹായം ഒന്നും ഞങ്ങൾക്കാവശ്യമില്ല (CMG 1850:53)”. ഇത്തരത്തിലുള്ള തുടർച്ചയായ സമ്മർദ്ദത്തിനു വഴങ്ങിയാണ് ബേക്കർ കിഴക്കൻ മേഖലയിലെ മലയരയ ഗ്രാമങ്ങളിലേക്കു ചെല്ലുന്നതു്. 1849ൽ മുണ്ടക്കയത്തും 1852ൽ കൂട്ടിക്കലും എരുമപ്രയിലും 1853ൽ മേലുകാവിലും ഇടക്കുന്നത്തും ഹെൻറി ബേക്കർ സഭകൾ സ്ഥാപിച്ചു. ഇതിനുശേഷമുള്ള മിഷൻ പ്രവർത്തന യാത്രകളെക്കുറിച്ചുള്ള കുറിപ്പുകളാണ് മിഷനറി പ്രസിദ്ധീകരണങ്ങളിൽ ലോകശ്രദ്ധ നേടിയത്. അരയ മിഷൻ എന്നാണ് ഈ മിഷനറി പ്രവർത്തനം അറിയപ്പെട്ടത്, ഹെൻറി ബേക്കർ ആകട്ടെ വളരെ വേഗം മലയരയ അപ്പോസ്തലനുമായി അംഗീകരിക്കപ്പെട്ടു.
മരത്തിനു മുകളിലെ ജീവിതം
കോളോണികാല മിഷനറി എഴുത്തുകൾ എക്കാലത്തെയും സാമൂഹികശാസ്ത്ര ഗവേഷണങ്ങൾക്കു് ഇന്ധനമായിരുന്നു. ജീവിതാനുഭവങ്ങളെയും സംസ്ക്കാരത്തെയും എഴുത്തധികാരത്തിൽ കൊണ്ടുവന്ന ക്രിസ്ത്യൻ മിഷണറിമാർ എഴുതിക്കൂട്ടിയത്രയും ഒരു കൊളോണിയൽ ഏജൻസിയും എഴുതിയിട്ടില്ല. വിശേഷിച്ച് പൌരസ്ത്യ/ ഉപയുക്തതാ വാദികൾ നിർമിച്ച, ഇന്ത്യയെക്കുറിച്ചുള്ള ജ്ഞാനവ്യവഹാരത്തിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു കോളനികാലത്തു മിഷണറിമാർ എഴുതിക്കൂട്ടിയ ഇന്ത്യൻ ചരിത്രങ്ങൾ. ജാതി അടിമത്തത്തിൽ കഴിഞ്ഞിരുന്ന കേരളത്തിലെ ജനതയെക്കുറിച്ചും അവരുടെ ദൈനംദിന ജീവിതത്തിനെക്കുറിച്ചുമെല്ലാം മിഷനറിമാർ രേഖപ്പെടുത്തി. ദലിത് ആദിവാസികൾക്കു വേണ്ടി നീക്കിവെച്ചിരുന്ന പേജുകൾ വളരെ പരിമിതമായിരുന്നു എന്നത് ഒരു വിമർശനം തന്നെയാണ്. അതുപോലെ വളരെ ചുരുക്കം കീഴാള പേരുകൾ മാത്രമാണ് ഇവരുടെ എഴുത്തുകളിൽ നിന്നു ലഭിച്ചിരുന്നത്. ഇത്തരത്തിൽ ഈ പ്രമാണ രേഖകൾ ധാരാളം വിമർശനങ്ങൾ നേരിടുമ്പോഴും അവ നിർമിച്ച ജ്ഞാനമണ്ഡലത്തിനെ നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല. മലയരയർക്കിടയിൽ പ്രവർത്തനം ആരംഭിച്ച ചർച് മിഷനറി സംഘം അവരുടെ പ്രസിദ്ധീകരണങ്ങളിൽ അരയ മിഷൻ വാർത്തകൾ കൊടുത്തിരുന്നു. 1850ലെ ദി ചർച് മിഷനറി ഗ്ളീനർ എന്ന മാസികയിലാണ് മല അരയരെക്കുറിച്ചുള്ള ആദ്യ വാർത്ത ചിത്രീകരണത്തോടു കൂടി വന്നത്. ഇതിനുശേഷം 1852ൽ ഇംഗ്ലണ്ടിൽ നിന്നു് ഇറക്കിയ ട്രാക്റ്റിൽ മല അരയ മിഷനെക്കുറിച്ചുള്ള വിവരണങ്ങളായിരുന്നു.
കോളോണികാല മിഷനറി എഴുത്തുകൾ എക്കാലത്തെയും സാമൂഹികശാസ്ത്ര ഗവേഷണങ്ങൾക്കു് ഇന്ധനമായിരുന്നു. ജീവിതാനുഭവങ്ങളെയും സംസ്ക്കാരത്തെയും എഴുത്തധികാരത്തിൽ കൊണ്ടുവന്ന ക്രിസ്ത്യൻ മിഷണറിമാർ എഴുതിക്കൂട്ടിയത്രയും ഒരു കൊളോണിയൽ ഏജൻസിയും എഴുതിയിട്ടില്ല. വിശേഷിച്ച് പൌരസ്ത്യ/ ഉപയുക്തതാ വാദികൾ നിർമിച്ച, ഇന്ത്യയെക്കുറിച്ചുള്ള ജ്ഞാനവ്യവഹാരത്തിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു കോളനികാലത്തു മിഷണറിമാർ എഴുതിക്കൂട്ടിയ ഇന്ത്യൻ ചരിത്രങ്ങൾ.
ദുർഘടം പിടിച്ച പ്രദേശത്ത് ഒരു ഇംഗ്ലീഷ് മിഷനറി പുതിയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വാർത്ത വളരെ വേഗത്തിൽത്തന്നെ ലോകപ്രശസ്തി നേടി. ചർച് മിഷൻ സൊസൈറ്റിയുടെ പ്രധാന ചരിത്രകാരനും മിഷനറി മാസികകളുടെ എഡിറ്ററുമായിരുന്ന യൂജിൻ സ്റ്റോക് പറയുന്നത് ബേക്കറിന്റെ മരത്തിനു മുകളിൽ, ഇരുപത്തഞ്ചടി ഉയരത്തിലുള്ള വീടിന്റെ സ്‌കെച്ച് മിഷനറി മാസികകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു എന്നാണ്. ഈ ഒറ്റ സ്കെച്ച് കണ്ടുകൊണ്ടു് ഒരുപാടാളുകൾ ബേക്കറിനെ സഹായിക്കാൻ തയ്യാറാകുകയും വിദേശത്തു നിന്നു ധാരാളം സംഭാവനകൾ അരയ മിഷനുവേണ്ടി ഒഴുകിയെത്തുകയും ചെയ്തു. മരത്തിനു മുകളിൽ കഴിയേണ്ടി വരുന്ന അവസ്ഥ, ആനകളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും ആക്രമണം തുടങ്ങിയവ ഇംഗ്ലീഷ് വായനക്കാർക്കു മനസിലാക്കിക്കൊടുക്കുന്നതിനും ആവശ്യമായ സംഭാവനകൾ ലഭിക്കുന്നതിനുമാണു ചിത്രങ്ങൾ അവർ അച്ചടിപ്പിച്ചത്. ബേക്കർ എഴുതുന്നു, “രണ്ടുപ്രാവശ്യം എന്നെയും എന്റെ കൂടെയുള്ളവരെയും കാട്ടാനകൾ ഓടിച്ചു. ഞങ്ങൾ മരത്തിൽക്കയറി രക്ഷപ്പെട്ടു. പിന്നീടൊരിക്കൽ എന്റെ സഹായികളെ കാട്ടാന ഓടിക്കുകയും അവരുടെ കൂടാരങ്ങൾ തൊഴിച്ചു കളയുകയും ചെയ്തു. ഒരിക്കൽ കാട്ടരുവിയിൽ വീണു് അപകടം ഉണ്ടായി” (Baker 1862). ലണ്ടൻ മിഷനും ചർച് മിഷനും കുട്ടികൾക്കായി ഇറക്കിയിരുന്ന പ്രസിദ്ധീകരണങ്ങളിൽപ്പോലും മലയരയ മിഷനെക്കുറിച്ചുള്ള വാർത്തകളും അതിന്റെ പ്രതിസന്ധികളും ചേർക്കുകയുണ്ടായി. ആഗോളതലത്തിൽ മിഷനറി പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു മലയരയ മിഷൻ.
ബേക്കറും അനിയൻ ജോർജ് ബേക്കറും കൂടിയാണ് മലയരയരുടെ താമസസ്ഥലങ്ങൾ സന്ദർശിക്കാൻ പോയത്. ജോർജ് ബേക്കറാകട്ടെ ഒരു പ്ലാന്റർ ആയിരുന്നു, മിഷനറി പ്രവർത്തനങ്ങളിൽ താല്പര്യമില്ലാത്ത വ്യക്തി കൂടിയായിരുന്നു. ബേക്കറും അനിയനും മലയരയരുമായി കൂടിക്കാഴ്ച്ചയ്ക്കായി പറഞ്ഞിരുന്ന പുഴയുടെ കരയിൽ വന്നിരുന്നു. എന്നാൽ മലയരയർ അവിടെ വന്നിരുന്നില്ല, ബേക്കറിനും അനിയനും അവിടെ ഒരു രാത്രി തങ്ങേണ്ടി വന്നു. മുണ്ടികൾ ധാരാളമുള്ള സ്ഥലമായിരുന്നു അത്. ആ സ്ഥലത്തിന് ബേക്കർ മുണ്ടക്കയം എന്നു പേരു കൊടുത്തു. പിറ്റേ ദിവസം മലയരയർ വരികയും അവരെ കൂട്ടിക്കൊണ്ടു് കൊമ്പുകുത്തി എന്ന സ്ഥലത്തേക്കു പോവുകയും ചെയ്തു. ഒരുപാടു് അരയർ കൂടുകയും അവരുമായി ബേക്കർ മിഷൻ ആശയങ്ങൾ സംസാരിക്കുകയും ചെയ്തു. കുറച്ചാളുകൾ അതിനോടു താല്പര്യം തോന്നാതെ മാറിപ്പോകുകയാണ് ഉണ്ടായത്. എന്നാൽ കൂടുതൽ ആളുകൾക്കും അറിയേണ്ടിയിരുന്നത് ഞങ്ങളെ പഠിപ്പിക്കുവാനുള്ള അധ്യാപകൻ എപ്പോൾ വരും എന്നതായിരുന്നു. തിരിച്ചു പള്ളത്തു പോയാൽ ഉടൻ തന്നെ നിങ്ങളെ പഠിപ്പിക്കുവാൻ ആളുകൾ വരും എന്നു ബേക്കർ ഉറപ്പു കൊടുത്തു. എന്നാൽ തിരിച്ചു പള്ളത്ത് എത്തിയ ബേക്കറിനു നിരാശാജനകമായ അനുഭവമാണു സഹപ്രവർത്തകരിൽ നിന്നു ലഭിച്ചത്. കടന്നു ചെല്ലാനാകാത്ത, അനാരോഗ്യമായ പ്രദേശത്തു് ബേക്കർ ഒരു പറ്റം ക്രിസ്ത്യാനികളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നു കൂടുതൽ ആളുകളും വാദിച്ചു (Gladstone 1982).
മലയരയർക്കിടയിലെ പ്രവർത്തനം തദ്ദേശീയ മിഷൻ പ്രവർത്തകർ പരമാവധി തടയാനാണു ശ്രമിച്ചത്. ‘നേട്ടം നേട്ടം വ്യക്തിപരമായ നേട്ടം’ എന്നാണ് കൂടുതൽ നാട്ടുമിഷൻ പ്രവർത്തകരും പറഞ്ഞത്. വിശേഷിച്ച് തദ്ദേശീയനായ ആദ്യ ചർച് മിഷനറി, പുരോഹിതനായ ജോർജ് മാത്തൻ മലയരയ മിഷൻ. ബേക്കറിന്റെ നേട്ടത്തിനായി, പ്രത്യേകിച്ചു സാമ്പത്തിക നേട്ടത്തിനായി ആരംഭിച്ചതാണെന്നും മനുഷ്യവാസയോഗ്യമല്ലാത്ത അവിടെ പ്രവർത്തനം തുടർന്നാൽ മിഷനു വലിയ നഷ്ടമായിരിക്കുമെന്നും പറഞ്ഞു. ബ്രിട്ടിഷ് ഇന്ത്യയിലെ ഏറ്റവും ചുറ്റളവു കുറഞ്ഞ ചർച് മിഷനറി കേന്ദ്രമായിരുന്നു തിരുവിതാംകൂറിലെയും കൊച്ചിയിലെയും കേന്ദ്രങ്ങൾ. എന്നാൽ നാട്ടു മിഷനറിമാരുടെ എണ്ണമാകട്ടെ ഏറ്റവും കൂടുതലുള്ളയിടവും. മലയരയർക്കിടയിൽ പ്രവർത്തിക്കുന്നതിനായി ഓരോ മാസവും മൂന്ന് ആളുകൾ വീതം സ്വമേധയാ മലകളിലേക്കു പോകണമെന്ന തീരുമാനം ബേക്കർ മുൻപോട്ടു വെച്ചു. എന്നാൽ നാട്ടുകാർ ആരും തന്നെ അതിനു മറുപടി പറഞ്ഞില്ല. ‘യൂറോപ്പിലുള്ള ഞങ്ങൾ പതിനായിരം മൈലുകൾ താണ്ടി വന്നു നിങ്ങളെ പഠിപ്പിച്ചുവെങ്കിൽ, എന്തുകൊണ്ടു വെറും നാൽപ്പത്തിയഞ്ചു മൈലുകൾ നിങ്ങൾക്കു പോയിക്കൂടാ’ എന്ന ബേക്കറിന്റെ വാക്കുകൾ, കുറച്ചാളുകളെയെങ്കിലും മലയരയ മിഷനിലെ പ്രവർത്തകരാക്കുന്നതിനു കാരണമായി. എന്നാൽ അവർ സ്വയം അസുഖം ഭാവിച്ചും യാത്ര താമസിപ്പിച്ചും പലപ്പോഴും മറ്റു മുടന്തൻ ന്യായങ്ങൾ പറഞ്ഞും മുടക്കം വരുത്തിക്കൊണ്ടേയിരുന്നു.
മിഷനറി രേഖകളിലെ മലയരയ ഗ്രാമം
1862ൽ ഹെൻറി ബേക്കറാണ് മലയരയരെക്കുറിച്ചു് ആദ്യമായി പുസ്തകം തയ്യാറാക്കുന്നത്. ഇതിൽ വളരെ കൃത്യതയോടെ മലയരയ ജീവിതങ്ങളെ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. മറ്റു ഗിരിവർഗങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തരായ വിഭാഗമായിരുന്നു മലയരയർ. കാടിനുള്ളിലെ അവരുടെ ഗ്രാമങ്ങൾ മനോഹരമായിരുന്നു. എന്നാൽ അവർ താമസിച്ചിരുന്ന ഗ്രാമങ്ങളും അവരുടെ കൃഷിയിടങ്ങളും സമതലങ്ങളിൽ താമസിക്കുന്ന ഭൂവുടമകളുടെയായിരുന്നു. അരയന്മാർ നിശ്ചിത തുക ഓരോ വർഷവും ഉടമസ്ഥർക്കു കൈമാറിയിരുന്നു. ചിലപ്പോൾ അവർ സമതലങ്ങളിൽ പണിക്കായി പോകാറുണ്ട്. ബേക്കർ ഇവരുടെ പേരുകൾ, ആചാരാനുഷ്ഠാനങ്ങൾ, മറ്റു വിശ്വാസ രീതികൾ, ഭക്ഷണം, മരണാനന്തര ചടങ്ങുകൾ, വിവാഹ ജീവിതം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്.
ഇതിനു ശേഷം വന്ന മിഷനറിമാർ എല്ലാവരും മലയരയരെക്കുറിച്ചെഴുതി. ബേക്കർ സായിപ്പു് ചികിത്സയ്ക്കായി ഇംഗ്ലണ്ടിൽ പോയപ്പോൾ 1861ൽ നാട്ടു മിഷനറിയായ ജേക്കബ് ചാണ്ടിയ്ക്കാണ്, മലയരയമിഷൻ നേതൃത്വം ലഭിച്ചത്. ചാണ്ടി മലകളിലെ മിഷനറി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയിതു. ഈ കാലത്താണ് താലനാനി എന്ന കൊല്ലപ്പെട്ട മലയരയ വെളിച്ചപ്പാടിന്റെ വാളും വിഗ്രഹവും മിഷനറിമാർക്കു ലഭിച്ചത്. തലനാനിയുടെ തലമുറയിൽപ്പെട്ട മേലുകാവിലച്ചൻ എന്നറിയപ്പെട്ടിരുന്ന മന്ത്രവാദിയെ, ജേക്കബ് ചാണ്ടി ക്രിസ്ത്യാനിയാക്കുകയും അദ്ദേഹം അരമണിയും വാളും മിഷനറിക്കു കൊടുക്കുകയും മിഷനറി അത് ഇംഗ്ലണ്ടിലെ കമ്മറ്റിക്കാർക്കു് അയച്ചുകൊടുക്കുകയും അവർ സഭാംഗങ്ങൾക്കു തിരിച്ചു സമ്മാനം നൽകുകയും ചെയ്തു (ചാണ്ടി ജീവചരിത്രം 1901). ജേക്കബ് ചാണ്ടിക്കു ശേഷം മലയര മിഷനിൽ പ്രവർത്തിച്ച റിച്ചാർഡ്‌സ് മിഷനറി, അരയ വിശ്വാസത്തിനെകുറിച്ചു കൂടുതൽ തെളിവുകൾ ശേഖരിച്ചിരുന്നു. ശബരിമലയുടെ വിശ്വാസങ്ങളുമായി മലയരയർ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് എഴുത്തിലൂടെ അവതരിപ്പിച്ചത് റിച്ചാർഡ് മിഷനറിയാണ്. റിച്ചാർഡ് മിഷനറി ശബരിമലയിൽ മലയരയ വെളിച്ചപ്പാടായ തലനാനിയെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ചിരുന്നു. ഭഗവാൻ കല്പിക്കുന്നത് ആളുകളെ വെളിപ്പെടുത്തുക എന്നതായിരുന്നു എരുമപ്രയിൽ ഉള്ള അരയനായ തലനാനിയുടെ തൊഴിൽ. ഇദ്ദേഹത്തിനെ അവിടെയുള്ള ഈഴവർ കൊല്ലുകയും കാട്ടിനുള്ളിൽ കുഴിച്ചിടുകയും ചെയ്തു. എന്നാൽ അയ്യപ്പന്റെ മൃഗമായിരുന്ന പുലികൾ ശവം മാന്തി പുറത്തിടുകയും ആനകൾ അതു കണ്ടെടുക്കുകയും ചെയ്തു എന്നാണു വിശ്വാസം. അതിനു ശേഷം അവിടെയുള്ള ഈഴവർക്കിടയിൽ അസുഖങ്ങൾ പടർന്നു പിടിച്ചുവത്രേ. തലനാനിയുടെ രൂപമുണ്ടാക്കി ആരാധിച്ചാൽ മാത്രമേ ദോഷം വിട്ടുമാറൂവെന്നു് ആളുകൾക്കിടയിൽ കഥയും പ്രചരിച്ചിരുന്നു. ഈഴവർ ഒരു പ്രതിമ ഉണ്ടാക്കുകയും അതിനെ ക്ഷേത്രമാക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. തലനാനിയുടെ അനന്തരാവകാശി ക്ഷേത്രത്തിന്റെ പൂജാരിയുമായിത്തീർന്നു. എന്നാൽ സാമുവേൽ മറ്റിർ എഴുതിയിരിക്കുന്നത് തലനാനിയുടെ വാളും ആഭരണങ്ങളും റിച്ചാർഡ് മിഷനറിക്കാണു ലഭിച്ചതെന്നാണ്. എന്നാൽ റിച്ചാർഡ് തിരുവിതാംകൂറിൽ വരുന്നതിനു മുൻപേ മരിച്ചുപോയ ജേക്കബ് ചാണ്ടിയ്ക്കാണ് തലനാനിയുടെ അനന്തരാവകാശികൾ വാളും ആഭരണങ്ങളും കൈമാറിയതെന്നാണ് ചർച് മിഷനറി എഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്.
1862ൽ ഹെൻറി ബേക്കറാണ് മലയരയരെക്കുറിച്ചു് ആദ്യമായി പുസ്തകം തയ്യാറാക്കുന്നത്. ഇതിൽ വളരെ കൃത്യതയോടെ മലയരയ ജീവിതങ്ങളെ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. മറ്റു ഗിരിവർഗങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തരായ വിഭാഗമായിരുന്നു മലയരയർ. കാടിനുള്ളിലെ അവരുടെ ഗ്രാമങ്ങൾ മനോഹരമായിരുന്നു. എന്നാൽ അവർ താമസിച്ചിരുന്ന ഗ്രാമങ്ങളും അവരുടെ കൃഷിയിടങ്ങളും സമതലങ്ങളിൽ താമസിക്കുന്ന ഭൂവുടമകളുടെയായിരുന്നു.
1850ൽ ബേക്കർ വളരെ വിസ്തൃതമായ മുണ്ടക്കയം എന്ന പുതിയ മിഷൻ കേന്ദ്രം ആരംഭിച്ചു. ഈ സ്ഥലം വാങ്ങിയതിനാൽ ബേക്കർ, മിഷൻ ഗ്രൂപ്പിൽ ഒന്നാംകിട കോളനൈസർ എന്ന പേരിനു് അർഹനായി. മലയരയരെയും പുലയരെയും ഈഴവരെയുമെല്ലാം അവിടെ താമസിപ്പിച്ചു. അവിടെ അവർക്കാവശ്യമുള്ള വിത്തും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തു. ആളുകളുടെ ഇടയിലെ ജാതീയ ചിന്തകളെ ഇല്ലാതാക്കുന്നതിനായി ആദ്യമായി 1854ൽ സമൂഹ സദ്യയും ബേക്കർ നടത്തി. 1851ൽ 350 മലയരയർ മിഷനിൽ ചേർന്നു പഠിക്കുകയും 120 ആളുകൾ സ്നാനപ്പെടുകയും ചെയ്തു (Painter 1898). പുതുതായി നിർമിച്ച മുണ്ടക്കയം ഗ്രാമത്തിൽ സ്ഥിരമായി കാട്ടാനകൾ കൃഷി നാശം ഉണ്ടാക്കിയിരുന്നു. കാട്ടുമൃഗങ്ങളിൽ നിന്നു ഗ്രാമത്തെ രക്ഷിക്കുന്നതിനായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മുണ്ടക്കയം ഭാഗത്തേക്കു പലപ്പോഴും വന്നിരുന്നു. 1852നും 1854 നുമിടയിൽ ഗണ്യമായ വിഭാഗം ബേക്കറിന്നൊപ്പം കൂടി. പത്തിടങ്ങളിലായി 1700 ആളുകൾ ബേക്കറിനൊപ്പം കൂടി. 1879ൽ മലയരയ ക്രിസ്ത്യാനികളുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ‘പാമ്പിനു കാലും ആനയ്ക്കു തലയും’ എന്ന വിധത്തിലാണ് പല മിഷനറിമാരും കാടുകളിലൂടെ പ്രവർത്തിച്ചത്. അവർ മിഷനറി പ്രവർത്തനം വ്യാപിപ്പിച്ചു. എള്ളുംപ്രം (1887), കോലാനി (1889), അടൂർമല (1885), ഒന്നരമാല (1882), വാളകം (1873), കുറിഞ്ഞിപ്ലമാല (1883), മാവടി (1883), കൂവപ്പള്ളി (1872), കണ്ണികൽ (1854), മങ്കൊമ്പ് (1883), അടുക്കം (1883), ഇടമല (1887) ഇത്രയും പള്ളികൾ മലയരയർക്കുവേണ്ടി മിഷനറിമാർ പത്തൊൻപതാം നൂറ്റാണ്ടിൽത്തന്നെ സ്ഥാപിച്ചു. മലയരയരെക്കൂടാതെ ഊരാളികളും മന്നാന്മാരും ബേക്കറിനെ സമീപിക്കുകയും അവർക്കിടയിൽ പ്രവർത്തനം ആരംഭിക്കണമെന്ന് അപേക്ഷിക്കുകയും ചെയിതു. എന്നാൽ അതിനുള്ള മിഷൻ പ്രവർത്തകർ ഇല്ലാത്തതു കൊണ്ടു് ബേക്കർക്കു് അവരുടെ ആഗ്രഹം നടത്താൻ സാധിച്ചില്ല.
കിഴക്കൻ മേഖലയിലേക്കുള്ള ഇംഗ്ലീഷുകാരുടെ കുടിയേറ്റം കണ്ടു് പാലക്കുന്നേൽ മത്തായി മറിയം കത്തനാരുടെ നേതൃത്വത്തിൽ പുലയരെയും മലയരയരെയും ഈഴവരെയും കത്തോലിക്കാസഭയുടെ ഭാഗമാക്കുകയും അവരെ കിഴക്കൻ മേഖലയിലെ കാടു വെട്ടിത്തെളിക്കാനും കത്തോലിക്കാ സഭയ്ക്കു ഭൂമി സ്വന്തമാക്കാനും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി കുറച്ചു മലയരയർ കത്തോലിക്കാ വിശ്വാസികളായിത്തീർന്നു. എന്നാൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് വലിയ തോതിൽ മലയരയ പരിവർത്തനം നടന്നിരുന്നില്ല. 1862ൽ പീരുമേട് കാണാൻ പോയ പാലാക്കുന്നേൽ മത്തായി മറിയം അച്ചന്റെ (1831-1900) രേഖപ്പെടുത്തലുകൾ ശ്രദ്ധേയമാണ്. ”(ഹെന്റി ബേക്കർ എന്ന പാദ്രി സായിപ്പ്) അരയന്മാരിൽ ചിലരെ മാർഗം അനുസരിപ്പിക്കാം എന്നുള്ള ഭാവം പാതിരിയുടെ മനസ്സിൽ ആയതിനാൽ മുണ്ടക്കയത്ത് ഒരു ആനമാടവും കെട്ടി 15 ദിവസം അവിടെ താമസിച്ചു. ആ പാതിരി ഇംഗ്ലീഷു മതക്കാരനെങ്കിലും ആ മതത്തിന്മേൽ താല്പര്യവാൻ തന്നെ എന്ന് ആ ബുദ്ധിമുട്ടുകൊണ്ടു ഞാൻ നിശ്ചയിച്ചിരിക്കുന്നു. പിന്നീട് അയാൾ പള്ളത്തുവന്നു താമസിക്കുകയും ഇങ്ങനെ പോയും വന്നും നിന്നും… സായിപ്പ് അവർക്കു വിത്തും നെല്ലും കൊടുക്കുകയും പാർക്കാൻ ചെല്ലുന്നവർക്കു വീടു പണിയിച്ചു കൊടുക്കുകയും ഇങ്ങനെ ഏഴു സംവത്സരത്തിനകം മുണ്ടക്കയം ഒരു ചെറിയ നഗരി ആയി തീർന്നു (Sebastian 2000)”. എന്നാൽ ബേക്കറിനു ശേഷം മലയരയ മിഷൻ പ്രവർത്തങ്ങൾക്കു നേതൃത്വം കൊടുത്ത പെയിന്ററും കെയിലിയുമാണ് മലയരയ ഗ്രാമങ്ങളെക്കുറിച്ചു കൂടുതലായി സംസാരിക്കുന്നതു്. അരയർ പലപ്പോഴും മിഷനറിമാരെ ഉൾക്കാടുകളിലേക്കു വിളിച്ചുകൊണ്ടു പോകുകയും മിഷനറിമാർ അത്തരം യാത്രകൾ സൂക്ഷ്മതയോടെ എഴുതിവെക്കുകയും ചെയ്തു. മലയരയരുടെ ഉൾക്കാടുകളിലെ ജീവിതം വെളിയിൽ വരുന്നത് രണ്ടാം തലമുറ മിഷനറി എഴുത്തുകളിലൂടെയാണ്.
മലയരയ ഗ്രാമങ്ങൾ കാടിന്റെ പലയിടങ്ങളയിലായി ചിതറിക്കിടക്കുന്നവയാണ്. സാധാരണയായി ഉയർന്ന മലകളുടെ പടിഞ്ഞാറൻ ചെരുവുകളിലും പാറക്കെട്ടുകളിലുമാണ് അവർ താമസിച്ചിരുന്നത്. മുണ്ടക്കയത്തിനു സമീപം ഇരുപതു മലയരയ ഗ്രാമങ്ങൾ ബേക്കറും സഹായികളും സന്ദർശിച്ചിട്ടുണ്ട്. ആനയുടെയും കരടിയുടെയും ആക്രമണം ഭയന്നു പക്ഷിക്കൂടുകൾ പോലുള്ള ഗ്രാമങ്ങൾ പോലും അരയർക്കിടയിൽ ഉണ്ടായിരുന്നു. കൂടുതലും കാട്ടാനകൾക്കു കയറിച്ചെല്ലാൻ സാധിക്കാത്ത ചെങ്കുത്തായ ചെരുവുകളിലും പാറക്കെട്ടിലുമായിരുന്നു അവർ താമസിച്ചിരുന്നത്. മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പല അരയഗ്രാമങ്ങളുമുണ്ടായിരുന്നു. പ്രത്യേകിച്ച് അടുക്കം പോലുള്ള അരയ ഗ്രാമങ്ങളുടെ താഴ്‌വരയിൽ സൂര്യപ്രകാശം ലഭിക്കുന്നത് രാവിലെ ഒൻപതു മുതൽ മൂന്നു മണി വരെ മാത്രമാണ്. സമതലത്തിൽ ജീവിക്കുന്നവരുടെ ചിന്തകൾക്കപ്പുറമാണ് അരയരുടെ ജീവിതം. മലകൾക്കു മുകളിൽ കുമിഞ്ഞു കൂടുന്ന മൂടൽമഞ്ഞും മഴക്കാലത്തെ വനത്തിലെ തണുപ്പുമെല്ലാം അതിജീവിച്ചാണ് അവർ മുൻപോട്ടു പോയിരുന്നത്. വളരെ വേഗത്തിൽ ഒഴുകുന്ന പുഴയ്ക്കു കുറുകെ കാട്ടുവള്ളികൾ ഉപയോഗിച്ചുള്ള പാലങ്ങൾ അവർ നിർമ്മിച്ചിരുന്നു. എന്നാൽ മിഷനറിമാരെ പലപ്പോഴും കസേരയിലിരുത്തി ചുമന്നുകൊണ്ടാണ് പുഴകൾ മുറിച്ചുകടത്തിയത്.
1877 ജനുവരിയിൽ ചർച് മിഷനറി ജോൺ കെയിലി കരിമല സന്ദർശിച്ചതിന്റെ വിവരണത്തിനു വേണ്ടി അദ്ദേഹം തന്നെ വരച്ച ചിത്രമാണിത്. ജനുവരി പത്തൊൻപത്തിനു് കരിമലയിൽ എത്തിയ കെയിലിയാണ് ആദ്യമായി ഈ മലയരയ ഗ്രാമം സന്ദർശിക്കുന്ന യൂറോപ്യൻ. കെയിലി മിഷനറി വന്നതറിഞ്ഞു കുറച്ചു അരയർ കൂടുകയും സായിപ്പുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരെയാണു കരിമലയിലെ അരയർക്കു് ഏറ്റവും ഭയമെന്നു കെയിലി പറയുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണമാണ് ഇവിടത്തെ മറ്റൊരു പ്രശ്നം. ഇവിടെ കടുവകൾ ധാരാളമായുണ്ടെന്നും ശാസ്താവിന്റെ കടാക്ഷം മൂലം അവയൊന്നും ഞങ്ങളെ ദ്രോഹിക്കയില്ലെന്നും അവരിലൊരാൾ പറഞ്ഞു. ഇതിനുശേഷം അവർ ഒരു കടുവയുടെ പല്ലു സമ്മാനമായി നൽകി. അതിനു് ഏകദേശം അഞ്ച് ഇഞ്ചു നീളമുണ്ടായിരുന്നു. ഒരുപാടു കാര്യങ്ങൾ അവരുമായി സംസാരിച്ചു. അവരുടെ കുട്ടികളെ പഠിപ്പിക്കുവാൻ മിഷൻ വക ഒരു വ്യക്തിയെ നിയമിക്കുമോ എന്നതായിരുന്നു അവർക്കറിയേണ്ടിയിരുന്നത്. ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിൽ പലപ്പോഴും മലയരയർ മിഷനറിമാരെ എടുത്തുകൊണ്ടു പോകുകയായിരുന്നു.
സഭയിൽ ചേർന്ന മലയരയർ മിഷനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു. കൊയ്ത്തു വേളയിൽ അവർ ഒരുപാടു നെല്ല് സംഭാവന ചെയ്തിരുന്നു, മിഷൻ വക നെല്ല് സൂക്ഷിക്കാൻ പ്രത്യേക അറയും അവർ നിർമിച്ചു. സ്വന്തം അധ്വാനം കൊണ്ട് അവർ സ്വയംപര്യാപ്തത നേടുകയും മിഷനറിമാർക്കു സംഭാവന നൽകുകയും ചെയ്തു. മിഷനിൽ ചേർന്ന് എഴുത്തും വായനയും പഠിക്കുക എന്ന ലക്ഷ്യത്തിനായി അവർ മിഷനറിമാരെ അവരുടെ ഉൾഗ്രാമങ്ങളിലേക്കു കൊണ്ടു പോയിക്കൊണ്ടേയിരുന്നു. മിഷനറിയാകട്ടെ ഈ സാഹസിക യാത്രകൾ കൃത്യമായി ഇംഗ്ലീഷ് ജനതയെ അറിയിച്ചുകൊണ്ടേയിരുന്നു. മിഷനറിമാരെ അവർ തോളുകളിൽ കയറ്റി പുഴകൾ കടത്തുകയും രാത്രിയിൽ ഉറങ്ങാതെ കാവലിരിക്കുകയും മിഷനറിക്കു വേണ്ടി കാടിനുള്ളിൽ കുടിലുകൾ കെട്ടിയും വേണ്ടുന്നതെല്ലാം അവർ ചെയ്തുകൊണ്ടേയിരുന്നു.
തടസ്സങ്ങളും പീഡനങ്ങളും
മലയരയരുടെ തൊഴിൽ ശക്തിയെയും സമ്പത്തിനെയും ചൂഷണം ചെയിതു ജീവിച്ചിരുന്ന തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥർ, സുറിയാനി ക്രിസ്ത്യാനികൾ, മുസ്ലിം കച്ചവടക്കാർ, പൂഞ്ഞാർ രാജാവ് തുടങ്ങിയവർ എല്ലാം മലയരയരുടെ മത പരിവർത്തനത്തിനെയും മിഷനറി ബന്ധത്തിനെയും പരമാവധി എതിർത്തിരുന്നു. യുദ്ധത്തിൽ തോറ്റു വന്ന ഇംഗ്ളീഷുകാർക്കുവേണ്ടി ആളുകളെ പിടിച്ചുകൊണ്ടുപോകാൻ വന്നവരാണു മിഷനറിമാർ എന്ന കഥയായിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്. ആദിവാസി വിഭാഗങ്ങളിൽ വെച്ച് ഏറ്റവും കൊള്ളയടിക്കപ്പെട്ട കൂട്ടരായിരുന്നു മലയരയർ. സ്വന്തമായി ഭൂമിയില്ലാതിരുന്ന അരയന്മാർ താമസിക്കുന്ന ഇടത്തിനു് പൂഞ്ഞാർ രാജാവിനു നികുതി അടയ്‌ക്കേണ്ടി വന്നിരുന്നു. അവർ സമ്പാദിച്ചിരുന്ന എല്ലാത്തിൽ നിന്നും നികുതി വാങ്ങിയിരുന്നു. പണിചെയ്യാവുന്ന പ്രായം മുതൽ എല്ലാവരും പൂഞ്ഞാർ രാജാവിനു നികുതി കൊടുക്കണം. തലക്കരമായിരുന്നു പ്രധാന നികുതി. ഒരു മാസം ഒരു തലയ്ക്കു രണ്ടു ചക്രമാണ്. അത്രയും പണം ആൾപ്പണമായും കൊടുക്കണം. പഴങ്ങൾക്കും പച്ചക്കറികൾക്കും കരം അടയ്ക്കണം. കുടുംബത്തിലെ മരിച്ചു പോയ ആളുകൾക്കുവേണ്ടിയും അവർ നികുതി അടയ്‌ക്കേണ്ടിവന്നു. അരയർ താമസിക്കുന്ന ഇടത്തിനുള്ള തറവാടകയും അവിടെയുള്ള വൃക്ഷങ്ങൾക്കു നികുതിയും പൂഞ്ഞാർ രാജാവ് വാങ്ങിയിരുന്നു. പ്രശസ്തനായ നരവംശ ശാസ്ത്രജ്ഞൻ അനന്തകൃഷ്ണ അയ്യർ മലയരയർ നേരിട്ടിരുന്ന നികുതി ഭാരത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ നികുതി പിരിക്കാൻ വന്ന പൂഞ്ഞാർ രാജാവിന്റെ ഉദ്യോഗസ്ഥന്റെ മുൻപിൽ ഒരു മലയരയൻ സ്വന്തം തലയറുത്തു പ്രതിഷേധിച്ചു എന്നും അതേപോലെ ഒരു മലയരയ സ്ത്രീ അവരുടെ മുലയറുത്തു നികുതി പിരിവുകാരനു മുൻപിൽ ഇട്ടുകൊടുത്തെന്നും പറയുന്നു (Iyer 1939). ക്രിസ്ത്യാനികളായ അരയന്മാരാണു കൂടുതൽ പീഡനത്തിനു വിധേയരാകേണ്ടി വന്നവർ. പൂഞ്ഞാർ രാജാവിന്റെ ആൾക്കാർ ക്രിസ്ത്യാനിത്വം കഴുകിക്കളയാൻ മലയരയ ക്രിസ്ത്യാനികളെ കഴുത്തറ്റം വെള്ളത്തിൽ ഇറക്കി നിർത്തുകയും ക്രൂരമായി ഉപദ്രവിക്കുകയും ദിവസങ്ങളോളം തടവലിടുകയും ചെയ്തു. ചിലരുടെ കണ്ണിൽ മുളകരച്ചു തേച്ചു, ചുവന്നതും കറുത്തതുമായ കടിക്കുന്ന ഉറുമ്പുകളെ തുണികളിലാക്കി അരയരുടെ തലയിൽ കെട്ടിവെച്ചു. ഇങ്ങനെ ഒരുപാടു ബുദ്ധിമുട്ടുകൾ നേരിട്ടവരാണു മലയരയ ക്രിസ്ത്യാനികൾ. ഭൂവുടമസ്ഥയില്ലാതിരുന്ന അരയർക്കു വേണ്ടി ആദ്യമായി 300 ഏക്കർ ഭൂമിവാങ്ങിയത് ജോൺ കെയിലി എന്ന മിഷനറിയാണ്. പൂഞ്ഞാർ രാജാവിന്റെ ഭൃത്യരിൽ നിന്നു് അരയരെ രക്ഷിക്കുന്നതിനായി കെയിലി ഈ ഭൂമിയിൽ അരയരെ പാർപ്പിച്ചു. ചില ഗ്രാമങ്ങളിൽ ശല്യം സഹിക്കവയ്യാതെ അരയന്മാർ മറ്റു ഗ്രാമങ്ങളിലേക്ക് ഒളിച്ചോടിപ്പോയികൊണ്ടിരുന്ന സമയത്താണ് മിഷനറി അരയർക്കു വേണ്ടി ഭൂമി വാങ്ങിയത്.
മലയരയരുടെ തൊഴിൽ ശക്തിയെയും സമ്പത്തിനെയും ചൂഷണം ചെയിതു ജീവിച്ചിരുന്ന തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥർ, സുറിയാനി ക്രിസ്ത്യാനികൾ, മുസ്ലിം കച്ചവടക്കാർ, പൂഞ്ഞാർ രാജാവ് തുടങ്ങിയവർ എല്ലാം മലയരയരുടെ മത പരിവർത്തനത്തിനെയും മിഷനറി ബന്ധത്തിനെയും പരമാവധി എതിർത്തിരുന്നു. യുദ്ധത്തിൽ തോറ്റു വന്ന ഇംഗ്ളീഷുകാർക്കുവേണ്ടി ആളുകളെ പിടിച്ചുകൊണ്ടുപോകാൻ വന്നവരാണു മിഷനറിമാർ എന്ന കഥയായിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്.
ഈ കാലയളവിൽ മിഷനറിപ്രവർത്തനത്തിൽ ആകൃഷ്ടരാകാതെ ഇരുന്ന ഒരുപാടു മലയരയർ ഉണ്ടായിരുന്നു. കൃത്യമായി മിഷനറി പഠിപ്പിക്കലിനെ നോക്കിക്കാണുകയും അതിനോടു യോജിപ്പു തോന്നിയവരും മാത്രമാണ് മിഷനറിമാരുടെ അനുയായികളായതു്. ക്രിസ്ത്യാനിയായാൽ പൂഞ്ഞാർ രാജാവിന്റെ ശിക്ഷ ഉറപ്പുള്ള സാഹചര്യത്തിൽ അതിൽ നിന്നു മോചനം നേടാനായി മിഷനറിമാരെ അനുഗമിച്ച കൂട്ടർ എന്ന വാമൊഴി മലയരയർക്കിടയിൽ വളരെ സജീവമാണ്. പെയിന്റർ ഉൾപ്പെടെയുള്ള ചില മിഷനറിമാരും അതിനെ പിന്തുണയ്ക്കുന്നു. മലയരയർക്കു് പൂഞ്ഞാർ രാജാവിൽ നിന്നുള്ള സംരക്ഷണമാണു വേണ്ടിയിരുന്നതെന്ന് അദ്ദേഹം എഴുതി. ഇത്തരം പറച്ചിലുകൾ നില്കുമ്പോൾപ്പോലും അവർ ക്രിസ്തുമതത്തിനു വേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തുകൊണ്ടേയിരുന്നു. എന്നാൽ മലയരയർക്കിടയിൽ ക്രിസ്തുമതത്തിനെച്ചൊല്ലി ആഭ്യന്തര തർക്കവും നിലനിന്നിരുന്നു. ക്രിസ്തുമതം സ്വീകരിക്കണോ വേണ്ടയോ എന്നതിന്റെ പേരിൽ,കൊമ്പുകുത്തിയെന്ന അരയ ഗ്രാമത്തിൽ വലിയ അടിപിടി ഉണ്ടാകുകയും ക്രിസ്തുമതത്തിനു് എതിരായിരുന്ന അരയർ വിജയിക്കുകയും അവർ നെല്ലു മുഴുവൻ കയ്യടക്കുകയും ചെയ്തു. പരാജയപ്പെട്ടവർ, അസാപ്പിയനെന്ന പുതിയ പ്രദേശത്തേക്ക് മിഷനറി സഹായത്താൽ കുടിയേറുകയുണ്ടായി. ചുരുക്കം ചില ഗ്രാമങ്ങളിൽ തർക്കം നിലനിന്നിരുന്നു, എന്നാൽ പിൽക്കാല ചരിത്രമെഴുത്തിൽ മതത്തിന്റെ വിഭജനം വലുതായി ചിത്രീകരിച്ചു. മലയരയ പരിവർത്തന ചരിത്രത്തിനെ നോക്കിക്കണ്ടവർ അവരുടെ വിശ്വാസത്തിന്റെ തിരഞ്ഞെടുപ്പിനെയും അവർക്കിടയിലെ ബന്ധങ്ങളെയും വേണ്ടവിധേന നോക്കിക്കണ്ടിരുന്നില്ല.
ക്രൈസ്തവ വിശ്വാസം അവരുടെ ബന്ധങ്ങളിൽ പരിപൂർണമായ വിച്ഛേദത്തിലേക്കു നയിച്ചിരുന്നില്ല. ഉദാഹരണമായി 1888 ജൂൺ മാസത്തിലെ മിഷനറി ഗ്ളീനർ മാസികയിൽ പെയിന്റർ ആദ്യമായി മലയരയരുടെ ഫോട്ടോയും അതിനെക്കുറിച്ചുള്ള വിവരണവും നൽകിയതു നോക്കുക.
ഇടതു വശത്തെ ഫോട്ടോയുടെ നടുവിൽ വടിയുമായി നിൽക്കുന്ന ആളാണ് പൊന്നമ്പൂ, അദ്ദേഹം അഞ്ചിക്കുടിമലയുടെ മൂപ്പനാണ്. പല അവസരങ്ങളിലും ഞാൻ (പെയിന്റർ ) അവനോടു സംസാരിക്കുകയും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നതിനു സമ്മർദം ചെലുത്തുകയും ചെയ്തു. മദ്യപാനമാണ് അവന്റെ പ്രധാന പ്രശ്നം. പൊന്നമ്പൂവിന്റെ വലതുവശം നിൽക്കുന്ന മനുഷ്യൻ അവിശ്വാസിയാണ്. പക്ഷേ അവൻ നല്ല മനുഷ്യനാണ്. പലപ്പോഴും അയാൾ പിന്നാക്കം നിൽക്കുന്നു. മറ്റുള്ള പ്രശ്നങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് അയാൾ പറയുന്നു. അദ്ദേഹം സാധാരണയായി എന്നെ ഒഴിവാക്കുകയാണു പതിവ്. മുന്നിൽ വടിയുമായി ഇരിക്കുന്ന മനുഷ്യൻ ക്രിസ്ത്യാനിയാണ്. വിവാഹം കഴിച്ചുപോയ സഹോദരി ഒഴികെ കുടുംബത്തിലെ എല്ലാവരും ക്രിസ്ത്യാനികളാണ്. മങ്കൊമ്പ് പള്ളിയിൽ ആദ്യമായി ചേർന്നത് അവന്റെ അച്ഛനും അമ്മയുമാണ്. അവരുടെ ക്രിസ്തീയ വിശ്വാസം എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. അവനും നേരെ ഇളയ അനിയനും വളരെ യോഗ്യരായ ആളുകളാണ്. പൊന്നമ്പൂവിന്റെ ഇടതുവശം തൊപ്പി വെച്ചിരിക്കുന്ന ആളും ക്രിസ്ത്യാനിയാണ്. മങ്കൊമ്പിലെ മൂപ്പന്റെ അനന്തരവനാണ് അവൻ. എന്നാൽ അവൻ കൃത്യമായി സഭാകാര്യങ്ങളിൽ പങ്കെടുക്കാറില്ലായിരുന്നു. കോടതിയിൽ തെളിവു നൽകാൻ ഈ നാലു പേരെ നിർത്തി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് എടുത്ത ഫോട്ടോയാണ് ഇത്. മലയരയ ജീവിതങ്ങൾ മിഷനറി വ്യവഹാരവുമായി പലതരത്തിൽ ബന്ധപ്പെട്ടിരുന്നു എന്നതിനെ തെളിയിക്കുന്ന പല തെളിവുകളും ലഭ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ട വിഷയം തന്നെയാണ് മലയരയരുടെ മതപരിവർത്തനം.
മലയരയർ തങ്ങളുടെ കഥ സ്വയം പറയുന്നതു കേൾക്കാനാവുന്ന രേഖകൾ നിലവിലില്ലാത്ത സാഹചര്യത്തിൽ മിഷനറി പ്രമാണങ്ങൾ വഴിയാണ് മലയരയ ഭൂതകാലം കുറെയെങ്കിലും ലഭിക്കുന്നത്. ഇതിനെ കേവലം മതപരിവർത്തന രേഖയായി കാണാൻ കഴിയില്ല. മതപരിവർത്തനം ചെയ്തവരുടെ സാമൂഹികാവസ്ഥ അപ്പോഴും വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മിഷനറി രേഖകൾ വഴി വിമർശനാത്മകവും പ്രതിരോധപരവുമായ ചരിത്രരചന സാധ്യമാകുന്നുണ്ട്. ബദൽ പ്രമാണ ശേഖരങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ മലയരയ വിഭാഗത്തിനെക്കുറിച്ചുള്ള മിഷനറി ആഖ്യാനങ്ങൾ പൊതുവിലുള്ള അവരുടെ ഭൂതകാലത്തിലേക്കാണു നമ്മെ കൊണ്ടെത്തിക്കുന്നത്. ഈ എഴുത്തുകളിൽ, ചത്തടിഞ്ഞ മലയരയ ഭൂതകാലമല്ല കാണുന്നത്, മറിച്ചു് ചരിത്രവത്കരിക്കയോ നരവംശശാസ്ത്രവത്കരിക്കുകയോ ചെയ്യാൻ സാധിക്കുന്ന മലയരയ ജീവിതത്തെയും സാമൂഹികാന്തരീക്ഷത്തിനെയുമാണ്. അതുകൊണ്ടു് മിഷനറി രേഖകൾകൊണ്ടു നിർമ്മിതമാകുന്നത് മലയരയ ചരിത്രങ്ങളാണ്. പ്രത്യേകിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ടു് ഉയർന്നുവന്ന തർക്കങ്ങളെ പ്രതിരോധിക്കാൻ സാധിച്ചത് മിഷനറി രേഖകളുടെ സഹായത്താലും കൂടിയാണ്. വർത്തമാനകാലത്തെ രൂപവത്കരിക്കുന്നതും നിലവിലെ എഴുത്തുരീതിയുടെ കുഴഞ്ഞുമറിഞ്ഞ സ്വഭാവത്തെ വെളിച്ചത്തുകൊണ്ടുവരുന്നതുമായ ഇത്തരം പ്രമാണശേഖരങ്ങളാണ് യഥാർഥ ഭൂതകാല ധർമം നിർവഹിക്കുന്നത്.
- Baker, Henry. (1862) The Hill Arrians of Travancore
- Caley, John. (1905) An Account of the Pastorates under the Native Church Councils in the Diocese of
Travancore and Cochin. - David, V T. (1930) Thiruvithamkoor Kochi Angaleya Sabha Charithram
- Gladstone, J. W. (1984) Protestant Christianity and People’s Movements in Kerala.
- Mateer, Samuel. (1883) Native Life in Travancore.
- The Hill arrians of Travancore - July 1849 CMI
- The Hill arrians of Travancore and other tribes, April, 1853 CMI
- The Hill arrian Mission Travancore, September, 1883 CMI
- The story of the mission to the Hill arrians October, 1898 CMI
- A Short Biography of the Rev. Jacob Chandy Senior (1901)
- A Scene on the Hills of Travancore, CMJI, September 1861
- Four Hill Arrianas, CMG, June 1888