ദലിത് ക്രൈസ്തവരും വിശ്വാസത്തിന്‍റെ ചരിത്രവും

ഏകജാലകം വഴി കയറിയിറങ്ങി രൂപം കൊണ്ടതല്ല ദലിത് ക്രിസ്ത്യാനി സമൂഹം. കൊളോണിയല്‍ സാഹചര്യങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ മധ്യതിരുവിതാംകൂറില്‍ പുലയരുടെ ഇടയില്‍ നിന്നും ചര്‍ച്ച് മിഷനറി സൊസൈറ്റിയിലേക്കും കത്തോലിക്കാ സഭയിലേക്കും നടന്ന ആദ്യ പരിവര്‍ത്തനാഖ്യാനങ്ങളെ മുന്‍നിര്‍ത്തി, വ്യത്യസ്ത സഭകളിലേക്കുള്ള ദലിതരുടെ ക്രിസ്തുമത പരിവര്‍ത്തനത്തിന്‍റെ ബഹുമുഖങ്ങളായ ചരിത്രങ്ങള്‍ രചിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത വിശദമാക്കുന്നു ഈ പഠനം. ചെന്നു ചേര്‍ന്നതും ചേര്‍ക്കപ്പെട്ടതുമായ സഭകളില്‍ നിന്നും ഇവര്‍ക്ക് ഉണ്ടായ അനുഭവങ്ങളുടെ അളവും തോതും വ്യത്യസ്തമായിരുന്നെങ്കിലും ചില സമാനതകള്‍ നിലനില്‍ക്കുന്നുണ്ട്.

തിരുവിതാംകൂറിലെ അടിമജാതികളുമായുള്ള ക്രിസ്തുമത ബന്ധത്തിന്‍റെ ചരിത്രത്തിനെ വിമര്‍ശനാത്മകമായി സമീപിച്ചവരുടെ എഴുത്തുകളിലെ കേന്ദ്രപ്രമേയം ഭൗതിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം, നിലനിന്നിരുന്ന ജാതീയ അധികാരം, ബന്ധങ്ങള്‍ പരിഷ്കരിക്കാനുള്ള ശ്രമം, ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള പരക്കംപാച്ചില്‍, ആധുനികതയുടെ അടയാളപ്പെടുത്തല്‍, തൊഴില്‍ മേഖലയിലേക്ക് വലിയ ഒരുകൂട്ടം തൊഴിലാളികളെ കണ്ടെത്തല്‍ തുടങ്ങിയവയിലൂന്നിയായിരുന്നു. അതോടൊപ്പം തന്നെ അരിക്രിസ്ത്യാനി, തുണിക്രിസ്ത്യാനി, കുലദ്രോഹികൾ, ചോറ്റുവേദക്കാര്‍ തുടങ്ങിയ നാടന്‍ വിശകലനങ്ങള്‍ വളരെ ജനകീയവുമാണ്. അതായത് എഴുത്ത്-വാമൊഴി ചരിത്ര വ്യവഹാരങ്ങളില്‍ ദലിതരുടെ ക്രിസ്തുമത ബന്ധത്തിനെ അടഞ്ഞതും, മൗലികമായി ചോദ്യങ്ങളുയര്‍ത്താത്തതുമായ പരിവേഷങ്ങള്‍ നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏകശിലാരൂപത്തിലുള്ള ഒരു ഉള്ളടക്കത്തിലാണ് ഈ തിരക്കഥകള്‍ വികസിക്കുന്നതും.

മധ്യതിരുവിതാംകൂറിലെ ചരിത്രത്തെ പരിശോധിച്ചാല്‍ ചരിത്രമെഴുത്തിന്‍റെ വികലതയെ നമ്മള്‍ക്ക് അടുത്തറിയാന്‍ സാധിക്കും. 1850 കള്‍ മുതല്‍ 1900 വരെയുള്ള കാലഘട്ടത്തില്‍ വ്യത്യസ്തമായ വിദേശ-സ്വദേശ ക്രിസ്തീയ പ്രസ്ഥാനങ്ങളില്‍ ദലിതര്‍ ചെന്നു ചേരുകയും, ചേര്‍ക്കപ്പെടുകയുമുണ്ടായി. സമാനതകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് വ്യത്യസ്ത സഭാവിശ്വാസത്തിലേയ്ക്ക് അവര്‍ കടന്നുകയറിയത്. അതായത് ബ്രിട്ടീഷ് പൗരന്മാര്‍ മുന്നോട്ടുവെച്ച ക്രിസ്തീയ പ്രസ്ഥാനത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ അടിസ്ഥാനപരമായി പൂര്‍ണ്ണമായിരുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകജാലകം വഴി കയറിയിറങ്ങി രൂപംകൊണ്ടതല്ല ദലിത് ക്രിസ്ത്യാനി സമൂഹം.

കൊളോണിയല്‍ സാഹചര്യങ്ങളില്‍ വ്യത്യസ്ത തലങ്ങളില്‍ രൂപംകൊണ്ട വ്യത്യസ്ത സഭകളിലേയ്ക്കുള്ള ദലിതരുടെ കടന്നുകയറ്റം വിവിധ തലങ്ങളില്‍ അപഗ്രഥിക്കപ്പെടുമ്പോള്‍ മാത്രമാണ് ദലിത് ചരിത്രമെഴുത്ത് വികാസം പ്രാപിക്കുന്നത്. ദലിതരുടെ ക്രിസ്തുമത പരിവര്‍ത്തനത്തിന്‍റെ ബഹുമുഖങ്ങളായ ചരിത്രങ്ങള്‍ രചിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത വിശദമാക്കാനുള്ള ശ്രമമാണീ പഠനം. 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ മധ്യതിരുവിതാംകൂറില്‍ പുലയരുടെ ഇടയില്‍ നിന്നും ചര്‍ച്ച് മിഷനറി സൊസൈറ്റിയിലേയ്ക്കും, കത്തോലിക്കാ സഭയിലേയ്ക്കും നടന്ന ആദ്യപരിവര്‍ത്തനാഖ്യാനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പഠനം വികാസം പ്രാപിക്കുന്നത്. ചെന്നു ചേര്‍ന്നതും, ചേര്‍ക്കപ്പെട്ടതുമായ സഭകളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച അനുഭവങ്ങളുടെ അളവും തോതുമെല്ലാം വ്യത്യസ്തമായിരുന്നെങ്കിലും ചില സമാനതകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന ഒരു ആലോചനയിലാണ് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടന്നത്. ദലിത് ക്രിസ്ത്യന്‍ ചരിത്രാപഗ്രഥനത്തിന്‍റെ ഒരു മുഖ്യമാനദണ്ഡം തന്നെയാണ് അവരുടെ വിശ്വാസം. അതിന്‍റെ പ്രധാനകാരണം വിശ്വാസം എന്നത് അവരില്‍ നിന്നും മുളച്ചുവന്നതാണ് എന്നതിനാലാണ്. അവരുടെ വിശ്വാസത്തിന്‍റെ സങ്കീര്‍ണ്ണതയും വൈരുദ്ധ്യവും സൂക്ഷ്മമായി മനസിലാക്കപ്പെടുമ്പോള്‍ അതില്‍നിന്നു നമ്മള്‍ക്ക് മറ്റൊരു ചരിത്രമാണ് ലഭ്യമാകുന്നത്. അതായത് ജാതിഅടിമത്തത്തിന്‍റെ പീഡനങ്ങളും, വില്പന-വാങ്ങലുകളുമെല്ലാം നിറഞ്ഞ ചരിത്ര-ജീവിതാനുഭവ മുറിവുകളെ അവര്‍ വിശ്വാസത്തിലൂടെ നിര്‍വചിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പല മിഷനറി ആഖ്യാനങ്ങളും, വാമൊഴികളും പറയുന്നു.

മിഷനറിമാരും അടിമകളും

1806-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലണ്ടന്‍ മിഷനറിമാരുടെ അടിമ ജാതികള്‍ക്കിടയിലെ പ്രവര്‍ത്തനവും 1816-ല്‍ സേവനമാരംഭിച്ച സി.എം.എസ് മിഷന്‍റെ അടിമജാതികള്‍ക്കിടയിലെ പ്രവര്‍ത്തനവും തികച്ചും വ്യത്യസ്തമാര്‍ന്ന തലങ്ങളിലായിരുന്നു. മഹാരസന്‍ എന്ന പറയ സമുദായക്കാരന്‍ ആദ്യം ക്രിസ്തുമതം സ്വീകരിക്കുകയും (1799), തിരുവിതാംകൂറിലെ ആദ്യ തദ്ദേശീയ ക്രൈസ്തവ പുരോഹിതനായി മാറിയതുമായ (1816) ചരിത്രമാണ് ലണ്ടന്‍ മിഷനറിമാര്‍ മുന്നോട്ടു വെയ്ക്കുന്നത്. 1851 സെപ്റ്റംബര്‍ 15ന് ലണ്ടന്‍ മിഷനറിയായ ചാള്‍സ് മീഡ് പറയ സമുദായത്തില്‍പെട്ട ഒരു ഉപദേശിയുടെ വിദ്യാസമ്പന്നയായ മകളെ വിവാഹം കഴിക്കുക പോലും ഉണ്ടായി (ഇതിൽ ഉണ്ടായ ഒരു മകളുടെ ഭർത്താവാണ് പ്രശസ്ത ചരിത്രകാരൻ സി.എം ആഗുർ). 1854-ല്‍ തിരുവനന്തപുരത്തിനടുത്തുള്ള നേമത്ത് നടന്ന ഒരു സംഭവം മിഷനറിയായ ജോണ്‍ കോക്സ് രേഖപ്പെടുത്തുന്നു- “നേമത്ത് സ്കൂളില്‍ ജോസഫ് എന്ന വിദ്യാസമ്പന്നനായ ഒരു പുലയ ക്രിസ്ത്യാനിയെ അദ്ധ്യാപകനായി നിയമിച്ചു. സമീപത്തുള്ള നായര്‍ പ്രമാണി ജോസഫിനെ സമീപിച്ച് അദ്ദേഹം പുലയ വിഭാഗത്തില്‍പെട്ട ആള്‍ ആകയാല്‍ നായര്‍ പ്രമാണിയുടെ പശുക്കള്‍ക്ക് പുല്ലു പറിക്കാന്‍ ആജ്ഞാപിച്ചു. വിനയത്തോടെ അതു നിരസിച്ച ജോസഫിനെ നായര്‍ പ്രമാണിയും കൂട്ടരും കഠിനമായി മര്‍ദ്ദിച്ചു.” അടിമത്ത നിരോധന വിളംബരത്തിനും, സി.എം.എസ് മിഷനറിമാരുടെ അടിമജാതി കേന്ദ്രീകരണ പ്രവര്‍ത്തനത്തിനും മുന്‍പു നടന്നതായ സംഭവങ്ങളാണിവ.

ലണ്ടന്‍ മിഷനറിമാര്‍ 1845നു ശേഷം അടിമകളെ കേന്ദ്രീകരിച്ചു കൂടുതൽ പ്രവര്‍ത്തനം ആരംഭിച്ചു. ലണ്ടന്‍ മിഷനില്‍ കൂടിയ പുലയരും പറയരും മിഷനറിമാരുമായി നേരിട്ട് ഇടപെടുന്നതും, സഭകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നതുമായ കാഴ്ചയാണ് നമ്മള്‍ക്ക് കാണാന്‍ സാധിക്കുന്നത്. മലബാർ പ്രദേശത്ത്‌ അഞ്ചരക്കണ്ടി തോട്ടത്തിൽ അടിമപ്പണി എടുത്തിരുന്ന പുലയർ 1835കളിൽ ക്രിസ്തുമതത്തിൽ ചേരുന്നുണ്ട്. തോട്ടത്തിലെ അടിമകളെ ബൈബിൾ പഠിപ്പിക്കുന്നതിനായി തിരുനൽവേലിക്കാരനായ മിഖായേൽ ഉപദേശി വരികയും, അതിനു ശേഷം ബാസൽ മിഷൻ ഈ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ 1850കൾക്കു ശേഷമാണ് സി.എം.എസ് മിഷനറിമാര്‍ അടിമജാതികളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തുടക്കം കുറിക്കുന്നതാകട്ടെ കൈപ്പറ്റയിലെ ഹാബേലിൽ നിന്നുമാണ്. കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രം രക്ഷിക്കാൻ വന്ന സി.എം.എസ് മിഷനിലാണ് പിൽക്കാലത്തു ദലിതർ ഏറ്റവും അധികം ചേരുന്നത് എന്ന ഒരു വൈരുദ്ധ്യവും നമുക്ക് മുൻപിലുണ്ട്. കേരളത്തിലെ ദലിത് ചരിത്രത്തില്‍ എഴുതപ്പെട്ട ക്രിസ്തുമതം മനസ്സിലാക്കുന്നതിനായി ദലിതര്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളായിരുന്ന ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ രേഖകളില്‍ നിന്നും നമുക്ക് തുടങ്ങാം.

കൈപ്പറ്റയിലെ ദൈവത്താനും ചെരാദിയും

ബ്രിട്ടീഷ് ഇന്ത്യയിലെ (നാട്ടുരാജ്യങ്ങളിലും) പല ഭാഗങ്ങളിലായി നിരവധി മിഷനറി സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ ഈ മിഷനറി സംഘങ്ങളില്‍ നിന്നും വ്യത്യസ്തമായ ലക്ഷ്യവുമായിട്ടാണ് സി.എം.എസ് മിഷന്‍ തിരുവിതാംകൂറില്‍ എത്തിച്ചേര്‍ന്നത്. യാക്കോബായ സുറിയാനികളുടെ മതപരിഷ്കരണത്തിനും റോമാ സുറിയാനികളുടെ ആംഗ്ലിക്കന്‍ മതപരിവര്‍ത്തനത്തിനും മാത്രം പ്രവര്‍ത്തിക്കുക എന്ന ദൗത്യമായിരുന്നു തിരുവിതാംകൂറിലെ മിഷനറി സംഘത്തിനുണ്ടായിരുന്നത്. അതായത് തിരുവിതാംകൂറിലെ സുറിയാനികളെ സഹായിക്കുക എന്ന ദൗത്യം മാത്രമായിരുന്നു 1816 ല്‍ ആരംഭിച്ച സി.എം.എസ് മിഷനുണ്ടായിരുന്നത്. 1806 ല്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം ആരംഭിച്ച ലണ്ടന്‍ മിഷനറിമാരെയും 1814 ല്‍ തിരുനെല്‍വേലിയില്‍ ആരംഭിച്ച സി.എം.എസ് മിഷനറിമാരെയും ഇങ്ങനെ ഒരു ദൗത്യം ഏല്‍പ്പിച്ചില്ലാ എന്നത് ശ്രദ്ധേയമാണ് (അവർ ഇംഗ്ലീഷ് പൗരൻമാർ അല്ലായിരുന്നു, നേരെ മറിച്ച് കൂടുതലും ജർമ്മൻകാരായിരുന്നു). കേണല്‍ മണ്‍ട്രോയുടെ അഭ്യര്‍ത്ഥനയും, ബുക്കാനന്‍ ഇംഗ്ലണ്ടില്‍ വെച്ച് 1809ല്‍ നടത്തിയ പ്രസംഗവും പിന്നീട് പ്രസിദ്ധീകരിച്ച ‘ക്രിസ്ത്യന്‍ റിസേര്‍ച്ചേഴ്സ്’ എന്ന പുസ്തകവും ധാരാളം ആളുകളെ തിരുവിതാംകൂറിലെ പുരാതന സഭയുടെ നേര്‍ക്ക് അനുകമ്പയുള്ളവരാക്കി തീര്‍ത്തു.

1816 ന്‍റെ വിവിധ സമയങ്ങളിലായി നോര്‍ട്ടണന്‍, ബെയ്‌ലി, ഡോസന്‍ എന്നീ മിഷനറിമാര്‍ വന്നു ചേര്‍ന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ധാരാളം മിഷനറിമാര്‍ വരികയും, സുറിയാനി സഹായം ചെയ്തുകൂട്ടുകയും ഉണ്ടായി. എന്നാല്‍ സി.എം.എസ് മിഷനറിമാരും, സുറിയാനികളും തമ്മിലുള്ള സൗഹാര്‍ദ്ദബന്ധം വലിയ വഴക്കുകളിലാണ് ചെന്നു കലാശിച്ചത്. ഇവരുടെ ഇടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1836ല്‍ മാവേലിക്കരയിലെ പുതിയകാവ് പള്ളിയില്‍ വെച്ച് ഒരു സിനഡ്(സഭാ കൗൺസിൽ) കൂടുകയുണ്ടായി. ഇതില്‍ യാക്കോബായ സുറിയാനികള്‍ ഒരു പ്രമേയം പാസാക്കി. “ഞങ്ങള്‍ യാക്കോബായ സുറിയാനികള്‍ അന്തിയോഖ്യായിലെ പാത്രിയാര്‍ക്കീസിന്‍റെ പ്രജകളും, അവിടെ നിന്നയച്ചുതരുന്ന സഭാനടപടികളും ചട്ടങ്ങളും പിന്തുടരുന്നവരുമാണ്. പാത്രിയാര്‍ക്കീസിന്‍റെ അനുവാദമില്ലാതെ മറ്റു തത്ത്വങ്ങള്‍ പഠിപ്പിക്കുവാന്‍ അനുവാദമില്ല; ഞങ്ങള്‍ അനുവദിക്കുകയുമില്ല.” സുറിയാനി കൂട്ടായ്മയുടെ ഈ പ്രഖ്യാപനം സി.എം.എസ് എന്ന സഹായ മിഷന്‍റെ എല്ലാവിധ യാക്കോബായ സുറിയാനി ബന്ധവും അവസാനിപ്പിക്കാന്‍ കാരണമായി. അവിശ്വാസികള്‍ക്കും മറ്റു ക്രിസ്ത്യാനികള്‍ക്കും വേണ്ടി വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘമായിത്തീരുക എന്ന തീരുമാനത്തോടുകൂടി സി.എം.എസ് മിഷനറി സംഘം 1837 ല്‍ പുതിയ ഒരു മേഖലയിലേക്ക് എത്തപ്പെട്ടു.

തെറ്റിപ്പിരയലിനുശേഷം ഈഴവരെ ചുറ്റിപ്പറ്റിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു മിഷനറിമാര്‍ അധികവും നടത്തിയിരുന്നത്. മാവേലിക്കരയിലെയും, സമീപപ്രദേശങ്ങളിലെയും പ്രവർത്തനങ്ങളാണ് ഇതിനു ഏറ്റവും വലിയ തെളിവ്. ഭരണിക്കാവ് (1844), ചെപ്പാട് (1847), കൃഷ്ണപുരം (1847), കന്നീറ്റി (1847), ഞക്കനാല്‍ (1847), കല്പന (1849), പുതുപ്പള്ളി (1852), കറ്റാനം (1857) തുടങ്ങിയ പരിപൂര്‍ണ്ണ ഈഴവസഭകള്‍ ജോസഫ് പീറ്റ് എന്ന മിഷനറി സ്ഥാപിക്കുകയുണ്ടായി. 1850 കള്‍ക്കു ശേഷമാണ് പുലയ-പറയ ജാതികളുടെ ഇടയിലേയ്ക്ക് ഇറങ്ങിയത്. 1854 സെപ്തംബര്‍ എട്ടിനു മല്ലപ്പള്ളിയ്ക്കു സമീപമുള്ള കൈപ്പറ്റയിലെ ദൈവത്താനും (ഹാബേല്‍) കുടുംബവും, അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരനായ ചെരാദിയും കുടുംബവുമാണ് സി.എം.എസ് മിഷനറിമാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥാനുസൃതമായ സുവിശേഷീകരണത്തിന്‍റെ ആദ്യഫലങ്ങള്‍.

സി.എം.എസ് മിഷന്‍റെ കീഴില്‍ ക്രിസ്തുമതത്തില്‍ ചേരുന്ന ആദ്യ അടിമയല്ല ഹാബേല്‍. തോമസ് നോര്‍ട്ടന്‍ എന്ന ആദ്യ സി.എം.എസ് മിഷനറിയുടെ കാലം മുതലേ അടിമജാതികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തലുകള്‍ കാണാന്‍ സാധിക്കും. അതിനുദാഹരണമെന്ന നിലയില്‍ ഇദ്ദേഹത്തിന്‍റെ സ്കൂളിലെ പറയ വിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക് എടുക്കാവുന്നതാണ്. കൈപ്പറ്റയിലെ ഹാബേലിന്‍റെ സ്നാനത്തിനു മുന്‍പ് ധാരാളം അടിമകള്‍ സ്നാനപ്പെടാന്‍ തീരുമാനം എടുത്തിരുന്നതായും നിരവധി അടിമകള്‍ സ്നാനപ്പെടാന്‍ സാധിക്കാതെ മരണപ്പെടുകയും ചെയ്തതായി മിഷനറി രേഖകളില്‍ നിന്നുതന്നെ നമുക്ക് കാണാന്‍ സാധിക്കും. വളരെ താല്പര്യത്തോടെ ബൈബിള്‍ പഠിച്ച നൂറിലേറെ വയസ്സു പ്രായമുള്ള ഒരു അടിമയായ വൃദ്ധന്‍ “ജ്ഞാനസ്നാനം കഴിക്കുവോളം ഞാന്‍ ജിവിച്ചിരിക്കില്ല, പക്ഷെ ഞാന്‍ സ്വര്‍ഗത്തില്‍ പോകും” എന്നു പറഞ്ഞു മരണപ്പെടുന്നതുമായ ഒരു സംഭവം ജോണ്‍ ഹോക്സ് വര്‍ത്ത് രേഖപ്പെടുത്തുന്നുണ്ട്. 1828ല്‍ സ്നാനപ്പെട്ട് കാളി എന്ന പേര് മാറ്റിയ ലൂസി എന്ന അടിമ പെണ്‍കുട്ടിയും, 1850ല്‍ 24 ഈഴവരോടൊപ്പം സ്നാനപ്പെട്ട് കറുമ്പ എന്ന പേര് മാറി രൂത്ത് ആയിത്തീര്‍ന്ന അടിമസ്ത്രീയുമെല്ലാം ക്രിസ്തീയ വിശ്വാസത്തിന്‍റെ ആദ്യഫലങ്ങള്‍ തന്നെയാണ്. നാട്ടില്‍ നിന്നും ഓടിപ്പോയി സംഘം ചേര്‍ന്ന അടിമക്കൂട്ടത്തിന്‍റെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ച് ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ തെളിവുകള്‍ നിരത്തുന്നുണ്ട്. 1844ല്‍ ആല്‍ഫ്രഡ് ബേക്കര്‍ കുമരകത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ക്കായി ആരംഭിച്ച അടിമപ്പള്ളിയും, 1849ല്‍ ഹെന്‍ട്രി ബേക്കര്‍ സീനിയര്‍ ആര്‍പ്പൂക്കരയില്‍ രണ്ട് കുടുംബത്തെ വെച്ച് തുടങ്ങിയ പള്ളിയും എല്ലാം ആദ്യകാല അടിമപ്പള്ളി എന്ന സ്ഥാനം അര്‍ഹിക്കുന്നതാണ്. ധാരാളം അടിമക്കൂട്ടങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിനായി രാത്രികാലങ്ങളില്‍ മിഷനറിമാരെ സമീപിച്ചിരുന്നതിനെ അത്ഭുതത്തോടുകൂടി തന്നെ പല മിഷനറിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. 1853ല്‍ ഹോക്സ് വര്‍ത്ത് നടത്തിയ അഭിമുഖത്തില്‍ ഹാബേലും ചെരാദിയും ഞായറാഴ്ചകളില്‍ അടിമസ്കൂളില്‍ പോകാന്‍ അനുവദിക്കാത്തതിനാല്‍ ഒളിച്ചോടിപ്പോയ അടിമകളെക്കുറിച്ചു വെളിപ്പെടുത്തുന്നുണ്ട്. അടിമജാതികള്‍ക്കിടയിലെ മതപരിവര്‍ത്തനത്തിനും, ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് അറിവു ലഭിച്ചിരുന്നതിനുമെല്ലാം ബഹുമുഖങ്ങളായ ചരിത്രപശ്ചാത്തലമാണുള്ളത്. ഇത് തികച്ചും നിര്‍വചനാതീതം തന്നെയായിരുന്നു.

1799 ഏപ്രിലില്‍ സ്ഥാപിതമായ സി.എം.എസ് മിഷന്‍റെ 50-ാം വാര്‍ഷികം ലോകമെങ്ങും കൊണ്ടാടപ്പെട്ടു. തിരുവിതാംകൂറില്‍ യോബേല്‍ ആഘോഷം എന്ന പേരില്‍ നടത്തപ്പെട്ടത് 1848 നവംബര്‍ 1 ന് ആയിരുന്നു. യോബേല്‍ ആഘോഷവേദിയില്‍ അടിമജാതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം എന്ന ഒരു ആശയം ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍, ‘സമയം ആയിട്ടില്ല’ എന്നു പറഞ്ഞു ഈ ആശയത്തെ തള്ളിക്കളയുകയാണ് ഉണ്ടായത്. അതേസമയം 1850-ല്‍ റ്റി.ജി. റാഗ്ലണ്ടിന്‍റെ സന്ദര്‍ശനം അടിമജാതികള്‍ക്കിടയിലേയ്ക്കുള്ള പ്രവര്‍ത്തനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചു. മദ്രാസിലെ സി.എം.എസിന്‍റെ കറസ്പോണ്ടിംഗ് സെക്രട്ടറിയായിരുന്ന ടി.ജി റാഗ്ലണ്ട് തന്‍റെ തിരുവതാംകൂര്‍ സന്ദര്‍ശനവേളയില്‍ നാട്ട് മിഷനറിയായ ജോര്‍ജ്ജ് മാത്തന്‍റെ അതിഥിയായി മല്ലപ്പള്ളിയില്‍ താമസിക്കാന്‍ ഇടയായി. പകലന്തിയോളം വയലില്‍ പണി എടുക്കുന്ന പുലയരായ സ്ത്രീ പുരുഷന്മാരെ കാണുന്നതിന്‍റെയും, ഈണത്തില്‍ പാട്ട് പാടി ഞാറ് നടുന്ന പുലയ സ്ത്രീകളെ കുറിച്ചും എല്ലാം ഇദ്ദേഹം വിവരിച്ചിട്ടുണ്ട്. ഒരു പുലയനെ കാളയോടൊപ്പം നുകത്തില്‍കെട്ടി നിലം ഉഴുതുന്ന കാഴ്ച അദ്ദേഹത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ചു. ഈ സാധുമനുഷ്യര്‍ക്കു വേണ്ടി എന്തെങ്കിലും അടിയന്തിരമായി ചെയ്യണമെന്നായി അദ്ദേഹത്തിന്‍റെ ചിന്ത. ഇദ്ദേഹം ഈ കാര്യം റവ. ജോര്‍ജ്ജ് മാത്തനോടു സംസാരിക്കുകയും അടിമകളെ പഠിപ്പിക്കുന്നതിനെക്കുറിച്ചും അവരുടെ ഇടയില്‍ പ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുകയുമുണ്ടായി. ഹോക്സ് വര്‍ത്തിനെയും ജോര്‍ജ്ജ് മാത്തനെയും അടിമജാതികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഏല്‍പ്പിക്കുകയും ഇതിനുവേണ്ടുന്ന ധനസഹായം നല്‍കുകയും ചെയ്തു. പ്രത്യേകിച്ച് ആദ്യം എഴുത്തു പഠിക്കുന്നവര്‍ക്ക് പുതിയനിയമം വാങ്ങിക്കൊടുപ്പാന്‍ കുറേ പണം ജോര്‍ജ്ജ് മാത്തന്‍ അച്ചനെ ഏല്പിക്കുകയും ചെയ്തു. ഇതൊരു പുതിയ തുടക്കമായിരുന്നു.

മിഷനറിഭാഷയില്‍ പറഞ്ഞാല്‍ വ്യവസ്ഥാനുസൃതമായ സുവിശേഷീകരണം (Constitutional Evangelism)ആരംഭിക്കുന്നത് കൈപ്പറ്റക്കുന്നില്‍ നിന്നാണ്. അതായത് അടിമജാതികള്‍ക്കിടയിലെ ഔദ്യോഗിക പ്രവര്‍ത്തനത്തിന്‍റെ തുടക്കമായിരുന്നു അത്. ഇതോടുകൂടി സി.എം.എസ് മിഷനറിമാര്‍ക്കിടയില്‍ നിലനിന്നിരുന്ന വലിയ ഒരു തര്‍ക്കത്തിനു അയവു വരികയുണ്ടായി. പിന്നീട് മിഷനറിമാര്‍ക്കിടയില്‍ ഉണ്ടായ പ്രധാന തര്‍ക്കവിഷയം ക്രിസ്തുമതം സ്വീകരിച്ചയാളെ തുടര്‍ന്നും ‘അടിമ’ എന്ന് അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചും, പിന്നീടുണ്ടായ അടിമനിരോധാനന്തരം ‘അടിമ’ എന്ന പദപ്രയോഗം വേണമോ, വേണ്ടയോ എന്നതിനെ ചൊല്ലിയുമൊക്കെയായിരുന്നു. എന്ത് തന്നെ ആയിരുന്നാലും ജോര്‍ജ്ജ് മാത്തന്‍റെ ശ്രമഫലമായി കൈപ്പറ്റകുന്നില്‍ ഒരു അടിമപ്പള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. ഇതിലേയ്ക്ക് വന്നു ചേര്‍ന്ന അടിമസ്ത്രീകളും പുരുഷന്മാരും ചുരുങ്ങിയത് രണ്ടിലേറെ വര്‍ഷം നീണ്ടുനിന്ന വേദപഠനം നടത്തുകയും, ക്രിസ്തീയ വിശ്വാസങ്ങള്‍ ഗ്രഹിച്ചു എന്നു മിഷനറിമാര്‍ക്ക് ബോധിച്ച ആളുകളെ മാത്രം സ്നാനം കഴിപ്പിക്കുകയും ചെയ്തു. വ്യവസ്ഥാനുസൃതമായ സുവിശേഷീകരണ ഭാഗമായി അടിമകള്‍ക്കിടയിലെ പ്രവര്‍ത്തനത്തില്‍നിന്നും വിശ്വാസത്തിലുറപ്പും, പഠനത്തില്‍ സ്ഥിരതയും മികവും കാണിച്ച കൈപ്പറ്റയിലെ ദൈവത്താനെ (തെയ്യ്ത്താന്‍ എന്ന് ചില രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നു) 1854 സെപ്തംബര്‍ ആറിനു ഹോക്സ് വര്‍ത്ത് സ്നാനപ്പെടുത്തി. ആദാമിന്‍റേയും ഹവ്വായുടേയും പുത്രന്‍റെ പേരായ ഹാബേല്‍ എന്നു നാമകരണം ചെയ്തു.

മിഷനറി രേഖയില്‍ തെളിയുന്ന അടിമപ്പള്ളിക്കൂടങ്ങൾ 1850 കളുടെ അവസാനത്തില്‍ മല്ലപ്പളളിയിലെ ഈഴോംമുറി പുരയിടത്തില്‍ ഒരു കുടില്‍ ഉണ്ടാക്കി, പോത്തനാശാന്‍റെ നേതൃത്വത്തില്‍ അടിമകള്‍ക്കായുള്ള പഠിത്തം ആരംഭിച്ചു. മല്ലപ്പള്ളിയിലെ സുറിയാനികളായ ആംഗ്ലിക്കന്‍ സഭാവിശ്വാസികളുടെ കുറച്ച് അടിമകളെ ചേര്‍ത്തുകൊണ്ടും, അവരുടെ സഹായത്താലുമാണ് അടിമപ്പള്ളിക്കൂടം പ്രവര്‍ത്തനം ആരംഭിച്ചത്. രാത്രികാലത്തുള്ള ബൈബിള്‍ പഠനമെന്ന വാര്‍ത്ത വളരെ വേഗം കാട്ടുതീപോലെ അടിമകള്‍ക്കിടയില്‍ പടരുകയും, കൈപ്പറ്റിയിലും സമീപത്തുള്ള വിവിധ കുന്നുകളിലുമായി ചെറിയ കുടിലുകള്‍ ഉയരുകയും ഉണ്ടായി. ജോര്‍ജ്ജ് മാത്തന്‍ അച്ചന്‍റെ മുഖ്യമേല്‍നോട്ടത്തില്‍ ഉയര്‍ന്നുവന്ന ചെറിയ കുടിലുകളില്‍ എല്ലാം ബൈബിള്‍ പഠനം ആരംഭിച്ചു. ‘അര്‍ദ്ധരാത്രി സമയത്ത് സ്ത്രീകളും, പുരുഷന്മാരും അടങ്ങുന്ന അടിമക്കൂട്ടങ്ങള്‍ ഹോക്സ് വര്‍ത്തിനെ വന്നുകാണുകയും, അവര്‍ക്കും സുവിശേഷം പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയം ചെയ്തതായി മിഷനറി രേഖകളില്‍ നമുക്ക് കാണാന്‍ സാധിക്കും.’ വളരെവേഗം പല സ്ഥലങ്ങളില്‍ അടിമപ്പള്ളിക്കൂടങ്ങള്‍ ഉയര്‍ന്നു. പ്രായഭേദമന്യ ആളുകള്‍ ഇതില്‍ വന്നു ചേര്‍ന്നിരുന്നു. ‘നൂറ് വയസിനു മുകളില്‍ പ്രായമുള്ള ഒരു മൂപ്പനെ കുറിച്ച് ഹോക്സ് വര്‍ത്ത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അങ്ങനെയിരിക്കെ 1853 ആഗസ്റ്റ് 19-ാം തീയതി മിഷനറിയായ ഹോക്സ് വര്‍ത്ത് ദൈവത്താനെയും, ചെരാദിയെയും തന്‍റെ തിരുവല്ലയിലെ ബംഗ്ലാവിലേക്ക് വിളിക്കുകയും, അവരോട് ദീര്‍ഘസംഭാഷണം നടത്തുകയുമുണ്ടായി. പിന്നീട് ഈ സംഭാഷണം, അതായത് 76 ചോദ്യോത്തരങ്ങള്‍ 1854 ല്‍ ഹോക്സ് വര്‍ത്ത് അച്ചടിപ്പിക്കുകയുണ്ടായി. 76 ചോദ്യോത്തരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അനുഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്താന്‍ കഴിയുന്ന അവബോധം ആര്‍ജിച്ച വ്യക്തികളായാണ് ദൈവത്താനും ചെരാദിയും പ്രത്യക്ഷപ്പെടുന്നത്. ആദ്യ 24 ചോദ്യങ്ങള്‍ മതപരമായ വിജ്ഞാനത്തെ അളക്കുന്നതും, അവസാന 52 ചോദ്യങ്ങള്‍ ജീവിതാനുഭവങ്ങളുടെ വിശദീകരണത്തിനു വേണ്ടിയുമായിരുന്നു.

തിരുവിതാംകൂറില്‍ മിഷനറിമാരും, ഗവണ്‍മെന്‍റും തമ്മിലുള്ള വഴക്ക് ഈ അഭിമുഖ സംഭാഷണത്തിന്‍റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. ഈ ലേഖനം മുഖ്യമായും ഇംഗ്ലണ്ടിലെ വായനക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. തിരുവിതാംകൂറിലെ അടിമകളുടെയും, താഴ്ന്ന ജാതിക്കാരുടെയും നിരാശ്രയത്വത്തെയും അവര്‍ അനുഭവിക്കുന്ന ക്രൂരതകളെയും ചിത്രീകരിക്കുന്നതിനായിരുന്നു ഈ പ്രചരണം. നീണ്ടനാലു വര്‍ഷത്തെ പഠിപ്പിക്കലിനുശേഷം കൈപ്പറ്റയിലെ ആദ്യ അടിമപ്പള്ളിക്കൂടത്തിലെ ആളുകളെ ക്രിസ്തുമതത്തിലേക്ക് സ്നാനപ്പെടുത്താന്‍ മിഷനറിമാര്‍ തിരുമാനിച്ചു. 1854 സെപ്തംബര്‍ 9 ബുധനാഴ്ച ഹോക്സ് വര്‍ത്തും, ജോര്‍ജ്ജ് മാത്തനും കൈപ്പറ്റ കുന്നു ലക്ഷ്യമാക്കി യാത്ര തിരിച്ചു. മഴ നല്ലതുപോലെ പെയ്തുകൊണ്ടിരുന്നു. വഴി ആകെ ചളിയും വെള്ളവും ആയിരുന്നു. വെള്ളത്തില്‍ കൂടി മിഷനറിമാര്‍ ബഹുദൂരം നടക്കേണ്ടിയിരുന്നു. അന്നേ ദിവസത്തെ മഴ കണ്ട് മിഷനറിമാരുടെ വരവില്‍ ആശങ്കയുണ്ടായിരുന്നു എന്നു അടിമകള്‍ പറഞ്ഞിരുന്നു. നീണ്ട യാത്രയുടെ അവസാനം മിഷനറിമാര്‍ കൈപ്പറ്റയിലെ അടിമപ്പള്ളിയില്‍ എത്തി. ഇവരുടെ വരവും കാത്ത് മഴയത്ത് അടിമകള്‍ അവിടെ കാത്തുനിന്നിരുന്നു. അടിമകൂട്ടത്തിന്‍റെ ഉത്സാഹവും ആവേശവും മിഷനറിമാര്‍ക്ക് വളരെയധികം സംതൃപ്തി നല്‍കി. ഏകദേശം മുപ്പതോളം ആളുകള്‍ സ്നാനത്തിനായി തയ്യാറെടുത്തിരുന്നു. എന്നാല്‍ ഹോക്സ് വര്‍ത്ത് അവരില്‍ നിന്നും രണ്ടു കുടുംബങ്ങളിലെ എട്ടുപേരെ മാത്രമാണ് സ്നാനത്തിനായി തിരഞ്ഞെടുത്തത്. പ്രഥമ സ്നാനര്‍ത്ഥിയായിരുന്ന ദൈവത്താനെയും കുടുംബത്തിനെയും, ഭാര്യയുടെ സഹോദരനായ ചെരാദിയുടെയും കുടുംബത്തിനെയുമാണ് ആദ്യം സഭയോട് ചേര്‍ത്തത്. അടുത്ത ദിവസം തന്നെ ഈ സംഭവമറിഞ്ഞെത്തിയ സുറിയാനി-നായര്‍ വിഭാഗക്കാര്‍ കൈപ്പറ്റയിലെ ഇവരുടെ പള്ളി അഗ്നിക്കിരയാക്കി. ഞായറാഴ്ച ആരാധനക്കു ഒത്തുചേര്‍ന്ന അടിമകള്‍ കണ്ടത് വലിയ ഒരു ചാരക്കൂമ്പാരമായിരുന്നു. ചാരക്കൂമ്പാരത്തിന്‍റെ മുകളില്‍ നിന്നുകൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞു. ‘രക്ഷിതാവിനെ ആദ്യം കണ്ടത് ഇവിടെ വെച്ചാണ്. ഇവിടെ, ഇവിടെത്തന്നെ നാം ദൈവത്തെ ആരാധിക്കും. പുറമെയുള്ള ദേവാലയം നശിപ്പിക്കാന്‍ കഴിയും, അകമെയുള്ള ദേവാലയം ആര്‍ക്കും നശിപ്പിക്കുവാന്‍ കഴിയുകയില്ല’ എന്ന് അവര്‍ ഉറക്കെ പറഞ്ഞു. ഒരു മരത്തിന്‍റെ തണല്‍പോലും തേടാതെ അവര്‍ ആ വെണ്ണീറില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥന നടത്തി.

വളരെ വേഗംതന്നെ താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ രൂപംകൊണ്ടു. മിഷനറിമാരെ ചെന്നുകണ്ടതും, മിഷനറിമാര്‍ താഴ്ന്ന ജാതിക്കാരുടെ അടുത്തേയ്ക്കു ചെന്നതുമെല്ലാം പ്രവര്‍ത്തനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചു. ഈ കാരണത്താല്‍ താഴ്ന്ന ജാതിക്കാര്‍ ഒന്നടങ്കം മിഷനറിയുമായി ബന്ധപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ല. ഭാര്യ അടിമപ്പള്ളിക്കൂടത്തില്‍ പോയതിനു ക്രൂരമായി ശിക്ഷിക്കുന്ന ഭര്‍ത്താവിനെയും, മകനെ/മകളെ ശിക്ഷിക്കുന്ന അപ്പനെയും എല്ലാം ഈ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഒരു വീട്ടില്‍ തന്നെ രണ്ട് വിശ്വാസത്തെയും ഇത് നിര്‍മ്മിച്ചു. 1857 ല്‍ കെ. കോശി എന്ന നാട്ട് മിഷനറി പുലയരോട് വിഗ്രഹാരാധനക്കെതിരായി ഏതാനും വാക്കുകള്‍ പറഞ്ഞു. അവരുടെ ദൈവങ്ങളെ വെറും കല്ലും മരവുമെന്നു പറയുന്നതുകേട്ട നിമിഷം അവര്‍ കൂട്ടമായി കൂക്കി വിളിച്ചുകൊണ്ട് സ്ഥലം വിട്ടു. അതായത് അധിനിവേശ കാലത്ത് രൂപംകൊണ്ട ക്രിസ്തുമത ബന്ധം താഴ്ന്ന ജാതിക്കാരില്‍ ഒരു തിരഞ്ഞെടുപ്പിലൂടെ മാത്രമാണ് സ്ഥാപിക്കപ്പെട്ടത്. ക്രിസ്തീയ വിശ്വാസത്തിനോട് ആകര്‍ഷണം തോന്നിയ താഴ്ന്ന ജാതിക്കാര്‍ അത് ലഭ്യമാക്കുന്നതിനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്നു. ആരാധിക്കുവാന്‍ അനുവാദം തന്നാല്‍ ഞങ്ങള്‍ മാടുകളെപ്പോലെ പണിയെടുക്കാമെന്നും, ആരാധിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കാടുകളിലേയ്ക്ക് ഒളിച്ചോടുമെന്നെല്ലാം പറഞ്ഞ ധാരാളം താഴ്ന്ന ജാതിക്കൂട്ടങ്ങളെയും വ്യക്തികളെയുമെല്ലാം നമുക്ക് മിഷനറി രേഖകളില്‍ കാണാന്‍ സാധിക്കും.

പാലാക്കുന്നേല്‍ മത്തായിമറിയം അച്ചന്‍റെ 18 പുലയര്‍

19-ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഇംഗ്ലീഷ് മിഷനറിമാര്‍ അടിമജാതികള്‍ക്കിടയിലെ പ്രവര്‍ത്തനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ സഭ താഴ്ന്ന ജാതിക്കാരിലേയ്ക്ക് തിരിയുന്നത്. ഇതിനുമുന്‍പ് സെന്‍റ് തോമസ് പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ തദ്ദേശീയരായ ക്രിസ്ത്യനികള്‍ ഒരു കാലത്തും സഭകളെന്ന നിലയിലോ, വ്യക്തികളെന്ന നിലയിലോ അടിമത്തത്തിനും, ജാതിപീഡനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചതായി നാം എങ്ങും കാണുന്നില്ല. എന്നു മാത്രമല്ല അവര്‍ കീഴാള അടിമകളെ അതീവമായി ചൂഷണം ചെയ്തവരും പീഡിപ്പിച്ചവരുമാണ്. പല സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളും അടിമകളുടെ ഉടമകളായിരുന്നു. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ ചില സുറിയാനി പള്ളികള്‍ (കൊച്ചിയിലെ) തട്ടികൊണ്ടുപോകുന്നവരോട് വാങ്ങിയവരും, അതല്ലാതെ അധീനത്തിലായവരുമായ നാട്ടുകാരെ അടിമകളായി കയറ്റുമതി ചെയ്യുന്നതിനുള്ള ഗോഡൗണ്ടുകളായിട്ടാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. താഴ്ന്ന ജാതിക്കാരുമായുള്ള സുറിയാനി ബന്ധത്തിന്‍റെ എഴുതപ്പെട്ട മറ്റൊരു തെളിവാണ് മുളംതുരുത്തിപ്പള്ളിക്കാരെ ബോധിപ്പിച്ചുകൊണ്ടുള്ള അടിമ വ്യാപാരച്ചീട്ട്. ഇത്തരത്തിലുള്ള ബന്ധം മാത്രമായിരുന്നു സുറിയാനികള്‍ക്ക് അടിമകളുമായുണ്ടായിരുന്നത്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിരുന്നതായി ചില ചരിത്രകാരന്മാര്‍ വെളിപ്പെടുത്തുന്നുമുണ്ട്. പോര്‍ച്ചുഗീസുകാരുടെ കാലത്ത് ചില പ്രദേശങ്ങളില്‍ പുലയ-പറയ ജാതിക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചതായി പറയുന്നു. പില്‍ക്കാലത്ത് കുര്യാക്കോസ് ഏലിയാസച്ചനെ ചുറ്റിപ്പറ്റി പുലയ പരിവര്‍ത്തനം നടന്നിരുന്നതായി ചില വാമൊഴികളും പ്രചാരത്തിലുണ്ട്. എന്നാല്‍ 1858ല്‍ മത്തായിമറിയം അച്ചന്‍റെ (1831-1900) ഇടപെടലാണ് കത്തോലിക്കാ സഭയിലേക്കു അടിമജാതികളുടെ കൂട്ടപരിവര്‍ത്തനത്തിനു കാരണം. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ കിഴക്കന്‍ മേഖലയിലെ സ്ഥലങ്ങള്‍ സ്വന്തമാക്കുന്നതിനും, ഭൂമി തെളിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഈഴവരെയും അരയരെയും പുലയരെയുമെല്ലാം കത്തോലിക്കാ സഭയില്‍ ചേര്‍ക്കാമെന്ന തീരുമാനം കത്തോലിക്കാ സഭ കൈകൊള്ളുന്നത്. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് മിഷനറിമാരുടെ പേരില്‍ പല ഭാഗങ്ങളിലായി ഭൂമി പതിക്കപ്പെട്ടു. ഇത്തരം ഒരു സാഹചര്യത്തില്‍ ഭൂമിയും അതോടൊപ്പം ഈഴവരും പുലയരും ഇംഗ്ലീഷുകാരുടെ കീഴിലായിപ്പോകുമെന്ന ഭയത്തില്‍ നിന്നാണ് കത്തോലിക്കാ സഭ പുതിയ ഒരു വിഭാഗത്തെ തേടിയിറങ്ങിയത്. പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളിയിലെ ഭൂമി സ്വന്തമാക്കണമെങ്കില്‍ പുലയരുടെ സഹായം അത്യാവശ്യമായിരുന്നു.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ കിഴക്കന്‍ മേഖലയിലെ സ്ഥലങ്ങള്‍ സ്വന്തമാക്കുന്നതിനും, ഭൂമി തെളിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഈഴവരെയും അരയരെയും പുലയരെയുമെല്ലാം കത്തോലിക്കാ സഭയില്‍ ചേര്‍ക്കാമെന്ന തീരുമാനം കത്തോലിക്കാ സഭ കൈകൊള്ളുന്നത്. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് മിഷനറിമാരുടെ പേരില്‍ പല ഭാഗങ്ങളിലായി ഭൂമി പതിക്കപ്പെട്ടു.

മുണ്ടക്കയത്തിനു സമീപമുള്ള സ്ഥലങ്ങള്‍പതിച്ചെടുക്കുന്നതിനായി ഈഴവരുടെയും പുലയരുടെയും മാമോദീസാ അനിവാര്യമാണെന്നു കാണിച്ച് മത്തായി മറിയം അച്ചന്‍ 1855ല്‍ വരാപ്പുഴയിലേയ്ക്കും, മാന്നാനം കെവേന്തയിലേയ്ക്കും എഴുത്തുകള്‍ അയക്കുകയുണ്ടായി. ഇതിന്‍റെ മറുപടി പ്രകാരം ഈഴവരെയും പുലയരെയും വിശ്വാസരഹസ്യങ്ങള്‍ പഠിപ്പിക്കുവാനും തുടങ്ങി. ഇവരെ പഠിപ്പിക്കുന്നതിനായി ഇരുത്തിയഞ്ചു പണം ശമ്പളത്തോടെ ഒരാളിനെ ഉപദേശിയായി നിയമിക്കുകയും ചെയ്തു. 1858 ന്‍റെ തുടക്കം മുതലെ ഈഴവരുടെ മാമോദീസകള്‍ കൊരട്ടി, മണിമല, നെടുങ്കുന്നം പോലുള്ള സ്ഥലങ്ങളില്‍ നടത്തപ്പെട്ടു. എന്നാല്‍ 1858 കുംഭമാസം 19-ാം തീയതി ഞായറാഴ്ചയാണ് നെടുങ്കുന്നത്ത് ആദ്യ പുലയനസ്നാനം നടക്കുന്നത്. വിശ്വാസ രഹസ്യങ്ങള്‍ പഠിച്ച 18 പുലയരെ സ്നാനത്തിനു തൊട്ടുമുന്‍പുള്ള ദിവസം സെക്രട്ടറിയായിരുന്ന തോമസ് പാതിരി വിളിച്ചുവരുത്തുകയും അവരോട് സംസാരിക്കുകയും ഉണ്ടായി.

“ചോദ്യം: നിങ്ങളുടെ തമ്പ്രാക്കന്‍മാരെ ഉപേക്ഷിച്ച് വല്ല ദിക്കിനും പൊയ്ക്കളയാം എന്നു നിരൂപിച്ചാണോ നിങ്ങൾ മാമോദീസാ മുങ്ങുന്നത്?

ഉത്തരം : അല്ല. എവിടെ ആയാലും ഞങ്ങള്‍ വേലയെടുത്തേ കഴിയത്തുളളു. ആയതിനാല്‍ ഞങ്ങളുടെ തമ്പ്രാക്കന്മാര്‍ക്കുതന്നെ വേല എടുക്കുന്നത് ഞങ്ങള്‍ക്ക് സമ്മതമാകുന്നു.

കല്പിക്കുന്നു: നിങ്ങള്‍ മാമോദീസാ മുങ്ങി എന്നുംവച്ച് നിഗളിച്ച് ഉയര്‍ന്ന ജാതിക്കാര്‍ക്കും മറ്റും ഈ നാട്ടിലെ മര്യാദപോലെ വഴി കൊടുത്തുകൊള്ളുന്നതിനല്ലാതെ അതിനു വിരോധം ചെയ്യുമോ?

ഉത്തരം: ഞങ്ങള്‍ മുന്‍പത്തേതില്‍ നിന്ന് കുറെക്കൂടി മാറിക്കൊടുക്കും. ഞങ്ങൾ ഉടയതമ്പുരാനെ അറിഞ്ഞു നടന്നാമതി.

കല്പിക്കുന്നു: നിങ്ങള്‍ മാമോദീസാ മുങ്ങുന്നതിനാല്‍ ഈ അന്തസ്സുകള്‍ വിട്ടു മാപ്പിളമാരുടെ അന്തസ്സില്‍ നടക്കാമെന്നും മറ്റും നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കു യാതൊരു ഫലവുമില്ല. ഏതന്തസ്സിലും സര്‍വ്വേശ്വരന്‍ തമ്പുരാന്‍റെ മക്കളായിട്ട് നടന്ന് വേദം അനുസരിക്കാം. വേദത്തിന് അവനവന്‍റെ അന്തസ്സും മാറ്റുന്നതിന് ആവശ്യമില്ല.

ഉത്തരം: ഞങ്ങള്‍ പുലയരുതന്നെ ആയി ഇരുന്നുകൊള്ളാം. ഞങ്ങള്‍ക്കു വേദം മാത്രം മതി.

കല്പിക്കുന്നു: നിങ്ങള്‍ മാമോദീസാ മുങ്ങുന്നതിനാല്‍ നിങ്ങളുടെ തമ്പ്രാക്കന്‍മാരെ ഉപേക്ഷിച്ചുംവച്ച് സുധര്‍മ്മക്കാരെന്നു വിചാരിച്ച് നടക്കയില്ലായെന്നും തമ്പ്രാക്കന്മാരെ വിട്ടുപേക്ഷിച്ച് പോകയില്ലാ എന്നും നിങ്ങള്‍ എല്ലാവരും കൂടെ ഒരു വായായിട്ട് മൂന്നു പ്രാവശ്യം എല്ലാവരും കേള്‍ക്കെ പറയുവിന്‍.

ഉത്തരം: ഞങ്ങള്‍ മാമോദീസ മുങ്ങുന്നതിനാല്‍ ഞങ്ങളുടെ തമ്പ്രാക്കന്മാരെ ഉപേക്ഷിച്ചുപോകയില്ല. ഞങ്ങള്‍ തമ്പ്രാക്കന്മാരെ ഉപേക്ഷിച്ചുപോകയില്ല. ഞങ്ങള്‍ തമ്പ്രാക്കന്മാരെ ഉപേക്ഷിച്ചുപോകയില്ല. നിശ്ചയം.

കല്പിക്കുന്നു: ഇനിയും നിങ്ങളുടെ തമ്പ്രാക്കന്മാര്‍ക്കും മറ്റും വേല വീഴ്ചകള്‍ വരുത്തിയാല്‍ നാം കൂടിയും ശിക്ഷിക്കും. ഇതിനുമുന്‍പ് നിങ്ങളുടെ തമ്പ്രാക്കന്‍മാരുമാത്രമെ ശിക്ഷിക്കത്തുള്ളു. ഇപ്പോള്‍ രണ്ടു ശിക്ഷ നിങ്ങള്‍ക്കുണ്ട്.”

ഇതിനുശേഷം പല ഭാഗങ്ങളിലും പുലയ സ്നാനം നടന്നു. പുലയ സ്നാനത്തിനു ചുക്കാന്‍ പിടിച്ച മത്തായി മറിയം അച്ചന്‍ നേരിട്ട പ്രതിസന്ധികള്‍ അദ്ദേഹത്തിന്‍റെ നാളാഗമത്തില്‍ വിശദമാക്കിയിട്ടുമുണ്ട്. കുത്രപ്പള്ളി, എടത്വാ, മാന്നാനം, പുളിക്കുന്ന്, കൈനകരി തുടങ്ങിയ ധാരാളം സ്ഥലങ്ങളില്‍ പുലയ കപ്പേളകള്‍ ഉയര്‍ന്നു. 1870-കള്‍ ആയപ്പോള്‍ കുട്ടനാട്ടിൽ തന്നെ രണ്ടായിരത്തിലധികം പുലയര്‍ കത്തോലിക്കാ സഭയിലേയ്ക്കു ചേര്‍ന്നിരുന്നു.

‘ആദ്യപരിവര്‍ത്തനത്തെ’ വ്യാഖ്യാനിച്ചപ്പോള്‍

അടിമജാതികളുടെ ക്രിസ്തുമതപരിവര്‍ത്തനം ധൃതിപിടിച്ചു നടപ്പാക്കിയ ഒന്നല്ലായിരുന്നു. പരിവര്‍ത്തനം ചെയ്തവരും, ചെയ്യിച്ചവരും വളരെ ശ്രദ്ധിച്ചും, വീണ്ടുവിചാരത്തോടെയും സംവിധാനം ചെയ്ത ഒരു പദ്ധതിയായിരുന്നു അത്. മുകളില്‍ പരാമര്‍ശിതമായ രണ്ട് സംഭവങ്ങളും ഒരേ പോലെ മുന്നോട്ട് വെയ്ക്കുന്ന ഒന്നാണ് ക്രിസ്തീയ വിശ്വാസത്തിനോട് പുലയര്‍ക്കുതോന്നിയ തീവ്രമായ തീഷ്ണത. ഈ രണ്ടു സംഭവങ്ങളും അടിമത്തത്തില്‍ നിന്നുളള രക്ഷപ്പെടലിനോ, ഭൗതികാവസ്ഥയുടെ പരിഷ്ക്കരണമെന്ന സങ്കല്പങ്ങളില്‍ നിന്നോ വികസിച്ചുവന്നതുമല്ല. അടിമത്തത്തില്‍ നിന്നുളള രക്ഷപ്പെടലാണ് ക്രിസ്തുമത സ്വീകരണത്തിന്‍റെ മാനദണ്ഡം എങ്കില്‍ തിരുവിതാംകൂര്‍ എന്ന സ്വയം പ്രഖ്യാപിത ഹിന്ദുരാഷ്ട്രം കൊളോണിയല്‍ കാലത്ത് തന്നെ ക്രിസ്ത്യന്‍ രാഷ്ട്രമായി മാറ്റപ്പെട്ടിരിക്കണം. പകലന്തിയോളം നീണ്ട് നിൽക്കുന്ന അധ്വാനത്തിനുശേഷം മൈലുകള്‍ നടന്ന് അടിമ പളളിക്കൂടത്തില്‍ പോകുകയും, യജമാനന്‍ അറിയാതെ അര്‍ദ്ധരാത്രിയില്‍ പ്രര്‍ത്ഥനകള്‍ നടത്തി പിരിയുന്ന അടിമജാതിയുടെ വിശ്വാസത്തിന്‍റെ പരിവര്‍ത്തനത്തെ സാമൂഹ്യശാസ്ത്രജഞര്‍ വേണ്ടവിധേന മനസിലാക്കാതെ വെറും മേലാളഭാഷ്യമാണ് ദലിതര്‍ക്കുവേണ്ടി നല്‍കിയത്. കത്തിച്ചുകളഞ്ഞ തങ്ങളുടെ പളളിയുടെ മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നതും, കാടിനുളളില്‍ ആരും അറിയാതെ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുന്നതും, ഉടയതമ്പുരാനെ അറിയുന്നതിനായി കുറെകൂടി മാറിതരാമെന്നു പറയുന്ന പുലയക്രിസ്ത്യാനികള്‍ അടിമത്തത്തില്‍ നിന്നും രക്ഷ നേടാനായിട്ടാണ് ക്രിസ്തുമതം സ്വീകരിച്ചതെന്നു പറയുന്നതിന്‍റെ അടിസ്ഥാനമെന്താണ്?

കത്തിച്ചുകളഞ്ഞ തങ്ങളുടെ പളളിയുടെ മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നതും, കാടിനുളളില്‍ ആരും അറിയാതെ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുന്നതും, ഉടയതമ്പുരാനെ അറിയുന്നതിനായി കുറെകൂടി മാറിതരാമെന്നു പറയുന്ന പുലയക്രിസ്ത്യാനികള്‍ അടിമത്തത്തില്‍ നിന്നും രക്ഷ നേടാനായിട്ടാണ് ക്രിസ്തുമതം സ്വീകരിച്ചതെന്നു പറയുന്നതിന്‍റെ അടിസ്ഥാനമെന്താണ്?

നിലനിന്നിരുന്ന സാമൂഹ്യക്രമമനുസരിച്ച് ക്രിസ്തുമതത്തില്‍ കൂടുന്ന, അല്ലെങ്കില്‍ അടിമസ്കൂളില്‍ പോകുന്ന ഒരു കീഴ്ജാതിക്കാരനു യജമാനനില്‍നിന്നും മര്‍ദനമാണ് പ്രതിഫലമായി ലഭിക്കുന്നത് എന്നതിനു ഒരു സംശയവും വേണ്ടാ. ഇത്തരത്തിലുളള മര്‍ദ്ദനങ്ങളുടെ ഉദാഹരണങ്ങളാല്‍ മിഷനറി രേഖകള്‍ സമ്പന്നവുമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍പ്പോലും സ്വതന്ത്രമായി വസ്ത്രധാരണം ചെയ്തു ആരാധനയ്ക്കു പോകാന്‍ അനുവാദമില്ലാതിരുന്ന പുലയരുടെ സാഹചര്യ ചരിത്രത്തിനെയാണ് സാമ്പ്രദായിക ചരിത്ര രചയിതാക്കള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്.

മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ആഖ്യാനങ്ങളില്‍ ഐക്യത്തോടുകൂടി തെളിഞ്ഞുവരുന്ന മറ്റൊന്നാണ് ക്രമീകൃതമായ പഠനാനന്തരം ഉളള സ്നാനം എന്നത്. വര്‍ഷങ്ങളും, മാസങ്ങളും നീണ്ടുനിന്ന പഠിപ്പിക്കലിനു ശേഷം മാത്രമാണ് താഴ്ന്നജാതിക്കാരുടെ സ്നാനം നടത്തപ്പെട്ടത്. ക്രമീകൃതമായി നടക്കുന്ന ക്ലാസുകളില്‍ മിഷനറിമാരുടെ ചോദ്യങ്ങള്‍ക്കുളള ഉത്തരം പറയാന്‍ സാധിക്കാത്ത കീഴാളനെയും, കീഴാളന്‍റെ സംശയത്തിനു മറുപടിനല്‍കാന്‍ കഴിയാത്ത മിഷനറിയെയും, പുസ്തകം വായിക്കുന്ന അടിമയെയുമെല്ലാം നമുക്ക് മിഷനറി രേഖകളില്‍ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ നടക്കുകയും, രേഖപ്പെടുത്തപ്പെട്ടതുമായ സംഭവങ്ങളെ രണ്ട് ചരിത്രകാരന്മാര്‍ പരാമര്‍ശിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

തെക്കുംഭാഗം മോഹന്‍റെ ‘അടിമഗര്‍ജ്ജനങ്ങള്‍’ എന്ന പുസ്തകത്തില്‍ പറയുന്നതിപ്രകാരമാണ്:
“തിരുവിതാംകൂറിന്‍റെ ചരിത്രത്തില്‍ മല്ലപ്പളളിക്കുളള സ്ഥാനം 1854 സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കുന്നു. അന്നു തിരുവിതാംകൂറില്‍ ഒരു പുതിയവര്‍ഗ്ഗം കൂടി ഉരുത്തിരിഞ്ഞു. പുലയക്രിസ്ത്യാനി എന്ന വര്‍ഗ്ഗം. അടിമയായിരുന്ന ദൈവത്താനെന്ന പുലയനെ ഹോക്സ് വര്‍ത്ത് എന്ന മിഷനറി മാമോദീസ മുക്കി ആബേല്‍ ആക്കി. അന്നുരാത്രി അവന്‍റെ പുലത്തറയിലുളള എട്ടുകുടുംബങ്ങള്‍ അതുപോലെ മതം മാറി. ഇനിമുതല്‍ നിങ്ങള്‍ അടിമകളല്ല എന്നു മിഷനറിമാര്‍.”

ഇനി ‘മഹാത്മാ അയ്യന്‍കാളി’ എന്ന പുസ്തകത്തില്‍ കുന്നുകുഴി എസ്. മണി, പി. എസ്. അനിരുദ്ധനും പറയുന്നതുനോക്കാം:
“മധ്യതിരുവിതാംകൂറില്‍പ്പെട്ട മല്ലപ്പളളിയില്‍ കൈപ്പട്ടൂര്‍ ദൈവത്താന്‍ എന്ന പുലയനെ കാളക്കൊപ്പം നുകത്തില്‍ വച്ചുകെട്ടി നിലം പൂട്ടുന്നത് 1854 സെപ്റ്റംബര്‍ 8 നു യുറോപ്യന്‍ മിഷനറിയായ ഹോക്സ് വര്‍ത്ത് കണ്ടു. ഹോക്സ് വര്‍ത്ത് ദൈവത്താനെ നുകത്തില്‍ നിന്നും മോചിപ്പിച്ചു. തുടര്‍ന്നദ്ദേഹത്തെ ആബേല്‍ എന്ന് നാമകരണം ചെയ്തു ക്രിസ്തുമതത്തില്‍ ചേര്‍ത്തു.”

ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയും, എന്തെങ്കിലും പ്രാർത്ഥിച്ചു നേടുന്നതിനും വേണ്ടിയാണ് ദലിതർ ക്രിസ്തുമതത്തിൽ ചേർന്നത് എന്നതാണല്ലോ ദലിത് ക്രൈസ്തവ ചരിത്രത്തിനു നേരെ ഉയർന്നു വരുന്ന മുഖ്യ ആരോപണം. ബാക്കി ഉള്ള ആളുകൾ എല്ലാം പ്രാർത്ഥിക്കുന്നത് ദൈവത്തിനു എന്തെങ്കിലും കിട്ടാനായിരിക്കും എന്ന് സനൽ മോഹൻ ചോദിക്കുന്ന ചോദ്യം വളരെ ശ്രദ്ധേയമാണ്.

ഇത്തരത്തില്‍ നീണ്ടപോകുന്നു ഹാബേലിനെക്കുറിച്ചുളള പുത്തന്‍ ആഖ്യാനങ്ങള്‍. അതായത് ചരിത്രബോധം ഇല്ലാത്തവരും, വാമൊഴികള്‍ മാത്രമുളളവരുമായ ഒരു ജനതയാണ് എന്ന മുന്‍ധാരണയില്‍ മോശം ചരിത്രങ്ങളാണ് ഇവരെക്കുറിച്ച് എഴുതപ്പെടുന്നത്. മിഷനറി പ്രസ്ഥാനങ്ങളുടെ സഹായത്താല്‍ വലിയ ഭൂവ്വുടമയായി മാറിയ പുലയനെയോ, പറയനെയോ നാം എങ്ങും തന്നെ കാണുന്നില്ല. അന്യസ്ഥലങ്ങളിലേയ്ക്കു കുടിയേറുകയും, വലിയസമ്പന്നരായി മടങ്ങി വന്ന ദലിത് കൂട്ടങ്ങളോ, മിഷനറി പ്രസ്ഥാനത്തിനെ ഉപയോഗിച്ച് സമ്പന്നനായ പി.ഡി ദേവസഹായത്തെ പോലുളള വ്യക്തികളോ ഒന്നും തന്നെ ദലിതരില്‍ നിന്നും ഇയര്‍ന്നുവന്നിട്ടുമില്ല. എന്നാല്‍ ചരിത്രത്തിന്‍റെ പുനരാവിഷ്ക്കാരത്തില്‍ പുലയനും പറയനും മാത്രമാണ് ക്രിസ്തുമതത്തെ ഉപയോഗിച്ചത്. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയും, എന്തെങ്കിലും പ്രാർത്ഥിച്ചു നേടുന്നതിനും വേണ്ടിയാണ് ദലിതർ ക്രിസ്തുമതത്തിൽ ചേർന്നത് എന്നതാണല്ലോ ദലിത് ക്രൈസ്തവ ചരിത്രത്തിനു നേരെ ഉയർന്നു വരുന്ന മുഖ്യ ആരോപണം. ബാക്കി ഉള്ള ആളുകൾ എല്ലാം പ്രാർത്ഥിക്കുന്നത് ദൈവത്തിനു എന്തെങ്കിലും കിട്ടാനായിരിക്കും എന്ന് സനൽ മോഹൻ ചോദിക്കുന്ന ചോദ്യം വളരെ ശ്രദ്ധേയമാണ്.

മതപരിവർത്തനത്തോടൊപ്പം സാമൂഹിക മോചനവും പ്രതീക്ഷിച്ചു മിഷനറി പ്രസ്ഥാനത്തിനെ ഫലപ്രദമായി ഉപയോഗിച്ച ഈഴവരുടെയും നാടാർ സമുദായത്തിന്റെയും ചരിത്രാനുഭവങ്ങളെ കേരളത്തിലെ ദലിതരുടെ ചരിത്രമായി ആരോപിക്കുകയായിരുന്നു മുഖ്യധാര ചരിത്ര രചനകൾ. ചില പ്രത്യേക ആവശ്യങ്ങൾക്കായി കൂട്ടമായി മിഷനിൽ ചേരുകയും, അതിനു ശേഷം മിഷനിൽ നിന്നും തിരിച്ചു പോകുകയും ചെയ്യുന്ന നാടാർ കൂട്ടങ്ങളെ പോലെയോ, ക്രിസ്ത്യാനി ആയി എന്ന കാരണത്താൽ റോഡിൽ ഇറങ്ങി നടക്കുന്ന ചെറിയാൻ എന്ന ഈഴവനെപോലെയോ ഉള്ള ഈഴവ/നാടാർ നീക്കങ്ങളും, മുന്നേറ്റങ്ങളും ദലിതരിൽ നിന്നും മധ്യ കേരളത്തിൽ ഉണ്ടായി വന്നിരുന്നില്ല. സഭയ്ക്കുള്ളിൽ ഭീകരമായി നിലനിന്നുരുന്ന ജാതിയെ അവർ പിൽക്കാലത്ത് നേരിട്ടതാകട്ടെ പുതിയ ക്രിസ്തീയ പ്രസ്ഥാനങ്ങൾ ആരംഭിച്ചു കൊണ്ടായിരുന്നു. ചാത്തൻ പുത്തൂർ യോഹന്നാൻ, പൊയികയിൽ യോഹന്നാൻ, സോളമൻ മർക്കോസ് തുടങ്ങിയവരുടെ പ്രസ്ഥാനങ്ങൾ ഇത്തരത്തിൽ ശ്രദ്ധേയമാണ്, ദലിതർ ഏറ്റവും അധികം ചേർന്നിരുന്നത് ഇവരുടെ നേതൃത്വത്തിന് കീഴിൽ ആയിരുന്നു എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായതു കേരളത്തിലെ ദലിതരുടെ കൂട്ട മത പരിവർത്തനത്തിന്റെ ചരിത്ര രേഖകൾ വ്യക്തമാക്കുന്നത് പ്രേരണയോ, പണമോ അല്ല, മറിച്ച് ഒരു വിഭാഗം കീഴാളരുടെ വിശ്വാസത്തിന്റ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ക്രിസ്തുമത സ്വീകരണത്തിന്റ അടിസ്ഥാനം എന്നതിനെയാണ്.

കീഴാള ജാതിയുടെ പരിവര്‍ത്തനത്തെ സംബന്ധിച്ചുളള നിലവിലുളള ഭാഷ്യങ്ങള്‍ ഭൂതകാലത്തെ മനസ്സിലാക്കുന്നതിനുളള ശ്രമങ്ങളെ സഹായിക്കുകയല്ല മറിച്ച് തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. കീഴാളജാതിയുടെ ജീവിതങ്ങളില്‍ അരങ്ങേറിയ പലതരം ചരിത്രാനുഭവങ്ങളെ സാമ്പ്രദായിക ചരിത്രത്തിന് ഉള്‍ക്കൊളളാനുമായില്ല. അടിമജാതിയുടെ ചരിത്രത്തില്‍ പ്രധാന തുണ്ടമായിരുന്ന ക്രിസ്തുമത അനുഭവത്തെ കൂടുതലായി അവതരിപ്പിക്കേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലഘട്ടമാണിത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷം പിടിച്ചുകൊണ്ടുള്ള ചരിത്രമെഴുത്തുകള്‍ ഉണ്ടായിവരുമ്പോള്‍ മാത്രമാണ് സമകാലിക രാഷ്ട്രീയ അജണ്ടകളും, സാമ്പ്രദായിക ചരിത്രമെഴുത്തുമെല്ലാം പുനപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നത്.

Top