ഫാസിസം, ജാതിവ്യവസ്ഥ, നിഷ്ക്രിയ മൂലധനം

ബഹുജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മിച്ചമൂല്യം മേല്‍ജാതികളുടെ കൈകളിലേക്ക് വ്യവസ്ഥാപിതമായി കൈമാറ്റം ചെയ്യപ്പെടുന്ന സംവിധാനത്തിന്‍റെ പേരാണ് ജാതിവ്യവസ്ഥ. പ്രസ്തുത മിച്ചമൂല്യം ദൈവത്തിന്‍റെ സ്വത്താണെന്ന തരത്തില്‍ വിശുദ്ധമാനം നല്‍കി സമ്പദ്‌വ്യവസ്ഥയില്‍ നിന്നും പുറത്തേക്ക് കടത്തി, നിഷ്ക്രിയ മൂലധനമായി പരിവര്‍ത്തിപ്പിക്കുകയാണ് മേൽജാതിക്കാർ ചെയ്തത്. കുര്യാക്കോസ് മാത്യു എഴുതുന്നു.

നിക്ഷേപമായി (എളുപ്പം) പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത മൂലധനമാണ് നിഷ്ക്രിയ മൂലധനം അഥവാ ഡെഡ് കാപിറ്റല്‍. ഹെര്‍ണാണ്ടോ ഡെ സോട്ടോയുടെ ‘ഡെഡ് കാപിറ്റല്‍’ എന്ന സംജ്ഞ ഇന്ത്യയെ സംബന്ധിച്ചാവാനും സാധ്യതയുണ്ട്.

നിയമത്തിന്‍റെ അംഗീകാരമില്ലാത്തതും കോടിക്കണക്കിനു രൂപ മൂല്യമുള്ളതുമായ അനൗദ്യോഗിക ആസ്തികളുടെ വന്‍ശേഖരം ഈ രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളുടെ കൈവശമുണ്ട്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച്, നമ്മുടെ രാജ്യത്തെ ധനികരുടെയും അധികാരവര്‍ഗത്തിന്‍റെയും കൈവശം വലിയതോതിലുള്ള നിഷ്ക്രിയ മൂലധനം ഉണ്ട്, സ്വത്തവകാശ നിയമത്തിന്‍റെ അംഗീകാരമുള്ളതും ഔദ്യോഗിക സ്വഭാവമുള്ളവയുമാണ് അവ.

ബഹുജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മിച്ചമൂല്യം മേല്‍ജാതികളുടെ കൈകളിലേക്ക് വ്യവസ്ഥാപിതമായി കൈമാറ്റം ചെയ്യപ്പെടുന്ന സംവിധാനത്തിന്‍റെ പേരാണ് ജാതിവ്യവസ്ഥ. പ്രസ്തുത മിച്ചമൂല്യം ദൈവത്തിന്‍റെ സ്വത്താണെന്ന തരത്തില്‍ വിശുദ്ധമാനം നല്‍കി സമ്പദ്‌വ്യവസ്ഥയില്‍ നിന്നും പുറത്തേക്ക് കടത്തി, നിഷ്ക്രിയ മൂലധനമായി പരിവര്‍ത്തിപ്പിക്കുകയാണ് അവര്‍ ചെയ്തത്.

ദൈവത്തിന്‍റെ സ്വത്ത് എന്നാല്‍ മേല്‍ജാതികളുടെ പൊതുസ്വത്തെന്നര്‍ത്ഥം. വിശുദ്ധമാനം നല്‍കപ്പെടുന്നതോടെ അതുകൊണ്ട് നിക്ഷേപമൊന്നും നടത്താന്‍ കഴിയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ “നിധി” ഇതിനൊരു ഉദാഹരണമാണ്.

ജാതിയെ ഒരു ഉല്‍പാദനോപാധി എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. കാരണം, ഒരുപാടു മേഖലകളില്‍, മിച്ചമൂല്യത്തിന്‍റെ ഫലം അനുഭവിക്കുന്നവര്‍ ഒരിക്കലും ഉല്‍പാദനപ്രക്രിയയുടെ ഭാഗമായിരുന്നില്ല. കൂടാതെ, ഉല്‍പാദനം നടന്നതിനു ശേഷമാണ് ഈ കൈവശപ്പെടുത്തല്‍ പ്രക്രിയ സംഭവിക്കുന്നത്.

ജാതി ഒരു തൊഴില്‍ വിഭജനവും അല്ല. കാരണം ആരൊക്കെ ജോലി ചെയ്യണം, ആരൊക്കെ ജോലി ചെയ്യേണ്ടതില്ല എന്നതാണ് ജാതിയുടെ ഉദ്ദേശം. അത് എല്ലാ ജോലിഭാരവും ബഹുജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും, തൊഴിലാളികളുടെ തൊഴിലിന്‍റെ എല്ലാ ഫലങ്ങളും സവര്‍ണരുടെ കൈകളിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

തൊഴില്‍ വിഭജനം, ഉല്‍പാദന പ്രക്രിയ, സാമ്പത്തികവ്യവസ്ഥ എന്നിവയില്‍ നിന്നും മേല്‍ജാതി വിഭാഗങ്ങളെ മോചിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ജാതിവ്യവസ്ഥ ചെയ്തത്. കാരണം ഒരുമിച്ചുകൂട്ടലല്ല, മറിച്ച് (മിച്ചമൂല്യവും സമ്പത്തും മാത്രമല്ല) ബഹുജന്‍ ജീവിതങ്ങളെ തന്നെ മൊത്തത്തില്‍ കൈവശപ്പെടുത്തലാണ് ജാതിയുടെ അടിസ്ഥാനയുക്തി. സ്വന്തം ശരീരത്തിനു മേല്‍ പോലും ഉടമസ്ഥാവകാശം ഉന്നയിക്കുന്നതില്‍ നിന്നും ജാതിവ്യവസ്ഥ ബഹുജനങ്ങളെ വിലക്കി. സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങള്‍ പോലും സ്വന്തമാണെന്ന് പറയാന്‍ അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല.

ബഹുജനങ്ങളില്‍ നിന്നും തട്ടിയെടുത്ത് കൈവശപ്പെടുത്തിയ സമ്പത്തെല്ലാം തന്നെ കൂട്ടത്തോടെ നിഷ്ക്രിയ മൂലധനമായി പരിവര്‍ത്തിപ്പിക്കുകയും, ക്ഷേത്രസ്വത്തായും സ്വര്‍ണ്ണമായും മരവിപ്പിക്കുകയുമാണ് മേല്‍ജാതികള്‍ ചെയ്തത്. ബ്രാഹ്മണരുടെ കൈവശമിരുന്ന സ്വകാര്യസ്വത്തുക്കള്‍ പോലും അവര്‍ നിക്ഷേപമായി ഉപയോഗിച്ചിരുന്നില്ല, കാരണം സാമ്പത്തികരംഗത്തു ഇടപെടുന്നതില്‍ നിന്നും അവര്‍ വിലക്കപ്പെട്ടിരുന്നു. ബ്രിട്ടിഷുകാര്‍ക്കു മുന്‍പുണ്ടായിരുന്ന ഒട്ടുമിക്ക സവര്‍ണഭൂമികളും നികുതിരഹിതമായിരുന്നു, അവര്‍ക്കു നികുതി അടക്കേണ്ടതായ യാതൊരുവിധ നിര്‍ബന്ധവും ഉണ്ടായിരുന്നില്ല. (ഉല്‍പന്നത്തിനായിരുന്നു നികുതി, ഭൂമിക്കു നികുതിയില്ലായിരുന്നു).

അബിര്‍ ദാസ്ഗുപ്തയും മറ്റു പലരും പുറത്തുകൊണ്ടുവന്ന പോലെ, വര്‍ധിച്ചു വരുന്ന നിഷ്ക്രിയ ആസ്തികള്‍, ബഹുജന്‍ സമ്പത്ത് കൈവശപ്പെടുത്തി വ്യാജ ബിസിനസ്സുകാരാല്‍ നിഷ്ക്രിയ മൂലധനമാക്കി മാറ്റുന്ന ജാതിവ്യവസ്ഥയുടെ തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്.

ഫാസിസ്റ്റ് ഭരണകൂടം സാമ്പത്തിരംഗത്തു നിന്നും ഒരുപാട് പണം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പുറത്തെടുത്ത് വ്യാജമുതലാളിത്ത്വവാദികള്‍ക്കു നല്‍കി കഴിഞ്ഞു. അവര്‍ മുതലാളിത്തവാദികളോ ചങ്ങാത്ത- മുതലാളിത്തവാദികളോ അല്ല. നേരെ മറിച്ച് അവര്‍ സവര്‍ണ കൊള്ളക്കാര്‍ മാത്രമാണ്.

നിഷ്ക്രിയ മൂലധനചൂഷണത്തില്‍ നിന്നും രൂപംകൊണ്ട ഒരു പ്രത്യയശാസ്ത്രമാണ് ഇന്ത്യന്‍ ഫാസിസം. തൊഴിലിനെ മാത്രമല്ല, ജീവിതത്തെ തന്നെ അത് കോളനിവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ഭൗതിക ജീവിതത്തിന്‍റെ നിഷേധമാണ് നിഷ്ക്രിയ മൂലധനം. നിഷ്ക്രിയ മൂലധനത്തിന്‍റെ വാഴ്ചയാണ് ഫാസിസം.

 

(ഐ.ഐ.ടി ബോംബെയില്‍ പി.എച്.ഡി ചെയ്യുകയാണ് ലേഖകന്‍.)

മൊഴിമാറ്റം : ഇര്‍ഷാദ്

അവലംബം : countercurrents.org

Top