വാളയാർ : തൂക്കിലേറ്റപ്പെട്ട നീതി

ആർക്കും എപ്പോഴും കടന്നു ചെല്ലാവുന്ന, ഉപയോഗിക്കാവുന്ന സാമൂഹിക ചുറ്റുപാടുകളും കുടുംബാന്തരീക്ഷവും അനീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധത്തെക്കുറിച്ചോ നിയമപരമായ സംരക്ഷണത്തെക്കുറിച്ചോ ഒക്കെയുള്ള ബോധ്യമില്ലായ്മയും ഒക്കെ കൂടിച്ചേർന്ന ദലിത് ജീവിത സാഹചര്യങ്ങളാണ് വാളയാറിൽ കുഞ്ഞുങ്ങൾ ഇല്ലായ്മ ചെയ്യപ്പെട്ടതിന് പശ്ചാത്തലമായത് എന്നിരിക്കെ കാൽപനികവൽക്കരിക്കപ്പെട്ട മനുഷ്യത്വ പ്രകീർത്തനങ്ങൾ കൊണ്ട് എന്താണ് പ്രയോജനം? വിനീത വിജയൻ എഴുതുന്നു.

സൂര്യനെല്ലി, വിതുര, കവിയൂർ, കിളിരൂർ, പറവൂർ, തോപ്പുംപടി, വടക്കാഞ്ചേരി, പന്തിരിക്കര, പൂവരണി, പെരുമ്പാവൂർ.. കൊല ചെയ്യപ്പെടുകയും ക്രൂരബലാത്സംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുഞ്ഞുങ്ങളുടെ പേരുകൾക്ക് പകരം അവരുണ്ടായിരുന്ന ദേശനാമങ്ങൾ കൊണ്ടവരെ അടയാളപ്പെടുത്തുന്ന നമ്മുടെ നാടിന്റെ അതിർത്തിയിൽ അവസാനം ചേർക്കപ്പെട്ട ദേശമാണ് വാളയാർ.

വാളയാർ കേസ്, രണ്ട് പെൺകുട്ടികളുടെ കേവല ആത്മഹത്യക്കേസല്ലെന്നും നിരന്തരമായ ലൈംഗിക ദുരുപയോഗത്തിനും മാനസിക പീഡനത്തിനും ഏറെക്കാലമായി ആ കുഞ്ഞുങ്ങൾ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും, അതിന്റെ അവസാനമാണ് വീടു നിർമാണത്തിനായി കെട്ടിയ ഷെഡ്ഡിൽ തൂക്കിയിടപ്പെട്ട രീതിയിൽ അവരുടെ ശരീരങ്ങൾ കാണപ്പെട്ടതെന്നും വാദി, പ്രതി വ്യത്യാസം കൂടാതെ നിയമപാലകർക്കും രാഷ്ട്രീയ ഭേദമില്ലാതെ  കേരളത്തിലെ പൊതുസമൂഹത്തിനും വളരെ വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് കേരളം മുഴുവൻ പ്രതിഷേധ സൂചകമായി ചുവപ്പു പുരണ്ട കുഞ്ഞുടുപ്പുകൾ കെട്ടിത്തൂക്കപ്പെട്ടത്. ഓർക്കണം, വാളയാർ പെൺകുഞ്ഞുങ്ങളുടെ മരണവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ, ഇത്തരമൊരു പ്രതിഷേധമുണ്ടായിരുന്നില്ല. ഇരകൾക്ക് നീതിയും പ്രതികൾക്കു ശിക്ഷയും എന്ന് മുഖ്യമന്ത്രിയുൾപ്പെടെ നീതിയെക്കുറിച്ചു നൽകിയ സകല വാഗ്ദാനങ്ങളും പ്രതീക്ഷകളും അട്ടിമറിക്കപ്പെട്ടതിലുള്ള പ്രതിഷേധമാണ് യഥാർത്ഥത്തിൽ പ്രതീകാത്മകമായി ഒരു നാട് ഏറ്റെടുത്തത്.

കുറ്റകൃത്യം നടന്നു എന്നതിന് യാതൊരു സംശയവുമില്ല. നടന്നു എന്നു സ്ഥാപിക്കുന്നതിലാണ്  പരാജയപ്പെട്ടത്, അതിനാലാണ് നീതി നിഷേധിക്കപ്പെട്ടത്. അതംഗീകരിക്കുന്നതിനു പകരം അച്ചടക്കമില്ലാത്ത കുടുംബ ജീവിതത്തിന്റെ പേരിലും അസാന്മാർഗിക ജീവിത രീതിയുടെ പേരിലും കുട്ടികളെ വളർത്തുന്നതിൽ വന്ന പാളിച്ചകളുടെ പേരിലും കുടുംബത്തെ വിചാരണ ചെയ്യാനാണ് ചിലരുടെ പുറപ്പാട്. കൊല ചെയ്യപ്പെട്ട, ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെട്ട ദലിതരായിട്ടുള്ള ഓരോരുത്തരുടെയും കുടുംബങ്ങളെപ്പറ്റിയും ഇത്തരം സദാചാര വിചാരണകളും പിതൃത്വശുദ്ധി സ്മാർത്തവിചാരങ്ങളും കാലാകാലങ്ങളായി നടന്നു വരാറുണ്ട്. രോഹിത് വെമുലയുടെ അമ്മ മുതൽ ജിഷയുടെ അമ്മ വരെ അതിന് വിധേയരായിട്ടുണ്ട്.

ആർക്കും എപ്പോഴും കടന്നു ചെല്ലാവുന്ന, ഉപയോഗിക്കാവുന്ന സാമൂഹിക ചുറ്റുപാടുകളും കുടുംബാന്തരീക്ഷവും അനീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധത്തെക്കുറിച്ചോ നിയമപരമായ സംരക്ഷണത്തെക്കുറിച്ചോ ഒക്കെയുള്ള ബോധ്യമില്ലായ്മയും ഒക്കെ കൂടിച്ചേർന്ന ദലിത് ജീവിത സാഹചര്യങ്ങളാണ് കുഞ്ഞുങ്ങൾ ഇല്ലായ്മ ചെയ്യപ്പെട്ടതിന് പശ്ചാത്തലമായത് എന്നിരിക്കെ വാളയാറിലെ പെൺകുഞ്ഞുങ്ങളെ ദലിതരെന്ന് പറയരുത്, മനുഷ്യരല്ലേ അവർ എന്ന്  ഇനിയും ചിലർ. അവരുടെ ദലിത് ജീവിത പശ്ചാത്തലമാണ് അവരെ ഇല്ലായ്മ ചെയ്യാൻ ഇടമൊരുക്കിയതും, നീതി ലഭ്യതയെ തടസ്സപ്പെടുത്തിയതും എന്നിരിക്കേ കാൽപനികവൽക്കരിക്കപ്പെട്ട മനുഷ്യത്വ പ്രകീർത്തനങ്ങൾ കൊണ്ട് എന്താണ് പ്രയോജനം? വാളയാറിലെ പെൺകുഞ്ഞുങ്ങൾ സവർണരോ, സമ്പന്നരോ, രാഷ്ട്രീയ സ്വാധീനമുള്ളവരോ ആയ മാതാപിതാക്കളുടെ മക്കളായിരുന്നെങ്കിൽ അവർക്കിത്തരമൊരു ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു. നേരിട്ടാൽ തന്നെ ഇത്തരമൊരവസ്ഥയിൽ കേസ് എത്തിച്ചേരില്ലായിരുന്നു. അവർ ദലിതരും ദരിദ്രരുമായതിനാലാണ് ഇത്രമേൽ അലംഭാവത്തോടെ വാളയാർ കേസ് പോലീസും നീതിപീഠവും ഭരണ സംവിധാനവും മാധ്യമങ്ങളും കൈകാര്യം ചെയ്തത്. 

ദൗർഭാഗ്യകരമായ ഒരു ദുരന്തം; ഏതൊരു സമൂഹത്തിലും വേദനയും രോഷവും ഉണ്ടാക്കുന്ന ഒരു സംഭവം, ഭരണകൂടം സൃഷ്ടിച്ചതാണെന്ന തരത്തിലുള്ള അന്ധമായ ആരോപണങ്ങൾക്ക് പ്രസക്തിയില്ല. സ്വാഭാവികമായും സംഭവം ഉണ്ടായതിനു ശേഷം മാത്രമാവും, അത് ഭരണകൂടത്തിന്റെയും നിയമ പരിപാലന സംവിധാനങ്ങളുടെയും ശ്രദ്ധയിലും എത്തിയിരിക്കുക. ആ ഘട്ടത്തിനു ശേഷം വാളയാർ കേസിൽ ഉണ്ടായിട്ടുള്ള ഭരണകൂട, രാഷ്ട്രീയ  ഇടപെടലുകളും, പോലീസ്, നിയമ സംവിധാനങ്ങളുടെ കാര്യക്ഷമതാ രാഹിത്യവും, അലംഭാവവും, ചേർന്ന് ഇരകളാക്കപ്പെട്ട പെൺകുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചു എന്നിടത്താണ്, കമ്യൂണിസത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സമത്വമെന്ന താത്വികാടിത്തറ വാളയാർ വിഷയത്തിൽ തകർന്നു പോയി എന്നു പറയേണ്ടി വരുന്നത്. നീതിയുടെ വിതരണത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന സമത ജാതിയുടേയോ സാമൂഹ്യ അന്തസിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിൽ നിഷേധിക്കപ്പെടുന്നു എങ്കിൽ, പാവപ്പെട്ടവന്റെ പാർട്ടി എന്ന പറച്ചിലിന് ഇനിയുമെന്താണ് പ്രസക്തി?

അടിസ്ഥാന ജനവിഭാഗത്തിൽ പെടുന്നവരാണ്, ഇരകളുമവരുടെ കുടുംബവും. കമ്യൂണിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ തൊഴിലാളി വർഗത്തിൽ പെടുന്നവർ – പ്രത്യേക സംരക്ഷണ നിയമങ്ങൾ ഭരണഘടനാപരമായി നിലനിൽക്കുന്ന പട്ടിക വിഭാഗത്തിൽ പെടുന്നവർ – അവർക്ക് നീതി വാങ്ങിക്കൊടുക്കുന്നതിൽ ഇടതുപക്ഷത്തിന്റെ നീതിസമത്വ സങ്കൽപം പരാജയപ്പെട്ടുവെങ്കിൽ, അങ്ങിനെയൊന്നില്ലാതായിരിക്കുന്നു  എന്നു തന്നെയാണ് പറയേണ്ടത്. നീതിയുടെ വിതരണമെന്ന അടിസ്ഥാന ജനാധിപത്യ വാഗ്ദാനത്തിൽ പോലും സമത്വം സാധ്യമാവുന്നില്ലെങ്കിൽ സോഷ്യലിസമെന്ന സങ്കൽപത്തിനെന്തു പ്രസക്തിയാണുള്ളത്?

നീതി നിഷേധങ്ങൾക്കും പോലീസ് വീഴ്ചകൾക്കും എതിരേ നിരന്തര ജാഗ്രതയോടെ നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന, എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടനയുടെ ഭാരവാഹിയായിരുന്ന നിരന്തരം അത്തരം പോരാട്ടങ്ങളുടെ ഭാഗമായിരുന്ന ഒരാളാണ് വാളയാർ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജാ മാധവൻ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ കാര്യം വരുമ്പോൾ അത്രയെളുപ്പം മറന്നു കളയാവുന്ന ഒന്നാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ കലാലയങ്ങളിലും തെരുവുകളിലും നിന്ന് ഉച്ചത്തിൽ വിളിച്ചു പറയിപ്പിക്കുന്ന നീതിബോധവും സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും?

ഒരു കാലത്ത്, ആദർശവാന്മാരും, ധാർമിക ബോധമുള്ളവരുമായി വിദ്യാർഥികളെ രൂപപ്പെടുത്താൻ ഇടയാക്കിയ ഒരു വിദ്യാർഥി പ്രസ്ഥാനം, സർക്കാർ ജോലിക്കു പരീക്ഷയെഴുതുമ്പോൾ ഉത്തര കീ വേർഡുകൾ മെസേജായി അയച്ചു കിട്ടാനും, ഉന്നത ബോർഡ് മെമ്പർ സ്ഥാനങ്ങളിലേക്ക് കയറിച്ചെല്ലാനും ഉള്ള ഇടത്താവളങ്ങൾ മാത്രമായാണ് ഇന്ന്  വിദ്യാർഥി സമൂഹം കാണുന്നത്. ഇതേറ്റവും ദൃശ്യമായിട്ടുള്ളത് കോടതിയുമായി ബന്ധപ്പെട്ടാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

പ്രതികൾക്ക് വേണ്ടി ഹാജരായ എൻ. രാജേഷ്

നിലവിൽ കേരളത്തിലുടനീളമുള്ള കേസുകളിൽ സിവിൽ കേസുകളിൽ സർക്കാർ വാദിയായും ക്രിമിനൽ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിക്കപ്പെട്ടവരെല്ലാം അതാതു കാലങ്ങളിൽ ഭരണകക്ഷികളുമായി നേരിട്ടു ബന്ധപ്പെട്ടവരോ അവരവരുടെ വിദ്യാർഥി സംഘടനകളുടെ പൂർവകാല പ്രവർത്തകരോ ആണ്. വനിതാ കമ്മീഷൻ, യുവജന ശിശുക്ഷേമ ബോർഡുകൾ തുടങ്ങി സർക്കാർ പണം മുടക്കി ജനക്ഷേമ താൽപര്യാർഥം മുന്നോട്ടുവയ്ക്കപ്പെട്ട ബോർഡുകളിലും അങ്ങനെ തന്നെയാണ്. അവരവർ വഹിക്കുന്ന പദവിയുടെ അർഥമെങ്കിലും ഉൾക്കൊള്ളാൻ സാധിക്കുന്നവരെ വേണം അവിടങ്ങളിൽ നിയമിക്കാൻ. അങ്ങനെയല്ലാത്തതിനാലാണല്ലോ പോക്സോ ചുമത്തപ്പെട്ട വാളയാർ കേസിൽ, ശിശു പീഡകരായ പ്രതികൾക്കു വേണ്ടി പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനും സിപിഎം നേതാവുമായ അഡ്വ.എന്‍ രാജേഷ് വാദിച്ചതും എല്ലാം കഴിഞ്ഞ് പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമികതയുടെ പേരിൽ ശിശുക്ഷേമ സമിതിയുടെ ചുമതലയിൽ നിന്നും ഒഴിവാക്കേണ്ടി വന്നതും!

സാമൂഹികവും സാമ്പത്തികവുമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട രണ്ടു കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ടുന്ന സ്വാഭാവിക നീതിയെ നിഷേധിക്കാൻ കൂട്ടുനിൽക്കുകയും നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയെത്തെത്തന്നെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി നിലകൊള്ളുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടർ അഭിഭാഷകയെന്ന നിലയിൽ അവരുടെ തൊഴിലിന്റെ നൈതികതയെയും താൻ പങ്കാളിയായിരുന്ന പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളെയും ഒരേ പോലെ റദ്ദുചെയ്തു കൊണ്ടാണത് ചെയ്തിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ തന്റെ ജോലിയിൽ, ഉത്തരവാദിത്തത്തിൽ കാണിച്ച അലംഭാവമാണ് പരമമായ നീതി നിഷേധത്തിന് വഴിവെച്ചത്, പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന വാദത്തെ ഒരു തവണ പോലും കോടതിയിൽ ചോദ്യം ചെയ്യാത്ത പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്ന് വിധിയിൽ തന്നെ പറയുന്നു. തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്ന് പ്രോസിക്യൂട്ടറും പറയുന്നു. പ്രതികളെ സഹായിച്ചത് ഇടതു രാഷ്ട്രീയ പ്രസ്ഥാനമെന്ന് കുടുംബവും പറയുന്നു.  

അട്ട്രോസിറ്റി ചുമത്തപ്പെട്ട കേസുകളിൽ ഡിവൈഎസ്പ്പീ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ വേണം അന്വേഷിക്കാൻ എന്നിരിക്കേ, വാളയാർ പെൺകുഞ്ഞുങ്ങളുടെ കേസ് തുടക്കം മുതൽ അന്വേഷിച്ച് തെളിവ് നശിപ്പിച്ചവർ  എസ്ഐയും സിഐയും ആണ്. പെൺകുഞ്ഞുങ്ങൾ കൊല ചെയ്യപ്പെട്ടതാകാം എന്ന സൂചനകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടുപോലും അതേക്കുറിച്ച് ഒരന്വേഷണവും നടത്താതെ കേസ് അട്ടിമറിച്ച സോജൻ എന്ന ഉദ്യോഗസ്ഥൻ ജിഷാ കേസിലും കലാഭവൻ മണിയുടെ അസ്വാഭാവിക മരണക്കേസിലും സമാനമായ കൃത്യവിലോപം കാണിച്ചതായി പരാതികൾ നിലനിൽക്കുന്നുണ്ട്. ദലിതർ ഇരകളാക്കപ്പെടുന്ന കേസുകൾ അന്വേഷിക്കാൻ പോലീസിലെ ക്രിമിനലുകളെത്തന്നെ നിയോഗിക്കുന്നത് ഭരണകൂടം ദലിതർക്ക് ലഭിക്കേണ്ട നീതിക്കൊപ്പമല്ല എന്നതിനു തെളിവാണ്.

തനിക്കൊപ്പം ഭരണകൂടമുണ്ടെന്ന് പക്ഷേ, സോജൻ എന്ന ഉദ്യോഗസ്ഥന് ഉറപ്പുണ്ട്. അതുകൊണ്ടാണല്ലോ വിധിപ്രസ്താവത്തിനു ശേഷവും  ചാനൽ ചർച്ചയിൽ വന്നിരുന്ന്, ഒൻപതും പതിനൊന്നും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാകാം നടത്തിയത് എന്ന കുറ്റകരമായ പ്രസ്താവന നടത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ എതിർപ്പില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും അത് പീഡനം തന്നെയാണ് എന്നു കണക്കാക്കപ്പെടുന്ന നിയമത്തെപ്പറ്റിപ്പോലും സാമാന്യബോധമില്ലാഞ്ഞിട്ടല്ല, മറിച്ച് അതിന്റെ പേരിൽ ഒരു നടപടിയും തനിക്കെതിരേ വരില്ലെന്ന ഉറപ്പോടെ തന്നെയാണ് അയാൾ അത്തരത്തിൽ പ്രതികരിച്ചത്.

അനീതികൾക്ക് വഴിയൊരുക്കുന്നതും അതിന് കൂട്ടുനിൽക്കുന്നതും നിയമ സംവിധാനത്തെ അതിനുപയോഗിക്കുന്നതും ഭരണകൂടമാണിവിടെ, സാഹചര്യത്തെളിവുകൾ വച്ച് സംശയലേശമന്യേ പറയാം, വാളയാർ കേസിൽ യഥാർഥ അട്ടിമറി നടത്തിയത്, ഒത്താശ ചെയ്തത് ഇടത് സർക്കാരാണ്.

കേരള സമൂഹത്തെ  ജനാധിപത്യപരമാക്കുന്നതിൽ വലിയ ഇടപെടൽ നടത്തിയെന്നവകാശപ്പെടുന്ന, പാവപ്പെട്ടവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും പ്രസ്ഥാനം എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വജനപക്ഷപാതവും അധികാര രാഷ്ട്രീയവും അധികാര വിനിയോഗത്തിന്റെ ധാർഷ്ട്യവും കൊണ്ട് തകർത്തു കളയുന്നത് നിയമത്തിനു മുന്നിലെ സമത്വം എന്ന ഭരണഘടനാ വാഗ്ദാനത്തെയും മാനുഷിക നൈതികതയുടെ കേവല പ്രതീക്ഷകളെയും കൂടിയായതുകൊണ്ടാണ് കേവലമൊരു ക്രിമിനൽ കേസിലെ കോടതി വിധി എന്നതിനപ്പുറം വാളയാർ പ്രതിക്കൂട്ടിൽ ഇന്ന് ഇടതുഭരണകൂടം ജനകീയ വിചാരണ ചെയ്യപ്പെടുന്നതും, ഇടത് സംസ്കാരിക അപചയത്തിന്റെ, ധാർമ്മിക പതനത്തിന്റെ നേർച്ചിത്രമായി വാളയാർ വിലയിരുത്തപ്പെടുന്നതും.

വാളയാർ കേസിലെ പ്രതികൾ

വർഗരാഷ്ട്രീയവും അതിലധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനങ്ങളും കൊണ്ട് ജാതിവ്യവസ്ഥയുടെ ശ്രേണീഘടനയ്ക്കനുസൃതമായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിലെ അടിത്തട്ടു ജനതയുടെ ഉന്നമനമോ, തുല്യനീതിയുടെ വിതരണമോ സാധ്യമാവും എന്ന ഇടതുപക്ഷ മൂഢസങ്കൽപത്തിനേറ്റ പ്രഹരമാണ് അട്ടിമറിക്കപ്പെട്ട വാളയാർ കേസ്.

അനീതിയാണ് നടന്നിരിക്കുന്നത്. അതംഗീകരികയാണ് ആദ്യം വേണ്ടത്. പാളിച്ച പറ്റിയത് ഭരണകൂടത്തിനും പോലീസിനും പ്രോസിക്യൂഷനും ഒന്നടങ്കമാണ്. കുറ്റകരമായ പിന്തുണ എവിടെ നിന്നെല്ലാം കുറ്റവാളികൾക്ക് ലഭിച്ചിട്ടുണ്ടോ, അതെല്ലാം പരിശോധിക്കുന്ന തരത്തിൽ പഴുതടച്ച അന്വേഷണമാണ് പരിഹാരം. മറക്കരുത്, നീതി തൂങ്ങി നിൽപ്പാണ്, ഇനിയും മരവിച്ചിട്ടില്ലാത്ത കേരളത്തിന്റെ മനസാക്ഷിക്കു മുന്നിൽ!

Top