“വെജിറ്റേറിയന്‍ സ്റ്റേറ്റേ, എന്‍റെ മകനെ നിങ്ങളെന്ത് ചെയ്തു”?

‘വെജിറ്റേറിയന്‍സ് ഓണ്‍ലി’ എന്ന കഥ ഹൈദരാബാദ് നഗരത്തിൽ വാടകവീട് അന്വേഷിക്കുന്ന, ദമ്പതികളായ യൂസുഫിന്‍റെയും ഷഹീനിന്‍റെയും കഥയാണ്. ‘വീട് വാടകക്ക്’ എന്നെഴുതിവെച്ചിരിക്കുന്ന പരസ്യ ഫലകങ്ങള്‍ക്കുതാഴെ ‘സസ്യാഹാരികൾക്കു മാത്രം’ എന്നും ചേർത്തിരിക്കുന്നു. ചിലര്‍ സംസാരങ്ങള്‍ക്കു ശേഷം ‘ഞങ്ങളിൽ പെട്ട’ ആളുകള്‍ക്കു മാത്രമേ വീട് തരൂ എന്നും പറയുന്നു.

തെലുങ്ക് എഴുത്തുകാരൻ യൂസുഫ് സ്കൈബാബയുടെ ‘വെജിറ്റേറിയന്‍സ് ഓണ്‍ലി’ എന്ന കഥാസമാഹാരം സമകാലിക തെലുങ്ക് മുസ്‌ലിം സാഹചര്യത്തെ വരച്ചുകാട്ടുന്ന കൃതിയാണ്. സമുദായം, ജാതി എന്നിവ ഉൽപാദിപ്പിക്കുന്ന സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളാണ് കഥകളിൽ തെളിയുന്നത്. തന്‍റെ ചുറ്റുപാടുകളാണ് ഈ കഥകള്‍ എന്ന് പറയുന്ന കഥാകൃത്ത്, ചില കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരാണെന്നും പറയുന്നു. തെലങ്കാനയിലെ കേശുരാജുപള്ളി എന്ന സ്ഥലത്തെ ജനങ്ങളും അവിടുത്തെ നിവാസികളുമാണ് കഥാപാത്രങ്ങള്‍. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ‘വെജിറ്റേറിയന്‍സ് ഓണ്‍ലി’ വായിക്കുന്നത് ഏറെ പ്രസക്തമാണ്. 

തെലുങ്ക് മുസ്‌ലിം ജീവിതം

പെറ്റീഷന്‍, വെജിറ്റേറിയന്‍സ് ഓണ്‍ലി, മാതൃരാജ്യം എന്നീ കഥകളാണ് തെലുങ്ക് മുസ്‌ലിം അവസ്ഥകളെ കാണിക്കുന്നത്. എന്തിനാണെന്ന് പോലും അറിയാതെ ഒരു പാതിരാത്രിയിൽ മുംതാസ് ബീഗത്തിന്‍റെ മകന്‍ അഹമ്മദിനെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്ന മുംതാസ് പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നത്: ” അവന്‍റെ പേരിൽ  ഒരു കേസുമില്ല, ഒരു തെറ്റും ചെയ്യാതെയാണ് അവനെ പിടിച്ചു കൊണ്ടുവന്നത്, ഇപ്പോള്‍ പതിനഞ്ചു ദിവസമായി, എന്‍റെ മകൻ എത്ര നല്ലവനാണെന്നൊ! അവനിതുവരെയും ഒരാളെയും ഉപദ്രവിച്ചിട്ടില്ല” എന്നൊക്കെയാണ്. പക്ഷേ ഇതൊന്നും ചെവികൊള്ളാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. അവന്‍റെ പേര് തന്നെയായിരുന്നു അവര്‍ക്ക് അവനെ ജയിലിലടക്കാന്‍ മതിയായ തെളിവ്. ഇൻഡ്യൻ ജയിലുകളിലെ ന്യൂനപക്ഷ വര്‍ദ്ധനവിനെ കുറിക്കുന്ന ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ്. മകനെ കാണാതായ ശേഷം അവര്‍ക്ക് വിശ്രമമില്ലാതാവുന്നു. ഭക്ഷണം പോലും കഴിക്കാറില്ല. അവന്‍റെ കൂടെ രാജേഷ് എന്നൊരു കുട്ടിയേയും പോലീസ് പിടികൂടിയിരുന്നു. എന്നാൽ അവനെ പോലീസ് വെറുതെ വിട്ടു. ഇതിനെക്കുറിച്ച് ഒരു പോലീസുകാരനോട് മുംതാസ് ബീഗം ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത്: “നിങ്ങളുടെ മകനെ മാത്രമല്ല ഉമ്മാ, നിങ്ങളുടെ മകന്‍റെ പ്രായമുള്ള മുസ്‌ലിംകളായ പത്തുപേരെയും പിടിച്ചിട്ടുണ്ട്” എന്നാണ്. ആരും അവരെക്കുറിച്ച് ആകുലരല്ല. അവരിൽ രണ്ടുപേര്‍ പണവും സ്വാധീനവും ഉപയോഗിച്ച് മോചിതരായി. ഇവിടുത്തെ എസ്ഐ ആര് പറയുന്നതും കേള്‍ക്കില്ല. മുസ്‌ലിംകളെ മോചിപ്പിക്കാന്‍ അയാള്‍ക്ക് ഒട്ടും താൽപര്യമില്ല. ഇൻഡ്യൻ ദേശീയതയുടെ പ്രതിസ്ഥാനത്ത് നിര്‍ത്താൻ ഇത്തരം മുസ്‌ലിംകളെ ‘അപകടകാരികളായി” നിര്‍മിച്ചെടുക്കേണ്ടിയിരിക്കുന്നു. രവികാന്ത് റെഢ്ഡി എന്ന അവിടത്തെ എസ്ഐ ഒരിക്കൽ പോലും മുംതാസ് ബീഗത്തെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.

ഒരുപാട് ദിവസം പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും തന്‍റെ മകനെ കാണാന്‍ കഴിയാതാവുമ്പോള്‍ മുംതാസ് ബീഗം ഉച്ചത്തിൽ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചുപറയുന്നുണ്ട്: “എന്‍റെ മകനെ കാണാന്‍ സമ്മതിക്കാത്തത് വലിയ കഷ്ടമാണ്, ഞാനിങ്ങനെ തളര്‍ന്ന് മിണ്ടാതിരിക്കാനൊന്നും പോകുന്നില്ല, ഒരാളും നിങ്ങളെ ചോദ്യം ചെയ്യില്ലെന്നാണ് നിങ്ങളുടെ വിചാരം”, എവിടെനിന്നോ സംഭരിച്ച ഊര്‍ജത്തിൽ  അവര്‍ അപ്പോള്‍ അങ്ങനെ പറഞ്ഞെങ്കിലും ഈ വ്യവസ്ഥിതിക്കെതിരിൽ ഒറ്റക്ക് പോരാടാന്‍ അവര്‍ക്കൊരിക്കലും കഴിയുമായിരുന്നില്ല.

കഥ അവസാനിക്കുന്നത്, ഒരുപാട് ദിവസത്തിനുശേഷം സ്റ്റേഷനിൽ വന്ന് എന്‍റെ മകനെ ഇന്നെങ്കിലും കാണാന്‍ സാധിക്കുമോ എന്ന് ചോദിക്കുന്ന മുംതാസ് ബീഗത്തോട് അവിടുത്തെ കോണ്‍സ്റ്റബിള്‍: “ഇന്നലെ എന്‍റെ ഡ്യൂട്ടി കഴിയുന്ന നേരത്ത് അഹമ്മദ് സ്റ്റേഷനിലുണ്ടായിരുന്നു, എന്നാലിന്ന് രാവിലെ വന്നപ്പോള്‍ അവനെ കാണാനില്ല, പാതിരാത്രി അവനെയവര്‍ എവിടേക്കോ കൊണ്ടു പോയിട്ടുണ്ടാവും, എവിടേക്ക് ആണെന്ന് എനിക്കറിയില്ല” എന്നു പറയുന്നതോടുകൂടിയാണ്. ഇത്രയും ദിവസം തന്‍റെ മകൻ ഇവിടെ തന്നെയുണ്ടെന്നായിരുന്നു മുംതാസ് ബീഗം വിചാരിച്ചിരുന്നത്. എന്നാലിപ്പോള്‍ അവന്‍ എവിടെയാണെന്നുപോലും നിശ്ചയമില്ല. നിരപരാധികളായ മുസ്‌ലിം ചെറുപ്പങ്ങള്‍ക്കെതിരെയുള്ള പോലീസ് വേട്ടയുടെ നേര്‍സാക്ഷ്യമാണ് ‘പെറ്റീഷന്‍’ എന്ന കഥ.

യൂസുഫ് സ്കൈബാബ

‘വെജിറ്റേറിയന്‍സ് ഓണ്‍ലി’ എന്ന കഥ ഹൈദരാബാദ് നഗരത്തിൽ വാടകവീട് അന്വേഷിക്കുന്ന, ദമ്പതികളായ യൂസുഫിന്‍റെയും ഷഹീനിന്‍റെയും കഥയാണ്. ‘വീട് വാടകക്ക്’ എന്നെഴുതിവെച്ചിരിക്കുന്ന പരസ്യ ഫലകങ്ങള്‍ക്കുതാഴെ ‘സസ്യാഹാരികൾക്കു മാത്രം’ എന്നും ചേർത്തിരിക്കുന്നു. ചിലര്‍ സംസാരങ്ങള്‍ക്കു ശേഷം ‘ഞങ്ങളിൽ പെട്ട’ ആളുകള്‍ക്കു മാത്രമേ വീട് തരൂ എന്നും പറയുന്നു. ഒറ്റ ഫലകത്തിലൂടെയും ഒറ്റ വാക്കിലൂടെയും പ്രത്യക്ഷമായി തന്നെ എങ്ങനെയാണ് ഒരു വലിയ അപരനിര്‍മിതി സാധ്യമാവുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു. സസ്യാഹാരികൾക്കു മാത്രമേ ഞങ്ങള്‍ വീട് നൽകൂ എന്ന് ഉടമസ്ഥന്‍ പറയുമ്പോള്‍ യൂസുഫ് ചിന്തിക്കുന്നത്, മാംസം ഭക്ഷിക്കുന്ന ആര്‍ക്കും അവര്‍ വീട് കൊടുക്കില്ലായിരിക്കും, ശുദ്ധസസ്യാഹാരികളായി എത്ര പേരാണുണ്ടാവുക? മാംസം കഴിക്കുന്നവര്‍ ആരൊക്കെയാണ്? മുസ്‌ലിംകൾ കഴിക്കാറുണ്ട്, ക്രിസ്ത്യാനികള്‍ ഒട്ടുമിക്കപേരും മാംസം കഴിക്കുന്നവരാണെന്നു തോന്നുന്നു, ദലിതരും പിന്നാക്കജാതിക്കാരുമെല്ലാം മാംസം കഴിക്കുന്നവരാണല്ലോ, എന്നൊക്കെയാണ്. കൃത്യമായ വരേണ്യ ഭക്ഷണ-സംസ്കാര നിര്‍മിതിയിലൂടെ എത്ര എളുപ്പമാണ് അവര്‍ ഒരു വലിയ ജനവിഭാഗത്തെ പുറന്തള്ളുന്നത് എന്ന് കാണാം. ദലിതർക്ക് മാത്രമാണ് തൊട്ടുകൂടാത്തവര്‍ ഇല്ലാത്തതെന്നും, മറ്റുള്ളവര്‍ക്ക് ബാക്കിയുള്ളവരെല്ലാം തൊട്ടു കൂടാത്തവരാണെന്നും യൂസുഫ് ചിന്തിക്കുന്നു. വീടന്വേഷിക്കുന്നതിനിടയിൽ യൂസുഫ് നന്നായി തെലുങ്കു സംസാരിക്കുന്നതായിരുന്നു ചിലരുടെ പ്രശ്നം. നിങ്ങള്‍ മുസ്‌ലിമായിരുന്നോ, നിങ്ങളെത്ര നന്നായാണ് തെലുങ്കു സംസരിക്കുന്നത് എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്. ഉറുദു മാത്രമാണ് മുസ്‌ലിംകൾ സംസാരിക്കുക എന്നാണവര്‍ വിചാരിക്കുന്നത്. ഒരു തെലുങ്ക് സ്റ്റേറ്റിൽ ജീവിക്കുന്ന ഞാന്‍ തെലുങ്കു സംസാരിക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്നാണ് യൂസുഫ് ചിന്തിക്കുന്നത്.

‘മാതൃരാജ്യം’ എന്ന കഥ സുൽത്താന്‍ എന്ന യുവാവിന്‍റെതാണ്. സുൽത്താന്‍റെ സുഹൃത്താണ് സുരേഷ്. സുൽത്താന്‍ ഗള്‍ഫിൽ പോകാന്‍ തീരുമാനിച്ചപ്പോള്‍ ദുബൈയിലും ഗള്‍ഫിലുമൊക്കെ പോകുന്ന മുസ്‌ലിംകളെ സുരേഷ് പരിഹസിച്ചിരുന്നു. അവനിപ്പോള്‍ അമേരിക്കയിലാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് സുൽത്താനെ കണ്ടുമുട്ടിയപ്പോള്‍, അവന്‍ അവിടുത്തെ ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ സുൽത്താന്‍ ചിന്തിച്ചുകൊണ്ടിരുന്നത് മറ്റൊന്നായിരുന്നു.

“ഞാന്‍ ദുബൈയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ നീയെന്നെ കളിയാക്കിയത്  ഓര്‍മയുണ്ടോ, എത്ര രൂക്ഷമായിട്ടാണ് നീയെന്നെ പരിഹസിച്ചത്, മുസ്‌ലിംകൾക്ക് അവരുടെ ജന്മനാടു വിട്ട് പോകാന്‍ എളുപ്പമാണെന്നും, കാരണം ഈ നാടിനെ സ്വന്തം നാടായി അവര്‍ കാണുന്നില്ലെന്നും പറഞ്ഞതൊക്കെ നീ മറന്നൊ, ഇപ്പോള്‍ ഇവിടെ ജനിച്ച നീ അമേരിക്കയിൽ സ്ഥിര താമസമാക്കാന്‍ പോകുന്നു, ഗ്രീന്‍ കാര്‍ഡ് കിട്ടിയതിന്‍റെ അഹങ്കാരത്തിൽ തന്‍റെ കുഞ്ഞ് അമേരിക്കന്‍ പൗരനാകുമുല്ലൊ എന്നോര്‍ത്ത് ആഹ്ളാദിക്കുന്നു” എന്നെല്ലാം സുൽത്താൻ മനസ്സിൽ പറയുന്നു.

പെട്ടെന്നായിരുന്നു സുൽത്താന്‍ ദിവാസ്വപ്നത്തിൽ നിന്ന് ഉണരുന്നത്. അവന്‍ ഇത് സുരേഷിനോട് ചോദിക്കുന്നില്ല. പകരം അവന്‍റെ ആഹ്ളാദത്തിൽ പങ്കുചേരുകയാണ് ചെയ്യുന്നത്. മുസ്‌ലിംകൾ ഇവിടെ ജനിച്ച് ഇവിടെത്തന്നെ വളര്‍ന്ന്, ജോലി ചെയ്താലും അവര്‍ക്ക് അവരുടെ രാജ്യസ്നേഹം നിരന്തരം തെളിയിക്കേണ്ടിവരുന്നു. എന്നാൽ സുരേഷ് മറ്റൊരു രാജ്യത്തിന്‍റെ പൗരത്വം സ്വീകരിച്ചിട്ടും അവന്‍റെ രാജ്യസ്നേഹത്തിനൊരു കോട്ടവും തട്ടുന്നില്ല.

‘ദസ്തര്‍’ എന്ന കഥയിൽ തെലുങ്കു സാമൂഹികാവസ്ഥയിലെ ഒരു യാഥാർഥ്യമായ ജാതിവ്യവസ്ഥയുടെ നേര്‍ചിത്രമാണ് കാണിക്കുന്നത്. മൂന്ന് വ്യത്യസ്ത സമുദായത്തിൽ പെട്ട സുഹൃത്തുക്കളുടെ കഥയാണിത്. ഒരിക്കലും പിരിയാന്‍ കഴിയാത്ത കൂട്ടുകാരായിരുന്ന അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഇങ്ങനെ നടക്കുന്നത് പക്ഷെ അവരുടെ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് നരേന്ദ്ര റെഢ്ഡിയുടെ സഹോദരിയുടെ വിവാഹം വന്നെത്തുന്നത്. വിവാഹത്തിനു വേണ്ട എല്ലാ ജോലികളും അവര്‍ മൂന്നു പേരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. പന്തലൊരുക്കൽ, ഭക്ഷണം വിളമ്പൽ എന്നിങ്ങനെ പിടിപ്പത് പണികൾ ഉണ്ടായിരുന്നു. കല്യാണ ദിവസം ഭക്ഷണം വിളമ്പുന്ന സമയത്ത് നരേന്ദ്രന്‍റെ വീടിനുള്ളിൽ ഒരു വലിയ ശബ്ദമുണ്ടാകുന്നു. റെഢ്ഡി കുടുംബത്തിന്‍റെ കല്യാണത്തിന് പരശുരാമന്‍ എന്ന ദലിതന്‍ ഭക്ഷണം വിളമ്പിയതായിരുന്നു പ്രശ്നം. ഞങ്ങള്‍ക്ക് മഡിഗയെ* കൊണ്ട് ഭക്ഷണം വിളമ്പിക്കാന്‍ നിനക്കെങ്ങനെ തോന്നി എന്നു പറഞ്ഞ് നരേന്ദ്രനുനേരെ അവര്‍ ആക്രോശിക്കുന്നു. പാപഭാരത്താൽ എല്ലാവരുടെയും മുന്നിൽ വെച്ച് പരശുരാമൻ അപമാനിതനാവുന്നു.

തെലുങ്ക് മുസ്‌ലിം സ്ത്രീ സാഹചര്യം

മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലും വിവേചനവും കാണിക്കുന്നതാണ് കുഞ്ഞുപെങ്ങള്‍, വെളിച്ചം അവസാനിക്കുന്നു, കബൂത്തര്‍, ഖിബ്ല എന്നീ കഥകള്‍. ‘കബൂത്തര്‍’ എന്ന കഥയിൽ വിവാഹപ്രായമെത്തിയ ഫാത്തിമയുടെ മകള്‍ ഗോഷിയെ കെട്ടിച്ചയക്കാന്‍ അവര്‍ ഒരുപാട് പ്രയാസപ്പെടുന്നു. ഒരുപാട് ആളുകള്‍ മകളെ കാണാന്‍ വരുന്നു. എന്നാൽ അവര്‍ പറയുന്ന സ്ത്രീധന തുക നൽകാന്‍ അവര്‍ക്കൊരിക്കലും കഴിയുമായിരുന്നില്ല. ഫാത്തിമയുടെ ഭര്‍ത്താവ് മരണപ്പെട്ടതാണ്. ‘ഖിബ്ലയിൽ’ ഉസ്മാന്‍റെ സഹോദരി പര്‍വിന്‍റെ വിവാഹത്തിലാണ് ആശങ്ക. ഹിന്ദു-മുസ്‌ലിം കലാപത്തിൽ അവരുടെ വാപ്പ പാഷാഭായ് കൊല്ലപ്പെട്ടതാണ്. അതിനുശേഷം ഉസ്മാനാണ് കുടുംബത്തെ പോറ്റുന്നത്. ഇതിനിടയിൽ പര്‍വിന്‍റെ വിവാഹം നടത്തുക എന്നത് ഉസ്മാന് പ്രയാസമായിരുന്നു. സ്ത്രീധനമായി നൽകേണ്ട കാര്യങ്ങളുടെ ഒരു വലിയ പട്ടിക അവര്‍ നിരത്തുന്നു. അഞ്ച് തോല സ്വര്‍ണ്ണം, ഇരുപത് തോല വെള്ളി, കാശായി അമ്പതിനായിരം രൂപ, ഒരു ഹീറോ ഹോണ്ട ബൈക്ക്, സ്റ്റീലിന്‍റെ അലമാര, കളര്‍ ടിവി, ടൈറ്റാന്‍ റിസ്റ്റ് വാച്ച്, ടേബിള്‍ ഫാന്‍, ബെഡും തലയണയും, ഡൈനിംഗ് ടേബിള്‍, നാല് കസേരയും പാചകത്തിനായുള്ള പാത്രങ്ങള്‍, ഇങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. സ്ത്രീധനം എന്ന ക്രൂരമായ ആചാരത്തിന്‍റെ ഇരകള്‍ കൂടിയാണ് ഇവിടുത്തെ സ്ത്രീകള്‍. ഇന്നും ഇവിടങ്ങളിൽ  സ്ത്രീധനം എന്ന സാമൂഹികവിപത്തിൽ നിന്ന് മുസ്‌ലിം സമൂഹം മോചിതരായിട്ടില്ല.

 

‘കുഞ്ഞുപെങ്ങള്‍’ എന്ന കഥയിൽ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും വീട്ടുകാരുടെ നിര്‍ബന്ധത്തിൽ കല്യാണത്തിനു വഴങ്ങേണ്ടിവരുന്നു ജാനീ ബീഗത്തിന്. ബുര്‍ഖ ധരിക്കാന്‍ അവള്‍ക്ക് ഇഷ്ടമില്ലായിരുന്നു. പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ വിവാഹത്തിനു ശേഷം പുതിയ ജീവിതപരിസരവുമായി അവള്‍ എളുപ്പം സമരസപ്പെടുന്നു. സ്ത്രീ-വിദ്യാഭ്യാസത്തിനോടും സ്വാതന്ത്ര്യത്തിനോടും തെലുങ്കു മുസ്‌ലിം സമൂഹം യാഥാസ്ഥികമായ കാഴ്ച്ചപ്പാടാണ് വെച്ച് പുലര്‍ത്തുന്നത് എന്ന് കാണാം.

‘വെളിച്ചം അവസാനിക്കുന്നു’ എന്ന കഥയിൽ ഗോഷ് സൗദിയിൽ പോയി പണമുണ്ടാക്കിയ ശേഷം തന്‍റെ ഭാര്യ സമീറയെ അവഗണിക്കുന്നു. അദ്ദേഹം വീട്ടിൽ വരാതാകുന്നു. ഗോഷ് മറ്റൊരു വിവാഹത്തിനു മുതിരുന്നതായി സമീറ അറിയുന്നു. ഈ സമയത്ത് സമീറ വലിയ മാനസികപ്രയാസം അനുഭവിക്കുന്നു. ഏകാന്തതയുടെ വിഷമം അവര്‍ അനുഭവിക്കുന്നു. കുടുംബത്തിനുള്ളിൽ സ്ത്രീ എങ്ങനെയാണെന്നു കാണിക്കുന്നതാണ് ഈ കഥ.

പ്രണയവും ദാരിദ്രവും സ്കൈബാബയുടെ കഥയിലൂടെ കടന്നു പോകുന്നുണ്ട്. സൈബര്‍ ചാറ്റിങ്ങിനിടയിൽ ഷാഫി പരിചയപ്പെട്ട സുൽത്താനയും, ഉറൂസ് ആഘോഷത്തിനിടക്ക് യൂസുഫ് പരിചയപ്പെട്ട റുക്സാനയും ദരിദ്ര ജീവിതാവസ്ഥയിലെ ചില പ്രണയനിമിഷങ്ങളുടെ കടന്നുപോകുന്ന കഥകളാണ്. തെലുങ്കു സാമൂഹികയാഥാര്‍ത്ഥ്യങ്ങളായ ജാതീയതയും മുസ്‌ലിം ജീവിത പ്രശ്നങ്ങളും ലളിതമായ ഭാഷയിൽ നിഷ്കളങ്കരായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് ‘വെജിറ്റേറിയന്‍സ് ഓണ്‍ലി’. പുതിയ കര്‍തൃത്വ-മുന്നേറ്റങ്ങൾക്കോ സാമൂഹിക അനുഭവങ്ങൾക്കോ അവരുടെ പിന്നാക്കാവസ്ഥ സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മെഹദ് മഖ്ബൂൽ തയാറാക്കിയിരിക്കുന്ന മലയാള വിവര്‍ത്തനം ‘എന്‍റെ ബുക്സ്’ ആണ് പുറത്തിയിരിക്കുന്നത്.

 

*മഡിഗ- ഒരു ദലിത് ജാതി

ഫോട്ടോ കടപ്പാട് : ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റൻസ്

 

Top