ദേശരാഷ്ട്രം ഓരോ കുഴപ്പത്തില്‍ ചെന്നുചാടുമ്പോഴും രണ്ടുതരത്തിലുള്ള ഒറ്റമൂലികള്‍ പ്രയോഗിക്കപ്പെട്ടാല്‍ സര്‍വ്വരോഗപരിഹാരം കിട്ടുമെന്ന വിധത്തിലുള്ള മുറവിളികള്‍ ഉയരാറുണ്ട്. ”ഗാന്ധിയന്‍ ബദല്‍ ” അല്ലെങ്കില്‍ ”നക്‌സല്‍ റെബല്‍ ” എന്നിവയാണ് ഈ ഒറ്റമൂലികള്‍. രണ്ടിന്റേയും ഉറവിടം ഇന്ത്യയിലെ യാഥാസ്ഥിതിക സവര്‍ണ്ണ മൂല്യമണ്ഡലമാണെന്നത് യാദൃശ്ചികമല്ല. കീഴാളരും സ്ത്രീകളും ന്യൂനപക്ഷങ്ങളും വിഷയീസ്ഥാനത്തേയ്ക്ക് ഉയരുന്ന ഘട്ടങ്ങളിലെല്ലാം മേല്പറഞ്ഞവയെ പറ്റിയുള്ള ഗൃഹാതുരത്വഓര്‍മ്മകളും കാല്പനികവര്‍ണ്ണനകളും മുഖ്യാധാരയിലും ജനപ്രിയസാഹിത്യത്തിലും സിനിമകളിലും കുത്തിയൊഴുകാറുണ്ട്.
വൈരുദ്ധ്യചിന്തയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന കാലത്താണ് ‘ബദലുകള്‍ ‘ എന്ന സങ്കല്പനത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നത്. ഇന്നു ലോകവ്യാപകമായി വൈരുദ്ധ്യചിന്ത പുറകോട്ടടിക്കപ്പെട്ടിരിക്കുകയാണ്. പകരം ബഹുത്വത്തിന്റെയും സാംസ്‌കാരിക വൈവിദ്ധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ വീക്ഷിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. തന്മൂലം കര്‍ത്തൃത്വം, ഏജന്‍സി, വിഷയി മുതലായ പ്രമേയങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ പ്രാധാന്യമുള്ളത്. ബദലുകള്‍ അപ്പാടെ കാലഹരണപ്പെട്ടു എന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്. മറിച്ച്, മുന്‍കാലത്ത് ‘ഇടതുപക്ഷം’ പോലുള്ള സങ്കല്പങ്ങള്‍ക്ക് കിട്ടിയതിനു സമാനമായ സ്ഥാനം ബദലുകള്‍ക്ക് കൊടുക്കുന്നതില്‍ അപാകതയുണ്ടെന്നു പറയുന്നതേയുള്ളൂ.
ബദല്‍ എന്നതുപോലെ ‘വിമതം’ എന്ന വാക്കിനും ഇപ്പോള്‍ പുതിയ അര്‍ത്ഥവ്യാപ്തി കൈവന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയ കാലത്തെ സാര്‍വ്വദേശീയ വിമതന്മാരാണ് ജൂലിയന്‍ അസാഞ്ചേയും എഡ്വേര്‍ഡ് സ്‌നോഡനും. ഇവര്‍ക്ക് മുമ്പേ തന്നെ ടൊറന്റ്‌സൈറ്റുകളുടെ സ്ഥാപകരായ വിമതബുദ്ധിജീവികള്‍ യൂറോപ്പിലേയും അമേരിക്കയിലേയും ഭരണകൂടങ്ങളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ശത്രുക്കളായി മാറിയിരുന്നു. ഇവരില്‍ പലര്‍ക്കും ജയില്‍വാസമോ നാടുകടത്തലോ ഭീമമായ പിഴയൊടുക്കലോ അനുഭവിക്കേണ്ടി വന്നു. ഇരുമ്പുതാഴിട്ടു പൂട്ടിയ ഭരണകൂടരഹസ്യങ്ങളെ പുതുസാങ്കേതികവിദ്യയുടെ സഹായത്തോടെ വെളിപ്പെടുത്തിയതിനാലാണ് ഇവരുടെ വിമതത്വം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. നവമുതലാളിത്തത്തിന്റെ പ്രധാനപ്പെട്ട രക്ഷാകവചമായ പകര്‍പ്പവകാശ നിയമങ്ങളെ വലിയതോതില്‍ അട്ടിമറിയ്ക്കാനും ഇവര്‍ക്ക് സാധിച്ചു. സ്‌നോഡനെ പോലുള്ളവരുടെ പ്രവര്‍ത്തികള്‍ ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ മാത്രമല്ല, പരമാധികാരത്തെയും കടംകഥയാക്കുമോ എന്ന വിധത്തിലുള്ള ഭയാശങ്കകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
സെപ്തംബര്‍ 11-നുശേഷം എല്ലാ ദേശരാഷ്ട്രങ്ങളോടും ‘ഭീകരവാദ’ത്തിനെതിരെ യുദ്ധസന്നദ്ധരാകാന്‍ അമേരിക്ക ആഹ്വാനം ചെയ്യുകയുണ്ടായി. അതിനുശേഷം സാര്‍വ്വദേശീയ തലത്തില്‍ ഇസ്ലാമോ ഫോബിയ പടന്നുപിടിച്ചതിനൊപ്പം എല്ലായിടത്തുമുള്ള വിമതങ്ങളെ രാജ്യദ്രോഹമായി കാണുന്ന പ്രവണത വര്‍ദ്ധിക്കുകയും ചെയ്തതായി പോള്‍ ഗില്‍റോയി ചൂണ്ടിക്കാട്ടുന്നു. മുന്‍കാലത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതായി കരുതിയിരുന്ന പല മനുഷ്യാവകാശ-പൗരാവകാശ പ്രസ്ഥാനങ്ങളും റെബല്‍ചിന്തകരും രാജ്യദ്രോഹികളുടെ പട്ടികയിലായത്; 11/9ന് ശേഷമുണ്ടായ സാമ്രാജ്യത്വ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണെന്നതാണ് വസ്തുത.
പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സൂചകങ്ങളായിട്ടാണ് ബദലുകളും റെബലുകളും പൊതുവെ അംഗീകരിക്കപ്പെടുന്നത്. എങ്കിലും ഇവയുടെ മറുപുറത്തെയും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ”ജീനിയസ്” ”ഹീറോ” മുതലായ പാശ്ചാത്യ വരേണ്യ പുരുഷനിര്‍മ്മിതികള്‍ പോലെതന്നെയാണ് ഇവയും എന്നതാണ് യാഥാര്‍ത്ഥ്യം. വെള്ളക്കാരോ സവര്‍ണ്ണരോ ആയ വ്യക്തികളും ഗ്രൂപ്പൂകളും മാത്രമേ ബദലുകളായും റെബലുകളായും ഉയര്‍ന്നുവരാറുള്ളൂ. ബദല്‍ ആശയങ്ങളെന്നോ റിബല്‍ ചിന്തകളെന്നോ കരുതപ്പെടുന്നവയും ഇതേ പശ്ചാത്തലത്തില്‍ നിന്നുതന്നെ പിറവിയെടുത്തവയായിരിക്കും.
____________________________________ അരികുവല്‍കൃത സമുദായങ്ങളില്‍നിന്നോ ന്യൂനപക്ഷങ്ങളില്‍നിന്നോ രൂപപ്പെടുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ആശയങ്ങളും എത്രമാത്രം വിപ്ലവകരവും വിശാലമായ ബഹുജന താത്പര്യത്തെ മുന്‍നിറുത്തിയതാണെങ്കിലും അവയെ തിരിച്ചറിയാനോ ”പൊതു”വായതായി കാണാനോ സാമാന്യബോധം വിസമ്മതിക്കുകയാണ് പതിവ്. അതേപോലെ, ചില സവിശേഷ പ്രദേശങ്ങളില്‍നിന്നും മതങ്ങളില്‍നിന്നും വരുന്ന പ്രസ്ഥാനങ്ങളെയും പ്രതിനിധാനങ്ങളെയും മാത്രമേ ബദലുകളായും റിബലുകളായും അംഗീകരിക്കുകയുള്ളൂ. ഇത്തരം പ്രദേശങ്ങള്‍ക്കും സമുദായങ്ങള്‍ക്കും പുറത്തുള്ളവരുടെ മൂവ്‌മെന്റുകള്‍ ”ഭീകരവാദമോ” ”മൗലികവാദമോ” ആയി ചിത്രീകരിക്കപ്പടാന്‍ എളുപ്പമാണ്. ____________________________________
ഇത്തരം വ്യക്തികളും ഗ്രൂപ്പുകളും ആശയങ്ങളും വളരെ ചെറിയ വിഭാഗത്തെ പ്രതിനിധാനംചെയ്യുന്നതാണെങ്കില്‍ പോലും പൊതുബോധം പെട്ടെന്നുതന്നെ അവരെ അംഗീകരിക്കാറുണ്ട്. മാത്രമല്ല, അവരുടെ പ്രവര്‍ത്തനങ്ങളെയും ആശയങ്ങളെയും ”പൊതുവായതായി” കണക്കാക്കുകയും ചെയ്യും. ഇതേസമയം; അരികുവല്‍കൃത സമുദായങ്ങളില്‍നിന്നോ ന്യൂനപക്ഷങ്ങളില്‍നിന്നോ രൂപപ്പെടുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ആശയങ്ങളും എത്രമാത്രം
വിപ്ലവകരവും വിശാലമായ ബഹുജന താത്പര്യത്തെ മുന്‍നിറുത്തിയതാണെങ്കിലും അവയെ തിരിച്ചറിയാനോ ”പൊതു”വായതായി കാണാനോ സാമാന്യബോധം വിസമ്മതിക്കുകയാണ് പതിവ്. അതേപോലെ, ചില സവിശേഷ പ്രദേശങ്ങളില്‍നിന്നും മതങ്ങളില്‍നിന്നും വരുന്ന പ്രസ്ഥാനങ്ങളെയും പ്രതിനിധാനങ്ങളെയും മാത്രമേ ബദലുകളായും റിബലുകളായും അംഗീകരിക്കുകയുള്ളൂ. ഇത്തരം പ്രദേശങ്ങള്‍ക്കും സമുദായങ്ങള്‍ക്കും പുറത്തുള്ളവരുടെ മൂവ്‌മെന്റുകള്‍ ”ഭീകരവാദമോ” ”മൗലികവാദമോ” ആയി ചിത്രീകരിക്കപ്പടാന്‍ എളുപ്പമാണ്.
അപരരെ ഉള്‍ക്കൊള്ളുന്നതില്‍ ബദല്‍ പ്രസ്ഥാനങ്ങളും വിമതരും മിക്കപ്പോഴും പരാജയപ്പെടുന്നു എന്നതാണ് അവയുടെ ചരിത്രപരമായ പരിമിതി. അപരത്വത്തോടുള്ള സമീപനംപോലും അന്ധവും അടഞ്ഞതുമായി തുടരുന്നു എന്നതാണ് സ്ഥിതി. ഉദാഹരണത്തിന്, ജൂലിയന്‍ അസാഞ്ചേ പുറത്തുവിട്ട വിക്കീലിക്‌സ് രേഖകളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതിയെപറ്റിയുള്ള പരാമര്‍ശങ്ങള്‍ തീര്‍ത്തും അയഥാര്‍ത്ഥ്യമായിരുന്നു. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങളിലെ ഉപരിവര്‍ഗ്ഗ ഉപജാപകര്‍ കെട്ടിച്ചമച്ച് കീഴാള സ്ത്രീവിദ്വേഷത്തിന്റെ ഭാഷണങ്ങളാണ് മായാവതിയെ പറ്റിയുള്ള ആധികാരിക രേഖകളായി വിക്കീലിക്‌സ് പുറത്തുവിട്ടതെന്ന് പിന്നീട് തെളിഞ്ഞു.
അന്നാഹസാരെ മൂവ്‌മെന്റാണ് സമീപകാലത്തെ ഏറ്റവും വലിയ ബദല്‍സാന്നിധ്യമായി ആഘോഷിക്കപ്പെട്ടത്. ഈ പ്രസ്ഥാനത്തിന്റെ ജാതി-ലിംഗവ്യവസ്ഥയോടുള്ള സമീപനത്തെ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കിയത് ദലിത്പ്രസ്ഥാനങ്ങളും കീഴാളബുദ്ധിജീവികളുമാണ്. സോഷ്യല്‍മീഡിയരംഗത്ത് സാന്നിദ്ധ്യമുറപ്പിച്ച ദലിത് മധ്യവര്‍ഗ്ഗവും ”റൗണ്ട് ടേബിള്‍ ഇന്ത്യ”പോലുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും നടത്തിയ തുറന്നുകാട്ടലിന്റെ ഫലമായി അന്നാഹസാരെ പ്രസ്ഥാനത്തിന്റെ ജനപ്രിയതയ്ക്ക് വലിയ ഇടിവാണ് പറ്റിയത്.
ഡല്‍ഹിയില്‍ നടന്ന ബലാല്‍സംഗവിരുദ്ധപ്രക്ഷോഭണവും വലിയ ബദല്‍മൂവ്‌മെന്റായിട്ടാണ് പരിഗണിക്കപ്പെട്ടത്. ഈ പ്രക്ഷോഭണത്തിന്റെ വരേണ്യ ഘടനയെകുറിച്ച് അരുന്ധതീറോയി ഉയര്‍ത്തിയ ‘വിമതസ്വരം’ എല്ലാവരും ശ്രദ്ധിക്കുകയുണ്ടായി. എന്നാല്‍ അരുന്ധതീറോയിക്കും മുമ്പേ, അനുരാംദാസ് എന്ന ദലിത് ഫെമിനിസ്റ്റു ബുദ്ധിജീവിയാണ് ഈ പ്രക്ഷോഭണത്തിന്റെ വിവിധതലങ്ങളെ ആഴത്തില്‍ അപനിര്‍മ്മിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്. അന്നാഹസാരെ പ്രസ്ഥാനത്തിന്റെയും ഡല്‍ഹി പ്രക്ഷോഭണത്തിന്റെയും ഘട്ടത്തില്‍, ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ദലിത്-ബഹുജന്‍സ്ത്രീകളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘സവരി’ നടത്തിയ ഇടപെടലുകളും അനുരാംദാസ്, മാധുരിസ്വലോ, ജെനി റൊവീനോ മുതലായവരുടെ എഴുത്തുകളും സുപ്രധാനമായ തിരിച്ചറിവുകല്‍ നല്കുന്നവയായിരുന്നു.
ദേശരാഷ്ട്രം ഓരോ കുഴപ്പത്തില്‍ ചെന്നുചാടുമ്പോഴും രണ്ടുതരത്തിലുള്ള ഒറ്റമൂലികള്‍ പ്രയോഗിക്കപ്പെട്ടാല്‍ സര്‍വ്വരോഗപരിഹാരം കിട്ടുമെന്ന വിധത്തിലുള്ള മുറവിളികള്‍ ഉയരാറുണ്ട്. ”ഗാന്ധിയന്‍ ബദല്‍ ” അല്ലെങ്കില്‍ ”നക്‌സല്‍ റെബല്‍ ” എന്നിവയാണ് ഈ ഒറ്റമൂലികള്‍ . രണ്ടിന്റേയും ഉറവിടം ഇന്ത്യയിലെ യാഥാസ്ഥിതിക സവര്‍ണ്ണ മൂല്യമണ്ഡലമാണെന്നത് യാദൃശ്ചികമല്ല.
________________________________ ഇന്ത്യയിലെയും കേരളത്തിലെയും അരികുവല്‍കൃത സമുദായങ്ങളുടെ ‘ചലനാത്മകത’ (mobility) ദൃശ്യമായത് ഗാന്ധിയന്‍ ബദലുകളില്‍നിന്നും നക്‌സല്‍ -നിയോ മാര്‍ക്‌സിയന്‍ റെബലുകളില്‍നിന്നും വേറിട്ടാണ്. ഇന്നത്തെ ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടായതും കീഴാള സ്ത്രീകളുടെ ഏജന്‍സി രൂപപ്പെട്ടതും മേല്‍പ്പറഞ്ഞവയുടെ സ്വാധീനഫലമായിട്ടല്ല. ഉത്തരാധുനികമായ ചിന്താധാരകളും, ജീവിതരീതികളും വികസിച്ചുവന്നതിലും ഇവയ്ക്ക് നിര്‍ണ്ണായകമായ പങ്കില്ല. എന്നാല്‍ ഇവയ്ക്ക് പുറത്ത് നിരവധി ബദല്‍-റെബല്‍ സാന്നിധ്യങ്ങളും queerകളും ഉണ്ടെന്നത് വസ്തുതയാണ്. അവയെ തിരിച്ചറിയാനും സംവദിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ________________________________
കീഴാളരും സ്ത്രീകളും ന്യൂനപക്ഷങ്ങളുംവിഷയീസ്ഥാനത്തേയ്ക്ക് ഉയരുന്ന ഘട്ടങ്ങളിലെല്ലാം മേല്പറഞ്ഞവയെ പറ്റിയുള്ള ഗൃഹാതുരത്വഓര്‍മ്മകളും കാല്പനികവര്‍ണ്ണനകളും മുഖ്യാധാരയിലും ജനപ്രിയസാഹിത്യത്തിലും സിനിമകളിലും കുത്തിയൊഴുകാറുണ്ട്. അരുന്ധതി റോയിയെപ്പോലുള്ളവര്‍ മാത്രം നീതിബോധത്തിന്റെ കൊടിയടയാളാമായി മാറുന്നതും നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ ദേശീയസ്മരണകളിലേക്ക് എത്തുന്നതും ബദല്‍ /റെബല്‍ എന്ന പ്രതിഭാസം സവര്‍ണ്ണ കേന്ദ്രീകൃതം മാത്രമായിരുന്നതിനാലാണ്. ഇതേസമയം നീതിബോധവും ത്യാഗവും സത്യസന്ധതയും മാത്രമല്ല വിശ്വസത്തിന്റെ കരുത്തും തെളിയിച്ച മഅദ്‌നിയാവട്ടെ പുറമ്പോക്കില്‍തന്നെ. സ്വാതന്ത്ര്യാനന്തര
കാലത്തെ കീഴാളരായ അനേകം സാമൂഹ്യവിപ്ലവകാരികളും ഇപ്രകാരം പൊതുബോധത്താല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. സമീപകാല ചരിത്രത്തില്‍, ഹിംസയെ പ്രത്യയശാസ്ത്രവല്‍ക്കരിക്കരിചിട്ടുള്ള ഏകവിഭാഗം ഇന്ത്യിലെ മാവോയിസ്റ്റുകളാണ്. ബ്രാഹ്മണ കമ്മ്യൂണിസത്തിന്റെ തീവ്ര യാഥാസ്ഥിതിക അറ്റത്തെ പ്രതിനിധാനം ചെയ്യുന്ന ഇവരെ ‘പൊതുജനങ്ങളുടെ വിമോചകരും’ ആദിവാസികളുടെ ‘രക്ഷകരു’മായി മാറ്റാന്‍ സവര്‍ണ്ണ മാധ്യമങ്ങളും വരേണ്യ അക്കാദമിക്കുകളും കിണഞ്ഞു ശ്രമിക്കുകയാണ്. കേരളത്തിലെ ബദല്‍ സങ്കല്പനത്തിന്റെ വക്താക്കളായ ‘പാഠഭേദം’ ഗ്രൂപ്പ്; ഗാന്ധിസത്തെ ഔഷധവീര്യമുള്ള സൂഷ്മസാന്നിധ്യമായി ചിത്രീകരിച്ചുകൊണ്ടാണ് തുടക്കംമുതലേ രംഗത്തുനില്‍ക്കുന്നത്. ബദല്‍ എന്ന പേരില്‍ യാഥാസ്ഥിതിക സവര്‍ണ്ണതയെ തലതിരിച്ചുപിടിക്കുകയെന്ന തന്ത്രമാണ് ഇവര്‍ ആവിഷ്‌കരിച്ചത്. അന്നാഹസാരെ പ്രസ്ഥാനത്തെയും ഡല്‍ഹിപ്രക്ഷോഭണത്തേയും ”പൊതുവായ”തായി ചിത്രീകരിക്കുക മാത്രമല്ല, പിങ്ക് ഷഡ്ഢി കാംപെയ്‌നിനെ കേരളത്തില്‍ പ്രമോട്ടുചെയ്തതും ഈ ഗ്രൂപ്പാണ്. ഇന്ത്യയിലെ യാഥാസ്ഥിതിക സവര്‍ണ്ണസ്ത്രീയുടെ മറുസ്വത്വമായ ‘അഴിഞ്ഞാട്ടക്കാരിയായ’ (Loose woman) സ്ത്രീയൂടെ പ്രദര്‍ശന പരതയാണ് പിങ്ക് ഷഡ്ഢി കാംപെയ്‌നിലൂടെ വെളിപ്പെട്ടതെന്ന് നിഖില ഹെന്ററി എഴുതിയിട്ടുണ്ട്. ഇത്തരം കാംപെയ്‌നുകളില്‍ കീഴാള-ന്യൂനപക്ഷസ്ത്രീകള്‍ എങ്ങനെയാണ് അന്യവല്‍ക്കരിക്കപ്പെടുന്നതെന്ന് ജെനീറൊവീനയും വിശദീകരിച്ചിട്ടുണ്ട്. ‘പാഠഭേദം’ ഗ്രൂപ്പിന്റെ ആദിവാസി-ദലിത്-മുസ്ലീം-കീഴാളസ്ത്രീ കര്‍ത്തൃത്വത്തോടുള്ള സമീപനങ്ങളിലും, നവജനാധിപത്യത്തെയും പുത്തന്‍ സാങ്കേതികവിദ്യയെയും പറ്റിയുള്ള പ്രമേയങ്ങളിലുമെല്ലാം കാണാന്‍ കഴിയുക യാഥാസ്ഥിതിക സവര്‍ണ്ണതയുടെ തലതിരിച്ച ഏര്‍പ്പാടുകളാണ്.
ഇന്ത്യയിലെയും കേരളത്തിലെയും അരികുവല്‍കൃത സമുദായങ്ങളുടെ ‘ചലനാത്മകത’ (mobility) ദൃശ്യമായത് ഗാന്ധിയന്‍ ബദലുകളില്‍നിന്നും നക്‌സല്‍ -നിയോ മാര്‍ക്‌സിയന്‍ റെബലുകളില്‍നിന്നും വേറിട്ടാണ്. ഇന്നത്തെ ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടായതും കീഴാള സ്ത്രീകളുടെ ഏജന്‍സി രൂപപ്പെട്ടതും മേല്‍പ്പറഞ്ഞവയുടെ സ്വാധീനഫലമായിട്ടല്ല. ഉത്തരാധുനികമായ ചിന്താധാരകളും, ജീവിതരീതികളും വികസിച്ചുവന്നതിലും ഇവയ്ക്ക് നിര്‍ണ്ണായകമായ പങ്കില്ല. എന്നാല്‍ ഇവയ്ക്ക് പുറത്ത് നിരവധി ബദല്‍ -റെബല്‍ സാന്നിധ്യങ്ങളും queerകളും ഉണ്ടെന്നത് വസ്തുതയാണ്. അവയെ തിരിച്ചറിയാനും സംവദിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.