റ്റോണി മോറിസണ്‍: ഓര്‍മകളുടെ പുനര്‍നിര്‍മാണങ്ങൾ
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ ഇരകളാക്കികൊണ്ട്, അവര്‍ക്ക് ഓര്‍മകള്‍ ഉണ്ടാക്കിക്കൊണ്ട്, എന്നാൽ അവരെ സംസാരിക്കാനോ, പ്രതിരോധിക്കാനോ കഴിവില്ലാത്തവരായി ആഖ്യാനങ്ങള്‍ ഉണ്ടാകുമ്പോള്‍, അത് ചോദ്യങ്ങള്‍ ഉന്നയിക്കാത്ത, തടസ്സമില്ലാത്ത എളുപ്പത്തിലുള്ള വായന സാധ്യമാക്കുന്നു. റീമെമ്മറിയും അതിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മോറിസണ്‍ എഴുത്തുകളും, അതുകൊണ്ടുതന്നെ വിമോചനാത്മകമാണ്. ഷൈമ.പി എഴുതുന്നു.
അമേരിക്കന്‍ ആഫ്രിക്കാനിസം(1) എന്ന അമേരിക്കന്‍ വംശീയ നിർമിതിയുടെ കാഴ്ചകളേയും വായനകളേയും പ്രതിരോധിക്കാനുള്ള, അവയുണ്ടാക്കിയ കാഴ്ചാശീലങ്ങളുടെയും അര്‍ഥങ്ങളുടേയും, ഓര്‍മകളുടെയും നിയന്ത്രണങ്ങള്‍ക്കപ്പുറത്തുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങളെ, അവരുടെ തീക്ഷ്ണമായ അടിമ / അടിമാനന്തര അനുഭവങ്ങളെ രേഖപ്പെടുത്താനുള്ള ഭാഷയുണ്ടാക്കി എന്നതാണ് റ്റോണി മോറിസണ്‍ എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയെ പ്രസക്തമാക്കുന്നത്. മറ്റൊരര്‍ഥത്തിൽ അമേരിക്ക എന്ന രാഷ്ട്രത്തിന്‍റെ എഴുതപ്പെടാത്ത ചരിത്രങ്ങളും, കഥകളും പറയാന്‍, റ്റോണി മോറിസണ്‍ തന്‍റേതായ ഒരു പെണ്‍ഭാഷ രചിച്ചുണ്ടാക്കി. അടിമത്തം, വംശീയ പ്രേരിതമായ ലൈംഗികാതിക്രമങ്ങള്‍, സ്വന്തം സമുദായത്തില്‍ നിന്നുള്ള ആണുങ്ങളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളും പീഢനങ്ങളും, വംശീയാക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന തങ്ങളുടെ ആണുങ്ങള്‍ക്കുണ്ടാകുന്ന അരക്ഷിതാവസ്ഥകളിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, കറുത്ത നിറത്തിനോടുള്ള കണ്ടു-തൊട്ടുകൂടായ്മ ഉണ്ടാക്കുന്ന അന്യവൽക്കരണങ്ങള്‍, ഇത്തരം സാഹചര്യങ്ങളില്‍ ആശ്വാസമായിത്തീരുന്ന പെണ്‍സൗഹൃദങ്ങളും ബന്ധങ്ങളും തുടങ്ങി അമേരിക്കന്‍, യൂറോപ്യന്‍, വെള്ള, മധ്യവര്‍ഗ്ഗ എഴുത്തുകാരികള്‍ക്കടക്കം അദൃശ്യമായതും, പ്രശ്നമല്ലാതിരുന്നതുമായ പെണ്‍ ജീവിതപരിസരങ്ങളാണ് മോറിസന്‍റെ നോവലുകളിലും, കഥകളിലും, മറ്റെഴുത്തുകളിലുമുള്ളത്.
1987ൽ ഇറങ്ങിയതും, 1988ലെ പുലിറ്റ്സര്‍ പ്രൈസ് നേടുകയും ചെയ്ത ബിലവ്ഡ് എന്ന റ്റോണി മോറിസന്‍റെ അഞ്ചാമത്തെ നോവൽ പല രീതികളിലും മോറിസണ്‍ ഭാഷയുടെ പ്രത്യേകതകളും പ്രസക്തിയും വ്യക്തമാക്കുന്ന ഒന്നാണ്. അറ്റ്ലാന്‍റിക് അടിമ കച്ചവടത്തിന്‍റെ ഭാഗമായി ജീവിതം നഷ്ടപ്പെട്ട ആഫ്രിക്കന്‍ വംശജര്‍ക്ക് സമര്‍പ്പിച്ച ബിലവ്ഡ്, മാര്‍ഗര്‍റ്റ് ഗാര്‍നര്‍ എന്ന, അടിമത്വത്തിൽ നിന്ന് രക്ഷപ്പെട്ട ആഫ്രിക്കന്‍ അമേരിക്കക്കാരിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ കഥയാണ്. സെത് (സെത എന്നും സെത് എന്നും ഉപയോഗിച്ച് കാണുന്നു) എന്ന അടിമയായിരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരിയുടെ അതിജീവനശ്രമങ്ങളുടെ ആഖ്യാനമാണ് ബിലവ്ഡ്. മോറിസന്‍റെ മറ്റ് നോവലുകള്‍ പോലെ തന്നെ, സെത് പല സന്ദര്‍ഭങ്ങളിലൂടെയും, കഥാപാത്രങ്ങളിലൂടെയും; മരിച്ചുപോയ മകളിലൂടെ, ജീവിച്ചിരിക്കുന്ന മകളിലൂടെ, കാമുകനിലൂടെ, ഭര്‍ത്താവിന്‍റെ അമ്മയിലൂടെ, അയൽക്കാരിലൂടെ ഒക്കെ ഉണ്ടായി വരുന്ന കഥാപാത്രമാണ്. ബിലവ്ഡ് ആകട്ടെ, അടിമ ജീവിതത്തിൽ നിന്നും രക്ഷപ്പെടുത്താന്‍ രണ്ട് വയസ്സുള്ള മകളെ കഴുത്തറുത്ത് കൊല്ലേണ്ടി വരുന്ന വ്യവസ്ഥാപിതമായ രീതിയിൽ കാൽപനികവൽക്കരണം സാധ്യമല്ലാത്ത അമ്മയുടേയും അവരുടെ വംശത്തിന്‍റേയും കഥയാണ്.
ജൂത സൈദ്ധാന്തികയായ ഹെലെന്‍ സിക്സൂ, ecriture feminine എന്ന പെണ്ണെഴുത്തിന്‍റെ ആവശ്യകതയെക്കുറിച്ച് “ലാഫ് ഓഫ് ദി മെഡൂസ” എന്ന പഠനത്തിലൂടെ എഴുതുന്നത് 1975ലാണ്. അതേ സമയത്താണ് റ്റോണി മോറിസണ്‍ അവരുടെ കഥകളിൽ തന്‍റേതായ, അഥവാ തന്‍റെ ആഫ്രിക്കന്‍ അമേരിക്കന്‍ സ്വത്വത്തിലൂന്നി കൊണ്ടുള്ള ഒരു പെണ്‍ഭാഷയ്ക്ക് രൂപം കൊടുക്കുന്നത്. ശരീരത്തിന്റെ എഴുത്ത് എന്നതിലുപരി, ആഫ്രിക്കനമേരിക്കൻ പെൺ ശരീരത്തെ എഴുതുക എന്ന ആശയമാണ് റ്റോണി മോറിസന്‍റെ എഴുത്തിൽ കാണാനാവുക. 1993ൽ നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ട് മോറിസണ്‍ നടത്തിയ പ്രസംഗത്തിൽ പ്രധാനമായി പറയുന്ന കാര്യം വാക്കിന്‍റെ, കഥപറച്ചിലിന്‍റെ വിമോചന സ്വഭാവത്തെ പറ്റിയാണ്. അഥവാ, കഥയിലൂടെ നിര്‍മിക്കപ്പെടുന്ന നമ്മള്‍ എന്ന വ്യത്യാസം അടയാളപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെയാണ് മോറിസണ്‍ ഊന്നുന്നത്.(2)
കഥയിലൂടെ രാഷ്ട്രീയ ചരിത്രം പറയുക എന്നതിലുപരി, വാക്കുകളിലൂടെ കഥ പറയുക, തങ്ങളുടെ കഥ പറയാനുള്ള വാക്കുകള്‍ / ഇടങ്ങള്‍ ഉണ്ടാക്കുക, ആഫ്രിക്കന്‍ അമേരിക്കന്‍ ഭാവന / അഥവാ കഥ ഉണ്ടാക്കുക എന്നതിനാണ് മോറിസണ്‍ കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നതെന്ന് കാണാം. താന്‍ കഥ പറയാന്‍ തുടങ്ങുമ്പോഴേക്ക് അത് താന്‍ പ്രതിനിധാനം ചെയ്യുന്ന സാമുദായിക ജീവിതത്തിന്‍റെ രാഷ്ട്രീയ പ്രസ്താവനയായി തീരുന്നതിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് മോറിസണ്‍ പല അഭിമുഖങ്ങളിലും സൂചിപ്പിക്കുന്നുണ്ട്.
തന്‍റെ കഥകളിൽ രാഷ്ട്രീയം ഉണ്ടാകാമെങ്കിലും, കഥയെ രാഷ്ട്രീയ പ്രസ്താവനയായി ചുരുക്കുന്നത്, തങ്ങളെ അമേരിക്കന്‍ ആഫ്രിക്കാനിസം എന്ന വ്യവഹാരത്തിന്‍റെ ഇരകളായി മാത്രം കാണുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നുണ്ട് മോറിസണ്‍. അമേരിക്കന്‍ ആഫ്രിക്കാനിസത്തിന്‍റെ നിര്‍വചനങ്ങള്‍ക്കപ്പുറത്തുള്ള തങ്ങളെ കണ്ടെത്താനും അടയാളപ്പെടുത്താനുമുള്ള വഴി കഥപറച്ചിലിന്‍റേതാണെന്ന വിശ്വാസമാണ് മൊറിസന്‍റെ നോവലുകളിലും അവ എഴുതിയ ഭാഷകളിലും കാണാനാവുക.
ആഫ്രിക്കന്‍ അമേരിക്കന്‍ കഥപറച്ചിലിന്‍റെ ഭാഷയുടെ പ്രത്യേകതകളെക്കുറിച്ചുള്ള സൂചകങ്ങളേറെയുള്ള നോവലാണ് ബിലവ്‌ഡ്. അതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് റീമെമ്മറി (rememory) എന്ന സങ്കൽപം. നോവലിൽ സെത് തന്‍റെ മകളായ ഡെന്‍വറിനോട് റീമെമ്മറി എന്നത് എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. “സ്ഥലങ്ങള്‍, അത് അവിടെതന്നെ ഉണ്ട്. ഒരു വീട് കത്തിയമര്‍ന്നാൽ, അത് ഇല്ലാതാകും. എന്നാൽ ആ സ്ഥലം, അതിന്‍റെ രൂപം, അത് നിലനിൽക്കും. അത് എന്‍റെ റീമെമ്മറി മാത്രമല്ല, പക്ഷേ അവിടെ, ലോകത്തും… ഞാന്‍ ഉദ്ദേശിച്ചത്, ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും, ഞാന്‍ മരിച്ചാലും, ഞാന്‍ ചെയ്തതിന്‍റെയൊ അറിഞ്ഞതിന്റെയോ കണ്ടതിന്റെയോ ചിത്രം, അത് അവിടത്തന്നെ ഉണ്ടാകും. കൃത്യം ആ സംഭവം നടന്ന സ്ഥലത്ത് തന്നെ… നിങ്ങള്‍ അവിടെ ഒരിക്കലും ഉണ്ടായിരുന്നില്ലെങ്കിൽ പോലും നിങ്ങള്‍ അവിടെ പോയാൽ അതുണ്ടായ സ്ഥലത്ത് നിന്നാൽ, അത് വീണ്ടും സംഭവിക്കും. നിങ്ങള്‍ക്കായ് അതവിടെ ഉണ്ടാകും. നിങ്ങളെ കാത്ത്.. കാരണം, അതൊക്കെ കഴിഞ്ഞു പോയതാണെങ്കിലും, കഴിഞ്ഞതും മതിയായതും, അതവിടെ എന്നും ഉണ്ടാകും. നിങ്ങളേയും കാത്ത്”. (62)
ഇവിടെ ഉപയോഗിച്ച റീമെമ്മറി എന്ന സങ്കല്‍പം അമേരിക്കന്‍ ആഫ്രിക്കാനിസം എന്ന വംശീയ നിര്‍മിതിയെ പ്രതിരോധിക്കാന്‍ റ്റോണി മോറിസണ്‍ കണ്ടെത്തുന്ന സങ്കേതമാണ്. നിര്‍മിതികള്‍ വംശീയാക്രമണത്തെ അപ്രധാനമാക്കുമ്പോള്‍, ഹിംസാത്മക ചരിത്രത്തെ, മറവിയിലേക്ക് തള്ളിയിടുമ്പോള്‍, റ്റോണി മോറിസണ്‍, അവയെ ഓര്‍ക്കേണ്ടതിന്‍റെ, ഓര്‍ത്തെടുക്കുന്നില്ലെങ്കിൽ ഇല്ലാതാകാത്ത ആഴമേറിയ അനുഭവങ്ങളെയും സംസ്കാരത്തെയും താനുണ്ടാക്കിയ പ്രതിരോധ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളിലൂടെ വീണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു.
വീണ്ടെടുക്കുക എന്ന പ്രക്രിയയ്ക്ക് മോറിസണ്‍ ഓര്‍മ, അഥവാ റീമെമ്മറി എന്ന വാക്കല്ല ഉപയോഗിക്കുന്നത് എന്നത് പ്രസക്തമാണ്. എന്താണ് തനിക്ക് നോവൽ / എഴുത്ത് എന്നതിനെക്കുറിച്ചുള്ള മോറിസന്‍റെ നിലപാട് കൂടിയാണ് ആ വാക്കിന്‍റെ മനഃപൂര്‍വ്വമായ ഒഴിവാക്കൽ. ആഫ്രിക്കന്‍ ഓര്‍മ എന്നതു പോലും അമേരിക്കൻ ആഫ്രിക്കാനിസം എന്ന ആഖ്യാനത്തിലൂടെ തങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ഓര്‍മ്മയ്ക്ക് ചെയ്യാവുന്നതിനു പരിമിതികളുണ്ടാകുന്നു.
താന്‍ എഴുതി തുടങ്ങുമ്പോള്‍ തന്നെ താന്‍ എന്താണ് എഴുതുക, അഥവാ, താന്‍ എന്തിനെക്കുറിച്ച്, എങ്ങനെയാണ് എഴുതുക എന്നത് നേരത്തെ ഉണ്ടാക്കി വെച്ച ആഖ്യാനങ്ങള്‍ക്കാസ്പദമായി തീരുമാനിക്കപ്പെടും എന്നിരിക്കെ, റീമെമ്മറി എന്നത്, വ്യതിരിക്തമായ, ആഫ്രിക്കന്‍ അമേരിക്കന്‍ പറച്ചിലുകളെ രേഖപ്പെടുത്താനുള്ള പ്രധാനപ്പെട്ട മാധ്യമമാകുന്നുണ്ട്. അതുകൊണ്ട് തന്നെ എഴുത്ത് അഥവാ നോവൽ എന്നത് മോറിസന് റീമെമ്മറിയിലേക്കുള്ള വഴിയാണ്, ഓര്‍മയല്ല.
റ്റോണി മോറിസണ്‍ നോവലുകളുടെ രൂപത്തിന്‍റേയും ആഖ്യാനത്തിന്‍റെയും തലത്തിൽ വരുന്ന മാറ്റങ്ങള്‍ അവ ഈ റീമെമ്മറിയെ രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി വരുന്നതാണ്. ബിലവ്ഡ് എന്ന നോവലിൽ തന്നെ, ബിലവ്ഡ് സെതിന്‍റെ മകളാണോ, പ്രേതമാണോ അതോ, മനുഷ്യനാണോ എന്നൊന്നും കൃത്യമായി പറഞ്ഞു തരാനുള്ള ഉത്തരവാദിത്വം നോവലിന് വായനക്കാരോടില്ല. മാത്രമല്ല, നോവലിൽ അവസാന ഭാഗം എത്തുന്നതുവരെ എന്താണ് സംഭവിക്കുന്നത്, എങ്ങനെയാണ്, എന്തിനു വേണ്ടിയാണ് സെത് തന്‍റെ മകളെ കൊല്ലുന്നത്, തുടങ്ങി പല സംശയങ്ങളും നോവൽ നിലനിര്‍ത്തി പോകുന്നുണ്ട്. സെത് എന്ന കഥാപാത്രത്തിന്‍റെ കഥ രേഖീയമായി പറയാന്‍ പറ്റില്ല, മറിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ വംശത്തിന്‍റെ, അടിമത്വത്തിന്‍റെ ചരിത്രത്തിന്‍റെ, സമുദായത്തിന്‍റെ റീമെമ്മറിയിലൂടെ മാത്രമേ പറ്റുകയുള്ളൂ എന്നത് ബിലവ്ഡിന്‍റെ ആഖ്യാന രൂപം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഓര്‍മ എന്ന രേഖീയമായ ആഫ്രിക്കൻ അമേരിക്കനിസ്റ്റ് നിര്‍മിതിയെയും അതിന്‍റെ എളുപ്പവായനയേയും ബിലവ്ഡ് പോലത്തെ നോവലുകള്‍ കരുതിക്കൂട്ടി തന്നെ പ്രതിരോധിക്കുന്നുണ്ട്. ദി ബ്ലൂവെസ്റ്റ് ഐ എന്ന നോവലിലും, പെക്കോള എന്ന കറുത്ത നിറമുള്ള, നീലകണ്ണുകള്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ നോവലിന്‍റെ അവസാനമെത്തുമ്പോള്‍ മാത്രമാണ് വ്യക്തമാകുന്നത്. ലൗ എന്ന നോവലിലും ഗോഡ് സേവ് ദി ഗേൾ എന്ന നോവലിലും, ഇങ്ങനെ മറ്റൊരു വ്യക്തിയിലൂടെയല്ലാത്ത, സമുദായത്തിലെ, സമൂഹത്തിലെ പലരുടെയും ആഖ്യാനത്തിലൂടെ, വര്‍ത്തമാനത്തിലും, ഭൂതത്തിലും, മാറി മാറി സഞ്ചരിച്ചു കൊണ്ടാണ് മോറിസൺ തന്‍റെ റീമെമ്മറിയെ കണ്ടെത്താനും അടയാളപ്പെടുത്താനും ശ്രമിക്കുന്നത്.
വളരെ എളുപ്പത്തിൽ പറഞ്ഞു പോകാവുന്ന ഒന്നായിട്ടാണ് ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ മുഖ്യധാര അമേരിക്കന്‍ എഴുത്തുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് / പ്രത്യക്ഷപ്പെടുന്നത്. വെള്ളക്കാരുടെ വീടുകളിൽ വീട്ടുപണി ചെയ്യുന്ന, കുട്ടികളെ നോക്കുന്ന അധികം സംസാരിക്കാത്ത സ്ത്രീകളായും, പുറം പണിക്ക്, എസ്റ്റേറ്റുകളിൽ പണിയെടുക്കുന്ന പുരുഷന്മാരായും, താന്തോന്നികളായ കുട്ടികളായും, അടിമത്വത്തിന്‍റെ അവശേഷിപ്പുകള്‍ പേറുന്ന ഇരകളായും അവര്‍ ചിത്രീകരിക്കപ്പെട്ടു. ജേൻ ഓസ്റ്റിന്‍റെ മാൻസ്ഫീൽഡ് പാർക്ക് എന്ന എസ്റ്റേറ്റ് നിലനിര്‍ത്തിയിരുന്നത്, ആന്‍റിഗ്വയിലെ അടിമപ്പണിയായിരുന്നു എന്നത് സൗകര്യപൂര്‍വ്വം മറക്കാവുന്ന ഒരു പശ്ചാത്തലം മാത്രമായി മാറുന്നു.(3) ജോസഫ് കോണ്‍റാഡിന്‍റെ ഹേർട്ട് ഓഫ് ഡാർക്ക്നെസ് എന്ന നോവലിൽ, കൂറ്റ്സ് എന്ന ആഫ്രിക്കന്‍ വംശജന്‍, യൂറോപ്യന്‍ സമ്പര്‍ക്കം കൊണ്ട് നേടിയെടുത്ത സാംസ്കാരികമായ നിലവാരം നിലനിര്‍ത്തുന്നതിൽ പരാജയപ്പെടുന്ന ഒരുത്തനാകുന്നു. ഇങ്ങനെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ ഇരകളാക്കികൊണ്ട്, അവര്‍ക്ക് ഓര്‍മകള്‍ ഉണ്ടാക്കിക്കൊണ്ട്, എന്നാൽ അവരെ സംസാരിക്കാനോ, പ്രതിരോധിക്കാനോ കഴിവില്ലാത്തവരായി ആഖ്യാനങ്ങള്‍ ഉണ്ടാകുമ്പോള്‍, അത് ചോദ്യങ്ങള്‍ ഉന്നയിക്കാത്ത, തടസ്സമില്ലാത്ത എളുപ്പത്തിലുള്ള വായന സാധ്യമാക്കുന്നു. റീമെമ്മറിയും അതിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മോറിസണ്‍ എഴുത്തുകളും, അതുകൊണ്ടുതന്നെ വിമോചനാത്മകമാണ്.
ഇരകളെ കേന്ദ്രീകരിച്ചു കൊണ്ടാണ്, വംശീയത മനസിലാക്കപ്പെട്ടിട്ടുള്ളതെന്നും, അത് ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങളെ / സാഹിത്യ നിര്‍മിതികളെ മനസിലാക്കാന്‍, അപര്യാപ്തമാണെന്നും റ്റോണി മോറിസണ്‍ തന്‍റെ ബ്ലാക്ക് ലൈവ്‌സ് മാറ്റർ എന്ന പഠനത്തിൽ പറയുന്നുണ്ട്. വംശീയത നടപ്പിലാക്കിയിരുന്ന ആള്‍ക്കാരെ അതെങ്ങനെ ബാധിക്കുന്നുവെന്നും, അവരിൽ അത് ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നും നോക്കേണ്ടതുണ്ടെന്ന് മോറിസണ്‍ പറയുന്നു.
ആഫ്രിക്കന്‍ എന്നത് ഇല്ലായ്മയെ സൂചിപ്പിക്കുന്ന വാക്കല്ല, മറിച്ച് മനുഷ്യന്റെ അവകാശങ്ങൾ (rights of man) എന്ന അടിസ്ഥാന സങ്കല്‍പം തന്നെ ഉണ്ടാകുന്നത്, അടിമത്വത്തിനെതിരെ, അടിമകളായിരുന്നവരിൽ നിന്നും ഉയര്‍ന്നു വന്ന വിമോചന രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. 400 വര്‍ഷത്തെ കറുത്ത സാന്നിധ്യം അമേരിക്കയെ എങ്ങനെയൊക്കെ ചിന്തിപ്പിച്ചു എന്നത് വംശീയതയെ മനസിലാക്കാന്‍ പ്രധാനമാണെന്ന് മോറിസണ്‍ ബ്ലാക്ക് ലൈവ്‌സ് മാറ്ററിൽ പറയുന്നു. മാര്‍ക്ക് ട്വൈന്‍, ഹെന്‍റി ജെയിംസ്, ഗെട്രൂട് സ്റ്റേയിന്‍, ഏര്‍ണസ്റ്റ് ഹെമിങ്വേ, ഫോക്നര്‍ തുടങ്ങിയവരുടെ എഴുത്തുകളിലെ കറുത്ത / ആഫ്രിക്കന്‍ സാന്നിധ്യങ്ങള്‍ ഉദാഹരിച്ചുകൊണ്ട്, ആഫ്രിക്കന്‍ അടിമത്തം എങ്ങനെയാണ് അമേരിക്കന്‍ രചനാത്മകതയുടെ സാധ്യതകളെ പരിപോഷിപ്പിച്ചത് എന്നത് മോറിസണ്‍ ഈ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.(4)
എന്നാൽ റ്റോണി മോറിസണ്‍, മായ ഏഞ്ചലോ തുടങ്ങിയവരുടെ ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകളിലൂടെ, പൈശാചികവൽക്കരിക്കപ്പെട്ടവര്‍, ഇരയാക്കപ്പെട്ടവര്‍, അവരുടെ ചരിത്രം പറയാൻ, അവരുടെ കഥ പറയാന്‍ തുടങ്ങുമ്പോള്‍ രേഖിയമായ, എളുപ്പ വായനകള്‍ സാധ്യമാക്കുന്ന ആഖ്യാന രീതികള്‍ മതിയാകാതെ വരുന്നു. കാരണം, ആ കഥകള്‍ പറയുക എന്നത്, ഭാവന ചെയ്യുക എന്നത്, കേവലമായി, ജീവിതത്തെ അതേപടി അനുകരിച്ച് എഴുതുകയോ ഇരയുടെ സ്ഥാനത്തുനിന്നുകൊണ്ട് എഴുതുകയോ അല്ല. മറിച്ച് റീമെമ്മറിയിലൂടെ ‘ഉണ്ടാവുക’ എന്ന പ്രക്രിയയാണ് സാധ്യമാകുന്നത് / ആകേണ്ടത്. വംശീയമായ ഭാഷ ആ ഘട്ടത്തിൽ മാറി നിൽക്കേണ്ടി വരും. എന്തായാലും ഇങ്ങനെയുണ്ടാകുന്ന ആഖ്യാനങ്ങളെ മാജിക്കൽ റിയലിസം എന്ന പേരിൽ വിളിക്കുന്നതിനോട് മോറിസണ്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. തനിക്ക് എഴുതാനൊരു സംസ്കാരമുണ്ടെന്നതിനെ നിരാകരിക്കുകയാണ്. ആ സംസ്കാരത്തിന് ധിഷണയില്ലെന്ന് പറയുകയാണ്, അവയെ മാജിക്കൽ റിയലിസം എന്ന് വിളിക്കുന്നതിന്‍റെ അര്‍ഥം എന്ന് മോറിസണ്‍ ഗിൽറോയിയുമായുള്ള അഭിമുഖത്തിൽ പറയുന്നു.(5)
കറുപ്പ് / വെളുപ്പ് ദ്വന്ദങ്ങളുടെ നിര്‍വചനങ്ങള്‍ക്കപ്പുറം ജീവിക്കാനും എഴുതാനും മോറിസണെ പ്രാപ്തയാക്കിയത്, വാക്കിന്‍റെ / കഥപറച്ചിലിന്‍റെ അതിജീവിക്കാനുള്ള കഴിവിനെ മനസിലാക്കുന്നിടത്താണ്, വാക്കിനെ, പറച്ചിലിനെ, അവര്‍ അവരുടെ റീമെമ്മറി കണ്ടെത്താനും അത് മറ്റുള്ളവര്‍ക്ക് അവഗണിക്കാനാകാത്ത വിധത്തിൽ കാണിച്ചു കൊടുക്കാനുമുള്ള മാധ്യമവുമാക്കി മാറ്റി. അതിലൂടെ ആഫ്രിക്കൻ, ആഫ്രിക്കനമേരിക്കൻ എന്നിവയുടെ ആശയ / അനുഭവലോകത്തെ വിപുലീകരിക്കുന്നതോടൊപ്പം, ദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള, വര്‍ണ / ജാതി / ലിംഗ / മതവിവേചനങ്ങളുടെ ഹിംസ അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ റീമെമ്മറിയുടെ പറച്ചിലുകളിലൂടെ, വിമോചനത്തിന്‍റെ, അതിജീവനത്തിന്‍റെ സാധ്യതകളെയും മോറിസന്റെ എഴുത്തുകള്‍ തുറന്നു കൊടുക്കുന്നുണ്ട്.
- ആഫ്രിക്കൻ അമേരിക്കാനിസം എന്ന വാക്ക് വംശീയ നിർമ്മിതികളെ സൂചിപ്പിക്കാൻ Black Matters എന്ന പഠനത്തിൽ ടോണി മോറിസൺ ഉപയോഗിക്കുന്നുണ്ട്.
- https://www.nobelprize.org/prizes/literature/1993/morrison/lecture/
- Terry Eagleton. Literary Theory: An Introduction. Blackwell Publishers Ltd, 1996.
- Toni Morrison. Playing in the Dark: whiteness and the literary imagination. Harvard University Press, 1992.
- Linden Peach. Modern Novelists: Toni Morrison. Macmillan, 1995. 13.