ഓബീസീ സംവരണം നേരിടുന്ന വെല്ലുവിളികൾ

ക്രീമിലെയർ വ്യവസ്ഥയോടെ, 52% വരുന്ന ഓബീസീ വിഭാഗങ്ങൾക്ക് 27% സംവരണം നടപ്പാക്കിത്തുടങ്ങിയിട്ടു വർഷം 27 കഴിഞ്ഞിട്ടും, ഓബീസീക്കാരുടെ ഉദ്യോഗ പ്രാതിനിധ്യത്തിന്റെ നില ശോകമായി തുടരുന്നു. ഭരണഘടനാ വിരുദ്ധമായ ക്രീമിലെയർ വ്യവസ്ഥ, പത്തു ശതമാനം മുന്നാക്ക സംവരണം, വിദ്യാഭ്യാസ സംവരണത്തിലെ ഏകീകരണമില്ലായ്മ തുടങ്ങി ഓബീസീ സംവരണം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സുദേഷ് എം. രഘു എഴുതുന്നു.

കേന്ദ്ര സർക്കാർ ഉദ്യോഗ രംഗത്ത് ഓബീസീക്കാർക്കു സംവരണം ഏർപ്പെടുത്തിയത് 1993 മുതലാണ്; അതായത് സ്വാതന്ത്ര്യം കിട്ടി നാലു പതിറ്റാണ്ടിനു ശേഷമാണ് ജനസംഖ്യയിലെ 52 ശതമാനം വരുന്ന വിഭാഗത്തിനു കേന്ദ്ര സർക്കാർ സർവീസിൽ പ്രവേശനം നൽകാനുള്ള ബോധപൂർവമായ ശ്രമം ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓബീസീ സംവരണം വരുന്നതു പിന്നെയും വർഷങ്ങൾ പലതു കഴിഞ്ഞ് ‘അർജുൻ സിങ്’ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്ന 2006ൽ മാത്രമാണ്. 1990ൽ വി.പി സിങ് സർക്കാർ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചതോടെ ഉത്തരേൻഡ്യയിൽ അതിനെതിരെ സവർണ വിഭാഗം വൻതോതിലുള്ള അക്രമ സമരങ്ങൾ അഴിച്ചുവിടുകയും ആത്മാഹുതി നാടകങ്ങൾ നടത്തുകയും ഒടുവിൽ ആ സർക്കാർ തന്നെ നിലംപതിക്കുകയും ചെയ്തു. തുടർന്നു വന്ന നരസിംഹറാവു സർക്കാർ, ഓബീസീ സംവരണ ഉത്തരവ് ഭേദഗതി വരുത്തി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും അതിനെതിരെ സുപ്രീംകോടതിയിൽ കേസ് വരികയാണുണ്ടായത്.

അവസാനം, 1992 നവംബറിൽ, ക്രീമിലെയർ വ്യവസ്ഥ കൂടി ഏർപ്പെടുത്തി ഓബീസീ സംവരണം നടപ്പാക്കാൻ സുപ്രീംകോടതി അനുവദിച്ചു. വാസ്തവത്തിൽ ഭരണഘടനാ വ്യവസ്ഥക്കെതിരായാണ് സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം (ക്രീമിലെയർ വ്യവസ്ഥ) പരമോന്നത കോടതി കൊണ്ടുവന്നതെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഓബീസീ സംഘടനകളുടെ കെട്ടുറപ്പില്ലായ്മയും ബൗദ്ധിക പാപ്പരത്തവും മൂലം അതിനെതിരെ ശക്തമായ സമരങ്ങളൊന്നും ഉണ്ടായില്ല. തന്മൂലം, ഓബീസീ സംവരണത്തിൽ ക്രീമിലെയർ വ്യവസ്ഥ അടിച്ചേൽപ്പിക്കപ്പെടുകയും, ആ സമുദായങ്ങളിലെ ‘ശബ്ദിക്കുന്ന വിഭാഗം’ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്തു. പിന്നീട് 2006ൽ, അർജുൻ സിങ് മാനവ വിഭവശേഷി മന്ത്രിയായിരിക്കെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓബീസീ സംവരണം നടപ്പാക്കിയപ്പോൾ അതിലും ക്രീമിലെയർ വ്യവസ്ഥയുണ്ടായിരുന്നു.

അർജുൻ സിങ്

ക്രീമിലെയറും സംവരണവും

ക്രീമിലെയർ വ്യവസ്ഥക്കെതിരെ ഓബീസീ സമുദായങ്ങളിലെ ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും അന്നുമിന്നും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പ്രക്ഷോഭ രംഗത്തുണ്ടെങ്കിലും സുപ്രീംകോടതി വിധി ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന ധാരണയിൽ ഓബീസീ സംഘടനകൾ സമര രംഗത്തു നിന്നും, ബോധവത്കരണ രംഗത്തു നിന്നും പിൻവലിഞ്ഞു കളഞ്ഞു. സാധാരണ ഗതിയിൽ, ഏതു സംഘടനയുടെയും നേതൃസ്ഥാനത്ത് ആദ്യം വരുന്നത് ആ സമൂഹത്തിലെ/സമുദായത്തിലെ ക്രീമിലെയറുകാരായിരിക്കും. ഡോ. പൽപ്പുവിനെപ്പോലുള്ള ഈഴവ ക്രീമിലെയറുകാരനാണ് എസ്എൻഡിപി യോഗത്തിന്റെ സ്ഥാപകൻ. പണ്ഡിറ്റ് കറുപ്പനും മഹാത്മാ അയ്യൻകാളിയുമെല്ലാം അതതു സമുദായങ്ങളിലെ ക്രീമിലെയറെന്നു പറയാവുന്നവരായിരുന്നു. വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും ഈഴവരിലെ ക്രീമിലെയറാണ്. ക്രീമിലെയറിനു സംവരണം ഇല്ലെന്നായാൽ അവർക്കു പിന്നെ സംവരണക്കാര്യത്തിൽ താത്പര്യമില്ലാതാകും. കേരളത്തിൽ എസ്എൻഡിപി യോഗവും ഇതര ഓബീസീ സംഘടനകളും സംവരണ വിഷയത്തിൽ ഏതാണ്ടു നിഷ്ക്രിയമായിത്തീർന്നതിന് ഇതും ഒരു കാരണമായിട്ടുണ്ട്. ചുരുക്കത്തിൽ ഓബീസീ സമുദായങ്ങളുടെ നേതൃത്വത്തെയും അണികളെയും വിരുദ്ധ ധ്രുവങ്ങളിലാക്കാൻ ക്രീമിലെയർ വ്യവസ്ഥയ്ക്കു സാധിച്ചു എന്നു പറയാം. ഒരുപക്ഷേ, ആ വ്യവസ്ഥ കൊണ്ടുവന്നവരുടെ ലക്ഷ്യവും അതായിരിക്കണം.

ഡോ. ടി.കെ രവീന്ദ്രന്റെ പ്രവചനം യാഥാർഥ്യമായി

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ 2000 ഡിസംബർ 3-9 ലക്കത്തിൽ, ചരിത്രാധ്യാപകനും കാലിക്കറ്റ് സർവകലാശാല മുൻ വിസിയും ആയിരുന്ന, അന്തരിച്ച ഡോ. ടീ.കെ രവീന്ദ്രൻ ക്രീമിലെയറിനെതിരെ എഴുതിയ ലേഖനത്തിൽ (ക്രീമിലെയറും ഭരണഘടനയും) ഇങ്ങനെ എഴുതുകയുണ്ടായി:

“സംവരണം ഏർപ്പെടുത്തിയതു മൂലം മുന്നാക്ക സമുദായങ്ങൾക്കു നഷ്ടപ്പെട്ട ഭരണരംഗത്തെ സർവാധിപത്യം അവർക്കു വീണ്ടെടുക്കാൻ ക്രീമിലെയർ വ്യവസ്ഥ വഴിതെളിയിക്കും എന്നാണു പിന്നാക്ക വിഭാഗങ്ങളുടെ ആശങ്ക. ഈ ആശങ്ക അടിസ്ഥാനരഹിതമാണെന്നു പറയുക വയ്യ. കാരണം, സംവരണ തസ്തികകൾക്ക് അപേക്ഷിക്കാൻ പോലും വേണ്ടത്ര യോഗ്യതയുള്ളവർ ക്രീമിലെയർ ഒഴിച്ചുള്ള പിന്നാക്ക സമുദായങ്ങളിൽ ഉണ്ടാവില്ല. ആ സാഹചര്യത്തിൽ ആ തസ്തികകൾ പ്രസ്തുത സമുദായങ്ങൾക്കു നഷ്ടപ്പെടുമെന്നും ഓപ്പൺ മെറിറ്റ് ക്വാട്ടയിലേക്കു മാറ്റപ്പെടുന്ന ആ ഉദ്യോഗങ്ങൾ മുഴുവനും മുന്നാക്ക വിഭാഗങ്ങൾക്കു ലഭിക്കുമെന്നും തീർച്ചയാണ്. ഫലത്തിൽ പിന്നാക്ക സമുദായങ്ങൾക്കു ഭരണഘടന ഉറപ്പാക്കിയ ഉദ്യോഗ സംവരണം ഇല്ലാതായിത്തീരും. അങ്ങനെ മേൽത്തട്ടിനെയും കീഴ്ത്തട്ടിനെയും ഒരുപോലെ ദോഷപ്പെടുത്തുന്ന ഒരു ഭ്രമാത്മക നിയമ വ്യവസ്ഥയായി ക്രീമിലെയർ മാറിയിരിക്കുന്നു.”
(‘സംവരണ പ്രശ്നത്തിലെ യാഥാർഥ്യങ്ങളിലൂടെ’ എന്ന പേരിൽ ശ്രീനാരായണ കൂട്ടായ്മ 2001ൽ പ്രസിദ്ധീകരിച്ച ലേഖന സമാഹാരത്തിൽ, ഡോ. രവീന്ദ്രന്റെ ലേഖനം പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

ഡോ. ടി.കെ രവീന്ദ്രൻ ആശങ്കിച്ചതു പോലെ തന്നെയാണു കാര്യങ്ങൾ നടന്നതെന്ന് കേന്ദ്ര സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ പറയുന്നുണ്ട്. ക്രീമിലെയർ വ്യവസ്ഥയോടെ, 52% വരുന്ന ഓബീസീ വിഭാഗങ്ങൾക്ക് 27% സംവരണം നടപ്പാക്കിത്തുടങ്ങിയിട്ടു വർഷം 27 കഴിഞ്ഞിട്ടും, കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലകളിലും ഓബീസീക്കാരുടെ ഉദ്യോഗ പ്രാതിനിധ്യത്തിന്റെ നില ശോകമായി തുടരുകയാണ്.

2020 ജൂലൈ 13ന് ‘ദി പ്രിന്റ്’ ഇതു സംബന്ധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് കേന്ദ്ര സർക്കാരിലെ 89 സെക്രട്ടറിമാരിൽ ഒരാൾ പോലും ഓബീസീ വിഭാഗങ്ങളിൽ നിന്നില്ലത്രേ.93 അഡീഷനൽ സെക്രട്ടറിമാരിലും ഓബീസീക്കാരുടെ എണ്ണം പൂജ്യമാണ്. 275 ജോയിന്റ് സെക്രട്ടറിമാരിൽ കേവലം 19 പേർ (6.9%) മാത്രമാണ് ഓബീസീക്കാർ. കേന്ദ്ര സർക്കാർ സർവീസിലെ ഗ്രൂപ്പ് എ കാറ്റഗറിയിൽ കേവലം 13 %വും ഗ്രൂപ്പ് ബിയിൽ 14 %വും താഴെത്തട്ടിലെ ഗ്രൂപ്പ് സിയിൽ 22.6 %വും ഉദ്യോഗങ്ങൾ മാത്രമേ, മൂന്നു പതിറ്റാണ്ടുകാലം സംവരണം നൽകിയിട്ടും ഓബീസീക്കാർക്കു നേടിയെടുക്കാൻ സാധിച്ചിട്ടുള്ളൂ എന്നു പാർലമെന്ററി സമിതി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ‌ 313 പ്രൊഫസർ‌ ലെവൽ‌ തസ്തികകൾ‌ മറ്റു പിന്നാക്ക വിഭാഗങ്ങ‌ൾ (ഓബീസീകൾ)ക്കായി അനുവദിച്ചിട്ടുണ്ട്. എന്നാൽ 2020 ഓഗസ്റ്റ് വരെ ഈ തസ്തികകളിൽ 2.8% മാത്രമേ നിയമനങ്ങൾ നടത്തിയിട്ടുള്ളൂ.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, നിലവിൽ ഒൻപത് ഓബീസീ പ്രൊഫസർമാർ മാത്രമാണ് ഇൻഡ്യയിലുടനീളമുള്ള കേന്ദ്ര സർവകലാശാലകളിൽ പഠിപ്പിക്കുന്നത്; 304 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ഡോ. ടീ.കെ രവീന്ദ്രൻ

എന്തുകൊണ്ടാണു പ്രാതിനിധ്യക്കുറവ്?

സംവരണ സമുദായക്കാരുടെ,വിശേഷിച്ച് ഓബീസീക്കാരുടെ, അമ്പരപ്പിക്കുന്ന ഈ പ്രാതിനിധ്യക്കുറവിനെ കുറിച്ച് ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്, ഇത്തരം തസ്തികകൾക്കായി ഓഫീസർമാരെ എംപാനൽ ചെയ്യുമ്പോൾ, അതിൽ ഈ വിഭാഗക്കാർ പെടാത്തതാണു കാരണമെന്നാണ്. എന്തുകൊണ്ടാണു സംവരണ വിഭാഗക്കാർ എംപാനൽ ചെയ്യപ്പെടാത്തതെന്നു മുൻ ബിജെപി എംപിയും, ഐആർഎസ് ഉദ്യോഗസ്ഥനുമായിരുന്ന ദലിത് നേതാവ് ഉദിത് രാജ് സ്പഷ്ടമാക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്ത പരാതികൾ ഉന്നയിച്ചും, കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളിൽ മോശം പരാമർശം നടത്തിയുമാണ്  എസ്.സി/എസ്.റ്റി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരെ, മേൽജാതിക്കാരായ മേലുദ്യോഗസ്ഥൻമാർ ഒഴിവാക്കുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഓബീസീക്കാരുടെ കാര്യത്തിൽ ക്രീമിലെയർ വ്യവസ്ഥയും ഉന്നത ഉദ്യോഗ രംഗത്തേക്കുള്ള പ്രവേശനത്തെ തടയുന്നുണ്ട്. എങ്ങനെയെന്നു പറയാം: ഓബീസീ സംവരണ സീറ്റിന് അപേക്ഷിക്കാൻ നോൺ ക്രീമിലെയറിൽപ്പെട്ട ഉദ്യോഗാർഥി ഇല്ലെങ്കിൽ ആ സീറ്റ്, ക്രീമിലെയർ ഓബീസീക്കല്ല പോകുന്നത്, മറിച്ച് ജനറൽ കാറ്റഗറിയിലേക്കാണ്. ഫലത്തിൽ ആ സീറ്റ് സംവരണേതര വിഭാഗത്തിനു തട്ടിയെടുക്കാൻ സാധിക്കുന്നു.

ഇന്ദ്രാ സാഹ്നി കേസ്

ഇന്ദ്രാ സാഹ്നി കേസ് എന്നു പ്രസിദ്ധമായ മണ്ഡൽ കേസിൽ 1992 നംവബറിൽ, 9 അംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയനുസരിച്ചാണ് ഓബീസീ സംവരണത്തിൽ ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്താൻ തീരുമാനിക്കപ്പെട്ടത്. ആ ബെഞ്ചിലെ, തമിഴ്നാട്ടുകാരനും ഓബീസീ സമുദായക്കാരനുമായിരുന്ന ജസ്റ്റിസ് രത്നവേൽ പാണ്ഡ്യൻ മാത്രമാണ് ആ തീരുമാനത്തെ ശക്തമായെതിർത്തു വിയോജനവിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് പാണ്ഡ്യൻ തന്റെ വിയോജന വിധിയിൽ, ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തുന്നതിനെതിരെ പറഞ്ഞത് ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമാകുമെന്നു തോന്നുന്നു :

“I am of the firm view that the division made in the amended OM dividing a section of the people as ‘poorer sections’ and leaving the remaining as ‘non-poorer sections’ on economic criterion from and same unit of identified and ascertained SEBCs, having common characteristics the primary of which is the social backwardness as listed in the report of the (Mandal) Commission, is not permissible and valid and such a division or sub-classification is liable to be struck down as being violative of Clause (4) of Article 16 of the Constitution. “

പ്രാഥമികമായും സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ കണ്ടെത്തി, മണ്ഡൽ കമീഷൻ റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്തവരിൽ നിന്ന്, സമ്പത്തിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ടവരെന്നും അല്ലാത്തവരെന്നും ഒരു വിഭാഗത്തെ വിഭജിക്കുന്നത് ഭരണഘടനയുടെ 16(4) വകുപ്പിന്റെ ലംഘനം ആവുമെന്നും, അതിനാൽ ആ നീക്കം അനുവദിക്കാൻ പാടില്ലെന്നുമാണ് ജസ്റ്റിസ് പാണ്ഡ്യൻ അർഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത്.

ജസ്റ്റിസ് രത്നവേൽ പാണ്ഡ്യൻ

അതുകൊണ്ടുതന്നെ, ക്രീമിലെയറിനു വേണ്ടിയുള്ള വാദത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ഭൂരിപക്ഷ ബെഞ്ചിന്റെ വിധി, ക്രീമിലെയർ വ്യവസ്ഥയോടെ മാത്രമേ ഓബീസീ സംവരണം നടപ്പാക്കാവൂ എന്നതായിരുന്നു. എന്നിരുന്നാലും, സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നരസിംഹറാവു സർക്കാരിന്റെ തീരുമാനം, ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചു കോടതി അനുവദിച്ചില്ല. പിന്നീടു വന്ന സവർണ പ്രധാനമന്ത്രിമാർ ആരും തന്നെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ബിൽ അവതരിപ്പിക്കാൻ ധൈര്യപ്പെട്ടിരുന്നുമില്ല. അതുപിന്നെ നടപ്പാക്കിയത് ഓബീസീക്കാരനെന്നു വിളിക്കപ്പെടുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രിയാണ്. അതിനുവേണ്ടി ഭരണഘടന തന്നെ മോദി സർക്കാർ ഭേദഗതി ചെയ്തു. റോക്കറ്റിന്റെ വേഗതയിലാണ് ബിൽ നിയമമായതും സംസ്ഥാനങ്ങളും കേന്ദ്രവും മത്സരിച്ചു നടപ്പാക്കാൻ തുടങ്ങിയതും. ഭരണഘടനയുടെ അടിസ്ഥാന സങ്കൽപങ്ങളെ തകിടം മറിക്കുന്ന ആ നിയമത്തിനെതിരെ സമർപ്പിച്ച ഹരജികൾ കേൾക്കാൻ പോലും സുപ്രീംകോടതി തയ്യാറായിട്ടില്ല. ഈയടുത്ത കാലത്താണു കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടാൻ തീരുമാനിച്ചതു തന്നെ. ആ വിധി എന്തായാലും, എല്ലാ രംഗത്തും മുന്നാക്ക സംവരണം നടപ്പാക്കിക്കഴിഞ്ഞിട്ടായിരിക്കും വരാൻ സാധ്യത.

ഓബീസീക്കാർക്കു സംവരണം ഏർപ്പെടുത്താൻ രണ്ടു കമീഷനെയാണു കേന്ദ്ര സർക്കാർ നിയമിച്ചത്. വിശദമായ ഫീൽഡ് സ്റ്റഡി ഉൾപ്പെടെ ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിച്ചും ആവശ്യമായ എംപിരിക്കൽ ഡാറ്റയുടെ പിന്തുണയോടെയുമാണു രണ്ടു കമീഷനും റിപ്പോർട്ടുകൾ സമർപ്പിച്ചത്. ആദ്യ കമീഷൻ റിപ്പോർട്ട്, സർക്കാർ സ്വീകരിക്കയോ നടപ്പാക്കയോ ചെയ്തില്ല. രണ്ടാമത്തെ കമീഷന്റെ (മണ്ഡൽ കമ്മീഷന്റെ) ശിപാർശ നടപ്പാക്കാൻ നീണ്ട 10 വർഷം പിന്നെയും വേണ്ടിവന്നു. നടപ്പാക്കിയപ്പോഴോ?അതിനെതിരെ അതിശക്തമായ സമരവും കേസുകളും. ഒടുവിൽ കോടതിവിധി വന്നിട്ടാണ് ക്രീമിലെയർ വ്യവസ്ഥയോടെ, ഓബീസീ സംവരണം നടപ്പാക്കാൻ തുടങ്ങയത്. എന്നാൽ, മുന്നാക്കക്കാർക്കു സംവരണം ഏർപ്പെടുത്താൻ ഒരു ഡാറ്റയും ആവശ്യമില്ല. ഭരണഘടനാ ഭേദഗതിയും ചട്ടങ്ങളുമെല്ലാം ചൂടപ്പം പോലെയാണു ചുട്ടെടുത്തത്. പ്രക്ഷോഭമോ കോടതി ഇടപെടലോ ഒന്നുമില്ല.

“ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം പാലിക്കാൻ ഇടതുപക്ഷ സംഘടനയായ പി.കെ.എസിനു പോലും സമരം ചെയ്യേണ്ടി വരുന്ന കാലത്താണ് ഒരാൾക്കു പോലും തെരുവിലിറങ്ങേണ്ടി വരാതെ സവർണ സംവരണം നടപ്പിലാക്കപ്പെടുന്നത്” എന്നു കൃത്യമായി ഇക്കാര്യം തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ, ഗവേഷകനായ ശ്രുതീഷ് കണ്ണാടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ, മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു സംവരണം ഏർപ്പെടുത്താൻ നിയമമുണ്ടാക്കിയപ്പോൾ പരമാവധി 10 ശതമാനം വരെ (subject to a maximum of ten per cent) സംവരണം നൽകാം എന്നാണു പറഞ്ഞിട്ടുള്ളത്. നമ്മുടെ നാട്ടിൽ സാധനങ്ങളുടെ പരമാവധി വിൽപ്പന വില (Maximum Retail Price) എന്നു പറയുന്ന പോലെയാണ് ഈ ‘പരമാവധി’യും എന്നാണു മനസ്സിലാകുന്നത്. എന്നാൽ ഓഫീസ് മെമ്മോറാണ്ടം വന്നപ്പോൾ, പരമാവധി എന്നതൊക്കെ എടുത്തുകളഞ്ഞ് 10 ശതമാനം എന്നുതന്നെ നിജപ്പെടുത്തി (The persons belonging to EWSs who, are not covered under the scheme of reservation for SCs, STs and OBCs shall get 10% reservation in direct recruitment in civil posts and services in the Government of India). ജനറൽ സീറ്റുകളെന്നാൽ മുന്നാക്കക്കാരുടെ സീറ്റുകളാണെന്നു ധരിച്ചുവശായിട്ടുള്ളവരാണു കേരളത്തിലെ വിദ്യാസമ്പന്നരിൽ പലരും. ആ വിവരദോഷം ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയക്കാർക്കും വേണ്ടുവോളമുണ്ട്. അതുകൊണ്ടാണ്, മുന്നാക്ക സംവരണം നടപ്പാകുമ്പോൾ പിന്നാക്കക്കാർക്കു കൂടി അവകാശപ്പെട്ട ജനറൽ സീറ്റിൽ കുറവു വരുമെന്ന വസ്തുത അവർക്കു മനസ്സിലാകാത്തത്.

ബി.പി ശർമ കമ്മിറ്റി

പേഴ്സനൽ വകുപ്പിലെ (DoPT) സെക്രട്ടറിയായിരുന്ന ബി.പി ശർമ എന്ന ബ്രാഹ്മണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്രീമിലെയർ പരിധിയിൽ ശമ്പള വരുമാനം കൂടി ഉൾപ്പെടുത്തണമെന്നു ശിപാർശ ചെയ്തത്. ദേശീയ പിന്നാക്ക വർഗ കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനം നിലനിൽക്കെയാണ് മോദി സർക്കാർ ഓബീസീ വിഭാഗത്തിൽ നിന്ന് ആരെയും ഉൾപ്പെടുത്താതെ ബ്രാഹ്മണ ബ്യൂറോക്രാറ്റിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയമിച്ചതെന്നോർക്കണം. എന്തു കാരണത്താലാവാം ഓബീസീ സമുദായങ്ങളെ നിർണായകമായി ബാധിക്കുന്ന തീരുമാനം എടുക്കേണ്ട സമതിയിൽ ഓബീസീ വിഭാഗത്തിൽ നിന്നുള്ള ആരെയും ഉൾപ്പെടുത്താൻ തയ്യാറാവാതിരുന്നത്?അതുപോലെ തന്നെ, ഏറ്റവുമാദ്യം പുറത്തുവരേണ്ടിയിരുന്ന ഡാറ്റ, ഓബീസീക്കാരുടെ ജനസംഖ്യയും അവരുടെ ഉദ്യോഗ/വിദ്യാഭ്യാസ പ്രാതിനിധ്യവും എത്രയുണ്ടെന്നതാണ്.

ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ അഡ്വ: കെ കൊണ്ടല റാവു കൃത്യമായി ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്:

“സ്റ്റാറ്റസ് കണ്ടെത്തുന്നതിനായി ‘കുടുംബ വരുമാനം’ കണക്കാക്കുന്നതിൽ ശമ്പള വരുമാനം ഉൾപ്പെടുത്താനുള്ള തീരുമാനം 2020 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ, 2020 മാർച്ചിൽ എൻ‌സിബിസി ഈ നീക്കത്തെ എതിർക്കുകയും, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സർക്കാരിന് ഒരു കത്തയക്കുകയും ചെയ്തു. എന്നാൽ പിന്നീട് സർക്കാർ എൻസിബിസിയെ തങ്ങളുടെ വരുതിയിലാക്കുകയും, ഒടുവിൽ അജ്ഞാതമായ കാരണങ്ങളാൽ, എൻസിബിസി സർക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുകയുമാണ് ഉണ്ടായത്. ഇത് പൊതുമേഖലാ തൊഴിൽ ഇടങ്ങളിൽ വളരെ കുറഞ്ഞ പ്രാതിനിധ്യം ഉള്ളതും എന്നാൽ ക്രീമിലെയർ എന്ന ആശയത്തിന്റെ പ്രത്യേക ഇരകളായതുമായ പിന്നാക്ക വിഭാഗക്കാരുടെ ശാക്തീകരണ പ്രക്രിയയുടെ അടിത്തറ മാന്തുകയാണ് ചെയ്യുന്നത്.”

കെ. ശശിധരൻ നായർ

ശമ്പള വരുമാനം കണക്കാക്കിയാൽ

ക്രീമിലെയർ പരിധി 12 ലക്ഷമായി ഉയർത്തിയാലും, വരുമാനം കണക്കാക്കുന്നതിൽ ശമ്പള വരുമാനം കൂടി ഉൾപ്പെടുത്തിയാൽ വലിയ വിഭാഗം വരുന്ന ഓബീസീക്കാർക്ക് സംവരണ സീറ്റുകൾ നഷ്ടമാകുമെന്നതിൽ സംശയമില്ല. മാതാപിതാക്കൾ പ്രൈമറി അധ്യാപകരോ ക്ലാർക്കോ ആയാൽ മതി ആ കുടുംബം ക്രീമിലെയറാകാൻ. അവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ സംവരണ സീറ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അല്ലെങ്കിൽത്തന്നെ, സാമ്പത്തികമായി ദുർബലരായ വിഭാഗം എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന മുന്നാക്ക സംവരണം കൂടി വന്നതോടെ ജനറൽ ക്വാട്ട 50ൽ നിന്നു 40 ആയി കുറഞ്ഞിരിക്കയാണ്.(ഉദ്യോഗ സംവരണത്തിലല്ലാതെ, വിദ്യാഭ്യാസ സംവരണത്തിൽ ഓബീസീക്കാർക്ക് 50 ശതമാനം സംവരണം കേരളത്തിൽ വരെ ഇല്ലെന്ന് സാന്ദർഭികമായി ഓർമിപ്പിക്കുന്നു). ആ ജനറൽ സീറ്റിലേക്ക് വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ മുന്നിൽ നിൽക്കുന്ന മുന്നാക്ക ജാതിക്കാരുമായി മത്സരിച്ച് ഓബീസീകൾക്കു കടന്നുകയറാൻ ഇപ്പോഴും വലിയ പ്രയാസമാണ്. സംശയമുള്ളവർ, വിവിധ പ്രൊഫഷനൽ കോഴ്സുകളിലേക്കു നടത്തുന്ന എൻട്രൻസ് ടെസ്റ്റുകളുടെയും സിവിൽ സർവീസ് പരീക്ഷകളുടെയും റിസൾട്ട് പരിശോധിച്ചാൽ മതി. അതിലെ ജനറൽ ക്വാട്ട എന്നാൽ സംവരണേതര സമുദായക്കാരുടെ കുത്തക തന്നെയാണ് ഇപ്പോഴും. അതിലൊന്നും ഓബീസീക്കാർക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മുന്നാക്ക ജാതിക്കാർ നൂറ്റാണ്ടുകളിലൂടെ നേടിയ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നാക്കാവസ്ഥയെ കേവലം പതിറ്റാണ്ടുകൾ മാത്രമായ സംവരണം കൊണ്ടൊന്നും ഓബീസീക്കാർക്കു മറികടക്കാൻ സാധിക്കില്ലെന്നതിനു തെളിവാണ് ഈ റിസൾട്ടുകൾ.

വി.പി സിങ്

ക്രീമിലെയർ സങ്കൽപം ഭരണഘടനാ വിരുദ്ധം

ഭരണഘടനയുടെ അനുഛേദം 16(4) പറയുന്നത് സർവീസിൽ മതിയായ പ്രാതിനിധ്യമില്ലാത്തവർക്കു സംവരണം നൽകണം എന്നാണ്. ഈ ‘മതിയായ പ്രാതിനിധ്യം’ എന്നാൽ വാസ്തവത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം തന്നെയായിരിക്കേണ്ടതാണ്. എന്നാൽ ഇന്ദ്രാ സാഹ്നി കേസിൽ ഭൂരിപക്ഷ ബെഞ്ച് അഭിപ്രായപ്പെട്ടത് അതങ്ങനെയല്ല എന്നാണ്. അതുപോലെ തന്നെ, അനുഛേദം 16(4) പറയുന്ന പിന്നാക്ക വിഭാഗം പൗരന്മാരും അനുഛേദം15(4) പറയുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക വിഭാഗം പൗരന്മാരും ഒന്നു തന്നെയാണെന്നു പറയാനാവില്ലെന്നും ആ വിധിയിൽ പറയുന്നുണ്ട്.  ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ സങ്കൽപത്തെ അട്ടിമറിച്ച വിധിയായിരുന്നു മണ്ഡൽ കേസിൽ (ഇന്ദ്രാ സാഹ്നി കേസ്) ഭൂരിപക്ഷ ബെഞ്ച് പുറപ്പെടുവിച്ച വിധി എന്ന കാര്യത്തിൽ സംശയമില്ല. അക്കാര്യം മനസ്സിലാകാൻ വേറെ എവിടെയും പോകേണ്ടതില്ല, ജസ്റ്റിസ് എസ്.ആർ പാണ്ഡ്യന്റെ വിയോജനവിധി വായിച്ചാൽ മതി. കോടതി, തങ്ങളുടെ അധികാര പരിധി മറികടന്നാണ് സംവരണത്തിൽ ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തിയത്. അന്നുമുതൽ ഇന്നുവരെ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവരെന്നു വിളിച്ച് ഓബീസീ വിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്നവരെയും, അതിലെ ശബ്ദിക്കുന്ന വിഭാഗത്തെയും സംവരണ സീറ്റുകളിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നു. തന്മൂലമാണ് മണ്ഡൽ കമീഷൻ റിപ്പോർട്ടിലെ സംവരണ ശിപാർശ നടപ്പാക്കി മൂന്നു പതിറ്റാണ്ടാകാറായിട്ടും പല ഉന്നത ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഓബീസീക്കാരെ കാണാൻ കിട്ടാത്തത്. അത്തരം സീറ്റുകളിലേക്കു സ്വാഭാവികമായും കടന്നുവരേണ്ട ക്രീമിലെയർ ഓബീസീക്കാർക്ക് ആ സീറ്റുകൾ നിഷേധിക്കുകയും അവിടെ നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെട്ട ഓബീസീക്കാരില്ലാതെ വരികയും ചെയ്യുമ്പോൾ, ആ സീറ്റുകൾ ജനറൽ വിഭാഗം അടിച്ചെടുത്തുകൊണ്ടിരിക്കയാണു് പതിറ്റാണ്ടുകളായി. ഈ അനീതി ചോദ്യം ചെയ്യാൻ കെൽപ്പില്ലാത്തവരായി ഓബീസീ സമുദായത്തെ മാറ്റിത്തീർത്തത്, ക്രീമിലെയർ വിഭാഗത്തിനു സംവരണം നിഷേധിച്ച് അവർ നേതൃത്വം നൽകുന്ന ഓബീസീ സംഘടനകൾക്ക് സംവരണവിഷയത്തിൽ താത്പര്യമില്ലാതാക്കിയാണെന്നതാണ് ഇതിലെ ഗൂഢാലോചന.

പത്തു ശതമാനം മുന്നാക്ക സംവരണം

കേരള സർക്കാർ, മുന്നാക്കക്കാർക്ക് ഏർപ്പെടുത്തിയ സംവരണത്തെ സാമ്പത്തിക സംവരണം എന്ന ഓമനപ്പേരിട്ടാണ് മനോരമയെപ്പോലുള്ള ‘പിന്നാക്ക സംവരണ വിരുദ്ധ പത്രങ്ങൾ’ വിശേഷിപ്പിച്ചത്. അതുകേട്ടാൽ, ആ സംവരണം എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവർക്കുള്ള സംവരണമാണെന്നു പലരും തെറ്റിദ്ധരിക്കും. മുന്നാക്ക സമുദായങ്ങളിലെ ‘പാവപ്പെട്ടവർക്കു’ മാത്രമേ ഈ സംവരണം ലഭിക്കൂ.

ആരാണ് ഈ ‘പാവപ്പെട്ടവർ’? മാസം 33,333 വരുമാനമുള്ളവർ സർക്കാരിന്റെ കണക്കിൽ പാവപ്പെട്ടവരാണ്. 2.5 ഏക്കർ ഭൂമിയുള്ളവർ പാവപ്പെട്ടവരാണ്. ഇങ്ങനെ മാനദണ്ഡം ഉണ്ടാക്കാൻ സർക്കാർ ഒരു സമിതിയെ നിയമിച്ചിരുന്നു. ശശിധരൻ നായർ കമ്മിറ്റി. തികച്ചും ഏകപക്ഷീയമായി മുന്നാക്കക്കാരിലെ ഇടത്തരക്കാർക്കും സമ്പന്നർക്കും കൂടി സഹായകരമാകുന്ന നിർദേശങ്ങളാണ് ആ കമ്മിറ്റി ശിപാർശ ചെയ്തത്. ചുരുക്കത്തിൽ, മുന്നാക്ക സമുദായക്കാരിൽ യഥാർഥത്തിൽ ആരെങ്കിലും പാവപ്പെട്ടവരുണ്ടെങ്കിൽ അവർക്കുപോലും പാര പണിയുന്നതാണ് ഈ മാനദണ്ഡങ്ങൾ.

അധികാര പ്രവേശനമാണ് സംവരണം

അധികാരത്തിന്റെ വിവിധ മേഖലകളിലേക്ക് എല്ലാ സമുദായങ്ങളെയും ആനുപാതികമായി ഉൾക്കൊള്ളലാണ് സംവരണത്തിന്റെ ലക്ഷ്യം. ഓബീസീകളെ സംബന്ധിച്ചിടത്തോളം ഉദ്യോഗ രംഗത്തു മാത്രമാണ് 40% സംവരണമുള്ളത്. വിദ്യാഭ്യാസ രംഗത്ത് പലതരത്തിലാണു സംവരണം. ആര്‍ട്ട്സ്‌ ആൻഡ് സയന്‍സ്‌ കോളേജുകളിലും സര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക്‌ 20 ശതമാനവും പ്രൊഫഷണല്‍ ബിരുദ കോഴ്സുകള്‍ക്ക്‌ 30 ശതമാനവുമാണ് സംവരണം. ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകള്‍ക്ക്‌ (എം.ഡി./എം.എസ്‌) 9% ശതമാനവും, എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക്‌ കേവലം ശതമാനവും മാത്രമാണു സംവരണം. എച്ച്‌എസ്എസ്‌/വിഎച്ച്‌എസ്‌ഇ തുടങ്ങി ഇതര കോഴ്സുകള്‍ക്ക്‌ വ്യത്യസ്ത തോതാണ്‌ (ചുവടെയുള്ള പട്ടികകൾ കാണുക).

രാഷ്ട്രീയ സംവരണം ഒരിടത്തുമില്ല. വിദ്യാഭ്യാസ സംവരണം, എല്ലാ കോഴ്സുകളിലും ഉദ്യോഗ സംവരണത്തോതിൽ 40% ആക്കി ഏകീകരിക്കാനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നിയമസഭകളിലും പാർലമെന്റിലും ഓബീസീ സംവരണം ഏർപ്പെടുത്താനും വേണ്ടിയുള്ള പ്രക്ഷോഭവും ക്യാമ്പയിനും ആരംഭിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഭാവി തലമുറക്ക് വിദ്യാഭ്യാസവും ഉദ്യോഗവും അധികാരവും സമ്പത്തും അന്തസ്സും ഉണ്ടാകാനും, അതു നിലനിർത്താനും അതല്ലാതെ വേറെ മാർഗമൊന്നുമില്ല. ഓബീസീകളുടെ നേതൃത്വത്തിന് ഇതു മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ അവരുടെ കുഞ്ഞുമക്കളുടെ ഭാവി ഇരുളടഞ്ഞതാകാൻ അധികം താമസമില്ല. ഇപ്പോൾത്തന്നെ, വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ഡ്രോപൗട്ടുകളുടെയും കൂലിപ്പണിക്കാരായ യുവാക്കളുടെയും ആധിക്യമാണ് ഈ സമുദായങ്ങളിൽ കാണുന്നത്. ഈ നിലക്കാണു പോകുന്നതെങ്കിൽ, ഓബീസീ സമുദായങ്ങളിൽ ഭൂരിപക്ഷത്തിന്റെയും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ നില വലിയ തോതിൽ പിന്നോട്ടു പോകാനാണു സാധ്യത.

പട്ടിക 1: പ്രൊഫഷനൽ ഡിഗ്രി കോഴ്‌സുകളിലെ ഓബീസീ സംവരണം

പട്ടിക 2: ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓബീസീ സംവരണം

പട്ടിക 3: ഹയർ സെക്കണ്ടറി/വി.എച്ച്.എസ്.സി ഓബീസീ സംവരണം

പട്ടിക 4: മെഡിക്കൽ പിജി കോഴ്‌സുകളിലെ ഓബീസീ സംവരണം

കടപ്പാട്: സഹോദരൻ മാസിക

  • https://theprint.in/india/education/only-9-obc-professors-teaching-in-central-universities-across-india-against-313-quota-posts/486458/
Top