സംവരണം മൗലിക അവകാശമാണ്: ജി. മോഹൻ ഗോപാൽ സംസാരിക്കുന്നു
മൗലിക അവകാശങ്ങളെ കുറിച്ച് പറയുന്ന ഭരണഘടനയുടെ ഭാഗം മൂന്നിലാണ് സംവരണം വ്യവസ്ഥ ചെയ്യുന്നത്. മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പ്രധാനമായ ‘തുല്യതക്കുള്ള അവകാശം’ എന്നതിന്റെ കീഴിൽ വരുന്നതിനാൽ പാർലമെന്റിനോ ജുഡീഷ്യറിക്കോ അതിൽ ഭേദഗതി വരുത്തുകയും സാധ്യമല്ല. ജി. മോഹൻ ഗോപാൽ സംസാരിക്കുന്നു.
സംവരണം മൗലികാവകാശമല്ല എന്ന തരത്തിലുള്ള മീഡിയ പ്രചാരണങ്ങൾ ഏറെ കേട്ടുവരുന്നുണ്ട്. എന്നാൽ, സംവരണം മൗലികാവകാശം തന്നെയാണെന്നാണു നമ്മൾ വിശ്വസിക്കുന്നത്. എങ്ങനെയെന്നു വിശദീകരിക്കാം. സംവരണം മൗലികാവകാശമല്ല എന്ന വാദത്തിൽ ഉള്ളടങ്ങിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും സംസാരിക്കാം. ഭരണഘടനയിലെ ‘മൗലികാവകാശങ്ങൾ’ എന്ന ശീർഷകത്തിൽ വരുന്ന പാർട്ട് മൂന്നിലാണു സംവരണം ഉൾക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും അതിൽ പ്രസ്താവിച്ചിരിക്കുന്ന മുഴുവൻ അവകാശങ്ങളും മൗലികമാണെന്നാണു മനസ്സിലാക്കാനാവുക. എന്നാൽ, അതിലെ ഒരു വ്യവസ്ഥ മാത്രം മൌലികാവകാശമല്ലെന്ന് ജുഡീഷ്യറി വാദിക്കുമ്പോൾ, യഥാർഥത്തിൽ വളരെ അപകടകരമായ മേഖലയിലേക്കു നാം കടക്കുകയാണ്. കാരണം, അതൊരു അവകാശമല്ലായിരുന്നെങ്കിൽ എന്തുകൊണ്ടാണ് ഭരണഘടനാ അസംബ്ലി അതിനെ മൗലിക അവകാശങ്ങൾക്കു കീഴെ ചേർത്തത്?
ഭരണഘടനാ അസംബ്ലിയിൽ ഒരു ഘട്ടത്തിൽ ഒരു മെമ്പർ, സംവരണം മൗലികാവകാശമല്ല എന്നു വാദിക്കുകയുണ്ടായി. എന്നാൽ അതു തിരസ്കരിക്കപ്പെട്ടു. എന്നു മാത്രമല്ല, വകുപ്പ് 16(4)ൽ പറഞ്ഞിരിക്കുന്ന, പിന്നാക്കക്കാർക്കുള്ള സംവരണം, മൗലികാവകാശമാണെന്ന് ഡ്രാഫ്റ്റിങ് കമ്മറ്റിയുടെ ചെയർമാൻ എന്ന നിലയ്ക്ക് ഡോ. ബി.ആർ അംബേഡ്കർ അടിവരയിട്ടു പ്രസ്താവിക്കുകയുമുണ്ടായി. ഈ രണ്ടു കാര്യങ്ങളും, അഥവാ ഭരണഘടനയുടെ പാർട്ട് മൂന്നിൽ ഉൾപ്പെട്ടതും ഭരണഘടനാ സമിതി മൗലികാവകാശമായി ഏകസ്വരത്തിൽ അംഗീകരിച്ചതും, സംവരണം മൗലികാവകാശമാണെന്ന നമ്മുടെ വാദത്തെ ഉറപ്പിക്കുന്നു. പാർട്ട് മൂന്നിൽ പ്രസ്താവിച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളും മൗലികാവകാശങ്ങളാണെന്ന വസ്തുത നമ്മൾ അംഗീകരിക്കേണ്ടതു തന്നെയാണ്. മൗലികാവകാശങ്ങളായി ഭരണഘടനയിൽ രേഖപ്പെടുത്തിയ വ്യവസ്ഥകൾ അവിഭാജ്യങ്ങളാണ്. അവയെ വേർപെടുത്തി വായിക്കുക സാധ്യമല്ല. ആയതിനാൽ, സംവരണം മൗലികാവകാശമല്ല എന്ന വാദം അംഗീകരിച്ചാൽ അപകടകരമായ അവസ്ഥയാവും അതുണ്ടാക്കുക. കാരണം, ഭാഗം മൂന്നിലെ വ്യവസ്ഥകളെ വേർപെടുത്തി വായിക്കുന്ന അവസ്ഥയുണ്ടായും. ചില വ്യവസ്ഥകൾ ഭാഗം മൂന്നിൽ ഉൾപ്പെട്ടിരിക്കെത്തന്നെ, അവ മൗലികാവകാശമല്ല എന്ന വാദമുയരും. ഇതേ സമീപനം വകുപ്പ് 21ൽ തുടർന്നാൽ, ജീവനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ എടുത്തു മാറ്റപ്പെടും. വകുപ്പ് 14 ൽ ആയാൽ ‘തുല്യതക്കുള്ള അവകാശവും’ ഇതിൻപ്രകാരം എടുത്തു മാറ്റപ്പെടും. വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്ന വകുപ്പ് 19ന്റെയും മത സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്ന വകുപ്പ് 25ന്റെയും അവസ്ഥ ഇതു തന്നെ. അതുകൊണ്ടുതന്നെ, ഭാഗം മൂന്നിൽ പറയുന്ന വ്യവസ്ഥകളുടെ സമഗ്രത വളരെ പ്രധാനമാണെന്നു ഞാൻ കരുതുന്നു.
ഇനി, സംവരണം മൗലികാവകാശമല്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ എന്താണവർ ചെയ്യേണ്ടത്? അതു പറയേണ്ടത് ഏതാനും ജഡ്ജിമാർ അടങ്ങിയ ബെഞ്ചുകളല്ല. ഭാഗം മൂന്നിലെ ഏതെങ്കിലുമൊരു വ്യവസ്ഥ മൗലികാവകാശങ്ങളിൽപ്പെടുന്നതല്ല എന്ന ബോധ്യത്തിന്റെ പേരിൽ നീക്കം ചെയ്യണമെന്ന് ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ, അതു പാർലമെന്റിൽ ചർച്ചയ്ക്കു കൊണ്ടുവരികയാണു ശരിയായ രീതി. ‘സ്വത്തവകാശത്തിന്റെ’ കാര്യത്തിൽ ചെയ്തതു പോലെ, പാർലമെന്റ്, ചർച്ചകൾക്കും പ്രക്രിയകൾക്കും ശേഷം, ഭരണഘടനയുടെ മറ്റേതെങ്കിലും ഭാഗത്തിൽ ചേർക്കുകയോ അല്ലെങ്കിൽ മുഴുവനായി നീക്കം ചെയ്യുകയോ ആണു ചെയ്യേണ്ടത്; അവരതാണ് ആഗ്രഹിക്കുന്നതെങ്കിൽ.
എന്നാൽ അവിടെയും പ്രശ്നമുണ്ട്. കേശവാനന്ദ ഭാരതി കേസിനു ശേഷം, സുപ്രീംകോടതി വ്യവസ്ഥ പ്രകാരം, ഭരണഘടനയിൽ വരുത്തുന്ന ഒരു ഭേദഗതിയും അതിന്റെ അടിസ്ഥാന ഘടനയ്ക്കു (Basic Structure) വിരുദ്ധമാകാവതല്ല. അഥവാ, ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു വിരുദ്ധമായ ഭേദഗതി വരുത്താൻ ഇരു സഭകൾക്കും അവകാശമില്ല. സംവരണത്തിന്റെ കേസിൽ, തുല്യതയ്ക്കുള്ള അവകാശം എന്നത് അടിസ്ഥാന ഘടനയുടെ പരമപ്രധാനമായ വ്യവസ്ഥയാണെന്നു നമുക്കറിയാം. ആയതിനാൽ, തുല്യതയുമായി ബന്ധപ്പെട്ട ഭാഗം, മൂന്നിലെ വ്യവസ്ഥകൾ (വകുപ്പ് 14, 15, 16, 17, 18 ഉൾപ്പെടെ) ഭേദഗതി ചെയ്യുന്നുവെങ്കിൽ, അത് അടിസ്ഥാന ഘടനയ്ക്കു് എതിരാവുകയും തന്മൂലം, തള്ളപ്പെടുകയും ചെയ്യും. പാർലമെന്റിനു പോലും ഭാഗം മൂന്നിലെ ഒരു വ്യവസ്ഥ നീക്കം ചെയ്യാൻ അവകാശമില്ല എന്നാണ് ഇതിനർഥം. നിയമനിർമാണ സഭകൾക്ക് അവകാശമില്ലെന്നിരിക്കെ, അടിസ്ഥാന ഘടനയുടെ സംരക്ഷകരെന്ന നിലയ്ക്ക് ജുഡീഷ്യറിക്കും അത്തരം അവകാശങ്ങളില്ല. ഭാഗം മൂന്നിലെ വ്യവസ്ഥകളുടെ സമഗ്രതയെ തകർക്കാനുള്ള ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളുടെ അപകടങ്ങളെക്കുറിച്ചാണു സൂചിപ്പിച്ചത്. ഇതാണു ഞാൻ പറയാനുദ്ദേശിച്ച ആദ്യത്തെ സംഗതി.
അടുത്ത ഭാഗം, ‘തുല്യതയ്ക്കുള്ള അവകാശത്തിന്റെയും’ (Right to Equality), സവിശേഷമായി വകുപ്പ് 16ന്റെയും അടിസ്ഥാന ഘടനയെ മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ടതാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ, ഭരണഘടനയുടെ ഭാഗം മൂന്നിൽ ‘തുല്യതയ്ക്കുള്ള അവകാശം’ എന്ന ഉപശീർഷകത്തിൽ വരുന്ന ഒരു ഭാഗമുണ്ട്. താഴെ പറയുന്ന വകുപ്പുകൾ അതിനു കീഴിൽ വരുന്നതാണ്:
വകുപ്പ് 14, അഥവാ ‘നിയമത്തിനു മുന്നിലെ തുല്യത’ (equality before law) അതിൽ ഉൾപ്പെടുന്നതാണ്. “ഇൻഡ്യൻ പ്രദേശത്തിനകത്ത് ഒരാൾക്കും നിയമത്തിനു മുന്നിൽ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ രാഷ്ട്രം നിഷേധിച്ചു കൂടാത്തതാകുന്നു” എന്നാകുന്നു വ്യവസ്ഥ.
വകുപ്പ് 15, അഥവാ “ജാതി/മത/ലിംഗ/ജന്മദേശ കാരണങ്ങളാലോ അവയിൽ ഏതെങ്കിലുമൊന്നിനെ കാരണമാക്കിയോ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാട്ടാൻ പാടില്ലാത്തതാകുന്നു. സമകാലിക ഇൻഡ്യൻ പരിസരത്തിൽ ഈ വ്യവസ്ഥ ഏറെ നിർണായകമാണ്.
വകുപ്പ് 16, അഥവാ പൊതുനിയമന കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കും അവസര സമത്വം ഉറപ്പു നൽകുന്ന വ്യവസ്ഥ. നമ്മുടെ ചർച്ചയുടെ പ്രധാന ഊന്നൽ ഈ വ്യവസ്ഥയിലാണ്.
വകുപ്പ് 17, അയിത്തവും മറ്റു പ്രധാന സാമൂഹിക ഉച്ചനീച്ചത്വങ്ങളും നിരോധിക്കുന്നു.
വകുപ്പ് 18, ഇൻഡ്യയിൽ ഏതൊരാൾക്കും ബഹുമതികൾ നൽകുന്നതിൽ നിന്ന് സ്റ്റേറ്റിനെ വിലക്കുന്ന വ്യവസ്ഥ.
വകുപ്പ് 16നു കീഴിൽ മൂന്നു പ്രധാന മൗലികാവകാശങ്ങൾ വരുന്നുണ്ട്.
1. സ്റ്റേറ്റിനു കീഴിലുള്ള ഓഫീസുകളിലേക്കുള്ള നിയമനങ്ങളിലും ഉദ്യോഗങ്ങളിലും എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങളുണ്ടായിരിക്കും.
2.സ്റ്റേറ്റിനു കീഴിലുള്ള ഓഫീസുകളിൽ ഉദ്യോഗം ചെയ്യുന്നതിൽ നിന്ന് ഒരു പൗരനും മതം/വംശം/ജാതി/ലിംഗം/ദേശം/ശ്രേണി/താമസസ്ഥലം എന്നിവയുടെ പേരിൽ വിവേചനം നേരിടാവതല്ല.
3. പൊതു സർവീസുകളിൽ മതിയായ പ്രതിനിധ്യം ലഭിക്കാത്തവർക്കു പ്രതിനിധ്യം ഉറപ്പു വരുത്തും.
ജന്മം കൊണ്ടു സമത്വം നിഷേധിക്കപ്പെട്ടവർക്ക് നിയമം മൂലം തുല്യത ഉറപ്പു വരുത്തുന്നതാണ് വകുപ്പ് 16. മേൽജാതി ഹിന്ദു പുരുഷന്മാരല്ലാത്തവർക്കു നേരെ ഇപ്പോഴും വ്യക്തമായ വിവേചനങ്ങൾ അരങ്ങേറുന്നുണ്ട്. അവർ പലപ്പോഴും ഈ വിവേചനങ്ങൾ കാരണത്താൽ ഗവണ്മെന്റ് സർവീസുകളിൽ എത്തിപ്പെടാതെ പോകുന്നു. രണ്ടാമത്തെ വകുപ്പ് സംസാരിക്കുന്നത് വിവേചനങ്ങൾ മൂലം മതിയായ പ്രതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെക്കുറിച്ചാണ്. വളരെ ഉയർന്ന യോഗ്യതകൾ ഉണ്ടായിരുന്നിട്ടും വിവേചനങ്ങൾക്ക് ഇരയായവരെ നമുക്കറിയാം. ലണ്ടൻ സ്കൂൾ ഓഫ് ഇകണോമിക്സിൽ നിന്നും ബിരുദം നേടി ഇൻഡ്യയിൽ തിരിച്ചെത്തിയ ഡോ. കെ.ആർ നാരായണന് താണ നിലവാരത്തിലുള്ള ജോലിയാണു ലഭിച്ചത്. തുടർന്ന് ജവാഹർലാൽ നെഹ്‌റുവിന്റെ ഇടപെടൽ കൊണ്ടു മാത്രമാണ് ഫോറിൻ സർവീസിൽ ഡിപ്ലോമാറ്റായി അദ്ദേഹത്തിനു നിയമനം ലഭിച്ചത്.
മൂന്നാമത്തെ വകുപ്പ്, അഥവാ മതിയായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട ചെറിയ പശ്ചാത്തല വിവരണം നൽകാം. 1947 ഓഗസ്റ്റ് 27ന് അഥവാ ഇൻഡ്യക്കു സ്വാതന്ത്ര്യം ലഭിച്ചതിന്റെ പന്ത്രണ്ടാം ദിവസം, മുനിസ്വാമി പിള്ളൈ, നാഗപ്പ എന്നീ രണ്ടു ദലിത് മെമ്പർമാർ പാർലമെന്റിൽ സംസാരിച്ചു. ഇരുവരും പറഞ്ഞത് ഒരേ കാര്യമായിരുന്നു. ഹിന്ദുക്കൾ വീണ്ടും അധികാരത്തിലേക്കു വരുമ്പോൾ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ ഭയം നിറയുന്നു എന്നാണ് മുനിസ്വാമി പിള്ളൈ വിശദീകരിച്ചത്. ഹിന്ദു എന്നാൽ അക്കാലത്ത് മേൽജാതി ഹിന്ദു എന്നായിരുന്നു അർഥം. കൊളോണിയലിസം അവസാനിച്ചതിന്റെയും വലിയ വിഭാഗം അവർണ സമുദായങ്ങളുടെ സമരത്തിനൊടുവിൽ സ്വാതന്ത്ര്യം കരഗതമായതിന്റെയും ആഘോഷങ്ങൾ നടക്കുമ്പോൾ, ഒടുവിൽ ഹിന്ദുക്കൾ അധികാരത്തിലേറുന്നത് തങ്ങളിൽ ഭയമുണ്ടാക്കുന്നു എന്നാണു മുനിസ്വാമി പറഞ്ഞത്. ‘ഞങ്ങൾ ഹരിജനങ്ങൾക്ക് എന്താണു സംഭവിക്കുക?’ എന്ന് അദ്ദേഹം ചോദിച്ചു. ‘ഇൻഡ്യയിൽ ‘ഹിന്ദുരാജ്’ ആണോ വരാൻ പോകുന്നത്?’ എന്നു വ്യക്തമായും അദ്ദേഹം ചോദിച്ചു. വീണ്ടും വർണാശ്രമ ധർമത്തിലേക്കു തങ്ങൾ വലിച്ചിഴക്കപ്പെടുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഇൻഡ്യയിലെ എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും രാഷ്ട്രീയത്തിലും ജനസംഖ്യാനുപാതികമായ പ്രതിനിധാനം വേണമെന്നു നാഗപ്പ വാദിച്ചു. ഒരുപക്ഷേ താൻ നിരക്ഷരനായിരിക്കാം, എന്നാൽ തന്റെ പ്രതിനിധാനം ഇല്ലാതാക്കാൻ നിരക്ഷരതയെ ചൂഷണം ചെയ്യരുതെന്നും അദ്ദേഹം പറയുകയുണ്ടായി. എന്റെ മനുഷ്യത്വം അംഗീകരിച്ചുകൊണ്ട് ഞങ്ങൾക്ക് അർഹമായതു തരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഹിന്ദുത്വാധീശത്വത്തിനും വർണാശ്രമ ധർമത്തിനും കീഴിൽ ജീവിക്കാൻ തയ്യാറല്ല എന്ന ധ്വനിയും അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
അപ്രകാരം, ഭരണഘടനയിലെ 16(4) മതിയായ പ്രതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തുന്നു. നാഗപ്പ പറഞ്ഞതുപോലെ, ജനസംഖ്യാനുപാതികമായ പ്രതിനിധ്യമാണ് എല്ലാ വിഭാഗങ്ങൾക്കും ലഭിക്കേണ്ടത്. ആർക്കും മതിയായതിൽ കൂടുതലോ കുറവോ ലഭിക്കാവതല്ല. ഇപ്പോഴും ചില വിഭാഗങ്ങൾ വേണ്ടതിലേറെ പ്രതിനിധ്യം കൈവശപ്പെടുത്തുമ്പോൾ, മറ്റു ചില വിഭാഗങ്ങൾ തീരെ പ്രാതിനിധ്യമില്ലാത്തവരായി ചുരുക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇതാണ് വകുപ്പ് 16ലെ രണ്ടാമത്തെ മൗലികാവകാശം.
വകുപ്പ് 16(4)ൽ പറയുന്നതു കാണുക: “സ്റ്റേറ്റ് സർവീസുകളിൽ മതിയായ പ്രാതിനിധ്യമില്ല എന്നു കാണുന്ന വിഭാഗങ്ങൾക്ക് ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന സംവരണ ശ്രമങ്ങളെ ഈ വകുപ്പ് തടസ്സപ്പെടുത്താൻ പാടില്ല”. ഭരണഘടന മുന്നിൽ വെക്കുന്ന തത്ത്വങ്ങളെ ഇങ്ങനെ നിരൂപിക്കാം: എല്ലാ വിഭാഗങ്ങൾക്കും അവസര സമത്വം ഉണ്ടാകണം, എല്ലാ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും വേണം. അപ്രകാരം, ഈ അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ ഒരു മെക്കാനിസം തന്നെ ഇവിടെ രൂപപ്പെടുന്നുണ്ട്. ആ മെക്കാനിസമാണു യഥാർഥത്തിൽ സംവരണം. തുല്യമായ അവസരങ്ങൾ ലഭിക്കാത്തവർക്കാണ് സംവരണം മുഖേന പ്രതിനിധാനം ഉറപ്പുവരുത്തുന്നത്.
ഈ വ്യവസ്ഥകൾ വകുപ്പ് 14, 15, 17 തുടങ്ങിയ വകുപ്പുകളോടു പരസപരം ബന്ധപ്പെടുന്നതു കാണാം. എന്നാൽ സംവരണം മൗലികാവകാശമല്ല എന്നു വാദിക്കുന്നവർ പറയുന്ന സംഗതി, 16(4) എന്നത് ഒരു എനേബ്ലിങ് ക്ലോസ് (പാർലമെന്റിനു ഭേദഗതി വരുത്താനോ തിരുത്താനോ കഴിയുന്ന വ്യവസ്ഥകൾ) മാത്രമാണെന്നാണ്. എന്നാൽ, ഭരണഘടനാ അസംബ്ലിയുടെ ചെയർമാൻ, അവർണ സമുദായങ്ങളിൽപ്പെട്ട പ്രതിനിധികളെ ആദ്യമായി വിളിക്കുകയും അവരുടെ വീക്ഷണഗതികൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. പിന്നീടാണു മറ്റു സവർണ സമുദായങ്ങളെ വിളിക്കുന്നത്. കാരണം, ഇൻഡ്യാ രാജ്യത്ത് സാമൂഹിക നീതിയുടെ കാവലാവുന്ന ഈ വ്യവസ്ഥകൾ നിർബന്ധമായും ഭരണഘടനയിൽ ഉണ്ടാവണമെന്ന് അദ്ദേഹത്തിനു ശാഠ്യമുണ്ടായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ഒരു മെമ്പർ പോഡിയത്തിന് അരികിലേക്കു നടന്നു. തുടർന്ന് 16(4) വർധിതാവേശത്തോടെ വായിക്കുകയുണ്ടായി. കാരണം, അദ്ദേഹം അതു വായിച്ചത് സംവരണ നയങ്ങൾ നടപ്പാക്കുന്നതിൽ നിന്നു പിൻവലിയാൻ സ്റ്റേറ്റിനു യാതൊരു അവകാശവുമില്ല എന്നു സ്ഥാപിക്കാൻ വേണ്ടിയായിരുന്നു. അദ്ദേഹം അതു വായിച്ചത് എനേബ്ലിങ് ക്ലോസ് എന്ന അർഥത്തിലല്ല, മറിച്ച് ഓവർറൈഡിങ് ക്ലോസ് (പാർലമെന്റിനു തിരുത്താനോ ഭേദഗതി ചെയ്യാനോ കഴിയാത്ത വ്യവസ്ഥ) എന്ന തരത്തിലാണ്. ഇതരത്തിലാണു ഭരണഘടനാ സമിതിയിലെ മെമ്പർമാർ 16(4)നെ വായിച്ചത്.
ഡോ. അംബേഡ്കർ വകുപ്പ് 16(4)നെ സൂചിപ്പിച്ചുകൊണ്ട് മൗലികാവകാശം എന്ന പ്രസ്താവന നടത്തിയിട്ടുണ്ട്. ‘പിന്നാക്ക വിഭാഗം’ (backward class) എന്ന പ്രയോഗത്തെ നമ്മൾ മൗലികാവകാശങ്ങളിലേക്കു ചേർക്കുന്നു എന്നതായിരുന്നു ആ പ്രസ്താവന. ഈ വ്യവസ്ഥ സ്റ്റേറ്റിനു മേലുള്ള ബാധ്യതയാണ്; നിയമപാലനം പൊലീസിന്റെ ബാധ്യതയായതു പോലെ. ഒരു വധശ്രമം നടക്കുന്നു എന്നു കരുതുക, അതു മതിയായ ഫോഴ്‌സിനെ ഉപയോഗിച്ചു തടയുക എന്നതു പൊലീസിന്റെ ഉത്തരവാദിത്വമാണല്ലോ. അതൊരു എനേബ്ലിങ് ക്ലോസ് ആണെന്നു കരുതാവതല്ല. മറിച്ച് അതൊരു ബാധ്യതയാണ്. സമാനമായി, സംവരണ ശ്രമങ്ങളും സ്റ്റേറ്റിനു മേലുള്ള ബാധ്യതയാണ്.
മതിയായ പ്രതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും ഉണ്ടാവണമെന്നത് ഭരണഘടനയുടെ താത്പര്യമാണ്. ഒരു വിഭാഗവും വിവേചനത്തിന് ഇരയാവരുതെന്നും അതു താത്പര്യപ്പെടുന്നുണ്ട്. സാങ്കൽപികമായ ഒരു അവസ്ഥയെയല്ല ഭരണഘടനാ അഭിമുഖീകരിക്കുന്നത്. 1950ൽ ഭരണഘടനയുടെ തുടക്കം മുതൽ ഇന്നു വരെ വിവിധ സമുദായങ്ങളുടെ പ്രതിനിധാനത്തിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഇതൊരു പ്രശ്നമാണെന്ന് തുടക്കം മുതലേ അറിയാവുന്നതാണ്. അതിനാൽ എത്രയും വേഗം സംവരണ നയങ്ങളിലേക്കു കടക്കുക എന്നതാണു പരിഹാരം. ഒരാൾക്കു രോഗം ബാധിച്ചാൽ ചികിത്സ നൽകണമെന്നത് എനേബ്ലിങ് ക്ലോസ് അല്ലല്ലോ? അതൊരു ഡോക്ടറുടെ ബാധ്യതയാണ്.
ഒരു ബാധ്യത അതിനനുയോജ്യമായ ഒരു അവകാശത്തിനു കാരണമാകുന്നു എന്നത് പ്രാക്തനമായ ഒരു നിയമ തത്ത്വമാണ്. കാരണം, അത്തരമൊരു അവകാശം നിലനിൽക്കുന്നില്ലെങ്കിൽ ആ വ്യവസ്ഥ നടപ്പാവുകയില്ല. അപ്രകാരം പ്രാതിനിധ്യമില്ലായ്മ എന്ന പ്രശ്നം പരിഹരിക്കുന്നതിന് പിന്നാക്ക സമുദായങ്ങൾക്ക് അനുകൂലമായ തരത്തിൽ സ്റ്റേറ്റിന്റെ ബാധ്യതയായി വ്യവസ്ഥ ചെയ്യപ്പെട്ടതാണു സംവരണം. ആ അവകാശം ഭരണഘടനയുടെ ഭാഗം മൂന്നിൽ പരാമർശിച്ചിരിക്കയാൽ അതു മൗലികാവകാശവുമാണ്. പ്രാതിനിധ്യക്കുറവ്, വിവേചനം, അസമത്വം എന്നീ വൈറസുകൾക്ക് എതിരെയുള്ള വാക്സിനാണ് യഥാർഥത്തിൽ 16(4)ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന സംവരണ നയങ്ങൾ.
◆
പ്രഫ. ജി. മോഹൻ ഗോപാൽ- നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറും നാഷണൽ ലോ സ്കൂൾ ഓഫ് ഇൻഡ്യ യൂണിവേഴ്സിറ്റിയുടെ മുൻ വി.സിയുമായിരുന്നു, നിലവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺടെമ്പററി സ്റ്റഡീസിന്റെ ഡയറക്ടർ.
മൊഴിമാറ്റം: അഫ്സൽ ഹുസൈൻ