ഹിന്ദുവും ജാതി-ലിംഗ പ്രശ്നങ്ങളും: കോടതിവിധിയെപ്പറ്റി ചില നിരീക്ഷണങ്ങൾ

ഹിന്ദുക്കളിൽ ഇപ്പോഴുള്ള അവര്‍ണ സമുദായ നേതൃത്വങ്ങളിൽ ഭൂരിപക്ഷവും, ബ്രാഹ്മണ/സവര്‍ണ മേധാവിത്വത്തിനെതിരെ ശബ്ദിക്കാനോ പ്രക്ഷോഭം നടത്താനോ കെല്‍പ്പില്ലാത്തവരും സവര്‍ണമേധാവിത്വം പലവിധ ഉഡായിപ്പുകളിലൂടെ അടിച്ചേൽപ്പിച്ച വംശീയവും സ്ത്രീവിരുദ്ധവുമായ ആചാരാനുഷ്ഠാനങ്ങൾ, രാജാവിനേക്കാൾ രാജഭക്തിയോടെ നടത്തുന്നവരും അവയുടെ പ്രചാരകരും ആണ്. ഇത്തരക്കാരുടെ ഇടപെടലിലൂടെ ഹിന്ദുമതത്തിൽ എന്തെങ്കിലും പരിഷ്കരണം ഉണ്ടാകും എന്നതു സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമാണ്. ആ നിലയ്ക്ക്, മുസ്‌ലിം-ക്രിസ്ത്യൻ-സിക്ക് മതക്കാരിലെന്ന പോലെ, “മതഗ്രന്ഥങ്ങളെയും അധ്യാപനങ്ങളെയും കാലികമായി വ്യാഖ്യാനിക്കുക” എന്ന സംഗതി ഹിന്ദുമതത്തിൽ പ്രയോഗിക്കപ്പെട്ടാൽ, ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയും ബ്രാഹ്മണമേധാവിത്വവുമായിരിക്കും എപ്പോഴും സ്ഥാപിക്കപ്പെടുക എന്നത് നിസ്സംശയമാണ്. അപ്പോൾ, പരിഷ്കരണം കാംക്ഷിക്കുന്ന, വിശ്വാസികളും അവിശ്വാസികളുമൊക്കെയടങ്ങുന്ന ചെറിയൊരു ന്യൂനപക്ഷമായ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗം സ്വീകരിക്കലല്ലാതെ വേറെ നിവൃത്തിയുണ്ടോ? ലിംഗവിവേചനത്തിനെതിരെ കോടതിയിൽ നിന്നു വിധിയുണ്ടായതുപോലെ, ജാതിവിവേചനത്തിനെതിരെ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുക വയ്യ. ശബരിമലയിലും ഗുരുവായൂരും അബ്രാഹ്മണ പൂജാരിമാര്‍ക്ക് എന്നെങ്കിലും പൂജ ചെയ്യാനാകുമെന്നും കരുതാൻ വയ്യ.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുന്നു, സുദേഷ് എം രഘു.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ, കേരളത്തിലെ ഹിന്ദു/ക്രിസ്ത്യൻ/മുസ്‌ലിം വിഭാഗങ്ങളിലെ, സ്ത്രീകളുൾപ്പെടെയുള്ള വിശ്വാസികൾ ഏതാണ്ടെല്ലാവരും തന്നെ (ബി.ജെ.പിയെന്നോ കോൺഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ വ്യത്യാസമില്ലാതെ) എതിര്‍ക്കുകയോ അനുകൂലിക്കാതിരിക്കുകയോ ചെയ്യുമ്പോൾ, അവിശ്വാസികളും ക്ഷേത്രങ്ങളിൽ പോയി പ്രാര്‍ഥിക്കാത്തവരുമായ സകലമാനപേരും സ്വാഗതം ചെയ്യുന്നതാണു കാണുന്നത്.

ശബരിമല സ്ത്രീ പ്രവേശത്തിനു തുടക്കം മുതലേ ആര്‍.എസ്.എസ് അനുകൂലമായിരുന്നെങ്കിലും കോടതി വിധി വന്നതിനു ശേഷം അവര്‍ മൗനികളായി മാറി. മാത്രമല്ല, കേരളത്തിലെ അവരുടെ എല്ലാ അനുബന്ധ സംഘടനകളും വിധിയെ പരസ്യമായിത്തന്നെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. (എതിര്‍ക്കുമ്പോഴും അവര്‍ അക്കാര്യത്തിൽ ആര്‍.എസ്.എസ്സിനെ പഴി പറയുന്നില്ലെന്നതു ശ്രദ്ധേയമാണ്). ബി.ജെ.പി പ്രത്യക്ഷ സമരത്തിനു തന്നെ ഒരുങ്ങുകയാണത്രേ! ഇടതു സര്‍ക്കാര്‍, യുവതീ പ്രവേശനത്തിന് അനുകൂലമായി കോടതിയിൽ സത്യവാങ്മൂലം നൽകിയതിനാൽ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാരിലും ബുദ്ധിജീവികളിലും ആക്റ്റിവിസ്റ്റുകളിലും പെട്ട കുറേപ്പേരെങ്കിലും വിധിയെ സ്വാഗതം ചെയ്യുകയും അതിനനുസൃതമായി പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ അവരിലും ഭൂരിപക്ഷവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ധര്‍മസങ്കടത്തിനൊപ്പമാണെന്ന് വേണം കരുതാൻ. കോൺഗ്രസുകാരിൽ, വി ടി ബൽറാമിനെപ്പോലെ വിരലിലെണ്ണാവുന്നവരെ (അവിശ്വാസികളാണ് അവരും) ഒഴിച്ചുനിര്‍ത്തിയാൽ ഭൂരിപക്ഷവും കെ സുധാകരനെയും കെ മുരളീധരനെയും രാജ്മോഹൻ ഉണ്ണിത്താനെയും പോലെ, വിധിക്കെതിരായ സമീപനമുള്ളവരാണ്. റിവ്യൂ പെറ്റീഷൻ നൽകാൻ സര്‍ക്കാരിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇതെഴുതിക്കഴിഞ്ഞപ്പോഴേക്കും കോൺഗ്രസും ബിജെപിയും സമരം രൂക്ഷമാക്കാനുള്ള തയ്യാറെടുപ്പിലായിട്ടുണ്ട്.

എസ്.എൻ.ഡി.പി യോഗം, ബി.ഡി.ജെ.എസ്, വിശ്വകര്‍മസഭ തുടങ്ങിയ പിന്നാക്ക സമുദായ സംഘടനകളും പാര്‍ട്ടിയും കോടതിവിധിക്കെതിരെ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ,കേരള പുലയ മഹാസഭ (കെ.പി.എം. എസ്) നേതാവ് പുന്നല ശ്രീകുമാര്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. എൻ എസ് എസ് ആണെങ്കിൽ പുനപ്പരിശോധന ഹര്‍ജി നൽകാനുള്ള നീക്കത്തിലാണ്.

ശബരിമല

ശബരിമല

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചു കൊണ്ടുള്ള വിധി വന്നതോടെ, എരുേമലി വാവർ പള്ളിയിൽ അവരെ കയറ്റുമോ എന്ന ചോദ്യവുമായി സംഘികൾ രംഗത്തുവരുകയുണ്ടായി. പള്ളി ഭാരവാഹികൾ യുവതീ പ്രവേശനത്തിനനുകൂലമായി മറുപടി പറഞ്ഞെങ്കിലും ‘ഭാരവാഹികളുടെ പ്രസ്താവനയിൽ വിശദീകരണം തേടും’ എന്ന പ്രസ്താവനയുമായി കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് രംഗത്തുവന്നു. “സുപ്രീം കോടതി വിധികൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിനാണ് ഉപകരിക്കുകയെന്നും ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളെ വെല്ലുവിളിക്കുന്നതിനൊപ്പം സുരക്ഷാഭീഷണിയും ഉയരുന്നുണ്ട്” എന്നൊക്കെയുള്ള പതിവ് ആരോപണങ്ങൾക്കൊപ്പം, “ശബരിമല വിഷയത്തിൽ ഹിന്ദു വിശാസികളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പന്തളം കൊട്ടാരം റിവ്യൂ പെറ്റീഷനുമായി മുന്നോട്ടു പോകുമ്പോൾ അതിൽ കക്ഷി ചേരുന്ന കാര്യം ആലോചിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീര്‍ച്ചയായും ഹിന്ദു മത/ദൈവ വിശ്വാസികളിൽ തീരെ ചെറിയ ന്യൂനപക്ഷം ഈ വിധിയെ സ്വാഗതം ചെയ്യുന്നുണ്ട്. കോടതിവിധി തടസ്സം കൂടാതെ നടപ്പാക്കപ്പെടുകയാണെങ്കിൽ അവരിൽപ്പലരും ഈ വര്‍ഷം തന്നെ ശബരിമല കയറിയെന്നും വരാം. ഇവ്വിഷയകമായ എന്റെ ഫെയ്സ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചപോലെ, അവരെ പിന്തുടര്‍ന്നു വരുംവര്‍ഷങ്ങളിൽ യുവതികൾ ധാരാളമായി മല ചവിട്ടും എന്നതും നിസ്സംശയമാണ്. ഇന്നത്തെ എതിര്‍പ്പുകാര്‍ തന്നെ ആ വരിയിൽ ക്യൂ നിൽക്കുന്നതു നമുക്കു കാണാൻ സാധിച്ചേക്കാം; അവരുടെ പെൺമക്കളെ അതിവിദൂരമല്ലാത്ത ഭാവിയിലും.

ന്യൂനപക്ഷങ്ങളുടെ ന്യായമായ ഭീതി

അതൊക്കെയാണെങ്കിലും, ഈ കോടതിവിധി ഗൗരവതരമായ ചില സംശയങ്ങൾ ഹിന്ദുക്കളിലെ വിവിധ സമുദായങ്ങളിൽ എന്നപോലെ ന്യൂനപക്ഷങ്ങളിലും,വിശേഷിച്ച് മുസ്ലിങ്ങളിൽ ഉണ്ടാക്കുന്നുണ്ടെന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്. “മതകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും” എന്ന ന്യായമായ ഭയമാണ് ന്യൂനപക്ഷങ്ങളെ ഈ വിധി എതിര്‍ക്കാൻ/അനുകൂലിക്കാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമെന്നു തോന്നുന്നു. എന്റെ നാട്ടുകാരൻ കൂടിയായ ആക്റ്റിവിസ്റ്റ് ഫൈസൽ ഇസ്സുദ്ദീന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പ്രസക്തി ഇവിടെയാണ്. അദ്ദേഹം എഴുതുന്നു: “സാമൂഹികവും മതപരവുമായ പരിഷ്കരണങ്ങൾ സംഭവിക്കേണ്ടതുണ്ട് എന്നുതന്നെയാണ് അഭിപ്രായം. എന്നാൽ ഏതൊരു സമൂഹത്തിലാണോ അത്തരം പരിഷ്കരണങ്ങളുണ്ടാവേണ്ടത് പ്രസ്തുത സമൂഹത്തിനകത്ത് നടക്കുന്ന ചർച്ചകളിലൂടെ അത്തരം നവീകരണങ്ങൾ രൂപപ്പെട്ട് വരികയാവും ഉചിതം. ഇത്തരം വിഷയങ്ങളില്‍ കോടതി തീര്‍പ്പു കല്‍പിക്കേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്നതാണ് അഭികാമ്യം.”

എന്നാൽ അത്തരത്തിലുള്ള പരിഷ്കരണ ശ്രമങ്ങൾ, എല്ലാ മതങ്ങളിലും വളരെ സാവധാനം സംഭവിക്കുന്നതോ, മിക്കപ്പോഴും യാഥാസ്ഥിതിക നേതൃത്വത്തിന്റെ വലിയ എതിര്‍പ്പുകളെ നേരിട്ട്, നടക്കാതെ പരാജയപ്പെടുന്നതോ ആയാണ് കണ്ടിട്ടുള്ളത്. ഫൈസൽ തന്നെ അതു പറയുന്നുണ്ട്: “വിശ്വാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതഗ്രന്ഥങ്ങളെയും മതാധ്യാപനങ്ങളെയും കാലികമായി വ്യാഖ്യാനിക്കാനും അതുവഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും മതനേതൃത്വങ്ങൾക്ക് കഴിയണം. നിർഭാഗ്യവശാൽ ഇത്തരം നവീകരണ ശ്രമങ്ങൾ വേണ്ടവണ്ണം നടക്കുന്നില്ലെന്ന് മാത്രമല്ല മതനിയമങ്ങളുടെ ദുരുപയോഗം ഫലപ്രദമായി തടയുന്നതിനുള്ള ശ്രമങ്ങൾ പോലുമുണ്ടാവുന്നില്ല. ഇത്തരം വിഷയങ്ങളിൽ യോജിച്ചൊരു തീരുമാനം കൈക്കൊള്ളുന്നിടത്ത് പലപ്പോഴും മതനേതൃത്വങ്ങള്‍ പരാജയപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം.”

ജസ്റ്റിസ് ഇന്ദു മൽഹോത്ര, തന്റെ വിയോജനവിധിയിൽ ചൂണ്ടിക്കാണിച്ചതുപോലെ, ഇത് ന്യൂനപക്ഷങ്ങൾക്കെതിരെ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നു തന്നെയാണു ഞാനും വിശ്വസിക്കുന്നത്. സുന്നത്ത് കര്‍മം (circumcision) ഉൾപ്പെടെ മുസ്‌ലിംകൾ വ്യതിരിക്തമായി നിലനിര്‍ത്തിപ്പോരുന്ന ആചാരങ്ങളിൽ വരെ കോടതികളുടെ ഇടപെടലുണ്ടാവാം. വ്യക്തിനിയമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തീരുമാനം എടുക്കാൻ, ഹിന്ദുക്കളിൽ നിന്നു വ്യത്യസ്തമായി മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക് മതക്കാര്‍ക്ക് പേഴ്സണല്‍ ലോ ബോര്‍ഡ്, വിവിധ ക്രിസ്തീയ സഭകൾ, എസ്.ജി.പി.സി മുതലായ വ്യവസ്ഥാപിതമായ, അതതു മതവിഭാഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും അംഗീകാരമുള്ള സംവിധാനങ്ങളുണ്ട്; വ്യക്തിനിയമങ്ങളുമുണ്ട്. എന്നാൽ, അത്തരം മതാധികാര കേന്ദ്രങ്ങളൊന്നും ഹിന്ദുക്കൾക്ക് ഇല്ല. ശങ്കാരാചാര്യ മഠങ്ങളോ വിശ്വഹിന്ദുപരിഷത്തോ ഹിന്ദു ഐക്യവേദിയോ ഹിന്ദുക്കളിൽ ഭൂരിപക്ഷവും അംഗീകരിക്കുന്ന സ്ഥാപനങ്ങളല്ല. അവയെല്ലാംതന്നെ ബ്രാഹ്മണ/സവര്‍ണ മേധാവിത്വ സ്ഥാപനങ്ങളുമാണ്. ശബരിമല ‘വിഷയത്തിൽ  അവഗാഹമുള്ളവരുമായി കൂടിയാലോചിച്ചില്ല’ എന്നാണ്  കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നതെങ്കിൽ, ‘ആചാര്യ സഭ വിളിച്ചുചേര്‍ക്കണം’ എന്നാണ് ബിജെപിയിലെ ഗോപാലകൃഷ്ണൻ ആവശ്യപ്പെടുന്നത്. ”അവഗാഹമുള്ളവര്‍’ ആരെന്നോ ‘ആചാര്യസഭ’ എന്താണെന്നോ ഇരുവരും വ്യക്തമാക്കിക്കണ്ടില്ലെങ്കിലും അതൊരു സവര്‍ണസഭയായിരിക്കുമെന്നതിൽ സംശയമുണ്ടാവേണ്ട കാര്യമില്ല.(ഇന്നത്തെ നിലയ്ക്ക് അവര്‍ണര്‍ അതിലുണ്ടായിരുന്നാലും വ്യത്യാസമൊന്നുമുണ്ടാവില്ലെന്നതു വേറെ കാര്യം).

ചുരുക്കത്തിൽ, ബൈബിളോ ഖുര്‍ആനോ ഗുരുഗ്രന്ഥ സാഹിബോ പോലെ, ഹിന്ദുക്കൾ ജാതിവ്യത്യാസമില്ലാതെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന  ഗ്രന്ഥമില്ല. അതുകൊണ്ടുതന്നെ, ഹിന്ദുക്കളുടെ മതാചാരസംബന്ധമായി ഈ പറഞ്ഞ ഗ്രന്ഥങ്ങളുടെ വ്യാഖ്യാന സാധ്യതയും നിലനിൽക്കുന്നില്ല.

ഖുര്‍ആനും ഹദീസും പോലെ, ബൈബിളും കാനോൻ നിയമങ്ങളും പോലെ, ഗുരുഗ്രന്ഥ സാഹിബ് പോലെ, ഇതര മതവിഭാഗങ്ങൾക്കുള്ളതു പോലെയുള്ള സര്‍വാംഗീകൃത ഗ്രന്ഥങ്ങളൊന്നും ഹിന്ദുക്കൾക്കില്ല. ചിലര്‍ വേദങ്ങളാണു പ്രമാണമെന്നു പറയുമ്പോൾ മറ്റു ചിലര്‍ അത് ഉപനിഷത്തുകളാണെന്നു പറയും. ഇനിയും ചിലര്‍ക്കത് പുരാണങ്ങളും ഇതിഹാസങ്ങളുമാണ്. മനുസ്മൃതിയെപ്പോലുള്ള മനുഷ്യത്വവിരുദ്ധ നിയമസംഹിതകളെ ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥമായി അവതരിപ്പിക്കാൻ ബ്രാഹ്മണര്‍ പോലും ഇക്കാലത്തു ധൈര്യപ്പെടില്ല. ചുരുക്കത്തിൽ, ബൈബിളോ ഖുര്‍ആനോ ഗുരുഗ്രന്ഥ സാഹിബോ പോലെ, ഹിന്ദുക്കൾ ജാതിവ്യത്യാസമില്ലാതെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന  ഗ്രന്ഥമില്ല. അതുകൊണ്ടുതന്നെ, ഹിന്ദുക്കളുടെ മതാചാരസംബന്ധമായി ഈ പറഞ്ഞ ഗ്രന്ഥങ്ങളുടെ വ്യാഖ്യാന സാധ്യതയും നിലനിൽക്കുന്നില്ല.

ബ്രാഹ്മണ/സവര്‍ണ മേധാവിത്വം

എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.പി.എം.എസ് മുതലായ സമുദായ സംഘടനകൾക്കും അതതു സമുദായങ്ങളുടെ വിശ്വാസ/ആചാര കാര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്താനോ സവര്‍ണഹിന്ദുക്കളുടേതിൽ നിന്നു വ്യത്യസ്തമായ രീതി കൊണ്ടുവരാനോ സാധിച്ചിട്ടില്ല. ഹിന്ദു ക്ഷേത്ര/മതാചാര ചടങ്ങുകൾക്കു നേതൃത്വം നൽകിവരുന്ന തന്ത്രിമാര്‍, ശാന്തിമാര്‍, ജ്യോത്സ്യൻമാര്‍ തുടങ്ങിയവര്‍ക്കാണ് എല്ലാ വിഭാഗം ഹിന്ദുക്കളിലും അപ്രതിരോധ്യമായ സ്വാധീനമുള്ളത്. മതകാര്യങ്ങളിൽ അവര്‍ പറയുന്നതിനപ്പുറം പോകാൻ ഹിന്ദുമതത്തിനുള്ളിൽ ആരും ഇന്നു തയ്യാറാവുമെന്നു തോന്നുന്നില്ല. ഒരു ജ്യോത്സ്യനെ/ശാന്തിയെ തൃപ്തിയായില്ലെങ്കിൽ വേറൊരാളെ തേടിയെന്നിരിക്കാം. എന്നാൽ അത്തരത്തിൽ ആരെങ്കിലുമൊരാളില്ലാതെ വിവാഹമോ ശവസംസ്കാരമോ ഗൃഹപ്രവേശമോ നടത്താൻ, അവിശ്വാസികളെന്നു ജനം തെറ്റിദ്ധരിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകൾ പോലും ഇക്കാലത്ത് തയ്യാറാവില്ല.

ചുരുക്കത്തിൽ, ഹിന്ദുക്കളുടെ മതാധികാര കേന്ദ്രങ്ങൾ എന്നു പറയുന്നത് ഈ തന്ത്രി/ശാന്തി/ജ്യോത്സ്യ വിഭാഗമാണെന്നു പറയാം. സവര്‍ണരെന്നോ അവര്‍ണരെന്നോ ഭേദമില്ലാതെ ഹിന്ദുക്കൾ മിക്കവരും ഈ മതാധികാര കേന്ദ്രത്തെ, മത-വിശ്വാസ കാര്യങ്ങളിലെങ്കിലും, അനുസരിക്കുന്നവരാണെന്നും പറയാം. ഈ അധികാര കേന്ദ്രത്തിന്റെ നേതൃത്വം ബ്രാഹ്മണരോ മറ്റു സവര്‍ണരോ ആകുന്നതിൽ ഹിന്ദുക്കളിലെ അവര്‍ണരെന്നു പറയപ്പെടുന്നവര്‍ക്ക് പ്രതിഷേധവുമില്ല. അതുകൊണ്ടാണ് ശബരിമലയിലും ഗുരുവായൂരിലും മേൽശാന്തിമാരാകാൻ മലയാള ബ്രാഹ്മണരിൽ നിന്നു മാത്രം അപേക്ഷ ക്ഷണിക്കുന്നതിൽ യാതൊരു പ്രതിഷേധവും ഇവിടെ ഉയര്‍ന്നു വരാത്തത്. ആ നിലയ്ക്ക്, കേരളത്തിലെ വിശ്വാസി ഹിന്ദുക്കൾ- അവര്‍ണരായാലും സവര്‍ണരായാലും- ശബരിമല വിഷയത്തിലുണ്ടായ കോടതിവിധിയെ എതിര്‍ക്കുന്നതിൽ അസ്വാഭാവികതയില്ല.

സമുദായ സ്വാതന്ത്ര്യവും കോടതിയും

സ്വവര്‍ഗലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിയത്, വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയത് തുടങ്ങി, സമീപകാലത്ത് സുപ്രീം കോടതി നടത്തിയ മറ്റു വിധികളെയും ഇന്ത്യയിലെ വിശ്വാസി സമൂഹങ്ങളിൽ ഭൂരിപക്ഷവും അനുകൂലിക്കുകയല്ല ചെയ്തത്. ചെറിയൊരു ന്യൂനപക്ഷം ഒഴികെ ഭൂരിപക്ഷം പേര്‍ക്കും ഉൾക്കൊള്ളാൻ പ്രയാസമായ വിധികളായിരുന്നു അതെല്ലാം. ട്രാൻസ്ജെൻ‍ഡര്‍ സമൂഹങ്ങൾ പോലുള്ള ചെറു ന്യൂനപക്ഷങ്ങളുടെയും സവര്‍ണരിലെത്തന്നെ ചില വിമത വ്യക്തികളുടെയും സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച കോടതി പക്ഷേ, കുറച്ചുകൂടി വിപുലമായ സമുദായങ്ങളുടെ -വിശേഷിച്ച് ദലിതരുടെയും മുസ്‌ലിംകളുടെയും-  അവകാശങ്ങളുടെ കാര്യം വന്നപ്പോൾ പുറം തിരിഞ്ഞു നിൽക്കുന്നതാണു കണ്ടത്. മുസ്‌ലിംകൾക്കു പ്രാര്‍ഥിക്കാൻ പള്ളി അനിവാര്യമല്ലെന്നും എസ്.സി സംവരണത്തിൽ ക്രീമിലെയര്‍ ബാധകമാക്കണം എന്ന് പറഞ്ഞതും ഉദാഹരണം.

അവര്‍ണ നേതൃത്വത്തിന്റെ പരിവര്‍ത്തനവും ഹിന്ദു ഏകീകരണവും

ഹിന്ദുക്കളിലെ ജാതി/വര്‍ണ മേധാവിത്വത്തിനെതിരെ നിലപാടുള്ള അവര്‍ണ നേതാക്കന്മാരും സംഘടനകളും ഇന്ന് അപൂര്‍വ കാഴ്ചയാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെയും മറ്റും ആദ്യകാല നേതാക്കന്മാര്‍ ജാതിമേധാവിത്വത്തിനും സവര്‍ണമേൽക്കോയ്മയ്ക്കും എതിരെ എഴുതുകയും പ്രസംഗിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തവരാണെങ്കിൽ, ഇന്നത്തെ നേതാക്കൾ ജാതിവിവേചനത്തോടു സമരസപ്പെട്ടവരും സംഘ് പരിവാര്‍ ആശയഗതിക്കാരും കടുത്ത ന്യൂനപക്ഷ (വിശേഷിച്ച് മുസ്‌ലിം) വിരുദ്ധ സമീപനമുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഹിന്ദുമതത്തിനുള്ളിലെ ജാതി/ലിംഗ വിവേചനത്തെ അവരിപ്പോൾ പണ്ടത്തെപോലെ ശക്തിയായി എതിര്‍ക്കാറില്ല. പകരം, അത്യുത്സാഹത്തോടെ, സംഘ് പരിവാറും ഇന്ത്യയിലെ മാധ്യമങ്ങളും മുസ്‌ലിംകൾക്കെതിരെ പടച്ചുണ്ടാക്കുന്ന പച്ചക്കള്ളങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് അവരിൽപ്പലരും. നൂറുകണക്കിനാളുകൾ ശ്രോതാക്കളായുള്ള പ്രഭാഷണപരമ്പര നടത്തുന്ന, പത്രപ്രവര്‍ത്തകൻ കൂടിയായ ‘ശ്രീനാരായണീയൻ’, മുസ്‌ലിംകള്‍ക്കെതിരെ വംശീയവിദ്വേഷം നിറഞ്ഞ ഫെയ്സ്ബുക്ക് പോസ്റ്റ് ഈയടുത്ത ദിവസം എഴുതിയത് ഉദാഹരണം. ഒരു കാലത്ത് മൊത്തം ‘അവര്‍ണജനവിഭാഗങ്ങളുടെ ജിഹ്വ’യെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പത്രം, സംഘ് പരിവാര്‍ മുഖപത്രം പോലെയാണ് ഇന്നു പലപ്പോഴും പുറത്തിറങ്ങുന്നത്.

മുസ്‌ലിം വെറുപ്പിന്റെ അനിവാര്യമായ പ്രതിഫലനമാണ് ഹിന്ദുത്വാശയങ്ങളോടുള്ള ആഭിമുഖ്യം. ഡോ. അംബേഡ്കര്‍ ഇക്കാര്യം പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുണ്ട് : “ഹിന്ദു സമൂഹം എന്നത് ആയതിനാല്‍ തന്നെ നിലനില്‍ക്കുന്നില്ല. അത് വിവിധ ജാതികളുടെ ഒരു ശേഖരമാണ്. ഓരോ ജാതിക്കും അവയുടെ നിലനില്‍പ്പിനെപ്പറ്റി ബോധ്യമുണ്ട്. അതിന്‍റെ അതിജീവനം തന്നെയാണു നിലനില്‍പ്പ്‌. ജാതികള്‍ എന്നത് ഒരു സംയുക്തഗണമായി പോലും നിലനില്‍ക്കുന്നില്ല. ഒരു ജാതിക്കും മറ്റൊരു ജാതിയോടു ചേര്‍ന്നു നില്‍ക്കാന്‍ തോന്നുകയില്ല; ഒരു ഹിന്ദു-മുസ്‌ലിം കലാപത്തിന്‍റെ സന്ദര്‍ഭം ആയിരിക്കും ഇതിനൊരപവാദമായിട്ടുള്ളത്. മറ്റെല്ലാ അവസരങ്ങളിലും ഓരോ ജാതിയും മറ്റൊരു ജാതിയില്‍ നിന്നു വേര്‍തിരിഞ്ഞു നില്‍ക്കാന്‍ പരിശ്രമിക്കും. ഓരോ ജാതിയും അവര്‍ക്കിടയില്‍ മാത്രം വിവാഹം ചെയ്യുകയും അവര്‍ക്കിടയില്‍പെട്ടവര്‍ മാത്രം ചേര്‍ന്നു ഭക്ഷിക്കുകയും ചെയ്തു പോന്നു” (ജാതിനിര്‍മൂലനം) എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്നും പ്രസക്തമാണ്. ഓ.ബി.സി വിഭാഗക്കാരെ ഏതാണ്ട് പൂര്‍ണമായും ദലിതരെ വലിയ തോതിലും മുസ്‌ലിം വെറുപ്പിലേക്കു കൊണ്ടുവരാൻ ഹിന്ദുത്വ ശക്തികളോടൊപ്പമോ അതിനേക്കാളേറെയോ ഇന്ത്യയിലെ ‘മതേതര’ ശക്തികളും കഠിനമായി ശ്രമിച്ചതിന്റെ ഫലമാണ് പാര്‍ട്ടി/ജാതി വ്യത്യാസമില്ലാതെ സംഭവിച്ചുകഴിഞ്ഞ ഇന്നത്തെ ഈ ഹിന്ദു ഏകീകരണം.

സമരങ്ങളിലൂടെ വന്ന മാറ്റങ്ങൾ

ഹിന്ദുമതത്തിൽ ഇന്നു നിലനിൽക്കുന്ന ജാതി-ലിംഗ വിവേചനപരമായ ആചാരങ്ങൾ മാറ്റാൻ അതിലെ സവര്‍ണരും അവര്‍ണരുമായ ഇന്നത്തെ നേതാക്കൾ സമ്മതിക്കുമെന്നു തോന്നുന്നില്ല. സ്വന്തം ഇഷ്ടത്തിനു വസ്ത്രം ധരിക്കാനുള്ള അവകാശം പോലുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിലെ അവര്‍ണ സ്ത്രീകള്‍ക്ക്. ക്രിസ്തുമതം സ്വീകരിച്ച, വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ചാന്നാര്‍ സ്ത്രീകള്‍ക്ക് ഉണ്ടായ അവകാശബോധമാണ് സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായ ‘ചാന്നാര്‍ ലഹള’ അഥവാ മാറു മറയ്ക്കല്‍ സമരത്തിലേക്കു നയിച്ചത്. മൂന്നു പതിറ്റാണ്ടോളം തിരുവിതാംകൂറിനെ ഇളക്കി മറിച്ച ആ സമരങ്ങള്‍ അരങ്ങേറിയത് തീണ്ടലും തൊടീലും അയിത്തവും ജാതിയും ആചാരവും വിശ്വാസവും അതുവരെ പാലിച്ചു പോന്ന എല്ലാ ശീലങ്ങളും ശരിയെന്നു വിശ്വസിച്ചിരുന്ന സമൂഹം അനുഗ്രഹിച്ചിട്ടൊന്നുമല്ല. കൊടിയ അക്രമങ്ങളായിരുന്നു മാറു മറച്ച ചാന്നാര്‍ സ്ത്രീകള്‍ക്കും അവരെ അനുകൂലിച്ചവര്‍ക്കും നേരിടേണ്ടി വന്നത്. അന്നത്തെ ഭരണാധികാരികളും ഭൂരിപക്ഷ സമൂഹവും ഈ അക്രമങ്ങളെയൊക്കെ അനുകൂലിക്കുകയാണുണ്ടായത്. മര്‍ദിച്ചും പുലഭ്യം പറഞ്ഞും വീടുകള്‍ക്കു തീവെച്ചും ആവുന്ന വിധമെല്ലാം ഉപദ്രവിച്ചിട്ടും കുറച്ചു സ്ത്രീകള്‍ കാണിച്ച പോരാട്ട വീര്യമാണ് പകല്‍ വെളിച്ചത്തില്‍ മാറു മറച്ചു നടക്കാന്‍ മലയാളി സ്ത്രീകളെ പ്രാപ്തരാക്കിയത്. 1924-ലെ വൈക്കം സത്യാഗ്രഹം, അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തിനായല്ല, മറിച്ച് ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു.

ചാന്നാര്‍ കലാപത്തിനും ക്ഷേത്രപ്രവേശവിളംബരത്തിനും വൈക്കം സത്യാഗ്രഹത്തിനുമൊക്കെ ശേഷവും ബ്രാഹ്മണ/ദൈവ കോപത്തെ ഭയന്ന് ക്ഷേത്രത്തിനു ചുറ്റുമുള്ള വഴിയിലൂടെ നടക്കാനും ക്ഷേത്രത്തിൽ പ്രവേശിക്കാനും ബ്ലൗസ് ധരിക്കാനും മിക്കവരും ഭയന്നിരുന്നു. അന്നു പക്ഷേ, കൂടുതലും വിദ്യാഭ്യാസം കുറഞ്ഞവരോ നിരക്ഷരരോ ആയവരാണ് അത്തരം പരിഷ്കരണങ്ങളെ ഭയന്നിരുന്നതെങ്കിൽ ഇന്ന് വിദ്യാസമ്പന്നരായ ആളുകളാണ് ഹിന്ദുമതത്തിലെ പരിഷ്കരണശ്രമങ്ങളെ ഭയക്കുന്നതും തന്മൂലം എതിര്‍ക്കുന്നതും. അതിനാൽത്തന്നെ, ക്ഷേത്രങ്ങളിൽ പുരുഷന്മാര്‍ക്ക് ഷേര്‍ട്ട് ധരിച്ചുകയറുന്നതിനോ സ്ത്രീകൾക്ക് ചുരിദാര്‍ ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിൽ കയറാനുള്ള അവകാശത്തിനോ ഗുരുവായൂരും ശബരിമലയിലും അബ്രാഹ്മണ പൂജാരിമാരെ മേൽശാന്തിമാരായി നിയമിക്കുന്നതിനോ വേണ്ടി ശക്തമായ ആവശ്യങ്ങളോ പ്രക്ഷോഭങ്ങളോ ഇക്കൂട്ടരിൽനിന്ന് ഉയര്‍ന്നുവരാൻ ഒരു സാധ്യതയും കാണുന്നില്ല. സാമൂഹികവും ലിംഗനീതിപരവും ആയ തുല്യതയ്ക്കു വേണ്ടിയുള്ള എല്ലാത്തരം അവകാശവാദങ്ങളെയും “മുസ്‌ലിം ‘തീവ്രവാദികൾ’ക്കൊപ്പം ചേര്‍ന്ന് ഹിന്ദുമതത്തെ പിളര്‍ത്താനുള്ള ശ്രമം” എന്ന നിലയ്ക്കാണ് ഹിന്ദുക്കളിലെ ഓ.ബി.സി വിഭാഗക്കാരില്‍ പലരും മനസ്സിലാക്കുന്നത്.

വിശ്വാസവും ശീലങ്ങളും

വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനും ഈഴവ സമുദായ പരിഷ്‌കര്‍ത്താവുമായ ടി.കെ മാധവന്റെ സഹധര്‍മ്മിണിയായിരുന്ന നാരായണിയമ്മയ്ക്ക് ഒരിക്കല്‍ ബ്ലൗസ് ധരിക്കണം എന്നൊരു ആശ തോന്നി. ധനസമൃദ്ധികൊണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലുംമൂട്ടില്‍ കുടുംബത്തിലെ മരുമകളായിരുന്നെങ്കിലും ഈഴവ ജാതിയായതുകൊണ്ട് മാറു മറയ്ക്കാനുള്ള അവകാശം അന്ന് അവര്‍ക്കില്ലായിരുന്നു. ആഗ്രഹമറിഞ്ഞ പുരോഗമന ചിന്താഗതിക്കാരനായ മാധവന്‍ ഒരു ബ്ലൗസ് വാങ്ങി ഭാര്യക്ക് സമ്മാനിച്ചു മടങ്ങി.

കഥയൊന്നുമറിയാതെ തൊടിയില്‍ നിന്നു കയറിവന്ന മാധവന്റെ അമ്മ ഉമ്മിണിയമ്മ, പുത്തന്‍ ബ്ലൗസുമിട്ട് വീടിന്റെ ഉമ്മറത്തു നില്‍ക്കുന്ന മരുമകളെ കണ്ട് അന്ധാളിച്ചുപോയി. നാട്ടുനടപ്പു തെറ്റിച്ച മരുമകളെ അവര്‍ കയ്യിലിരുന്ന മടലുകൊണ്ട് അരിശം തീരുന്നതു വരെ തല്ലി, എന്നിട്ടു പറഞ്ഞു ‘ആട്ടക്കാരി; അഴിഞ്ഞാടാന്‍ നടക്കാതെ, പോയി ബ്ലൗസ് ഊരിവെക്ക്’. വീട്ടില്‍ തിരിച്ചെത്തിയ മാധവനോടു ഭാര്യ സങ്കടം അറിയിച്ചു. അപ്പോള്‍ അദ്ദേഹം ഭാര്യക്ക് ഒരു ഉപായം പറഞ്ഞുകൊടുത്തു, രാത്രി കിടക്കാന്‍ നേരം ബ്ലൗസ് ഇട്ട് കിടക്കാനും നേരം വെളുത്താല്‍ ഊരി മാറ്റാനും.

റൗക്കയിട്ട സ്ത്രീകളുടെ ജാഥ കാണാൻ പുരുഷാരം റോഡിനിരുവശവും തടിച്ചുകൂടിയപ്പോൾ നാണം കൊണ്ട് ആ സ്ത്രീകൾ പലരും റൗക്ക ഊരി കൈയിൽപ്പിടിച്ചു എന്ന ചരിത്രം ഇന്നു പറഞ്ഞാൽ നാമെല്ലാം ചിരിക്കും. അതുപോലെ, ശബരിമല യുവതീ പ്രവേശ വിധിക്കെതിരെ ഇന്നു സമരം ചെയ്യുന്ന സ്ത്രീകളുടെ കഥ ഒരമ്പതുകൊല്ലം കഴിഞ്ഞു വരുന്ന കുട്ടികൾ പറഞ്ഞു ചിരിക്കുമായിരിക്കും.

ആചാരാനുഷ്ഠാനങ്ങൾ മാറ്റമില്ലാത്തതാണോ?

ആചാരാനുഷ്ഠാനങ്ങൾ ഒരിക്കലും മാറാത്തതോ മാറ്റാൻ പറ്റാത്തതോ ആണോ? അല്ലെന്നു ചരിത്രം പറയുന്നു. ‘സഹസ്രാബ്ദങ്ങളായി’ അല്ലെങ്കിൽ ‘നൂറ്റാണ്ടുകളായി’ നിലനിൽക്കുന്ന ആചാരങ്ങളെന്നൊക്കെയുള്ള തള്ളലുകൾ പലരും നടത്തുന്നുണ്ടെങ്കിലും, 1991 മുതലാണ് ശബരിമലയില്‍ യഥാര്‍ഥത്തില്‍ സ്ത്രീപ്രവേശം ഹൈക്കോടതി വിലക്കുന്നത്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ പറയുന്നതു  കേൾക്കൂ  : “ശബരിമലയില്‍ പ്രായഭേദ​മെന്യേ സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീംകോടതി വിധി ചിലര്‍ അവകാശപ്പെടുന്നതുപോലെ വിപ്ലവകരമായ ഒന്നല്ല. അവിടെ 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകളുടെ പ്രവേശം പരമ്പരാഗതമായി വിലക്കിയിരുന്നില്ല. ആ വിലക്ക് ഏര്‍പ്പെടുത്തിയത് കേരള ഹൈകോടതിയാണ്. അതും 27 കൊല്ലം മുമ്പ് മാത്രം. അതിനു മുമ്പ് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു…

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ പറയുന്നതു  കേൾക്കൂ  : “ശബരിമലയില്‍ പ്രായഭേദ​മെന്യേ സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീംകോടതി വിധി ചിലര്‍ അവകാശപ്പെടുന്നതുപോലെ വിപ്ലവകരമായ ഒന്നല്ല. അവിടെ 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകളുടെ പ്രവേശം പരമ്പരാഗതമായി വിലക്കിയിരുന്നില്ല. ആ വിലക്ക് ഏര്‍പ്പെടുത്തിയത് കേരള ഹൈകോടതിയാണ്. അതും 27 കൊല്ലം മുമ്പ് മാത്രം. അതിനു മുമ്പ് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു…

ഹൈകോടതിയുടെ 1991ലെ ഇടപെടലില്‍ ജഡ്ജി കെ.എസ് പരിപൂർണ​​ന്‍റെ വ്യക്തിപരമായ താൽപര്യം പ്രകടമാണ്. ഒരാള്‍ അദ്ദേഹത്തിനെഴുതിയ കത്ത് പൊതുതാൽപര്യ ഹരജിയാക്കിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ എതിർകക്ഷിയാക്കിയും അദ്ദേഹവും ജസ്​റ്റിസ്​ കെ. ബാലകൃഷ്ണ മാരാരും കൂടി വാദം കേട്ടശേഷം 10നും 50നും ഇടക്ക്​ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം മൊത്തത്തില്‍ നിരോധിക്കുകയായിരുന്നു.

അതിനുമുമ്പ് മണ്ഡലം, മകരവിളക്ക്, വിഷു എന്നീ അവസരങ്ങളിലൊഴികെ 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു. ഇക്കാര്യം ബോര്‍ഡും മുന്‍ ദേവസ്വം കമീഷണര്‍ എസ്. ചന്ദ്രികയും സംസ്ഥാന സര്‍ക്കാറും കോടതിയെ അറിയിച്ചു. എന്നിട്ടും ജസ്​റ്റിസ്​ പരിപൂർണന്‍ തന്ത്രിയെയും മുന്‍ പന്തളം രാജാവിനെയും അയ്യപ്പ സേവാ സംഘം പ്രതിനിധിയെയും വിളിച്ചുവരുത്തി അനുകൂല മൊഴി നേടിയശേഷം 10-50 പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുകയായിരുന്നു. നായനാര്‍ സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ ഹൈകോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തില്ല…. ” (ശബരിമല വിധിയുടെ മുതലെടുപ്പുകാലം– .മാധ്യമം ദിനപത്രം 2018 ഒക്റ്റോബര്‍ 5 )

ഇനി, സമീപകാലത്തെ രസകരമായൊരു ആചാരമാറ്റം നോക്കൂ. ആലപ്പുഴയിലെ ചെമ്മൊത്ത് ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ  മുഖ്യ വഴിപാട് മഞ്ച് ചോക്കലേറ്റാണ്. ഈ വഴിപാട് ഒരാചാരമായിട്ട് ഒരു പതിറ്റാണ്ടു പോലുമായിട്ടില്ല. അമ്പലത്തിൽ ഏതോ ദമ്പതികളോടൊപ്പം വന്ന കുട്ടി, മാതാപിതാക്കൾ എണ്ണയും പൂവും വഴിപാടായി കൊടുത്തപ്പോൾ, കൈയ്യിലിരുന്ന മഞ്ച് വഴിപാടായി നൽകിയ കൗതുകം പരസ്പ്പരം പറഞ്ഞുകേട്ട വിശ്വാസികൾ, മഞ്ച് വഴിപാടായി നൽകി അതൊരു ആചാരമായി മാറ്റുകയായിരുന്നു.

നെസ്‌ലെ എന്ന ആഗോള ഭീമൻ കമ്പനിയുടെ ഈ മഞ്ച് ചോകലേറ്റ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ചോക്കലേറ്റാണ്. മഞ്ച് ആചാരമായി മാറിയതറിഞ്ഞ കമ്പനിയുടെ വിതരണക്കാർ ക്ഷേത്രം ഭാരവാഹികളെ ‘പണത്തിൽ കുളിപ്പിച്ചതായിട്ടുള്ള’ പിന്നാമ്പുറക്കഥകളുമുണ്ട്. വൈകാതെ ക്ഷേത്രം ഭാരവാഹികൾ മുരുകനു മഞ്ച് മാലകൾ സമർപ്പിക്കുന്നതും മഞ്ച് നിറപറയും അടക്കമുള്ള വഴിപാടുകൾ തുടങ്ങി. ഇപ്പോൾ മഞ്ച് തുലാഭാരവും നടത്തുന്നവരുണ്ടെന്നാണു റിപ്പോർട്ടുകൾ. ഓരോ ദിവസവും ആയിരക്കണക്കിനു രൂപയുടെ മഞ്ച് ചോക്കലേറ്റാണ് അമ്പലവുമായി ബന്ധപ്പെട്ടു വിറ്റുപോകുന്നത്.

ആചാരങ്ങളും വഴിപാടുകളും വരുന്നത് ഏതെങ്കിലും കൊച്ചു സംഭവങ്ങളിൽ നിന്നാകും. പിന്നീട് അതിൽ ഊന്നിയുള്ള, പണം ലഭിക്കാനുള്ള മാർഗങ്ങളാണു സംഘാടനം ചെയ്യപ്പെടുന്നത്. അങ്ങനെയാണ് കൃഷ്ണനു വെണ്ണയും അയ്യപ്പനു നെയ്യും ഗണപതിക്കു ലഡ്ഡുവും ഇടപ്പിള്ളി ഗീവർഗീസ് പുണ്യാളാനു കോഴിയും മലയാറ്റൂരിൽ പൊൻകുരിശും പോലുള്ള ആചാരങ്ങളും വഴിപാടുകളും രൂപം കൊണ്ടിട്ടുള്ളതെന്നു ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. മതാചാരങ്ങളും അനുഷ്ഠാനങ്ങളും സനാതനമല്ലെന്നര്‍ഥം.

ജസ്റ്റിസ് ഇന്ദു മൽഹോത്ര

ജസ്റ്റിസ് ഇന്ദു മൽഹോത്ര

ഹിന്ദുമതവും ഡോ. അംബേഡ്കറും

അസമത്വത്തിന്റെ മതം എന്ന രീതിയിലാണ് ഡോ. ബാബാസാഹിബ് അംബേഡ്കര്‍ ഹിന്ദുമതത്തെ കണ്ടിരുന്നത്. “ഹിന്ദുമതം സാമൂഹിക നീതി കൈവരുത്താനുള്ള ദൗത്യം നിര്‍വഹിക്കുമെന്നു പ്രതീക്ഷിക്കുന്നതു വ്യര്‍ഥമാണെന്നതാണ് ഒന്നാമത്തെ കാര്യം. ക്രിസ്തുമതത്തിനോ ഇസ്‌ലാം മതത്തിനോ ബുദ്ധമതത്തിനോ അതിനു കഴിഞ്ഞേക്കും.” പൊതുവിൽ എല്ലാവരും പറയാറുള്ള, ‘എല്ലാ മതങ്ങളും ഒരുപോലെയാണെ’ന്ന വാദത്തെയും അദ്ദേഹം ഖണ്ഡിച്ചിട്ടുണ്ട്. “നന്മയാര്‍ജിക്കാൻ വേണ്ടിയുള്ള യത്നത്തിലാണ് ജീവിതത്തിന്റ അര്‍ഥം കണ്ടെത്തേണ്ടതെന്ന് ഉദ്ബോധിപ്പിക്കുന്ന കാര്യത്തിൽ എല്ലാ മതങ്ങളും ഒരുപോലെയാകാം. എന്നാൽ എന്താണു നന്മ എന്ന ചോദ്യത്തിന് എല്ലാ മതങ്ങളുടെയും ഉത്തരം ഒരു പോലെയല്ല. ഇക്കാര്യത്തിൽ തീര്‍ച്ചയായും അവ പരസ്പരം വിയോജിക്കുന്നു”1 എന്നാണ് അദ്ദേഹം എഴുതിയത്.

 

ശ്രീനാരായണഗുരുവിന്റെ നിലപാട്

ശ്രീനാരായണഗുരു ക്ഷേത്രങ്ങളെ കണ്ടിരുന്നത്‌ ആചാരങ്ങളെ പാലിക്കുന്ന സങ്കേതങ്ങളായിട്ടല്ല. “ഈശ്വരവിശ്വാസത്തിൽ ജാതിമതചിന്തകൾ വെടിഞ്ഞ്‌ മനുഷ്യർക്കെല്ലാം ഒത്തുകൂടുവാനുള്ളൊരിടമെന്ന നിലയിലാണു നാം ക്ഷേത്രങ്ങളെ കാണുന്നത്‌. ക്ഷേത്രങ്ങളോടനുബന്ധിച്ച്‌ ഉദ്യാനങ്ങളും വിദ്യാലയങ്ങളുമുണ്ടാകണം. സർവ്വമതഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളുണ്ടാകണം. ഈശ്വരവിശ്വാസത്തിൽ എല്ലാവരും കുളിച്ചു ശുദ്ധമായി ശുദ്ധവായു ശ്വസിച്ച്‌ ശുദ്ധമായ ആഹാരം കഴിച്ച്‌ നല്ല പുസ്തകങ്ങൾ വായിച്ച്‌ ശുദ്ധമായ ചിന്തകളുണ്ടാകുവാൻ……” ആചാരങ്ങളെ പാലിച്ച്‌ വിശ്വാസം വളർത്തുന്നതിനു വേണ്ടിയായിരുന്നില്ല ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നുള്ളത്‌ ഗുരുവിന്റെ തന്നെ വാക്കുകളിൽ സ്പഷ്ടമാണ്‌. കാറ്റും വെളിച്ചവും കടക്കുന്നവിധം ക്ഷേത്രങ്ങൾ നിർമിക്കണമെന്നും ക്രിസ്ത്യാനികൾ പള്ളി പണിയുന്നതുപോലെ ആരാധനാലയങ്ങൾ നിർമ്മിക്കണമെന്നുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഒരു പദ്ധതിയെന്ന നിലയിൽ ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠാ പ്രക്രിയയെ വിലയിരുത്തുമ്പോൾ അത്‌ ഹൈന്ദവക്ഷേത്രാചാര രീതിയിൽ നിന്നുള്ള മോചനമായി മനസ്സിലാക്കാം. (ഈ വരികൾക്ക് സാമൂഹ്യശാസ്ത്രജ്ഞനും ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനുമായിരുന്ന ഡോ. എം ആർ യശോധരനോടു കടപ്പാട്). 1888ലെ അരുവിപ്പുറം പ്രതിഷ്ഠ തന്നെ ആചാരലംഘനമായിരുന്നല്ലോ.

1912ല്‍ ചെറായിയില്‍ നടന്ന യോഗത്തില്‍ വച്ച് ഗുരു ഇപ്രകാരം സമൂഹത്തെ ഉപദേശിച്ചു: ” സമൂഹത്തില്‍ പുരുഷനു മാത്രമല്ല സ്ത്രീകള്‍ക്കും വിദ്യഭ്യാസം ഉണ്ടായിരിക്കണം . ഇത്തരം കാര്യങ്ങളില്‍ അവരെ പിറകോട്ടു തള്ളിവിടരുത് “. ഇങ്ങനെ ഉപദേശിക്കുക മാത്രമല്ല ഗുരുചെയ്തത്. നാടൊട്ടുക്ക് ആരാധനാലയങ്ങൾക്കും അവയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടു ; സ്ത്രീകള്‍ക്കായി പ്രത്യേകം പാഠശാലകള്‍ തുറക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു . പുരുഷനൊപ്പം സ്ത്രീക്കും വിദ്യാഭ്യാസം പ്രാപ്തമാക്കിയതിനു ശേഷം സാമൂഹിക ദുരാചാരങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഗുരു നടത്തുകയുണ്ടായി. കുടുംബത്തിനു സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന കെട്ടുകല്യാണം, തിരണ്ടുകല്യാണം, പുടകൊട കല്യാണം, പുളികുടി കല്യാണം തുടങ്ങിയ ആചാരങ്ങളെ നഖശിഖാന്തം എതിര്‍ത്ത ശ്രീനാരായണ ഗുരു, അവ ഒഴിവാക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും നിര്‍ബന്ധപൂര്‍വം ഉപദേശിച്ചു നിര്‍ത്തലാക്കുകയും ചെയ്തു.

വിവാഹത്തിനു സ്ത്രീയുടെ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്നു പറഞ്ഞ ഗുരു, വിവാഹ സമ്പ്രദായത്തെ അപ്പാടെ പരിഷ്കരിച്ചു. വരനുവേണ്ടി സഹോദരി പുടവകൊടുക്കുന്ന രീതിയില്‍നിന്ന്‍ ബഹുജന സമക്ഷം താലി കെട്ടുന്ന വ്യവസ്ഥിതിയിലേക്കു വിവാഹത്തെ പരിഷ്കരിച്ചു അദ്ദേഹം. വിവാഹത്തിനു മുൻപ് സ്ത്രീയും പുരുഷനും കാണണമെന്നും പരസ്പരം സംസാരിച്ചു മനസ്സിലാക്കണമെന്നും ‘ശ്രീനാരായണ ധര്‍മ’ത്തില്‍ ഗുരു പറയുന്നുണ്ട്. ചുരുക്കത്തിൽ, പതിറ്റാണ്ടുകളായി നിലനിന്ന പല ആചാരങ്ങളും പരസ്യമായി ലംഘിച്ചുകൊണ്ടും പുതിയ ആചാരങ്ങൾ കൊണ്ടുവന്നുമാണ് അദ്ദേഹം സമുദായ പരിഷ്കരണം നടത്തിയതെന്നു കാണാം.

പരിഷ്കരണം സാധ്യമോ?

ഹിന്ദുക്കളിൽ ഇപ്പോഴുള്ള അവര്‍ണ സമുദായ നേതൃത്വങ്ങളിൽ ഭൂരിപക്ഷവും, ബ്രാഹ്മണ/സവര്‍ണ മേധാവിത്വത്തിനെതിരെ ശബ്ദിക്കാനോ പ്രക്ഷോഭം നടത്താനോ കെല്‍പ്പില്ലാത്തവരും സവര്‍ണമേധാവിത്വം പലവിധ ഉഡായിപ്പുകളിലൂടെ അടിച്ചേൽപ്പിച്ച വംശീയവും സ്ത്രീവിരുദ്ധവുമായ ആചാരാനുഷ്ഠാനങ്ങൾ, രാജാവിനേക്കാൾ രാജഭക്തിയോടെ നടത്തുന്നവരും അവയുടെ പ്രചാരകരും ആണ്. ഏറ്റവുമൊടുവിൽ, ‘ശബരിമലയിലെ ആചാരം സംരക്ഷിക്കണം’ എന്ന നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്, ശ്രീനാരായണ തന്ത്രി സമാജമാണ്. ഇത്തരക്കാരുടെ ഇടപെടലിലൂടെ ഹിന്ദുമതത്തിൽ എന്തെങ്കിലും പരിഷ്കരണം ഉണ്ടാകും എന്നതു സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമാണ്. ആ നിലയ്ക്ക്, മുസ്‌ലിം-ക്രിസ്ത്യൻ-സിക്ക് മതക്കാരിലെന്ന പോലെ, “മതഗ്രന്ഥങ്ങളെയും അധ്യാപനങ്ങളെയും കാലികമായി വ്യാഖ്യാനിക്കുക” എന്ന സംഗതി ഹിന്ദുമതത്തിൽ പ്രയോഗിക്കപ്പെട്ടാൽ, ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയും ബ്രാഹ്മണമേധാവിത്വവുമായിരിക്കും എപ്പോഴും സ്ഥാപിക്കപ്പെടുക എന്നത് നിസ്സംശയമാണ്. അപ്പോൾ, പരിഷ്കരണം കാംക്ഷിക്കുന്ന, വിശ്വാസികളും അവിശ്വാസികളുമൊക്കെയടങ്ങുന്ന ചെറിയൊരു ന്യൂനപക്ഷമായ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗം സ്വീകരിക്കലല്ലാതെ വേറെ നിവൃത്തിയുണ്ടോ? പക്ഷേ, അതുപോലും ചെയ്യാൻ സവര്‍ണരിലെ വിമതര്‍ വേണ്ടിവരുന്നു എന്നതാണു ഗതികേട്.  ലിംഗവിവേചനത്തിനെതിരെ കോടതിയിൽ നിന്നു വിധിയുണ്ടായതുപോലെ, ജാതിവിവേചനത്തിനെതിരെ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുക വയ്യ. കാരണം, ജാതിവിവേചനം നിര്‍ത്തലാക്കൽ എന്നത് സവര്‍ണവിമതരുടെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ ശബരിമലയിലും ഗുരുവായൂരും അബ്രാഹ്മണ പൂജാരിമാര്‍ക്ക് എന്നെങ്കിലും പൂജ ചെയ്യാനാകുമെന്നു കരുതാൻ വയ്യ.

ലിംഗവിവേചനത്തിനെതിരെ കോടതിയിൽ നിന്നു വിധിയുണ്ടായതുപോലെ, ജാതിവിവേചനത്തിനെതിരെ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുക വയ്യ. കാരണം, ജാതിവിവേചനം നിര്‍ത്തലാക്കൽ എന്നത് സവര്‍ണവിമതരുടെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ ശബരിമലയിലും ഗുരുവായൂരും അബ്രാഹ്മണ പൂജാരിമാര്‍ക്ക് എന്നെങ്കിലും പൂജ ചെയ്യാനാകുമെന്നു കരുതാൻ വയ്യ.

ഡോ. അംബേഡ്കറെ തന്നെ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: ” ഓരോ വ്യക്തിയുടെയും മനോഭാവം ജനാധിപത്യപരമായിരിക്കുന്നിടത്തു മാത്രമേ, എന്നുവച്ചാൽ, ഓരോ

സുദേഷ് എം രഘു

സുദേഷ് എം രഘു

വ്യക്തിയും തനിക്കു സമമായി മറ്റ് ഓരോ വ്യക്തിയോടും പെരുമാറാൻ തയ്യാറാവുകയും തനിക്കുവേണ്ടി താൻ അവകാശപ്പെടുന്ന അതേ സ്വാതന്ത്യം അയാൾക്കു കൂടി നൽകാൻ തയ്യാറാവുകയും ചെയ്യുന്നിടത്തു മാത്രമേ, ജനങ്ങൾക്കുവേണ്ടിയുള്ള ഒരു ഗവൺമെന്റ് ഉണ്ടായിരിക്കൂ. ഒരു ജനാധിപത്യ സമൂഹത്തിൽ വ്യക്തിയുടെ സാമൂഹികവത്കരണത്തിന്റെ ഫലമാണ് ജനാധിപത്യ മനോഭാവം. ആകയാൽ ജനാധിപത്യ ഗവണ്മെന്റിന്റെ പൂര്‍വോപാധിയാണു ജനാധിപത്യ സമൂഹം”2. ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതുകൂടി പറയേണ്ടത് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. “Rights for minorities should be absolute rights. They should not be subject to any consideration as to what another party may like to do to minorities within its jurisdiction”.

 

 

  • ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികൾ വാല്യം 10 പേ. 336 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2000 ഏപ്രിൽ)
  • സമ്പൂര്‍ണ കൃതികൾ വാല്യം 8 പേ. 323
Top