പൗരത്വ സമരത്തിന്റെ രൂപരേഖ

ആദ്യത്തെ ഉന്നം മുസ്‌ലിം ന്യൂനപക്ഷങ്ങൾ ആണെങ്കിലും ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ വിശാല പദ്ധതിയിൽ ഘട്ടംഘട്ടമായി കമ്യൂണിസ്റ്റുകളും ക്രൈസ്തവരും ദലിതരും ഇതേ അവസ്ഥകളിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടകളും നാളിതുവരെയുള്ള നയസമീപനങ്ങളും കാണിച്ചു തരുന്നുണ്ട്. ചുരുക്കത്തിൽ ഇത് ഉൾക്കൊള്ളലിന്റെ ഇൻഡ്യ എന്ന ആശയത്തിനു വേണ്ടിയുള്ളതും പുറംതള്ളലിനെതിരായതുമായ പോരാട്ടമാണ്. എസ്.മുഹമ്മദ് ഇർഷാദ് എഴുതുന്നു.

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഇൻഡ്യാ മഹാരാജ്യത്തെ ജനങ്ങളെ മതപരമായി വേർതിരിക്കുകയും, അതോടൊപ്പം മുസ്‌ലിം സമൂഹത്തെ ഗുരുതരമായ ഭയത്തിലേക്കും അനിശ്ചിതത്വങ്ങളിലേക്കും തൽക്കാലത്തേക്കെങ്കിലും തള്ളിവിടുകയും ചെയ്യുന്ന ഭീതിതമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്. മുഖ്യധാരാ വ്യവഹാരങ്ങളിൽ നിന്നും മറ്റു നിരവധി പ്രശ്നങ്ങളിൽ നിന്നും മുസ്‌ലിം രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങൾ സ്വയം പിൻവലിയേണ്ട അവസ്ഥയിലേക്കും ഈ നിയമഭേദഗതി എത്തിച്ചിരിക്കുന്നു. സംഘപരിവാർ ശക്തികൾ ഭരണഘടനയുടെ അന്തസത്തയെ പോലും നിർവീര്യമാക്കിക്കൊണ്ട് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിൽ വരുത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയൽ നയമാണിവിടെയും പിന്തുടരുന്നത് എന്ന് വ്യക്തം.

മുസ്‌ലിം ന്യൂനപക്ഷങ്ങളെ രാജ്യത്തെ സാംസ്കാരിക-സാമൂഹിക സ്വത്വത്തിന് അവകാശമില്ലാത്ത അഭയാർഥികളും കടന്നുകയറ്റക്കാരുമാക്കി മുദ്രകുത്തുന്ന സംഘപരിവാർ രാഷ്ട്രീയ അജണ്ടയെ പ്രതിരോധിക്കേണ്ടത് ഇൻഡ്യ എന്ന ആശയത്തെ ഉൾകൊള്ളുന്ന എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടേയും ചുമതലയാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങൾ ഈ രാജ്യത്ത് സ്വത്വത്തിനും വിഭവങ്ങൾക്കും അവസരങ്ങൾക്കും അവകാശങ്ങൾക്കും തുല്യനിലയിൽ അർഹരാണ്. അവർക്കതിന് അവകാശവും അധികാരവും ഉണ്ട്. ഈ രാജ്യത്തെ കൊളോണിയൽ അധികാരത്തിൽ നിന്നും സ്വതന്ത്രമാക്കാൻ ജീവത്യാഗം ചെയ്ത എണ്ണമറ്റ നേതാക്കളെ സംഭാവന ചെയ്യുകയും ഇൻഡ്യ എന്ന മഹത്തായ ആശയത്തിന് രൂപം കൊടുത്ത ചരിത്രപ്രക്രിയയുടെ നിർമിതിക്ക് കാരണമാവുകയും ചെയ്‌ത ഒരു സമൂഹത്തെ അവരുടെ മതസ്വത്വത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വത്തിൽ നിന്ന് പുറന്തള്ളാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതുവഴി ജർമൻ നാസികൾ എങ്ങനെയാണോ ജൂത ജനതയെ ഇല്ലാതാക്കിയത് അതിന് സമാനമായ രീതിയിൽ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണ് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും.

സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് പിന്നിട്ട ഒരു ജനാധിപത്യ രാജ്യത്ത് പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ഈ നിയമത്തെ പ്രതിരോധിക്കേണ്ടത് മുസ്‌ലിംകളുടെ മാത്രമല്ല, മുഴുവൻ പൗരസമൂഹത്തിന്റെയും ആവശ്യമാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഇടപെടുകയും അധികാരത്തിന്റെ ഭാഗമാകുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും  പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിൽ പ്രധാനം, ഇൻഡ്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ദേശവും ദേശീയതയും അതോടൊപ്പം മുസ്‌ലിം അപരത്വവും കടന്നുവന്നതോടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം അജണ്ടകളെ ഏറ്റെടുക്കേണ്ടി വന്നു എന്നതാണ്. അതുകൊണ്ട് തന്നെ മുസ്‌ലിം കർതൃത്വവും രാഷ്ട്രീയ നിർവഹണങ്ങളും മുസ്‌ലിംകളുടെ അവകാശങ്ങൾക്ക് പരിമിതമായെങ്കിലും കിട്ടിയിരുന്ന ജനാധിപത്യ സംരക്ഷണവും ക്രമേണ തീർത്തും ഇല്ലാതാകുന്ന ഒരു സാഹചര്യത്തിൽ വേണം പൗരത്വ നിയമവും പൗരത്യ രജിസ്റ്ററും പരിഗണിക്കേണ്ടത്. ആദ്യത്തെ ഉന്നം മുസ്‌ലിം ന്യൂനപക്ഷങ്ങൾ ആണെങ്കിലും ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ വിശാല പദ്ധതിയിൽ ഘട്ടംഘട്ടമായി കമ്യൂണിസ്റ്റുകളും ക്രൈസ്തവരും ദലിതരും ഇതേ അവസ്ഥകളിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടകളും നാളിതുവരെയുള്ള നയസമീപനങ്ങളും കാണിച്ചു തരുന്നുണ്ട്. ചുരുക്കത്തിൽ ഇത് ഉൾക്കൊള്ളലിന്റെ ഇൻഡ്യ എന്ന ആശയത്തിനു വേണ്ടിയുള്ളതും പുറംതള്ളലിനെതിരായതുമായ പോരാട്ടമാണ്.

ഒരുപക്ഷേ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആദ്യമായാണ് ഇത്ര ഗൗരവമുള്ള ഒരു നിലനിൽപ്പ് ഭീഷണി ഇൻഡ്യൻ മുസ്‌ലിംകൾ നേരിടുന്നത്. പാർലമെന്റിലും നിയമസഭകളിലും ജനസംഖ്യനുപാതികമായി പോലും ഉണ്ടായിരിക്കേണ്ട പ്രാതിനിധ്യം മുസ്‌ലിംകൾക്കില്ല എന്നതാണ് വസ്തുത.

1952ൽ പതിനൊന്ന് മുസ്‌ലിം അംഗങ്ങൾ ആയിരുന്നു ഇൻഡ്യൻ പാർലമെന്റിൽ ഉണ്ടായിരുന്നത്. അതായത് മൊത്തം അംഗസംഖ്യയുടെ രണ്ട് ശതമാനമായിരുന്നു മുസ്‌ലിം പങ്കാളിത്തം, 1980ൽ 49 മുസ്‌ലിംകൾ ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായിരുന്നു. എന്നാൽ 1980ന് ശേഷം മുസ്‌ലിം അംഗങ്ങളുടെ എണ്ണം വല്ലാതെ കുറയുകയാണ് ചെയ്തത്. 2020ൽ മുസ്‌ലിം പങ്കാളിത്തം 22 അംഗങ്ങൾ ആയി പരിമിതപ്പെട്ടു. അഥവാ മൊത്തം അംഗസംഖ്യയുടെ അഞ്ചു ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. ഇതുകൂടാതെ മുസ്‌ലിം സ്ഥാനാർഥികളുടെ എണ്ണത്തിലും കുറവുണ്ട്. ജനാധിപത്യത്തിൽ ഒരുപക്ഷേ ഇത്തരം വേർതിരിവുകൾ അപ്രസക്തമായിരിക്കാം, എന്നാൽ നാളിതുവരെയും പാർലമെന്റിലും രാഷ്ട്രീയ പാർട്ടികളിലും പ്രകടമായിരുന്ന ആനുപാതികമായ പങ്കാളിത്തക്കുറവിനെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇൻഡ്യൻ മുസ്‌ലിംകൾ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിച്ചിരുന്നത്. ജനാധിപത്യത്തെ അതിന്റെ എല്ലാവിധ മൂല്യങ്ങളോടും അംഗീകരിക്കാനും സംരക്ഷിക്കാനും മുസ്‌ലിം സമൂഹമായിരുന്നു മുന്നിൽ നിന്നത്. ഇൻഡ്യാ മഹാരാജ്യത്തെ വലിയൊരു ശതമാനം മുസ്‌ലിംകൾ നിരന്തരമായ വർഗീയ കലാപങ്ങളിൽ കഠിനമായ ദുരിതങ്ങൾ അനുഭവിച്ചിട്ടും വൻനഗരങ്ങളിലെ ഗെറ്റോകളിലേക്ക് ഒതുക്കപ്പെട്ടിട്ടും ഈ രാജ്യത്തെ ജനാധിപത്യത്തിനോ മതേതരത്തിനോ അവർ ഒരു ഭീഷണിയും ഉയർത്തിയില്ല. അപ്പോഴെല്ലാം ഇൻഡ്യൻ മുസ്‌ലിംകൾ തങ്ങളുടെ രാഷ്ട്രീയ ഇടപെടലിനും നിലനിൽപ്പിനായുള്ള സമരങ്ങൾക്കും ആശ്രയിച്ചിരുന്നത് നേരത്തെ സൂചിപ്പിച്ച പോലെ ജനസംഖ്യാനുപാതികമായി പോലും മുസ്‌ലിംകളെ പരിഗണിക്കാതിരുന്ന ഇൻഡ്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെയാണ്. അതായത് ബിജെപി-ഇതര രാഷ്ട്രീയ പാർട്ടികളുടെ മതേതരത്വത്തോടും ജനാധിപത്യത്തോടുമുള്ള, ഭരണഘടന അനുശാസിക്കുന്ന കൂറും വിധേയത്വവും ഏറ്റവും പ്രകടിപ്പിച്ചത് ഇൻഡ്യൻ മുസ്‌ലിംകൾ തന്നെയാണ്.

ഇതുവരെയും ഇൻഡ്യൻ മുസ്‌ലിംകൾ ഏതെങ്കിലും തരത്തിലുള്ള സമാന്തര അധികാരത്തിനോ, ഭരണഘടന അനുശാസിക്കുന്നതിനപ്പുറത്തുള്ള അവകാശങ്ങൾക്കോ ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും മതേതരത്വത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നത് മുസ്‌ലിംകളുടെ സംരക്ഷകർ എന്ന പുറംചട്ട അണിഞ്ഞു കൊണ്ടാണ്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയോടുകൂടി  ഇൻഡ്യൻ മുസ്‌ലിംകളുടെ മുഖ്യധാരാ രാഷ്ട്രീയ പങ്കാളിത്തവും അതോടൊപ്പം അവർക്ക് പരിമിതമായെങ്കിലും കിട്ടിയിരുന്ന ജനാധിപത്യ സംരക്ഷണവും ഇല്ലാതായി എന്നതാണ് വസ്തുത.

ഇന്നത്തെ ഇൻഡ്യൻ ജനാധിപത്യ വ്യവസ്ഥയിൽ ദേശത്തെയും ദേശീയതയെയും  നിർണയിക്കുന്ന പ്രധാന ഘടകം മുസ്‌ലിം അപരത്വമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മുസ്‌ലിംകളുടെ രാഷ്ട്രീയ-സാമ്പത്തിക നിലനിൽപ്പിനായുള്ള ഏതൊരു ഇടപെടലിനും ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ പലതരം വെല്ലുവിളികൾ ഉണ്ട്. അത്തരം വെല്ലുവിളികൾ ഉള്ളതുകൊണ്ട് കൂടിയാണ് ഇൻഡ്യയിലെ ഏറ്റവും പിന്നോക്ക വിഭാഗമായിട്ട് പോലും, ഇൻഡ്യൻ മുസ്‌ലിംകൾക്ക് ഏതെങ്കിലും തരത്തിലുള്ള സംവരണത്തിനോ മറ്റ് സാമൂഹിക ക്ഷേമ പദ്ധതികൾക്കോ വലിയ പ്രാധാന്യം കിട്ടാതെ പോകുന്നത്.

സച്ചാർ കമീഷനും, കുണ്ടു കമീഷനും അതുപോലെ 2016ൽ അമർത്യ സെൻ നേതൃത്വം കൊടുത്ത The Living Reality of Muslims in West Bengal: A Report എന്ന പഠനവും ബംഗാളിൽ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയുടെ ചരിത്രപരമായ കാരണങ്ങൾ വിശദീകരിക്കുന്നുണ്ട്. മുസ്‌ലിംകൾ പാർക്കുന്ന സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപതയാണ് ഒരു പ്രധാന കണ്ടെത്തൽ. പൗരത്വ നിയമവും, പൗരത്വ രജിസ്റ്ററും ചർച്ച ചെയ്യപ്പെടുമ്പോൾ അതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് ഇൻഡ്യൻ മുസ്‌ലിമിന്റെ സാമ്പത്തിക പരാധീനതയും. കേരളത്തിൽ സർക്കാർ ഇടപെടലുകളിൽ നിന്ന് മുക്തമായി, ഗൾഫ്‌ പ്രവാസത്തിന്റെ സ്വാധീനം കൊണ്ടുമാത്രം, മുസ്‌ലിംകൾ ചില മണ്ഡലങ്ങളിൽ കൈവരിച്ച പുരോഗതിയുടെ അടുത്തെങ്ങുമെത്തുന്നതല്ല ഇതര സംസ്ഥാനങ്ങളിലെ, വിശിഷ്യാ ഉത്തരേന്ത്യയിലെ മുസ്‌ലിം ദാരിദ്ര്യങ്ങൾ. ചുരുക്കത്തിൽ, ഇൻഡ്യയിലെ ഏറ്റവും ദരിദ്രരായ ഒരു സമൂഹം അവരുടെ മതപരവും സാമൂഹികവും അതോടൊപ്പം മാനുഷികവുമായ നിലനിൽപ്പിനായി നടത്തുന്ന ഒരു സമരം എന്ന നിലക്ക് വേണം ഈ സമരങ്ങളെ കാണേണ്ടത്.

ഈ സമരം ഈ രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ വേണ്ടി കൂടിയാണ്, ഒരു ജനാധിപത്യ സംവിധാനത്തിൽ മാത്രമേ മത ന്യൂനപക്ഷങ്ങൾക്കും അതോടൊപ്പം സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന സകല ജനവിഭാഗങ്ങൾക്കും അന്തസുള്ള ജീവിതം ഉണ്ടാകുകയുള്ളൂ. രാജ്യമൊട്ടാകെ നടന്ന സമരങ്ങളുടെ ഒരു പ്രത്യേകത അതിന്റെ പ്രാദേശികതയാണ്. ഇത്തരം പ്രതിഷേധങ്ങൾ എല്ലാം തന്നെ ആരും സംഘടിപ്പിക്കാനില്ലാതെ, രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ നടക്കുന്നവയാണ്. കൂടാതെ പൗരസമൂഹത്തിന്റെ വലിയ പിന്തുണയും ഈ സമരങ്ങൾക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സമരങ്ങൾ ജനാധിപത്യപരവും മതേതരവുമാണ്. പൗരത്വ നിയമ, പൗരത്വ രജിസ്റ്റർ വിരുദ്ധ സമരങ്ങൾ എങ്ങനെ, എന്തുകൊണ്ട് ഏറ്റവും ഫലവത്തായി മുന്നോട്ട് കൊണ്ടുപോകണം എന്നതാണ് നമ്മുടെ മുന്നിലുള്ള കാതലായ പ്രശ്നം.

ഈ സമരങ്ങളുടെ പൊതു അജണ്ട എന്തായിരിക്കണം?

ഇൻഡ്യാ മഹാരാജ്യം പല രാഷ്ട്രീയ പാർട്ടികളും ഭരിച്ചിട്ടുണ്ടെങ്കിലും ബിജെപിയെ പോലെ ഇത്ര ശക്തമായി ഭരണഘടനാ സ്ഥാപനങ്ങളെ കയ്യടക്കിവെച്ച മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇൻഡ്യയിലില്ല. ഇൻഡ്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയിലേക്ക് ഹിന്ദുത്വ രാഷ്ട്രീയത്തെ കടത്തിവിടാൻ ബിജെപിക്ക് സാധിച്ചിരിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ നടക്കുന്ന പൗരത്വ നിയമ വിരുദ്ധ സമരങ്ങളിലെ വർധിച്ച മുസ്‌ലിം കർതൃത്വത്തെ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വന്തം അണികൾക്കിടയിലും മൃദുഹിന്ദുത്വ വാദികൾക്കിടയിലും സംഘപരിവാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ സമരങ്ങൾ എല്ലാം തന്നെ ദേശ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായി ചിത്രീകരിക്കുന്ന സർക്കാർ നിലപാടും അതിലേക്ക് സംഭാവനയർപ്പിക്കുന്നു. അത്തരം സർക്കാർ കാഴ്ചപ്പാടുകളോട് ഗൗരവമായി പ്രതികരിക്കാതിരിക്കുന്ന സംഘടിത രാഷ്ട്രീയ പാർട്ടികളെ തിരുത്താനും വിമർശനാത്മകമായി ഇടപെടാനും സാധിക്കേണ്ടതുണ്ട്.

ഇൻഡ്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരവരുടെ പാർട്ടി നയത്തിനനുസരിച്ചു കൊണ്ട് ജനാധിപത്യവും മതേതരവും നിർവചിക്കുന്നതിനു പകരം ഈ രാജ്യത്തെ വിവിധ ന്യൂനപക്ഷങ്ങളുടെയും, പൗര സമൂഹത്തിന്റെയും നിലനിൽപ്പിന്റെ രാഷ്ട്രീയവും കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു ജനാധിപത്യ-മതേതര രാഷ്ട്രീയമാണ് പൗരത്വ നിയമ, പൗരത്വ രജിസ്റ്റർ വിരുദ്ധ സമരങ്ങൾ മുന്നോട്ട് വെക്കുന്നത്.

അതുകൊണ്ട് തന്നെ, ഈ സമരങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും, ക്രിയാത്മകമാക്കാനും കൂടിയാണ്. ഇൻഡ്യൻ എന്ന ചരിത്രപരമായ ബഹുസ്വര സ്വത്വത്തെ നിലനിർത്താനും സംരക്ഷിക്കാനും കൂടിയാണ് ഈ സമരങ്ങൾ. ഒരു മതവിഭാഗത്തെ നിശബ്ദരാക്കാനും, ഉന്മൂലനം ചെയ്യാനുമുള്ള ഒരു വലിയ പദ്ധതിയുടെ തുടക്കമാണിത് എന്ന തിരിച്ചറിവാണ്  ഈ സമരത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ.

ഈ സമരങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം എന്താണ്?

പൗരത്വ നിയമ, പൗരത്വ രജിസ്റ്റർ വിരുദ്ധ സമരങ്ങളെ മുഖ്യധാരാ ചിന്തകളുടെ ഭാഗമാക്കിയതും സജീവമാക്കിയതും സർവകാലശാലാ വിദ്യാർഥികളും, മറ്റു പൗരസമൂഹ സംഘടനകളുമാണ്. രാഷ്ട്രീയ പാർട്ടികൾ ഈ സമരത്തോട് ഐക്യപ്പെടുന്നത് ഈ സമരങ്ങളുടെ പൊതുസ്വഭാവം നോക്കിയും, അതോടൊപ്പം ആരൊക്കെയാണ്/ഏതൊക്കെ പ്രസ്ഥാനങ്ങളാണ് ഈ സമരത്തിൽ പങ്കെടുക്കുന്നത് എന്നും, സർക്കാർ ഈ സമരങ്ങളെ എങ്ങനെ കാണുന്നു എന്നും വിലയിരുത്തിയാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഇൻഡ്യൻ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയാത്ത രീതിയിൽ സർക്കാർ സംവിധാനങ്ങൾ ഈ സമരങ്ങളെ ദുർവ്യഖ്യാനിച്ചു കഴിഞ്ഞു, അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് എന്തു മുദ്രാവാക്യമാണ് ഈ സമരങ്ങളിൽ മുഴക്കുന്നത് എന്ന പ്രശ്നമുണ്ട്. പൊതുസ്വീകാര്യമായ, എന്നാൽ തികച്ചും മുസ്‌ലിം കേന്ദ്രീകൃതമല്ലാത്ത മുദ്രാവാക്യങ്ങൾ മാത്രമേ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുന്നുള്ളു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണം എന്ന ആശയം മുന്നോട്ടു വെക്കാനും, അതോടൊപ്പം ഭൂരിപക്ഷത്തെ, അതിൽ തന്നെ സംഘപരിവാർ രാഷ്ട്രീയത്തെ കൂടി പ്രീണിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനത്തോടെ മാത്രമേ ബിജെപി ഇതര രാഷ്ട്രീയ മുഖ്യധാരാ പാർട്ടികൾക്ക് മുന്നോട്ട് പോകാൻ കഴിയുന്നുള്ളു.  മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും അവരുടെ സമരങ്ങളിലും മറ്റു പൊതു ഇടപെടലുകളിലും മുസ്‌ലിംകളെ കൂടി പരിഗണിക്കുന്നത് മതേതരത്വത്തെ സംരക്ഷിക്കാനാണ് എന്ന സമകാലീന പൊതുവായന നമ്മുടെ മതേതര കാഴ്ച്ചപ്പാടിന്റെ വികലമായ വ്യഖ്യാനമാണ്. ഈ സമരങ്ങൾ അത്തരം വികല വായനകളെ തള്ളാനും കൂടിയുള്ളതാണ്. അതുകൊണ്ടാണ് ഈ സമരങ്ങളെ പിന്തുണക്കുന്ന ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയപാർട്ടികൾ, ഇത്തരം സമരങ്ങളിൽ പങ്കാളിത്തമുള്ള എന്നാൽ പ്രതികരിക്കുന്ന മുസ്‌ലിം സാമൂഹിക വിഭാഗങ്ങളോട് അകലം പാലിക്കാൻ ശ്രമിക്കുന്നത്.

വാസ്തവത്തിൽ, ഇപ്പോൾ വന്ന പൗരത്വ നിയമങ്ങൾ സാമൂഹിക നേട്ടങ്ങളെയും ആധുനികമായ ദേശരാഷ്ട്ര സങ്കൽപത്തെയും ഇല്ലാതാക്കുന്നതാണ് എന്ന മുദ്രവാക്യം ഉയർത്തുന്ന ഏത് രാഷ്ട്രീയ പാർട്ടികളോടും വിയോജിപ്പുകളോടെ ഐക്യപ്പെടാവുന്നതാണ്. കാരണം അത്തരത്തിലുള്ള ഒരു ദേശരാഷ്ട്രത്തിൽ മാത്രമേ പൗരന് സ്വാതന്ത്ര്യവും നീതിയുക്തമായ നിലനിൽപ്പും ഉണ്ടാവുകയുള്ളൂ. ആയതിനാൽ ഈ സമരത്തിൽ രാഷ്ടീയപാർട്ടികളുടെ സജീവ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം ഈ സമരത്തിന്റെ കർതൃത്വം ഈ നിയമം മൂലം അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന മുസ്‌ലിം സമൂഹത്തിന്റെ ആശങ്കകൾ തന്നെയാവണം.

പൗരസംഘടനകളുടെ പങ്കാളിത്തം എന്താണ്?

പൗരത്വ നിയമ, പൗരത്വ രജിസ്റ്റർ വിരുദ്ധ സമരങ്ങൾ തുടക്കത്തിൽ ഒരു വലിയ സാമൂഹിക സമരമായി എല്ലാവരും ഏറ്റടുത്തിരുന്നു. രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും വൻതോതിലുള്ള പ്രതിഷേധ റാലികൾ നടന്നു പോന്നു. ദിവസങ്ങൾ കഴിയുന്തോറും ഈ സമരങ്ങൾ മുസ്‌ലിം സമരമായി ചുരുങ്ങി വരുന്നു എന്നതും നമ്മൾ അംഗീകരിക്കേണ്ട വസ്‌തുത തന്നെയാണ്. സമരത്തിൽ പങ്കാളികളായ മനുഷ്യരെ തീവ്രവാദികളായി ചിത്രീകരിച്ചത് ഈ സമരത്തിലൂടെ സംവദിക്കേണ്ടതും മുന്നോട്ടു വരേണ്ടതുമായ ഒരു രാഷ്ട്രീയത്തെ ഇല്ലാതാക്കാനും അതോടൊപ്പം പൗരസമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ട എല്ലാവിധ പ്രതിരോധങ്ങളെയും ഇല്ലാതാക്കാനും സഹായിക്കുന്നു. പാർലമെന്ററി ഇടതു പാർട്ടികളാവട്ടെ മുസ്‌ലിം സംഘടനകൾ നടത്തുന്ന സമരങ്ങളെ ‘മതരാഷ്ട്രവാദ’ സമരങ്ങളായും ‘പ്രത്യേക അജണ്ടകളുള്ള’ സമരങ്ങളായും ചിത്രീകരിച്ചു. എന്നാൽ പൗരസമൂഹങ്ങളിൽ നിന്നും ഉയർന്നുവന്ന സമരങ്ങളിൽ ഒരിക്കലും മുസ്‌ലിം കർതൃത്വത്തിനോ, ചിഹ്നങ്ങൾക്കോ ആക്ഷേപം നേരിടേണ്ടി വന്നില്ല. അതോടൊപ്പം മുസ്‌ലിംകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ ആർക്കും പ്രവേശനം നിഷേധിക്കുന്നുമില്ല. ഡൽഹി ജമാ മസ്ജിദ് സമരത്തിൽ നിന്നും ഡൽഹി ഇമാമിനെ ഒഴിവാക്കിയതും ഭീം ആർമി നേതാവായ ചന്ദ്രശേഖർ ആസാദിനെ നേതാവായി അംഗീകരിച്ചതും ഇൻഡ്യൻ മുസ്‌ലിം രാഷ്ട്രീയത്തിൽ ഉണ്ടായ വലിയ മാറ്റത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇൻഡ്യയിലെ ഫാസിസ്റ്റു ചേരിയിൽ നിന്നും മാറിനിൽക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പ്രതിലോമ സമീപനങ്ങളെ തിരുത്താനും സമരത്തിന് ബാധ്യത വന്നിരിക്കുന്നു. മുസ്‌ലിംകളെ അപരവൽക്കരിക്കുകയും ‘ദേശമില്ലാത്ത’  മുസ്‌ലിംകളെ സൃഷ്ടിക്കുകയും ചെയ്യൂന്ന പദ്ധതിയാണ് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും എന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള സമരങ്ങളാണ് വ്യാപകമായി ഉണ്ടാകേണ്ടത്. ഇൻഡ്യയിലെ ഫാസിസ്റ്റു വിരുദ്ധ ചേരിയിലെ രാഷ്ട്രീയ പാർട്ടികൾ ഇത് തിരിച്ചറിയണം. ഈ സമരത്തിന് പൗരസമൂഹത്തിനുള്ള സംഭാവന തിരിച്ചറിഞ്ഞു കൊണ്ടുള്ള കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ട്.

ചുരുക്കത്തിൽ, ഈ പൗരത്വ സമരം വൈവിധ്യങ്ങളുടെ സഹവർത്തിത്വവും വ്യത്യസ്തതകളുടെ അതിജീവനവും എന്ന ആശയം മുന്നോട്ടു വെക്കുന്നു. അത്തരമൊരു ആശയത്തിന്റെ പ്രയോഗത്തിലൂന്നിയ പുതിയ പൗരസങ്കൽപവും പൗരസമൂഹവും രുപപ്പെടുത്താനും കൂടിയാണ് ഈ സമരം.

ഇതിനോട് വിശാലമായ അർഥത്തിൽ സഹകരിക്കാനും അവയെ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന പൗരസംഘടനകളുമായി ഐക്യപ്പെടാനും അവരെ ഉൾക്കൊള്ളാനുമുള്ള വേദി കൂടിയാണ് ഈ സമര മുന്നണി. വർത്തമാന ഇൻഡ്യ ആവശ്യപ്പെടുന്ന രാഷ്ട്രീയ മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയുന്ന സംഘടനകളെയും വ്യകതികളേയും ഈ സമരങ്ങൾ സ്വാഗതം ചെയ്യുകയാണ്. ഇൻഡ്യൻ രാഷ്ട്രീയത്തിൽ നാളിതുവരെ കണ്ടതിൽ നിന്നും മാറിയുള്ള ഒരു പൗര സങ്കൽപത്തെയാണ് ഈ സമരങ്ങൾ മുന്നോട്ടു വെക്കുന്നത്.

(മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)

ചിത്രങ്ങൾക്ക് കടപ്പാട്: ഷക്കീബ് കെ.പി.എ

Top