അംബേഡ്ക്കറും ഭരണഘടനയുടെ ആമുഖവും

ഭരണഘടനയുടെ മുഖ്യശിൽപിയായി ഡോ.ബി.ആർ.അംബേഡ്ക്കർ വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും അംബേഡ്ക്കറുടെ മാത്രം രചനയായി പരിഗണിക്കാവുന്ന ഭരണഘടന ആമുഖത്തിന്റെ നിർമാണം, അദ്ദേഹത്തിനേക്കാൾ ബി.എൻ.റാവുവിന്റെയും നെഹ്റുവിന്റെയും മാത്രം രചന എന്ന നിലക്കാണ് ഇന്ന് വായിക്കപ്പെടാറുള്ളത്. ആകാശ് സിങ് റാത്തോഡിന്റെ പുറത്തിറങ്ങാനിരിക്കുന്ന Ambedkar’s Preamble: a Secret History of the Constitution of India എന്ന പുസ്തകം ഭരണഘടനാ ആമുഖം പൂർണമായും ഒരു അംബേഡ്ക്കറൈറ്റ് രചനയാവുന്നത് എങ്ങനെയെന്നും എന്തുകൊണ്ടെന്നും വ്യക്തമാക്കുന്നു.

ഭരണഘടനയുടെ മുഖ്യശിൽപിയായി ഡോ.ബി.ആർ.അംബേഡ്ക്കർ വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ  സേവനങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നുവേണം കരുതാൻ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്, ഏതാണ്ട് അംബേഡ്ക്കറുടെ മാത്രം രചനയായി പരിഗണിക്കാവുന്ന ഭരണഘടന ആമുഖത്തിന്റെ നിർമാണം. അംബേഡ്ക്കറിനേക്കാൾ ബി.എൻ.റാവുവിന്റെയും നെഹ്റുവിന്റെയും മാത്രം രചന എന്ന നിലക്കാണ് ഇന്ന് അത് വായിക്കപ്പെടാറുള്ളത്. ആകാശ് സിങ് റാത്തോഡിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകമായ Ambedkar’s Preamble: a Secret History of the Constitution of India എന്ന പുസ്തകം ഭരണഘടനാ ആമുഖം പൂർണമായും ഒരു അംബേഡ്ക്കറൈറ്റ് രചനയാവുന്നത് എങ്ങനെയെന്നും എന്തുകൊണ്ടെന്നും വ്യക്തമാക്കുന്നു.

ഭരണഘടന ആമുഖത്തിന്റെ ജനനം

ഡോ. ബി.ആർ.അംബേഡ്ക്കറുടെ നേതൃത്വത്തിൽ 1948 ഫെബ്രുവരി 6നാണ് ഡ്രാഫ്റ്റിങ് കമ്മറ്റി നിലവിൽ വരുന്നത്. അംബേഡ്ക്കറെ കൂടാതെ മൂന്നു അംഗങ്ങളും കൂടിയുള്ള  (അല്ലാടി കൃഷ്ണസ്വാമി അയ്യർ, മൗലവി സആദുള്ള, എൻ.മാധവ റാവു) കമ്മിറ്റിയാണ് അന്ന് നിലവിൽ വന്നത്. ഇതിൽ അംബേഡ്ക്കറും അല്ലാടി കൃഷ്ണസ്വാമി അയ്യരും മാത്രമേ ഡ്രാഫ്റ്റിംഗ് കമ്മറ്റി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും സ്തുത്യർഹമായ പ്രവർത്തങ്ങൾ കാഴ്ചവെക്കുകയും ചെയ്തിട്ടുള്ളൂ എന്നാണ് കോൺസ്റ്റിറ്റുവന്റ് അസംബ്ലി ഡിബേറ്റ് (സിഎഡി) റെക്കോർഡിലും കെ.എം.മുൻഷിയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി രേഖകളിലും കാണാൻ കഴിയുന്നത്.

ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നില്ലെങ്കിലും ഭരണഘടന ഉപദേഷ്ടാവായിരുന്ന ബി.എൻ.റാവു കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. പക്ഷേ റാവുവിനെ കേൾക്കണോ വേണ്ടയോ, അദ്ദേഹത്തിന്റെ വോട്ടുകൾ പരിഗണിക്കേണ്ടതുണ്ടോ എന്നുള്ളതൊക്കെ അംബേഡ്ക്കറുടെ വിവേചനാധികാരത്തിന് കീഴിൽ വരുന്നതായിരുന്നു. കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ ഒരിക്കൽ ബി.എൻ.റാവു അവതരിപ്പിച്ച ആമുഖം ഇപ്രകാരമായിരുന്നു:

We, the people of India, seeking to promote the common good, do hereby, through our chosen representatives, enact, adopt and give to ourselves this Constitution.

1948 ഫെബ്രുവരി 6ലെ ഡ്രാഫ്റ്റിങ് കമ്മിറ്റി മീറ്റിങ് മിനുട്ട്സ് പ്രകാരം, മേൽ കൊടുത്ത ബി.എൻ.റാവുവിന്റെ ആമുഖം, ‘അപ്പൻഡിക്‌സ് ബി’യിൽ കാണിച്ചിരിക്കുന്ന ആമുഖത്തിന് പകരമായി നൽകാൻ തീരുമാനിക്കുകയുണ്ടായി. ‘അപ്പൻഡിക്‌സ് ബി’യിലെ ഈ ആമുഖം നെഹ്റുവിന്റെ വിഖ്യാതമായ ഒബ്ജക്ടീവ് റെസല്യൂഷന്റെയും അംബേഡ്ക്കറുടെ 1947ൽ പുറത്തിറങ്ങിയ സ്റ്റേറ്റ്സ് ആൻഡ് മൈനോരിറ്റീസിൽ നിന്നുള്ള ‘നിർദിഷ്ട അമുഖ’ത്തിന്റെയും ബി.എൻ.റാവുവിന്റെ അമുഖത്തിന്റെയെല്ലാം ഒരു സമന്വയ രൂപമായിരുന്നു:

We, the people of India, having solemnly resolved to constitute India into a sovereign independent state, and to secure to, or promote among, all its citizens: Justice, social, economic and political; liberty of thought, expression, belief, faith, worship, vocation, association and action; Equality of status, and of opportunity; and, Fraternity assuring the dignity of every individual without distinction of caste or creed… do hereby adopt, enact and give to ourselves this Constitution.

മിനുട്സിൽ നിന്നും ഭരണഘടന ആമുഖം വിവാദപൂർണമായ ഒന്നായിരുന്നില്ല എന്നു നമുക്ക് എളുപ്പത്തിൽ മനസിലാക്കാം. ഭരണഘടനയുടെ ആമുഖത്തിന്മേൽ വലിയ തോതിലുള്ള ചർച്ചകളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും മിനുട്സിൽ നിന്നും നമുക്ക് മനസിലാക്കാം. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചർച്ചക്കിടയിൽ പത്തു മിനിറ്റ് മാത്രമാണ്‌ ഇതിനെ കുറിചുള്ള വാദങ്ങൾ ഉണ്ടായിട്ടുള്ളത്.

ലളിതമായി പരിചയപ്പെടുത്തിയതിനാലും തുടർന്നുള്ള സെഷനുകളിൽ സംവാദങ്ങൾക്കും സൂക്ഷ്മപരിശോധനൾക്കും വിധേയമാക്കാം എന്ന അഭിപ്രായം എല്ലാവരാലും അംഗീകരിക്കപ്പെട്ടതിനാലുമാവാം ഇതൊരു വിവാദ വിഷയം ആവാതെ പോയതെന്ന് കരുതാം.

ഇൻഡ്യൻ ഭരണഘടനയുടെ ആമുഖം

എന്നിരുന്നാലും ഇത്രയും ആധികാരികമായൊരു രേഖയുടെ അവസാന വാക്കുകാരനായി, ബി.എൻ.റാവു അവതരിപ്പിച്ച മുൻ ആമുഖത്തിന് പകരമായി മറ്റൊന്ന് കൊണ്ടുവരാൻ അധികാരമുള്ളതായി ഡ്രാഫ്റ്റിം​ഗ് കമ്മിറ്റിയിൽ ഒരാളെ ഉണ്ടായിരുന്നുളളൂ. അത് ആ കമ്മിറ്റിയുടെ ചെയർമാനായ ബി.ആർ.അംബേഡ്ക്കറായിരുന്നു. ഭരണഘടനാ ആമുഖത്തിലെങ്ങും അംബേഡ്ക്കറുടെ വിരലടയാളങ്ങൾ ഉണ്ട്. 

‘ജാതിഭേദങ്ങൾ ഇല്ലാതെ സകലർക്കും അന്തസ്സ് ഉറപ്പ് വരുത്തുന്ന സാഹോദര്യം’ എന്ന ആമുഖത്തിലെ അവസാന വരി ഉൾപ്പെടെയുള്ള ഭരണഘടനാ ആമുഖത്തിലെ പല ഉള്ളടക്കങ്ങളിലും കൃത്യമായി അംബേഡ്ക്കറുടെ സ്വാധീനവും അദ്ദേഹത്തിന്റെ പ്രതിഭയും കാണാവുന്നതാണ്. നെഹ്റുവിന്റെ ഒബ്ജക്ടീവ് റെസല്യൂഷൻ മുന്നോട്ടു വെച്ച അഭിപ്രായ, വിശ്വാസ, ആരാധനാ സ്വാതന്ത്ര്യത്തിന്റെ വികസിത രൂപമായി, ‘നമുക്ക് ചിന്തിക്കാനും വിശ്വസിക്കാനും തൊഴിലെടുക്കാനും സംഘടിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം’ ഉണ്ടെന്ന പ്രഖ്യാപനത്തിലും കൃത്യമായി അംബേഡ്ക്കറൈറ്റ് സ്വാധീനം കാണാം. ‘സഗൗരവം പ്രതിജ്ഞ ചെയ്യുന്നു’, ‘പരമാധികാര സ്വതന്ത്ര രാജ്യം’, ‘സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി’, ‘സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം’ തുടങ്ങിയ ആശയങ്ങളും അംബേഡ്ക്കറെെറ്റ്-നെഹ്റൂവിയൻ സംഭാവനകളാണ്. ‘ഇൻഡ്യയിലെ ജനങ്ങളായ നാം’ എന്ന ആമുഖത്തിന്റെ ആരംഭവും ‘ഭരണഘടനയെ അംഗീകരിക്കുകയും സ്വീകരിക്കുകയും നമുക്കായി തന്നെ സമർപ്പിക്കുകയും ചെയ്യുന്നു’ എന്നിവയും ബി.എന്‍.റാവുവിന്‍റെ കരടില്‍ നിന്നുമെടുത്തതാണ്. സഭയിലെ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കാന്‍ അംബേഡ്ക്കറിനായി. എന്നാൽ സാഹോദര്യം, അന്തസ്സ്, ജാതി തുടങ്ങിയ ദീര്‍ഘവീക്ഷണമുള്ള ആശയങ്ങള്‍ക്ക് ഇൻഡ്യ കടപ്പെട്ടിരിക്കുന്നത് അംബേഡ്ക്കറോടാണ്.

അംബേഡ്ക്കറുടെ States and Minorities എന്ന പുസ്തകത്തിലെ നിർദ്ദിഷ്ട ആമുഖത്തിലുള്ള, ‘പരിപോഷിപ്പിക്കുക’ (promote among) എന്നതിന് പകരം, കൂടുതല്‍ ശക്തമായ ‘സുരക്ഷിതമാക്കുക’ (to secure to) എന്ന നെഹ്റുവിന്റെ വാക്കുകൾ ഉള്‍പെടുത്തിയതിൽ നിന്ന് അംബേഡ്ക്കർ എത്രമാത്രം ജാഗരൂഗനായിരുന്നു എന്ന് നമുക്ക് കാണാവുന്നതാണ്.

നെഹ്റുവിന്‍റെ റെസല്യൂഷനില്‍ നിന്നുള്ള ‘നീതിയുടെ സംരക്ഷണം’ (സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി) ആമുഖത്തില്‍ ഉള്‍ച്ചേര്‍ക്കുക വഴി, ജാതിയെ ചര്‍ച്ചക്ക് വെക്കാനും പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍ എന്ന ആശയത്തിലൂടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അസമത്വങ്ങൾ തുടച്ചുനീക്കി രാഷ്ട്രത്തിന്റെ പങ്ക് കൂടുതൽ സജീവമായ ഒന്നായി പുനര്‍നിര്‍മിക്കാനും അംബേഡ്ക്കറിന് സാധിച്ചു.

1948 ഫെബ്രുവരി 9ന് കമ്മറ്റി വീണ്ടും കൂടുകയും അംബേഡ്ക്കറുടെ ആമുഖത്തിന്റെ കരട് രേഖ ചർച്ചക്കിടുകയും ചെയിതു. ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുക വഴി ആമുഖത്തിന് ഇടതു – വലതു കക്ഷികളുടെ അംഗീകാരം അംബേഡ്ക്കര്‍ നേടി. ‘ജാതിമത ഭേദമന്യേ സമത്വം’ എന്ന ഭാഗത്ത്, ഇടതു ആശയമായ ‘വർഗ വിവേചനം’ എന്നുകൂടി ചേര്‍ത്തു. ‘എല്ലാ വ്യക്തികളുടെയും അന്തസ്സ്’ എന്നതില്‍ ‘ദേശത്തിന്റെ ഐക്യം’ എന്നും ഉള്‍പ്പെടുത്തി. എന്നാൽ ഈ ആശയങ്ങളെല്ലാം തന്നെ അംബേഡ്ക്കറുടെ തന്നെ ചിന്തകളിലും പ്രവർത്തികളിലും ഉൾച്ചേർന്നിരുന്നു. 

ഇൻഡിപെൻഡന്റ് ലേബൽ പാർട്ടിയെ നയിക്കുന്നതിലും തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ താൽപര്യങ്ങൾ വർഗമെന്ന ആശയത്തിന് അദ്ദേഹം എത്രത്തോളം പ്രാധാന്യം കൽപിച്ചിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. ദേശത്തിന്റെ ഐക്യം എന്നത് അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തിരുന്ന ആശയമായിരുന്നു. പക്ഷേ ദേശം എന്നതിന് അംബേഡ്ക്കര്‍ നല്‍കിയ വിവക്ഷ തീർത്തും വ്യത്യസ്തമായിരുന്നു എന്നതും പ്രത്യേകം മനസിലാക്കണം. 1948 ഫെബ്രുവരി 9ലെ ഭേദഗതിക്ക് ശേഷമുള്ള ആമുഖം ഇപ്രകാരമായിരുന്നു:

…and to secure to all its citizens: Justice, social, economic and political; Liberty of thought, expression, belief, faith, worship, vocation, association and action; Equality of status, and of opportunity; and to promote among all its citizens, Fraternity, without distinction of caste, class or creed, so as to assure the dignity of every individual and the unity of the nation…

അടുത്ത ദിവസം വീണ്ടും കമ്മിറ്റി യോഗം ചേർന്നു. എന്നാൽ അംബേഡ്ക്കർ അവതരിപ്പിച്ച രേഖയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കമ്മിറ്റി നിർദേശിച്ചില്ല. നെഹ്റുവിന്റെ ലക്ഷ്യപ്രമേയങ്ങളെ  ആമുഖത്തിന്റെ നിർമാണത്തിനായി പിന്തുടർന്നിരുന്നു എന്ന് അടിക്കുറിപ്പായി ചേർക്കുവാൻ മാത്രമാണ് നിര്‍ദേശമുണ്ടായത്.

ഒരുപക്ഷേ ഇത് ഭരണഘടന അസംബ്ലിയുടെ നേട്ടങ്ങൾക്കായി മാത്രം കൂട്ടിച്ചേർക്കപ്പെട്ട ഒരു നിര്‍ദേശമായിരിക്കാം! എന്നിരുന്നാലും, ലോകത്തിൽ മറ്റൊരു ഭരണഘടനക്കും അടിക്കുറിപ്പോടെയുള്ള ആമുഖമില്ലായിരുന്നു എന്നതാണ് സത്യം. പിന്നീട് പതിനൊന്ന്, പതിമൂന്ന് തിയതികളില്‍ ചേർന്ന ഡ്രാഫ്റ്റിങ് കമ്മിറ്റി യോഗങ്ങളില്‍ ഒന്നും തന്നെ ആമുഖത്തെ സംബന്ധിച്ച യാതൊരു പരാമർശവുമില്ല എന്നത് ഒരു നിഗൂഢതയായി അവശേഷിക്കുന്നു.

മാറ്റങ്ങളിലാത്ത അവസാന പതിപ്പ്

1948 ഫെബ്രുവരി 21ന് ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ അന്തിമ യോഗത്തിൽ അംബേഡ്ക്കർ ഭരണഘടനയുടെ കരടുരേഖ ഭരണഘടന അസംബ്ലിയുടെ അധ്യക്ഷന് അയച്ചു കൊടുത്തു. ആമുഖം കൂടുതൽ ലളിതമാക്കുന്നതിനായി അതിലെ ചില വാക്കുകൾ എടുത്തു കളഞ്ഞു എന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങൾ ഒന്നും അതില്‍ വരുത്തിയില്ല:

WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN DEMOCRATIC REPUBLIC and to secure to all its citizens: JUSTICE, social, economic and political; LIBERTY of thought, expression, belief, faith, and worship; EQUALITY of status and of opportunity; and to promote among them all FRATERNITY assuring the dignity of the individual and the unity of the nation…

ഈ ആമുഖം, 1948 ഫെബ്രുവരി 6ന് അംബേഡ്ക്കർ അവതരിപ്പിച്ചതിൽ നിന്നും ഒരുപാട് വ്യത്യാസപ്പെട്ട ഒന്നായിരുന്നില്ല. അവിശ്വസനീയമായി തോന്നാം, പക്ഷേ ഇതേ രേഖ തന്നെയാണ് രണ്ടു വർഷങ്ങൾക്കിപ്പുറം 1950 ജനുവരി 26ന് സ്വീകരിച്ചിട്ടുള്ളത്.

ഡോ.ബി.ആർ.അംബേഡ്കർ

വാസ്തവത്തില്‍ ഭരണഘടനാ ആമുഖം ഒരു അംബേഡ്ക്കറൈറ്റ് സൃഷ്ടിയാണെന്ന് തന്നെ പറയാം. ഭരണഘടന നിര്‍മാണപ്രക്രിയകൾ കൊണ്ട് മാത്രമല്ല, മറിച്ച് അതിന്റെ ഉള്ളടക്കം കൊണ്ടും ആശയ സമ്പന്നത കൊണ്ടും ഇത് അംബേഡ്ക്കറുടെ ആമുഖമാണ്. ബി.എന്‍.റാവുവിന്റേതില്‍ നിന്നും നെഹ്റുവില്‍ നിന്നും വിഭിന്നമായി, ആമുഖത്തിലെ കേന്ദ്ര ആശയങ്ങളായ നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം, ദേശം എന്നിവക്കെല്ലാം ആഴമേറിയതും പരന്നതുമായ മാനമായിരുന്നു അംബേഡ്ക്കർക്കുണ്ടായിരുന്നത്.

Top