പൗരത്വ പ്രക്ഷോഭങ്ങളും സിവിൽ സമൂഹവും
പൗര മുന്നേറ്റങ്ങളാണ് രാജ്യത്തെ ബിജെപിയിതര രാഷ്ട്രീയ പാർട്ടികളെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇന്ന് കാണുന്ന ഈ ജനകീയ സമരങ്ങളുടെ ഭാവി എന്താണ്? സർക്കാർ ഈ സമരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുമോ എന്നതാണ് വിശദമായി പരിശോധിക്കേണ്ടത്. എസ്.മുഹമ്മദ് ഇർഷാദ് എഴുതുന്നു.
രാജ്യമൊട്ടാകെ രൂപപ്പെട്ട പ്രതിഷേധത്തെ തുടർന്ന് പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും പിൻവലിക്കുമെന്നോ ബിജെപി സർക്കാർ ഈ കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തുമെന്നോ കരുതാൻ കഴിയില്ല. പാർലമെന്ററി അധികാരം ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു നിയമനിർമാണം നടത്താനുള്ള അധികാരം കൂടി നമ്മുടെ വ്യവസ്ഥിതി ഉറപ്പു നൽകുന്നുണ്ട് എന്നത് തന്നെയാണ് കാരണം. ഈ നിയമത്തെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തിൽ മാത്രമേ ചർച്ച ചെയ്യേണ്ടതുള്ളു. പാർലമെന്റിൽ ബിജെപിക്കുള്ള ഭൂരിപക്ഷവും ഇൻഡ്യൻ മുഖ്യധാരാ രാഷ്ട്രീയ-സാമ്പത്തിക വ്യവഹാരങ്ങളിൽ നിന്നും പാർലമെന്ററി പങ്കാളിത്തത്തിൽ നിന്നും ഇൻഡ്യൻ മുസ്‌ലിം ന്യുനപക്ഷത്തിനുണ്ടായ പുറംതള്ളൽ കൂടി പരിഗണിച്ചു കൊണ്ട് മാത്രമേ ഈ പൗരത്യ പ്രശ്നത്തെ സമീപിക്കാൻ കഴിയൂ. ന്യൂനപക്ഷത്തിന് സംഭവിച്ച രാഷ്ട്രീയ പ്രാതിനിധ്യമില്ലായ്മ ഏറ്റവും കൂടുതൽ ഗുണം ചെയ്തത് ബിജെപിക്കാണ്. ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളുടെ മതേതരത്വത്തോടും ജനാധിപത്യത്തോടുമുള്ള ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ പ്രശ്നം ഇന്ന് ചർച്ചാവിഷയമാകുന്നത്. രാജ്യമൊട്ടാകെ നടക്കുന്ന പൗരത്വ നിയമ വിരുദ്ധ സമരങ്ങളുടെ പ്രത്യേകത സമകാലീന ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ടു നിന്നിരുന്ന ‘മുസ്‌ലിം രാഷ്‌ട്രീയ കർതൃത്വത്തിന്’ പൊതു പൗര രാഷ്ട്രീയത്തിന്റെ ഇടങ്ങളിലേക്ക് പ്രവേശനം കിട്ടി എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. ഇൻഡ്യയിലെ രാഷ്ട്രീയ പാർട്ടികൾ ഈ സമരത്തെ അതിന്റെ ഗൗരവത്തിൽ പരിഗണിക്കില്ല എന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്.
ജനാധിപത്യത്തിൽ പൗരത്വമെന്നാൽ രാഷ്ട്രീയ അപരത്വമായി മാറുന്നു എന്നിടത്താണ് രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന്റെ പ്രാധാന്യം. ബിജെപി വിരുദ്ധ ചേരിയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളിലും സംഘടനാ പ്രതിസന്ധി സൃഷ്ടിച്ചത് മുസ്‌ലിം രാഷ്ട്രീയ നിലപാടുകൾക്ക് പൗര സമൂഹത്തിൽ ഇടം കിട്ടിയതാണ്. ഈ പുതിയ സാമൂഹിക യാഥാർഥ്യത്തോട് പ്രതികരിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തിൽ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വ്യക്തതയില്ല. ഇൻഡ്യയിലെ ബിജെപിയിതര രാഷ്ട്രീയ പാർട്ടികളെ ഈ നിയമത്തെ എതിർക്കാൻ പ്രേരിപ്പിച്ചത് രാജ്യമൊട്ടാകെ ഉണ്ടായ ഇത്തരം ചെറുത്തുനിൽപ്പുകളാണ്. അല്ലാത്ത പക്ഷം ഈ നിയമം വലിയ കോലാഹലങ്ങൾ ഉണ്ടാക്കാതെ കടന്നുപോയേനെ. എന്നാൽ ഇന്ന് കാണുന്ന ഈ ജനകീയ സമരങ്ങളുടെ ഭാവി എന്താണ്? സർക്കാർ ഈ സമരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുമോ എന്നതാണ് വിശദമായി പരിശോധിക്കേണ്ടത്.
ഒരു ജനാധിപത്യ-മതേതര സമൂഹത്തിൽ ആ രാജ്യത്തിന്റെ ഭരണഘടനയെ പോലും മറികടന്നുകൊണ്ട് ഇത്തരത്തിൽ ഒരു നിയമം നടപ്പിലാക്കുന്നതിന്റെ രാഷ്ട്രീയ ധാർമികത മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഈ നിയമം രാജ്യത്തോട് ആവശ്യപ്പെടുന്നത് ദേശവും-ദേശീയതയും രൂപപ്പെട്ട ചരിത്രത്തെ നിഷേധിക്കാനാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി രൂപപ്പെട്ട മതനിരപേക്ഷമായ ഒരു ദേശരാഷ്ട്ര സങ്കൽപവും അതിലേക്ക് രാജ്യത്തെ മത ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്‌ലിംകളുടെ പങ്കാളിത്തവുമൊക്കെ തന്നെ പൂർണമായും നിഷേധിക്കാനാണ് ഈ നിയമം രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെടുന്നത്.
രണ്ടുതരം പൗരബോധത്തെയാണ് ഈ നിയമം മുന്നോട്ടു വെയ്ക്കുന്നത്. ഒന്നാമത്തേത് സംഘപരിവാർ ആവശ്യപ്പെടുന്ന മതരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ദേശീയതയും അതിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ ഈ ദേശ സങ്കൽപത്തിന് പുറത്താകുന്നതാണ്. രണ്ടാമത്തേത് മുസ്‌ലിം പൗരത്വം എന്നത് ദേശരാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണ് എന്ന് ആവർത്തിക്കുന്നതും. ഇത്തരത്തിൽ വളരെയേറെ സങ്കീർണമായ ഒരു പ്രശ്നത്തെ പ്രതിരോധിക്കാൻ പൗരസമൂഹത്തിന് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യാൻ മാത്രമേ കഴിയൂ. സമകാലീന ഇൻഡ്യയിൽ ഈ ആവശ്യം മുന്നോട്ട് വച്ചുകൊണ്ടുള്ള ഒരു സമരത്തിന് പരിമിതികളുണ്ട് എന്നതാണ് വസ്തുത.
ഒരു സർക്കാർ സംവിധാനത്തിൽ നിന്ന് കൊണ്ട് വിഭജനകാലത്തെ ദേശസങ്കൽപത്തെ പുനരവതരിപ്പിക്കാൻ കഴിയുന്നു എന്നത് നിസാരമായി കാണേണ്ട ഒന്നല്ല. ജനാധിപത്യവും മതേതരത്വവും അതിന്റെ പൂർണമായ സത്തയോടെ ഈ രാജ്യത്ത് നിലനിൽക്കുന്നു എന്ന് നമ്മൾ ഉറച്ചു വിശ്വസിക്കുന്ന ഒരു സ്ഥിതിവിശേഷം നിലനിൽക്കുന്നിടത്താണ് സർക്കാരിന് ബാക്കിയെല്ലാ മേഖലകളിലും പരാജയപ്പെട്ടിട്ടും ഭരണകൂടത്തിന്റെ പിന്തുണയോടെ ഒരു സാംസ്‌കാരിക അജണ്ട നടപ്പിലാക്കാൻ കഴിഞ്ഞത്. ഈ നിയമത്തോടുള്ള എതിർപ്പുകൾ പോലും സർക്കാരിനും ബിജെപിക്കും ഗുണകരമാണ് എന്നതാണ് വസ്തുത. കാരണം ഈ സമരങ്ങൾ സർക്കാർ ഭാഷയിൽ ദേശവിരുദ്ധവും ഹിന്ദു വിരുദ്ധവുമാണ്. നിലവിൽ ഇൻഡ്യൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇടതുപക്ഷത്തിനുൾപ്പെടെ ഈ സമരങ്ങളെ മുസ്‌ലിം കേന്ദ്രീകൃതമായി അവതരിപ്പിക്കുന്നതിന് പരിമിതികൾ ഉണ്ട്. ഒരു മുസ്‌ലിം സമരമായി മാറിയാൽ ഫലത്തിൽ ഈ രാഷ്ട്രീയ പാർട്ടികളുടെ പാർലമെന്ററി രാഷ്ട്രീയത്തെയാണ് അത് പ്രതിസന്ധിയിലാക്കുക.
ഈ സമരങ്ങളെ മുഖ്യധാരാ വിഷയമാക്കി മാറ്റിയ മുസ്‌ലിം കൂട്ടായ്മകളെ അവരുടെ മതചിഹ്നത്തെ അടിസ്ഥാനമാക്കി മാറ്റിനിർത്തുകയും അവരുന്നയിച്ച പ്രശ്നങ്ങളെ അതാത് രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തിന്റെയും മേധാവിത്വത്തിന്റെയും ഭാഷയിൽ അവതരിപ്പിക്കുക എന്നതാണ് ബിജെപിയിതര രാഷ്ട്രീയ പാർട്ടികളുടെ രീതി. കേരളവും ഇതിനപവാദമല്ല, കേരളത്തിലെ ഇടതു-കോൺഗ്രസ് മുന്നണിയുടെ സംയുക്ത പ്രതിഷേധം എന്നത് നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ ഭാവി സംരക്ഷണം കൂടിയാണ്.
ഈ പ്രതിസന്ധി മുസ്‌ലിം ലീഗിനുമുണ്ട്. അതുകൊണ്ടാണ് മുസ്‌ലിം ലീഗ് പോലും ഈ സമരത്തെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്ന വിദ്യാർഥി/വൈജ്ഞാനിക കൂട്ടായ്മയെ തിരസ്ക്കരിക്കാൻ തയ്യാറാവുന്നത്.
സമരത്തിൽ ‘ഇസ്‌ലാമിക തീവ്രവാദികൾ കടന്നുകയറാതെ നോക്കണം’ എന്ന ഇടതു തീരുമാനവും പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മുസ്‌ലിംകളുടെ രാഷ്ട്രീയ സമരമായി ഈ പ്രതിഷേധങ്ങൾ മാറരുത് എന്നതു തന്നെയാണ്. ഇടതുപക്ഷത്തിനാണ് ഈ കാര്യത്തിൽ കൂടുതൽ ജാഗ്രതയുള്ളത്. കാരണം ഈ സമരത്തെ മതേതര പക്ഷത്തിന്റെ വിജയമായി അവതരിപ്പിക്കണമെങ്കിൽ ഇത്തരം സമരങ്ങളിൽ നിന്നും പ്രതികരണ ശേഷിയുള്ള മുസ്‌ലിം സംഘടനകളെയും വ്യക്തികളെയും മാറ്റിനിർത്തേണ്ടി വരും. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയാണെങ്കിൽ കൂടിയും ഇവിടെ പുറംതള്ളപ്പെടാം എന്നതാണ് വസ്തുത. ഇവരെയെല്ലാം തന്നെ ‘തീവ്രവാദ മുദ്രകുത്തുക’ എന്നതാണ് പ്രായോഗികമായ വഴി. പകരം മുസ്‌ലിം മതചിഹ്നങ്ങൾ പേറുന്ന നിശബ്തരായ മുസ്‌ലിം സാന്നിധ്യമാണ് ഇന്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടത്. എന്നാൽ രാഷ്ട്രീയ പാർട്ടികളല്ലാത്ത പൗര സംഘടനകൾക്ക് ഈ ആശയ പ്രതിസന്ധിയില്ല മുസ്‌ലിം സംഘടനകൾക്കും വ്യക്തികൾക്കും സ്വതന്ത്രമായി ഇത്തരം വേദികളിൽ പങ്കെടുക്കാം. പൗരത്വ പ്രശ്നം പൊതു സാമൂഹിക പ്രശ്‌നമായി അവതരിപ്പിക്കുന്നതിനു തടസമില്ല. ഇൻഡ്യൻ രാഷ്ട്രീയ പാർട്ടികളുടെ മേൽ വലതുപക്ഷ കക്ഷികൾ നേടിയ ഏറ്റവും വലിയ വിജയമാണിത്. ഈ സമരങ്ങളുടെ ഭാവി എന്താണ് എന്നതും ഗൗരവമാണ്. ഈ സമരത്തെ ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകേണ്ട ബാധ്യത ഇൻഡ്യയിലെ രാഷ്ട്രീയ പാർട്ടികൾക്കില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ മുസ്‌ലിം സംഘടനകൾക്ക് ഈ സമരത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ സമരത്തിന്റെ ഭാവിയിൽ സർക്കാരിനെ തിരുത്താൻ കഴിയുന്ന തരത്തിലുള്ള നീക്കങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടാകില്ല. അതോടുകൂടി ഈ സമരങ്ങൾ പൗരസമൂഹ സമരങ്ങൾ ആയിത്തീരും. എന്നാൽ ഈ മാറ്റത്തിനും സർക്കാരിനെ തിരുത്താൻ കഴിയും എന്ന് തോന്നുന്നില്ല.
(ലേഖകൻ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനാണ്)