ഷർജീൽ ഇമാമും ഇൻഡ്യൻ പൊതുബോധവും
ജെഎൻയുവിലെ ഫീസ് വർധനയ്ക്കെതിരെ സമരം നയിച്ചുകൊണ്ടിരുന്ന ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് അയ്‌ഷി ഘോഷിനെ എബിവിപി ഗുണ്ടകൾ ആക്രമിച്ചപ്പോൾ അവർക്ക് ലഭിച്ച മാധ്യമ പിന്തുണയും, കനയ്യ കുമാറിനെതിരെ ദേശദ്രോഹകുറ്റം ചുമത്തപ്പെട്ടപ്പോൾ ലഭിച്ച പിന്തുണയും എന്തുകൊണ്ട് ജെഎൻയുവിലെ തന്നെ വിദ്യാർഥിയായ ഷർജീൽ ഇമാമിന് ലഭിക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം അദ്ദേഹത്തിന്റെ മുസ്‌ലിം സ്വത്വത്തിലാണ് കണ്ടെത്താൻ കഴിയുക. നഹ്‌ല മുഹമ്മദ് എഴുതുന്നു.
ഇൻഡ്യയിൽ നിലനിൽക്കുന്ന സവർണാധിപത്യ ഹിന്ദുത്വ ശക്തികളെ ചോദ്യം ചെയ്തുകൊണ്ട് ജെഎൻയുവിൽ ‘Cow Slaughter and Communal Conflict in 20th century North India’ എന്ന വിഷയത്തിൽ പിഎച്ഡി ചെയ്തു കൊണ്ടിരിക്കുന്ന ഷർജീൽ ഇമാം എന്ന മുസ്‌ലിം വിദ്യാർഥിയെ ദേശദ്രോഹകുറ്റവും യുഎപിഎയും ചുമത്തി ജയിലിലടച്ചിട്ട് ഇരുപത് ദിവസത്തിലധികം കഴിയുമ്പോഴും മുഖ്യധാരാ ഇടത്-വലത് ദേശീയ പ്രസ്ഥാനങ്ങളുടെ സെലക്ടീവ് നിശബ്ദതയെ തുറന്നുകാണിക്കുകയും ചോദ്യം ചെയ്യേണ്ടതുമുണ്ട്. ഡിസംബർ 13ന് അലീഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ സ്കോളേർസ് ഡിബേറ്റിൽ ഇമാം പ്രസംഗിച്ചതിലെ “ചക്കാ ജാം (റോഡ് ഗതാഗതം തടസപ്പെടുത്തുക), വടക്കുകിഴക്ക് സംസ്ഥാനങ്ങളെ ഇൻഡ്യയിൽ നിന്നും വേർപ്പെടുത്തുക” എന്ന ഒരു വാചകം കൊണ്ടുമാത്രമാണ് അദ്ദേഹത്തിനെതിരെ ദേശദ്രോഹകുറ്റം ചുമത്തിയതെന്ന് വിശ്വസിക്കാനാവില്ല. ഇൻഡ്യൻ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ സവർണാധിപത്യത്തെയും, എന്നും വർഗീയവൽക്കരിക്കപ്പെട്ട് നിശബ്ദമാക്കപ്പെടുന്ന ദലിത്-മുസ്‌ലിം-ആദിവാസി-ബഹുജൻ ശബ്ദങ്ങളെയും മനസിലാക്കുന്ന ഒരു വ്യക്തിക്ക് ഇത് തിരിച്ചറിയാവുന്നതേയുള്ളു. തീർച്ചയായും ഷർജീൽ ഇമാമിന്റെ ആശയങ്ങളെയും, അദ്ദേഹം ഉയർത്തുന്ന മുസ്‌ലിം സ്വത്വരാഷ്ട്രീയത്തെയും തന്നെയാണ് ഇൻഡ്യൻ സ്റ്റേറ്റ് ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് അതിനെ ഭീകരമുദ്ര ചുമത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതും.
സിഎഎ, എൻആർസി, എൻപിആർ വിരുദ്ധ സമരങ്ങളിൽ ഉയർന്നുവന്ന മുസ്‌ലിം-ബഹുജൻ ദൃശ്യതയെ അംഗീകരിക്കാൻ ഇവിടത്തെ ഇടത്-വലത് മുഖ്യധാരക്ക് സാധിക്കുകയില്ല. അതുകൊണ്ട് തന്നെയാണ് അവർ ഈ സെലക്ടീവ് നിശബ്ദത പാലിക്കുന്നതും.
ജനുവരി 28ന് ബീഹാറിലെ ജഹാനാബാദിൽനിന്നും ഇമാം പോലീസിന് കീഴടങ്ങിയപ്പോൾ, മുഖ്യധാരാ പത്രമാധ്യമങ്ങളെല്ലാം “അറസ്റ്റു ചെയ്യപ്പെട്ടു” എന്നുതന്നെയായിരുന്നു വാർത്ത നൽകിയത്. ആർഎസ്എസ് ഹിന്ദുത്വ അജണ്ടകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന റിപ്പബ്ലിക്ക് ടിവിയും റിപ്പോർട്ട് ചെയ്തത് “അറസ്റ്റ് ചെയ്യപ്പെട്ടു” എന്നുതന്നെയായിരുന്നു. ഇൻഡ്യ ടിവിയിൽ വന്ന റിപ്പോർട്ടും വ്യത്യസ്തമല്ല. “Sharjeel Imam believes India should be an Islamic state; has no remorse over his arrest: Delhi Police sources“ എന്നായിരുന്നു ജനുവരി 30ന് വന്ന ഇൻഡ്യ ടിവി ന്യൂസ്. ഇത് പറയുന്നത് വാർത്താ ഏജൻസിയായ എഎൻഐയിൽ വന്ന റിപ്പോർട്ട് പ്രകാരമാണ്. ഷർജീൽ ഇമാമിന് ഇസ്‌ലാമിക് യൂത്ത് ഫെഡറേഷനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുമായും ബന്ധമുണ്ടെന്ന ഡൽഹി പോലീസ് പ്രസ്താവനയെ മുൻനിർത്തിയാണ് വാർത്ത! സീ ന്യൂസിലെയും ആജ് തക്കിലെയും വാർത്തകളും വ്യത്യസ്തമല്ല. ടൈംസ് നൗ ഫെബ്രുവരി 4ന് നൽകിയ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു:“Sharjeel Imam was found wrapped in blanket in a corner. How Delhi police arrested JNU student from ‘Imambara‘”. എത്രമാത്രം ഇസ്ലാമോഫോബിക്കാണ് ഇവയെല്ലാം!
ഇവയിൽ നിന്നൊന്നും വലിയ വ്യത്യാസങ്ങളൊന്നും തന്നെ ഇല്ലാതെയാണ് ദി ഹിന്ദുവും റിപ്പോർട്ട് ചെയ്തത്. “JNU Ph.D student Sharjeel Imam arrested in Bihar“ എന്നായിരുന്നു. വാർത്തയുടെ തുടക്കത്തിൽ തന്നെ പട്ന എഡിജിപി ജിതേന്ദ്ര കുമാറിന്റെ ഇമാമിനെ അറസ്റ്റ് ചെയ്ത പ്രസ്താവനയും നൽകുന്നുണ്ട്. അതിന് ശേഷം മാത്രമാണ് ഇമാം തന്റെ വക്കീലിനൊപ്പം കീഴടങ്ങാൻ വേണ്ടി കോടതിയിലേക്ക് പോകുന്ന വഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് എന്ന വിവരം നൽകുന്നതും! അതിനു ശേഷം ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും ജഹാനാബാദ് പോലീസും ചേർന്ന് ഇമാമിന്റെ തറവാടു വീട് മൂന്നു ദിവസമായി റെയ്ഡ് ചെയ്തതും അദ്ദേഹത്തിന്റെ ചെറിയ സഹോദരൻ മുസമ്മിൽ ഇമാമിനെ ചോദ്യം ചെയ്തതുമെല്ലാം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഒരു സമുദായത്തെ തന്നെ ഭീകരവൽക്കരിക്കുന്ന അറസ്റ്റ് ചെയ്തു എന്ന പ്രയോഗം തന്നെയാണ് യാഥാർഥ്യത്തിന് വിപരീതമായി ദി ഹിന്ദുവും ഉപയോഗിക്കുന്നത്.
2020 ജനുവരി 30ന് ജേർണലിസ്റ്റ്സ് ഫോർ ഫ്രീഡം ഇറക്കിയ “ഷർജീൽ ഇമാമിനെ ഭീകരവൽക്കരിക്കുന്നതിൽ ദേശീയ മാധ്യമങ്ങളുടെ പങ്കെന്ത്?” എന്ന പ്രസ്താവനയിൽ ഈ ഭീകരവൽക്കരണത്തെ കൃത്യമായി ചൂണ്ടിക്കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. “മൂന്നുദിവസം മുമ്പ് ഷർജീൽ ഇമാം പൊലീസിന് കീഴടങ്ങുകയായിരുന്നു. എന്നാൽ ഷർജീലിനെ അറസ്റ്റ് ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് കൃത്യമായും മുസ്‌ലിം സ്വത്വത്തെ ഭീകരവൽക്കരിക്കുന്നതും അടിച്ചമർത്തുന്നതിനുമുള്ള, കാലങ്ങളായി ഉപയോഗിച്ചു വരുന്ന മുസ്‌ലിം വിരുദ്ധ മാധ്യമ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്യേണ്ടതുണ്ട്.”
രാജ്യത്ത് പലയിടത്തും സിഎഎ വിരുദ്ധ സമരങ്ങൾ ശക്തിയായി നടന്നുകൊണ്ടിരിക്കുമ്പോൾ, ജെഎൻയുവിലെ ഫീസ് വർധനയ്ക്കെതിരെ സമരം നയിച്ചുകൊണ്ടിരുന്ന ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് അയ്‌ഷി ഘോഷിനെ എബിവിപി ഗുണ്ടകൾ ആക്രമിച്ചപ്പോൾ അവർക്ക് ലഭിച്ച മാധ്യമ പിന്തുണയും, കനയ്യ കുമാറിനെതിരെ ദേശദ്രോഹകുറ്റം ചുമത്തപ്പെട്ടപ്പോൾ ലഭിച്ച പിന്തുണയും എന്തുകൊണ്ട് ഷർജീൽ ഇമാമിന് ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേയുള്ളൂ. അദ്ദേഹം ഇടത്-വലത് ദേശീയ പ്രസ്ഥാനങ്ങളിലെ ഇസ്‌ലാമോഫോബിയയെയും സവർണാധിപത്യത്തെയും തുറന്നുകാണിക്കുന്ന ഒരു മുസ്‌ലിം വിദ്യാർഥി നേതാവാണ് എന്നതാണ് അതിന് കാരണം.
ജെഎൻയുവിൽ അപരവൽക്കരിക്കപെട്ട വിദ്യാർഥികളുടെ ഐക്യത്തിനുവേണ്ടി സംസാരിക്കുന്ന, ഫ്രറ്റേർണിറ്റി മൂവ്മെന്റ് പ്രവർത്തകനുമായ വസീം ആർ.എസ് എഴുതിയതു തന്നെയാണ് ശരി. “എനിക്കുറപ്പാണ് ഷർജീൽ ഇമാമിനുവേണ്ടി ഒരു #StandWithJNUmovement ഉണ്ടാകില്ല എന്നത്. കാരണം, അദ്ദേഹം ഒരു ബീഹാരി ഭൂമിഹാർ അല്ല, ബിഹാരി മുസ്‌ലിമാണ്.”
‘ദി വയർ’ പ്രസിദ്ധീകരിച്ച രണ്ട് റിപ്പോർട്ടുകളാണ് പിന്നീട് വിവാദമായത്. ഒന്ന്, അപൂർവാനന്ദ് എന്ന ബ്രാഹ്മണന്റെ ‘Sharjeel Imam’s speech was wild and irresponsible, But was it ‘Sedition’?’ എന്ന ലേഖനമായിരുന്നു. അദ്ദേഹം ഇമാമിന്റെ പ്രസംഗത്തെ വളരെ പരിഭ്രാന്തി നിറഞ്ഞതും ബാലിശമായതുമായാണ് നിരീക്ഷിക്കുന്നതുതന്നെ.
“അവിടെ ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചു മാസങ്ങൾക്കുള്ളിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ലാതെ അവർ എല്ലാ ബംഗാളി ജനതയെയും കൊന്നു കളഞ്ഞെന്ന വാർത്ത നമ്മൾ കേൾക്കേണ്ടി വരും.” എന്ന ഇമാമിന്റെ വാക്കുകളെ വളരെ അതിശയോക്തി നിറഞ്ഞതായിട്ടും അദ്ദേഹം കാണുന്നു. അതിനിടയിൽ ഇവിടെ ടാർഗറ്റ് ചെയ്യപ്പെടുന്നത് ഹിന്ദുക്കളാണെന്നും അവരെ അക്രമിക്കുന്നവരും ഹിന്ദുക്കളാണെന്നും അപൂർവാനന്ദ് പറയുന്നുണ്ട്. അതു പറഞ്ഞുകൊണ്ട് എടുത്തു പറയുന്നത് 1940കളിൽ തുടങ്ങി അറുപതുകൾ വരെ നീണ്ടുനിന്ന ബംഗാളി ഹിന്ദുക്കളെ കുടിയൊഴിപ്പിച്ചു നാടുകടത്തിയ എത്നിക് ക്ലീൻസിങ് ബൊംഗാൾ ഖേദയെ കുറിച്ചാണ്. അതേസമയം അദ്ദേഹം ഇന്നത്തെ ഇൻഡ്യൻ സാഹചര്യങ്ങളെ അദ്ദേഹം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരവും വിവേചനമനുഭവിക്കേണ്ടി വരുന്ന ഇന്ന് സംഘപരിവാറിന്റെ വംശീയ ഉന്മൂലന അജണ്ടയുടെ പ്രത്യക്ഷ ഇരകളായിട്ടുള്ള ന്യൂനപക്ഷങ്ങളിൽ ഭൂരിപക്ഷമായ മുസ്‌ലിം സമുദായത്തെ കാണാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. കശ്മീരിയായതിന്റെ പേരിൽ, മുസ്‌ലിം നാമം ഉണ്ടായതിന്റെ പേരിൽ, തൊപ്പി ധരിച്ചതിന്റെ പേരിൽ, “നിന്റെ അല്ലാഹു വരുമോ ഇവിടെ രക്ഷിക്കാൻ?” എന്ന് ആക്രോശിക്കുന്ന പോലീസുള്ള നാട്ടിൽ, മുസ്‌ലിം സ്വത്വം മൂലം പൗരത്വം ചോദ്യം ചെയ്യപ്പെട്ട് ജീവിക്കാനുള്ള അവകാശം പോലും ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇൻഡ്യയിൽ നിന്നാണ് ഇതൊന്നും ഒട്ടും തന്നെ ഗൗനിക്കാതെ അപൂർവാനന്ദ് തന്റെ ബ്രാഹ്മണ അധികാര സ്വത്വത്തിൽ നിന്നും ഖേദം പ്രകടിപ്പിക്കുന്നത്!
മറ്റൊരു ലേഖനമായിരുന്നു പത്രപ്രവർത്തകനും മതേതര, സോഷ്യലിസ്റ്റ് വിശ്വാസിയുമായ മുഹമ്മദ് ആസിം ‘ദി വയറി’ൽ എഴുതിയ ‘What Sharjeel Imam’s ‘Seditious’ speech has in common with the BJP?’ എന്ന ലേഖനം. ഷർജീൽ ഇമാം മോദിയെയോ, അമിത് ഷായെയോ, ആദിത്യനാഥിനെയോ വിമർശിക്കുന്നതിനു പകരം ഇന്ന് ഈ ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ ഒരുമിച്ചവരെയാണ് വിമർശിക്കുന്നതെന്നാണ് മുഹമ്മദ് ആസിം പറഞ്ഞു വെക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ ഇസ്‌ലാമോഫോബിയയെയും സവർണാധിപത്യത്തേയും തുറന്നു കാണിക്കുന്നത് എങ്ങനെയാണ് ബിജെപിയുടേതിന് തുല്യമായ ആശയമാകുന്നത്?!
ജെഎൻയു ആക്രമണത്തെ കുറിച്ചും, അസം ബ്ലോക്കേഡിനേക്കുറിച്ചും, കനയ്യ കുമാറിന്റെ രാഷ്ട്രീയ മുതലെടുപ്പിനെക്കുറിച്ചും, കോൺഗ്രസിന്റെ ഹിന്ദു ദേശീയതയെ കുറിച്ചുമെല്ലാം പറയുമ്പോൾ ഷർജീൽ ഇമാം പറയുന്നുണ്ട്; താൻ ഷഹീൻ ബാഗിലെ സ്റ്റേജിൽ കയറി ഒരു ദിവസം തന്നെ രണ്ടോ മൂന്നോ പ്രാവശ്യം കോൺഗ്രസിനെതിരെ സംസാരിക്കാറുണ്ടെന്ന്. അതേസമയം ബിജെപിയെ കുറിച്ചോ സംസാരിക്കാറില്ലെന്നും. കാരണം, ജനങ്ങൾക്ക് അത് ആദ്യമേ അറിയാവുന്നതാണ് എന്ന്.
അപൂർവാനന്ദിന്റെയും മുഹമ്മദ് ആസിമിന്റെയും ലേഖനങ്ങൾ വിശകലനം ചെയ്തുകൊണ്ടും വിമർശന വിധേയമാക്കിക്കൊണ്ടും എവിത ദാസ്, അക്ഷത് ജെയ്ൻ, ഷാറൂഖ് ഖാതിബ് എന്നിവർ ചേർന്നെഴുതിയ ‘How Indian liberal’s reaction to Sharjeel Imam’s speech betrays their Dishonesty‘ എന്ന ലേഖനമുണ്ട്. എല്ലാ ലിബറൽ വാദങ്ങളെയും പൊളിച്ചടക്കിക്കൊണ്ടാണ് അവരതെഴുതുന്നത്. “ഞങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിനെതിരെ ദേശദ്രോഹകുറ്റം ചുമത്തിയത് ശരിയായില്ല” എന്ന ലിബറൽ ഖേദ പ്രകടനങ്ങളെ തകർത്തെറിഞ്ഞുകൊണ്ട്, “ഞങ്ങൾ, ഒരു ജൈനനും ഒരു ദലിതനും ഒരു മുസ്‌ലിമും ഷർജീൽ ഇമാം പറഞ്ഞതിനെയും എഴുതിയതിനെയും അനുകൂലിക്കുകയും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ തന്നെ വ്യവസ്ഥകളിൽ നിലയുറപ്പിക്കാനും തയ്യാറാണെന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു. നാരായേ തക്ബീർ, അല്ലാഹു അക്ബർ” എന്നു പറഞ്ഞ് വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു കൊണ്ടാണ് അവർ ലേഖനം അവസാനിപ്പിക്കുന്നത്.
അതുപോലെ തന്നെ, സമരമുഖത്തെ പരമ്പരാഗത മുദ്രാവാക്യങ്ങളിൽ നിന്നും മാറി മതേതരത്വത്തെയും ജനാധിപത്യത്തെയും പുനർനിർമിക്കാനുതകുന്ന മുദ്രാവാക്യങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയും ചർച്ച ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സമയത്താണ് ക്വീർ ആസാദി മുംബൈ’ നടത്തിയ മുംബൈ പ്രൈഡ് സോളിഡാരിറ്റി ഗാതറിങിൽ ഷർജീലിനു വേണ്ടിയുയർത്തിയ മുദ്രാവാക്യങ്ങൾക്കെതിരെ കിരിത് സോമയ്യ എന്ന ബിജെപി നേതാവ് കേസ് നൽകുന്നത്. അതിനാൽ തന്നെ യുഎപിഎ പോലുള്ള ഭീകര നിയമങ്ങൾ ഇല്ലായ്മ ചെയ്യുവാനും ഷർജീൽ ഇമാമിന്റെ മോചനത്തിനും വേണ്ടിയും മുദ്രാവാക്യങ്ങൾ ഉയരേണ്ടതുണ്ട്.
“ഷർജീൽ തേരെ സപ്‌നോം കോ
ഹം മൻസിൽ തക് പഹുചായേങ്കെ.
രാവൺ തേരെ സപ്‌നോം കോ
ഹം മൻസിൽ തക് പഹുചായേങ്കെ. “
(ഷർജീൽ, നിന്റെ സ്വപ്നങ്ങളെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കും. രാവൺ, നിന്റെ സ്വപ്നങ്ങളെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കും. )
(പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ ബി.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയാണ് ലേഖിക)