ദേവികയുടെ സ്ഥാപനവൽകൃത കൊല: സാമൂഹിക പ്രശ്നത്തെ ടിവിയിലേക്ക് ചുരുക്കുന്ന കേരളം

ഒരു ടിവി സെറ്റിലേക്ക് പ്രബുദ്ധ കേരളം ദേവികയുടെ ആത്മഹത്യയെ ചുരുക്കി. ആ കുട്ടിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തെയോ, അത്തരം പശ്ചാത്തലമുള്ള ലക്ഷക്കണക്കിന് മനുഷ്യർ കേരളത്തിലെ വികസന  മാതൃകയുടെ ഇരകളാണെന്നോ തിരിച്ചറിയുന്നതിന് പകരം അതിനെ കേവലം ഒരു ടിവിയുടെ കുറവായി ചിത്രീകരിക്കുന്നിടത്താണ് കേരള വികസന മാതൃക പരാജയപ്പെടുന്നത്. ഇത്തരമൊരവസ്ഥ കേരളത്തിൽ ദലിത്   സമുദായത്തിൽ നിന്നുള്ള ഒരു കുട്ടിക്ക് മാത്രമേ ഉണ്ടാകൂ, അവർക്കേ ഇതുവരെ  ഉണ്ടായിട്ടുളൂ.
എസ്. മുഹമ്മദ് ഇർഷാദ് എഴുതുന്നു.

സമൂഹം വലിയ തോതിലുള്ള ഭീതിയിലൂടെ കടന്നുപോകുമ്പോൾ അതാത് സമൂഹത്തിലെ സാമൂഹിക-രാഷ്ട്രീയ ശക്തികൾക്ക് അസാധാരണമായ  അധികാരം ഉണ്ടാകും. സാമൂഹികവും-സമ്പത്തികവും-രാഷ്ട്രീയവുമായി ദുർബലരായ ഒരു സമൂഹം അതാത് അധികാര കേന്ദ്രങ്ങൾക്ക് കീഴ്പെടേണ്ടിവരുകയും ചെയ്യും. ഇത്തരം കീഴ്പെടലുകൾ സൃഷ്ടിക്കുന്നതിൽ സര്‍ക്കാരുകൾക്ക് വലിയ പങ്കുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ദുർബല സമൂഹത്തിന് അത്തരത്തിൽ ഒരു അവകാശ നിഷേധം അനുഭവപെടാൻ പാടില്ല എന്നാണ്  കരുതപ്പെടുന്നത്. ജനാധിപത്യം അതിന്റെ പൂർണാർഥത്തിൽ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ പൗരന് ഭരണകൂടം ഉറപ്പാക്കുന്ന അവകാശങ്ങളിൽ മർമ്മപ്രധാനമാണ് അതാത് സമൂഹത്തിലെ അധീശവർഗത്തിന്റെ ജീവിതപരിസരത്തു നിന്നും ഉണ്ടാകുന്ന കാഴ്ചപ്പാടിലൂടെ ഒരു സമൂഹത്തിന്റെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും അവതരിപ്പിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും ഒഴിവാക്കപ്പെടുക എന്നത്.

ജാതി-സാമ്പത്തിക മേധാവിത്വം ഉണ്ടാക്കിയെടുക്കുന്ന വീക്ഷണത്തിലൂടെ അടിത്തട്ടിലുള്ള മനുഷ്യരുടെ ജീവിതത്തിനും സർക്കാർ സംവിധാനങ്ങളോട് അവര്‍ക്കുള്ള ആശ്രയത്തിനും മേലെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നത് ജനാധിപത്യത്തിലെ ഏറ്റവും ജീർണമായ ഒരവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

അഥവാ ജനാധിപത്യത്തെ ഈ മേലാള വർഗം അംഗീകരിക്കുന്നില്ല എന്ന് പറയേണ്ടിവരും. അതുമല്ലെങ്കിൽ നിലവിലെ ജനാധിപത്യത്തെ അവരവരുടെ സാമൂഹിക-സാമ്പത്തിക അധികാരത്തിന് മേലുള്ള ഭീഷണിയായി കരുതുന്നു എന്നും വിലയിരുത്താം.

ജനാധിപത്യം സവർണരേയും സമ്പന്നരേയും പിന്നെ നാമമാത്ര സംവരണ പ്രതിനിധികളേയും കൊണ്ട് നിലനിന്നു പോകുന്നതാണ് ഇൻഡ്യൻ ജനാധിപത്യം. അതുകൊണ്ട് തന്നെ അടിസ്ഥാന വിഭാഗത്തിന് ഇന്നും തങ്ങളുടെ അവകാശം സ്വമേധയാ സംരക്ഷിപ്പെടുന്നതായി അനുഭവപെടുന്നില്ല എന്നത് വസ്തുതയാണ്. അതിന്റെ ഏറ്റവും പുതിയ ഇരയാണ് പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന വളാഞ്ചേരിയിലെ ദേവിക എന്ന പെൺകുട്ടി. ഓൺലൈൻ വിദ്യാഭാസ സൗകര്യം തനിക്ക് ലഭിക്കില്ല എന്ന തിരിച്ചറിവ് അവരെ ആത്മഹത്യയിലേക്കാണ് നയിച്ചത്.

വിദ്യാഭ്യാസ മികവിനുള്ള അയ്യൻകാളി സ്‌കോളർഷിപ്പ് ദേവിക ഏറ്റുവാങ്ങുന്ന ചിത്രം.

ഈ ആത്മഹത്യയെ മലയാളി – പ്രത്യേകിച്ചും അടിസ്ഥാന വർഗത്തിന് ഇടമില്ലാത്ത മലയാളി പൊതുബോധം മനസിലാക്കിയത് സാങ്കേതിവിദ്യയുടെ അഥവാ ടിവി ഇല്ലാത്തതിന്റെ പ്രശ്നം മാത്രമായിട്ടാണ്. ഏതാനും ആയിരങ്ങൾകൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നം! സംസ്ഥാനം ഭരിക്കുന്ന സർക്കാരിനും, അവരുടെ പാർട്ടിക്കും പിന്നെ താൻ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ സാമൂഹിക പശ്ചാത്തലം പോലും മനസിലാക്കാൻ കഴിയാതെ പോയ അധ്യാപകരും അധ്യാപക സംഘടനകൾക്കും ഈ മരണം ഒരു ടിവി സെറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന ഒന്നു മാത്രമാണ്.

ഈ കുട്ടി പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകർക്ക് ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാരായ ആദ്യകാല വിദ്യാർഥികൾ ക്ലാസ് മുറികളിൽ മാറിയിരുന്നു പഠിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഇടതുപക്ഷ അധ്യാപകരുടെ ഒരു നീണ്ട നിര തന്നെ അടുത്ത ദിവസങ്ങളിൽ കണ്ടിരുന്നു. എന്നാൽ ഇതേ അധ്യാപകർ തന്നെയാണ് സെലിബ്രിറ്റികളുടെയും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും സൗജന്യ ടിവി വിതരണത്തിന് വലിയ പിന്തുണ നൽകുന്നത്. ഇടതുപക്ഷം ഇതൊരു വലിയ സാമൂഹിക പ്രവർത്തനമായി ആഘോഷിക്കുകയും ചെയ്‍തതോടെ ഒരു വലിയ സാമൂഹിക-രാഷ്ട്രീയ പ്രശ്നം സാങ്കേതികതയിൽ ചുരുക്കപ്പെട്ടു. എങ്ങനെയാണ് നവ-ലിബറൽ കാലത്തെ വികസന കാഴ്ചപ്പാട്, വികസനത്തെ സാമൂഹിക മാറ്റം എന്നതിൽ നിന്നും സാങ്കേതികമായി പരിഹരിക്കാവുന്ന ഒന്നാക്കി ചുരുക്കുന്നു എന്ന് അലൻ തോംസൻ (2004) അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പ്രബന്ധത്തിൽ വിശദമാക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ കൊണ്ടാടപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും ഇത്തരം ചുരുക്കപ്പെടലിന്റെ വികസന മാതൃകയാണ്.

ഈ മഹാമാരിയുടെ കാലത്ത് പോലും ഏറെ ആഘോഷിച്ച കേരളം വികസന മാതൃക എന്നാൽ അടിസ്ഥാന വർഗത്തെ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം പരിഗണിക്കുകയാണ് ഇപ്പോൾ ഇടതുപക്ഷം ചെയുന്നത്. എൽഡിഎഫും യുഡിഎഫും നൽകുന്ന പദ്ധതി അടിസ്ഥാനത്തിലുള്ള സഹായങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലെ വികസന ചർച്ചകൾ. ഇതാണ് വികസനം എന്ന് പഠിച്ചുവെച്ചിരിക്കുന്ന ഒരു കേരളീയ പൊതുപൗരൻ ഒരു ടിവി കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് ഈ ആത്മഹത്യ എന്ന് ഉറപ്പിക്കുകയാണ്.

വേണമെങ്കിൽ ഇതിനെ ഒരു വരേണ്യ നീതിബോധമായും വിലയിരുത്താം. ഈ വരേണ്യ നീതിബോധത്തെ വികസനമായി അവതരിപ്പിക്കുക വഴി ഇടതുപക്ഷം ഒരു വലിയ സമൂഹത്തിന്റെ ജനാധിപത്യ അവകാശത്തെയാണ് നിഷേധിക്കുന്നത്.

ദേവിക പഠിച്ചിരുന്ന ഇരിമ്പിളിയം ഗവൺമെന്റ് സ്‌കൂൾ

ഇതല്ല വികസനം എന്ന് തിരുത്താനുള്ള  അറിവോ ആർജ്ജവമോ രാഷ്ട്രീയ പാർട്ടികൾക്കില്ല, ഈ കാര്യത്തിൽ ഇടതുപക്ഷം വലിയ തോതിലുള്ള  ആശയ പാപ്പരത്തം അനുഭവിക്കുന്നുണ്ട്. തങ്ങൾ പാവപ്പെട്ടവർക്ക് ചെയ്തത് ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരാതമ്യം ചെയ്യാനാണ് ഇടതുപക്ഷം പറയുന്നത്. എന്താണ് നമ്മൾ താരതമ്യം ചെയ്യേണ്ടത്? ഇത്തരത്തിൽ താരതമ്യം ചെയ്യുന്നത് കൊണ്ടാണ് മോഡി സർക്കാർ കര്‍ഷകന് കൊടുക്കുന്ന രണ്ടായിരം രൂപയുടെ സഹായം വലിയ നേട്ടമായി അവതരിപ്പിക്കുന്നതും. കൃത്യമായി പറഞ്ഞാൽ കേരള വികസ മാതൃകയെ കേരളത്തിലെ രാഷ്ട്രീയക്കാർ  പരാജയപ്പെടുത്തുകയാണ് ചെയുന്നത്. അടിത്തട്ടിലുള്ള മനുഷ്യർ സമ്പത്തുൽപ്പാദിപ്പിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ അവർ സാമ്പത്തിക ശേഷിയില്ലാത്ത ഗുണഭോക്താക്കൾ മാത്രമാണ് എന്ന രീതിയിൽ പരിഗണിക്കപ്പെടുന്നിടത്താണ് സർക്കാറിതര സൗജന്യ സേവനങ്ങളെ    കൊട്ടിഘോഷിക്കേണ്ടി വരുന്നത്.

ഒരു ടിവി സെറ്റിലേക്ക് പ്രബുദ്ധ കേരളം ആത്മഹത്യയെ ചുരുക്കി. ആ കുട്ടിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തെയോ, അത്തരം പശ്ചാത്തലമുള്ള ലക്ഷക്കണക്കിന് മനുഷ്യർ കേരളത്തിലെ വികസന  മാതൃകയുടെ ഇരകളാണെന്നോ തിരിച്ചറിയുന്നതിന് പകരം അതിനെ കേവലം ഒരു ടിവിയുടെ കുറവായി ചിത്രീകരിക്കുന്നിടത്താണ് കേരള വികസന മാതൃക പരാജയപ്പെടുന്നത്. ഇത്തരമൊരവസ്ഥ കേരളത്തിൽ ദലിത്   സമുദായത്തിൽ നിന്നുള്ള ഒരു കുട്ടിക്ക് മാത്രമേ ഉണ്ടാകൂ, അവർക്കേ ഇതുവരെ  ഉണ്ടായിട്ടുളൂ. ഇവിടെയാണ് ഈ ആത്മഹത്യ കേരളത്തിലെ സവർണ പൊതുബോധത്തെയും വികസന മാതൃകയേയും ചോദ്യം ചെയുന്നു എന്ന് പറയേണ്ടിവരുന്നത്. സാമ്പത്തികമായും ജാതീയമായും ഒറ്റപ്പെട്ട ഒരു കുട്ടി ഇനി അവശേഷിക്കുന്ന ആശ്രയം എന്ന നിലക്ക് വിദ്യാഭാസത്തെ പരിഗണിക്കുന്നത് കൊണ്ടുകൂടിയാണ് ഇത്തരം മാനസികാവസ്ഥയിൽ എത്തുന്നത്. ഈ മാനസികാവസ്ഥക്ക് പിന്നിൽ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. അതാണ് ടിവിയാണ് പരിഹാരം എന്ന് കണ്ടെത്തിയതിനെ രാഷ്ട്രീയ പാപരത്തം എന്ന് പറയേണ്ടിവരുന്നത്. ഇടതുപക്ഷത്തിന് തന്നെ ഇതിന് നേതൃത്വം കൊടുക്കേണ്ടി വരുന്നു എന്നത് ഒരു വിരോധാഭാസമാണ്. അതായത് കേരളത്തിലെ വികസനത്തിൽ നിന്നും ഒരു വലിയ സമൂഹം മനുഷ്യർ ഒറ്റപ്പെടുത്തപ്പെട്ടു എന്ന വസ്തുത ഇവിടെ സൗകര്യപൂർവ്വം മറച്ചുവെയ്ക്കപ്പടുന്നു.

ചിത്രങ്ങൾക്ക് കടപ്പാട്: മക്തൂബ് മീഡിയ

Top