സവർണ സംവരണം ഇന്ത്യയെ നൂറുവർഷം പിന്നോട്ടു നടത്താനുള്ള ശ്രമം: ജസ്റ്റിസ് വി. ഈശ്വരയ്യ

‘10% സാമ്പത്തിക സംവരണം നടപ്പിലാക്കിയാൽ സംവരണ തസ്തികകളില്‍ 10% സവർണർ തന്നെയായിരിക്കും നിയമിതരാകുക. ഈ ഭരണവര്‍ഗം മാത്രം ഭരണം കൈയ്യാളുന്ന, നമ്മളെല്ലാവരും അവര്‍ക്കു വേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു നൂറു വര്‍ഷം മുന്‍പുള്ള ഇന്ത്യയെ അവര്‍ തിരികെ കൊണ്ടുവരും’ – ആന്ധ്രപ്രദേശ് ഹെെക്കോടതി ചീഫ് ജസ്റ്റിസും ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയർപേഴ്സണുമായിരുന്ന ജസ്റ്റിസ് വി ഈശ്വരയ്യയുമായുള്ള അഭിമുഖം.

വെറും രണ്ടു ദിവസങ്ങൾ മാത്രമെടുത്താണു കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ച സാമ്പത്തിക സംവരണം പാർലമെന്റിന്റെ ഇരു സഭകളും വോട്ടു ചെയ്തു നിയമമാക്കിയത്. ഇന്ത്യൻ ഭരണഘടനാ ഭേദഗതികളുടെയോ നിയമനിർമാണത്തിന്റെയോ ചരിത്രത്തിൽ ഇത്രയും വേഗത്തിൽ നിയമമാക്കപ്പെട്ട ഒരു ബിൽ കാണാൻ കഴിയില്ല. ഈ വിചിത്രമായ വേഗത്തെപ്പറ്റി താങ്കൾക്ക് എന്താണു പറയാനുള്ളത്? ഇതാദ്യമായാണോ ഒരു ബില്‍ രണ്ടു ദിവസത്തിനുള്ളില്‍ നിയമമായി പാസാക്കപ്പെടുന്നത്?

അതെ, ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. രാജ ഭരണത്തിൽ ഇതുപോലെ ഒറ്റ രാത്രി കൊണ്ടു നിയമങ്ങൾ കൊണ്ടുവരാം. പക്ഷേ നിർഭാഗ്യവശാൽ ഇതു രാജഭരണമല്ല. ഇത് ഇന്ത്യൻ ജനതയുടെ പരമാധികാര രാജ്യമാണ്. പക്ഷേ ഭൂരിപക്ഷം ജനപ്രതിനിധികളും യഥാര്‍ഥത്തില്‍ ഇന്ത്യൻ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളെയും സവര്‍ണരാണു നയിക്കുന്നത്. രാഷ്ട്രീയ ജനതാ ദൾ, മായാവതി നയിക്കുന്ന ബഹുജൻ സമാജ് വാദി പാർട്ടി, സമാജ് വാദി പാർട്ടി തുടങ്ങിയ പാർട്ടികളൊഴികെ മറ്റെല്ലാ പാർട്ടികളെയും നയിക്കുന്നതു സവർണരാണ്. ഏഴാം തീയ്യതി രണ്ടുമണിക്കു മന്ത്രിസഭ ബിൽ പാസാക്കുന്നു. എട്ടാം തീയ്യതി രാജ്യസഭ ഭരണഘടനാഭേദഗതി ബിൽ പാസാക്കുന്നു. ഒമ്പതാം തീയ്യതി രാജ്യസഭയും ബിൽ പാസാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങള്‍ക്കു 10 ശതമാനം സംവരണം നൽകുന്നതാണ് ഈ നിയമം, എന്നാൽ ‘സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍’ എന്ന പ്രയോഗം ഭരണഘടനയിൽ എവിടെയും ഉപയോഗിച്ചതായി കാണാന്‍ കഴിയില്ല. വിവേചനത്തിന് എതിരായാണു തുല്യത എന്ന ആശയം. വിവേചനത്തിന് എതിരായാണു

മോഹൻ ഭഗവത്

മോഹൻ ഭഗവത്

ഭരണഘടനയുടെ അടിസ്ഥാനമെന്ന നിലയില്‍ സമത്വം മുന്നോട്ടുവെക്കപ്പെടുന്നത്. മൗലിക അവകാശങ്ങളാണ് അടിസ്ഥാനം. ആമുഖമാണ് അടിസ്ഥാനം. നാൽപത്തെട്ടു മണിക്കൂറിനുളളില്‍ അവർ ഈ ബിൽ നിയമമാക്കാൻ കാരണം ഏതാണ്ട് എല്ലാ പാർട്ടികളിലും സവര്‍ണര്‍ക്ക് ആധിപത്യമുള്ളതു കൊണ്ടാണ്. ഇതു പാർലമെന്റിന്റെ അവസാനത്തെ സെഷൻ ആണ്. അടുത്തതു ബഡ്ജറ്റ് സെഷനായിരിക്കും. അതുകൊണ്ടാണു സവര്‍ണരെ കൊണ്ട് ഈ ഭരണഘടന ഭേദഗതി ബില്‍ അവര്‍ അവതരിപ്പിച്ചത്. ചാതുർവർണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനും ഹിന്ദു രാഷ്ട്രം നിർമിക്കാനുമുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും കൃത്യമായ പദ്ധതി ആണ് ഈ ഭരണഘടനാ ഭേദഗതി ബില്‍. രണ്ടു വർഷം മുന്‍പ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പ്രസ്താവിക്കുകയുണ്ടായി, “ആരക്ഷൺ കോ സമീക്ഷാ കർനാ” അതായതു സാമൂഹ്യ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലല്ലാതെ, സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ “സംവരണം നയം പുനഃപരിശോധിക്കണം” എന്നാണു മോഹൻ ഭഗവത് ആവശ്യപ്പെട്ടത്. എന്നാൽ അതിനെതിരെ രാജ്യത്താകമാനം എതിർപ്പുകളുയർന്നപ്പോൾ അവർ നിശ്ശബ്ദരായി. എന്നിട്ടു പെട്ടെന്നൊരു ദിവസം എസ്.സി, എസ്.ടി വിഭാഗങ്ങളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും പുറന്തള്ളിക്കൊണ്ട്, സവര്‍ണര്‍ക്കു സംവരണം നല്‍കികൊണ്ടുള്ള ഒരിക്കലും നീതീകരിക്കാനാവാത്ത ഈ ഭരണഘടന ഭേദഗതി അവര്‍ കൊണ്ടുവന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നു പറയപ്പെടുന്ന സവർണർക്കാണു നിങ്ങൾ സാമ്പത്തിക സംവരണം നൽകുന്നത്, ആരാണു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ? അവർ ദരിദ്രരല്ല, അവർ സമ്പന്ന വിഭാഗമാണ്. പക്ഷേ സവർണർ കയ്യടക്കി വെച്ചിരിക്കുന്ന മാധ്യമ സ്ഥാപനങ്ങളാണ് അവരെ ദരിദ്രരായി ചിത്രീകരിക്കുന്നത്. അവർ റിക്ഷ വലിക്കുന്നവരല്ല, അവർ ഓട്ടോ ഡ്രെെവർമാരല്ല, അവർ കർഷക തൊഴിലാളികൾ അല്ല, അവർ മൺപാത്രങ്ങളുണ്ടാക്കുന്നവരല്ല, പക്ഷേ അവർ നികുതി അടക്കുന്നവരാണ്, വാർഷിക വരുമാനം ഉള്ളവരാണ്, നഗര പ്രദേശങ്ങളിൽ അഞ്ചേക്കർ ഭൂമി ഉള്ളവരാണ്, ആയിരം സ്ക്വയർഫീറ്റ് ഫ്ലാറ്റ് സ്വന്തമായി ഉള്ളവരാണ്. ഇവർ ദരിദ്രരാണ് എന്ന് എങ്ങനെയാണു പറയുന്നത്? പിന്നോക്ക വിഭാഗം എന്നാൽ സാമൂഹികമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളാണ്. അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവർ, തൊട്ടുകൂടായ്മ അനുഭവിക്കുന്നവർ, അങ്ങനെ പല തരത്തിൽ വിവേചനങ്ങൾ നേരിടുന്നവർ. മുന്‍പു പൊതു കിണറിൽ നിന്നു വെള്ളമെടുക്കാൻ അവകാശമില്ലാതിരുന്നവർ. അവർക്കു പ്രത്യേക ശ്മശാനങ്ങളുണ്ട്. അശുദ്ധമായ, താഴ്ന്ന തൊഴിലുകളാണ് അവർ ചെയ്യുന്നത്. മുടി വെട്ടുകയും തുണി നെയ്യുകയും പാത്രങ്ങൾ കഴുകുകയും മത്സ്യബന്ധനം നടത്തുകയും മലം കോരുകയും നഗരം വൃത്തിയാക്കുകയും ചെയ്യുന്നവർ. ജാതിയുടെയും അതുകാരണം ചെയ്യേണ്ടിവരുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിൽ വിവേചനം അനുഭവിക്കുന്നവർ. ആർ‍ട്ടിക്കിൾ 15 പറയുന്നത് ആരും വിവേചനം നേരിടരുത് എന്നും എല്ലാവരും തുല്യരായി പരിഗണിക്കപ്പെടണം എന്നുമാണ്. ആർട്ടിക്കിൾ 16ഉം 17ഉം പറയുന്നതു നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും നിയമം സംരക്ഷിക്കപ്പെടണം എന്നുമാണ്. ഈ വിവേചനം ഇല്ലാതാക്കാനുള്ളതാണു സംവരണ നയം. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണ നയം സംവരണം ഉറപ്പാക്കുന്നു.

ഭരണഘടന തയ്യാറാക്കിയപ്പോൾ വിദ്യാഭ്യാസത്തിലും തൊഴിലിലും പാർലമെന്റ്-അസംബ്ലി പ്രാതിനിധ്യത്തിലുമുള്ള സംവരണം ദലിതർക്കും ആദിവാസികൾക്കും മാത്രമായിരുന്നു. പ്രാദേശിക ഭരണസംവിധാനങ്ങളിൽ സംവരണം ഉണ്ടായിരുന്നില്ല. മറ്റു പിന്നോക്ക വിഭാഗങ്ങൾ പിന്നീടു സംവരണീയരായി പരിഗണിക്കപ്പെട്ടു. പിന്നോക്കാവസ്ഥ എന്നാൽ ദലിതരും ആദിവാസികളും മറ്റു പിന്നോക്ക വിഭാഗങ്ങളും അനുഭവിക്കുന്ന അവസ്ഥയാണ്. ആർട്ടിക്കിൾ 340 അനുസരിച്ചാണു മറ്റു പിന്നോക്ക വിഭാഗങ്ങൾ സംവരണീയരായത്. അതിനു വേണ്ടിയാണു മണ്ഡൽ കമ്മീഷൻ നിയമിക്കപ്പെട്ടത്. രാജ്യമാകെ സഞ്ചരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനങ്ങളെയും അവർ നേരിടുന്ന പ്രശ്നങ്ങളെയും രേഖപ്പെടുത്തി. ഇവ പരിഹരിക്കാൻ നടപ്പിലാക്കേണ്ടതായിട്ടുള്ള പദ്ധതികളും നിർദ്ദേശിച്ചു.

അവർ നികുതി അടക്കുന്നവരാണ്, വാർഷിക വരുമാനം ഉള്ളവരാണ്, നഗര പ്രദേശങ്ങളിൽ അഞ്ചേക്കർ ഭൂമി ഉള്ളവരാണ്, ആയിരം സ്ക്വയർഫീറ്റ് ഫ്ലാറ്റ് സ്വന്തമായി ഉള്ളവരാണ്. അവർ ദരിദ്രരാണ് എന്ന് എങ്ങനെയാണു പറയുന്നത്? പിന്നോക്ക വിഭാഗം എന്നാൽ സാമൂഹികമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളാണ്. അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവർ, തൊട്ടുകൂടായ്മ അനുഭവിക്കുന്നവർ, അങ്ങനെ പല തരത്തിൽ വിവേചനങ്ങൾ നേരിടുന്നവർ.

അവർ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാഭ്യാസമേഖലയിലും തൊഴിലിലും 27% സംവരണം ആവശ്യപ്പെട്ടു. പൊതുമേഖലയിലും സംവരണം ആവശ്യപ്പെട്ടു. ആദ്യം തൊഴിലിൽമേഖലയില്‍ സംവരണം ഏർപ്പെടുത്തി, വിദ്യാഭ്യാസമേഖലയിൽ ഏർപ്പെടുത്തിയിരുന്നില്ല. ഇന്നു വരെയും 12% പോലും സംവരണം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. 54% വരുന്ന പിന്നോക്ക വിഭാഗ ജനസംഖ്യയിൽ 12% ആണു തൊഴിൽ പ്രാതിനിധ്യം.

ജസ്റ്റിസ് വി. ഈശ്വരയ്യ

ജസ്റ്റിസ് വി. ഈശ്വരയ്യ

ഈ 12% പോലും പിന്നോക്ക വിഭാഗങ്ങൾക്കു കിട്ടാതിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്, അതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സംവരണം നൽകണമെന്നു പദ്ധതിയുണ്ടാക്കി. പിന്നോക്ക വിഭാഗങ്ങൾക്കു മതിയായ സംവരണം ലഭിക്കുന്നില്ല, അപ്പോഴാണു സവർണർക്കു 10% സംവരണം ഏർപ്പെടുത്തുന്നത്. അക്കാരണത്താലാണ് ഇതൊരു തിന്മ നിറഞ്ഞ പദ്ധതിയാണ് എന്നു പറയുന്നത്. സത്യസന്ധമല്ലാത്ത, ഭരണഘടനയെ തകർക്കുന്ന രീതിയിലുള്ള, സാമൂഹ്യനീതി എന്ന ആശയത്തെ തകർക്കുന്ന, തുല്യതയെ ഇല്ലായ്മ ചെയ്യുന്ന നിയമമാണിത്. പിന്നോക്ക വിഭാഗങ്ങളെ തള്ളിക്കൊണ്ടും ഒഴിവാക്കിക്കൊണ്ടുമാണ് 10% സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. അതിനാൽ ഈ നിയമം ഭരണഘടനാവിരുദ്ധമാണ്. അവർ പിന്നോക്ക ജാതി വിഭാഗങ്ങളെ തൊട്ടുകൂടാത്തവരായാണു കണക്കാക്കുന്നത്, ഭരണഘടനാപരമായി തൊട്ടുകൂടാത്തവർ. രാജാക്കന്മാരുടെ യോഗത്തിനിടെ നഗ്നയാക്കപ്പെട്ട ദ്രൗപദിയെപ്പോലെയാണ് ഇപ്പോൾ ഭരണഘടന. ഭരണഘടന വിവസ്ത്രമാക്കപ്പെട്ടിരിക്കുകയാണ്. അവർ ഭരണഘടനയെ ബഹുമാനിക്കുന്നില്ല. വികാരങ്ങളെ അവർ മാനിക്കുന്നില്ല. പിന്നോക്ക ജാതി വിഭാഗങ്ങളോട് ഒരു തരത്തിലും പ്രതിബദ്ധതയില്ല. രാം മന്ദിർ, ഹിന്ദുത്വം ഇതിന്റെയെല്ലാം മറവിൽ പിന്നോക്ക ജാതി വിഭാഗക്കാരെ ഉന്മൂലനം ചെയ്യാനാണ് അവരുടെ പദ്ധതി. ആരാണ് ഈ ജനാധിപത്യ രാജ്യം ഭരിക്കുന്നത്? ഇതൊരു ജനാധിപത്യ രാജ്യമാണോ? നമ്മുടെ പ്രതിനിധികൾ ഭരണപക്ഷത്ത് ഇല്ല. യൂണിയൻ ക്യാബിനറ്റ് മന്ത്രിമാരെ നോക്കിയാൽ പേരിനുള്ള എസ്.സി/എസ്.ടി മന്ത്രിമാരെ ഒഴിച്ചാൽ ഓ.ബി.സി വിഭാഗത്തിൽ പെട്ട ഒരു ക്യാബിനറ്റ് മന്ത്രി പോലും ഇല്ല. മുന്നോക്ക ജാതിക്കാരാണു സെക്രട്ടറിമാർ. ഓ.ബി.സി വിഭാഗത്തിനായി പ്രത്യേക മന്ത്രാലയം ഇല്ല. പ്രത്യേക ബഡ്ജറ്റോ ഓ.ബി.സി വിഭാഗത്തിനായി പ്രത്യേക ഉപപദ്ധതികളോ ഇല്ല. പിന്നോക്ക ജാതി വിഭാഗങ്ങളോട് എന്തു തരം വിവേചനമാണു തുടർന്നു കൊണ്ടിരിക്കുന്നത്?

ബിജെപിയുടെ വിനാശകരമായ ഈ പദ്ധതിക്കെതിരെ ഇന്ത്യയിലെ പിന്നോക്ക ജാതി വിഭാഗങ്ങൾ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ മുൻ ചെയർപേഴ്സൺ ആയിരുന്നു ഞാൻ, ഇപ്പോൾ പിന്നോക്ക ജാതിവിഭാഗങ്ങളുടെ കൂട്ടായ്മയായ അഖിലേന്ത്യ പിന്നോക്ക വിഭാഗ ഫെഡറേഷന്‍റെ നേതൃത്വം വഹിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും നമ്മൾ ഈ നിയമത്തിനെതിരെ സംഘടിക്കുകയാണ്. നമ്മൾ സുപ്രിം കോടതിയിൽ റിട്ട് പെറ്റിഷനും സമർ‌പ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച കോടതി അതു പരിഗണിക്കും.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ച ശേഷം 27% സംവരണം ഓബിസി വിഭാഗത്തിനു നൽകാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയിലെമ്പാടും വലിയ പ്രക്ഷോഭങ്ങളുണ്ടായി. സവർണർ ബസുകളും പൊതുമുതലും അഗ്നിക്കിരയാക്കി. ഇതു മെറിറ്റിനും തുല്യതയ്ക്കും എതിരാണ് എന്ന രീതിയിലാണ് അവർ പ്രക്ഷോഭമുണ്ടാക്കിയത്. പക്ഷേ അന്തിമമായി സുപ്രീം കോടതി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിപ്പിടിച്ചു. വളരെ സംഘടിതവും സമർഥരുമായ ഒരു സമുദായമായതിനാൽ ആർക്കെങ്കിലും തുല്യമായ പരിഗണനയും നീതിയും എവിടെനിന്നെങ്കിലും കിട്ടുന്നു എന്നറിഞ്ഞാൽ അതേപ്പറ്റി അവർ വലിയ ഒച്ചയും ബഹളവുമുണ്ടാക്കും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അവർ അസഹിഷ്ണുക്കളാകും. പിന്നോക്ക ജാതി വിഭാഗക്കാർ പലപ്പോഴും പലതിനോടും വഴങ്ങി ജീവിക്കുന്നവരാണ്, അവർ സംഘടിതരല്ല. അവർക്ക് ഈ ഭേദഗതിയുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. പക്ഷേ അവർ പ്രബുദ്ധരാകുകയാണ്, അവർ സംഘടിക്കുകയാണ്.

കൊച്ചി മുസിരിസ് ബിഎന്നാലെയിൽ ബി.ആർ. അംബേദ്കറുടെ ഇൻസ്റ്റാളേഷൻ

കൊച്ചി മുസിരിസ് ബിനാലെയിൽ ബി.ആർ അംബേഡ്കറുടെ ഇൻസ്റ്റാലേഷൻ

ഈ നിയമത്തിനെതിരെ സവർണർ തെരുവിലിറങ്ങേണ്ടതല്ലേ?

സവർണരും ഈ നിയമത്തിനെതിരെ തെരുവിലിറങ്ങേണ്ടതാണ്. പക്ഷേ അവർക്കു സത്യസന്ധതയില്ല, ആത്മാർത്ഥതയില്ല, മാനവികതയില്ല. അതുകൊണ്ടാണ് അവർ സാമ്പത്തിക സംവരണത്തിനെതിരെ തെരുവിലിറങ്ങാത്തത്. നമ്മൾ ദരിദ്രരായ സവർണരോടു സംസാരിക്കുന്നുണ്ട്. അവരെ ബോധവൽക്കരിക്കുന്നുണ്ട്. ദിവസക്കൂലി തൊഴിലാളികളായ, ഓട്ടോ- ടാക്സി ഡ്രെെവർമാരായ സവർണരോടു സംസാരിക്കുന്നുണ്ട്. ഈ നിയമം നിങ്ങൾക്ക് ഉപകാരപ്പെടാൻ പോകുന്നില്ലെന്നും സമ്പന്നരായ സവർണരാണ് ഈ നിയമത്തിന്റെ ഗുണഭോക്താക്കളാകാൻ പോകുന്നത് എന്നും നമ്മൾ അവരോടു പറയുന്നുണ്ട്. ഈ ഭരണഘടനാഭേദഗതിക്കെതിരെ തെരുവിലിറങ്ങാൻ നമ്മൾ അവരോട് ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനക്കേറ്റ ആഘാതം പരിഹരിക്കാനുള്ള, സംവരണം അതിന്റെ സാമൂഹ്യനീതി മാനദണ്ഡത്തോടെ നിലനിർത്താനുള്ള മുന്നേറ്റത്തിന്റെ ഭാഗമാകാൻ ആവശ്യപ്പെടുന്നുണ്ട്. അല്ലെങ്കിൽ സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ അടക്കമുള്ള എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം നല്‍കുക, കാരണം അവരും അതിനര്‍ഹരാണ്, കൂടാതെ അവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. 95% വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്ക ജാതിവിഭാഗങ്ങളെ പുറത്താക്കി, സവര്‍ണരിലെ ക്രീമിലെയറിനു മാത്രമായി സംവരണം നല്‍കുകയാണു നിങ്ങള്‍ ചെയ്യുന്നത്. എത്രമാത്രം അനീതിയാണിത്? ആരുമത് തിരിച്ചറിയുന്നില്ല. അങ്ങേയറ്റം കടുത്ത നടപടിയാണിത്. നിര്‍ഭാഗ്യമെന്നുപറയട്ടെ, ബി.എസ്.പിയും എസ്.പിയും ഈ ബില്ലിനെ അനുകൂലിക്കുകയാണു ചെയ്തത്. സവർണരുടെ സംഘടിത ബലത്തെ അവര്‍ക്കു ഭയമാണ്, കൂടാതെ പിന്നോക്ക ജാതിവിഭാഗങ്ങൾ ബുദ്ധിയില്ലാത്തവരാണെന്നും അവര്‍ പ്രസ്തുത ബില്ലിനെ എതിർക്കില്ലെന്നും ശബ്ദമുയർത്തില്ലെന്നുമാണ് അവര്‍ കരുതുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ പിന്നോക്ക ജാതിവിഭാഗങ്ങളെ പരിഗണിക്കാതിരിക്കുന്നത്. എന്നാല്‍ പിന്നോക്ക ജാതിക്കാർ ഇവർക്കെതിരെ ശബ്ദമുയർത്താനും പ്രസ്തുത പിന്നോക്ക വിഭാഗ നേതാക്കളെ സാമൂഹിക നീതിയെ ഒറ്റുകൊടുത്തവരെന്നു മുദ്രകുത്താനും തീരുമാനിച്ചിരിക്കുന്നു. ബില്ലിനെതിരെ വോട്ടു ചെയ്ത മുസ്‌ലിം ലീഗിനെയും എ.ഐ.എം.ഐ.എമ്മിനെയും, പ്രസ്തുത ബില്ലിനെതിരെ നിലകൊണ്ട രാഷ്ട്രീയ ജനതാദൾ, ഡി.എം.കെ, എ.ഡി.എംകെ എന്നീ പാർട്ടികളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.

സർവ്വകലാശാല പ്രൊഫസർമാരുടെ നിയമനത്തിൽ റോസ്റ്റർ സിസ്റ്റം നിർത്തലാക്കിയ അലഹാബാദ് ഹെെക്കോടതി വിധി സുപ്രിം കോടതി അംഗീകരിച്ചത് ഈയടുത്താണല്ലോ. അതു സംവരണത്തിനെതിരെയുളള മറ്റൊരു അതിക്രമമല്ലേ? 

എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കും ഓ.ബി.സി വിഭാഗങ്ങൾക്കും സംവരണം നിഷേധിക്കാനുള്ള നീക്കമാണിത്. സംവരണമേര്‍പ്പെടുത്തിയില്ലെങ്കില്‍ എല്ലാ സീറ്റുകളും സവര്‍ണ വിഭാഗങ്ങള്‍ കൊണ്ടുപോകും. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തിതകളില്‍ ഒന്നില്‍പോലും സംവരണമില്ല. പ്രസ്തുത തസ്തികകളില്‍ ഓബിസി പ്രാതിനിധ്യം വട്ടപൂജ്യമാണെന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ക്രീമിലെയറിന്‍റെ പേരില്‍ ഗ്രൂപ്പ് വണ്‍ ഓഫീസര്‍ തസ്തികകള്‍ ഓ.ബി.സി വിഭാഗങ്ങള്‍ക്കു നിഷേധിക്കപ്പെടുകയാണ്. സവര്‍ണര്‍ മാത്രമേ പ്രസ്തുത തസ്തികകള്‍ കൈയ്യാളുകയുള്ളു എന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ ബോധപൂര്‍വ്വം കർശനമായി ക്രീമിലെയർ സംവരണം നടപ്പിലാക്കുകയാണ്, ക്രീമിലെയർ ഉദാരവത്കരിക്കുന്നില്ല. പിന്നോക്ക ജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുന്നില്ല. സ്കൂൾ വിദ്യാഭ്യാസമേഖല ദേശസാത്കരിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർത്തലാക്കണം. പ്രാഥമികാരോഗ്യ മേഖലയും ദേശസാത്കരിക്കണം. എല്ലാവർക്കും തുല്യപരിഗണനയും തുല്യമായ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണം, കർഷകർക്ക് മിനിമം താങ്ങുവില ലഭ്യമാക്കണം, എം.എൻ.ആർ.ഇ.ജി.ഇ.എ പദ്ധതി കാർഷിക മേഖലയും മറ്റു ചെറുകിട വ്യവസായങ്ങളുമായി ബന്ധിപ്പിക്കണം. സ്ത്രീകൾക്ക് 50% സംവരണം ഏർപ്പെടുത്തണം, അതിൽ എസ്.സി, എസ്.ടി, ഓ.ബി.സി സ്ത്രീകള്‍ക്കു തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം. പാർലമെന്റിലും  ഹെെക്കോടതി ജഡ്ജ് നിയമനങ്ങളിലും നിയമസഭകളിലും 50% പിന്നോക്ക ജാതി വിഭാഗങ്ങൾക്കു സംവരണം ഏർപ്പെടുത്തണം. അഖിലേന്ത്യ പിന്നോക്ക വിഭാഗ ഫെഡറേഷന് ഒരു ഫൂലെ അംബേഡ്കര്‍ അജണ്ടയാണ് ഉള്ളത്. അതോടൊപ്പം തന്നെ നാം ഇന്ത്യയിലെ ജനങ്ങളെ ഐക്യപ്പെടുത്താന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ്.

രാജ്യത്തെങ്ങും സംവരണത്തെപ്പറ്റി ജാതിപരമായ മുൻവിധികൾ നിലനിൽക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങള്‍ക്കു നല്‍കുന്ന ഒരു ആനുകൂല്യമാണു സംവരണം എന്ന ഒരു ധാരണ ഇവിടെയുണ്ട്. എന്നാല്‍ സംവരണം ഒരിക്കലുമൊരു സാമൂഹ്യനീതി നയമായി മനസ്സിലാക്കപ്പെടുന്നില്ല. ഡോ. ബി.ആർ അംബേഡ്കറുടെ ഏതാണ്ടെല്ലാ എഴുത്തുകളും പ്രഭാഷണങ്ങളും പൊതുവ്യവഹാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. 

അതു ശരിയാണ്.

സംവരണത്തിനും ഭരണഘടനയ്ക്കും എതിരെ നടത്തുന്ന അതിക്രമങ്ങൾക്കു കാരണം ജാതീയമായ ഈ മുൻവിധിയല്ലേ? 

അംബേഡ്കറുടെയും ഫൂലെയുടെയും തത്ത്വങ്ങൾ ജനകീയവത്കരിക്കാത്തതു ബോധപൂര്‍വം തന്നെയാണ്. സാമൂഹ്യ നീതി എന്ന സങ്കൽപത്തിൽ നിന്നും അവര്‍ ജനങ്ങളെ മാറ്റിനിർത്തുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അധിനിവേശം നടത്തിയ സമയത്ത്, ഇവിടുത്തുകാരുടെ വിശ്വാസ വ്യവസ്ഥയെ തകര്‍ക്കാതെ ഇന്ത്യ കീഴടക്കാന്‍ കഴിയില്ലെന്നാണു മെക്കാളെ ചിന്തിച്ചത്. ഇതായിരുന്നു ഇന്ത്യയുടെ വിശ്വാസ വ്യവസ്ഥ തകര്‍ക്കപ്പെടാന്‍ കാരണം. ഇന്ത്യ ഒരു ദരിദ്രരാജ്യമായിരുന്നെന്ന് പറയപ്പെട്ടു. ശിലായുഗത്തില്‍ നിന്നും പൗരസമൂഹത്തിലേക്കാണ് ഇന്ത്യ വികസിച്ചത്. എന്നാല്‍, ആരോഗ്യ സമ്പല്‍സമൃദമായ, സന്തോഷം കളിയാടി നിന്നിരുന്ന ഒരു അതിവികസിത രാജ്യമായിരുന്നു ഇന്ത്യ എന്ന വസ്തുത ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ജസ്റ്റിസ് വി. ഈശ്വരയ്യ

ജസ്റ്റിസ് വി. ഈശ്വരയ്യ

ഇവിടെ തക്ഷശില, നളന്ദ സര്‍വകലാശാലകള്‍ ഇവിടെയുണ്ടായിരുന്നു,  ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുള്ള ആളുകള്‍ ഇന്ത്യയിലേക്കു പഠനാവശ്യര്‍ഥവും മറ്റും വന്നിരുന്നു. പക്ഷേ അവര്‍ നമ്മെ സ്വന്തം ചരിത്രത്തെ മറന്നവരാക്കി മാറ്റി. എന്നാല്‍ ബ്രിട്ടീഷുകാര്‍ നമ്മുടെ പ്രതാപകാലത്തെ കുറിച്ച ഓര്‍മകളെ ഇല്ലാതാക്കി. ഇതേരീതി പിന്‍പറ്റിയാണു സവർണർ ഇന്നു രാജ്യം ഭരിക്കുന്നത്. അംബേഡ്കറുടെ നയങ്ങൾ വിദ്യാറ്‍ഥികള്‍ക്കു പഠിപ്പിക്കപ്പെട്ടില്ല. ആർക്കും സാമൂഹ്യനീതിയെക്കുറിച്ച് അറിവില്ല, അഭിഭാഷകർക്കോ അധ്യാപകർക്കോ തൊഴിലാളികൾക്കോ കുട്ടികൾക്കോ ആർക്കും തന്നെ അംബേഡ്കർ ആരാണ് എന്നറിയില്ല. അംബേഡ്കർ മഹാനായ ഒരു ദാർശനികനാണ്. ദലിതർക്കും ആദിവാസികൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും മാത്രമായുള്ള ഒരാൾ അല്ല അംബേഡ്കർ. ഇന്ത്യയിലെ ഓരോ പൗരന്‍റെയും ആളാണ് അംബേഡ്കര്‍. ചൂഷണവും അടിച്ചമര്‍ത്തലും വിവേചനും ഇല്ലാതാക്കി സമത്വത്തിലധിഷ്ഠിതമായ ഒരു ജാതിരഹിത സമൂഹത്തിന്‍റെ നിര്‍മാണമായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. ലൈംഗിക വ്യാപാരത്തിനടക്കമുള്ള മനുഷ്യക്കടത്ത് നിങ്ങള്‍ നിരോധിക്കുന്നുണ്ടോ? ഏതു ജാതിയിൽ പെട്ടവരാണു മനുഷ്യക്കടത്തിന് ഇരയാവുന്നത്? പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവര്‍ മാത്രമാണ് അതിന്‍റെ ഇരകള്‍, ദാരിദ്ര്യമാണ് കാരണം. ബാലവേല ചെയ്യേണ്ടിവരുന്നത് ആർക്കാണ്? സവർണര്‍ക്കല്ല, പിന്നോക്ക ജാതിവിഭാഗങ്ങളിൽ പെട്ടവർ മാത്രമാണു ബാലവേല ചെയ്യുന്നത്.

സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ അടക്കമുള്ള എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം നല്‍കുക, കാരണം അവരും അതിനര്‍ഹരാണ്, കൂടാതെ അവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. 95% വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്ക ജാതിവിഭാഗങ്ങളെ പുറത്താക്കി, സവര്‍ണരിലെ ക്രീമിലെയറിനു മാത്രമായി സംവരണം നല്‍കുകയാണു നിങ്ങള്‍ ചെയ്യുന്നത്. എത്രമാത്രം അനീതിയാണിത്?

തുണി കഴുകൽ, മുടി വെട്ടൽ, മത്സ്യബന്ധനം, ഭിക്ഷ യാചിക്കൽ പോലെയുള്ള അശുദ്ധമായ ജോലികളിലാണ് അവര്‍ ഏര്‍പ്പെടുന്നത് എന്ന കാരണത്താല്‍ എന്തൊരു വിവേചനമാണ് അവരോടു കാണിക്കുന്നത്? സവർണരുടെ മനഃശാസ്ത്രം തന്നെ ദലിത് ആദിവാസി പിന്നോക്ക ജാതി വിഭാഗങ്ങളോടുള്ള അറപ്പും വെറുപ്പും നിറഞ്ഞതാണ്. നിങ്ങൾക്കു മനുഷ്യത്വമില്ലേ? ഫൂലെയും അംബേഡ്കറും ഇതെല്ലാം ഇല്ലാതാകുന്നതാണു സ്വപ്നം കണ്ടത്. പക്ഷേ ഇതൊന്നും സ്കൂൾ തലത്തിലോ കൊളേജ് തലത്തിലോ നിങ്ങൾ പഠിപ്പിക്കുന്നില്ല. മാധ്യമങ്ങളിലൂടെ ആരുംതന്നെ ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്നില്ല. അതിനാൽ തന്നെ സംവരണം മെറിറ്റിനെ ബാധിക്കുമെന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. മണ്ഡൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ അവർ പറഞ്ഞു സംവരണം മെറിറ്റിനെ ബാധിക്കുമെന്ന്. ഈ രാജ്യം ഭരിച്ചിരുന്നതു ബ്രാഹ്മണരും ബനിയകളും ക്ഷത്രിയരുമാണ്. അവർ സ്വാർഥരാണ്. മനുഷ്യത്വമില്ലാത്തവരാണ് അവര്‍.  പിന്നോക്ക വിഭാഗങ്ങളാണു യഥാർഥ ദേശീയവാദികള്‍. അവരാണ് ഇന്ത്യയുടെ സമ്പത്ത്  ഉത്പാദിപ്പിക്കുന്നത്. ഭരണവർഗത്തിനു വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. എന്നിട്ട് നിങ്ങള്‍ അവരോടു  ഇങ്ങനെയാണോ പെരുമാറുന്നത്?

ഭരണഘടനയെ സംരക്ഷിക്കാൻ ഓരോരുത്തരും പ്രവർത്തിക്കേണ്ട ഒരു സമയമാണിത്. വലിയൊരു വിഭാഗം ജനങ്ങളുള്ളപ്പോൾ ഭരണഘടനയുടെ മൂല്യം മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തപ്പോള്‍ ഭരണഘടനയ്ക്കു മേലുള്ള അതിക്രമങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കേണ്ടത് എത്രത്തോളം പ്രധാനമാണ്? അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുരാഷ്ട്രത്തിൽ നീതി എന്ന ആശയത്തെ എങ്ങനെയാണു പുനർനിർമ്മിക്കേണ്ടത്?  

ആർഎസ്എസ് പദ്ധതിക്കു നാം തടയിടേണ്ടതുണ്ട്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ മണ്ഡലിനെതിരായ വികാരങ്ങളുമായി അവർ അയോധ്യയിലേക്കു രഥയാത്ര നടത്തി. അന്നും അവർ സാമൂഹ്യനീതി മുന്നേറ്റത്തെ അട്ടിമറിച്ചു. ഇന്നും അവർ അതുതന്നെയാണു ചെയ്യുന്നത്. അവര്‍ ഭരണഘടനയെ ബലാത്സംഗം ചെയ്യുകയാണ്, ഭരണഘടനയിലൂടെ അയിത്തം നടപ്പിലാക്കുകയാണ്, ഭരണഘടനയുടെ അടിത്തറ തകർക്കുകയാണ്, ഭരണഘടനയുടെ അടിസ്ഥാന ഘടന തകര്‍ക്കുകയാണ്, യഥാർഥ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജാതിവിഭാഗങ്ങളെ മാറ്റിനിർത്തുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍, നിങ്ങൾ ഇപ്പോൾ ഉണർന്നില്ലെങ്കിൽ, ജനങ്ങളെ ബോധവത്കരിക്കുന്നില്ലെങ്കില്‍ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണം എന്ന സംവിധാനം തന്നെ ഇല്ലാതാകും. 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയാൽ സംവരണ തസ്തികകളില്‍ 10% സവർണർ തന്നെയായിരിക്കും നിയമിതരാകുക. ഈ ഭരണവര്‍ഗം മാത്രം ഭരണം കൈയ്യാളുന്ന, നമ്മളെല്ലാവരും അവര്‍ക്കു വേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു നൂറു വര്‍ഷം മുന്‍പുള്ള ഇന്ത്യയെ അവര്‍ തിരികെ കൊണ്ടുവരും.

ഇതിനകം തന്നെ സുപ്രീം കോടതിയിൽ ഈ നിയമത്തിനെതിരെ റിട്ട് പെറ്റിഷനുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. യൂത്ത് ഫോർ ഈക്വാലിറ്റി എന്ന സംഘടനയും രണ്ട് അഭിഭാഷകരും ചില വ്യക്തികളും റിട്ട് പെറ്റിഷൻ ഫയൽ ചെയ്തു. ഈ റിട്ട് പെറ്റിഷനുകൾ എങ്ങനെയാണു സവർണ സംവരണത്തിനെതിരായ പോരാട്ടത്തെ സഹായിക്കുക? 

യൂത്ത് ഫോർ ഈക്വാലിറ്റി ഒരു കപട സംഘടനയാണ്. അവർ സവർ‌ണരാണ്. അവരെ ആർഎസ്എസും ബിജെപിയുമാണു പിന്തുണയ്ക്കുന്നത്. ആത്മാർഥതയില്ലാത്തവരാണ് അവര്‍. ജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ജസ്റ്റിസ് വി ഈശ്വരയ്യ എന്ന നിലയിലും അഖിലേന്ത്യ പിന്നോക്ക വിഭാഗ ഫെഡറേഷന്‍ പ്രസിഡന്റ് എന്ന നിലയിലും എന്റെ സംഘടനയുടെ വർക്കിങ് പ്രസിഡന്റുമായി ചേർന്നു സുപ്രീം കോടതിയില്‍ റിട്ട് പെറ്റിഷൻ ഫയൽ ചെയ്തിട്ടുണ്ട്. മദ്രാസ് ഹെെക്കോടതിയിൽ ഡിഎംകെ റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തു. ഹരിയാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലും റിട്ട് പെറ്റിഷനുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ റിട്ട് പെറ്റിഷനുകളെല്ലാം ഒരുമിച്ചു സുപ്രീം കോടതി പരിഗണിക്കും. യൂത്ത് ഫോർ ഈക്വാലിറ്റിക്ക് ഇത്തരം ഗൂഢ ഉദ്ദേശ്യങ്ങളുമായി മുന്നോട്ടു പോകാൻ കഴിയില്ല. നിയമയുദ്ധം തീർത്തും വ്യത്യസ്തമാണ്. ഇന്ത്യയിലെങ്ങും ഞങ്ങൾ പ്രക്ഷോഭങ്ങൾ ആരംഭിക്കും. ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പിന്നോക്ക വിഭാഗങ്ങളെ കാത്തിരിക്കുന്ന അപകടത്തെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യും.

മൃദുല ഭവാനി

മൃദുല ഭവാനി

വ്യക്തികൾക്കു റിട്ട് പെറ്റിഷൻ സമർപ്പിക്കാൻ കഴിയില്ലേ?

വ്യക്തികൾക്കു റിട്ട് പെറ്റിഷൻ സമർപ്പിക്കാം. കാരണം മൗലിക അവകാശങ്ങളെ ആണ് ഈ നിയമം ബാധിക്കുന്നത്. എസ്.സി, എസ്.ടി, ഓ.ബി.സി വിഭാഗങ്ങളിൽ പെട്ട വിദ്യാസമ്പന്നരായ യുവാക്കളോടും സവർണരിലെ ദിവസക്കൂലിക്കാരായ ദരിദ്രരോടും ഈ നിയമത്തിനെതിരെ റിട്ട് പെറ്റിഷൻ സമർപ്പിക്കാൻ ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. കാരണം ഇവരുടെ മൗലിക അവകാശങ്ങളെയാണ് ഈ നിയമം ബാധിച്ചിരിക്കുന്നത്. അവരെയാണ് ഇതു നേരിട്ടു ബാധിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന സവർണർ ഒരിക്കലും ഈ നിയമത്തിന്റെ ഗുണഭോക്താക്കൾ ആകില്ല. ഈ 10% സംവരണത്തിൽ നിന്നും പിന്നോക്ക ജാതിവിഭാഗങ്ങൾ നിയമവിരുദ്ധമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ജനറൽ ക്വോട്ടയിൽ സെലക്ഷൻ കിട്ടാനുള്ള അവരുടെ സാധ്യത 50%ൽ നിന്നും 40% ആയി കുറയുകയും ചെയ്യും. അവരെയാണ് ഈ നിയമം നേരിട്ടു ബാധിക്കുന്നത്. ഏതൊരാൾക്കും തങ്ങളുടെ ഹെെക്കോടതിയിൽ റിട്ട് പെറ്റിഷൻ ഫയൽ ചെയ്യാം. സർക്കാരിനു കോടതി നാലാഴ്ച സമയം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഗവണ്മെന്റ് മറുപടി നൽകിയാൽ രണ്ടുമാസങ്ങൾ കൊണ്ട് ഈ പെറ്റിഷനുകൾ പരിഗണിക്കും.

പ്രക്ഷോഭത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിലേക്കു സർക്കാരിന്റെയും ഹെെക്കോടതികളുടെയും ശ്രദ്ധ എത്തിക്കാൻ കഴിയൂ. 2019ലെ തെരഞ്ഞെടുപ്പിൽ ഈ പാർട്ടിയെ പരാജയപ്പെടുത്തണം. ഒരിക്കലും അവര്‍ക്കും വോട്ടു ചെയ്യരുത്. യാതൊരു ദയാദാക്ഷിണ്യവും കാണിക്കരുത്. ഈ ബില്ലിനെതിരെ വോട്ടു ചെയ്ത പാർട്ടികൾക്കു വോട്ടു ചെയ്യുക. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ഓബിസി അല്ലെങ്കിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ പെട്ട ഒരാളെ നിർത്തി വോട്ടു ചെയ്തു വിജയിപ്പിക്കുക. ഈ ശക്തിയെ പരാജയപ്പെടുത്തി നമുക്കൊപ്പം ചേരുക.

 

ആന്ധ്രപ്രദേശ് ഹെെക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വി. ഈശ്വരയ്യ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയർപേഴ്സൺ ആയി മൂന്നു വർഷം പ്രവർത്തിച്ചു. രാജ്യത്തെങ്ങും സവർണ സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഖിലേന്ത്യ പിന്നോക്ക വിഭാഗ ഫെഡറേഷന്‍ പ്രസിഡന്‍റ് ആണ് ജസ്റ്റിസ് ഈശ്വരയ്യ. സവർണ സാമ്പത്തിക സംവരണ നിയമത്തിനെതിരെ അഖിലേന്ത്യ പിന്നോക്ക വിഭാഗ ഫെഡറേഷനെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിൽ റിട്ട് പെറ്റിഷൻ സമർപ്പിച്ചിട്ടുണ്ട് ജസ്റ്റിസ് ഈശ്വരയ്യ.

Top