‘പേരന്‍പി’ന്‍റെ പരിഭാഷ ‘ഉദാരത’ എന്നാണ് എനിക്കു കിട്ടുന്നത്

February 9, 2019

നടപ്പുരീതികളില്‍ നിന്നു മാറി വിഷയത്തെ സമീപിക്കുന്ന ഒരു സിനിമയാകാം ‘പേരന്‍പ്’ എന്ന സാധ്യത ആയിരുന്നു എന്നില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ ഒരു കാര്യം. ഞാന്‍ ഒരു disabled വ്യക്തി ആണ്. എനിക്ക് ആ കൗതുകം ഒരു വലിയ കാര്യം ആണ്. കണ്ടു കഴിഞ്ഞപ്പോള്‍ ഒരുപാടു ചോദ്യങ്ങളാണ് ഈ സിനിമയുടെ ആഖ്യാനത്തോടു (narrative)/ആഖ്യാതാവിനോടു (narrator) ചോദിക്കാന്‍ ഉണ്ടായത്. എന്‍റെ ‘പേരന്‍പ്’ കാഴ്ചാനുഭവങ്ങളുടെ ഈ കുറിപ്പ് ആ ചോദ്യങ്ങള്‍ കൂടി ആണ്. ശബരി എഴുതുന്നു.

content warning- 1: കൊടും സ്പോയിലറുകള്‍ ഉണ്ട്.

content warning- 2: കൃത്യമായി അര്‍ഥം ഉള്‍ക്കൊള്ളാത്ത മലയാളം വാക്കുകള്‍ക്കു പകരം ഇംഗ്ലീഷ് വാക്കുകള്‍ കരുതിക്കൂട്ടി ഉപയോഗിച്ചിട്ടുണ്ട്. ഭാഷാസ്നേഹികള്‍ മൈന്‍ഡ്  ആക്കണ്ടാ.

‘പേരന്‍പ്’ എന്ന സിനിമ എനിക്കു ഒട്ടും ഇഷ്ടമായില്ല. ഇത് ഏറ്റവും ചുരുങ്ങിയ സ്ട്രെയ്റ്റ് ഫോര്‍വേഡായ സ്റ്റേറ്റ്മെന്‍റ് ആണ്. അതുകൊണ്ടു് നിര്‍ത്തി നിര്‍ത്തി, ഏറ്റവും ക്ഷമയോടെ അഴിച്ചെടുക്കേണ്ട കുടുക്കുമാണിത് എന്നു നല്ല ബോധ്യമുണ്ട്.

‘പേരന്‍പി’ന്റെ സവിശേഷത എന്താണ്? Disability (മാനസിക/ശാരീരക വെല്ലുവിളി) പ്രധാന പ്രമേയമായി കൈകാര്യം ചെയ്യപ്പെട്ട എണ്ണമറ്റ സിനിമകളിലെ ഏറ്റവും പുതിയ സിനിമയാണു പേരൻപ്. മിക്കവാറും സിനിമകളില്‍ Disability കൈകാര്യം ചെയ്യപ്പെടുക, ഒന്നുകില്‍ സഹതാപം (Sympathy) ഉത്പാദിപ്പിക്കാനുള്ള ഘടകം (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കുഞ്ഞിക്കൂനന്‍, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും തുടങ്ങിയവ) അല്ലെങ്കില്‍ ആളുകളില്‍ പ്രചോദനം (Inspire) ഉളവാക്കാനുള്ള ഘടകം (അതില്‍ സഹതാപവും ഉള്‍പ്പെടും- ബ്ലാക്ക്‌ (ഹിന്ദി), തോഴാ തുടങ്ങിയവ) എന്ന നിലയിലാണ്. Disability എന്ന അവസ്ഥ, Disabled ആയ വ്യക്തി, അവരുടെ ശാരീരിക -മാനസിക വ്യാപാരങ്ങള്‍, ചിന്തകള്‍ എന്നിവ മാനസിക- ശാരീരിക വെല്ലുവിളി നേരിടാത്ത (able-bodied) ആളുകള്‍, അവര്‍ക്കു വേണ്ട/ തോന്നിയ രീതിയില്‍  സ്വന്തം വികാര വിമലീകരണത്തിനു (emotional catharsis) വേണ്ടി പരുവപ്പെടുത്തിയെടുത്ത സിനിമകളാണ് ഏതാണ്ടെല്ലാ (മുഖ്യധാര) സിനിമകളും തന്നെ. Disability porn, Sympathy porn,  Inspiration porn എന്നൊക്കെ വിളിക്കാവുന്നത്രയും, വികല ധാരണകളുടെയും ഉടായിപ്പുകളുടെയും നിര്‍മിതികള്‍ ആണവ.

നടപ്പുരീതികളില്‍ നിന്നു മാറി ആ വിഷയത്തെ സമീപിക്കുന്ന സിനിമയാകാം പേരന്‍പ് എന്ന സാധ്യത ആയിരുന്നു എന്നില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ കാര്യം. ഞാന്‍ disabled ആയ വ്യക്തിയാണ്.  ആ കൗതുകം എനിക്കു വലിയ കാര്യമാണ്. കണ്ടു കഴിഞ്ഞപ്പോള്‍ ഒരുപാടു ചോദ്യങ്ങളാണ് ഈ സിനിമയുടെ ആഖ്യാനത്തോടും (narrative)/ആഖ്യാതാവിനോടും (narrator) ചോദിക്കാന്‍ ഉണ്ടായത്. എന്‍റെ ‘പേരന്‍പ്’ കാഴ്ചാനുഭവങ്ങളുടെ ഈ കുറിപ്പ് ആ ചോദ്യങ്ങള്‍ കൂടി ആണ്.

പേരന്‍പ് അമുദവന്റെ [മമ്മൂട്ടി] കഥയാണ്‌. അമുദവനാണു കഥ പറയുന്നത്. അമുദവനാണു നരേറ്റര്‍. അമുദവന്റെ കാഴ്ചകള്‍, അനുഭവങ്ങള്‍, അനുഭവങ്ങളെ മറ്റുള്ളവരെ അമുദവന്‍ മനസിലാക്കുന്ന രീതി, ഇതെല്ലാമാണു കഥ (narration). പന്ത്രണ്ട് അധ്യായങ്ങളിലായി അമുദവന്‍ എഴുതുന്ന ആത്മാനുഭവങ്ങള്‍ ആയിരിക്കാം നമ്മള്‍ കണ്ടതെന്നും അതിന്‍റെ ശീര്‍ഷകമാവാം പേരന്‍പ് എന്നുമാണു് സിനിമ കഴിയുമ്പോള്‍ മനസിലാകുന്നത്. അമുദവന്‍ എന്ന able-bodied, cis-male ന്റെ (ജന്മം കൊണ്ടും സ്വത്വം കൊണ്ടും പുരുഷനായ ആളുടെ) കാഴ്ചയുടെ അനുഭവങ്ങളുടെ ആവൃത്തിയില്‍ നിന്നു പുറത്തുവരാത്തതാണു പേരന്‍പിന്‍റെ ഏറ്റവും വലിയ പരാജയം. അത് അമുദവന്‍ എന്ന able-bodied cis-male-ന്‍റെ കാഴ്ചപ്പാടുകളായി നിലനില്‍ക്കുകയും അതിനു വലിയ തോതില്‍ സ്വീകാര്യത കിട്ടുകയും ചെയ്യുന്നിടത്ത് അതു പ്രശ്നകരമാണ് (problematic) എന്നു പറയേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ട്.

ഗള്‍ഫില്‍ ടാക്സി ഡ്രൈവറായിരുന്ന, സ്പാസ്ടിക് സെറിബ്രല്‍ പാള്‍സി (spastic cerebral palsy) ഉള്ള മകളെ (പാപ്പാ എന്ന മകളായി സാധന അഭിനയിക്കുന്നു) വീട്ടില്‍ ഉപേക്ഷിച്ച് ഭാര്യ, അവരെ “മനസിലാക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോകു”മ്പോള്‍ മകളെ നോക്കിവളര്‍ത്തുക എന്ന ചുമതല+ബാധ്യത പ്രതീക്ഷിക്കാതെ ചുമലില്‍ വന്നു വീണ cis-male ആണ് അമുദവന്‍ എന്നാണു മനസിലാക്കാന്‍ കഴിയുന്നത്. അയാള്‍ സ്വന്തം മകളെ, മകളുടെ disability യെ, sexuality (ലൈംഗികത)യെ ഒക്കെ മനസിലാക്കാന്‍ ശ്രമിക്കുന്നതായി സിനിമയില്‍ കാണിക്കുന്നു. “ഞാന്‍ എന്‍റെ ചില അനുഭവങ്ങള്‍ പറയാന്‍ പോവുകയാണ്, ‘നിങ്ങള്‍’ എത്രത്തോളം അനുഗൃഹീതമായ ജീവിതമാണു ജീവിച്ചുകൊണ്ടിരിക്കുന്നതെന്നു ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും” എന്നു പറഞ്ഞാണു പേരന്‍പ് തുടങ്ങുന്നതു തന്നെ. ഇവിടെ, ആരാണ് അമുദവന്‍ പറയുന്ന “നിങ്ങള്‍”? അഥവാ, ആരെയാണ് അമുദവന്‍ അഭിസംബോധനം ചെയ്യുന്നത്? ഇത് ഏറ്റവും പ്രധാനപ്പെട്ട  ചോദ്യമാണ്. അതിലേക്ക് അവസാനം വരാം.

“പാപ്പാ നടക്കുന്നതു പോലെ നടക്കാന്‍ ശ്രമിച്ചപ്പോഴാണു് മറ്റു കുട്ടികളെപ്പോലെ നീ നടക്കാത്തതെന്തേ എന്നു ചോദിക്കുന്നതിന്റെ വയലന്‍സ് മനസിലായത്” എന്നു പറയുന്നുണ്ട് അമുദവന്‍. വായ കോടിച്ചു, കൈ വളച്ചു, വലിഞ്ഞു മുറുകി വല്ലാത്തൊരു ട്രാന്‍സ്ഫോര്‍മേഷന്‍ നടത്തുന്നുണ്ട് അമുദവന്‍ അതിനായിട്ട്‌. എന്തൊരു ഉപരിപ്ലവ സ്റ്റേറ്റ്മെന്റാണ്, എന്തൊരു വയലന്‍സാണ് ആ പറയുകയും ചെയ്യുകയും ചെയ്യുന്നതെന്നു് ഊഹിക്കാന്‍ കഴിയുമോ? അതു മനസിലാകുന്ന ആര്‍ക്കും തുടര്‍ന്ന് ഈ പടം നേരാംവണ്ണം കാണാന്‍ പറ്റില്ല. ചുമ്മാ ഒരു ഉദാഹരണം പറയട്ടെ. നിങ്ങള്‍ കണ്ണടച്ചു കുറച്ചു നേരം നടന്നിട്ട് അന്ധരായ ആളുകളുടെ നേരെ നടക്കുന്ന ableist (ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു നേരെയുള്ള വിവേചനവും മുന്‍വിധിയും) വയലന്‍സ് മനസിലാക്കി എന്നു പറഞ്ഞാല്‍,  “കോപ്പാണ്” എന്നു പറയാനാണ് ഏറ്റവും മിനിമം തോന്നുക. അമുദവന്റെ ഇത്തരത്തിലുള്ള ableist ഉദാര മനസിലാക്കലുകളുടെ കേദാരം മാത്രമാണ് ഈ പടം. പാപ്പയെ സംബന്ധിച്ചിടത്തോളം അതൊരു സ്വഭാവിക കാര്യം (natural thing) ആണെന്നു് അടയാളപ്പെടുത്താതെ, അമുദവന്റെ ദുഃഖത്തിലേക്കു ഫോക്കസ് ചെയ്യുന്ന സിനിമ നിങ്ങളുടെ കണ്ണു നനയിപ്പിച്ചിരിക്കാം. എനിക്കു പക്ഷേ അരിശം വരികയാണ് ഉണ്ടായത്. അത് disability യെ abled body യില്‍ വരുന്ന എന്തോ നിര്‍മാണപ്പിഴവ് (manufacturing defect) ആണെന്നത്ര ലാഘവത്തിലാണു ദൃശ്യപ്പെടുത്തുന്നത്.

നിങ്ങള്‍ കണ്ണടച്ചു കുറച്ചു നേരം നടന്നിട്ട് അന്ധരായ ആളുകളുടെ നേരെ നടക്കുന്ന ableist (ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു നേരെയുള്ള വിവേചനവും മുന്‍വിധിയും) വയലന്‍സ് മനസിലാക്കി എന്നു പറഞ്ഞാല്‍,  “കോപ്പാണ്” എന്നു പറയാനാണ് ഏറ്റവും മിനിമം തോന്നുക. അമുദവന്റെ ഇത്തരത്തിലുള്ള ableist ഉദാര മനസിലാക്കലുകളുടെ കേദാരം മാത്രമാണ് ഈ പടം. പാപ്പയെ സംബന്ധിച്ചിടത്തോളം അതൊരു സ്വഭാവിക കാര്യം (natural thing) ആണെന്നു് അടയാളപ്പെടുത്താതെ, അമുദവന്റെ ദുഃഖത്തിലേക്കു ഫോക്കസ് ചെയ്യുന്ന സിനിമ നിങ്ങളുടെ കണ്ണു നനയിപ്പിച്ചിരിക്കാം. എനിക്കു പക്ഷേ അരിശം വരികയാണ് ഉണ്ടായത്.

സിനിമ മുഴുവന്‍ കാണിക്കുന്നത് disability എന്ന യാഥാര്‍ഥ്യത്തിലൂടെ, ജീവിതാനുഭവത്തിലൂടെ കടന്നുപോകുന്ന പാപ്പായില്‍ നിന്നു തുടങ്ങി ഫോക്കസ് ഷിഫ്റ്റ്‌ നടക്കുന്ന നരേറ്റീവ് ആണ്. ആ നരേറ്റീവിന്റെ ഊന്നല്‍ ചെന്നു നില്‍ക്കുന്നതു് പാപ്പാ എന്ന ദുഃഖത്തെ ‘താങ്ങാന്‍ വിധിക്കപ്പെട്ട’ അമുദവനിലാണ്. അമുദവന്റെ ദുഃഖഭാരം പൊലിപ്പിക്കാന്‍ എന്ന മട്ടില്‍  ഇടയ്ക്കിടയ്ക്കു മറ്റു കഥാപാത്രങ്ങള്‍ പാപ്പായുടെ ‘കുറവിനെ’ (lack/ disability)ക്കുറിച്ചു പറയുന്നുണ്ട്. അതിലെല്ലാം അയാള്‍ പതറിപ്പോവുന്നുണ്ട്, കരയുന്നുണ്ട്. അയാളുടെ ദുഃഖം ആണു നരേഷന്റെ വൈകാരിക ഉള്ളടക്കം (emotional content). “ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നു, ഒരു കുട്ടിയുണ്ട്. അതിനു യാതൊരു ‘കുറവു’മില്ല” എന്നാണു് അയാളെ ഉപേക്ഷിച്ചു പോയ ഭാര്യയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പറയുന്നത്. മറ്റൊരിടത്ത് അമുദവന്‍, തന്നെ ചതിച്ചിട്ടു പോയ വിജി(അഞ്ജലി)യോടു് ഉദാരമായി ക്ഷമിക്കുന്നത് “ഒരു കുറവും ഇല്ലാത്ത കുട്ടി ആണു നിങ്ങള്‍ക്കുള്ളത്, എന്നിട്ടും നിങ്ങള്‍ക്ക് എന്നെ പറ്റിക്കാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തോരം പ്രശ്നങ്ങള്‍ കാണും” എന്നു പറഞ്ഞിട്ടാണ്. disabilityയെ നിങ്ങള്‍ “കുറവ്-പൂര്‍ണത” എന്ന ബൈനറിയില്‍ കാണുന്നതും അവതരിപ്പിക്കുന്നതും privilege ഉം ableism ഉം അല്ലാതെ മറ്റൊന്നല്ല.

അപാരമായ കരുത്തുള്ള കഥാപാത്രം ആണു പാപ്പാ. ജീവികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, നിറങ്ങളെ സ്നേഹിക്കുന്ന, പുതുമയുള്ള കാര്യങ്ങളെ കൗതുകം വിടാതെ അന്വേഷിക്കുന്ന, അധ്വാനങ്ങളില്‍ അപാരമായ സ്ഥിരത (persistence) ഉള്ള, അവള്‍ വിശ്വസിക്കുന്നവരെ അങ്ങേയറ്റം സ്നേഹിക്കുന്ന, സുന്ദരമായി വായ്നോക്കുന്ന…… അങ്ങനെ എണ്ണമില്ലാത്തത്രയും വിശേഷണങ്ങളുള്ള കൗമാരക്കാരി. എന്നാല്‍ അമുദവന്റെ ദുഃഖകാരണം എന്നതല്ലാതെ പാപ്പയ്ക്കു റോളുണ്ടോ എന്നാണു ഞാന്‍ ആലോചിക്കുന്നത്. പാപ്പായ്ക്കു വേണ്ടിയാണ് അമുദവന്‍ ടൗണില്‍ നിന്നു് ‘മനുഷ്യരില്ലാത്ത, കുരുവികള്‍ മരിക്കാത്ത’ ഇടത്തിലേക്കു വരുന്നത് (ആ കുരുവിയെ കൊന്നത് ഈ ഊള തന്നെ അല്ലേ? പിന്നെന്തിനാണു് ചത്തതിന്റെ ഉത്തരവാദിത്തം ചത്ത കുരുവിയുടെ തലയില്‍ കെട്ടിവെച്ചു് മോളേം കൊണ്ടു കാട്ടില്‍ പോവുന്നതെന്ന ചോദ്യം അവിടെ ഉണ്ട്. പക്ഷേ ഞാന്‍ ചോദിക്കുന്നില്ല). അമുദവന്‍ അങ്ങവകാശപ്പെടുകയാണ് അതു മകള്‍ക്കുവേണ്ടി ചെയ്യുന്നതാണെന്ന് (അങ്ങനെ ചെയ്തു് മകളുടെ സോഷ്യല്‍ സ്കില്ലുകള്‍ നഷ്ടപ്പെടുത്തിയതിനു് ബോധമുള്ള ഏതോ ഡോക്ടര്‍ അയാളെ ശാസിക്കുന്നുണ്ട്). ആളില്ലാത്ത മേട്ടില്‍ ആയതുകൊണ്ടാണ്‌ അയാള്‍ക്കു മകളെ ഒറ്റയ്ക്കു മാനേജ് ചെയ്യേണ്ടി വരുന്നത്. ആ ‘ഒറ്റയ്ക്കു മാനേജ് ചെയ്യല്‍’ പക്ഷേ അപാരമായ കനിവായാണു ദൃശ്യപ്പെടുത്തുടുത്തുന്നത്. “ആണ്‍-പെണ്‍ ബൈനറി ഒക്കെ മനുഷ്യനിര്‍മ്മിതമാണെന്നു്” മകള്‍ക്കു പാഡ് മാറ്റിക്കൊടുത്തു മനസിലാക്കുന്ന അച്ഛനെ ഉദാരതയായി, മനുഷ്യത്വമായി ഒരിടത്തു് അടയാളപ്പെടുത്തുന്ന സിനിമ, സ്വയം പാഡ് മാറ്റാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന പാപ്പായും അതില്‍ നീറിക്കരയുന്ന അമുദവനെയും മറ്റൊരിടത്തു കാണിക്കുന്നുണ്ട്. അവിടെയും അച്ഛന്റെ സങ്കടത്തിലേക്കാണു ഷിഫ്റ്റ്‌. ഇതൊരു ലൂപ് ആണ്- കൗമാരം/ആര്‍ത്തവം എന്നീ അവസ്ഥകളെ അഭിസംബോധന ചെയ്യുന്ന- സ്വാശ്രയത്തിനായി (self-reliance) ശ്രമിക്കുന്ന സ്ത്രീ ആയി പാപ്പയെ  കാണിക്കില്ല. അഥവാ അങ്ങനെ കാണിക്കപ്പെട്ടാല്‍ത്തന്നെ , അതു രജിസ്റ്റര്‍ ചെയ്യപ്പെടും മുന്‍പു് അമുദവന്റെ സങ്കടത്തിലേക്കു നരേറ്റീവ് ഷിഫ്റ്റ്‌ നടക്കും. എന്നാല്‍ ആണ്‍-പെണ്‍ ബൈനറികളെ മനസിലാക്കല്‍ നടത്തുന്ന, ഉദാരതയിലൂടെ പൗരുഷത്തെ/ബൈനറിയെ മറികടക്കുന്ന cis-male അമുദവന്‍റെ സങ്കടങ്ങള്‍ക്കും കണ്ണീരിനും കൂടുതല്‍ ദൃശ്യത (extra visibility) ആണ് . (പാഡ് മാറ്റല്‍ ഒരു female/ mother-figure act ആണല്ലോ; ബൈദബൈ, ഈ ഉദാര ‘ബൈനറി മറികടക്കല്‍’ പിന്നീട്  ട്രാന്‍സ് സ്ത്രീയെ പങ്കാളി ആക്കുന്നതിന്‍റെ മുന്‍‌കൂര്‍ ജാമ്യം കൂടിയാണ്). സുന്ദരമായി വായ്നോക്കുന്ന പാപ്പാ, ഒരു നിമിഷം പോലും അനുഭവമായി അടയാളപ്പെടുത്തപ്പെടാത്തിടത്തു് അമുദവന്റെ തത്രപ്പാടുകള്‍ കാണിക്കുന്നതിന്റെ സ്പെയ്സ് നോക്കു. എത്ര വലുതാണത്!

വളരെ ബോള്‍ഡ് ആയി, എന്നാല്‍ വളരെ കൈയ്യടക്കത്തോടെ, പാപ്പാ സ്വയംഭോഗം (masturbate) ചെയ്യുന്നതു വിഷ്വലാക്കുന്ന സിനിമയെ കുറെയിടത്തു് അഭിനന്ദിക്കുന്നതു കണ്ടു. disabled ആയ ആളുകള്‍ക്കും sexuality യും desire- ഉം (അഭിനിവേശം) ഉണ്ടെന്നും sexual arousal ഉണ്ടെന്നും അടയാളപ്പെടുത്തുന്ന നിമിഷമാണത്. പറയേണ്ട വിഷയം തന്നെയാണ്. എന്നാല്‍ എങ്ങനെയാണത് അവതരിപ്പിക്കപ്പെടുന്നത്? അമുദവന്റെ കാഴ്ചയാണത്.. വെറും നോട്ടം (gaze) അല്ല, voyeurism ആണത്. അയാള്‍, തികഞ്ഞ ഒരു voyeur ആണ്. മകളെ മനസിലാക്കാന്‍ ശ്രമിക്കുന്നുവെന്നു പറയപ്പെടുന്ന പലയിടത്തും അയാളുടെ നോട്ടം, അത്രയും തുറന്നു മനസിലാക്കാന്‍ പറ്റുംവണ്ണം voyeuristic ആണ്. ഒരിടത്തു് തങ്ങളുടെ വീടിന്‍റെ റൂഫ് കണ്ണാടി ആക്കിയതിനു ശേഷം അതിലൂടെ മകളെ അവളറിയാതെ ഒളിഞ്ഞു നോക്കുന്ന അമുദവന്റെ കാഴ്ച തന്നെയല്ലേ മറ്റൊരിടത്തു് പാപ്പാ masturbate ചെയ്യുന്നിടത്തും കാണുന്നത്? ഒളിഞ്ഞുനോക്കുന്നതു കഴിഞ്ഞ് അടുത്ത നിമിഷം കാണുന്നത് അതിനെ unnatural ആയി/ വേദനയായി/ദുഃഖമായി തോന്നിക്കും വണ്ണം പൊട്ടിക്കരയുന്ന അമുദവനെയാണ്. എന്തിനാണയാള്‍ കരയുന്നത്? മിഡില്‍ ക്ലാസ് ആയ ഒരാള്‍ അനുഭവിച്ച തിരിച്ചറിവിന്‍റെ ഷോക്കാണോ, disabled മകള്‍ വളര്‍ന്നു് അവള്‍ക്കു sexual feelings, arousal ഉണ്ടെന്നു തിരിച്ചറിഞ്ഞതിന്‍റെ ഷോക്കാണോ, മകളുടെ coming of age-നെക്കുറിച്ചും അവളുടെ കല്ല്യാണം നടക്കുമോ, അവള്‍ക്കു കുട്ടികളുണ്ടാകുമോ എന്ന ആധിയാണോ, ഇനി അതൊന്നുമല്ല, അയാള്‍, അന്നു നുറുക്കിയ ഉള്ളിയുടെ ചാറു കണ്ണില്‍ വീണതാണോ എന്നുള്ളതൊന്നും ഇവിടെ വിഷയമല്ല. അയാളെ സംബന്ധിച്ചിടത്തോളം കാരണം എന്തുമായിക്കൊള്ളട്ടെ, It’s a voyeuristic gaze at the  sexuality of the disabled bodies. ആ നോട്ടങ്ങള്‍ creepy ആയി അനുഭവപ്പെടാതിരിക്കാന്‍, അന്‍പുള്ള അച്ഛന്‍ എന്ന ഉദാരതയില്‍ പൊതിഞ്ഞെടുത്താല്‍ മാത്രം മതിയെന്നാണു നരേറ്റീവ് പറഞ്ഞുവെക്കുന്നത്. disabled ആയ ആളുകളുടെ ആനന്ദത്തിന്‍റെ, സ്പെയ്സിന്‍റെ visibility യെ കയ്യടക്കിവെച്ചുകൊണ്ട് ഉദാരമായി ഇങ്ങനെ നരേറ്റീവില്‍ കരഞ്ഞുമെഴുകുന്നതിന്റെ ഉടായിപ്പ്, ableist കളായ കാണികള്‍ക്കു തിരിയണമെന്നില്ല. Pappa and her personal space deserve much more dignity.

എന്നിട്ട് ആ ദുഃഖഭാരത്തില്‍ ഇയാള്‍ അങ്ങു തീരുമാനിക്കുകയാണ് മകള്‍ക്കു male- sex worker നെ വേണമെന്ന്. കാട്ടിലേക്കു പോയേക്കാം എന്നു തീരുമാനിച്ച, അതേ ഉദാര-ധാര്‍ഷ്ട്യത്തോടു കൂടി. ലോകത്തിലെ സകലമാന ക്ഷമയുടെയും നന്മയുടെയും പൂന്തോട്ടമായ അമുദവന്‍ ആണിത്. തന്‍റെ തീരുമാനം മകളെ ബാധിക്കുന്ന പക്ഷം, അതില്‍ മകളുടെ സമ്മതം (consent) ചോദിക്കേണ്ടതാണെന്ന്, ഏറ്റവും ചുരുങ്ങിയതു് മകളെ അറിയിക്കേണ്ടതാണെന്ന്, ഇങ്ങോര് എപ്പോഴാണു മനസിലാക്കുന്നത്? അതൊരു സാമാന്യ മര്യാദ അല്ലേ? അങ്ങനെയല്ലേ നിങ്ങള്‍ ഒരാളെ dignity ഉള്ള വ്യക്തിയായി കണക്കാക്കുന്നുവെന്നു് ആ വ്യക്തി അറിയുക?. അതോ disabled ആയതുകൊണ്ട് IQ കുറവായതുകൊണ്ട് അവര്‍ക്കു മനസിലാവില്ലെന്നു അങ്ങേര്‍ക്കു തോന്നുന്നു എന്നതുകൊണ്ട് അറിയിക്കേണ്ടെന്നാണോ? അവര്‍ക്കു മനസിലാവില്ലെന്നു തീരുമാനിക്കാന്‍ അമുദവന്‍ ആരാണ്? പ്രസ്തുത dignity, disabled ആയ വ്യക്തികള്‍ക്കു് വേണ്ടെന്നാണോ? ഇതേ അറിയിക്കായ്മയുടെ ധാര്‍ഷ്ട്യം അല്ലേ അയാള്‍ ആ പൊട്ട കെയറിങ് ഹോമിലേക്കു് പാപ്പായെ തള്ളുമ്പോഴും കാണിച്ചത്? ഇതിനെയൊക്കെ അമുദവന്‍ എന്ന അച്ഛന്റെ, കരയുന്ന രണ്ടു സീന്‍ കൊണ്ടു മറയ്ക്കുന്ന നരേറ്റീവിനെ, ആ കരച്ചിലിനു് ദുഃഖത്തിനു് കാരണമായി പാപ്പായെത്തന്നെ കാണിക്കുന്ന നരേറ്റീവിനെ എന്താണു വിളിക്കുക? പാപ്പായുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും മറച്ചുപിടിക്കുന്ന (overshadow) ഈ “father’s emotional diarrhea” കൊണ്ട് disabled community യോടു സിനിമ എന്താണു പറയാന്‍ ശ്രമിക്കുന്നത്? അവരുടെ consentനെയോ choice-നെയോ dignity-യെയോ കുറിച്ചു സിനിമ എന്താണു പറയാന്‍ ശ്രമിക്കുന്നത്?

അമുദവന്‍ എന്ന ableist cis-male ഉണ്ടല്ലോ, അയാളുടെ ആണ്‍ സൗമ്യാധികാരത്തിന്‍റെ സകലമാന ഊടുവഴികളിലും കൂടി കയറിയിറങ്ങി , സ്വയം സുരക്ഷിതനാവുന്ന creepy ആയ അച്ഛനാണ് എന്നാണെനിക്ക് അനുഭവപ്പെട്ടത്. അയാള്‍ സ്വന്തം കഷ്ടപ്പാടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യാത്ത വ്യക്തിയാണ്. ആ ഉത്തരവാദിത്തം ആരോപിക്കപ്പെടുന്നതു മകളിലേക്കാണ്. അപ്പോള്‍ മാത്രമേ അയാളുടെ പ്രവൃത്തികള്‍ ഉദാരമായ ത്യാഗങ്ങളായി വിലയിരുത്തപ്പെടുകയുള്ളൂ. എന്തിന്, അവര്‍, ആളില്ലാമേട്ടില്‍ വാങ്ങിയ വീട് വിജിയെയും ബാബുവിനെയും ഉപയോഗിച്ചു പ്ലാന്‍ ഇട്ടു കൈക്കലാക്കുന്ന ‘മുതലാളിമാര്‍’ അമുദവനെക്കൊണ്ടു കൈമാറ്റ രേഖകളില്‍ ഒപ്പിടുവിക്കുമ്പോള്‍ ക്യാമറ പാപ്പായിലേക്കാണു തിരിയുന്നത്. അമുദവന്‍, അവിടെ പാപ്പായെ ഒറ്റപ്പെടുത്ത്തിയതു മുതല്‍, വിജിയോടു തോന്നിയ desire (അഭിനിവേശം) വരെ ഉള്ള, തന്‍റെ സകലമാന “മാതൃകാ പിതാവ്-പര”മല്ലാത്ത തീരുമാനങ്ങളില്‍ നിന്നു മുക്തനായി നിരപരാധി ആവുന്നത്രയും creepy ആണ് നരേറ്റീവ്. വിജിയോടു ക്ഷമിക്കുന്നതും ട്രാന്‍സ്സ്ത്രീ ആയ മീരയെ {അഞ്ജലി അമീര്‍} പങ്കാളിയായി സ്വീകരിക്കുന്നതും പാപ്പായെ മുന്‍നിര്‍ത്തിയാണ്. മകളെ കൊല്ലാനും ആത്മഹത്യ ചെയ്യാനും (ഒരുമിച്ചു് ആത്മഹത്യ ചെയ്യലല്ല അത്. പാപ്പയ്ക്കു മരിക്കുവാന്‍ താല്പര്യമില്ലെന്നു വ്യക്തമാണ്. അമുദവന്‍ പാപ്പായെ ഒപ്പം വരാന്‍ നിര്‍ബന്ധിക്കുകയാണ്, കടലിലേക്കു വലിച്ചിഴക്കുകയാണ്) തീരുമാനിക്കുന്നതു് മകളുടെ ‘ഭാവി ജീവിതം ഇല്ലായ്മ’യെ മുന്‍നിര്‍ത്തിയാണ്. അത്രയും creepy ആയ escapist ആണ് അയാള്‍.

ഉയരമുള്ള, തുടുത്ത [പാപ്പയുടെ പാഡ് മാറ്റാന്‍ സഹായിക്കാന്‍ വരുന്ന സ്ത്രീയുടെ ഭര്‍ത്താവിനെ അസ്വസ്ഥനാക്കുന്ന (insecure) അത്രയും പൗരുഷമുള്ള ] cis-male ആയി കണക്കറ്റ തവണ അടയാളപ്പെടുത്തപ്പെട്ട അമുദവന്റെ മുന്‍ഭാര്യയുടെ മുഖം എത്ര തവണ അടയാളപ്പെടുത്തപ്പെടുന്നുണ്ട്? [അവര്‍ സ്വാതന്ത്ര്യകാംക്ഷിയായ, വ്യക്തിത്വമുള്ള  സ്ത്രീയായി, കത്തിലും ശബ്ദത്തിലും അടയാളപ്പെടുത്തപ്പെടുന്നു]. ഒരു cis female ആയ വിജിയോടു് അമുദവനു തോന്നുന്ന desire അടയാളപ്പെടുത്തപ്പെടാമെങ്കില്‍ ട്രാന്‍സ് വുമന്‍ ആയ മീരയോട്‌ അമുദവന്റെ ബന്ധം കാണിക്കാന്‍ desireനു പകരം, ഒടുക്കം നിറഞ്ഞ ഒരു ചിരി മാത്രം കാണിക്കുന്ന നരേറ്റീവ്, അമുദവന്റെ ഉദാര cis-male “മാതൃകാ പിതാവ്” പ്രതിച്ഛായ നിലനിറുത്താനല്ലേ? (നേരെ മറിച്ചു് അയാള്‍ മീരയുടെ രക്ഷകനും മീരയില്‍ desire ന്‍റെ കാരണവും ആണെന്നു വൃത്തിയായി കാണിക്കുന്നുമുണ്ട്). അമുദവന്റെ പൗരുഷ പെര്‍ഫെക്ഷന്‍ കൂട്ടാന്‍ പോരാത്തതിനു് മീരയുടെ വക സ്വയം അമ്പലം-സെറ്റ് സാരീ റെഫറന്‍സും. [ആ സവര്‍ണ അടയാളപ്പെടുത്തലിന്‍റെ ബലതന്ത്രമൊക്കെ ഇനിയും ഇളകാതെ നില്‍ക്കുന്നുണ്ടല്ലോ, പരിയേറും പെരുമാള്‍ BA BL- നൊക്കെ ശേഷവും]

പേരന്‍പിന്റെ ഘടന 12 അധ്യായങ്ങളിലായി അമുദവന്‍ പറയുന്ന കഥയുടെ രൂപത്തിലാണ്. തന്റെയും മകളുടെയും ജീവിതത്തില്‍ വിധി (destiny)യുടെ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് അയാള്‍ അധ്യായങ്ങള്‍ക്കു പേരിടുന്നത്. വിധിയുടെ ഇടപെടലുകളെ അയാള്‍ ഇയര്കൈ (nature) എന്നാണു വിളിക്കുന്നത്. ഈ 12 അധ്യായങ്ങളുടെ ആകത്തുകയുടെ സവിശേഷത, പ്രകൃതിയിലെ പൂര്‍ണതയെ (completeness/ perfection) നിര്‍ധാരണം ചെയ്യുന്ന ഫിലസോഫിക്കല്‍ തലക്കെട്ടുകളാണ് ഇതിനുള്ളത് എന്നാണു ഞാന്‍ മനസിലാക്കുന്നത്- “ഇയര്കൈ വെറുപ്പാനത്” എന്നു തുടങ്ങി “ഇയര്കൈ പേരന്‍പാനത്” വരെ. അപൂര്‍ണത (lack) കൊണ്ട് disabled community പലതവണ അടയാളപ്പെടുത്തപ്പെടുന്ന നരേറ്റീവ്, അറിഞ്ഞോ അറിയാതെയോ completeness/perfectionനു വിപരീതധ്രുവത്തില്‍ ആണു disabilityയെ പ്ലേസ് ചെയ്യുന്നത്. completeness/perfection പ്രകൃതിയുടെ ഭാഗമാവുമ്പോള്‍ disability  unnatural/ incomplete/ imperfect ആവുന്ന അവസ്ഥ ഉണ്ട്. നരേറ്റീവ് ഉദ്ദേശിച്ചത് അതല്ല എന്നു വാദിക്കാം; ആയിക്കോട്ടെ. എന്നാലും തീരെ ഫിലസോഫിക്കലല്ലാത്ത നാലു ചോദ്യങ്ങള്‍ ഇതേ നരേറ്റീവ് in effect നേരിടേണ്ടി വരും: എന്താണു സ്വഭാവിക (natural) അവസ്ഥ? എന്താണു പൂര്‍ണത ? എന്താണു perfection? എന്താണു disability യെ lack കൊണ്ട് അടയാളപ്പെടുത്തേണ്ട ആവശ്യകത? ചുമ്മാ താത്ത്വിക കാവ്യാത്മകത പറയാനുള്ള സ്പെയ്സ് അല്ലല്ലോ അത്.

പാപ്പായുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും തന്നെ മറച്ചുപിടിക്കുന്ന (overshadow) ഈ “father’s emotional diarrhea” കൊണ്ട് disabled community യോടു സിനിമ എന്താണു പറയാന്‍ ശ്രമിക്കുന്നത്? അവരുടെ consentനെയോ choice-നെയോ dignity-യെയോ കുറിച്ചു സിനിമ എന്താണു പറയാന്‍ ശ്രമിക്കുന്നത്?

ബോള്‍ഡ് ആയി, പല കെയറിങ് ഹോമുകളിലെയും വയലന്‍സ് കാണിച്ച നരേറ്റീവ്, ഇരകളുടെ നിലയിലല്ലാത്ത disabled community യുടെ ഒത്തുചേരലുകളെ, കൊടുക്കല്‍ വാങ്ങലുകളെ, പാരസ്പര്യത്തെ, disabled community യെ അഭിമുഖീകരിക്കുന്ന രക്ഷിതാക്കള്‍ തമ്മിലുള്ള പങ്കുവെക്കലുകളെ കാണിക്കാത്തതെന്താണ്? അവിടെ പാപ്പാ കുറച്ചു കൂടി സ്വതന്ത്രയാണ്. തന്‍റെ disability ഒരു unnatural (അസ്വാഭാവിക) അവസ്ഥയാണെന്നു തോന്നിപ്പിക്കാത്ത, തന്‍റെ disability ദുഃഖകാരണമാണെന്നു തോന്നിപ്പിക്കാത്ത, താന്‍ മറ്റുള്ളവര്‍ക്കു ഭാരമാണെന്നു തോന്നിപ്പിക്കാത്ത സ്പെയ്സ്; തന്നെപ്പോലെ ഒരുപാടു പേരുണ്ടെന്നും തന്‍റെ ശരീരനില/മാനസിക നില ഒരു കുറ്റമല്ലെന്നും തന്‍റെ ശരീരനില മറ്റുള്ളവര്‍ക്കു ബാധ്യതയല്ലെന്നും പാപ്പായെ ബോധ്യപ്പെടുത്താന്‍ അതു മതിയല്ലോ. അതു മനസിലാക്കേണ്ടത് ഒരു disabled personന്‍റെ അവകാശമാണ്. അതു ബോധ്യപ്പെടുത്തേണ്ടത് ഈ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ പേരന്‍പില്‍ അങ്ങനെ ഒരു സൂചന പോലുമില്ല. അതൊക്കെപ്പറഞ്ഞാല്‍, അമുദവന്റെ സങ്കടത്തിന്റെ തീവ്രത കുറയുമല്ലോ; അതു മോശമാണല്ലോ. അല്ലേ? പേരന്‍പ് കണ്ടു് അതില്‍ സ്വയം കണ്ടു കരഞ്ഞ് ഇറങ്ങിപ്പോകുന്ന disabled ആയ ആളുകളും കുഞ്ഞുങ്ങളുണ്ട്. അവരുടെ രക്ഷിതാക്കളുണ്ട്. disability എന്നതു് പരിമിതികള്‍ ഏറെയുള്ള, അതിനാല്‍ത്തന്നെ സവിശേഷ പരിഗണനകള്‍ വേണ്ട, കെയര്‍ വേണ്ട, ശുശ്രൂഷകള്‍ വേണ്ട അവസ്ഥയായി (ഭീകരാവസ്ഥ അല്ലാതെയായി) കാണാന്‍ കഴിയാത്തവര്‍/ബുദ്ധിമുട്ടുള്ളവര്‍ ആണ് അവരില്‍ ഏറെപ്പേര്‍. disabled communityകള്‍, സംഗമങ്ങള്‍, ഒത്തുചേരലുകള്‍ ഉണ്ട് എന്നറിയാത്ത ആളുകളാണ് ഏറെപ്പേര്‍. അവരൊക്കെ disabilityയെ എങ്ങനെ മനസിലാക്കും എന്നു ചിന്തിച്ചിട്ടുണ്ട? “തനിക്കു വന്നതാണ് ഏറ്റവും വലിയ കഷ്ടപ്പാട്” എന്നല്ലാതെ? ഈ ബാക്കി കാഴ്ചക്കാര്‍ disability യെ എങ്ങനെ മനസിലാക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? “അയ്യോ, പാവങ്ങള്‍” എന്നല്ലാതെ?

എന്‍റെ disability, എനിക്ക് ഏറെ പരിമിതികളുള്ള, എന്നാല്‍ എനിക്കു സ്വാഭാവിക(natural)മായ കാര്യമാണെന്നു സ്വയം തിരിച്ചറിയാന്‍, മനസിലാക്കാന്‍, ബോധ്യപ്പെടാന്‍, ഉള്‍ക്കൊള്ളാന്‍- സ്വയം അംഗീകരിക്കാന്‍- എത്രമാത്രം സമയമെടുത്തിട്ടുണ്ടു ഞാനെന്നു് അറിയാമോ? അതുവരെ അനുഭവിക്കുന്ന അപകര്‍ഷതാബോധം എത്ര തീവ്രമാണെന്ന് അറിയാമോ? അതൊന്നും ableist സമൂഹത്തെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ആവില്ല; പിന്നല്ലേ ableist violence പറഞ്ഞു മനസിലാക്കുന്നത്!

പതിനൊന്ന് അധ്യായങ്ങളില്‍ അമുദവന്റെ കഷ്ടപ്പാടു കാണിക്കുന്ന നരേറ്റീവ് 12-ാം അധ്യായം ഒറ്റ വാചകത്തിലാണ് അവസാനിപ്പിക്കുന്നത്- “പ്രകൃതി അതിരുകളില്ലാത്ത സ്നേഹമുള്ളതാണെന്നു് എന്നെ പഠിപ്പിച്ചത് എന്‍റെ ഭാര്യ മീര ആണ്” എന്ന്. And they lived happily ever after എന്നു പറയും മട്ടില്‍ പൊടുന്നനെ തീരുകയാണ്. അവര്‍ സന്തുഷ്ടരാണ്. അമുദവന്‍ ഹാപ്പിയാണ്. മീര ഹാപ്പിയാണ്. പാപ്പാ ഹാപ്പിയാണ്. സിനിമയുടെ തുടക്കത്തില്‍ “ഇനി നിന്നെ ഞാന്‍ എങ്ങനെ സന്തോഷിപ്പിക്കാനാണ്? നിനക്കുവേണ്ടി ഞാന്‍ എന്താണു ചെയ്യേണ്ടത്?” എന്നു കരയുന്ന അമുദവനിലേക്കാണ് ഈ ഒടുക്കത്തിന്റെ നേരെ റെഫറന്‍സ്. അയാള്‍ തുടക്കം മുതല്‍ ചെയ്യുന്നതെല്ലാം മകളെ സന്തോഷിപ്പിക്കാനാണ്, അവളുടെ ശാരീരിക/ മാനസിക നിലയെ ഉള്‍ക്കൊള്ളാനല്ല. സന്തോഷം=സ്വീകാര്യത (acceptance/ understanding)  എന്ന ആ സമവാക്യം ഉണ്ടല്ലോ, എന്തൊരു കളവാണത്! പാപ്പായേയും മീരയേയും ഉദാരമനസ്കനായ ആശാന്‍ സന്തോഷിപ്പിച്ചിരിക്കുന്നു എന്നാണു പറഞ്ഞുവെക്കുന്നത്. അവരുടെ ആ സന്തോഷം (happiness)

ശബരി

ശബരി

അയാള്‍ അടക്കമുള്ള hetero-normative, ableist സമൂഹത്തിന്റെ ഉള്‍ക്കൊള്ളലിനെ (acceptance/ understanding) പ്രതി അല്ല. അത്രമാത്രം trans- acceptance-ഓ disability acceptance-ഓ കൈവരാന്‍, അയാളടക്കമുള്ള സമൂഹത്തിന് എളുപ്പവുമല്ല. കാണ്ഡം കാണ്ഡമായി പറഞ്ഞ കഥയില്‍ acceptance ഉള്ള, സ്പെയ്സിനെപ്പറ്റി മിണ്ടാത്ത നരേറ്റീവ് പൊടുന്നനെ പറയുന്ന ആ കളവില്‍ തൃപ്തിപ്പെടാന്‍ ഞാന്‍ വെറും കാണി അല്ല. “അവള്‍ക്കും ‘എല്ലാവരെയും  പോലെ’ ആണ്. അവള്‍ക്കും ഫീലിങ്സ് ഒക്കെയുണ്ട്” എന്നു് ഒന്നുരണ്ടിടത്തു് ഒന്നുരണ്ടുപേര്‍ പറയുന്നതല്ല acceptance എന്നു സൂചിപ്പിക്കട്ടെ. പ്രാതിനിധ്യം-ചിത്രണം എന്ന നിലയില്‍ disabled അവസ്ഥകളെ, inclusivityയെ ഒക്കെ വികലമാക്കുകയാണ്/ ലാഘവത്തോടെ കാണിക്കുകയാണ് അവസാനത്തെ അധ്യായത്തില്‍ പേരന്‍പ്.

അപ്പോള്‍, ആരാണ് അമുദവന്‍ തുടക്കത്തിലേ പറയുന്ന “അനുഗൃഹീതമായ ജീവിതം” നയിക്കുന്ന “നിങ്ങള്‍”? തീര്‍ച്ചയായും അത് hetero-normative ആയ ableist ആയ സമൂഹമാണ്. അപ്പോള്‍ , എന്താണ് അമുദവന്‍ പറയുന്ന, ‘അതിരുകള്‍ ഇല്ലാത്ത സ്നേഹം ആയ’ ‘പേരന്‍പ്’? അത് അമുദവന്റെ തന്നെ cis-male, ableist ഉദാരതയാണ്. പേരന്‍പ് തുടക്കം മുതല്‍ ഒടുക്കം വരെ അമുദവന്‍ അമുദവനെക്കുറിച്ചു പൊക്കിയടിക്കുന്ന പ്രത്യേക sympathy porn ആണ്, ableist hetero normative സമൂഹം കേള്‍ക്കാനായുള്ളത്. പിന്നെ, തുടക്കത്തില്‍ കുറച്ചു ‘പ്രകൃതിരമണീയത’ ഒക്കെയുണ്ട്. അതു നല്ലതാ. കാണാന്‍ കൊള്ളാം. [പടത്തിനെപ്പറ്റി നല്ലതൊന്നും പറയാനില്ലെഡേയ് എന്നു ചോദിക്കുന്നവര്‍ക്കായി].

വാല്‍കഷ്ണം: അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചു്/സാങ്കേതിക വശത്തെകുറിച്ചു്/ മറ്റു വശങ്ങളെക്കുറിച്ചു് എന്തെങ്കിലും പുകഴ്ത്തിയോ ഇകഴ്ത്തിയോ പറഞ്ഞു ബാലന്‍സ് ചെയ്യാനൊന്നും മനസില്ല. ഇത് ഇതു മാത്രം. ഇതില്‍ ഇത്ര മാത്രം.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് ശബരി. ഫ്രീലാൻസ് ഡിസൈനർ. പാലക്കാട് സ്വദേശി.

Top