ഭക്ഷണം, സംസ്കാരം, ദലിത് അനുഭവങ്ങൾ: ഒരു പഠനം
പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയ അധീശത്വങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് മഹറുകൾ ഉൾപ്പെടെയുള്ള കീഴാള സാമൂഹിക വിഭാഗങ്ങളെ ഏതാനും ഭക്ഷണരീതികളിലേക്ക് ഒതുക്കിനിർത്താൻ മേലാള ജാതിക്കാർ തുനിഞ്ഞിറങ്ങുന്നത്. മഹറുകൾ മഹറുകളായതു തന്നെ അവർ കാലിമാംസം ഭക്ഷിക്കുന്നതു കൊണ്ടാണെന്ന് വാദിക്കുന്നവരുണ്ട്. ഗോപാൽ ഗുരുവിന്റെ പഠനം
ഭക്ഷണം ഒരു പദാർഥവും, രുചി ആ പദാർഥത്തിൽ നിന്ന് ഉയിരെടുക്കുന്ന ആശയവും ആകുമ്പോൾ, ഭക്ഷണവുമായി ബന്ധപ്പെട്ട പല വിധത്തിലുള്ള അർത്ഥ കൽപനകളെ സൂചിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. അവ പരസ്പരം വേർപ്പെട്ടു നിൽക്കുന്നതോ യോജിച്ചു പ്രവർത്തിക്കുന്നതോ ആവാം. ഭക്ഷണം എല്ലാ ജൈവ ശരീരങ്ങളുടെയും അനിവാര്യതയാണ്. അതുകൊണ്ടുതന്നെ, പലതരം ജൈവ ശരീരങ്ങൾക്കുമിടയിൽ സത്താപരമായ സമത്വത്തിന്റെ ഒരു തലം അതു നിർമിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ ദൗർലബ്യം മനുഷ്യജീവിതത്തെ ക്ഷയിപ്പിക്കും എന്നതിനാൽ തന്നെ, മൗലികമായ മനുഷ്യാവകാശങ്ങളുടെ കൂട്ടത്തിലാണ് ഭക്ഷണം പെടുന്നത്. ഭക്ഷണം തടയൽ മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടത്തിലും.
നിലനിൽപ്പിനു വേണ്ടി മനുഷ്യർ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ പ്രാഥമികമായ രൂപം ഭക്ഷ്യധാന്യങ്ങളാണല്ലോ. പാകം ചെയ്ത ഭക്ഷണം (cooked food) ഭക്ഷ്യധാന്യങ്ങളുടെ തന്നെ ഉത്പന്നമാണെങ്കിലും, ഇവ തമ്മിൽ മൗലികമായ വ്യത്യാസങ്ങളുണ്ട്. കേവലമായ നിലനിൽപ്പ് എന്നതിനെക്കാൾ, കൂടുതൽ അർത്ഥവത്തായ അതിജീവനം എന്നതാണ് പാകം ചെയ്ത ഭക്ഷണത്തിന്റെ ഉദ്ദേശ്യം. സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം, ആത്മീയം, പദാർഥപരം, ധാർമികം എന്നു തുടങ്ങിയ പലതരം വായനകൾക്കും പഴുതുള്ളത് ഈ പാകം ചെയ്ത ഭക്ഷണത്തിന്റെ കാര്യത്തിലാണ്. പാകം ചെയ്ത ഭക്ഷണം സാമൂഹിക വിഭാഗങ്ങൾക്കിടയിൽ സാംസ്‌കാരികമായ ശ്രേണീകരണങ്ങൾ (ആധിപത്യ/അധമ വേർതിരിവ്) നിർമിക്കുന്നുണ്ട് എന്നാണ് ഈ ലേഖനത്തിലൂടെ ഞാൻ പറയാനുദ്ദേശിക്കുന്നത്.
അതിലേക്കു കടക്കുന്നതിനു മുൻപ്, ജനമനസ്സുകളിലേക്ക് ആശയസഞ്ചാരം നടത്താനുള്ള ശക്തമായ രൂപകം (metaphor) എന്ന നിലക്ക് ‘പാകം ചെയ്ത ഭക്ഷണം’ ഉപയോഗിക്കപ്പെടുന്ന ചില അവസരങ്ങളെ കുറിച്ചു പറയാം. അടുത്ത കാലങ്ങളിൽ സാധാരണ ജനങ്ങളോട് കൂടുതൽ ഗൗരവകരമായ വിഷയങ്ങളെ പറ്റി പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ ഇത്തരം രൂപകങ്ങൾ ധാരാളമായി ഉപയോഗിക്കുന്നത് കാണാനാകും. ഉദാഹരണത്തിന്, മഹാരാഷ്ട്രയുടെ ഭക്ഷണ സംസ്കാരത്തിൽ വളരെ പ്രധാനമായ ‘ബകാരി’ എന്ന റൊട്ടിയുടെ കാര്യമെടുക്കാം. മഹാരാഷ്ട്രയിലെ അധ്വാനിക്കുന്ന ജനാവിഭാഗങ്ങളുടെ മുഖ്യാഹാരമാണ് ബകാരി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി നേരിട്ട പരാജയത്തെ അവലോകനം ചെയ്തുകൊണ്ട് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനായ ശരത് പവാർ പറയുന്നത് കാണുക: “ബകാരി ചുടുമ്പോൾ പാകമായ വശം മറിച്ചിടാൻ മറന്നുപോയാൽ അതു കരിഞ്ഞു പോകും”. തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്കിടയിൽ യഥാവിധി റൊട്ടേഷൻ വ്യവസ്ഥ ഏർപ്പെടുത്തിയില്ലെങ്കിൽ നേതൃവ്യവസ്ഥ ദുഷിച്ചു പോകും എന്നാണ് ‘ബകാരി’ രൂപകത്തെ മുന്നിൽ വെച്ചുകൊണ്ട് അദ്ദേഹം പറയാൻ ശ്രമിച്ചത്.
മറ്റൊരു വശത്ത്, മഹാരാഷ്ട്രയിൽ നിന്നു തന്നെയുള്ള വിപ്ലവ കവിയായ നാരായൺ സാർവെ അദ്ദേഹത്തിന്റെ കവിതയിൽ (ആരതി ബകാരിചാ ചാന്താർ, പാതി ബകാരി പാതി ചന്ത്രനെ പോലെയാണ്) ബകാരി രൂപകം കൊണ്ടുവരുന്നത് കാണാം. അതിനു പല വ്യാഖ്യാനങ്ങൾ സാധ്യമാണ്. പാതി ബകാരി ലഭിക്കുന്നത് വിശന്നിരിക്കുന്നവനെ സംബന്ധിച്ചിടത്തോളം പാതി ചന്ദ്രനെ കിട്ടുന്നതിനോളം സന്തോഷകരമാണ് എന്നു പറയാം. നേർ വിപരീതാർത്ഥത്തിൽ, പാതി ചന്ദ്രനെ കിട്ടുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് അൽപം റൊട്ടി ലഭിക്കാൻ എന്നും അർത്ഥമാകാം. അല്ലെങ്കിൽ, എല്ലാ ദിവസവും ഒരുവന് ചന്ദ്രനെ കാണാൻ കിട്ടുന്നുണ്ട്, എന്നാൽ ഒരു കഷ്ണം റൊട്ടിപോലും ദിനേന കണ്ടുകിട്ടുന്നില്ല എന്നുമാവാം. ഇവിടെ ചന്ദ്രൻ എന്ന അമൂർത്തമായ രൂപകത്തിൽ നിന്ന് ബകാരി എന്ന മൂർത്ത രൂപത്തിലേക്കാണ് സാർവെ എത്തുന്നത്, അതുകൊണ്ടുതന്നെ രണ്ടാമത്തെ വ്യാഖ്യാനത്തിനാണ് സാധുതയുള്ളത്. മറ്റു സാംസ്‌കാരിക ഭൂമികയിൽ നിന്നുള്ള കവികളും അവരുടെ ജനതയുടെ പട്ടിണിയും പരിവട്ടവും വിശദീകരിക്കാൻ ഇത്തരം രൂപകങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകും എന്നത് തീർച്ചയാണ്. ഒരു തരം ഉണങ്ങിയ, കഴിച്ചാൽ മയങ്ങിപ്പോവുന്ന ‘ജൂതാൻ’ എന്ന റൊട്ടിയും ഇവ്വിധം രൂപകമായി കടന്നുവന്നിട്ടുണ്ട്. ദലിത് എഴുത്തുകാർ അധമത്വത്തെ റദ്ദുചെയ്തുകൊണ്ട് (ജൂതാൻ രൂപകം) സ്വാഭിമാന മുന്നേറ്റങ്ങൾ രൂപപ്പെടുത്താനാണ് ഇതുപയോഗിച്ചതെങ്കിൽ, ചിലർ മാർക്സിയൻ വൈരുധ്യ സിദ്ധന്തത്തെ വിശദീകരിക്കാനാണ് അതുപയോഗിച്ചത്. എന്താണ് രുചിയെ നിർണയിക്കുന്നത് എന്ന ചോദ്യവും ഇവിടെയുണ്ട്. ചില ദലിത് മധ്യവർഗ സമൂഹങ്ങൾ അംബേഡ്കറുടെ സിദ്ധാന്തങ്ങളെ മധുരത്തോട് ഉപമിക്കുന്നുണ്ട്. അവരുടെ ഭക്ഷണശീലങ്ങളിൽ മധുരം സാധാരണയായി മാറിയതിനാൽ, അവരുടെ സംസ്കാരികമായ ആലോചനകളെയും അവ സ്വാധീനിക്കുന്നുണ്ടെന്ന് സാരം. എന്നാൽ, തികച്ചും കീഴാളരായ ദലിതർ അംബേഡ്കർ ചിന്തകളെ ഉപമിക്കുന്നത് ബകാരിയോടും (പച്ചമുളക്) ചട്നിയോടുമാണ്. രണ്ട് അർത്ഥതലങ്ങൾ ഈ ഉപമക്കുണ്ട്. ഒന്ന്, അംബേഡ്കർ ചിന്തയുടെ ആഘാതം എരിവുള്ള മുളകിനോളം തീവ്രമാണ്. രണ്ട്, ഈ രണ്ട് ഉപമകളും ദലിത് സമൂഹത്തിനിടയിൽ തന്നെയുള്ള സാംസ്‌കാരികവും ബൗദ്ധികവുമായ വ്യത്യാസങ്ങളെ എടുത്തുപറയുന്നതുമാണ്. ദലിത് മധ്യവർഗം മൈത്രിയുടെ (harmony) രൂപകമായി ഭക്ഷണത്തെ കാണുമ്പോൾ, കീഴളരായ ദലിതർ സാമൂഹിക മാറ്റത്തിന്റെ/മുന്നേറ്റത്തിന്റെ (subversion) രൂപകമായാണ് അംബേഡ്കർ ചിന്തയോടു ചേർത്ത് ഭക്ഷണത്തെ കാണുന്നത്.
ഭക്ഷണവും സാംസ്‌കാരിക സ്വത്വത്തിന്റെ രൂപീകരണവും
ഭക്ഷണം വിശപ്പിന്റെയോ രുചിയുടെയോ മാത്രം കാര്യമല്ല. ഇവക്കുപുറമെ, സാംസ്കാരിക സ്വത്വത്തിന്റെ നിർമിതിയിൽ നിർണായകമായ ഒരു മാനദണ്ഡമായും ഭക്ഷണം വർത്തിക്കുന്നുണ്ട്. അഥവാ, വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് പ്രത്യേകമായ ഒരു സാംസ്‌കാരികമായ സ്വത്വം ചാർത്തിക്കൊടുക്കുന്നതിൽ നിർണായകമായ സ്വാധീനം ഭക്ഷണശീലങ്ങൾക്കുണ്ട്. മേൽജാതിക്കാർ തങ്ങളുടെ മാത്രമല്ല, കീഴ്ജാതിക്കാരുടെ ഭക്ഷണശീലങ്ങളെ കൂടി തിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ജൂതാനും (പഴകിയ റൊട്ടി) ചത്ത കാലിമാംസവും തൊട്ടുകൂടത്തവരുടെ ഭക്ഷണമാണെന്നാണ് മനു എഴുതുന്നത്. വെള്ളം കടക്കാത്ത അറകളായ ജാതിക്കൂട്ടങ്ങളായി സാമൂഹിക വിഭാഗങ്ങളെ വേർതിരിച്ചുകൊണ്ട് വിഭവങ്ങളുടെ വിതരണം ഏർപ്പെടുത്തിയപ്പോൾ, വിതരണ ശൃംഖലയുടെ ഏറ്റവുമൊടുവിലായി കീഴാളരുടെ സ്ഥാനം. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദകാരയ ദലിതർക്കുതനെ അവ നിഷേധിക്കപ്പെട്ടു. മോശം ധാന്യം, പഴകിയ റൊട്ടി, ഉപയോഗിച്ചു മുഷിഞ്ഞ വസ്ത്രം, ചത്ത മൃഗങ്ങളുടെ മാംസം ഇവയൊക്കെയായി വിതരണ ശൃംഖലയിൽ കീഴാളർക്ക് വേണ്ടിയുള്ള നീക്കിയിരിപ്പുകൾ. പലതരം ബുദ്ധിമുട്ടുകളാൽ ഇത്തരം ഭക്ഷണങ്ങൾ തന്നെ ഉപയോഗിക്കാൻ അവർ നിർബന്ധിതരായി. ചത്ത കാലിയുടെ മാംസമാണെങ്കിൽ എല്ലാ സമയത്തും യഥേഷ്‌ടം കിട്ടാനുമുണ്ടായി. അവർ മാംസം ഉണക്കി കൂരകളിൽ സൂക്ഷിച്ചു. മഴക്കാലത്ത് മാംസം ഉണങ്ങാൻ അവർ കുടിലുകൾക്കുള്ളിൽ തോറിയിടുമായിരുന്നു. ‘ചന്യാൻചെ തോരാൻ’ എന്നാണ് ദലിത് പദാവലിയിൽ ഇതിനു പറയുക. ഇത്തരം മാംസശേഖരം അധികമായുള്ള കുടുംബങ്ങളെ മഹർ വിഭാഗം വിവാഹങ്ങളിൽ കൂടുതലായി പരിഗണിച്ചിരുന്നതായും രേഖകളുണ്ട്. ഏതാണ്ട് 70 വർഷം മുൻപു വരെ, കൂടുതൽ ശേഖരമുള്ള വീടുകളിലേക്ക് പെൺമക്കളെ വിവാഹം ചെയ്തയക്കാൻ അവർ പ്രത്യേകം താത്പര്യമെടുത്തിരുന്നു. അപ്രകാരം ധാർമികമായ ഒരു പ്രധാന്യവും ഈ മാംസത്തിനു കൈവന്നു.
പിന്നീട് അവർ ഈ പതിവുകളെല്ലാം കൈവെടിഞ്ഞു. അവരതിൽ ഖേദിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, അംബേഡ്കർ നയിച്ച മുന്നേറ്റത്തിലൂടെ സ്വാഭിമാനത്തിന്റെയും ഔന്നിത്യത്തിന്റെയും ചിഹ്നമായി അവരതിനെ കണ്ടു. അവരുടെ ഭക്ഷണശീലങ്ങളിൽ സമൂലമായ മാറ്റമുണ്ടായി. ചത്ത കാലിമാംസത്തിൽ നിന്നും (മുർദാദ) വേട്ടയാടിപ്പിടിച്ച മാംസത്തിലൂടെ (ഹട്ഫാട്ക) അറുത്ത മാംസം (തോലിവ്) ഭക്ഷിക്കുന്നതിലേക്ക് അവരെത്തി. എന്നാൽ, ഭക്ഷണ ശീലങ്ങളിൽ മാറ്റം വന്നെങ്കിലും, അവരുടെ സാംസ്കാരിക സ്വത്വം അപ്പോഴും പഴയതു പോലെത്തന്നെ നിലനിന്നു. മഹാരാഷ്ട്രയിലെ ചില മുൻനിര ചിന്തകന്മാരും ആധുനികരായ നേതാക്കളും ഇപ്പോഴും മഹർ വിഭാഗത്തിന്റെ വംശാവലി തിരയുന്നത് ചത്ത കാലിമാംസത്തിലാണ്! പാകം ചെയ്ത ഭക്ഷണം ഒരു തരത്തിലും രാഷ്ട്രീയ നിഷ്പക്ഷതയിലല്ല (politically nuetral) നിലകൊള്ളുന്നത് എന്നു വാദിക്കാനാണ് ഞാൻ തുടർന്നു ശ്രമിക്കുന്നത്. അധികാരം, പ്രാദേശികം/ദേശീയം എന്നീ ഇരട്ട ഘടനകകത്തു നിന്നു രൂപപ്പെടുന്ന രാഷ്ട്രീയ അടിയൊഴുക്കുകളുടെ പശ്ചാത്തലത്തിലാണ് ഭക്ഷണത്തിന്റെ രാഷ്ട്രീയം നിർണയിക്കപ്പെടുന്നത്.
പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയ അധീശത്വങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹറുകൾ ഉൾപ്പെടെയുള്ള കീഴാള സാമൂഹിക വിഭാഗങ്ങളെ ഏതാനും ഭക്ഷണരീതികളിലേക്ക് ഒതുക്കിനിർത്തുന്നത്. മഹറുകൾ മഹറുകളായതു തന്നെ കാലിമാംസം ഭക്ഷിക്കുന്നത് (മൃതാഹാരി) കൊണ്ടാണെന്ന് വാദിക്കുന്നവരുണ്ട്. ഫലത്തിൽ, മേൽജാതിക്കാരാൽ നിർമ്മിക്കപ്പെടുന്ന അവരുടെ സാംസ്‌കാരിക സ്വത്വവും ഈ മൃതാഹാരത്തിന്റെ പേരിലായിരിക്കും. അതിനാലാണ്, മഹറുകൾ മൃതാഹാരികളല്ല (ചത്ത മാംസം ഭക്ഷിക്കുന്നവർ) മറിച്ച് (മേൽജാതിക്കാരുടെ) മഹാ-അരികളാണെന്ന് (മഹാ ശത്രുക്കൾ) ജ്യോതിറാവു ഫുലെ, വി.ആർ ഷിൻഡെ മുതലായ അബ്രാഹ്മണരായ ചിന്തകർ അഭിപ്രായപ്പെട്ടത്. കീഴള ജനതകളെ വിലകുറഞ്ഞ സാംസ്‌കാരിക സ്വത്വത്തിലേക്ക് ഒതുക്കിനിർത്താൻ ഭക്ഷണത്തെ/ഭക്ഷണ ശീലങ്ങളെ ഉപയോഗിക്കുന്ന രീതി മഹാരാഷ്ട്രയിൽ മാത്രമല്ല നിലനിൽക്കുന്നത്. ഉത്തർപ്രദേശിലെയും ബീഹാറിലെയും കീഴാള വിഭാഗങ്ങളെ സൂചിപ്പിക്കാൻ മുശാഹാരി (എലിയെ ഭക്ഷിക്കുന്നവർ) എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ ശ്രീഖണ്ഡ് (ഒരു തരം മധുരം) പോലുള്ള വെജിറ്റേറിയൻ വിഭവങ്ങളും മേൽജാതി ഭക്ഷണ ശീലങ്ങളും ഉത്തമ നാഗരിക സംസ്കാരമായി സ്വഭാവികമായും സ്ഥാപിക്കപ്പെടുന്നുണ്ട്. കൂടാതെ, മധുരം എന്നത് ഒരു പ്രദേശത്തിന്റെ മാത്രമല്ല, മറിച്ച് മുഴുവൻ രാജ്യത്തിന്റെയും ഭക്ഷണ സംസ്കാരം എന്ന നിലക്ക് ഉയർത്തിക്കാണിക്കപ്പെടുന്നുമുണ്ട്. വെജിറ്റേറിയൻ ഭക്ഷണത്തെ ദേശീയതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് നിസ്സംശയം പറയാം. ശ്രീഖണ്ഡ് പോലുള്ള വെജിറ്റേറിയൻ വിഭവങ്ങളെ ഒരേസമയം ജാതിബന്ധങ്ങളെ നിലനിർത്തുന്നതിന് വേണ്ടിയും, അത്തരം ഭക്ഷണശീലങ്ങൾ പരിചയമില്ലാത്തവരെ അപമാനിക്കുന്നതിന് വേണ്ടിയും മേൽജാതിക്കാർ ഉപയോഗിക്കുന്നു. എന്നാൽ, വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ ഈ ദേശീയ അവകാശവാദങ്ങളെ കീഴാള-ദലിത് പക്ഷത്തു നിന്നുള്ളവർ എതിർക്കുകയും, തങ്ങളുടെ ഭക്ഷണ ശീലങ്ങളെ പ്രദേശത്തിന്റെ സാംസ്‌കാരിക പരിസരങ്ങളിൽ ബദൽ ശൈലിയായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാംസ്‌കാരിക അധികാരങ്ങളുടെ പ്രാദേശിക വിതാനങ്ങളാണ് ഇത്തരം സംഘർഷങ്ങൾക്ക് വേദിയാകുന്നത്.
(തുടരും)
മൊഴിമാറ്റം: അഫ്സൽ ഹുസൈൻ