ഇസ്‌ലാമിക ഫെമിനിസം: വായനകളും വൈവിധ്യങ്ങളും

March 22, 2021

ഉമ്മുൽ ഫായിസയുടെ ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീർണത, ഭാവി എന്ന പുസ്തകത്തെ കുറിച്ച് ഷൈമ പി എഴുതുന്നു.

മതപരതയുടെ യുക്തി നിർണയിക്കുന്ന ആധുനികതയുടെ വിശകലനമാണ് ഉമ്മുൽ ഫായിസയുടെ ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീർണത, ഭാവി എന്ന പുസ്തകം. ഇസ്‌ലാം പെൺമത ജീവിതത്തിന്റെ ബഹുസ്വരതയെ രേഖപ്പെടുത്തുന്നതോടൊപ്പം ഫെമിനിസം, മതേതരത്വം എന്നീ ജ്ഞാനമേഖലകളെ അത് പ്രശ്‌നവത്കരിക്കുന്നുമുണ്ട്. മതേതരത്വ തത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്ന പൊതുജ്ഞാനം, യുക്തി എന്നിവ ഒഴിവാക്കുന്ന, മത/ലിംഗ സാമൂഹിക/ദൈനംദിന ജീവിതങ്ങളെ ഈ പുസ്തകം രേഖപ്പെടുത്തുന്നു. ദൈനംദിന ആവിഷ്‌കാരങ്ങളെയും, സ്വാതന്ത്ര്യങ്ങളെയും, സംഘർഷങ്ങളെയും, സമര/സങ്ങളെയും മതപരതയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വീണ്ടെടുക്കുകയും അവയെ സൈദ്ധാന്തികവത്കരിക്കുകയും ചെയ്യേണ്ടത് ജ്ഞാനനിർമിതിക്ക് ഒഴിച്ച് കൂടാനാവാത്തതാണെന്ന് ഇസ്‌ലാമിക ഫെമിനിസ്റ്റ് വ്യവഹാരത്തിന്റെ ചരിത്രം നിരത്തി ഫായിസ അടിവരയിടുന്നുണ്ട്. 

പാശ്ചാത്യ തത്വചിന്തക്കും വിപ്ലവബോധങ്ങൾക്കും അപ്പുറമുള്ള ദൈനംദിനത്തെ മനസിലാക്കുക എന്നതിനെ സാധ്യമാക്കുന്ന പുതിയൊരു അറിവ് എങ്ങനെയാണ് ഇസ്‌ലാമിക ഫെമിനിസം നൽകുന്നത് എന്ന് വിശദീകരിക്കുന്നു ഇസ്‌ലാമും ഫെമിനിസവും: സംഘർഷവും സമവായവും എന്ന ആദ്യ അധ്യായത്തിൽ. സാമൂഹികതയുടെ വൈവിധ്യത്തെ അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടാണ് എല്ലാ ജ്ഞാനവ്യവഹാരങ്ങളെയും പോലെ യൂറോ കേന്ദ്രീകൃതമായ ഫെമിനിസവും നിലകൊണ്ടത്. 1990കളിൽ ഇസ്‌ലാമിലെ ലിംഗപദവിയെ കുറിച്ച് ഫാത്തിമ മെർനീസി, ലൈല അഹ്‌മദ്‌, ആമിന വദൂദ് തുടങ്ങിയവർ ഉന്നയിച്ച വിമർശനങ്ങളിലൂടെ ഉരുത്തിരിഞ്ഞ് വന്ന ജ്ഞാന മേഖല ഇസ്‌ലാമിക ഫെമിനിസമായി അറിയപ്പെട്ടതിനെയും അതിന്റെ ബഹുസ്വരമായ സ്വഭാവത്തെയും അടയാളപ്പെടുത്തുകയാണ് ഈ ഭാഗത്തിൽ ചെയ്യുന്നത്. ഇസ്‌ലാമിക ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവരും, ആ പേരിനാൽ അറിയപ്പെടാൻ ആഗ്രഹമില്ലാത്തവരും, ഇസ്‌ലാമിൽ ഫെമിനിസം പോലുള്ള കാഴ്ച്ചപ്പാടുകൾക്ക് ഒട്ടും ഇടമില്ലെന്ന് വാദിക്കുന്നവരും, ഇസ്‌ലാമും ഫെമിനിസവും തമ്മിൽ എളുപ്പം യോജിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരും മുസ്‌ലിം ദൈവശാസ്ത്രമെന്ന മറ്റൊരു ധാരയെ പ്രതിനിധീകരിക്കുന്നവരും ഉൾപ്പെടുന്ന ഒന്നായി ഇസ്‌ലാമിക ഫെമിനിസത്തെ ഉമ്മുൽ ഫായിസ ഇവിടെ അടയാളപ്പെടുത്തുന്നുണ്ട്. 

1992ൽ ഇറങ്ങിയ ആമിന വദൂദിന്റെ ഖുർആൻ ആൻഡ് വുമൺ: റീറീഡിങ് ദി സേക്രഡ് ടെക്സ്റ്റ് ഫ്രം എ വുമൺസ് പെർസ്പെക്റ്റീവ് എന്ന രചന  മുതലിങ്ങോട്ടുള്ള ഖുർആനിന്റെ സ്ത്രീപക്ഷ വായനകളെ വിശദീകരിക്കുന്നതാണ് രണ്ടാമത്തെ അധ്യായം. ഖുർആനിന്റെ ആൺകോയ്മ അതിന്റെ വായനയുടെ തലത്തിൽ ഉണ്ടായതാണെന്നും അതുകൊണ്ട് ഖുർആനിനെ അതിന്റെ ആൺവായനയിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്ന് ആമിന വദൂദ് വാദിക്കുന്നു. പാഠത്തെ കേന്ദ്രീകരിച്ച് കൊണ്ടുള്ള മനസിലാക്കലിൽ നിന്നും സമുദായവും നിർവാഹകത്വവുമായി ബന്ധപ്പെട്ടുള്ള വായനയിലേക്ക് ഖുർആൻ സ്ത്രീപക്ഷ വായന പുരോഗമിക്കുന്നതിന്റെ ചരിത്രമാണ് ഈ അധ്യായത്തിൽ ഫായിസ വിശദീകരിക്കുന്നത്. ഖുർആനിന്റെ ആഖ്യാന സ്വഭാവം ആൺകോയ്മാ വിരുദ്ധമാണെന്ന അസ്മ ബർലാസ് തുടങ്ങിയവരുടെ വാദം, പാഠത്തിനുള്ളിൽ തന്നെ ആൺകോയ്മയുടെ സ്വാധീനം കാണുന്നുണ്ടെന്നും അതിനാൽതന്നെ സാമൂഹിക സന്ദർഭം കണക്കിലെടുത്തു കൊണ്ടുള്ള വായനയാണ് വേണ്ടതെന്ന സാദിയ ഷെയ്ഖ്, ഫരീദ് ഇസാക്ക് തുടങ്ങിയവരുടെ വാദങ്ങളും എന്നിവ ഈ അധ്യായത്തിൽ വിശദീകരിക്കുന്നു.

ആമിന വദൂദ്

ഇസ്‌ലാമിക നിയമവും ഇസ്‌ലാമിക ഫെമിനിസവും എന്ന മൂന്നാമത്തെ ഭാഗം തൊണ്ണൂറുകൾ മുതൽ നടക്കുന്ന ഇസ്‌ലാമിക ഫെമിനിസവും, ഇസ്‌ലാമിക നിയമവും തമ്മിലുള്ള ചർച്ചകൾ വിശകലനം ചെയ്യുന്നു. ഓരോ ദേശരാഷ്ട്രങ്ങളിലും രൂപപ്പെട്ട ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനം അവിടുത്തെ സാമൂഹികത കൂടിയാണെന്ന് ഓർക്കേണ്ടതുണ്ടെന്നും അത് വിസ്മരിച്ചു കൊണ്ട് ഇസ്‌ലാമിക നിയമത്തിന്റെ ആണധികാരത്തെ കുറിച്ച് സംസാരിക്കാൻ പറ്റില്ലെന്നും ഫായിസ പറയുന്നു. സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് ഇസ്‌ലാമിക നിയമത്തിന്റെ മൂലപ്രമാണങ്ങൾ മുൻനിർത്തിക്കൊണ്ട് പരിഹാരം ഉണ്ടാകുന്ന പരിഹാരങ്ങളാണ് ഇസ്‌ലാമിക നിയമം.

കൊളോണിയലിസവുമായി ബന്ധപ്പെട്ടുണ്ടായ സാമൂഹിക/സാമ്പത്തിക/രാഷ്ട്രീയ മാറ്റങ്ങളോടും ആധുനിക ദേശരാഷ്ട്രത്തിന്റെ സംവിധാനങ്ങളുമായും ചേർന്ന് തികച്ചും രൂപമാറ്റം സംഭവിച്ച ഒന്നാണ് ഇന്നത്തെ ഇസ്‌ലാമിക നിയമം. ഇക്കാര്യം പലപ്പോഴും ഇസ്‌ലാമിക നിയമത്തിന്റെ മതേതര/ആധുനിക/ഓറിയന്റലിസ്റ്റ് വായനകൾ വിസ്മരിക്കുന്നതാണ് കാണുന്നതെന്നും ഗ്രന്ഥകാരി വിശദീകരിക്കുന്നു.

ഇസ്‌ലാമിക നിയമത്തെ ആൺകോയ്മയുടെ പ്രതിഫലനമായി ചുരുക്കാൻ വിസമ്മതിക്കുന്ന ലൈല അഹ്‌മദിന്റെയും ആണുങ്ങളുണ്ടാക്കിയ നിയമങ്ങളുമായി ഇടപെട്ടുകൊണ്ട് നിയമനിർമാണ സാധ്യതകൾ അന്വേഷിക്കുന്ന മിർ ഹുസൈനിയുടെയും ഓറിയന്റലിസ്റ്റ് വിമർശനങ്ങളെ പ്രതിരോധിച്ച് കൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് ഈ അധ്യായം രേഖപ്പെടുത്തുന്നു.

സൂഫിസവും ഇസ്‌ലാമിക ഫെമിനിസവും എന്ന ഭാഗം സ്ത്രീ സൂഫികളുടെ ജീവചരിത്രത്തിലേക്കും റൂമി അടക്കമുള്ള സൂഫി ഗുരുക്കന്മാരുടെ സദസിലെ സ്ത്രീ പങ്കാളിത്തം അന്വേഷിക്കുന്നതിലേക്കും ഒതുങ്ങിയ സ്ത്രീ സൂഫി പഠനങ്ങൾ എങ്ങനെയാണ് ഇസ്‌ലാമിക ഫെമിനിസ്റ്റ് രീതിശാസ്ത്രത്തിലൂന്നിക്കൊണ്ട് വികസിക്കുന്നതെന്ന് അടയാളപ്പെടുത്തുന്നു. ഇസ്‌ലാമിക പാരമ്പര്യവുമായും ലോകമെന്ന അധികാരവുമായും ഒരു വിശ്വാസിനിയായ സൂഫി സ്ത്രീക്ക് സാധ്യമാകുന്ന ഇടപെടലുകൾ ഇന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. മനസ്/ശരീരം എന്ന ദ്വന്ദ്വത്തിലൂന്നി കൊണ്ടുള്ള ഒരു അനുഭവ ലോകമല്ല സൂഫിസം മുന്നോട്ട് വെക്കുന്നത് എന്നിരിക്കെ ലിംഗഭേദമെന്ന സംവർഗത്തിന്റെ വ്യത്യസ്ത വായനകളിലേക്ക് സൂഫി പഠനത്തെ വികസിപ്പിക്കേണ്ടതുണ്ടെന്ന് ഫായിസ ചൂണ്ടിക്കാണിക്കുന്നു. 

അസ്മ ബർലാസ്

പോസ്റ്റ് കൊളോണിയലിസവും ഇസ്‌ലാമിക ഫെമിനിസവും എന്ന അധ്യായം സാമ്രാജ്യത്വ ഫെമിനിസത്തിന്റെ ഏകസ്വരതയുടെ പരിമിതി മറികടക്കാനുള്ള തിരശ്ചീന സംഭാഷണമായി ഫെമിനിസത്തെ കാണേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. കൊളോണിയാനന്തര മുസ്‌ലിം ഇടങ്ങളിൽ മാർക്‌സിസത്തിനും ദേശീയവാദത്തിനുമപ്പുറം ഇസ്‌ലാമിക സമൂഹങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിൽ പോസ്റ്റ് കൊളോണിയൽ ചിന്ത പ്രധാനമായിത്തീരുന്നുവെങ്കിലും പാശ്ചാത്യ ഫെമിനിസ്റ്റ് മാനദണ്ഡങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് മുസ്‌ലിം സ്ത്രീപുരുഷന്മാർക്കിടയിലെ അധികാരവും അധികാരമില്ലായ്മയും മനസിലാക്കിയിരുന്നത്. ഇസ്‌ലാമിക ഫെമിനിസം എന്നത് കൊളോണിയൽ/വംശീയ/ലിബറൽ രാഷ്ട്രീയത്തെയും ആൺകോയ്മയെയും എതിർക്കാൻ കഴിയുന്ന രാഷ്ട്രീയ വ്യവഹാരമായി ലൈല അഹ്‌മദ്‌ കാണുന്നു. മുസ്‌ലിം സ്ത്രീകളിൽ ആൺകോയ്മയുടെ മാനദണ്ഡങ്ങളിൽ സാധ്യമാക്കുന്ന ഭക്തിപരമായ ജീവിതത്തിന്റെ രീതികൾ പലപ്പോഴും കൊളോണിയൽ/മതേതര വ്യവഹാരങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് സബ മഹ്‌മൂദ്‌ നിരീക്ഷിക്കുന്നു. ലൈല അബൂ ലുഗോദും ദൈനംദിന മുസ്‌ലിം സ്ത്രീ ജീവിതങ്ങളെ അടയാളപ്പെടുത്തേണ്ട അനിവാര്യത സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ പോസ്റ്റ് കൊളോണിയൽ വ്യവഹാരത്തിലുള്ള ചില പരിമിതികളെ അഭിസംബോധന ചെയ്യുന്നുണ്ട് ഇവർ. മറ്റൊന്ന് ഇന്റർസെക്ഷനാലിറ്റിയുമായി ബന്ധപ്പെട്ടുള്ള ചർച്ചയാണ്.

ഹൂറിയ ബൂതൽജ, റമോൺ ഗ്രോസ്ഫുഗൽ തുടങ്ങിയവരുടെ അഭിപ്രായത്തിൽ ഇന്റർസെക്ഷനാലിറ്റി വ്യക്തി അനുഭവങ്ങളെയാണ് അടിസ്ഥാനപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ സമുദായങ്ങൾ അനുഭവിക്കുന്ന ഹിംസകളെ വിശദീകരിക്കാൻ അവ അപര്യാപ്തമാണ്. അതേസമയം ഡീകൊളോണിയൽ വ്യവഹാരമാകട്ടെ അധികാര ഘടനയെക്കുറിച്ചുള്ള പാശ്ചാത്യ സമീപനത്തെ നിരാകരിക്കുകയും വ്യക്തിയും സമൂഹവും തമ്മിലുള്ള പ്രായോഗികമായ ഇടപെടലുകളിലൂന്നി കൊണ്ട് അവർ തമ്മിലുള്ള സന്തുലനത്തെ പറ്റി സംസാരിക്കുകയും ചെയ്യുന്നു.

ഈ പഠനമേഖലയുടെ സാധ്യതകൾ ഇസ്‌ലാമിക ഫെമിനിസം ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഈ അധ്യായത്തിൽ വിശദീകരിക്കുന്നു.

ഇസ്‌ലാമിക നിയമം, ഖുർആൻ, സൂഫിസം, ഡീകൊളോണിയലിസം എന്നിവയിൽ ദൈനംദിനവും സാമൂഹികാടിസ്ഥാനത്തിലുള്ളതുമായ വ്യത്യസ്തമായ ഇടപെടലുകളിലൂടെ മുസ്‌ലിം സ്ത്രീകൾ തങ്ങളുടെ പെൺപക്ഷ രാഷ്ട്രീയം ഈ പുസ്തകത്തിലൂടെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്.

Top