ബാപ്സ പ്രസിഡന്റിനു നേരെ എബിവിപി ആക്രമണം: പ്രതിഷേധിക്കുക
വിജ്ഞാനത്തിന്റെ പുതിയ തുറസുകളിലേക്ക് കടന്നുചെല്ലാൻ ധൈര്യപ്പെടുന്നവർ എന്ന നിലക്ക്, കീഴാള പരിസരങ്ങളിൽ നിന്നും സർവകലാശാലകളിലെത്തുന്ന വിദ്യാർഥികൾ ബ്രാഹ്മണ്യ സാമൂഹിക ക്രമത്തിന് ശക്തമായ വെല്ലുവിളികളുയർത്തി. തന്മൂലം സ്റ്റേറ്റ്-യൂണിവേഴ്സിറ്റി സ്ഥാപനങ്ങളുടെ പിന്തുണയോടെ എബിവിപി നടത്തുന്ന ഹിംസയുടെ പ്രധാന ഇരകൾ അവരായിത്തീർന്നു. ബാപ്സ പ്രസിഡന്റ്
ഓം പ്രകാശ് മഹതോവിന് നേരെയുള്ള എബിവിപി അക്രമത്തെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവന.
സംഘ്പരിവാറിന്റെ അക്രമ രാഷ്ട്രീയത്തിന്റെ തുടർച്ചയെന്നോണം, കഴിഞ്ഞ ഞായറാഴ്ച 1:35ന് ബാപ്സയുടെ പ്രസിഡന്റ് ഓം പ്രകാശ് മഹതോവിനെയും സഹപ്രവർത്തകനെയും എബിവിപി ഗുണ്ടകൾ ചേർന്ന് ആക്രമിച്ചു. മാന്യവർ കാൻഷിറാം സാഹബിന്റെ ജയന്തിയോടനുബന്ധിച്ച് മാർച്ച് 15ന് നടത്താനിരുന്ന അനുസ്മരണ പരിപാടിയുടെ പോസ്റ്റർ പതിക്കാനായി ഇരുവരും ജെഎൻയുവിലെ ഗോദാവരി ഹോസ്റ്റലിൽ എത്തിയപ്പോഴായിരുന്നു എബിവിപി അക്രമണമഴിച്ചുവിട്ടത്. ‘എബിവിപി ജൂനിയേഴ്‌സ്’ എന്ന് സൗകര്യപൂർവം അവർ തന്നെ പരിചയപെടുത്തുന്ന ഇതേ ആക്രമിസംഘം തന്നെയാണ് വിദ്യാർഥികൾക്കു നേരെയുള്ള- വിശേഷിച്ചും അധസ്ഥിത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് നേരെയുള്ള- അക്രമങ്ങൾക്ക് ഉത്തരവാദികളായിട്ടുള്ളത്. വിദ്യാർഥികൾ അതിക്രൂരമായി ആക്രമിക്കപ്പെട്ട മുൻപു നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് ഇന്നലെ (14/3) നടന്ന ആക്രമണം. മാന്യവർ കാൻഷിറാം സാഹബിനെ പോലെയുള്ള ജാതിവിരുദ്ധ ചിന്തകരെ ആഘോഷിക്കുന്ന ബാപ്സയുടെ രാഷ്ട്രീയത്തോടുള്ള മറുപടിയാണ് ഈ അക്രമണങ്ങൾ എന്നു വ്യക്തം. എബിവിപി ഗുണ്ടകൾക്ക് ദഹിക്കാത്ത ബാപ്സയുടെ ജാതിവിരുദ്ധ രാഷ്ട്രീയം, ബ്രാഹ്മണ്യ ശക്തികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതാണ്.
ആർഎസ്എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപി, ദലിതരും ആദിവാസികളും ഒബിസിക്കാരും മറ്റു ന്യൂനപക്ഷങ്ങളുമടങ്ങുന്ന പാർശ്വവത്കൃത സമൂഹങ്ങളെ നിരന്തരമായ ഹിംസക്കിരയാക്കുന്നതിൽ തെല്ലും അത്ഭുതപ്പെടാനില്ല. പുരുഷാധിപത്യ ബ്രാഹ്മാണ്യ സംഘടനയായ സംഘ്പരിവാർ ചരിത്രപരമായി തന്നെ അധസ്ഥിത വിഭാഗങ്ങളെ പ്രത്യയശാസ്ത്രപരമായും ശക്തിപ്രയോഗങ്ങൾ മുഖേനയും ബ്രാഹ്മണ്യത്തിന് വിധേയരാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. ബ്രാഹ്മണ്യ ശക്തികൾക്ക് ദഹിക്കാത്ത, വിജ്ഞാനത്തിന്റെ പുതിയ തുറസുകളിലേക്ക് കടന്നുചെല്ലാൻ ധൈര്യപ്പെടുന്നവരെന്ന നിലക്ക്, കീഴാള പരിസരങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികൾ ‘മനു സന്തതികളുടെ’ സവിശേഷരായ ഇരകളായിത്തീർന്നു. വിദ്യാഭ്യാസത്തിനു വേണ്ടി സർവകലാശാലകളിലേക്കു വരുന്നവർ, അധസ്ഥിത വിഭാഗങ്ങളെ മേൽജാതിക്കാരുടെ അടിമകളായി മാത്രം കാണുന്ന ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥക്ക് ശക്തമായ വെല്ലുവിളികളുയർത്തി. സംഘ്പരിവാറിന്റെ സംവരണ വിരുദ്ധ നയങ്ങൾ, സാമൂഹിക നീതിയെ തുരങ്കം വെക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ, സ്വകാര്യവത്കരണവും ബ്രാഹ്മണ മേധാവിത്വവും ഉയർത്തിപ്പിടിച്ചുകൊണ്ട് സംവരണത്തെ അലസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവയൊക്കെയാണ് അധസ്ഥിതർക്കു നേരെയുള്ള എബിവിപി അക്രമങ്ങളിൽ അന്തർലീനമായിരിക്കുന്നത്. എബിവിപിയുടെ മനുവാദി മനോഭാവം തന്നെയാണ് ജാതിയധിക്ഷേപങ്ങളോട് കൂടിയ അക്രമ സംഭവങ്ങളിൽ ദൃശ്യപ്പെടുന്നത്. പാർശ്വവത്കൃത സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ സർവകലാശാലകളിൽ നിന്നും ആട്ടിപ്പായിച്ച്, പാടത്തും കോർപറേറ്റ് ഓഫീസുകളിലും നിർമാണ സ്ഥലങ്ങളിലും അടിമപ്പണി ചെയ്യുന്നതിലേക്ക് കൊണ്ടെത്തിക്കുക എന്നതാണ് ഈ അക്രമണങ്ങളുടെ ലക്ഷ്യം. സംഘ് മേലാളന്മാരുടെ തിരക്കഥക്കൊത്ത് എബിവിപി പ്രവർത്തിക്കുന്നതിനാലാണ് അവരെപ്പോഴും കുറ്റമുക്തരാക്കപ്പെടുന്നത്.
ഇത്തരം അക്രമണങ്ങൾക്ക് യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേഷന്റെ മുഴുവൻ പിന്തുണയുണ്ടെന്ന വസ്തുതയും കാണേണ്ടതാണ്. എബിവിപിയുടെ നിരന്തരമായ അക്രമണങ്ങൾ അരങ്ങേറുമ്പോഴും, അതിനെതിരിൽ നടപടിയെടുക്കാതെ, മേലന്വേഷണങ്ങൾ തടസ്സപ്പെടുത്തുകയും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇതേ യൂണിവേഴ്സിറ്റി അധികൃതരാണ്. അക്കാദമിക, അടിസ്ഥാന സൗകര്യ വികസന ഫണ്ടിനെക്കാൾ പല മടങ്ങ് അതികം തുക സുരക്ഷാ ചെലവുകൾക്ക് വകയിരുത്തുകയും, അതേസമയം, എബിവിപി അക്രമങ്ങളെ ചെറുക്കാതെ പലപ്പോഴും അതിൽ പങ്കുകൊള്ളുകയും ചെയ്യുന്ന സ്ഥാപനമായി യൂണിവേഴ്സിറ്റിയുടെ സുരക്ഷാ സംവിധാനം നിലനിൽക്കുകയും ചെയ്യുന്നതിൽ വലിയ തിരിമറിയുണ്ട്. ഇതുവരെ, അനേകം എഫ്ഐആറുകൾ എബിവിപി ഗുണ്ടകൾക്കെതിരെ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ശക്തമായ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എബിവിപി ഗുണ്ടകൾ കുറ്റവിമുക്തത ആഘോഷിക്കുന്നതിൽ ഈ മൂന്ന് ഭരണനിർവഹണ-സ്റ്റേറ്റ് സ്ഥാപനങ്ങൾക്കും സമ്മിശ്രമായ പങ്കുകളുണ്ട്. സംഘ്പരിവാറിന്റെ പാരമ്പര്യ സ്വത്ത് നോക്കിനടത്തുന്നത് പോലെയാണ് യൂണിവേഴ്സിറ്റി ഭരണകാര്യ വിഭാഗം, വിശേഷിച്ചും സെക്യൂരിറ്റി സംവിധാനം, യൂണിവേഴ്സിറ്റിയിൽ ഓടിനടക്കുന്നത്.
എബിവിപിയുടെ ഹിംസയെ ഞങ്ങൾ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. അരികുവത്കൃത വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികൾക്ക് ഭീഷണിയില്ലാതെ, സമാധാനത്തോടെ അക്കാദമിക ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമാറ് ആക്രമികളെ ക്യാമ്പസിൽ നിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കാൻ അധികൃതരോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. എബിവിപിയുടെ സ്വകാര്യ മിലിഷ്യയായി പ്രവർത്തിക്കുന്ന സർവകലാശാലയുടെ ഇരപിടിയൻ സുരക്ഷാ സംവിധാനത്തെ, അക്രമ സംഭവങ്ങളിലുള്ള അവരുടെ നിസ്സംഗതയും കൃത്യവിലോപവും മുൻനിർത്തി, തൽസ്ഥാനത്തു നിന്ന് നീക്കുണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ബാബാസാഹബ് അംബേഡ്കർ, ജ്യോതിബാ ഫുലെ, സാവിത്രിബായ് ഫൂലെ, ഫാത്തിമ ഷെയ്ഖ്, ബിർസാ മുണ്ട, പെരിയാർ തുടങ്ങിയ ജാതിവിരുദ്ധ ചിന്തകരുടെ പാരമ്പര്യങ്ങളിൽ നിന്നും കരുത്തും പ്രചോദനവും സ്വീകരിക്കുന്ന വിദ്യാർഥി പ്രസ്ഥാനം എന്ന നിലക്ക്, ഈ അക്രമങ്ങളോട് പൊരുതാതെ ബാപ്സ പിന്മാറുകയില്ല.
ജയ് ഭീം.