റഊഫ് ഷെരീഫിന്റെ അറസ്റ്റും വിദ്യാർഥി രാഷ്ട്രീയവും

ഷർജീൽ ഇമാം മുതൽ ഉമർ ഖാലിദ് വരെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ അറസ്റ്റുകൾ വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നുവെങ്കിൽ, റഊഫ് ഷെരീഫ് എന്ന കൊല്ലം സ്വദേശിയുടെ അറസ്റ്റ് ഒരു സംഘടനയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്. ഹിന്ദുത്വ ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു വിദ്യാർഥി സംഘടനയോടുള്ള ഭരണകൂടത്തിന്റെ പകയാണ് ഈ അറസ്റ്റിലൂടെ മറനീക്കി പുറത്തുവരുന്നത്. കെ.പി ഫാത്തിമ ഷെറിൻ എഴുതുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ രാജ്യവ്യാപകമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ, 2020 ജനുവരി 28നാണ് വിദ്യാർഥി നേതാവായ ഷർജീൽ ഇമാമിനെ ഭരണകൂടം അറസ്റ്റു ചെയ്യുന്നത്. തുടർന്ന്, ഭരണകൂടത്തിന്റെ തന്നെ ഒത്താശയോടെ നടന്ന ഡൽഹി വംശഹത്യക്കു ശേഷം അറസ്റ്റുകളുടെ ഒരു പരമ്പര തന്നെ അരങ്ങേറുകയുണ്ടായി. ഖാലിദ് സൈഫി, ആസിഫ് ഇക്ബാൽ തൻഹ, ഗുൽഷിഫ ഫാത്തിമ, മീരാൻ ഹൈദർ തുടങ്ങി, ലോക്ഡൗണിന്റെ മറവിലും അല്ലാതെയുമായി അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. അന്യായമായ ഇത്തരം അറസ്റ്റുകളുടെ ഉദ്ദേശ്യം വിയോജിപ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യലാണ് എന്നത് പകൽ പോലെ വ്യക്തം. നേതൃത്വങ്ങളെ അറസ്റ്റു ചെയ്യുക വഴി, അവർക്കു പിന്നിൽ അണിനിരക്കുന്നവരെ ഭയപ്പെടുത്താം എന്നതാണ് ഹിന്ദുത്വ ഭരണകൂടത്തിന്റെ പ്രഥമ ലക്ഷ്യം. ഏറ്റവും ചുരുങ്ങിയത് സമരക്കാരുടെ ആവശ്യം തടവിലാക്കിയവരെ വിട്ടുകിട്ടുക എന്നതിലേക്ക് വഴിതിരിച്ച് വിടാനെങ്കിലും സാധ്യമാകുമെന്നവർ കരുതുന്നു.

റഊഫ് ഷെരീഫ്

കാംപസ് ഫ്രണ്ട് ഓഫ് ഇൻഡ്യ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അന്യായമായ അറസ്റ്റ് നൂറു ദിവസം പിന്നിടുമ്പോൾ പക്ഷേ ഭരണകൂടത്തിന്റെ സ്ഥാപിത താൽപര്യങ്ങൾ വിലപ്പോകുന്നില്ല എന്നു വേണം വിലയിരുത്താൻ. രാജ്യത്തു നടക്കുന്ന വിവിധ വിഷയങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന കാംപസ് ഫ്രണ്ട് ഓഫ് ഇൻഡ്യ എന്ന വിദ്യാർഥി സംഘടനയെ എങ്ങനെ, എന്തുകൊണ്ട് ഭരണകൂടം വേട്ടയാടുന്നു എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി പരിശോധിച്ചാൽ അതിന്റെ കാരണം വ്യക്തമാകും.

ഷർജീൽ ഇമാം മുതൽ ഉമർ ഖാലിദ് വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ അറസ്റ്റുകൾ വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു എങ്കിൽ, റഊഫ് ഷെരീഫ് എന്ന കൊല്ലം സ്വദേശിയുടെ അറസ്റ്റ് ഒരു സംഘടനയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്. ഹിന്ദുത്വ ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു വിദ്യാർഥി സംഘടനയോടുള്ള ഭരണകൂടത്തിന്റെ പക മറനീക്കി പുറത്തു വരുന്നത് 2020 ഒക്ടോബർ 5നാണ്.

അതീഖുറഹ്മാൻ ഷാഹീൻ ബാഗിൽ

ഹഥ്റാസിലെ സവർണ ഭീകരരുടെ ക്രൂരമായ ബലാത്സംഘത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്ന വഴി, മഥുരയിൽ വെച്ച് കാംപസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖുറഹ്മാൻ, ഡൽഹി സ്റ്റേറ്റ് സെക്രട്ടറി മസൂദ് അഹ്മദ് എന്നിവരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്യുന്നു. യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിലെ സമാധാനാന്തരീക്ഷം തകർത്ത് കലാപം നടത്തുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം എന്നാണ് പോലീസ് ഭാഷ്യം. ഇരുവരും യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവർ ആലം, കൂടെയുണ്ടായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാല് ആളുകളെയാണ് യുപി പോലീസ് യുഎപിഎയും മറ്റു ഭീകര നിയമങ്ങളും ചുമത്തി തടവിൽ പാർപ്പിച്ചിരിക്കുന്നത്. അതുവരെ കൊല ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന പൊതുസമൂഹവും മാധ്യമങ്ങളും നാലു മുസ്‌ലിം പേരുകളും കലാപവും യുഎപിഎയും കേട്ടപ്പോൾ വഴിതിരിഞ്ഞു.

2020 ഡിസംബർ 12നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് റഊഫ് ഷെരീഫിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നത്. ‘കള്ളപ്പണം വെളുപ്പിക്കൽ’ ആയിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ഇതിനു തെളിവായി ഇ.ഡി ചൂണ്ടിക്കാട്ടിയത് റഊഫ് ഷെരീഫ് തന്റെ ബിസിനസ് ആവശ്യാർഥ്യം ബാങ്ക് വഴി നടത്തിയ പണമിടപാടുകളുടെ കണക്കും. എന്നാൽ, അക്കൗണ്ടിലെത്തിയ പണം കുറ്റകൃത്യത്തിന്റെ ഭാഗമാണ് എന്ന ഇ.ഡിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് ​എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള) പ്രത്യേക കോടതി ഫെബ്രുവരി 12ന് ജാമ്യം അനുവദിച്ചു. കേസ്​ ലഖ്​​നോവിലേക്ക്​ മാറ്റണമെന്ന ഇ.ഡിയുടെ അപേക്ഷയും കോടതി തള്ളി. മാസങ്ങൾ നീണ്ട ചോദ്യം ചെയ്യലുകൾക്കും മാനസിക പീഡനങ്ങൾക്കുമൊടുവിൽ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലിരിക്കെ, തൊട്ടടുത്ത ദിവസം ഉത്തർ പ്രദേശിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് റഊഫ് ഷെരീഫിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നു. ഹഥ്റാസ് കേസിൽ പങ്കു ചേർത്തുകൊണ്ടായിരുന്നു അറസ്റ്റ്.

ഹഥ്റാസ് കേസിൽ അറസ്റ്റിലായ സിദ്ധീഖ് കാപ്പൻ, റഊഫ് ഷെരീഫ്

ഒരു വിദ്യാർഥി സംഘടനയുടെ മൂന്ന് ഉത്തരവാദിത്വപ്പെട്ട നേതൃത്വങ്ങളെ കള്ളക്കേസുകളിൽ കുടുക്കി രാജ്യദ്രോഹവും ഭീകരവാദവും ആരോപിച്ച് തടവറയിൽ പാർപ്പിക്കുന്നതിന്റെ ഉദ്ദേശ്യം സംഘടനയെ ഇല്ലാതാക്കുക എന്നതാണ്. എന്നാൽ റഊഫ് ഷെരീഫിന്റെ അറസ്റ്റിനോട് വിദ്യാർഥികൾ പ്രതികരിച്ചത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്കുൾപ്പെടെ മാർച്ച് നടത്തിക്കൊണ്ടാണ്. വിദ്യാർഥികളെ ഭയപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നതു മാത്രമല്ല, ചർച്ചകളെ വഴിതിരിച്ചു വിടാനുള്ള ഉപാധിയായി അറസ്റ്റിനെ മാറ്റാനുള്ള ശ്രമത്തെയും വിദ്യാർഥികൾ അതിജയിച്ചു എന്ന് വേണം വിലയിരുത്താൻ. റഊഫ് ഷെരീഫും അതീഖുറഹ്മാനും ഉൾപ്പെടെയുള്ളവർ പറഞ്ഞുവെക്കുന്നത് ഹിന്ദുത്വ തീവ്രവാദികൾ രാജ്യം ഭരിക്കുമ്പോൾ രാജ്യദ്രോഹം പറയുന്നവരുടെ എണ്ണം ഇരട്ടിച്ചുകൊണ്ടേയിരിക്കും എന്നാണ്.

മലപ്പുറം രണ്ടത്താണി സ്വദേശിയും കാംപസ്‌ ഫ്രണ്ട് ഓഫ് ഇൻഡ്യ നാഷണൽ കമ്മിറ്റി മെമ്പറുമാണ് ലേഖിക.

Top