നാഗരാജുവിനോട് ഐക്യപ്പെടുക; കേന്ദ്രസർവകലാശാലയിലെ സംഘപരിവാർ അജണ്ട ചെറുക്കുക.

നാഗരാജുവിനോടും പീഡിപ്പിക്കപ്പെടുന്ന വിദ്യാര്‍ഥികളോടും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുന്ന ഫാസിസത്തിനെതിരെ അടിയുറച്ച് നിലകൊള്ളുന്ന ഈ രാജ്യത്തെ ജനതയോടും സി.യു.കെ അംബേഡ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ ജനാധിപത്യവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ പോരാടുന്ന നാഗരാജുവിനെ പോലെയുള്ള പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളോട് ഐക്യപ്പെടാന്‍ ഈ രാജ്യത്തെ ജനാധിപത്യ പുരോഗമനവാദികളോട് ഈ അവസരത്തില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.

2018 ജൂലൈ 25ന്, കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ (സി.യു.കെ) ‘ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ ശ്രേഷ്ഠഭാഷാ മലയാളം പഠനകേന്ദ്ര’ത്തിന്റെ ഉദ്ഘാടനവേളയില്‍, സ്വാതന്ത്ര്യലബ്ദിക്ക് വളരെ മുന്‍പു തന്നെ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടിയ ചട്ടമ്പി സ്വാമികളുടെ സംഭാവനകളെ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ പ്രകീര്‍ത്തിക്കുകയുണ്ടായി. വിജ്ഞാനദായകവും അക്കാദമികവുമായ പ്രഭാഷണങ്ങളുടെ പേരില്‍ പ്രശസ്തനായ ഡോ. ജി. ഗോപകുമാര്‍, സമത്വത്തെ കുറിച്ചും ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും നിരന്തരം സംസാരിക്കുന്ന ഒരാളാണ്. പക്ഷേ സി.യു.കെയുടെ കാര്യം വരുമ്പോള്‍, ഒരു അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. സി.യു.കെയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയണമെന്നുണ്ടെങ്കില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ സര്‍വകലാശാലക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം മാത്രം നോക്കിയാല്‍ മതി.

ഭാഷാ ഗവേഷണ വിഭാഗത്തില്‍ പി.എച്ച്.ഡി ചെയ്യുന്ന ജി. നാഗരാജുവിനെതിരെ ഉന്നയിച്ചിട്ടുള്ള വ്യാജ ആരോപണങ്ങള്‍ സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയത് മാത്രമാണ്. തെലങ്കാനയിലെ ഒരു പിന്നാക്ക ഗ്രാമത്തില്‍ നിന്നും വരുന്ന ദലിതനായ നാഗരാജു, കാമ്പസിനകത്ത് വെച്ചു തന്നെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളുടെ യഥാര്‍ഥ അവസ്ഥകളെ കുറിച്ചും അവര്‍ക്ക് പിന്തുണ ലഭിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ബോധവാനാണെന്ന് പറയപ്പെടുന്ന, ഒരു പൊളിറ്റിക്കല്‍ സയന്റിസ്റ്റ് കൂടിയായ ബഹുമാനപ്പെട്ട വി.സി, തന്റെ സമൂഹത്തില്‍ നിന്നുള്ള പ്രഥമ ബിരുദധാരിയാവാന്‍ വേണ്ടി ഒരു കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശനം നേടിയ ദലിത് വിദ്യാര്‍ഥിയുടെ പോരാട്ടത്തെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്. ആ വിദ്യാര്‍ഥിയുടെ വികാരങ്ങള്‍ അല്ലെങ്കില്‍ ഒരു സര്‍വകലാശാല ഇടത്തില്‍ താന്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായ നടപടിക്രമങ്ങളൊന്നും തന്നെ ബഹുമാനപ്പെട്ട വി.സി പരിഗണിക്കുകയും ചെയ്തിട്ടില്ല. തന്നെ പിന്തുണക്കുന്ന ഏതാനും ചിലര്‍ക്ക് വേണ്ടി മാത്രമല്ല, മറിച്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയും ഈ കാമ്പസിലെ ഫാക്കല്‍റ്റി മെംബര്‍മാര്‍ക്കു വേണ്ടിയുമാണ് താന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ബഹുമാനപ്പെട്ട വി.സി ഡോ. ജി. ഗോപകുമാര്‍ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരള കേന്ദ്ര സര്‍വകലാശാലയിലെ അക്കാദമിക അന്തരീക്ഷം മുമ്പെങ്ങും കാണാത്ത വിധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള നയരൂപീകരണത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്ന നിഷേധാത്മക മനോഭാവം തന്നെയാണ് സി.യു.കെ അഡ്മിനിസ്‌ട്രേഷന്റെ നടപടികളിലും പ്രതിഫലിക്കുന്നത്. ചരിത്രം കെട്ടിച്ചമക്കാനും നുണ സത്യമാക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ പുരോഗമന രാഷ്ട്രീയ സംഘടനകളും/പ്രവര്‍ത്തകരും വളരെ ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതായിട്ടുള്ള സംഭവവികാസങ്ങളാണ് സി.യു.കെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് വേണ്ടത്ര സ്വാധീനമില്ലാത്ത സംസ്ഥാനമായ കേരളത്തില്‍, തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു സ്ഥാപനത്തെ കാവിവല്‍ക്കരിക്കാനും ഹൈജാക്ക് ചെയ്യാനുമാണ് ബി.ജെ.പിയുടെ ശ്രമം. സര്‍വകലാശാലയുടെ ഭരണസമിതിയില്‍ സംഘ്പരിവാര്‍ ആശയക്കാരെ ബോധപൂര്‍വ്വം തിരുകികയറ്റാന്‍ കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും വീണ്ടും ശ്രമിക്കുകയുണ്ടായി. എല്ലാവിധ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കുന്നതിന് അവര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തു. ഈ മതേതര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്‍മാരെന്ന നിലക്ക്, വര്‍ഗീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ മുളയില്‍ തന്നെ നുള്ളേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംഘ്പരിവാര്‍ ആശയക്കാരും ചേര്‍ന്ന് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്ന സവിശേഷ പ്രാധാന്യത്തെ ദിനംപ്രതിയെന്നോണം അവമതിച്ചു കൊണ്ടിരിക്കുകയാണ്. സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുക്കാന്‍ വേണ്ടി വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റി മെംബര്‍മാര്‍ക്കും നല്‍കി വന്നിരുന്ന സാമ്പത്തികസഹായങ്ങള്‍ സര്‍വകലാശാല അധികൃതര്‍ ഗണ്യമായ തോതില്‍ വെട്ടിക്കുറക്കുന്നിടത്തോളം സാഹചര്യങ്ങള്‍ വളരെ മോശമായിരിക്കുകയാണ്. അതേസമയം, തങ്ങളുടെ രാഷ്ട്രീയാചാര്യന്‍മാരെ പ്രീതിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന വന്‍ ചടങ്ങുകള്‍ക്കും ഉദ്ഘാടന പരിപാടികള്‍ക്കും വേണ്ടി പണം ദൂര്‍ത്തടിക്കുകയും ചെയ്യുന്നുണ്ട്. സ്ഥാപനത്തിന്റെ അവസ്ഥ എന്തുമായിക്കൊള്ളട്ടെ, കാമ്പസുകളില്‍ വലതുപക്ഷ പ്രത്യയശാസ്ത്രം വ്യാപകമാക്കുക എന്നു മാത്രമാണ് അവരുടെ ലക്ഷ്യം.

സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുക്കാന്‍ വേണ്ടി വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റി മെംബര്‍മാര്‍ക്കും നല്‍കി വന്നിരുന്ന സാമ്പത്തികസഹായങ്ങള്‍ സര്‍വകലാശാല അധികൃതര്‍ ഗണ്യമായ തോതില്‍ വെട്ടിക്കുറക്കുന്നിടത്തോളം സാഹചര്യങ്ങള്‍ വളരെ മോശമായിരിക്കുകയാണ്. അതേസമയം, തങ്ങളുടെ രാഷ്ട്രീയാചാര്യന്‍മാരെ പ്രീതിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന വന്‍ ചടങ്ങുകള്‍ക്കും ഉദ്ഘാടന പരിപാടികള്‍ക്കും വേണ്ടി പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്നുണ്ട്.

ഒരു അക്കാദമിക് പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, സര്‍വകലാശാലയുടെ നിലവിലെ അവസ്ഥ വളരെയധികം പരിതാപകരമാണ്. ബി.ജെ.പി പരിപൂര്‍ണമായും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ള സര്‍വകലാശാലയുടെ ഭരണസമിതിക്ക് വിദ്യാര്‍ഥികളുടെ അക്കാദമികമായ ആവശ്യങ്ങള്‍ക്ക് നേരെ നിരുത്തരവാദപരമായി കണ്ണടക്കാന്‍ കഴിയില്ല.

ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളെ വേട്ടയാടുക എന്നത് സര്‍വകലാശാല വളരെ കാലമായി പിന്തുടരുന്ന ഒരു നയമാണ്. നിയന്ത്രിച്ച് കീഴടക്കുക എന്ന ഫാസിസ്റ്റ് രീതിയുടെ മറ്റൊരു ഉദാഹരണമാണ് എ.എസ്.എ നേതാവ് നാഗരാജുവിന്റെ അറസ്റ്റ്. നാഗരാജുവിന്റെ അറസ്റ്റ് കേവലമൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ഒരിക്കലും കഴിയില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയവും ഭീതിയും വിതക്കുക എന്ന ഉദ്ദേശത്തോടെ സര്‍വകലാശാല ഭരണസമിതി ബോധപൂര്‍വ്വം പദ്ധതിയൊരുക്കി നടത്തിയ ഒരു നീക്കമാണിത്. സര്‍വകലാശാല ഭരണസമിതിയുടെ വിദ്യാര്‍ഥി വിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയാണ് അവര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

സര്‍വകലാശാല ഭരണസമിതിയുടെ ദലിത് വിരുദ്ധ നയങ്ങളിലേക്കും നാഗരാജുവിന്റെ അറസ്റ്റ് വെളിച്ചം വീശുന്നുണ്ട്. ഭാഷാഗവേഷണ വിഭാഗത്തിലെ ദലിത് ഗവേഷക വിദ്യാര്‍ഥിയാണ് നാഗരാജു. ഒരു പിന്നാക്ക സമുദായത്തില്‍ നിന്നും വരുന്ന വ്യക്തി എന്ന നിലയില്‍, തന്റെ നിലവിലെ വിദ്യാഭ്യാസ സ്ഥിതിയിലേക്ക് എത്തിച്ചേരാന്‍ അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും ഒരുപാട് പ്രതിബന്ധങ്ങള്‍ അദ്ദേഹം തരണം ചെയ്തിട്ടുണ്ട്. അംബേഡ്കര്‍ സ്റ്റ്ുഡന്റ്‌സ് അസോസിയേഷന്റെ നേതൃനിരയിലെ സജീവസാന്നിധ്യമായ അദ്ദേഹം, സര്‍വകലാശാല ഭരണസമിതിയുടെ വിദ്യാര്‍ഥി വിരുദ്ധ മനോഭാവത്തിനെതിരെ നടന്ന വിവിധ പ്രക്ഷോഭസമര പരിപാടികളുടെ ഭാഗവുമായിരുന്നു. ഇതു തന്നെയാണ് ഭരണസമതിയുടെ കരുതിക്കൂട്ടിയുള്ള പ്രതികാരനടപടികള്‍ക്ക് അദ്ദേഹം ഇരയാവാനുള്ള പ്രധാന കാരണവും.

നാഗരാജുവിന്റെ അറസ്റ്റ് കേവലമൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ഒരിക്കലും കഴിയില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയവും ഭീതിയും വിതക്കുക എന്ന ഉദ്ദേശത്തോടെ സര്‍വകലാശാല ഭരണസമിതി ബോധപൂര്‍വ്വം പദ്ധതിയൊരുക്കി നടത്തിയ ഒരു നീക്കമാണിത്. സര്‍വകലാശാല ഭരണസമിതിയുടെ വിദ്യാര്‍ഥി വിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയാണ് അവര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഹോസ്റ്റലിലെ അഗ്നിശമനോപകരണത്തിന്റെ ചില്ലുകവചം തകര്‍ത്തു എന്ന കുറ്റത്തിന്റെ പേരിലാണ്, സര്‍വകലാശാലയിലെ സംഘ്പരിവാര്‍ ഭരണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നാഗരാജുവിനെ അറസ്റ്റു ചെയ്തത്. പരമാവധി അര്‍ഹിക്കുന്ന ഒരു പിഴ ചുമത്തി ശിക്ഷിക്കാവുന്ന കാര്യത്തിന്, സര്‍വകലാശാല ഭരണസമിതി അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുകയാണ് ചെയ്തത്. ഒരു വിദ്യാര്‍ഥിയെ പീഡിപ്പിക്കുന്ന തരത്തിലുള്ള സര്‍വകലാശാല സംഘ്പരിവാര്‍ ഭരണസമിതിയുടെ നടപടി പോലിസിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഇതാദ്യമായല്ല നാഗരാജുവിനെ സര്‍വകലാശാല ഭരണസമിതി വേട്ടയാടാന്‍ ശ്രമിക്കുന്നത്. സര്‍വകലാശാല നിര്‍മാണത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കലാം നഗര്‍ നിവാസികള്‍ നടത്തിയ പ്രതിഷേധസമരത്തിന് തിരികൊളുത്തിയത് നാഗരാജുവാണെന്ന് ആരോപിച്ചു കൊണ്ട് മുമ്പൊരിക്കല്‍ സര്‍വകലാശാല അദ്ദേഹത്തിന് മെമ്മോ അയച്ചിരുന്നു. മലയാളിയല്ലാത്ത, മലയാളികളെ സമരത്തിന് പ്രേരിപ്പിക്കുന്നത് പോയിട്ട് മലയാളത്തില്‍ ബുദ്ധിമുട്ടില്ലാതെ സംസാരിക്കാന്‍ പോലും കഴിയാത്ത നാഗരാജുവിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണം അദ്ദേഹത്തോടുള്ള പ്രതികാരനടപടി മാത്രമാവാനേ വഴിയുള്ളു. നാഗരാജുവിന്റെ അണ്‍പ്രിവിലേജ്ഡ് സ്റ്റാറ്റസ് കാരണമാണ് സര്‍വകലാശാല അദ്ദേഹത്തെ ബോധപൂര്‍വ്വം വേട്ടയാടുന്നത്. നാഗരാജുവിന്റെ കാര്യത്തില്‍, ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെടാത്ത ഒരു വിദ്യാര്‍ഥി സംഘടനയെ പ്രതിനിധീകരിക്കുന്ന മലയാളിയല്ലാത്ത ദലിതനായതാണ് അദ്ദേഹം എളുപ്പം വേട്ടയാടപ്പെടാന്‍ കാരണം.

ഒരു മൊത്തം ബാച്ചിന്റെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ റദ്ദു ചെയ്തത് പോലെയുള്ള കടുത്ത നടപടികള്‍ ദലിത് ഗവേഷക വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചുകൊണ്ട് ഇതേ ഭരണസമിതി അടുത്തിടെ എടുക്കുകയുണ്ടായി. പി.ജി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ എസ്.സി/എസ്.ടി വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്ക് നേരെയുള്ള അവരുടെ നിഷേധാത്മക മനോഭാവത്തെ ശരിവെക്കുന്നു. ഫീസ് വര്‍ധനവ് കാരണം ഫീസടക്കാന്‍ സാധിക്കാതെ ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് നിര്‍ത്തിപോകേണ്ട അവസ്ഥയും വന്നു. ഭരണസമിതിയുടെ ഇത്തരം ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തുമ്പോഴെല്ലാം, പ്രതിഷേധ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികളെ വേട്ടയാടാനും പഠിക്കുന്ന കോഴ്‌സില്‍ നിന്നുതന്നെ സസ്‌പെന്‍ഡ് ചെയ്‌തോ ഡിസ്മിസ് ചെയ്‌തോ അവരെ നിശബ്ദരാക്കാനുമുള്ള പദ്ധതികള്‍ക്ക് ഭരണസമിതി ഒരുക്കങ്ങള്‍ തുടങ്ങും.

ബി.ജെ.പി ഭരിക്കുന്ന മറ്റുപല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പോലെ, സംസാരശേഷി നഷ്ടപ്പെട്ട ഒരു അരാഷ്ട്രീയ വിദ്യാര്‍ഥി സംഘത്തെ ഉണ്ടാക്കുന്ന പ്രക്രിയയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും നടക്കുന്നത്. ഫാസിസം അരങ്ങുവാഴുന്ന ഈ സാഹചര്യത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുന്നവരെയെല്ലാം പീഡിപ്പിക്കുന്നതിലൂടെയാണ് പ്രസ്തുത ലക്ഷ്യം നേടാന്‍ അവര്‍ ഉദ്ദേശിക്കുന്നത്. സ്വതന്ത്രചിന്തകരും വിദ്യാര്‍ഥി സംഘടനകളും ദേശവിരുദ്ധരെന്ന് മുദ്രകുത്തപ്പെടുന്നു. വിദ്യാര്‍ഥികളെ നിശബ്ദരാക്കാന്‍ അവരെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. രാജ്യത്തെ സര്‍വകലാശാലകളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് മനോഭാവത്തിന് തടയിടാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

നാഗരാജുവിനോടും പീഡിപ്പിക്കപ്പെടുന്ന വിദ്യാര്‍ഥികളോടും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുന്ന ഫാസിസത്തിനെതിരെ അടിയുറച്ച് നിലകൊള്ളുന്ന ഈ രാജ്യത്തെ ജനതയോടും സി.യു.കെ അംബേഡ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ ജനാധിപത്യവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ പോരാടുന്ന നാഗരാജുവിനെ പോലെയുള്ള പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളോട് ഐക്യപ്പെടാന്‍ ഈ രാജ്യത്തെ ജനാധിപത്യ പുരോഗമനവാദികളോട് ഈ അവസരത്തില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ജയ് ഭീം

(അംബേഡ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, കേരള കേന്ദ്ര സര്‍വകലാശാല.)

Top