ഐഎഫ്എഫ്കെയിലെ സിനിമകൾ: സാമ്യതകളും സമാന്തരങ്ങളും (ഭാഗം രണ്ട്)

January 9, 2019

എല്ലാ വർഷവും ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ് മലയാള സിനിമയുടെ നിലവാരമില്ലായ്‌മ. മലയാള സിനിമയുടെ കുറവുകൾ രണ്ട് തരത്തിലാണെന്ന് പറയാം. ഒന്ന്, സാങ്കേതികമായ മികവു കുറവ്. ഈ പ്രശ്‌നം പതിറ്റാണ്ടുകളായി തന്നെ മലയാള സിനിമയെ ബാധിക്കുന്ന ഒന്നാണ്. നല്ല ഫിലിം സ്റ്റോക്കോ ക്യാമറയോ ലഭ്യമാകാത്തത് മുതൽ സാങ്കേതികവിദ്യയിൽ ശ്രദ്ധയില്ലായ്‌മ വരെ ഇതിന് കാരണമാകുന്നുണ്ട്. ഏതായാലും ഓരോ വർഷവും ഇറങ്ങുന്നതിൽ വച്ച് വളരെ കുറച്ച് സിനിമകൾക്കേ പറയാൻ തക്കതായ സാങ്കേതിക ഗുണങ്ങൾ ഉണ്ടാകാറുള്ളൂ. പക്ഷെ 23 വർഷമായി മുടങ്ങാതെ നടന്നിട്ടും IFFK പൊതുവെ മലയാള സിനിമകളുടെ ഗുണ നിലവാരത്തിൽ സാരമായ മാറ്റം ഒന്നും കാണാത്തത് ഒരു പരാജയമാണ്.

“കല” എന്ന് ഒരു വ്യവഹാരത്തെ വിളിക്കുന്നത് തന്നെ ഒരു നിഗൂഢവത്കരണം ആയിത്തീർന്നിരിക്കുന്ന ഈ കാലത്ത്, “ഇവിടെ കലാസ്വാദനം നടക്കുന്നു” എന്ന വിധത്തിലുള്ള മുൻവിധികൾ മാറ്റിവെച്ചാൽ ചില സാമ്യതകളും സമാന്തരങ്ങളും തെളിയും. അഭിനിവേശങ്ങളുടെ സാക്ഷാത്‌കാര ശ്രമങ്ങളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമകളിൽ ഏതാണ്ടെല്ലാം തന്നെ. “പോപ്പുലർ സിനിമ” എന്ന് വിളിക്കപ്പെടുന്ന സിനിമകളിൽ നിന്ന് വ്യത്യസ്തമല്ലാത്തവ. അപവാദമായി നിൽക്കുന്ന സിനിമകൾ ചുരുങ്ങിയ ബഡ്ജറ്റിൽ ഒരുക്കിയ, ചലച്ചിത്രോൽത്സവങ്ങളിൽ പ്രദർശിപ്പിച്ച് മാത്രം ലാഭം നേടാൻ ശ്രമിക്കുന്ന ചിലതായിരിക്കും, അവയും അധികമില്ല. അതുകൊണ്ട് തന്നെ ഈ സിനിമകളേയും “പോപ്പുലർ സിനിമയെ” വിലയിരുത്താൻ ഉപയോഗിക്കുന്ന പദ്ധതികൾ കൊണ്ട് തന്നെ വിലയിരുത്തണം. എന്നാൽ അത്തരത്തിൽ നോക്കുമ്പോഴും കേരളത്തെ പ്രതിനിധീകരിച്ച സിനിമകളുടെ നിലവാരം അന്താരാഷ്‌ട്ര സിനിമകളേക്കാൾ വളരെ കുറഞ്ഞതാണെന്ന് അംഗീകരിക്കേണ്ടി വരും. ‘ഈ.മാ.യൗ’വ്വിനും ‘ബിലാത്തികുഴലി’നും (2018) ലഭിച്ച പുരസ്കാരങ്ങളെ ആശ്ചര്യത്തോടെയെ കാണാൻ കഴിയൂ.


ഈ.മാ.യൗ

എല്ലാ വർഷവും ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ് മലയാള സിനിമയുടെ നിലവാരമില്ലായ്‌മ.മലയാള സിനിമയുടെ കുറവുകൾ രണ്ട് തരത്തിലാണെന്ന് പറയാം. ഒന്ന്, സാങ്കേതികമായ മികവു കുറവ്. ഈ പ്രശ്‌നം പതിറ്റാണ്ടുകളായി തന്നെ മലയാള സിനിമയെ ബാധിക്കുന്ന ഒന്നാണ്. നല്ല ഫിലിം സ്റ്റോക്കോ ക്യാമറയോ ലഭ്യമാകാത്തത് മുതൽ സാങ്കേതികവിദ്യയിൽ ശ്രദ്ധയില്ലായ്‌മ വരെ ഇതിന് കാരണമാകുന്നുണ്ട്. ഏതായാലും ഓരോ വർഷവും ഇറങ്ങുന്നതിൽ വച്ച് വളരെ കുറച്ച് സിനിമകൾക്കേ പറയാൻ തക്കതായ സാങ്കേതിക ഗുണങ്ങൾ ഉണ്ടാകാറുള്ളൂ. പക്ഷെ IFFK 23 വർഷമായി മുടങ്ങാതെ നടന്നിട്ടും പൊതുവെ മലയാള സിനിമകളുടെ ഗുണ നിലവാരത്തിൽ സാരമായ മാറ്റം ഒന്നും കാണാത്തത് ഒരു പരാജയമാണ്. ഈ പരാജയത്തിന്റെ കാരണം ചലച്ചിത്രോത്സവങ്ങളുടെ പ്രചോദനം അത്യുത്‌പാദനം ആണെന്നതാണ്. മലയാള സിനിമാവ്യവസായം ധാരാളമായി സിനിമകൾ നിർമ്മാണം ചെയ്യുന്ന ഒന്നാണ്. ഇവയിൽ സാമ്പത്തികമായി പരാജയപ്പെട്ട് പോകുന്ന സിനിമകൾ ഒന്നും തന്നെ അവയുടെ വ്യത്യസ്തത കൊണ്ട് പരാജയപെടുന്നതല്ല എന്ന് പറയാം (പ്രത്യേകിച്ചും IFFK തുടങ്ങുന്നതിന് മുൻപ്. IFFK വന്നതിന് ശേഷം നിർമ്മിക്കപ്പെട്ട ചില നല്ല സിനിമകൾ വ്യത്യസ്തത മൂലം പരാജയമായിട്ടുണ്ട്, എങ്കിലും അത്തരം സിനിമകളും വളരെ കുറവാണ്), മറിച്ച് അവയുടെ മികവു കുറവ് കൊണ്ട് പരാജയപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ, ഒരു ചലച്ചിത്രോത്സവവേദി തയ്യാറാക്കുന്നത് കൊണ്ട് പരിഹരിക്കാൻ സാധിക്കുന്ന തരത്തിലുള്ള അത്യുത്പാദനമല്ല ഇത്, നല്ല സാങ്കേതികവിദ്വാന്മാരെയും ചിന്തകന്മാരെയും വളർത്തിയെടുക്കാനുള്ള വ്യവസ്ഥിതിയില്ലാതെ പോയതിന്റെയും മറ്റും ഫലം ആയിരിക്കണം. ഈ സാഹചര്യത്തിൽ IFFK-ക്ക് പുറംതള്ളപ്പെട്ട മലയാള സിനിമകൾക്കുള്ള വേദിയാകാൻ സാധിക്കില്ല. പുറമെ നിന്നും സിനിമകൾ ഇറക്കുമതി ചെയ്യാനേ കഴിയൂ. ഫലത്തിൽ IFFK ചെയ്യുന്നത് ഒരു കൂട്ടം ആളുകളുടെ അന്താരാഷ്‌ട്ര സിനിമ കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ചലച്ചിത്രോത്സവം പൂർണ്ണമായും പങ്കെടുക്കുന്ന ജനങ്ങളുടെ പൈസ കൊണ്ട് നടത്തുകയും, സർക്കാർ പൈസ മറ്റെന്തെങ്കിലും ചലച്ചിത്ര അക്കാദമി പ്രവർത്തനത്തിന് കൊടുക്കുകയുമാവും ഉചിതം.

‘കാപ്പർണോം’ മികവ് നേടുന്നത് കേവലം അതിന്റെ ആഖ്യാനത്തിൽ നിന്നല്ല – ചില സൂക്ഷ്മതകളിൽ നിന്നാണ്; കൈകുഞ്ഞിൽ നിന്ന് അകന്ന അമ്മ മുലപ്പാൽ പിഴിഞ്ഞ് കളഞ്ഞുകൊണ്ടു കരയുന്നതു പോലെയൊരു ശക്തമായ ഇമേജ് ‘ഒഴിമുറി’യിൽ എന്നല്ല, മലയാള സിനിമയിൽ തന്നെ അപൂർവമാണ്; പകരം കാണുന്നത് ഒരു സാധാരണ ക്ലോസ് ഷോട്ടിലെ കരച്ചിലായിരിക്കും, ചിലപ്പോൾ ഒരു ശോകഗാനവും.

രണ്ടാമത്തെ കുറവാണ് IFFK കൊണ്ട് നികത്താൻ സാധിക്കുന്ന ഒന്ന് (പക്ഷെ നികത്തപ്പെടുന്നില്ല എന്നതാണ് സത്യം – അതിനുള്ള കാരണം അന്വേഷിക്കേണ്ടതുണ്ട്); ഇത് മലയാള സിനിമകൾക്ക് യാഥാർഥ്യത്തെ, അല്ലെങ്കിൽ യാഥാർഥ്യത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ, സർഗാത്മകമായി വിവരിക്കാൻ കഴിയുന്നില്ല എന്നതാണ്; അഥവാ പ്രാദേശിക സാഹചര്യങ്ങളിൽ ഇപ്പോഴും തളക്കപ്പെട്ടിരിക്കുകയാണ് മലയാള സിനിമ. ഒരു ഉദാഹരണമെടുത്താൽ ഇത് വ്യക്തമാകും – ഈ വർഷം IFFK-യിൽ കാണിച്ച ലെബനീസ് സിനിമയാണ് ‘കാപ്പർണോം’ (2018). ‘കാപ്പർണോമി’ന്റെ ആഖ്യാനരൂപവും ‘ഒഴിമുറി’യുടെ (2012) ആഖ്യാനരൂപവും തമ്മിൽ ഏറെ സാമ്യതകളുണ്ട്; രണ്ടും ഒന്ന് തന്നെയാണെന്ന് പോലും പറയാം. രണ്ട് സിനിമകളും തുടങ്ങുന്നത് ഒരു കോടതിയിൽ പതിവുതെറ്റിച്ചുകൊണ്ട് ഒരു വിചിത്രമായ കേസ് വരുന്നതോടെയാണ്. തുടർന്ന് ചില ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെയും കോടതിയിലെ വിശദീകരങ്ങളിലൂടെയും കഥ മുന്നോട്ട് പോവുകയും, കഥാപാത്രങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണകൾ പൊളിയുകയും ചെയ്യുന്നു. രണ്ട് സിനിമകളും എത്തിച്ചേരുന്ന ഇടങ്ങളും സാമ്യമുള്ളവയാണ് – ‘കാപ്പർണോമി’ന്റെ അവസാന രംഗങ്ങളിലൂടെയും ഭരണകൂടത്തിന്റെയും ചില ലിബറൽ സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലോടെ കുടിയേറ്റക്കാർക്കും ദരിദ്രർക്കും നീതി ലഭിക്കുകയാണ്, ‘ഒഴിമുറി’യിൽ ദമ്പതികൾ വിവാഹമോചനം നേടിയിട്ടും അവർ ഒരുമിച്ച് തന്നെ ജീവിക്കുന്നു – അതായത്, ഇരു സിനിമകളിലും പ്രശ്‌നങ്ങൾക്ക് കാരണമാവുന്ന വ്യവസ്ഥിതികൾ (ലിബറൽ ഡെമോക്രസി, ഏകപതിത്വം എന്നിവ) അവസാനം പതറാതെ നിൽക്കുകയാണ്.


കാപ്പർണോം (2018)

ഈ രണ്ട് സിനിമകൾ തമ്മിലുള്ള വ്യത്യാസം കിടക്കുന്നത് അവക്ക് അടിയിലെ സാമൂഹ്യ യാഥാർഥ്യത്തെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ച അളവിലാണ്. ‘കാപ്പർണോം’ പറയാൻ ശ്രമിക്കുന്നത് ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും കഥയാണ്, അതിന് വേണ്ടി സിനിമ കുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചൊരു കഥയൊരുക്കുന്നു. ഈ കഥ ചില ക്ളീഷേ രംഗങ്ങളിലൂടെയാണെങ്കിലും അടിസ്ഥാനപരമായ മനുഷ്യാവസ്ഥകളെ സ്പർശിക്കാൻ ശ്രമിക്കുന്നുണ്ട്; ഏതു സംസ്കാരത്തിലും കാണുന്ന സംഘർഷങ്ങളും വേർപാടുകളും അകലങ്ങളും. പക്ഷെ ‘ഒഴിമുറി’ അധികം ഒന്നും അതിന്റെ പ്രത്യേക സാമൂഹ്യസാഹചര്യങ്ങളുടെ ബന്ധനങ്ങളെ ഭേദിച്ച് സാർവത്രികമാകുന്നില്ല. അതിലെ സംഘർഷങ്ങളും അനുഭവങ്ങളും പലതും തറവാടുമായും കുടുംബക്രമവുമായും വേർതിരിക്കാൻവയ്യാത്തവിധം പിരിഞ്ഞു കിടക്കുന്നവയാണ്.

‘കാപ്പർണോം’ മികവ് നേടുന്നത് കേവലം അതിന്റെ ആഖ്യാനത്തിൽ നിന്നല്ല – ചില സൂക്ഷ്മതകളിൽ നിന്നാണ്; കൈകുഞ്ഞിൽ നിന്ന് അകന്ന അമ്മ മുലപ്പാൽ പിഴിഞ്ഞ് കളഞ്ഞുകൊണ്ടു കരയുന്നതു പോലെയൊരു ശക്തമായ ഇമേജ് ‘ഒഴിമുറി’യിൽ എന്നല്ല, മലയാള സിനിമയിൽ തന്നെ അപൂർവമാണ്; പകരം കാണുന്നത് ഒരു സാധാരണ ക്ലോസ് ഷോട്ടിലെ കരച്ചിലായിരിക്കും, ചിലപ്പോൾ ഒരു ശോകഗാനവും. ‘കാപ്പർണോം’ അതിന്റെ ജീവിതപരിസരങ്ങൾ ചിത്രീകരിക്കുന്നതിൽ ഇതേ സൂക്ഷ്മത കാണിക്കുന്നുണ്ട്; സിനിമയുടെ ഭൂരിഭാഗവും സംഭവവികാസങ്ങളേക്കാൾ അധികം പ്രാധാന കഥാപാത്രങ്ങളായ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളുടെയും അഭിനിവേശങ്ങളുടെയും വിവരണങ്ങളാണ്. ഇതുകൊണ്ട് മാത്രമായിരിക്കും ‘കാപ്പർണോം’ ശരാശരിയിൽ നിന്ന് നന്നായി ഉയർന്നുനിൽക്കുന്നത്.

‘ഒഴിമുറി’യിൽ ഇത്തരം സൂക്ഷ്‌മതകൾ ഒട്ടുമില്ല എന്ന് പറയാൻ കഴിയില്ല, എന്നിരുന്നാലും മെലോഡ്രാമയുടെ ചേഷ്ടകൾ ഒട്ടും തന്നെ വികസിപ്പിക്കാതെ അവയിൽ കടിച്ചുതൂങ്ങി നിൽക്കുന്ന സിനിമയാണ്. സിനിമയിലെ ആളുകളുടെ പെരുമാറ്റങ്ങൾ, പശ്ചാത്തല സംഗീതം, സംഭാഷണങ്ങൾ, ക്യാമറയുടെ സഞ്ചാരം, ഇവയെല്ലാം നമുക്ക് സുപരിചിതമാകുന്നത് യാഥാർഥ്യത്തിൽ നിന്നല്ല, മറിച്ച് മറ്റു സിനിമകളിൽ നിന്നാണ്. ഈ ശീലങ്ങൾക്ക് ചെറിയ തോതിലെങ്കിലും മാറ്റം വരാതെ പ്രാദേശികതയിൽ നിന്ന് സാർവത്രികതയിലേക്ക് നീങ്ങാൻ പ്രയാസമായിരിക്കും. കാരണം, ഈ ശീലങ്ങൾ രൂപീകരിക്കപ്പെട്ടതിന് ശേഷമുണ്ടായ ലോകവീക്ഷണത്തിലെ മാറ്റങ്ങളെ സ്വാംശീകരിക്കാൻ ഇവക്ക് കഴിയാതെവന്നിരിക്കുന്നു.

മെലോഡ്രാമയുടെ ഈ സ്വഭാവത്തിൽ നിന്ന് മാറാൻ ശ്രമിക്കുന്ന മലയാള സിനിമകൾക്ക് മറ്റൊരു യാഥാർഥ്യസങ്കൽപ്പം മുന്നോട്ടു വെക്കാൻ കഴിയാതെ പോവുന്നു. ഇതിനൊരു ഉദാഹരണമാണ് ‘ബിലാത്തികുഴൽ’. സാങ്കേതികമേഖലകളിൽ പരിതാപകരം ആണ് സിനിമ എന്ന് എടുത്തു പറയേണ്ടതുണ്ട്. പക്ഷെ, ലളിതമായി “മോശം ചിത്രമാണ്” എന്ന് പറഞ്ഞു നിർത്തിക്കൂടാ – “സമാന്തര സിനിമകൾ” എന്ന പേരിൽ ഇന്ന് ഇറങ്ങുന്ന മിക്കവാറും മലയാള സിനിമകളുടെ അവസ്ഥ ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ ‘ബിലാത്തികുഴലി’നെ മുൻനിർത്തി ഒരു ചർച്ച പ്രസക്തമാണ്.


ബിലാത്തികുഴൽ  (2018)

‘ബിലാത്തികുഴലി’ലെ കഥ ഒരു മനുഷ്യന്റെ തോക്കിനോടുള്ള ആകർഷണം ആണ്. സിനിമയുടെ ആദ്യം മുതൽ തന്നെ സുവ്യക്തമാകുന്ന കാര്യം സാമൂഹ്യപരിസരത്തെ കുറിച്ചോ സംഭവവികാസങ്ങളുടെ ചരിത്രപരമായതും മാനസികമായതും ആയ കാരണങ്ങളെക്കുറിച്ചോ സംവിധായകൻ ആലോചിച്ചിട്ടേ ഇല്ല എന്നാണ് – ഒരേ ഒരു രംഗം മതി ഇത് തെളിയാൻ; സിനിമയുടെ ആദ്യരംഗം. “മുത്തശ്ശി” എന്നാൽ കഥപറയുന്ന ഒരു ഉപകരണം ആണ്, “‘അമ്മ” എന്നാൽ വീട്ടിൽ ഇരുന്നു അരി അരക്കുന്ന സ്ത്രീയാണ് എന്ന മട്ടിലുള്ള ആദ്യരംഗത്തിലെ എസ്റ്റാബ്ലിഷിംഗ് ഷോട്ടുകൾ കൊണ്ടുതന്നെ സിനിമയുടെ സ്വഭാവം പിടികിട്ടും. ഒരു തരത്തിലും സൂക്ഷ്മതയില്ലാതെ ഭാവന ചെയ്യപ്പെട്ടിരിക്കുന്ന ‘ബിലാത്തികുഴലി’ലെ ലോകത്തിൽ സംഭവിക്കുന്ന കഥകൾക്കും യാതൊരുവിധത്തിലുള്ള സാമൂഹ്യ അടിസ്ഥാനവും ഇല്ല എന്നതിന് ഒരു അത്ഭുതവും ഇല്ല. തന്റെ സ്വന്തം ജീവിതത്തിൽ നിന്നും കേട്ട കഥകളിൽ നിന്നും ചെറിയ അംശങ്ങൾ ചീന്തിയെടുത്തുകൊണ്ടായിരിക്കണം സംവിധായകൻ ഈ ചിത്രം രചിച്ചത് എന്ന് തോന്നുന്നു, അല്ലാതെ സ്വന്തമായി യാഥാർത്യത്തെക്കുറിച്ചുള്ള ഒരു വീക്ഷണം തയ്യാറാക്കിക്കൊണ്ടാവില്ല. ‘ബിലാത്തികുഴലി’ലെ കഥാപാത്രങ്ങളെല്ലാം മുഖ്യകഥാപാത്രത്തിന് വേണ്ടി നിലകൊള്ളുന്നവയാണ്, മുഖ്യകഥാപാത്രത്തിന്റെ സ്വത്വം ആണെങ്കിൽ അയാൾക്ക് ഒരു തോക്കിനോടുള്ള ആരാധനയിൽ മാത്രം കേന്ദ്രീകരിച്ചുനിൽക്കുന്നു; മറ്റു സ്വത്വങ്ങളും സാമൂഹ്യ പ്രവർത്തികളും അവർക്കുള്ളതായി ഒരു സൂചനയുമില്ല. അത് കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ ഉദ്ദേശങ്ങളും പ്രചോദനങ്ങളും തിരിച്ചറിയുന്നത് അസാധ്യമാണ്. ഇതേ കാരണം കൊണ്ട് തന്നെ ഒരു കഥാപാത്രത്തിനും പ്രത്യേകിച്ച് പെരുമാറ്റരീതികളില്ല. പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു രംഗത്തിൽ ഇതെല്ലാം കാണാം – മുഖ്യകഥാപാത്രത്തിന്റെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ വേണ്ടി മാത്രം ഇരിക്കുന്ന പോലീസുകാരൻ മുഖ്യകഥാപാത്രം ആലോചനയിലാകുമ്പോൾ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്നു; അദ്ദേഹത്തിന് “പോലീസ് പണികൾ” ഉള്ളതായി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു കേസ് കൈകാര്യം ചെയ്യാൻ പോകുന്നുണ്ട്, പക്ഷെ അവിടെയുള്ള പോലീസുകാരന്റെ പെരുമാറ്റവും തൊട്ടുപുറകേ അയാൾ മുഖ്യകഥാപാത്രത്തിനോട് സംസാരിക്കുമ്പോളുള്ള പെരുമാറ്റവും തമ്മിൽ ഒരു തുടർബന്ധവുമില്ല. ഇതെല്ലാം ഇങ്ങനെയാണ് വിധിക്കപ്പെട്ടതെന്നോ സൃഷ്ടി എങ്ങനെയാണെന്നോ ഉള്ള ദൈവസങ്കൽപ്പങ്ങൾ കൊണ്ടുപോലും ‘ബിലാത്തികുഴലി’നെ ന്യായീകരിക്കാൻ കഴിയില്ല. സൃഷ്ടി പൂർത്തീകരിക്കാതെ ദൈവം ഉപേക്ഷിച്ചിട്ട് പോയ ലോകമാണ് ഇതെന്ന് പറഞ്ഞാൽ ഒരുപക്ഷെ അംഗീകരിക്കാനാകും. ഇത്തരം പോരായ്മകളെ നിഗൂഢവത്കരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സ്വഭാവം നമ്മൾ ശക്തമായി എതിർക്കേണ്ടതുമുണ്ട്.

മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘മാൻഹോളി’ൽ (2016) ഇതേ പ്രശ്‌നങ്ങൾ കാണാം. ‘മാൻഹോളി’ലെ സർക്കാർ ഓഫീസിലെ രംഗം മുകളിൽ വിവരിച്ച പോലീസ് സ്റ്റേഷൻ രംഗം പോലെ തന്നെയാണ്. ‘മാൻഹോളി’ൽ പക്ഷെ ചില കിച്ച് ആദർശങ്ങളും കയറിപ്പറ്റിയിട്ടുണ്ട് – പ്രധാന കഥാപാത്രത്തിന്റെ കോളേജ് കാലത്തിന്റെ ചിത്രീകരണത്തിലെ കാൽപനികതയും, മാരിമുത്തു എന്ന തോട്ടിപ്പണിക്കാരന്റെ തമിഴ് സിനിമയിലെ പ്രണയ നായകന്റെ ചേഷ്ടകളും ഇതിന്റെ രണ്ടു ഉദാഹരണങ്ങൾ മാത്രം. സിനിമയിലെ ലോകവീക്ഷണം ഒട്ടാകെ ലളിതവത്കരിക്കപ്പെട്ടുപോയതും സിനിമയുടെ പ്രശ്ന പരിഹാരരീതിയുടെ ആദർശനിഷ്ഠതയും തമ്മിൽ ബന്ധമുണ്ടെന്ന് തന്നെ മനസിലാക്കണം – ഇത്ര സൂക്ഷ്മതക്കുറവോടെ ഭാവന ചെയ്യപ്പെട്ട ലോകത്തിൽ മാത്രമേ മനുഷ്യാവകാശ കമ്മീഷനിലേക്ക് ഒരു ജാഥ നടത്തിയാൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുകയുള്ളു.


തൊണ്ടിമുതലും ദൃക്‌സാക്ഷിയും (2017)

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ (2017) പോലെയുള്ള സിനിമകൾ ഒരു ബദൽ ലോകവീക്ഷണം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്, എന്നാലും മലയാള സിനിമക്ക് ‘കാപ്പർണോം’, ‘ഡോൺബാസ്’ (2018), ‘ദ ഡേ ഐ ലോസ്റ്റ് മൈ ഷാഡോ’ (2018) പോലെയുള്ള സിനിമകളുടെ ഭൗതികനിരീക്ഷണങ്ങളിൽ നിന്ന് ഒരുപാട് കണ്ടു മനസിലാക്കാനുണ്ട്, IFFK-ക്ക് അത്തരം സാധ്യതകൾ തുറന്നുകാട്ടാൻ സാധിച്ചിട്ടുമുണ്ട്. ഒരുപക്ഷെ ഇവയേക്കാളെല്ലാം അധികം ‘ടെൽ അവീവ് ഓൺ ഫയർ’ (2018) എന്ന അറബ്-ഇസ്രായേലി ചിത്രത്തിന്റെ പ്രസക്തിയാകും മറ്റുള്ളവയെക്കാൾ അധികം (ലേഖകൻ കണ്ട സിനിമകളിൽ വെച്ച്).

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ തന്റെ പ്രഭാഷണത്തിൽ സർക്കാരിന്റെ സഹായം ഇല്ലാതെ IFFK ഇനി നടത്താൻ സാധിക്കട്ടെ എന്ന് ആഗ്രഹിച്ചതിൽ പഴിപറയാനാകില്ല; അദ്ദേഹം ‘മാൻഹോളും’ ‘ബിലാത്തികുഴലും’ കണ്ടിട്ട് “ഇതാണോ ബുദ്ധിജീവി സിനിമ?” എന്ന് വിചാരിച്ചിരിക്കണം.

“മുഖ്യധാരാ” എന്ന് വിളിക്കപ്പെടുന്ന രൂപഘടനയിലാണ് ‘ടെൽ അവീവ്’ രചിക്കപ്പെട്ടിരിക്കുന്നത്. അഭിനിവേശങ്ങളെ നേരിട്ട് തന്നെ സിനിമ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നുണ്ട്, അതിനുവേണ്ടി പ്രമേയമാക്കുന്നത് സിനിമക്കുള്ളിലെ ഒരു സീരിയലിനെയാണ്. പ്രണയജീവിതത്തിലും ജോലിയിലും വിജയിക്കാൻ ശ്രമിക്കുന്ന, സവിശേഷകഴിവുകളില്ലാത്ത, സലാമിന്റെ കഥയാണ് ‘ടെൽ അവീവ്’. സലാമിന് യാദൃശ്ചികമായി ഒരു സീരിയലിന്റെ രംഗങ്ങൾ എഴുതാൻ അവസരം കിട്ടുകയും, ആ സീരിയൽ ഇസ്രായേൽ-അറബ് സംഘർഷത്തിനിടയിൽ പെടുകയും ചെയ്യുന്നു. ‘കാപ്പർണോം’ പോലെ തന്നെ ഈ സിനിമയും സാധാരണതയിൽ നിന്ന് ഉയരുന്നത് ചില വിശദാംശങ്ങളും സൂക്ഷ്മതകളും കൊണ്ടാണ് – പക്ഷെ ഈ സൂക്ഷ്മതകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന യാഥാർഥ്യം സ്പഷ്ടമായതുകൊണ്ടാണ് ഇവ സിനിമയിൽ ഇടം നേടിയത് തന്നെ. തികച്ചും കണ്ടുപരിചിതമായ ചില കഥാപാത്രരൂപങ്ങൾക്ക് നൽകിയിട്ടുള്ള സവിശേഷതകളാണ് ഈ സൂക്ഷ്മതകൾ – സീരിയലിൽ അഭിനയിക്കുന്ന ഒരു ഫ്രഞ്ച് നടി സലാമിനോട് വിവരിക്കുന്ന ഫ്രാൻസ് ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്; ഫ്രാൻ‌സിൽ സ്വാതന്ത്ര്യമുണ്ട്, തൊഴിൽ എടുക്കേണ്ട, അതുകൊണ്ട് ഇവിടെ നിന്ന് രക്ഷപ്പെട്ടു അവിടേക്കു വരൂ എന്നാണ് ആ നടി പറയുന്നത്. സിനിമയിൽ അത് വരെ വിവരിക്കപ്പെടുന്ന ലളിതമായ അഭിനിവേശങ്ങളിൽ നിന്ന് ഈ ഉട്ടോപ്യൻ അഭിനിവേശം തികച്ചും വ്യത്യസ്തമായി നിൽക്കുന്നു; ഈ ഉട്ടോപ്യൻ സാധ്യത നിലനിർത്തിക്കൊണ്ടുതന്നെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. കൂലിക്ക് വേണ്ടി തൊഴിലെടുക്കേണ്ട ഗതികേടില്ലാത്ത സമൂഹത്തിന്റെ സങ്കൽപ്പം ഒരു കമ്മ്യൂണിസ്റ്റ് ഉട്ടോപിയ ആയിട്ടാണ് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്; ഇവിടെ പക്ഷെ ഈ ഉട്ടോപിയയും ക്യാപിറ്റലിസം സ്വാംശീകരിച്ചിരിക്കുന്നു. സിനിമയുടെ അവസാനം വരെ ക്യാപിറ്റലിസത്തിന്റെ ഈ സ്വാംശീകരണശക്തി പ്രവർത്തിക്കുന്നുണ്ട്; സിനിമയുടെ പ്രശ്‌നപരിഹാരം സംഭവിക്കുന്നത് തന്നെ ഇങ്ങനെയാണ് – സിനിമ മുന്നോട്ടുവെക്കുന്ന തീവ്രമായ ആശയം മൂലധനത്തിന്റെ നിരന്തര കൈമാറ്റത്തിനിടയിൽ ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് വഴിമാറാതിരിക്കാൻ കഴിയില്ല എന്നതാണ്. 


ടെൽ അവീവ് ഓണ്‍ ഫയര്‍ (2018)

വ്യവസ്ഥിതിയെക്കുറിച്ച് ഇത്രയും ധീരമായ സങ്കൽപ്പങ്ങൾ മലയാള സിനിമകളിൽ കാണാറില്ല, ഇവയെ സർഗാത്മകമായി വിവരിക്കാനുള്ള ഭാഷ മലയാള സിനിമ കൈവരിച്ചിട്ടുമില്ല. IFFK തുടർച്ചയായി ഇവിടെ നടക്കുകയുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരം സാധ്യതകളെക്കുറിച്ച് സിനിമ വ്യവസായം ബോധവത്താകുന്നില്ല എന്നത് ഒരു വലിയ ചോദ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം  തേടേണ്ടത് ഒരുപക്ഷെ പ്രാദേശികമായി നിലനിൽക്കുന്ന സിനിമ നിർമ്മാണ വ്യവസ്ഥിതികളിൽ ആയിരിക്കും; സർക്കാർ ചിലവിൽ IFFK എല്ലാ വർഷവും നടത്തുന്നതുകൊണ്ട് ഇത് പരിഹരിക്കപ്പെടും എന്ന് കരുതാൻ സൂചനകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ തന്റെ പ്രഭാഷണത്തിൽ സർക്കാരിന്റെ സഹായം ഇല്ലാതെ IFFK ഇനി നടത്താൻ സാധിക്കട്ടെ എന്ന് ആഗ്രഹിച്ചതിൽ പഴിപറയാനാകില്ല; അദ്ദേഹം ‘മാൻഹോളും’ ‘ബിലാത്തികുഴലും’ കണ്ടിട്ട് “ഇതാണോ ബുദ്ധിജീവി സിനിമ?” എന്ന് വിചാരിച്ചിരിക്കണം.

(അവസാനിച്ചു.)

  • Director Kim Ki-duk sues rape, harassment accusers - https://goo.gl/WsrsZ6
  • Bilathikuzhal Movie Review: That Obscure Object Of Desire - https://goo.gl/UT6qos
  • Gaspar Noe interview: ‘The demonisation of nudity is sending Western society back to the 19th century’ - https://goo.gl/93UND9
  • Korean Director Kim Ki-duk Faces New Accusations of Rape - https://goo.gl/ztkEpe
  • Obsessed till the end - https://goo.gl/uy3Hb1
Top