ഐഎഫ്എഫ്കെ: ക്യാപിറ്റലിസത്തിൻ്റെ ഉത്സവ യുക്തികൾ (ഭാഗം ഒന്ന്)

December 31, 2018

അക്ഷരാർഥത്തിൽ ഒരു “ഉത്സവം” തന്നെയാണ് IFFK; സമൃദ്ധിയാണ് അതിന്റെ പ്രചോദനം. പക്ഷേ ഒരു ക്യാപിറ്റലിസ്റ്റ് സമൃദ്ധിയാണ് ഇവിടെ കാണുന്നത്. ഒരു പ്രത്യേക ഉത്പന്നത്തിന്റെ അമിതോത്പാദനവുമായി ബന്ധപ്പെട്ട ഉത്സവമാണ് IFFK. നിർമിക്കപ്പെടുന്ന സിനിമകളിൽ പലതിനും നിലവിലുള്ള വിതരണശൃംഖലയിലൂടെ വിൽക്കപ്പെടാനുള്ള സാധ്യത ഇല്ലാതാവുകയും, അങ്ങനെ തിരസ്കരിക്കപ്പെടുന്ന സിനിമകളിൽ പലതിനും മൂല്യമുണ്ടെന്നു തിരിച്ചറിയുകയും ചെയ്തതോടു കൂടി ഉണ്ടായി വന്ന വ്യവസ്ഥാക്രമമാണു ചലച്ചിത്രോത്സവങ്ങളുടേത്. ഇവയെ പോലെതന്നെ പ്രത്യേക കല/ചരക്കുകൾ ആസ്പദമാക്കി ധാരാളം ഉത്സവങ്ങൾ ക്യാപിറ്റലിസത്തിനു കീഴിൽ രൂപംകൊണ്ടിട്ടുണ്ട് – സാഹിത്യം, സംഗീതം, ദൃശ്യകല, നാടോടികല, പരമ്പരാഗതകല എന്നിങ്ങനെ എല്ലാത്തിനും ഉത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്, പൈസ ചിലവാക്കപ്പെടുന്നുണ്ട്. ചലച്ചിത്രോത്സവങ്ങൾ ആദ്യം തുടങ്ങിയതു യൂറോപ്പിലാണ്. പിന്നീടു ലോകമൊട്ടാകെ പടരുകയും ചെയ്തു.

ഉത്സവം എന്ന പ്രതിഭാസം

“ഉത്സവം” എന്ന വാക്കു മലയാളിയുടെ മനസ്സിലേക്കു ക്ഷണിക്കുന്ന ദൃശ്യങ്ങൾ സ്വാഭാവികമായും അമ്പലങ്ങളിലെ ഉത്സവങ്ങളുടെയും പൂരങ്ങളുടെയുമാണ്. ഈ വാക്കിന് ഒരു ഹൈന്ദവസ്വഭാവം കൈവന്നതു തികച്ചും യാദൃഛികമായി കരുതാം, കാരണം മുസ്‌ലിം/ക്രിസ്ത്യൻ പെരുന്നാളുകളും സത്യത്തിൽ “ഉത്സവങ്ങൾ” തന്നെയാണ്, പക്ഷേ അവയെ “പെരുന്നാൾ” എന്നോ അല്ലെങ്കിൽ പ്രത്യേക പേരുകൾ കൊണ്ടോ ആണ് അഭിസംബോധന ചെയ്യുന്നത് എന്നു മാത്രം. എന്തായാലും “ഉത്സവം” എന്ന ആശയത്തിന് ഒരു പൊതുസ്വഭാവം ഉണ്ടെന്നു കരുതാം. ഭക്ഷണത്തിന്റെയും ചമയങ്ങളുടെയും കലാവസ്തുക്കളുടെയും നാട്യങ്ങളുടെയും അമിതത്വമാണ് ഈ പൊതുസ്വഭാവത്തിന്റെ അടിസ്ഥാനം.

പ്രാചീനകാലം മുതൽ തന്നെ പല രൂപങ്ങളിലായി നിലനിന്നുപോന്ന, നാഗരികതയുമായി ബന്ധപ്പെട്ട, ഒരു പ്രതിഭാസം ആയിരിക്കണം ഇത്തരം ഉത്സവങ്ങൾ. ഇവ കാർഷിക ഉത്പാദനം സഫലമായി നിർവ്വഹിച്ചിരുന്ന എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നിരിക്കണം; “ഫെസ്റ്റിവൽ” എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം തന്നെ “ഫീസ്റ്റ്” എന്ന് അർഥം വരുന്ന “ഫെസ്റ്റം” എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്. അതായത്, ഭക്ഷ്യവസ്തുക്കൾ – പുറകെ മറ്റു ഉത്പന്നങ്ങളും – സമൃദ്ധമായി ലഭിച്ചു തുടങ്ങുമ്പോഴാണ് ഉത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. കാർഷിക ഉത്പാദനത്തിനു ചിട്ടയും ക്രമവും വന്നതോടെ ഉത്സവങ്ങൾക്കും അതു കൈവന്നു. എല്ലാ വർഷവും അതേ ദിവസങ്ങളിൽ തന്നെ ഉത്സവങ്ങൾ സംഘടിപ്പിക്കാവുന്ന വിധം സ്ഥിരത ഉത്പാദനപ്രക്രിയക്കു ലഭ്യമാവുകയും, അതു മുന്നിൽ കണ്ടുകൊണ്ടു ദിവസങ്ങളോ മാസങ്ങളോ മുൻപു തന്നെ ഉത്സവങ്ങൾക്കു വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു. സമൃദ്ധി, അഥവാ അമ്പലങ്ങളിലും ഭരണവർഗത്തിന്റെ കൈകളിലും ഉള്ള സമൃദ്ധിയുടെ കേന്ദ്രീകരണം വർധിച്ചതോടെ ഉത്സവങ്ങൾ കൊയ്ത്തുകാലത്തു തന്നെ നടത്തണം എന്ന അനിവാര്യത ഇല്ലാതാവുകയും ക്രമേണ കൊയ്ത്തിൽ നിന്നു അകന്നു മാറുകയും ചെയ്തു.

ഇതു വരെ സൂചിപ്പിച്ച “സമൃദ്ധി” പൊതുവായ സമൃദ്ധിയാണ്; പ്രത്യേക ഉത്പന്നങ്ങളുടെയല്ല. പ്രത്യേക ഉത്പന്നങ്ങളുടെ സമൃദ്ധി വന്നതു ക്യാപിറ്റലിസം വരുന്നതോടു കൂടിയാണെന്നു പറയാം. അതായത്, ഏതെങ്കിലും ഒരു മേഖലയിൽ ക്ഷാമം വന്നാലും മറ്റൊരു മേഖലയിൽ സമൃദ്ധമായ ഉത്പാദനം നടത്താൻ സാധിക്കുക എന്ന അവസ്ഥ വിപുലമായി കാണാൻ സാധിക്കുന്നതു ക്യാപിറ്റലിസത്തിലാണ്. ഈ മാറ്റം ഉത്സവങ്ങളിലും കാണാൻ സാധിക്കും. മധ്യകാലങ്ങളിലോ അതിനു മുൻപോ പിറന്ന ഉത്സവ രീതികളിൽ പ്രത്യേക വ്യാപാരച്ചരക്കുകളിലുള്ള ആശ്രയം കാണാൻ സാധിക്കില്ല; ആദ്യം പറഞ്ഞതു പോലെ ഭക്ഷണവും കലയും മറ്റു പല വസ്തുക്കളും സുഭിക്ഷമായിരിക്കും. എന്നാൽ ക്യാപിറ്റലിസത്തിൽ പിറന്ന ഉത്സവങ്ങൾക്കു പ്രത്യേക വ്യാപാരച്ചരക്കുകളെ കേന്ദ്രീകരിച്ചു സ്വയം ക്രമപ്പെടുത്താൻ സാധ്യതയുണ്ടെന്നു മാത്രമല്ല, അത്തരം ക്രമപ്പെടുത്തൽ ഒരുപക്ഷേ അനിവാര്യമായിരിക്കും. ലളിതമായ ഒരു ഉദാഹരണം കൊണ്ട് ഇതു തെളിയിക്കാം. കർണാടക സംഗീതോത്സവങ്ങൾ പോലും പ്രബലമാകുന്നതു വളരെ അടുത്ത കാലത്താണ്. പ്രത്യേക കലകളെ കേന്ദ്രീകരിച്ച് ഉത്സവങ്ങൾ നടത്തപ്പെടുന്നതു നമുക്കു കേട്ടുപരിചയം തന്നെ കുറവാണ്. നടത്തപ്പെടുന്നവയിൽ തന്നെ ഏതാനും നൂറുകണക്കിന് ആളുകൾ മാത്രമാണു പങ്കുചേരുന്നത്.

“ഉത്സവം” എന്നു നമ്മൾ ആദ്യം പറഞ്ഞപ്പോൾ ഉദിച്ച സങ്കൽപ്പം ഫ്യൂഡൽ സമൂഹത്തിൽ ഊന്നിനിൽക്കുന്നതാണെന്നു പറയേണ്ടതില്ല, എങ്കിലും അത്തരം ഒരു ഉത്സവവും കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവവും (International Film Festival of Kerala – IFFK) തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇവിടെ വ്യക്തമാകുന്നുണ്ട്. അക്ഷരാർഥത്തിൽ ഒരു “ഉത്സവം” തന്നെയാണ് IFFK; സമൃദ്ധിയാണ് അതിന്റെ പ്രചോദനം. പക്ഷേ ഒരു ക്യാപിറ്റലിസ്റ്റ് സമൃദ്ധിയാണ് ഇവിടെ കാണുന്നത്. ഒരു പ്രത്യേക ഉത്പന്നത്തിന്റെ അമിതോത്പാദനവുമായി ബന്ധപ്പെട്ട ഉത്സവമാണ് IFFK. നിർമിക്കപ്പെടുന്ന സിനിമകളിൽ പലതിനും നിലവിലുള്ള വിതരണശൃംഖലയിലൂടെ വിൽക്കപ്പെടാനുള്ള സാധ്യത ഇല്ലാതാവുകയും, അങ്ങനെ തിരസ്കരിക്കപ്പെടുന്ന സിനിമകളിൽ പലതിനും മൂല്യമുണ്ടെന്നു തിരിച്ചറിയുകയും ചെയ്തതോടു കൂടി ഉണ്ടായി വന്ന വ്യവസ്ഥാക്രമമാണു ചലച്ചിത്രോത്സവങ്ങളുടേത്. ഇവയെ പോലെതന്നെ പ്രത്യേക കല/ചരക്കുകൾ ആസ്പദമാക്കി ധാരാളം ഉത്സവങ്ങൾ ക്യാപിറ്റലിസത്തിനു കീഴിൽ രൂപംകൊണ്ടിട്ടുണ്ട് – സാഹിത്യം, സംഗീതം, ദൃശ്യകല, നാടോടികല, പരമ്പരാഗതകല എന്നിങ്ങനെ എല്ലാത്തിനും ഉത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്, പൈസ ചിലവാക്കപ്പെടുന്നുണ്ട്. ചലച്ചിത്രോത്സവങ്ങൾ ആദ്യം തുടങ്ങിയതു യൂറോപ്പിലാണ്. പിന്നീടു ലോകമൊട്ടാകെ പടരുകയും ചെയ്തു.

IFFK- ആര്, എന്ത് കാണുന്നു?

IFFK ആദ്യമായി നടത്തപ്പെടുന്നത് 1996-ലാണ്. അതിനു മുൻപ്, പലസ്ഥലങ്ങളിൽ മാറിമാറി നടത്തപ്പെട്ടു കൊണ്ടിരുന്ന ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം (International Film Festival of India – IFFI) 1988-ൽ കേരളത്തിൽ നടത്തപ്പെടുകയും, തുടർന്നു സിനിമയിൽ ജനത്തിന്റെ താല്പര്യം വർധിക്കുകയും ചെയ്തു. അങ്ങനെ രൂപീകരിച്ചതാണ് IFFK. പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളെ പോലെ സർക്കാർ മുൻകൈ എടുത്തു സ്ഥാപിച്ച ഒന്നാണ് IFFK-യും.

IFFK-യിൽ സിനിമ ആസ്വദിക്കണമെങ്കിൽ കുറഞ്ഞപക്ഷം ഇംഗ്ലീഷ് സാമാന്യ വേഗതയിൽ വായിക്കാനുള്ള കഴിവും ചെറിയതോതിലെങ്കിലും ലോകസംസ്കാരങ്ങളെക്കുറിച്ചുള്ള അറിവും ആവശ്യമാണ്. ഇപ്പോൾ തന്നെ നമ്മൾ “പൊതുജനം” എന്നു വിളിക്കുന്ന കൂട്ടത്തിലെ ബഹുഭൂരിപക്ഷം ആളുകളും അയോഗ്യരായി കഴിഞ്ഞു. ശേഷിക്കുന്നവരിൽ മൂന്നു ദിവസമെങ്കിലും കുടുംബത്തിൽ നിന്നു തനിച്ചു മാറിനിൽക്കാനുള്ള സാഹചര്യം ഉള്ളവരെ നോക്കിയാൽ സംഖ്യ ഇനിയും കുറയും. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവത്തിൽ തുടക്കം മുതൽ അവസാനം വരെ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം നിസ്സാരമായിരിക്കും. കേരളത്തിന്റെ ജനസംഖ്യയായ മൂന്നര കോടിയിൽ പതിനെട്ടു വയസ്സിനു മുകളിലുള്ളവരും ഇത്തരം ഒരു ഉത്സവത്തിൽ പങ്കെടുക്കാനുള്ള ആരോഗ്യമുള്ളവരും ആയവരുടെ സംഖ്യ കുറഞ്ഞപക്ഷം ഒരു കോടിയെങ്കിലും ആയിരിക്കണം (ഇന്ത്യയിലെ ജനസംഖ്യയിലെ ശിശുക്കളുടെ അംശം 39% ആണ്. കേരളത്തിൽ അതിലും കുറവായിരിക്കണം. 20% ആളുകൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടെന്നു കണക്കാകാം, ഈ സംഖ്യ യാഥാർഥ്യത്തിൽ നിന്ന് ഒരുപാട് അധികമാവാനാണു സാധ്യതയെങ്കിലും. ഇപ്പോഴും 60% ആളുകളെ അയോഗ്യരായിട്ടുള്ളു). ഈ ഒരുകോടി മനുഷ്യരിൽ നിന്നു ഡെലിഗേറ്റുകള്‍ ആയി രജിസ്റ്റർ ചെയ്യാൻ പരമാവധി സംവിധാനമുള്ളതു പതിനായിരം പേർക്കാണ്, അതായത് 0.1% ആളുകൾക്ക്. ഈ 0.1% സാമ്പത്തികസുരക്ഷ ഉള്ളവർ ആയിരിക്കാനേ വഴിയുള്ളു; ഒരു ചെറിയ അംശം ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിട്ടും വരുന്നു എന്നത് ഒഴിച്ചാൽ. ഈ പതിനായിരം പേർ അഞ്ഞൂറു രൂപക്കു ടിക്കറ്റ് എടുത്തു ഒരു സിനിമ കാണുകയാണെങ്കിൽ ലഭിക്കുന്നത് അൻപതു ലക്ഷം രൂപ മാത്രമായിരിക്കും. ഏറ്റവും കുറഞ്ഞ പൈസ കൊണ്ട് എടുത്ത ഇൻഡിപെൻഡന്‍റ് ചിത്രങ്ങൾ ഒഴിച്ചാൽ ഒരു സിനിമ പോലും ഈ കളക്ഷൻ കൊണ്ടു ലാഭമുണ്ടാക്കില്ല. മറുവശത്ത്, തിയേറ്ററുകളിൽ സാധാരണയായി പ്രദർശിപ്പിക്കുന്ന ഓരോ സിനിമക്കും ലക്ഷകണക്കിനു പ്രേക്ഷകരെയാണു ലഭിക്കുന്നത്.

ഇത്രയും പറ‍ഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്; ഒരു ചെറിയ വരേണ്യ വിഭാഗം മാത്രമാണ് IFFK സന്ദർശിക്കുന്നത്. ഇപ്പോഴും നമ്മൾ സംസ്ഥാനത്തിനു പുറത്തു നിന്നും വരുന്നവരെ പരിഗണിച്ചിട്ടില്ല എന്നോർക്കണം. ഈ വരേണ്യ വിഭാഗത്തിൽ നിന്നു തന്നെ ഡെലിഗേറ്റ് പാസിനുള്ള നിരക്കു രണ്ടായിരം രൂപയായി ഉയർത്തിയപ്പോൾ എണ്ണായിരം പേരെ മാത്രമേ ഡെലിഗേറ്റുകളായി ലഭിച്ചുള്ളൂ. രണ്ടായിരം രൂപ എടുക്കാൻ ഇല്ലാത്ത ദരിദ്രരായ ഒരു വർഗമാവാൻ ഒരു സാധ്യതയും ഇല്ലാത്തവരാണ് IFFK സന്ദർശിക്കുന്ന സിനിമ ആസ്വാദകർ എന്നിരിക്കെ, ആളുകളുടെ എണ്ണത്തിലെ കുറവിൽ നിന്നു മനസിലാക്കേണ്ടതു സിനിമ ഇവിടെ വ്യക്തമായും ഒരു ചരക്കാണ്, ആ ചരക്കിനോടുള്ള ഒരു ഫെറ്റിഷ്1 (fetish) മാത്രമാണു പല ആസ്വാദകരെയും അവിടെ എത്തിക്കുന്നത് എന്നാണ്. കഴിഞ്ഞ വർഷം ആറര കോടി രൂപ2 ചിലവാക്കി നടത്തിയ IFFK, ഡെലിഗേറ്റ് ഫീസിലൂടെ തിരിച്ചുപിടിച്ചത് ആകെ 66 ലക്ഷം ആണ്. ഫലത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഒരുകൂട്ടം പ്രേക്ഷകർക്കു സിനിമ ടിക്കറ്റ് കുറഞ്ഞ നിരക്കിൽ വാങ്ങാൻ സാധിക്കുന്ന സാഹചര്യമുണ്ടാക്കാൻ സർക്കാർ പൈസ ചിലവഴിക്കുന്നു എന്നതാണ്.

IFFK-യിലെകച്ചവടസിനിമകൾ

“ഞങ്ങൾ (IFFK) കാഴ്ചക്കാരിൽ നിന്നു പ്രചോദനം നേടുന്നവരാണ്, കമ്പോളത്തിൽ നിന്നല്ല” എന്ന് IFFK ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ ഒരു അഭിമുഖത്തില്‍3 പറയുന്നു. പറയുമ്പോൾ ഈ കാഴ്ചക്കാർ പക്ഷേ സിനിമകളെ സാമ്പത്തിക മൂല്യനിർണയത്തിനു വിധേയമാക്കുന്നുണ്ട് എന്ന കാര്യം മറക്കുന്നു. “സിനിമാ സാക്ഷരതയുള്ള ഈ ആൾക്കൂട്ടത്തിനു വേണ്ടിയാണു സിനിമകൾ തിരഞ്ഞെടുക്കുന്നത്” എന്നും രാഷ്ട്രീയമായ ഇടപെടലുകൾ തിരഞ്ഞെടുപ്പിൽ നടത്താറില്ല എന്നും അതേ അഭിമുഖത്തിൽ പറയുന്നു. എന്നാൽ തൊട്ടുപുറകെ, മിയ ഹാൻസെൻ-ലവ് പോലെയുള്ള സ്ത്രീ സംവിധായകരുടെ സിനിമകൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും പറയുന്നുണ്ട് (IFFK-യിൽ ഈ വർഷം പ്രദർശിപ്പിച്ച ഹാൻസെൻ-ലവിന്റെ സിനിമയായ ‘മായ’ (2018) ഒരു സ്ത്രീ സംവിധാനം ചെയ്തതാണെങ്കിലും തികച്ചും ആൺകോയ്മക്കു വഴങ്ങുന്ന സിനിമയാണ്. കൂടാതെ മൂന്നു നടിമാർ കിം കി ഡുക്കിനെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍4 ഉന്നയിച്ചിട്ടും അദ്ദേഹത്തിന്റെ പുതിയ സിനിമ പ്രദർശിപ്പിക്കുകയുണ്ടായി. പക്ഷേ അതേ അഭിമുഖത്തിൽ #മീറ്റൂവിന് ബീന പോൾ പിന്തുണ നൽകുന്നുമുണ്ട്). ഈ പരാമർശങ്ങളിൽ നിന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും സാംസ്കാരിക വകുപ്പു മന്ത്രിയുടെയും ടൂറിസം വകുപ്പ് മന്ത്രിയുടെയും ഉദ്ഘാടന പ്രസംഗങ്ങളിൽ നിന്നും വെളിവാകുന്നത് ഒരു “നല്ലസിനിമ” സങ്കൽപ്പമാണ്. ഈ സാംസ്കാരിക “നന്മയെ” നിലനിർത്താൻ വേണ്ടിയാണു ചലച്ചിത്രോത്സവം നടത്തുന്നത് എന്ന മട്ടിലുള്ള ന്യായീകരണങ്ങൾ പുതിയതല്ല. പക്ഷേ, ഓരോ വർഷവും പ്രദർശിപ്പിക്കപ്പെടുന്ന സിനിമകൾ കണ്ടാൽ മറ്റു “കച്ചവട”സിനിമകളില്‍ നിന്നു വ്യത്യസ്തമായ ഒരു “നല്ല സിനിമ” സങ്കൽപ്പം എന്നൊന്നു നിലനിൽക്കുന്നില്ല എന്നു കാണാം. പ്രേക്ഷകർ ഉത്സവത്തിൽ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കുന്നതു തികച്ചും സൂപ്പർമാർക്കറ്റില്‍ നിന്നും ഷോപ്പിങ് നടത്തുന്നതു പോലെയാണ്. പാക്കേജിങ് നോക്കി തിരഞ്ഞെടുക്കുന്ന പോലെ സിനോപ്സിസ് വായിച്ചും ഒരു ബ്രാൻഡിനേക്കാൾ മറ്റൊരു ബ്രാൻഡ് ഇഷ്ടപ്പെടുന്ന പോലെ സംവിധായകർക്കോ പ്രാദേശികതക്കോ മറ്റും പ്രത്യേകാനുകൂല്യം നൽകിയും കൂടുതൽ സിനിമകൾ കാണാൻ സാധിക്കുന്നതിനു വേണ്ടി ദൈർഘ്യം കുറവുള്ള സിനിമകൾ നോക്കിയുമാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇത്തരം ഷോപ്പിങ് തന്ത്രങ്ങളാണു ഡെലിഗേറ്റുകൾ തുടരുന്നത്.

ബീന പോൾ

ഓരോ വർഷവും പ്രദർശിപ്പിക്കപ്പെടുന്ന സിനിമകൾ കണ്ടാൽ മറ്റു “കച്ചവട”സിനിമകളില്‍ നിന്നു വ്യത്യസ്തമായ ഒരു “നല്ല സിനിമ” സങ്കൽപ്പം എന്നൊന്നു നിലനിൽക്കുന്നില്ല എന്നു കാണാം. പ്രേക്ഷകർ ഉത്സവത്തിൽ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കുന്നതു തികച്ചും സൂപ്പർമാർക്കറ്റില്‍ നിന്നും ഷോപ്പിങ് നടത്തുന്നതു പോലെയാണ്.

ഇങ്ങനെ നോക്കുമ്പോൾ പ്രത്യക്ഷമായ പാക്കേജിംഗിനപ്പുറം – അതായതു മത്സരം, ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളസിനിമ, റെട്രോസ്‌പെക്റ്റിവ് തുടങ്ങിയ വിഭാഗങ്ങൾക്കപ്പുറം – സിനിമകളെ വീണ്ടും വേർതിരിക്കാൻ സാധിക്കും. ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന സമകാലീന പ്രഗത്ഭരുടെ സിനിമകൾക്കാണു കാണികൾ തടിച്ചുകൂടുന്നത്, സ്വാഭാവികമായും. എന്നാൽ ഈ പ്രഗത്ഭരുടെ സിനിമകളും അവയുടെ ആസ്വാദനരീതികളും പരിശോധിച്ചാൽ തന്നെ “നല്ലസിനിമ” എന്ന സങ്കൽപ്പവും “കലാമൂല്യമുള്ള സിനിമ” സങ്കൽപ്പവും പൊളിയും; ഏറ്റവും അധികം കാണികളെ നേടിയ സിനിമകളിൽ ഒന്നായ ഗാസ്പർനോയുടെ ‘ക്ലൈമാക്സ്’ (2018) പ്രവർത്തിക്കുന്നതു ലഹരി, ലൈംഗികത, സമകാലീന ഡാൻസ് എന്നിവയുമായി ബന്ധപ്പെട്ട അഭിനിവേശങ്ങളും (desires) ഭീതികളും ആണ് – ആനന്ദാനുഭൂതിയുടെ, പ്രത്യേകിച്ചു ക്യാപിറ്റലിസം അനുഭവിക്കാൻ നമ്മളോടു കൽപ്പിക്കുന്ന ആനന്ദാനുഭൂതികളുടെ ഇരുവശങ്ങളാണു സിനിമയിൽ പ്രകടമാകുന്നത്. പക്ഷേ ‘ക്ലൈമാക്സ്’ പിന്തുടരുന്നത് ആനന്ദം നേടാൻ വേണ്ടി പാപം ചെയ്യുന്നവർക്കു ശിക്ഷ കിട്ടുന്നതും അവർ പശ്ചാത്തപിക്കുന്നതും കാണിച്ചു നിർത്തുന്ന സദാചാരകഥയല്ല; ഒരുപക്ഷേ സദാചാര കഥകളേക്കാൾ അപകടകരമായ ഒരു രൂപഘടനയെയാണ്. ‘ക്ലൈമാക്സിൽ’ പാപമോ പശ്ചാത്താപമോ ഇല്ല, ആകെയുള്ളതു നിരന്തരമായി ആനന്ദിക്കാൻ ഉള്ള അവസരങ്ങളാണ്. കഥാപാത്രങ്ങളുടെ ആനന്ദങ്ങൾ അതിരുകടക്കുകയും വികൃതമായ ആവിഷ്കാരങ്ങളിലേക്ക് എത്തുകയും ചെയ്യുമ്പോഴും കാണികളുടെ മുന്നിൽ അവയൊന്നും ഒരു ശിക്ഷണരൂപത്തിൽ പ്രത്യക്ഷപെടുന്നില്ല, പകരം ഒരുതരം മാസോക്കിസ്റ്റ് പോണ്‍ പോലെയാണു കാണപ്പെടുന്നത്. ഇതിലേക്കുള്ള സൂചനകൾ സിനിമയുടെ തുടക്കം മുതൽ തന്നെയുണ്ട്-സിനിമയുടെ ക്ലൈമാക്സ് ആദ്യം കാണിച്ചതിനു ശേഷം വരുന്ന ആദ്യത്തെ രംഗം കുറേ നൃത്തക്കാർ അവരുടെ പശ്ചാത്തലങ്ങളും അഭിനിവേശങ്ങളും പങ്കുവെക്കുന്നതാണ്. ഈ അഭിനിവേശങ്ങളിൽ ഒരു വലിയ ഭാഗം നൃത്തവും ലൈംഗികതയുമായി ബന്ധപെട്ടതുമാണ്. കുറേയേറെ അഭിനിവേശങ്ങളുള്ള ഈ കൂട്ടർ അടുത്ത രംഗത്തിൽ നൃത്തം ചെയ്യുകയാണ്; തങ്ങളുടെ ഭാവനാലോകങ്ങളുടെ (fantasy) സാക്ഷാത്കാരത്തിൽ നിന്നു നേടുന്ന ആനന്ദത്തിന്റെ ആവിഷ്കാരമാണ് ഈ നൃത്തം എന്ന മട്ടിൽ. ഇതിനു ശേഷം സംഭാഷണങ്ങളിലൂടെ ചില കഥാപാത്രങ്ങളുടെ ഭാവനാലോകങ്ങൾ കൂടുതൽ വ്യക്തമാകുന്നു – പ്രധാനമായും ലൈംഗികതയുമായി ബന്ധപ്പെട്ട, വൈകൃതം (perversion) എന്നു വിളിക്കാവുന്ന ഭാവനകളാണ് ഇവിടെ വെളിവാകുന്നത്. രണ്ടാമത്തെ exposition ഘട്ടം അഭിനിവേശങ്ങളുടെ സ്വഭാവത്തെ പതിയെ മാറ്റുന്നതിനെ തുടർന്ന് rising tension ഘട്ടത്തിൽ ആനന്ദാനുഭൂതികൾ വഴിമാറി ഭീതിക്കും പീഡനത്തിനും ഇടം കൊടുക്കുന്നു. ഇവിടെ മുതൽ സാക്ഷാത്കരിക്കപ്പെടുന്നതു കഥാപാത്രങ്ങളുടെ വികൃതമായ ഭാവനകൾ അല്ല, കാഴ്ചക്കാരുടെ മസോക്കിസ്റ്റ് ഭാവനകളാണ്. നൃത്തകരിൽ ഒരാൾ മദ്യത്തിൽ LSD ചേർക്കുന്നതിനെയും അതു കഴിച്ചവർ ഉന്മാദം കൊണ്ടു ബോധം നഷ്ടപ്പെടുന്നതിനെയും തുടർന്നാണു ഭീതികളും പീഡനങ്ങളും ആവിഷ്‌കൃതമാകുന്നത്.

കിച്ച് (kitsch) എന്നു വിശേഷിപ്പിക്കപ്പെട്ടു പോരുന്ന പല സിനിമകളുടെ ഒരു കൂട്ടികുഴക്കലാണു ‘ക്ലൈമാക്സ്’. ഒറ്റ നീണ്ട ടേക്കിൽ ‘സ്റ്റെപ് അപ്പ് റിവൊല്യൂഷൻ’ (2012) പോലെയുള്ള സിനിമകളിലെ ഡാൻസ് രംഗങ്ങൾ പുനഃസങ്കൽപ്പിച്ചാൽ ‘ക്ലൈമാക്സിലെ’ ഡാൻസ് രംഗമായി. പോപ്പ് സാഹിത്യത്തിലും ഇറോട്ടിക്കയിലും (erotica) മറ്റും കാണുന്ന വിധത്തിലുള്ള ഭാവനാലോക വിവരണം കഥാപാത്രങ്ങൾ ക്യാമറയെ നോക്കി പറയുന്നതു സങ്കൽപ്പിച്ചാൽ രണ്ടു സിനിമയിലെ exposition രംഗങ്ങൾ ആയി. അപകടങ്ങൾ പോർണോഗ്രാഫിക് ആയി കാണിക്കുന്നതും പുതുമയല്ല. ചുരുക്കത്തിൽ, മലയാളികൾ “അവാർഡു പടം” എന്നു വിളിക്കുന്ന രൂപഘടനയിൽ ചെയ്തതു കൊണ്ടു മാത്രം ചലച്ചിത്രോത്സവങ്ങളിൽ കളിക്കുന്ന ചിത്രം ആയിരിക്കും ‘ക്ലൈമാക്സ്’. പ്രമേയം ലഹരിയും നൃത്തവും ലൈംഗികതയും – ക്യാപിറ്റലിസത്തിൽ ആരാധിക്കപ്പെടുന്ന മൂന്ന് അഭികാമ്യ ചരക്കുകൾ- ആയതു കൊണ്ട് ഈ രൂപഘടന മലയാളി ആൾക്കൂട്ടത്തിനു സഹനീയമാകുന്നു എന്നേ പറയാനാകൂ.

ഉത്സവവേദിയിൽ ‘ഈ.മാ.യൗ’ (2018) പോലെയുള്ള, കേരളത്തിൽ തിയേറ്ററുകളിൽ ഇറങ്ങിയ ചിത്രങ്ങളെ ഒഴിവാക്കണം എന്നു വാദിക്കുന്നവരുടെ “നല്ലസിനിമ / കച്ചവടസിനിമ” ദ്വന്ദ്വസങ്കൽപ്പം പൊളിക്കാൻ ‘ക്ലൈമാക്സ്’ കൂടാതെ അനവധി സിനിമകളുണ്ട്. അസ്ഹർ ഫർഹാദി സംവിധാനം ചെയ്ത, ഉദ്ഘാടന ചിത്രമായിരുന്ന, ‘എവെരിബഡി നോസ്’ (2018) മലയാള സീരിയലുകളെ വെല്ലുന്ന വിധത്തിലുള്ള കഥാസന്ദര്‍ഭങ്ങളെയാണു സമ്മാനിച്ചത് – കല്യാണം, ശിശുമോഷണം, സ്വത്തു തര്‍ക്കം, യഥാർഥ അച്ഛൻ ആരെന്നുള്ള തിരിച്ചറിവ് തുടങ്ങി പല സംഭവവികാസങ്ങളും കണ്ടുമടുത്തവയാണ്. മൂന്നു ഷോ നിറഞ്ഞു കളിച്ച ‘വുമണ്‍ അറ്റ് വാർ’ (2018) “കച്ചവടസിനിമ” ആണെന്നു മാത്രമല്ല, ഏതാണ്ടൊരു സൂപ്പർഹീറോ സിനിമ പോലെയിരിക്കുന്ന ഒന്നാണ്. പ്രശസ്‌ത സംവിധായകൻ കാർലോ സ്റ്റെയ്ഹാദാസിന്റെ ‘ഔർ ടൈം’ (2018) ഒരു ക്രിസ്ത്യൻ കുടുംബ കഥയാണ്. നയോമി കവാസിയുടെ പുതിയ ചിത്രമായ ‘വിഷൻ’ (2018) ഒട്ടാകെ ഒരു ഓറിയന്‍റലിസ്റ്റ് ഭാവനയാണ്. പാശ്ചാത്യ കമ്പോളത്തിനു വേണ്ടി നിർമിച്ചതെന്നു തീർച്ച പറയാവുന്ന ഒന്ന്. അൽഫോൺസോ കുവാറോണിന്റെ ‘റോമാ’ (2018) നിർമ്മിച്ചിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. “കച്ചവടസിനിമ” എന്നു വിശേഷിപ്പിക്കപ്പെടുന്ന രൂപഘടനകളിൽ പെടാതെ നിൽക്കുന്നതായി ഒരു സിനിമ മാത്രമേ ലേഖകൻ കണ്ടുള്ളു; ഗൊദാർദിന്റെ ‘ഇമേജ്ബുക്ക്’ (2018). എന്നാൽ, ഗൊദാർദ് സ്വയം ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്നും ഇത്തരം ഒരു സിനിമ നമ്മൾ ഗൊദാർദിൽ നിന്നു മാത്രമേ പ്രതീക്ഷിക്കുന്നുള്ളു എന്നും നിലനിൽക്കെ തന്നെ ‘ഇമേജ്ബുക്ക്’ ഒരു “കച്ചവടസിനിമ” അല്ല എന്നു പറയാനാകില്ല.

മലയാളികൾ “അവാർഡു പടം” എന്നു വിളിക്കുന്ന രൂപഘടനയിൽ ചെയ്തതു കൊണ്ടു മാത്രം ചലച്ചിത്രോത്സവങ്ങളിൽ കളിക്കുന്ന ചിത്രം ആയിരിക്കും ‘ക്ലൈമാക്സ്’. പ്രമേയം ലഹരിയും നൃത്തവും ലൈംഗികതയും – ക്യാപിറ്റലിസത്തിൽ ആരാധിക്കപ്പെടുന്ന മൂന്ന് അഭികാമ്യ ചരക്കുകൾ- ആയതു കൊണ്ട് ഈ രൂപഘടന മലയാളി ആൾക്കൂട്ടത്തിനു സഹനീയമാകുന്നു എന്നേ പറയാനാകൂ.

കിം കി ഡുക്കിന്റെ ‘ഹ്യൂമൻ, സ്പേസ്, ടൈം ആന്‍റ് ഹ്യൂമൻ’ (2018) ഒരു “സർവൈവൽ ഹൊറർ” ചിത്രമാണെന്നു മാത്രമല്ല, വലിയ രീതിയിൽ സ്വീകാര്യത നേടിയ അദ്ദേഹത്തിന്റെ ‘സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ, ആന്‍റ് സ്പ്രിങ് (2003) എന്ന സിനിമയുടെ പുറകിൽ പ്രവർത്തിച്ച മതഭ്രാന്തിനെ തുറന്നുകാട്ടുന്നു- ‘സ്പ്രിങ്, സമ്മറിൽ’ ബുദ്ധമത ആശയങ്ങളുടെ ആവിഷ്കാരം കൊട്ടിഘോഷിക്കപ്പെട്ടതാണ്, പക്ഷേ “മനുഷ്യൻ മൊത്തത്തിൽ തുലഞ്ഞവനാണ്, മൈത്രേയൻ വന്നു രക്ഷിക്കുന്ന വരെ” എന്നു പറയുന്ന ഈ രീതിയുടെ സ്വാഭാവിക വളർച്ചയായി മാത്രമേ ‘ഹ്യൂമനിലെ’ മസോക്കിസ്റ്റോ പോണിനെ കാണാൻ സാധിക്കുകയുള്ളു. ബുദ്ധമതം എന്നാൽ ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ് എന്ന മൂഢമായ ധാരണ മാറ്റിവെച്ചാൽ ‘സ്പ്രിങ്ങിൽ’ നിന്ന് ‘ഹ്യൂമനിലേ’ക്കുള്ള ദൂരം സഞ്ചരിക്കാൻ സംവിധായകനെ സഹായിച്ചത് അതിനിടയിലുള്ള സിനിമകളിലെ വയലൻസ് രംഗങ്ങൾക്കു ലഭിച്ച സ്വീകാര്യതയും വയലൻസ് ഒരു ട്രേഡ്മാർക്ക് ആക്കി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചതും ആണെന്നു മനസിലാക്കാൻ സാധിക്കും. കിം കി ഡുക്കിന്റെ സിനിമകളിലെ വയലൻസും അദ്ദേഹത്തിനെതിരെ ഉയർന്ന #മീറ്റൂ ആരോപണങ്ങളും തമ്മിൽ ബന്ധമില്ല എന്നു ധരിക്കുന്നതിനു തുല്യമായ മണ്ടത്തരമാണ് അദ്ദേഹത്തിന്റെ ബുദ്ധമതവും സിനിമയിലെ വയലൻസും തമ്മിൽ ബന്ധമില്ല എന്നു ധരിക്കുന്നത്.

കിം കി ഡുക്

ലേഖനം മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യമുള്ളതു കൊണ്ട് ഈ സിനിമകളെല്ലാം “കച്ചവടസിനിമകൾ” ആണെന്നു തെളിയിക്കാനുള്ള ശ്രമം ഇവിടെ ഉപേക്ഷിക്കുന്നു. ഇക്കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ടെങ്കിൽ ഉത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന സിനിമകളുടെ തുടക്കത്തിൽ തെളിഞ്ഞു വരുന്ന ലോഗോകൾ ശ്രദ്ധിക്കാൻ അഭ്യർത്ഥിക്കുന്നു. ചില യൂറോപ്യൻ കമ്പനികളുടെ ലോഗോയും പേരും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം.

(അവസാനിക്കുന്നില്ല)

  • ഉത്പാദനവുമായി ബന്ധപ്പെട്ട സാമൂഹ്യബന്ധങ്ങളെ കാണാതിരിക്കുകയും പൈസയും ഉത്പന്നവും തമ്മിലുള്ള ബന്ധമാണു യാഥാർഥ്യം എന്നു ധരിക്കുകയും ചെയ്യുന്നതിനെ കാൾമാർക്സ് "കമ്മോഡിറ്റി ഫെറ്റിഷിസം" എന്നു വിളിക്കുന്നു. ലേഖനത്തിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ, ഒരു ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതിൽ ജനങ്ങൾ വഹിക്കേണ്ട പങ്കും കാണികൾക്കു സിനിമയോടുള്ള പ്രതിബദ്ധതയും മറന്നുകൊണ്ട് ഉത്സവത്തിൽ പങ്കെടുക്കാനുള്ള ഫീസും മറ്റു ചിലവകളും ചേർത്തുവെച്ചാൽ ഓരോ സിനിമക്കും എത്ര പൈസ കൊടുക്കേണ്ടി വരും എന്ന വിധത്തിലുള്ള കണക്കുകൂട്ടലുകൾ നടത്തുന്നതു കമ്മോഡിറ്റി ഫെറ്റിഷിസത്തിന്റെ ഉദാഹരണമാണ്. ഈ വർഷം പങ്കെടുത്ത എണ്ണായിരം പേരിൽ തന്നെ ഒരു ചെറിയ വിഭാഗം ആളുകളായിരിക്കും ഇത്തരം ഫെറ്റിഷ് ഇല്ലാത്തവർ.
  • https://timesofindia.indiatimes.com/city/thiruvananthapuram/iffk-stares-at-its-biggest-fund-crunch/articleshow/66983500.cms
  • https://silverscreen.in/features/interview-with-iffk-artistic-director-beena-paul-we-have-always-been-a-cinephiles-festival/
  • https://www.theguardian.com/film/2018/mar/07/three-woman-accuse-korean-director-kim-ki-duk-rape-assault
Top