മതപരിവർത്തനവും പുരോഗമന വ്യവഹാരവും: ചില വ്യവഹാരികാനന്തര ആലോചനകൾ

അംബേഡ്കറുടെ നേതൃത്വത്തിൽ നടന്ന മതംമാറ്റവും കേരളത്തിൽ ഇസ്‌ലാമിലേക്കു പരിവർത്തനം ചെയ്ത കീഴാളരുടെ ചരിത്രവും ജാതിമതിലുകളെ തകർക്കുന്നതിലും ബ്രാഹ്മണിക്കൽ അപ്രമാദിത്വത്തെ പൊളിച്ചെഴുതുന്നതിലും വഹിച്ച പങ്ക് അനിഷേധ്യമാണ്. മതംമാറ്റം രാഷ്ട്രീയ മുന്നേറ്റമായി മാറുമോയെന്ന ഭീതിയാണ് ഒരു കാര്യം. ഹാദിയയുടെ കാര്യത്തിൽ നിർബന്ധിത പരിവർത്തനമാണു നടന്നതെന്നോ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതാണെന്നോ വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വയുടെ ഈയൊരു ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്. തീർത്തും രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു പരിവർത്തനമായി മാത്രമേ മതംമാറ്റത്തെ ഹിന്ദുത്വ ശക്തികൾ കാണുന്നുള്ളൂ. മതാതീതമായ പ്രണയത്തെ ദാർശനികവത്കരിക്കുകയും പ്രണയത്തിന്റെ ഉത്കൃഷ്ട പ്രതിനിധാനമാണതെന്നു എളുപ്പത്തിൽ നോക്കിക്കാണുകയും ചെയ്യുന്ന ലെഫ്റ്റ് ലിബറലുകളുടെ നിലപാടും ഹിന്ദുത്വയെപ്പോലെ തന്നെ പല പ്രശ്‌നങ്ങളെയും ക്ഷണിച്ചു വരുത്തുന്നുണ്ട്.

ഈയടുത്തായി ജനകീയ സംസ്‌കാരങ്ങളിലും സിനിമകളിലും സാഹിത്യങ്ങളിലും മതാതീതമോ ജാതിയുടെ അതിർവരമ്പുകൾക്കപ്പുറത്തുള്ളതോ ആയ പ്രണയം മാത്രമാണ് ഉത്കൃഷ്ടമെന്നു (Ideal) വരുത്തിത്തീർക്കുന്ന രീതിയിലുള്ള ഒരു സ്വഭാവം പൊതുവെ രൂപപ്പെട്ടതായി കാണാം. മതാതീതമായി പ്രണയത്തെ കാണുന്നവർക്കേ പുതിയ കാലത്തു പരസ്പരം ഇഷ്ടപ്പെടാൻ അർഹതയുള്ളു എന്ന് പുതുതായി റിലീസായ മായാനദി പറയുന്നത് ഈയൊരു പ്രവണതയുടെ ഭാഗമാണ്. മതവും പ്രണയവും ഒരുമിച്ചു മുന്നോട്ടു പോവുക അസാധ്യമാണെന്നും യഥാർഥ പ്രണയം മതാതീതമാണെന്നും വരുത്തിത്തീർക്കുകയാണു മായാനദി ചെയ്യുന്നത്.

പ്രണയത്തിന്റെ ഇത്തരം ആദര്‍ശവല്‍ക്കരണങ്ങള്‍ (idealization) ഇന്നു മിക്ക സംസ്‌കാരങ്ങളിലും സാഹിത്യങ്ങളിലും വന്നു കഴിഞ്ഞു. കേരളത്തിൽ പ്രത്യേകിച്ചും ഈയൊരു ആദർശവത്കരണം വളരെ സജീവമായ ഒരു സ്വഭാവം കൈവരിച്ചതു കാണാം. ഒരേസമയം പ്രണയത്തെയും വിപ്ലവത്തെയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ചിഹ്നങ്ങളായി നെരൂദയും ചെഗുവേരയും പ്രതിനിധാനം ചെയ്യപ്പെടുമ്പോഴും പ്രണയത്തെ വിശ്വാസവുമായി ഖണ്ഡിക്കുന്നിടത്തു മുസ്‌ലിംകളിൽ ലൗജിഹാദ് ആരോപിച്ച് അപരവത്കരിക്കുന്നതിലെ സങ്കീർണതകളെക്കുറിച്ചാണു ഞാനാലോചിക്കുന്നത്. പ്രണയത്തിന്റെ മതത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ തീർച്ചയായും ഒരുപാടു സങ്കീർണതകളിലേക്കു നമ്മെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഒന്നായി മാറുന്നത് അങ്ങനെയാണ്.

പൊതുബോധം പറഞ്ഞുകൊണ്ടിരിക്കുന്ന ആദര്‍ശ പ്രണയമാണ് ഒരാളെ മതം മാറുന്നതിനു പ്രേരിപ്പിക്കുന്നതെങ്കിൽ അയാൾക്കു വളരെയെളുപ്പം മതപരിവർത്തനം നടത്താൻ സാധിക്കുകയും, തന്റെ മതംമാറ്റം വിശ്വാസത്തിന്റെ തന്നെ പ്രശ്‌നമാണെന്നു പറയുമ്പോൾ ആധുനികതക്കു മുന്നിൽ പൊറുക്കാനാവാത്ത ഒരു സങ്കീർണതയായി അതു രൂപപ്പെടുകയും ചെയ്യുന്നതിന്റെ പരിണിതിയായാണു ലൗജിഹാദ് സൃഷ്ടിക്കപ്പെടുന്നതും അതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ നിറഞ്ഞ ഒരുപാട് വ്യവഹാരങ്ങൾ രൂപപ്പെടുന്നതും. ഹാദിയ മലയാളി ആധുനികതക്കും ഫെമിനിസത്തിനും ചോദ്യചിഹ്നമായി മാറിയതിന്റെ കാരണം മുസ്‌ലിമാവാനാണു തന്റെ ആഗ്രഹമെന്നു വീണ്ടും വീണ്ടും അവൾ പറഞ്ഞുകൊണ്ടേയിരുന്നതിനാലായിരുന്നു. ഞാനൊരാളെ പ്രണയിക്കുന്നുവെന്നും അതിനാലാണ് ഞാൻ മതംമാറുന്നതെന്നും ഒരിക്കൽപോലും ഹാദിയ പറയാൻ തയ്യാറായിരുന്നില്ല എന്നതു തന്നെയാണ് ഇവിടുത്തെ എല്ലാ വിപ്ലവാത്മക ചിന്തകളും ഹാദിയയെ ശ്രദ്ധിക്കാതിരുന്നതിന്റെ കാരണവും.

ജാതീയമായ ഉച്ഛനീചത്വങ്ങളിൽ നിന്നും സവർണരുടെ അടിച്ചമർത്തലിൽ നിന്നുമുള്ള വിമോചനത്തിന്റെ ഭാഗമായി മതംമാറ്റത്തെ കണ്ട അംബേഡ്കറിനു മതപരിവർത്തനം സാമൂഹികമോ രാഷ്ട്രീയമോ (socio-political) ആയ ഒരു പ്രശ്‌നമായിരുന്നു. പക്ഷേ ഹാദിയയെ സംബന്ധിച്ച് ഇസ്‌ലാമിലേക്കുള്ള പരിവർത്തനം തന്റെ ദൈവശാസ്ത്രപരമായ (theological) താൽപര്യത്തിന്റെ ഭാഗമായിട്ടുണ്ടായതാണ്. പൊതുബോധ്യങ്ങൾക്കതീതമായി തനിക്കു ബോധ്യപ്പെട്ട ദൈവശാസ്ത്രത്തെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണു ഹാദിയ മതംമാറുന്നത്. തീർത്തും സ്വകാര്യമായ ഹാദിയയുടെ തീരുമാനം കൂടുതൽ സങ്കീർണതകളിലേക്കു വലിച്ചിഴക്കപ്പെടുന്നത് അവൾ പുതുതായി സ്വീകരിച്ച മുസ്‌ലിം സ്വത്വത്തെ കേന്ദ്രീകരിച്ചും ആദ്യമേ ‘അപര’രായി മുദ്രകുത്തപ്പെട്ടവരുമായി ഹാദിയയെ ബന്ധിപ്പിക്കുന്നതോടെയുമാണ്.

പൊതുബോധ്യങ്ങൾക്കതീതമായി തനിക്കു ബോധ്യപ്പെട്ട ദൈവശാസ്ത്രത്തെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണു ഹാദിയ മതംമാറുന്നത്. തീർത്തും സ്വകാര്യമായ ഹാദിയയുടെ തീരുമാനം കൂടുതൽ സങ്കീർണതകളിലേക്കു വലിച്ചിഴക്കപ്പെടുന്നത് അവൾ പുതുതായി സ്വീകരിച്ച മുസ്‌ലിം സ്വത്വത്തെ കേന്ദ്രീകരിച്ചും ആദ്യമേ ‘അപര’രായി മുദ്രകുത്തപ്പെട്ടവരുമായി ഹാദിയയെ ബന്ധിപ്പിക്കുന്നതോടെയുമാണ്.

മതംമാറ്റം സങ്കീർണമാക്കുകയും അതിനെ ചുറ്റിപ്പറ്റി ഒരു തരം ആകുലത സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനു പിന്നിലെ താൽപ്പര്യങ്ങളെയും ഹിന്ദുത്വത്തിനു മതപരിവർത്തനം എന്തുകൊണ്ടു പ്രശ്‌നമാവുന്നു എന്നതിനെയും പ്രധാനമായും മൂന്നു രീതിയിൽ കാണാവുന്നതാണ്.

മതംമാറ്റത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളുയർന്നു വരുമ്പോഴെല്ലാം അവയെ പൂർണമായും വർഗീയതുമായി കൂട്ടിക്കെട്ടുകയും കമ്യൂണലിസത്തിന്റെ വിവിധ ഭാവങ്ങളായി അതിനെ നോക്കിക്കാണുകയും ചെയ്യാനാണു ഹിന്ദുത്വം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ പ്രവണത. മതംമാറ്റത്തിലൂടെ രൂപപ്പെടുന്ന സാമൂഹികവും സാമ്പത്തികവുമായ വിപ്ലവാത്മക വിമോചനത്തെ ഹിന്ദുത്വം വല്ലാതെ ഭയപ്പെടുന്നുവെന്നതാണു രണ്ടാമത്തെ കാര്യം. അംബേഡ്കറുടെ നേതൃത്വത്തിൽ നടന്ന മതംമാറ്റവും കേരളത്തിൽ പ്രത്യേകിച്ചും ഇസ്‌ലാമിലേക്കു പരിവർത്തനം ചെയ്ത കീഴാളരുടെ ചരിത്രവും ജാതിമതിലുകളെ തകർക്കുന്നതിലും ബ്രാഹ്മണിക്കൽ അപ്രമാദിത്വത്തെ പൊളിച്ചെഴുതുന്നതിലും വഹിച്ച പങ്ക് അനിഷേധ്യമാണ്. മതംമാറ്റം രാഷ്ട്രീയ മുന്നേറ്റമായി മാറുമോയെന്ന ഭീതിയെ സംബന്ധിച്ചാണു മൂന്നാമത്തെ കാര്യം. ഹാദിയയുടെ കാര്യത്തിൽ നിർബന്ധിത പരിവർത്തനമാണു നടന്നതെന്നോ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതാണെന്നോ വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വയുടെ ഈയൊരു ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ തീർത്തും രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു പരിവർത്തനമായി മാത്രമേ മതംമാറ്റത്തെ ഹിന്ദുത്വ ശക്തികൾ കാണുന്നുള്ളൂ. മതാതീതമായ പ്രണയത്തെ ദാർശനികവത്കരിക്കുകയും പ്രണയത്തിന്റെ ഉത്കൃഷ്ട പ്രതിനിധാനമാണതെന്നു എളുപ്പത്തിൽ നോക്കിക്കാണുകയും ചെയ്യുന്ന ലെഫ്റ്റ് ലിബറലുകളുടെ നിലപാടും ഹിന്ദുത്വയെപ്പോലെ തന്നെ പല പ്രശ്‌നങ്ങളെയും ക്ഷണിച്ചു വരുത്തുന്നുണ്ട്. അതേസമയം ഇസ്‌ലാമിലേക്കും ഒരു പരിധിവരെ ക്രിസ്ത്യാനിറ്റിയിലേക്കുമുള്ള പരിവർത്തനങ്ങൾ ദൈവശാസ്ത്രപരമായ മാറ്റങ്ങളായാണു ചരിത്രത്തിൽ കാണുന്നത്. അംബേഡ്കറുടെ നേതൃത്വത്തിലുണ്ടായ മതംമാറ്റം രാഷ്ട്രീയവും സാമൂഹികവുമായ വിമോചനത്തിന്റെ ഭാഗമാണെങ്കിൽ പോലും അതിനു പോലും വഴിയൊരുക്കുന്നതിൽ വളരെ ശക്തമായ ഒരു ദൈവശാസ്ത്ര പശ്ചാത്തലം അവിടെയുണ്ടായിരുന്നതായി മനസ്സിലാക്കാം.

ഒരു ഘട്ടത്തിൽ മലയാളി ഫെമിനിസത്തിന്റെ പ്രതീകമായി വരെ ഉയർത്തിക്കാണിക്കപ്പെട്ടിരുന്ന കമലാ സുരയ്യ പോലും മതം മാറാൻ തീരുമാനിച്ചതിലൂടെ ലൗജിഹാദിന്റെ ഇരയായി മാറുന്ന കാഴ്ചയാണു നാം കണ്ടത്. 1980കളിലെ ഫെമിനിസത്തിനു കമലാ സുരയ്യയുടെ ‘എന്റെ കഥ’ക്കപ്പുറത്തേക്ക് അസ്തിത്വമില്ലാതിരുന്ന ഒരു ചരിത്രസന്ധിയിലാണു മുസ്‌ലിമാവുന്നതിലൂടെ കമലാ സുരയ്യ ലൗജിഹാദിന്റെ ഇരയായി മാറുന്നതെന്ന കാര്യം ഇത്തരം വ്യവഹാരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനു പിന്നിലെ താൽപ്പര്യങ്ങളുടെ വികലമായ മാനങ്ങളെ തുറന്നുകാണിക്കുന്ന ഒന്നാണ്. എ.പി.ജെ അബ്ദുൽ കലാമിനെ രാഷ്ട്രപതി സ്ഥാനാർഥിയായി നിർത്തുന്നതിനെയും രണ്ടാം പൊക്രാൻ ബ്‌ളാസ്റ്റിനെയും പിന്തുണച്ചപ്പോൾ രാജ്യത്തിന്റെ വനിതയായി സംഘ്പരിവാർ ഉയർത്തിക്കാണിച്ച അതേ കമലാ സുരയ്യ തന്നെയാണു തൊട്ടടുത്ത വർഷം മതം മാറിയപ്പോൾ തീർത്തും വ്യത്യസ്തമായ വ്യക്തിത്വമായി ഹിന്ദുത്വക്ക് മാറുന്നത്.

മതംമാറി ഒരു വർഷത്തിനു ശേഷം കമലാ സുരയ്യക്ക് എഴുത്തച്ഛൻ പുരസ്‌കാരം സമർപ്പിച്ചപ്പോൾ ഭാരതീയ വിചാരകേന്ദ്രയുടെ അധ്യക്ഷൻ പി. പരമേശ്വരൻ പിള്ളയുടെ ലേഖനത്തിന്റെ തലക്കെട്ടുതന്നെ ‘പതിവ്രത പുരസ്‌കാരം വാസവദത്തക്കോ?’ എന്നായിരുന്നു. തപസ്യയുടെ പ്രസിഡന്റ് പി. നാരായണക്കുറുപ്പും സമാനമായ പരാമർശനത്തിലൂടെയാണു കമലാ സുരയ്യയുടെ ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തോടു പ്രതികരിക്കുന്നത്. “സൽമാൻ റുഷ്ദിയെയോ തസ്‌ലീമാ നസ്രീനെയോ വിളിച്ച് ആരെങ്കിലും പ്രവാചകൻ മുഹമ്മദ് നബി (സ)ന്റെ പേരിലുള്ള അവർഡു കൊടുക്കുമോ? അതുപോലെയാണ് എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ് കമലാ സുരയ്യക്കു കൊടുക്കുന്നത്. ആരുടെ പേരിലാണോ അവാർഡ് രേഖപ്പെടുത്തിയത്, അവരുമായി എന്തെങ്കിലുമൊക്കെ ബന്ധമുള്ള ആളുകൾക്കല്ലേ അവാർഡ് കൊടുക്കേണ്ടത്?” എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. മതംമാറ്റത്തോട് ഏതു വിധത്തിലാണു ഹിന്ദുത്വശക്തികൾ പ്രതികരിക്കുന്നത് എന്നതിന്റെ ഹൃസ്വഭാഷ്യം കമലാ സുരയ്യയോടുള്ള പ്രതികരണങ്ങളിലൂടെ തന്നെ എളുപ്പത്തിൽ മനസ്സിലാക്കാം.

ഈ പ്രശ്‌നം ഹിന്ദുത്വക്കു മാത്രമല്ലയുള്ളത്. ഇപ്പോൾ ന്യൂനപക്ഷ അരക്ഷിതാവസ്ഥയെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്ന പല ഇടതുപക്ഷവാദികളും അന്നു ദേശാഭിമാനിയിലൂടെ പറഞ്ഞതു മുസ്‌ലിമായ കമലാ സുരയ്യക്ക് ഒരിക്കലും ‘എന്റെ കഥ’ എഴുതാനാവില്ല എന്നായിരുന്നു.

ഈ പ്രശ്‌നം ഹിന്ദുത്വക്കു മാത്രമല്ലയുള്ളത്. ഇപ്പോൾ ന്യൂനപക്ഷ അരക്ഷിതാവസ്ഥയെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്ന പല ഇടതുപക്ഷവാദികളും അന്നു ദേശാഭിമാനിയിലൂടെ പറഞ്ഞതു മുസ്‌ലിമായ കമലാ സുരയ്യക്ക് ഒരിക്കലും ‘എന്റെ കഥ’ എഴുതാനാവില്ല എന്നായിരുന്നു. എഴുത്തച്ഛൻ പുരസ്‌കാരം കമലാ സുരയ്യക്കു നൽകിയതിലൂടെ മഅ്ദനിയുൾപ്പടെയുള്ള മുസ്‌ലിം മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുകയാണു ഗവൺമെന്റ് ചെയ്യുന്നതെന്ന് 2001-ലെ ജന്മഭൂമിയിൽ വന്ന ലേഖനത്തിൽ കാണാം. പൈങ്കിളിക്കഥകൾ പോലും അവരുടെ മതംമാറ്റത്തെ ചുറ്റിപ്പറ്റി ഇന്നും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊളോണിയൽ കാലത്തു മതംമാറിയ പണ്ഡിത രമാഭായിയുടെ പരിവർത്തനത്തെ ഉദ്ധരിച്ചു കൊണ്ടു ഗൗരിവിശ്വനാഥൻ നടത്തുന്ന നിരീക്ഷണം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. തികച്ചും വ്യതിരിക്തമായ രണ്ടു സമുദായങ്ങളെക്കുറിച്ചുള്ള കൃത്യമായ ജ്ഞാനമാർജ്ജിക്കാൻ സഹായിക്കുന്ന ഒരു പ്രവർത്തനമായ മതംമാറ്റം അറിവുൽപ്പാദനത്തിന്റെ മാധ്യമമാണെന്നാണവർ പറയുന്നത്. ഏതെങ്കിലും ഒരു സംസ്‌കാരത്തെ പൂർണാർഥത്തിൽ നിഷേധിക്കുകയല്ല മറിച്ച് അവ ചെന്നുചേരുന്നിടങ്ങളായി മതംമാറ്റത്തിലൂടെ സംഭവിക്കുന്നതെന്നാണവർ സ്ഥാപിക്കുന്നത്. മതംമാറ്റത്തെ സ്വാഗതം ചെയ്യുകയും മതത്തിന്റെ അതിർവരമ്പുകൾ കടന്നുചെല്ലാനുള്ള അവകാശത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണു യഥാർഥത്തിൽ സെക്കുലറിസം അർഥപൂർണമാവുന്നത്. മതങ്ങളെ കള്ളിതിരിച്ചു മാറ്റി നിർത്തുന്ന കൊളോണിയൽ ഉപകരണങ്ങളിലൂടെയാണു (gadget) നമ്മളിപ്പോഴും മതംമാറ്റത്തെ കാണുന്നത്. മതപരിവർത്തനങ്ങളെ ഉത്കണ്ഠയോടെ നോക്കിക്കാണുന്ന ലോഗന്റെ മലബാർ മാന്വലടക്കമുള്ള ഗ്രന്ഥങ്ങളെല്ലാം ഈയൊരു കൊളോണിയൽ ചട്ടക്കൂടിന്റെ സൃഷ്ടിയാണ്. സെക്കുലറിസത്തെ കൂടുതൽ ഉൾക്കൊള്ളാവുന്ന രീതിയിൽ മതംമാറ്റത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾ രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്കു തോന്നുന്നത്.

 

സോളിഡാരിറ്റി നടത്തിയ ‘ഹിന്ദുത്വ ഫാഷിസം: ദേശീയത, വംശീയത, പ്രതിരോധം’ എന്ന പാഠശാലയിൽ നടത്തിയ പ്രഭാഷണം.

കടപ്പാട്: വി ആര്‍ അനൂപ്‌ എഡിറ്റ്‌ ചെയ്തു സോളിഡാരിറ്റി പുറത്തിറക്കിയ ഹാദിയ; മുഖ്യധാര ഫെമിനിസവും മുസ്‌ലിം ഭീതിയും എന്ന പുസ്തകത്തില്‍ നിന്നും. 

കേട്ടെഴുത്ത്: ഉസ്മാൻ ശഫീഖ്.

Top