സ്വവർഗലൈംഗികത, ഇടതു അധികാരം, മുസ്‌ലിം രാഷ്ട്രീയം: (അ)സാധ്യതകൾ ഉണ്ടാകുന്ന വിധം

മനുഷ്യാവകാശ പോരാട്ടത്തിന്റെ വക്താക്കളായി ബ്രാഹ്മണിക് സവര്‍ണ ഇടതുപക്ഷം സ്വയം പ്രതിഷ്ഠിക്കുകയും ഹിന്ദു വംശീയതയുടെ ഇരകളായ മുസ്‌ലിംകളെ മുഴുവന്‍ മനുഷ്യാവകാശ വിരുദ്ധരും മനുഷ്യാവകാശ ചര്‍ച്ചകളില്‍ നിന്ന് പുറന്തള്ളേണ്ടവരുമായി ആഖ്യാനം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഇടതുപക്ഷ മുന്‍കയ്യിലുള്ള ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ (അ)സാധ്യതകളെപറ്റി ആലോചിക്കുകയാണ് മുഹമ്മദ് ഫര്‍ഹാദ്.

രാഷ്ട്രീയ ചിന്തക്ക് നിലനിൽപ്പുണ്ടാകുന്നത് അധികാര ബന്ധങ്ങളെക്കുറിച്ചുള്ള ആലോചനകളിൽ നിന്നാണെന്ന നിഗമനം വളരെ നിർണായകമാണ്. നിലവിൽ സ്വവര്‍ഗലൈംഗികത നിയമ വിധേയമാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഐ.പി.സി 377 നിലനിർത്തണമെന്നാവശ്യപ്പെട്ട് കോടതി വ്യവഹാരങ്ങളിൽ ഇടപെട്ടിരുന്നത് ചില ക്രിസ്ത്യൻ സംഘടനകളായിരുന്നു. എന്നാൽ കോടതിയിൽ പോയ ക്രിസ്ത്യാനികള്‍ക്കും കോടതി വിധി എന്തുമാവട്ടെ അത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്ന സംഘപരിവാറിന്റെ അഭിപ്രായ പ്രകടനത്തിനു ശേഷം ഹിന്ദുക്കൾക്കും ഉണ്ടാകാത്ത രാഷ്ട്രീയ വിശദീകരണ ബാധ്യത മുസ്‌ലിംകൾക്കുണ്ടായ പശ്ചാത്തലത്തെപ്പറ്റി കൂടുതൽ ആലോചിക്കേണ്ടതുണ്ട്. സ്വവർഗലൈംഗികത സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ നിരോധിക്കുമെന്നു ഭീഷണി മുഴക്കിയിരുന്ന ഇടതുപക്ഷ സംഘടനകളാണു മുസ്‌ലിം വിരുദ്ധ വ്യവഹാരങ്ങളിൽ വലിയ പങ്കുവഹിച്ചത്.

മനുഷ്യാവകാശ പോരാട്ടത്തിന്റെ വക്താക്കളായി ബ്രാഹ്മണ/സവർണ ഇടതുപക്ഷം സ്വയം പ്രതിഷ്ഠിക്കുകയും ഹിന്ദു വംശീയതയുടെ ഇരകളായ മുസ്‌ലിംകളെ മുഴുവൻ മനുഷ്യാവകാശ വിരുദ്ധരും മനുഷ്യാവകാശ ചർച്ചകളിൽ നിന്നു പുറന്തള്ളേണ്ടവരുമായി ആഖ്യാനം ചെയ്യപ്പെടുന്ന  സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ഇടതുപക്ഷ മുന്‍കയ്യിലുള്ള ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ (അ)സാധ്യതകളെപ്പറ്റി ആലോചിക്കുന്നതാണ് ഈ കുറിപ്പ്.

ലൈംഗികഭയവും ദേശീയതയും

ഇന്ത്യൻ ദേശീയതയുടെ നിലനിൽപ്പു തന്നെ, ലൈംഗിക നിയന്ത്രണത്തിൽക്കൂടി പ്രവർത്തിക്കുന്നുണ്ട്. നാസിസം അടക്കമുള്ള അതിദേശീയതയിലൂന്നിയ ആൾക്കൂട്ടപാർട്ടികളുടെ നിലനിൽപ്പും ലൈംഗിക നിയന്ത്രണവും തമ്മിലുള്ള ബന്ധം പഠനത്തിനു വിധേയമാക്കപ്പെട്ടതാണ്. ഇന്ത്യൻ ലൈംഗിക നിയന്ത്രണത്തിന്റെ ഏറ്റവും മൂർത്തമായ രൂപമാണു ബ്രാഹ്മണ്യം. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയതയുടെ അപര സ്വത്വങ്ങളുടെ ലൈംഗികതയെ കുറ്റകൃത്യമായി അവതരിപ്പിക്കുന്ന സ്ഥിതിവിശേഷം ഇവിടെയുണ്ട്. ലൈംഗിക അപരത്വത്തോട് ഈ യുക്തി മാത്രമല്ല, ഫലത്തിൽ അവരിൽ ആരോപിക്കപ്പെട്ട ലൈംഗിക ആക്രമണം തന്നെ അവര്‍ക്കു നേരെ അഴിച്ചു വിടുകയും ചെയ്യുന്ന വിരോധാഭാസം ഗുജറാത്ത് മുതൽ കഠ്വ വരെയുള്ള വംശീയ ആക്രമണങ്ങളിൽ നാം കണ്ടതാണ്.

ബലാൽസംഗകര്‍, സ്ത്രീപീഡകര്‍ എന്നൊക്കെയാരോപിച്ചു മുസ്‌ലിംകളെ ബലാൽസംഗം ചെയ്യുന്ന വംശീയക്രമത്തിന്റെ നിലനിൽപ്പ് സൂക്ഷ്മതലത്തിൽ പഠിക്കേണ്ടതുണ്ട്. അപര വിശ്വാസങ്ങളെ കുറ്റകൃത്യങ്ങളായി കണക്കാക്കുകയും ഒപ്പം ദേശീയതയുടെ മിത്തുകളെ മഹത്വവല്‍ക്കരിച്ചു കൊണ്ടുമുള്ള അധികാര നിർവഹണമാണ് ഇതിലൂടെ നടക്കുന്നതെന്നു നിരീക്ഷിക്കാം. ഉദാഹരണത്തിന് ശ്രീരാമൻ ആദർശപുരുഷനായും രാവണൻ കുറ്റവാളിയായും നിർമിക്കപ്പെടുന്നു. തദ്ഫലമായി ബ്രാഹ്മണ്യം സ്വയം രാമന്റെ പിൻതലമുറക്കാരായി മനസ്സിലാക്കുകയും ദലിതരെ രാവണന്റെ പിൻതലമുറക്കാരായും കാണുന്നു. അങ്ങനെ ദലിതർക്കു നേരെ ബലാൽസംഗം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനുള്ള സവർണ ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്ര നീതീകരണം സാധ്യമാവുന്നു. ദലിത് ബഹുജനങ്ങളെ ‘ബലാല്‍സംഗകര്‍’ ആയി ഉറപ്പിക്കലാണ് ( fixation) ഈ ദേവ/അസുര കഥകളിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അതുപോലെ മുഹമ്മദ് നബിയുടെയും ആയിഷയുടെയും വിവാഹത്തെ മുൻനിര്‍ത്തി പ്രവാചകൻ മുഹമ്മദ് ശിശുപീഡകനും ‘മുഹമ്മദീയർ’ തങ്ങളുടെ കുഞ്ഞുങ്ങൾക്കു മേൽ അഥവാ രാഷ്ട്രത്തിന്റെ അടുത്ത തലമുറക്കു മേലുള്ള ഭീഷണിയായും ഹിന്ദു ദേശീയവാദികൾ സ്ഥാപിക്കുന്നു. ഇതിനായി നേരത്തെ സൂചിപ്പിച്ച വിരോധാഭാസം പോലെ മുസ്‌ലിം കുട്ടികൾക്കു മേലെ ലൈംഗികാക്രമണങ്ങളിലൂടെ പ്രതിരോധം(?) തീർത്തു ഭയം സൃഷ്ടിക്കുന്നു. പ്രവാചകൻ ലൂത്തിന്റെ കഥയിലൂടെയടക്കം ഖുർആൻ ശക്തമായി എതിർത്ത പരപീഡരതിയെ മുൻനിർത്തി മുസ്‌ലിംകൾ വ്യക്തി സ്വാതന്ത്ര്യത്തിന് എതിരായവരായും അതിനാൽ അവരെ അവകാശ ചർച്ചയിൽ നിന്നു പുറത്താക്കണമെന്നും ഒരു വശത്തു സ്ഥാപിക്കുന്നു. മറുവശത്ത് കാമസൂത്രയിലെയും ഖജുരാഹോ ശിൽപ്പങ്ങളിലെയും പുരാണങ്ങളിലെയും പരപീഡരതിയെ വ്യക്തിസ്വാതന്ത്രത്തിന്‍റെ ഉന്നതിയാക്കി ആഘോഷിക്കുന്നു. ഇങ്ങനെ ബ്രാഹ്മണ്യം മനുഷ്യാവകാശ കമ്മീഷൻ ആയി സ്വയം പ്രതിഷ്ഠിക്കുന്നു.

‘നോർമൽ’ അധികാരവും ലൈംഗികതയും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ലൈംഗികതയും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഈ ഉറപ്പിക്കലുകളിൽ നിന്നും മാറ്റി, സ്വതന്ത്രമായ ഒരു വ്യവഹാരമായി സ്വവർഗരതിയെ ഞാൻ പരിഗണിക്കുന്നില്ല. അതായത് സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിൽ ഹെട്രോ അധികാരം/സ്വവർഗാനുരാഗ ദുർബലത എന്നിങ്ങനെ ലളിതമായ ഒരു ബൈനറി നിർമാണം രാഷ്ട്രീയപരമായ മറയായിട്ടാണ് അനുഭവപ്പെടുന്നത്. എന്തെന്നാൽ, ലൈംഗികത അധികാരമായി മാറുന്നത് പക്ഷേ ഒന്നാമതായി വംശീയതയിലൂടെയാണ്. രണ്ടാമതായി മാത്രമാണ് ലിംഗപരമായ അധികാരം ഇതിൽ പ്രവർത്തിക്കുന്നത്. അതായത്, ഏറ്റവും മൂർത്തമായി തന്നെ ഒരു സവർണനായ, സ്വവർഗാനുരാഗിയായ പുരുഷന്റെ ലൈംഗികതയേക്കാൾ പ്രതിസ്ഥാനത്താണ് ദലിതനായ, ആദിവാസിയായ പുരുഷന്റെ എതിര്‍ലിംഗാനുരാഗം (Heterosexuality) എന്നു കാണാം. വംശീയതയുടെ അധികാരപരമായ പകർന്നാട്ടമാണ് ഇതിനു കാരണം. വംശീയത ചരിത്രപരമായി നിലനിൽക്കുന്നത് തന്നെ ഒരു അധീശത്വ സൗന്ദര്യ ബോധം നിർമിച്ചുകൊണ്ട് അപര ശരീരങ്ങളെ ലൈംഗിക/പ്രേമ വ്യവഹാരങ്ങളിൽ നിന്ന് പുറത്താക്കിക്കൊണ്ടും അപര സ്വത്വത്തിലുള്ള പുരുഷന്റെ ഭിന്നലൈംഗികതയെ ഭയപ്പാടോടെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുകൂടിയാണ്.

പ്രവാചകൻ ലൂത്തിന്റെ കഥയിലൂടെയടക്കം ഖുർആൻ ശക്തമായി എതിർത്ത പരപീഡരതിയെ മുൻനിർത്തി മുസ്‌ലിംകൾ വ്യക്തി സ്വാതന്ത്ര്യത്തിന് എതിരായവരായും അതിനാൽ അവരെ അവകാശ ചർച്ചയിൽ നിന്നും പുറത്താക്കണമെന്നും ഒരു വശത്ത് സ്ഥാപിക്കുന്നു. മറുവശത്ത് കാമസൂത്രയിലെയും ഖജുരാഹോ ശിൽപ്പങ്ങളിലെയും പുരാണങ്ങളിലെയും പരപീഡരതിയേ വ്യക്തിസ്വാതന്ത്രത്തിന്‍റെ ഉന്നതിയാക്കി ആഘോഷിക്കുന്നു. ഇങ്ങനെ ബ്രാഹ്മണ്യം മനുഷ്യാവകാശ കമ്മീഷൻ ആയി സ്വയം പ്രതിഷ്ഠിക്കുന്നു.

ലൈംഗികതയുടെ പ്രശ്നം ഒരു സാധാരണവത്കരണ (normalising) അധികാരമായാണ് തിരിച്ചറിയുന്നത്. ഏതെങ്കിലും ഒരു ലൈംഗികതയെ അപരർക്കു മേൽ ഉറപ്പിക്കുന്ന അധികാരത്തെ പ്രശ്നവൽകരിക്കുകയാണ് ചെയ്യേണ്ടത്. അധികാര പക്ഷത്തുള്ള LGBTIQ വ്യവഹാരങ്ങൾ അതിനാൽ തന്നെ ‘സാധാരണ’ രാഷ്ട്രീയത്തിന്റെ ഭാഗമാവുമ്പോൾ എതിർക്കപ്പെടേണ്ടതുണ്ട്. ലൈംഗിക രാഷ്ട്രീയത്തെ മറ്റു അധികാര ഘടനകളുമായി ബന്ധിപ്പിച്ച് കാണുന്ന സമീപനമായി മാറ്റുമ്പോഴാണ് അതിനെ നോർമലൈസിംഗ് വ്യവഹാരങ്ങൾക്കു പുറത്തു പ്രതിഷ്ഠിക്കാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയത്തെ ഇസ്‌ലാമോഫോബിയ അടക്കമുള്ള പ്രശ്നങ്ങളെ തിരിച്ചറിയുന്ന വിധത്തിൽ കൂടിക്കുഴഞ്ഞ രാഷ്ട്രീയമാക്കി മാറ്റേണ്ടതുണ്ട്.

ഒരുപാടു സമകാലിക ഉദാഹരണങ്ങളിൽ നിന്നും ഇതു വ്യക്തമാണ്. വരത്തനായ, വിദേശിയായ, ദേശീയതയുടെ അപരനായ, ഒരാണിന്റെ ലൈംഗികതയിലേക്കാണ് വംശീയതയുടെ മുന കൂർപ്പിക്കുന്നതെന്നു നമുക്ക് നിരീക്ഷിക്കാനാകും. ആദിവാസിയായ മധു കൊല്ലപ്പെട്ടതിനെ ന്യായീകരിച്ചു വാട്സപ്പിൽ പ്രചരിച്ച ഒരു ഓഡിയോ ക്ലിപ്പിൽ കൊലപാതകത്തെ ന്യായീകരിക്കുന്നത് ശ്രദ്ധിക്കണം. മധു രാത്രികാലങ്ങളിൽ വീടുകളിൽ കയറി മധ്യവർഗ സ്ത്രീകൾക്കൊപ്പം അവർ പോലുമറിയാതെ ഉറങ്ങുന്നുണ്ടെന്നായിരുന്നു കുപ്രചരണം. മാത്രമല്ല കോട്ടയത്ത് കെവിൻ കൊല്ലപ്പെടാനും കൊല്ലത്തെ ഷെഫിൻ ജഹാൻ തീവ്രവാദിയാക്കപ്പെടാനുമുള്ള അടിസ്ഥാന കാരണം അവരുടെ വംശത്തിനു വെളിയിലുള്ള സ്ത്രീകളിൽ അവർ ഇണകളെ കണ്ടെത്തി എന്നതാണല്ലോ? മറ്റൊരു തരത്തില്‍ പറഞ്ഞാൽ നിലവിൽ ഇന്ത്യയിൽ ഇണ ചേരാനുള്ള മാർഗം വിവാഹിതനാകുക എന്നതാവുകയും വിവാഹം കഴിക്കാനുള്ള മാർഗം അധികാരവും ജോലിയും ഉണ്ടായിരിക്കുക എന്നതുമാണ്. അധികാരവും ജോലിയും പങ്കുവെക്കൽ തങ്ങളുടെ ഇണകളെ കൂടി പങ്കുവെക്കലാണെന്ന ഭയം കൂടിയാണ് സവർണ പരുഷന്റെ സംവരണവിരോധത്തിന്റെ മറ്റൊരടിസ്ഥാനം. മണ്ഡൽ സമരകാലത്ത് ഇതു വ്യക്തമായതാണല്ലോ. സവർണ പുരുഷന്റെ ലൈംഗിക ഭയമാണിവിടെ പ്രശ്നവൽക്കരിക്കേണ്ടത്.

ജാതീയ കേരളത്തിൽ പണ്ടുണ്ടായിരുന്ന മണ്ണാപ്പേടി, പുലപ്പേടി മുതൽ ഇന്നു നാം കേൾക്കുന്ന ലൗ ജിഹാദ് വരെയുള്ള വംശീയ പദപ്രയോഗങ്ങളിൽ സവർണ പുരുഷന്റെ ലൈംഗിക ഭയമുണ്ട്. അതിനാൽ തന്നെ ദലിത്, മുസ്‌ലിം, ആദിവാസി അടക്കമുള്ള അപരപുരുഷന്റെ ഭിന്നലൈംഗികത എത്രമാത്രം കുറ്റകൃത്യമാണെന്നും അധികാരത്തിന്റെ നിരീക്ഷണത്തിലാണെന്നും സവർണ പുരുഷന്റെ ലൈംഗിക ഭയത്തെ നിരീക്ഷിച്ചാലറിയാം.

രാഷ്ട്രീയശരികൾക്കപ്പുറം

‘LGBTIQ’ എന്നത് പലപ്പോഴും കേവല രാഷ്ട്രീയ ശരിയുടെ സമവാക്യമായി മാറുന്നുണ്ട്. ലൈംഗിക നിയന്ത്രണത്തിന്റെ സ്വാഭാവിക ഇരകൾ വംശീയത നേരിടുന്ന അപര സമൂഹങ്ങളിലെ എതിര്‍ലിംഗാനുരാഗികളും കൂടിയാണ്. പക്ഷേ ഇതൊക്കെ കേവലം ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യ നിഷേധം, മതസ്വാതന്ത്ര്യ പ്രശ്നം തുടങ്ങിയ രീതിയിൽ മാത്രം ചർച്ചയാവുകയും, അതേസമയം ഒരു ജനത മുതലാളിത്തത്തിന്റെ യൂറോകേന്ദ്രിത സൗന്ദര്യ സങ്കൽപ്പനിർമാണം വഴിയും ഹിന്ദുത്വത്തിന്റെ വംശീയത മൂലവും എങ്ങനെ ലൈംഗികമായി നിയന്ത്രിക്കപ്പെടുന്നു എന്നത് അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു.

ജാതീയ കേരളത്തിൽ പണ്ടുണ്ടായിരുന്ന മണ്ണാപ്പേടി, പുലപ്പേടി മുതൽ ഇന്നു നാം കേൾക്കുന്ന ലൗ ജിഹാദ് വരെയുള്ള വംശീയ പദപ്രയോഗങ്ങളിൽ സവർണ പുരുഷന്റെ ലൈംഗിക ഭയമുണ്ട്. അതിനാൽ തന്നെ ദലിത്, മുസ്‌ലിം, ആദിവാസി അടക്കമുള്ള അപരപുരുഷന്റെ ഭിന്നലൈംഗികത എത്രമാത്രം കുറ്റകൃത്യമാണെന്നും അധികാരത്തിന്റെ നിരീക്ഷണത്തിലാണെന്നും സവർണ പുരുഷന്റെ ലൈംഗിക ഭയത്തെ നിരീക്ഷിച്ചാലറിയാം.

അതേസമയം തന്നെ LGBTIQ ഒരു ഇടതു ലിബറൽ വ്യവഹാരമാക്കപ്പെടുമ്പോൾ ‘T’ എന്ന ട്രാന്‍സ് ജെന്‍ഡറിന്‍റെ പ്രശ്നങ്ങൾ മേല്‍പറഞ്ഞതു പോലെ എതിര്‍ലിംഗാനുരാഗികള്‍‍ പോലുമനുഭവിക്കുന്ന ലൈംഗിക നിയന്ത്രണം എന്നതിലേക്ക് ചുരുക്കി ലിംഗഭേദം എന്ന പ്രശ്നത്തെ കേവലം ലൈംഗികതയുടെ പ്രശ്നമാക്കി അദൃശ്യമാക്കി നിർത്തുന്നുമുണ്ട്. ഈ രണ്ടു അദൃശ്യമാക്കലുകളെയും,  വംശീയതയെയും ജാതീയതയെയും അദൃശ്യമാക്കുന്ന സി.പി.എമ്മിന്റെ വർഗ രാഷ്ട്രീയത്തിനോടാണ് എനിക്ക് ചേർത്തുവെക്കാൻ തോന്നുന്നത്. മാത്രമല്ല ലൈംഗിക രാഷ്ട്രീയത്തെ ഹിന്ദു/യൂറോപ്യൻ രീതിയിൽ നിന്നു മാറ്റി ചിന്തിക്കാൻ കഴിയേണ്ടതുണ്ട്. യൂറോപ്യൻ/സവർണ/ഇടതുപക്ഷ ആകുലതകളല്ല മുസ്‌ലിം ലൈംഗിക രാഷ്ട്രീയത്തിന്റെ മുൻഗണനകളിൽ വരുന്നത്. അതിലേക്കുള്ള സംവാദങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട്.

ഒരു മുസ്‌ലിം നിലപാടിലേക്ക്

ജമാഅത്തെ ഇസ്‌ലാമിയുടെ അടക്കമുള്ള മുസ്‌ലിം സംഘടനകളുടെ സ്വവർഗാനുരാഗത്തെ പറ്റിയുള്ള നിലപാടുകളും മുസ്‌ലിം സംഘടനകൾക്ക് അങ്ങനെ നിലപാടെടുക്കാനുള്ള അവകാശമുണ്ടെന്ന ചില സ്വത്വവാദികളുടെ രക്ഷാകർതൃത്വ സ്വഭാവത്തിലുള്ള ഏറ്റെടുപ്പിനോടും താത്പര്യമില്ലെന്നു കൂടി ചേർത്തു പറയാന്‍ ആഗ്രഹിക്കുകയാണ്. ഖുർആനിൽ പറഞ്ഞ ലൂത്ത് നബിയുടെ കഥ പൊതുചർച്ചയാകുന്ന സാഹചര്യമാണിത്. എന്റെ ഖുർആൻ വായന ഒരു കലാചരിത്ര വിദ്യാർഥി എന്ന നിലയിലാണ്. നിയമബന്ധിതമായ (Normative) ഖുർആൻ വായനയല്ല ഞാൻ മുന്നോട്ടു വെക്കുന്നത്. ഈ നിഗമനങ്ങൾ കലാചരിത്രത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പഠിക്കേണ്ടത്.

ലൂത്ത് നബിയുടെ ജനതയൊന്നാകെ സ്വവർഗാനുരാഗികൾ ആണെന്നാണല്ലോ പൊതുവെ വായിക്കപ്പെടുന്നത്. ശാസ്ത്രീയമായോ ചരിത്രപരമായോ അനുഭവപരമായോ അങ്ങനൊരു ജനതക്ക് യാതൊരു സാധ്യതയുമില്ലെന്നു ഊഹിക്കാവുന്നതാണ്. പടർന്നു പിടിക്കുന്നതല്ലാത്ത തലച്ചോറിലെ ചില സവിശേഷതകൾ കൊണ്ട് മനുഷ്യനടക്കം ആയിരത്തിഅഞ്ഞൂറിലധികം പടപ്പുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ള സ്വാഭാവികതയാണല്ലോ സ്വവർഗാനുരാഗം. പിന്നെങ്ങനെ ഒരു സമൂഹം ഒന്നടങ്കം സ്വവർഗാനുരാഗികളാകും? ഖുർആനും ചരിത്രവും തമ്മിൽ ഈ വിഷയത്തിൽ തർക്കമില്ലാത്ത ചിലതുണ്ട്. പല കാരണങ്ങൾ കൊണ്ട് നശിച്ചുപോയ പുരാതന ഗ്രീക്ക് അടക്കമുള്ള അതിശക്തമായ പല നാഗരികതകളിലും എതിര്‍ലിംഗാനുരാഗികളായ ആണുങ്ങളുടെ ലൈംഗിക സുഖത്തിനായി നില നിന്ന സംവിധാനങ്ങളുണ്ട്. സ്ത്രീകൾക്ക് പുറമെ ശരീരരോമങ്ങൾ മുളക്കുന്നതിനു മുൻപുള്ള കൗമാരക്കാരെയും ബാലകരെയും അധികാരം ഉപയോഗിച്ച് രാജാക്കന്മാരും ദേവന്മാരും അടക്കമുള്ളവർ കീഴ്‌പ്പെടുത്തുന്ന ഒരു ബലാൽസംഗ സംസ്കാരം (Rape culture) നിലനിന്നിരുന്നുവെന്നതിന് അവിടങ്ങളിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള അക്രമാസക്തമായ ആൺ ലൈംഗികതയെ വർണിക്കുന്ന എണ്ണമറ്റ ചുമർ ചിത്രങ്ങൾ തെളിവാണ്. ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ലിംഗ/ലൈംഗിക ന്യൂനപക്ഷഷങ്ങളെയല്ല മറിച്ച് ഒരു ബലാൽസംഗ സംസ്കാരത്തെ പരമകാരുണ്യവാനായ അല്ലാഹു നശിപ്പിച്ചു എന്നാണ് ഞാൻ ചരിത്രപരമായി വായിക്കുന്നത്. ബാലകരുടെ രൂപത്തിൽ വന്ന മാലാഖമാർക്കു നേരെ ഉപദ്രവം അഴിച്ചുവിട്ടെന്നു പറഞ്ഞു കൊണ്ട് ഖുർആൻ തന്നെ അക്രമകരമായ ബാലരതി സാംസ്കാരികമായി സ്വീകരിച്ച ജനതയാണതെന്ന് സൂചന നൽകുന്നുണ്ടല്ലോ.

സ്ത്രീകൾക്ക് പുറമെ ശരീരരോമങ്ങൾ മുളക്കുന്നതിനു മുൻപുള്ള കൗമാരക്കാരെയും ബാലകരെയും അധികാരം ഉപയോഗിച്ച് രാജാക്കന്മാരും ദേവന്മാരും അടക്കമുള്ളവർ കീഴ്‌പ്പെടുത്തുന്ന ഒരു ബലാൽസംഗ സംസ്കാരം നിലനിന്നിരുന്നുവെന്നതിന് അവിടങ്ങളിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള അക്രമാസക്തമായ ആൺ ലൈംഗികതയെ വർണിക്കുന്ന എണ്ണമറ്റ ചുമർ ചിത്രങ്ങൾ തെളിവാണ്. ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ലിംഗ/ലൈംഗിക ന്യൂനപക്ഷഷങ്ങളെയല്ല മറിച്ച് ഒരു ബലാൽസംഗ സംസ്കാരത്തെ പരമകാരുണ്യവാനായ അല്ലാഹു നശിപ്പിച്ചു എന്നാണ് ഞാൻ ചരിത്രപരമായി വായിക്കുന്നത്.

ഈ രീതിയിൽ ചിന്തിച്ചാൽ കേരളത്തിലെ, ഇന്ത്യയിലെ മുസ്‌ലിം സമുദായം സ്വവർഗാനുരാഗത്തോട് നിലവിൽ സ്വീകരിച്ചു പോരുന്ന വിക്ടോറിയൻ സദാചാരം ഉപേക്ഷിക്കുക തന്നെ വേണം. സ്വവർഗാനുരാഗികളും എന്നാൽ വിശ്വാസികളുമായ ഒരുപാടു പേർ നമുക്കിടയിലുണ്ട്. അവരെ രാഷ്ട്രീയപരമായി മാത്രമല്ല വിശ്വാസപരമായും ചേർത്തു നിർത്തേണ്ടതുണ്ട്.

എല്ലാ വിഷയത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറന്നു ഈ വിഷയത്തിൽ മുസ്‌ലിംകൾ ഒന്നാകണമെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ ഭരണകൂടത്തിന് കഠിനനിയമങ്ങൾ

മുഹമ്മദ് ഫർഹാദ്

മുഹമ്മദ് ഫർഹാദ്

നിലനിർത്താൻ അതിന്റെ ഇരകളായ മുസ്‌ലിംകൾ മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്ന സ്ഥിതി ദൗർഭാഗ്യകരമാണ്. മുസ്‌ലിംകൾ ഉയർത്തേണ്ടത് ഭരണഘടനാ വ്യവഹാരമല്ല. നൈതികത പ്രധാനമാവുന്ന ഹറാം/ഹലാൽ വ്യവഹാരമാണ്. ഇസ്‌ലാമിൽ നിയമത്തിന്റെ ലക്ഷ്യം ശിക്ഷയല്ല. മറിച്ച് നൈതികതയാണ് നിയമത്തിന്റെ ലക്ഷ്യവും മാർഗവും. സ്വവർഗാനുരാഗം ഹറാം ആണെന്ന് കരുതുന്നവർ അത് തുടരുക തന്നെ വേണം. പക്ഷേ അവരെ നീതിബോധമില്ലാത്ത മനുഷ്യനിർമിത ശിക്ഷക്ക് വിട്ടുകൊടുക്കരുത്.

മുസ്‌ലിംകൾക്ക് ഹറാമായ ബിംബാരാധന നടത്തിയിരുന്നവർ അധികാര ശക്തികളായിരിക്കുമ്പോൾ നിലനിൽപ്പിനായി അവരോട് യുദ്ധം ചെയ്യുകയും മക്കാ വിജയത്തിന് ശേഷം ബിംബാരാധകർക്ക് അവകാശപ്പെട്ട നീതി അനുവദിച്ചു കൊടുക്കുകയും ചെയ്‌ത നൈതികപാരമ്പര്യമാണ് മുസ്‌ലിംകളുടേത്. സ്വവർഗാനുരാഗം ഹറാമാണെന്ന് മനസിലാക്കുന്നവർ പോലും അങ്ങനെയായിരിക്കെ തന്നെ സ്വവർഗാനുരാഗികളുടെ രാഷ്ട്രീയ അവകാശങ്ങൾക്കൊപ്പം നിൽക്കേണ്ടത് വിശ്വാസപരമായ ബാധ്യതായാണ്. ലൂത്ത് നബിയുടെ കഥയിലെ ബലാല്‍സംഗ സംസ്കാരം സ്വീകരിച്ച സമൂഹം ലൈംഗിക ന്യൂനപക്ഷമാണെന്ന് വിശ്വസിക്കാനുള്ള അവകാശവും വിശ്വാസികൾക്കുണ്ട്. എന്നാൽ ലൂത്ത് നബിയുടെ ജനതയെ പോലെ അധികാരശക്തിയല്ലാത്തിടത്തോളം കാലം അവരോടുള്ള യുദ്ധപ്രഖ്യാപനത്തിനും ഭരണകൂടത്തിനുള്ള ഒറ്റുകൊടുക്കലിനും പടച്ചവനോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് ‘മുസ്‌ലിം’കള്‍. ഇടതു ലിബറൽ ഏറ്റെടുപ്പുകൾക്കല്ല, മറിച്ച് മുസ്‌ലിം എന്ന അപരജനത നീതിയെക്കുറിച്ചുള്ള പുതിയ ചരിത്രം കുറിക്കുന്നതിനാണ് ഇപ്പോള്‍ കാതോർക്കുന്നത്.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: http://www.dazeddigital.com

Top