അധികാരവും വ്യവഹാരവും: ചില ചോദ്യങ്ങൾ

September 24, 2018

ദലിത് ബഹുജൻ സ്ത്രീകൾ അക്കാദമിക്, ആക്ടിവിസ്റ്റ് ഇടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ‘തുറന്നുപറഞ്ഞു’ കൊണ്ടു വന്ന സ്ത്രീപക്ഷ മുന്നേറ്റത്തെ കുറിച്ചു ‘ഇതു ഞങ്ങളുടെ രാഷ്ട്രീയമല്ല’ എന്ന തലകെട്ടിൽ ‘ഉത്തരകാല’ത്തിൽ പ്രസിദ്ധീകരിച്ച ജെനിയുടെയും ശ്രീബിത പി.വിയുടെയും ലേഖനത്തിനോടുള്ള പ്രതികരണം.പ്രസ്തുത ലേഖനത്തിന്റെ ഭാഷയും അതിലെ അധികാരവും, ലേഖനത്തിൽ ഉടനീളം ലൈംഗിക അതിക്രമത്തിന് ഇരയായ, അതിനെ അതിജീവിച്ച, ‘തുറന്നുപറച്ചിൽ’ എന്ന ആക്റ്റ് ചെയ്ത സ്ത്രീകളുടെ അസ്സാന്നിദ്ധ്യവും ഇത്തരം തിയറൈസിങ്ങിന് പിന്നിലെ ചേതോവികാരത്തെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നു ശീതൾ എൻ. എസ്.

ഈയടുത്ത് കേരളത്തിലെ ചില ദലിത് ബഹുജൻ സ്ത്രീകൾ അക്കാദമിക്/ആക്ടിവിസ്റ് ഇടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ‘തുറന്നുപറച്ചില്‍’ (speaking out) നടത്തിയ സ്ത്രീപക്ഷ മുന്നേറ്റത്തെ തള്ളിപ്പറഞ്ഞു കൊണ്ട് ‘ഇതു ഞങ്ങളുടെ രാഷ്ട്രീയമല്ല’ എന്ന ഒരു ലേഖനം ‘ഉത്തരകാല’ത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായല്ലോ. ലേഖകരായ ജെനി റോവീനയും ശ്രീബിത പി.വിയും ഈ മുന്നേറ്റത്തെ തള്ളിപറയുന്നത് അതിലെ ജാതി രാഷ്ട്രീയത്തിന്റെ പങ്കിനെ ചോദ്യം ചെയ്തു കൊണ്ടാണ്. കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ പുറത്തല്ല, മറിച്ച് ആൾക്കൂട്ടത്തിന്റെ അക്രമസ്വഭാവത്തിന്റെ പുറത്താണ് സോഷ്യൽ മീഡിയയിൽ ഇതിനോട് പ്രതികരണങ്ങൾ ഉണ്ടായതെന്നും ഈ ആക്രമണത്തിന് കുറ്റാരോപിതനായ സവർണ പുരുഷനേക്കാൾ കീഴാള പുരുഷൻ ഇരയാകുന്നു എന്നതും തീർത്തും ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. തീർച്ചയായും സ്വയം വിമർശനാത്മകമാവാതെ ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോവുക സാധ്യമല്ല. എന്നാൽ പ്രസ്തുത ലേഖനത്തിന്റെ ഭാഷയും (ശത്രുപക്ഷത്ത് നിര്‍ത്തപ്പെട്ട അപരത്വത്തോടാണ് അത് സംവദിക്കുന്നത്) അതിലെ അധികാരവും ലേഖനത്തിൽ ഉടനീളം ലൈംഗിക അതിക്രമത്തിന് ഇരയായ, അതിനെ അതിജീവിച്ച, തുറന്നുപറച്ചിൽ എന്ന കര്‍മം നിര്‍വഹിച്ച സ്ത്രീകളുടെ അസാന്നിധ്യവും ഇത്തരം സൈദ്ധാന്തികവല്‍ക്കരണത്തിന് പിന്നിലെ ചേതോവികരത്തെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇരയുടെ ഒപ്പം, കുറ്റാരോപിതനൊപ്പം എന്ന ബൈനറിയിൽ നിന്നല്ലാതെ ഈ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു സംഭാഷണമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ലൈംഗിക അതിക്രമങ്ങളെ അഭിസംബോധന ചെയ്യുന്ന ‘Name and Shame’ (അതിക്രമിയുടെ പേര് വെളിപ്പെടുത്തുക, നാണംകെടുത്തുക) എന്ന മാർഗം #me too കാമ്പയിനും റയാ സര്‍ക്കാറിന്‍റെ ലിസ്റ്റും മുതലിങ്ങോട്ട് സോഷ്യൽ മീഡിയയിൽ ഉപയോഗിക്കപ്പെടുകയുണ്ടായല്ലോ. ഈ സ്ത്രീപക്ഷ മുന്നേറ്റങ്ങൾക്ക് തുടർച്ച ഉണ്ടെങ്കിലും ഇതിന്റെ സ്വഭാവം ഏകാത്മകമല്ല (Homogeneous). അക്കാദമിക് ഇടങ്ങളിലെയും ആക്ടിവിസ്റ്റ് ഇടങ്ങളിലെയും മാത്രമല്ല, പുരോഗമനമെന്ന് പറയപ്പെടുന്ന എല്ലാ ഇടങ്ങളിലേയും ലൈംഗിക അതിക്രമം ഇതിലൂടെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഈ മുന്നേറ്റം റയാ സര്‍ക്കാര്‍ പുറത്തുവിട്ട ലിസ്റ്റിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇവിടെ  നാണംകെടുത്തല്‍ എന്നത് ഒറ്റതിരിഞ്ഞ ഒരു പ്രവര്‍ത്തനമല്ലെന്ന് കാണാവുന്നതാണ്, മറിച്ച് നാണംകെടുത്തല്‍ എന്നത് തുറന്നുപറച്ചിലിന്‍റെ പരിണിത രൂപമാണ്.

ഈ തുറന്നുപറച്ചിൽ ഇവിടെ പലപ്പോഴും ഉണ്ടാവാനുള്ള കാരണം ലൈംഗിക അതിക്രമത്തെ നേരിടാനുള്ള ആഭ്യന്തര സംവിധാനങ്ങളുടെ ശേഷിക്കുറവും സഹായ സംവിധാനങ്ങളുടെ പൂർണമായ അഭാവവുമാണ്. ഈയൊരു സാഹചര്യത്തിൽ, ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവര്‍ നേരിടുന്ന മാനസിക നൈരാശ്യവും നിസ്സഹായതയും വളരെ വലുതാണ്. പ്രസ്തുത മുന്നേറ്റത്തിൽ തുറന്നുപറച്ചിൽ നടത്തിയ സ്ത്രീകൾക്ക് എന്തു കൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടി വരുന്നു? ഇത്തരത്തില്‍ ഇരട്ട അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന കീഴാളസ്ത്രീകൾ പൊതുപ്രവര്‍ത്തന ഇടങ്ങളിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുമ്പോൾ, അതിവായനകള്‍ (larger implications) ആലോചിച്ചു അതിനെതിരെ ശബ്ദമുയർത്താതെ വേറെ ഇടങ്ങൾ തേടി പോകാൻ സാധിക്കാത്തവരാണ്, പലപ്പോഴും അതിനുള്ള സുഖസൗകര്യങ്ങള്‍ ഇല്ലാത്തവരാണ്. ഈ മുന്നേറ്റത്തെ സൈദ്ധാന്തികവല്‍കരിക്കുന്നവര്‍ അക്കാദമിക് രംഗത്തെ സുരക്ഷിത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് കൊണ്ടാവാം ഒരുപക്ഷേ മുന്നേറ്റത്തിന്റെ ഭാഗമായി തുറന്നുപറച്ചില്‍ നടത്തിയവരുടെ കര്‍തൃത്വത്തെ മാനിക്കാൻ സാധിക്കാത്തത്. അതിനാൽ തന്നെയാവാം ലേഖനത്തിലുടനീളം അതിജീവിച്ചവര്‍ അദൃശ്യരായി പോവുന്നതും.

ഇത്തരത്തില്‍ ഇരട്ട അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന കീഴാളസ്ത്രീകൾ പൊതുപ്രവര്‍ത്തന ഇടങ്ങളിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുമ്പോൾ, അതിവായനകള്‍ (larger implications) ആലോചിച്ചു അതിനെതിരെ ശബ്ദമുയർത്താതെ വേറെ ഇടങ്ങൾ തേടി പോകാൻ സാധിക്കാത്തവരാണ്, പലപ്പോഴും അതിനുള്ള സുഖസൗകര്യങ്ങള്‍ ഇല്ലാത്തവരാണ്. ഈ മുന്നേറ്റത്തെ സൈദ്ധാന്തികവല്‍കരിക്കുന്നവര്‍ അക്കാദമിക് രംഗത്തെ സുരക്ഷിത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് കൊണ്ടാവാം ഒരുപക്ഷേ മുന്നേറ്റത്തിന്റെ ഭാഗമായി തുറന്നുപറച്ചില്‍ നടത്തിയവരുടെ കര്‍തൃത്വത്തെ മാനിക്കാൻ സാധിക്കാത്തത്.

ലൈംഗിക അതിക്രമത്തെ അതിജീവിച്ച സ്ത്രീകൾ സോഷ്യൽ മീഡിയയിൽ പബ്ലിക് പോസ്റ്റ് ഇടുന്നതോടു കൂടി ആ ആഖ്യാനങ്ങള്‍ക്ക് ഏതുതരത്തിലും വ്യാഖ്യാനിക്കപ്പെടാനുള്ള ശക്തി കൈവരുന്നുണ്ട്. നിസ്സഹായതയിൽ നിന്നുണ്ടായ ഒരു പ്രവര്‍ത്തനത്തിന് മനഃപൂര്‍വമല്ലാത്ത പല വിവക്ഷകളും ഉണ്ടായിട്ടുണ്ട് എന്നത് സോഷ്യൽ മീഡിയയിൽ ഇതിനകമുണ്ടായ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. കുറ്റാരോപിതർക്കെതിരെ ഉണ്ടായിട്ടുള്ള ആൾകൂട്ട ആക്രമവും lynching-ഉം കുറ്റാരോപിതർ പ്രതിനിധാനം ചെയ്യുന്ന സംഘടന/രാഷ്ട്രീയ ധാരയോടുള്ള പകപോക്കലും പുരോഗമന ഇടങ്ങളോടു മുഴുവനായുള്ള അസഹിഷ്ണുതയും ഇതിനോടനുബന്ധിച്ച് നാം കണ്ടു. ഇത്തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പും ആൾകൂട്ട വിചാരണയും തീർത്തും എതിർക്കപ്പെടേണ്ടതാണ്. പക്ഷേ ജെനിയുടെയും ശ്രീബിതയുടെയും ലേഖനത്തിൽ ഇതിനു അനിയന്ത്രിതമായ, അതായത് ലൈംഗിക അതിക്രമം എന്ന വിഷയം തന്നെ മറന്നു പോകുന്ന തരത്തിൽ പ്രാധാന്യം കൊടുക്കുന്നതായി കാണാം. വിഷയത്തിലേക്ക് തിരിച്ച് വരുമ്പോൾ ഈ തുറന്നുപറച്ചിൽ ആ രാഷ്ട്രീയ പ്രസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്നും ആലോചിക്കേണ്ടിയിരിക്കുന്നു. കുറ്റാരോപിതരുടെ ഇത്രയും കാലത്തെ രാഷ്ട്രീയമോ മറ്റ് ഇടപെടലുകളോ ഇതിലൂടെ റദ്ദു ചെയ്യപ്പെടുന്നില്ല. ഈ ഇടങ്ങൾ ഇത്തരം ഇടപെടലുകളിലൂടെ കൂടുതൽ ജനാധിപത്യപരമായി മാറുകയാണ് ചെയ്യുക. നേതാക്കൾക്ക്, മുഖങ്ങൾക് മാത്രം പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വിമോചന (emancipatory) മാതൃകകള്‍ തന്നെ പ്രശ്നവത്കരിക്കേണ്ടതില്ലേ? ആ മാതൃകയെ വീണ്ടും ശക്തിപ്പെടുത്തുകയാണ് കുറ്റാരോപിതരെ സംരക്ഷിക്കാൻ വേണ്ടി മേൽ പറഞ്ഞ ന്യായീകരണ വാദം പറയുന്നവർ ചെയ്യുന്നത്.

ജെനിയുടെയും ശ്രീബിതയുടെയും ലേഖനത്തിൽ ഒരേ കുറ്റത്തിന് പലതരത്തിലുള്ള കഠിന ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന സവർണ പുരുഷൻ/ കീഴാള പുരുഷൻ എന്ന ബൈനറി കാണാം. ആ ലേഖനത്തിനെതിരെ ഉയർന്ന വിമർശനങ്ങളോടുള്ള മറുപടിയായി ‘ഉത്തരകാല’ത്തിൽ തന്നെ ശ്രീജിതാ ജയഭാരതി എഴുതിയ ലേഖനത്തിൽ ഈ ബൈനറിയുടെ അടിസ്ഥാനം സ്വതം അല്ല, രാഷ്ട്രീയ അനുഭാവിത്വം (Political association) ആണ്. ( ലൈംഗിക അക്രമം നടത്തുന്ന ദലിത് ആക്റ്റിവിസ്റ്റിനും വളരെ കുറച്ചു ആളുകള്‍ മാത്രം പങ്കുവെക്കുന്ന ഒരു വിചാരധാരയുടെ പ്രതിനിധിക്കും, വളരെയധികം ആള്‍ക്കൂട്ട പിന്‍ബലമുള്ള സംഘടനയില്‍ ഭാഗമായുള്ളവര്‍ക്കും മതത്തിന്റെയോ സമൂഹം അംഗീകരിക്കുന്ന മറ്റു ചട്ടക്കൂടുകളുടെയോ കവചം ഉള്ളവര്‍ക്കും ശിക്ഷയുടെ കാഠിന്യം വളരെ വ്യത്യസ്തമാണ് എന്ന് ഞാന്‍ എടുത്തു പറയാതെ തന്നെ ഈയടുത്ത കാലത്തെ വ്യത്യസ്ത സംഭവങ്ങളോടുള്ള സാമൂഹ്യമാധ്യമങ്ങളുടെ വ്യത്യസ്ത നിലപാടുകളില്‍ നിന്നും എല്ലാവര്‍ക്കും വ്യക്തമാണ്). കേരളത്തിലെ മുന്നേറ്റത്തിന്റെ ഭാഗമായി വന്ന പല കേസുകളും ഈ രണ്ടു വാദങ്ങളും കണക്കിലെടുക്കുമ്പോൾ എവിടെ സ്ഥാപിക്കണമെന്ന് മനസിലാകാതെ വരുന്നുണ്ട്. ഉദാഹരണത്തിന് ആൾബലവും അധികാരവുമുള്ള ഒരു ഇടതുപക്ഷ പാർട്ടിയുടെ ഭാഗമായ  ബഹുജനായ ഒരു കുറ്റാരോപിതനെ ഈ ചട്ടകൂടില്‍ നിങ്ങൾ എവിടെ സ്ഥാപിക്കും? ഇതൊന്നും കണക്കിലെടുക്കാതെ കേവലം രൂപേഷ് കുമാറിന്റെയും രജീഷ് പോളിന്റെയും മാത്രം കേസുകൾ അടിസ്ഥാനമാക്കിയാണോ ഈ അക്കാദമീഷ്യന്‍മാര്‍ സിദ്ധാന്തം ചമക്കുന്നത്? അങ്ങനെ ആണെങ്കിൽ അതിന്റെ പിന്നിലെ താല്പര്യം എന്താവും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അതിജീവിച്ച സ്ത്രീകളെ അംഗീകരിക്കുക പോലും ചെയ്യാതെ ധാര്‍മികമായി തളർത്തുന്ന വിധത്തിൽ ഇതു ഞങ്ങളുടെ രാഷ്ട്രീയമല്ല എന്ന് നിങ്ങൾ പറയുമ്പോൾ പിന്നെ എന്താണ് നിങ്ങളുടെ രാഷ്ട്രീയം? നിങ്ങളുടെ രാഷ്ട്രീയത്തിൽ കീഴാള പുരുഷന്മാരാൽ അതിക്രമത്തിന് വിധേയരാവുന്ന കീഴാള സ്ത്രീകൾക്ക് ഇടമുണ്ടോ എന്നത് കൂടി വ്യക്തമാക്കേണ്ടതില്ലേ?

തുറന്നുപറച്ചിലുകളിലൂടെയുള്ള ഈ മുന്നേറ്റത്തെ തീർത്തും തള്ളിപ്പറഞ്ഞു കൊണ്ടുള്ള നിങ്ങളുടെ രാഷ്ട്രീയം സ്വന്തം മുഖം രക്ഷിക്കാനും ഇരയെ നാണംകെടുത്താനും (Victim shaming) അതിജീവിച്ചവര്‍ക്ക് മുകളിൽ വീണ്ടും പല രീതികളിൽ അധികാരം പ്രയോഗിക്കാനും ഓണ്‍ലൈന്‍ ശക്തി പ്രകടനങ്ങൾ നടത്താനും കുറ്റാരോപിതർ ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കുന്നുണ്ട്. തുറന്നുപറച്ചിൽ എന്ന പ്രവര്‍ത്തനത്തിന് ഉദ്ദേശിക്കപ്പെടാത്ത വിവക്ഷകള്‍ ഉണ്ടായത് പോലെ തന്നെ ജെനിയുടെയും ശ്രീബിതയുടെയും ശ്രീജിതയുടെയും ലേഖനങ്ങൾക്കും മറ്റുപല വിവക്ഷകളും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് അതിജീവിച്ചവരെ വീണ്ടും അതിക്രമത്തിന് ഇരയാക്കി എന്നത്. ഇത്തരത്തില്‍ ആശയ വ്യക്തത പോലുമില്ലാത്ത വാദങ്ങൾ

ശീതൾ എൻ എസ്

ശീതൾ എൻ എസ്

ഉപയോഗിച്ചു കൊണ്ട് ജ്ഞാനോൽപ്പാദനത്തിന്റെ ( knowledge production) അധികാര ശ്രേണിയുടെ മുകളിലിരിക്കുന്നവർ നിരുത്തരവാദിത്തപരമായി അധികാരം ഉപയോഗിക്കുന്നതിനെ എന്തു വിളിക്കണം? അതിജീവിച്ച സ്ത്രീകളെ അംഗീകരിക്കുക പോലും ചെയ്യാതെ ധാര്‍മികമായി തളർത്തുന്ന വിധത്തിൽ ഇതു ഞങ്ങളുടെ രാഷ്ട്രീയമല്ല എന്ന് നിങ്ങൾ പറയുമ്പോൾ പിന്നെ എന്താണ് നിങ്ങളുടെ രാഷ്ട്രീയം? നിങ്ങളുടെ രാഷ്ട്രീയത്തിൽ കീഴാള പുരുഷന്മാരാൽ അതിക്രമത്തിന് വിധേയരാവുന്ന കീഴാള സ്ത്രീകൾക്ക് ഇടമുണ്ടോ എന്നത് കൂടി വ്യക്തമാക്കേണ്ടതില്ലേ? നിങ്ങളുടെ ആഖ്യാനത്തില്‍ ദലിത് ബഹുജൻ സ്ത്രീകളുടെ പൂർണമായ അദൃശ്യത ലിംഗപരമായ പക്ഷപാതിത്വം (Gender bias) തന്നെയല്ലേ? ഇവിടെ ചർച്ച ചെയ്യപ്പെട്ട ഇടങ്ങളെയെല്ലാം വരേണ്യ ഇടങ്ങളെന്നും അവിടെയുള്ള ദലിത് ബഹുജൻ സ്ത്രീകളെ സവർണതയുടെ അടിമകളെന്നും വിളിക്കുന്നത് ഇരട്ടത്താപ്പല്ലേ? “മുറ പോലെയുള്ള നടപടിക്രമങ്ങള്‍” (Due process) എത്രത്തോളം കീഴാളവിരുദ്ധമാണെന്ന് അറിയുമ്പോഴും മറ്റൊരു മാർഗം സ്വീകരിക്കേണ്ടി വരുന്നതിനെ സവർണ ഫെമിനിസം എന്ന് മുദ്രകുത്തിക്കൊണ്ട് അപരവൽക്കരിക്കുന്നതിലൂടെ നിങ്ങൾ നടത്തുന്ന അധികാര പ്രയോഗത്തെ പറ്റിയും വിമർശനാത്മകമായി ചിന്തിക്കേണ്ടതുണ്ട്.

ദില്ലി യൂണിവേഴ്‌സിറ്റി ഹിന്ദു കോളേജിൽ ബി.എ മൂന്നാം വർഷ വിദ്യാർഥിനിയാണ് ലേഖിക. തലശ്ശേരി സ്വദേശിനി.

Top