കളിയിൽ അൽപം കാര്യം: സെറീന വില്യംസും ടെന്നിസ് കളത്തിലെ വംശീയതയും

സെറീനയുടെ എതിരാളിയായി ഒസാകയെ അവതരിപ്പിക്കുമ്പോൾ കളിക്കളത്തിലെ പുരുഷാധിപത്യവും വംശീയതയും ഒരു തരത്തിൽ അദൃശ്യമാവുന്നു. രണ്ടു പെണ്ണുങ്ങൾ തമ്മിലുള്ള അടിപിടിയായി ഈ പ്രശ്നത്തെ ലഘൂകരിക്കുകയും അധികാരപ്രയോഗവും വംശീയതയും കാണിച്ച അംപയർ പരിഹാസങ്ങളിൽ നിന്ന് രക്ഷപെടുകയും മാധ്യമങ്ങൾ സെറീനയുടെ വൈകാരികതയെ കുറ്റപ്പെടുത്തുകയുമാണ് ഉണ്ടായത്.ഇക്കഴിഞ്ഞ യു.എസ് ഓപ്പൺ ഫൈനൽ മത്സര വിവാദത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളത്തിന്റെയും മാധ്യമങ്ങളുടെയും വംശീയതയെ കുറിച്ചു അലീന ആകാശമിഠായി എഴുതുന്നു.

ഈ അടുത്തകാലത്ത് “റേസിസം” എന്ന പദം മലയാളി കേട്ടത് സാമുവൽ അബിയോള റോബിൻസണിലൂടെ ആയിരുന്നു. വംശീയതയുടെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്ന് അറിയാത്ത മലയാളി പൊതുസമൂഹം (ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങൾക്കും ലോകത്തിനും മുന്നിൽ അവതരിപ്പിച്ചു വെച്ചിരിക്കുന്ന മാതൃകാ ‘മലയാളി’ വംശീയത അനുഭവിക്കാൻ സാധ്യതയില്ലാത്ത ആളും അതേസമയം വംശീയവാദിയുമാണ്) അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയിൽപ്പെട്ട ഒരാളെ റേസിസം എന്താണെന്ന് “പഠിപ്പിക്കാനും” സിനിമ പ്രവർത്തകരെ രക്ഷിക്കാനും ഒറ്റക്കെട്ടായി. “ആഫ്രിക്കക്കാരെ വിശ്വസിക്കരുത്”, “നമ്മൾ സിനിമയിലൊക്കെ അഭിനയിപ്പിച്ചില്ലേ, എന്നിട്ടും അവന്റെ അഹങ്കാരം” എന്നിങ്ങനെയൊക്കെയാണ് റോബിൻസണെതിരെ ശബ്ദവ്യത്യാസങ്ങളില്ലാതെ മലയാളി പറഞ്ഞത്. ഇതേ ധ്വനിയിലുള്ള ആക്രമണങ്ങളാണ് ഇരുപത്തിമൂന്ന് ഗ്രാൻഡ് സ്ലാം ടൈറ്റിലുകൾ നേടിയ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നിസ് താരമായ സെറീന വില്യംസ് നേരിട്ടുകൊണ്ടിരിക്കുന്നത്. കളിയാക്കലുകളെയും കുറ്റപ്പെടുത്തലുകളെയും മരണത്തിൽ വരെ കലാശിക്കാമായിരുന്ന ആരോഗ്യപ്രതിസന്ധികളെയും തരണം ചെയ്ത് എത്തിയ ഈ മുപ്പത്തിയേഴു വയസുകാരി യു.എസ് ഓപ്പൺ ഫൈനലിൽ “പരാജയപ്പെട്ടു” എന്നത് ഒരു മത്സര സാങ്കേതിക വാക്യം മാത്രമാണ്.

സെപ്റ്റംബർ 9 ഞായറാഴ്ച ആർതർ ആഷേ സ്റ്റേഡിയത്തിൽ വെച്ചു നടന്ന യു.എസ് ഓപ്പൺ ഫൈനലിൽ നവോമി ഒസാകയെ നേരിട്ടുകൊണ്ടിരുന്ന സെറീന വില്യംസ് മുൻനിരയിലിരുന്ന കോച്ചിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ചു എന്നാരോപിച്ച് അമ്പയറായ കാർലോസ് വാമോസ് കോഡ് വയലേഷൻ പ്രഖ്യാപിച്ചു. ദേഷ്യത്തിൽ ടെന്നിസ് റാക്കറ്റ് വലിച്ചെറിഞ്ഞ സെറീനക്ക് അമ്പയർ രണ്ടാം കോഡ് വയലേഷൻ ആരോപിക്കുകയും ഒരു പോയിന്റ് നഷ്ടപ്പെടുത്തുകയും അടുത്ത സെർവ് നിഷേധിക്കുകയും ചെയ്തു. ഈ കളി വിജയിച്ചിരുന്നെങ്കിൽ സെറീന ഓസ്‌ട്രേലിയൻ ടെന്നിസ് താരമായിരുന്ന മാർഗരറ്റ് കോർട്ടിന്റെ ഇരുപത്തിനാല് ഗ്രാൻഡ് സ്ലാമുകൾ എന്ന റെക്കോർഡിന് ഒപ്പം എത്തുമായിരുന്നു. തന്നോടു കാണിച്ച വിവേചനം അതേ മൈതാനത്തു വെച്ചുതന്നെ സെറീന ചൂണ്ടിക്കാട്ടുകയും അമ്പയറെ കള്ളൻ എന്നു വിളിക്കുകയും ചെയ്തു. അമ്പയർ മൂന്നാം കോഡ് വയലേഷൻ ആരോപിക്കുകയും ഒരു പോയിന്റു കൂടി നഷ്ടപ്പെടുത്തുകയും മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കളിയിലെ മേൽക്കോയ്മ നഷ്ടപ്പെടുകയും സെറീന പരാജയപ്പെടുകയും ചെയ്തു. അമ്പയറുടെ വംശീയവും പുരുഷാധിപത്യപരവുമായ വിധിക്കലാണ് സെറീനക്കു നേരെ ഉണ്ടായത്. ഇതിൽ സെറീനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തുവന്നു.

ഒരു കറുത്ത സ്ത്രീശരീരം എങ്ങനെയാണ് ലോകം ഉറ്റുനോക്കുന്ന ഇടങ്ങളിൽപ്പോലും ആക്രമണത്തിനു വിധേയയാകുന്നത് എന്നതിന് ഉദാഹരണം കൂടിയാണു സെറീന വില്യംസ് എന്ന കരുത്തുറ്റ താരം. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ  ബ്ലാക്ക് പാന്തർ ക്യാറ്റ്സ്യൂട്ടിൽ വന്നതിന്റെ പേരിൽ സെറീനയോട് അധികൃതർ  ഭാവിയിൽ അത് ഉപയോഗിക്കരുതെന്ന താക്കീതു നൽകി. ‘ശരീരം എടുത്തു കാട്ടുന്ന വസ്ത്രം’ എന്നാണ് സെറീനയുടെ ക്യാറ്റ്സ്യൂട്ടിനെ അധികൃതർ വിശേഷിപ്പിച്ചത്. പക്ഷേ അതിനോടു സെറീന പ്രതികരിച്ചത് അടുത്ത മത്സരത്തിൽ  കറുത്ത ബാലെ ഡ്രസ്സ് (Tutu) ധരിച്ചുകൊണ്ടാണ്. സെറീനയുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ കണക്കിലെടുത്ത് നൈക്കീ (Nike) പ്രത്യേകം രൂപകല്പന ചെയ്തതായിരുന്നു ആ ക്യാറ്റ്സ്യൂട്ട്. ഇതിനു മുൻപ് സെറീനയെ മാധ്യമങ്ങൾ ക്രൂശിച്ചത് 2009ൽ ESPN മാഗസിന്റെ കവറിൽ നഗ്നയായി പ്രത്യക്ഷപ്പെട്ടതിനാണ്. തെറ്റായ ബോഡി ഇമേജ് പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞാണ് അന്നു ലോകം സെറീനയെ കുറ്റപ്പെടുത്തിയത്. ദൃഢമായ മാംസപേശികളും വലുപ്പമുള്ള തുടകളും നിതംബവും കറുത്തനിറവുമുള്ള  സ്ത്രീശരീരം എങ്ങനെയാണു തെറ്റായ ബോഡി ഇമേജ് ആകുന്നത്?

ഇതിനു മുൻപ് സെറീനയെ മാധ്യമങ്ങൾ ക്രൂശിച്ചത് 2009ൽ ESPN മാഗസിന്റെ കവറിൽ നഗ്നയായി പ്രത്യക്ഷപ്പെട്ടതിനാണ്. തെറ്റായ ബോഡി ഇമേജ് പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞാണ് അന്നു ലോകം സെറീനയെ കുറ്റപ്പെടുത്തിയത്. ദൃഢമായ മാംസപേശികളും വലുപ്പമുള്ള തുടകളും നിതംബവും കറുത്തനിറവുമുള്ള  സ്ത്രീശരീരം എങ്ങനെയാണു തെറ്റായ ബോഡി ഇമേജ് ആകുന്നത്?

ആഫ്രിക്കൻ വംശജരായ സ്ത്രീകൾക്കു പൊതുവെയുള്ള ശാരീരിക സവിശേഷതകളെ ലോകത്തിന്റെ സൗന്ദര്യ മാനദണ്ഡങ്ങള്‍ക്കു (Beauty standard) വെളിയിൽ നിർത്തിയിരിക്കുകയാണ്. പൊതുബോധനിർമിതിയിൽ പെടാത്ത, ശരീരങ്ങൾ ‘എടുത്തുകാണിക്കുന്ന വസ്ത്രങ്ങൾ’ കാഴ്ചക്കാരെ അലോസരപ്പെടുത്തുന്നതും അരോചകമാവുന്നതും അവ ഒഴിവാക്കണമെന്നു നിർദേശിക്കുന്നതും തികച്ചും വംശീയത തന്നെയാണ്. തന്നേക്കാൾ റാങ്കിങ്ങിലും കിരീടങ്ങളുടെ എണ്ണത്തിലും വളരെ പിന്നിലുള്ള മരിയ ഷറപ്പോവയെക്കാളും കുറവാണ് പരസ്യത്തിൽ നിന്നു സെറീനക്കു ലഭിക്കുന്ന വരുമാനം. റോജർ ഫെഡററുമായുള്ള വരുമാനവ്യത്യാസം ലിംഗവിവേചനമാവുമ്പോൾ, ഷറപ്പോവയുമായി ഇത്ര ഭീമമായ വ്യത്യാസം വരാൻ കാരണം കോർപ്പറേറ്റുകളുടെ വംശീയ താല്പര്യങ്ങൾ അല്ലാതെ മറ്റൊന്നുമല്ല. അതായത്, കറുത്ത സ്ത്രീശരീരം വിപണി മൂല്യം “ഇല്ലാത്തത്” ആവുന്നു.

കറുത്തവർഗക്കാർ അക്രമാസക്തരാണെന്ന പൊതുബോധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലും മറ്റും കറുത്തവരെ നെഗറ്റീവ് കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത് ഈ പൊതുബോധത്തിന്റെ തുടർച്ചയാണ്. കറുത്ത വംശജരുടെ വികാരപ്രകടനങ്ങളെയും വിക്ഷോഭങ്ങളെയും ഇത്തരത്തിൽ വയലൻസെന്നു മുദ്രകുത്തി അതിലെ വംശീയതയെ അദൃശ്യമാക്കാൻ ശ്രമിക്കുന്നത് പതിവു കാഴ്ചയാണ്. കഴിഞ്ഞ ദിവസം സെറീനയെ പരിഹസിക്കുന്ന  കാർട്ടൂൺ ഒരു ഓസ്ട്രേലിയൻ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ വികൃതവും വംശീയവുമായ ശരീരഭാഷയാണു സെറീനക്കു ചിത്രകാരൻ കൊടുത്തിരിക്കുന്നത്. ജാപ്പനീസ്-കറുത്ത വംശജയായ നവോമി ഒസാകക്ക് വെളുത്ത സ്ത്രീയുടെ രൂപമാണു നൽകിയിരിക്കുന്നത്. ഇത്തരത്തിൽ  വെളുത്ത സ്ത്രീയുടെ മുന്നിൽ റാക്കറ്റ് നിലത്തിട്ടു ചവിട്ടി പിടിവാശിക്കാരിയായ കുട്ടിയെപ്പോലെ സെറീനയെ അവതരിപ്പിക്കുകയും അതേസമയം ഒസാക്കയുടെ സ്വത്വത്തെ ‘വെള്ളപൂശി’ എടുക്കുകയും വിജയിയായിത്തീർന്ന ഒസാക്ക ‘വളർന്ന്’ എത്തേണ്ട ‘പൂർണത’യുടെ അടയാളമായി വെളുപ്പിനെ പ്രതിഷ്ഠിക്കുകയും മികച്ചതൊന്നും ഉൾക്കൊള്ളാത്ത കറുപ്പ് എന്ന മുൻവിധി അവിടെ ഉറപ്പിക്കുകയും ചെയ്യുന്നു. സെറീനയുടെ എതിരാളിയായി ഒസാകയെ അവതരിപ്പിക്കുമ്പോൾ ഈ വിഷയത്തിലെ പുരുഷാധിപത്യവും വംശീയതയും ഒരുതരത്തിൽ അദൃശ്യമാവുന്നു. രണ്ടു പെണ്ണുങ്ങൾ തമ്മിലുള്ള അടിപിടിയായി ഈ പ്രശ്നത്തെ ലഘൂകരിക്കുകയും അധികാരപ്രയോഗവും വംശീയതയും കാണിച്ച അമ്പയർ പരിഹാസങ്ങളിൽ നിന്നു രക്ഷപ്പെടുകയും മാധ്യമങ്ങൾ സെറീനയുടെ വൈകാരികതയെ കുറ്റപ്പെടുത്തുകയുമാണ് ഉണ്ടായത്.

ഇത്തരത്തിൽ  വെളുത്ത സ്ത്രീയുടെ മുന്നിൽ റാക്കറ്റ് നിലത്തിട്ടു ചവിട്ടി പിടിവാശിക്കാരിയായ കുട്ടിയെപ്പോലെ സെറീനയെ അവതരിപ്പിക്കുകയും അതേസമയം ഒസാക്കയുടെ സ്വത്വത്തെ ‘വെള്ളപൂശി’ എടുക്കുകയും വിജയിയായിത്തീർന്ന ഒസാക്ക ‘വളർന്ന്’ എത്തേണ്ട ‘പൂർണത’യുടെ അടയാളമായി വെളുപ്പിനെ പ്രതിഷ്ഠിക്കുകയും മികച്ചതൊന്നും ഉൾക്കൊള്ളാത്ത കറുപ്പ് എന്ന മുൻവിധി അവിടെ ഉറപ്പിക്കുകയും ചെയ്യുന്നു.

ഒളിഞ്ഞും തെളിഞ്ഞും വംശീയത നിലനിൽക്കുന്ന ഇടമാണ് കായികരംഗം. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പ് കാലത്ത് ആഫ്രിക്കൻ വംശജരായ പല താരങ്ങളും തങ്ങൾ നേരിട്ട വിവേചനത്തെപ്പറ്റി വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരുന്നു. കമന്ററികളിൽപ്പോലും വംശീയത നിറഞ്ഞു നിൽക്കുന്നതായി ശ്രദ്ധിച്ചാൽ മനസിലാവും. വെളുത്ത താരങ്ങൾ വിജയിക്കുന്നത് മത്സര തന്ത്രങ്ങള്‍ കൊണ്ടും, കറുത്ത താരങ്ങളാണെങ്കിൽ ‘വന്യമായ കരുത്ത്’ എന്ന നിലയിലുമാണു ചർച്ചകൾ മുന്നോട്ടു പോകുന്നത്. ആഫ്രിക്കൻ വംശജർക്ക് ശാരീരികക്ഷമത കൂടുതലാണെങ്കിലും വെളുത്ത താരങ്ങളെ ‘ജയിക്കാനായി ജയിച്ചവര്‍’ (Born to Win) എന്ന രീതിയിലാണു മാധ്യമങ്ങൾ അവതരിപ്പിക്കാറ്. വിജയത്തിലേക്ക് എത്താനുള്ള കറുത്തവരുടെ കഠിന പരിശീലനം പ്രത്യേകം എടുത്തുകാട്ടപ്പെടുകയും ചെയ്യും. പുരുഷാധിപത്യത്തിന്‍റെ പ്രിവിലേജ് ഉള്ള ആൺതാരങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സ്ത്രീകളുടെ കാര്യം അതിലും കഷ്ടമാണ്.

നവോമി ഒസാക

നവോമി ഒസാക

ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ ഏതു നിമിഷവും കറുത്തവർഗക്കാരനായ പിഞ്ചുബാലൻ പോലും കൊലചെയ്യപ്പെടാം എന്ന സാഹചര്യത്തിൽ, കറുത്തവർഗക്കാരായ സ്ത്രീകൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന സെറീന വില്യംസിന് എതിരെയുള്ള മാധ്യമവിചാരണ നിഷ്കളങ്കമാണെന്നു കരുതാൻ വയ്യ. എത്ര കുഴപ്പക്കാരിയായും അപക്വമതിയായും ചിത്രീകരിച്ചാലും പുതിയതായി ഉയർന്നുവരുന്ന ബ്ലാക്ക് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ധാരകൾക്കും ആഫ്രിക്കൻ ജനതക്കു മുഴുവനും സെറീന എക്കാലവും സൂപ്പർ ഹീറോ തന്നെ ആയിരിക്കും.

 

(കോട്ടയം സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം. എ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനിയാണ് അലീന.)

Top