എൻ.ഐ.എ ഭേദഗതി: അടിച്ചമർത്തൽ നയങ്ങളുടെ തുടർച്ച

വിമതശബ്ദങ്ങളെയും ന്യൂനപക്ഷങ്ങളെയും ദലിത് പിന്നാക്ക മർദിത ജനവിഭാഗങ്ങളെയും രാഷ്ട്രീയപരമായും സാമൂഹികമായും കീഴ്പ്പെടുത്താൻ നിയമ വ്യവസ്ഥയെയും എക്സിക്യൂട്ടീവിനെയും പുതിയ രീതിയിൽ പരിവർത്തിപ്പിക്കുന്ന വംശീയവൽക്കരിക്കപ്പെട്ട ഭരണകൂട നീക്കത്തിന്റെ ഭാഗമാണ് എൻഐഎ ഭേദഗതി. ഫായിസ് എ.എച് എഴുതുന്നു.

ഭീകര നിയമങ്ങൾ (draconian laws) എന്നത് ദേശരാഷ്ട്ര സംവിധാനങ്ങളുടെ വളരെ മൂർത്തമായ മർദ്ദനോപാധിയാണ്. കൊളോണിയൽ കാലം തൊട്ട് തന്നെ ഇത്തരം ഭീകര നിയമങ്ങൾ പൗരന്മാർക്കെതിരെ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. അനിയന്ത്രിതമായ പോലീസ് അധികാരം നിഷേധിക്കപ്പെടുന്ന സ്വാഭാവിക നീതിയും മൗലികാവകാശങ്ങളും, പ്രഹസനവും പക്ഷപാതപരവുമായ വിചാരണ എന്നിവ ഈ ഭീകര നിയമങ്ങളുടെ പ്രത്യേകതകളിൽ ചിലതാണ്. റൗലറ്റ് ആക്ട്, ഐപിസി 124 (രാജ്യദ്രോഹം) എന്നിവ കൊളോണിയൽ കാലത്തെ ഭീകര നിയമങ്ങളുടെ ഉദാഹരണമാണ്. സ്വാതന്ത്രാനന്തരം ഐപിസി 124 സർക്കാർ പിൻവലിച്ചില്ല. പിൻവലിക്കാനുള്ള ആവശ്യങ്ങൾ വിവിധ തുറകളിൽ നിന്ന് മുമ്പേ ഉയർന്നിരുന്നു. അതോടൊപ്പം പിന്നീട് TADA, POTA എന്ന പേരിലും ഭീകര നിയമങ്ങൾ ഭരണകൂടം ചുട്ടെടുക്കുകയുണ്ടായി. പിന്നീട് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിമർശനം മുൻനിർത്തി അവ പിൻവലിച്ചു. പിന്നീട് 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പോട്ടക്ക് സമാനമായ വകുപ്പുകൾ ഉൾപ്പെടുത്തി Unlawful Activities Prevention Act (UAPA) പാർലമെന്റ് ഭേദഗതി ചെയ്തു.തുടർന്ന് ഈ സമയം വരെ ചെറുതും വലുതുമായ കുറ്റാരോപണങ്ങൾക്ക്  ഈ നിയമമുപയോഗിച്ച് ഭരണകൂട വിമർശകരെയും മർദിത ജനസമൂഹത്തെയും ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

രണ്ടാം ബിജെപി ഗവൺമെന്റ് അധികാരത്തിലേറി പാർലമെന്റ് സമ്മേളിച്ചപ്പോൾ തന്നെ സംഘപരിവാർ ആശയങ്ങൾ നടപ്പിലാക്കാനുള്ള വെമ്പൽ പ്രകടമാണ്. NIAക്ക് (National Investigation Agency) അമിതാധികാരം നൽകുന്ന ഭേദഗതി പ്രതിപക്ഷ പിന്തുണയോടെ തന്നെ പാസായി. ലോക്സഭയിൽ എഐഎംഐഎം, ഇടതുപക്ഷം, നാഷണൽ കോൺഫെറൻസ് എന്നീ പാർട്ടികൾ മാത്രമേ എതിർത്ത് വോട്ട് ചെയ്തുള്ളൂ. രാജ്യസഭയിൽ ഏകകണ്ഠേന തന്നെ പാസ്സായി. ഇതോട് ചേർത്തു വായിക്കേണ്ടതാണ് ലോകസഭയിൽ അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില്ല്.

അമിത് ഷാ പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുന്നു .

നിലവിൽ പ്രാബല്യത്തിലുള്ള യുഎപിഎ തന്നെ ഒരു കിരാത ഭീകര നിയമമാണ്. ഇന്ത്യയിലെ മുസ്‌ലിം, ന്യൂനപക്ഷങ്ങൾ, ദലിതുകൾ, ആദിവാസികൾ, ഇടതുപക്ഷക്കാർ, മനുഷ്യാവകാശ പ്രവർത്തകർ – തുടങ്ങിയവരെല്ലാം ഈ നിയമത്തിന്റെ ഇരകളാണ്. രാഷ്ട്രീയ / സാമൂഹിക പ്രവർത്തനം, പ്രഭാഷണം, പുസ്തകങ്ങൾ ലഘുലേഖനങ്ങൾ കൈവശം വെക്കൽ എന്നിവ രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷാ, പരമാധികാരം എന്നിവ തകർക്കുമെന്ന് പോലീസിന് തോന്നിയാൽ യുഎപിഎ ചാർത്തി അറസ്റ്റ് ചെയ്യാം. കേന്ദ്ര സർക്കാരിന് സംഘടനകളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഏകപക്ഷീയമായ അധികാരവും ഈ നിയമം നൽകുന്നുണ്ട്. ക്രിമിനൽ നടപടിക്രമത്തിലെ കസ്റ്റഡി 15 ദിവസത്തേക്ക് പരിമിതപ്പെടുത്തുമ്പോൾ യുഎപിഎ പ്രകാരം 30 ദിവസം കസ്റ്റഡി നീളും. ക്രിമിനൽ നടപടി പ്രകാരമുള്ള അധിക കസ്റ്റഡി 30 ദിവസം ആകുമ്പോൾ യുഎപിഎ പ്രകാരം അത് 90 ദിവസമാണ്. ഇങ്ങനെ 180 ദിവസം വരെ ജാമ്യമില്ലാതെയും വിചാരണയില്ലാതെയും കസ്റ്റഡി ഇല്ലാതെ നീട്ടി കൊണ്ട് പോകാം. ജാമ്യം എന്നത് ഒരു അവകാശമായി ഈ നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് കുറ്റാരോപിതർ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരും. അബ്ദുൽ നാസർ മഅദനിയും പരപ്പനങ്ങാടിയിലെ സകരിയ്യയും ഈ നിയമം മൂലം വര്‍ഷങ്ങളായി ബാംഗ്ലൂർ ജയിലിലാണ്.

പ്രോസിക്യൂഷൻ കുറ്റം സംശയാതീതമായി തെളിയിക്കുക എന്ന നിയമത്തിനു വിരുദ്ധമായി കുറ്റാരോപിതർ നിരപരാധിത്തം തെളിയിക്കേണ്ടി വരുന്ന അതിവിചിത്രമായ ഒരു രീതിയാണ് യുഎപിഎയിൽ നിലനിൽക്കുന്നത്. ഇങ്ങനെ സ്വാഭാവിക നീതിയെയും അന്താരാഷ്ട്ര സിവിൽ സമൂഹം അംഗീകരിക്കുന്ന സ്വാഭാവിക നടപടിക്രമങ്ങളെയെല്ലാം കാറ്റിൽ പറത്തി, അതിന്റെ പൗരന്മാരെ വേട്ടയാടി ജയിലുകളിൽ നിറയ്ക്കുകയാണ്.

ബിജെപി സർക്കാരിന്റെ പ്രകടന പത്രികയിൽ സൂചിപ്പിച്ച പോലെ അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി വിഹരിക്കാൻ വിടും എന്ന നയത്തിൽ നിന്നു തന്നെയാണ് പുതിയ യുഎപിഎ ഭേദഗതി ബില്ല് കൊണ്ട് വരുന്നത്. എൻഐഎ പോലുള്ള ഏജൻസികൾ തീവ്രവാദ കേസുകളുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ചില നിയമപരമായ ബലഹീനതകൾ മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ് അമിത് ഷാ ബില്ലിന് ന്യായീകരണമായി പറയുന്നത്. ഭേദഗതി ബില്ലിൽ മുമ്പോട്ട് വെക്കുന്ന പ്രധാന ഭേദഗതി കേന്ദ്ര സർക്കാരിന് സംഘടനകളെ എന്ന പോലെ വ്യക്തികളെയും തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള അധികാരം നൽകുന്ന വകുപ്പാണ്. നിലവിൽ സംഘടനകളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിന്റെ കാരണങ്ങൾ തന്നെ അവ്യക്തവും ദുരൂഹവുമാണ്. കേന്ദ്ര സർക്കാരിന് തദ്‌വിഷയത്തിൽ ഏകപക്ഷീയവും അനിയന്ത്രിതമായ അധികാരം നിലനിൽക്കുന്നുണ്ട്. മേല്പറഞ്ഞ മാനദണ്ഡങ്ങളും നടപടിക്രമങ്ങളിലൂടെയും വ്യക്തികളെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ പ്രകടമായ ലംഘനമാണത്. യുഎപിഎ ചുമത്തി തീവ്രവാദ മുദ്രചാർത്തുന്നവരുടെയും ജയിലിലടക്കപ്പെടുന്നവരുടെയും കുടുംബ – സാമൂഹിക ജീവിതം താറുമാറാകുന്നു. അതിനാൽ ഈ ഒരു അധികാരം അത്യന്തം മനുഷ്യത്വവിരുദ്ധമാണ്.

ഈ നിയമം ഇന്നാട്ടിലെ മുസ്‌ലിംകളടക്കമുള്ള കീഴാള ജനസമൂഹത്തെ ബാധിക്കുമെന്നല്ല അവയെ തന്നെ ലക്ഷ്യം വെച്ചുള്ള നിയമനിർമാണമാണെന്നതാണ് യാഥാർഥ്യം. ഇതുവരെ ഈ നിയമം ജയിലിലടച്ച് ജീവിതം ഇല്ലാതാക്കിയവരുടെ സമുദായം തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ തന്നെ വ്യക്തമാകും. സംഘടനകളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. മുസ്‌ലിം സമുദായത്തെ അരികുവൽക്കരിക്കാനും ഭീതിയിലാഴ്ത്താനുമുള്ള സംഘപരിവാർ അജണ്ടകളിലെ ഏറ്റവും പ്രകടമായ ഒന്നാണീ ബില്ല്.

തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള സ്വത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കരുതുന്ന ഒരു സ്വത്ത് കണ്ടുകെട്ടുന്നതിനോ കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനുള്ള ഉത്തരവിറക്കാനോ എൻഐഎ ഡയറക്ടർ ജനറലിന് അധികാരം നൽകലാണ് മറ്റൊരു പ്രധാന ഭേദഗതി. എൻഐഎക്ക് അമിതാധികാരം നൽകലാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്. എൻഐഎ ഭേദഗതി നിയമം കൂടി ഇതിനോടു ചേർത്ത് വായിക്കുമ്പോൾ, എൻഐഎക്ക് പോലീസിന്റേത് ഉൾപ്പടെയുള്ള വിശാലമായ അധികാരം ലഭിക്കും.

ഇതുവരെയുള്ള എൻഐഎയുടെ പ്രവർത്തന ചരിത്രം പരിശോധിക്കുമ്പോൾ, ന്യൂനപക്ഷ വിരുദ്ധതയോടും വംശീയ മുൻവിധിയോടും കൂടിയാണ് അവർ കേസുകൾ കൈകാര്യം ചെയ്തിരുന്നതെന്ന് നമുക്ക് മനസ്സിലാകും. അതുകൊണ്ട് ഈ അധികാരങ്ങൾ എൻഐഎയിൽ വീണ്ടും കേന്ദ്രീകരിച്ചാൽ മനുഷ്യാവകാശ ലംഘനങ്ങളും ന്യുനപക്ഷ – കീഴാള വേട്ടയും ഇനിയും കൂടും.

ഒപ്പം തന്നെ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും അന്വേഷണ ചുമതല നൽകുക കൂടി ചെയ്യുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഭരണകൂടം വിമത ശബ്ദങ്ങളെയും ന്യൂനപക്ഷങ്ങളെയും മറ്റു മർദിത ജനവിഭാഗങ്ങളെയും രാഷ്ട്രീയപരമായും സാമൂഹികമായും കീഴ്പ്പെടുത്താൻ നിയമത്തെ കൂട്ടുപിടിക്കുന്നതിന്റെ മൂർത്തമായ ഉദാഹരണമാണ് ഈ നിയമം. ഉസ്താദ് മഅദനിയും പരപ്പനങ്ങാടിയിലെ സക്കരിയ്യയും പാനായിക്കുളം കേസിൽ ഹൈകോടതി വെറുതെ വിട്ട റാസിഖ് റഹീം അടക്കമുള്ളവരും യുഎപിഎയുടെ ഇരകളാണ്. കേരളത്തിലടക്കം ജയിലിലടക്കപ്പെട്ടവരിൽ മഹാഭൂരിപക്ഷവും മുസ്‌ലിംകളായിരിക്കും. തുടർന്ന് ദലിതുകളും മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവരും യുഎപിഎ ചാർത്തപ്പെട്ടവരായുണ്ട്. അതിനാൽ മൗലികാവകാശങ്ങളിൽ പോലും വെള്ളം ചേർത്ത് ചുട്ടെടുക്കപ്പെടുന്ന ഇത്തരം നിയമനിർമാണങ്ങളെ പൊതുസമൂഹം ചെറുത്തു തോൽപ്പിക്കുക തന്നെ നിർവാഹമുള്ളൂ.

 

(കുസാറ്റിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽബി മൂന്നാം വർഷ വിദ്യാർഥിയാണ് ലേഖകൻ)

Top