സാംസ്കാരിക മൂലധനത്തിനു വേണ്ടിയുള്ള സിവിൽ വ്യവഹാരങ്ങൾ

September 21, 2021

കേരളത്തിൽ നടന്ന ജാതിവിരുദ്ധ, അധസ്ഥിതപക്ഷ സാംസ്കാരിക-രാഷ്ട്രീയ സമരത്തെ ഒരു കോടതി വ്യവഹാരത്തിന്റെ രൂപത്തിൽ എഴുതിയ കൃതിയാണ് “ജാതി ദൈത്യാരി എന്ന സിവിൽ വ്യവഹാരം”. ഒരേസമയം ജാതി ഘടനകളെയും കൊളോണിയൽ പാഠ നിർമിതികളെയും എതിർക്കുന്ന ഈ കൃതി എന്തുകൊണ്ടും സവിശേഷമാണ്. ഡോ. ഷൂബ കെ.എസ് എഴുതുന്നു.

കേരളത്തിൽ നടന്ന ജാതിവിരുദ്ധ, അധസ്ഥിതപക്ഷ സാംസ്കാരിക-രാഷ്ട്രീയ സമരത്തെ ഒരു കോടതി വ്യവഹാരത്തിൻ്റെ ഘടനയിൽ സന്നിവേശിപ്പിച്ച് എഴുതിയ കൃതിയാണ് “ജാതി ദൈത്യാരി എന്ന സിവിൽ വ്യവഹാരം”. ഈ പുസ്തകത്തിന്, അതിനു മുൻപോ ശേഷമോ മാതൃകയില്ല. 1931ൽ ഭാരത വിലാസം മുദ്രാലയത്തിൽ നിന്നും അച്ചടിച്ച് തൃശ്ശൂരിൽ നിന്നും പുറത്തിറങ്ങിയ പുസ്തകമാണിത്. കെ.കെ ചാത്തു ആണ് ഗ്രന്ഥകർത്താവ്. നിലവിലുള്ള സാഹിത്യ ചരിത്രങ്ങളിലോ പഠനങ്ങളിലോ ഈ പുസ്തകം പരാമർശിച്ചു കണ്ടിട്ടില്ല.

സുരലോകം ഡിസ്ട്രിക്റ്റ് കോടതി

സവർണ ജാതിയിൽപ്പെട്ട പ്രതികൾ അവർണ ജാതിക്കാരായ വാദികൾക്കു കൂടി അവകാശപ്പെട്ട വേദവേദാംഗങ്ങളും, ഉപനിഷത്തു മുതലായ ബ്രഹ്മവിദ്യകളും അവയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളും കൈവശപ്പെടുത്തി വെച്ചിരിക്കുന്നതിനെതിരെ സുരലോകം ഡിസ്ട്രിക്റ്റ് കോടതിയിൽ ഹൈന്ദവ നടപടി നിയമം 5.1 പ്രകാരം കലിവർഷം 5030ന് (AD 1929) സമർപ്പിക്കുന്ന അന്യായത്തിൻ്റെ വിശദാംശങ്ങളുടെയും വിചാരണകളുടെയും സാക്ഷിമൊഴികളുടെയും വിപുലമായ രേഖകളാണ് പ്രസ്തുത കൃതി. അന്യായത്തിൻ്റെ പകർപ്പ്, ഗ്രന്ഥങ്ങളുടെ മതിപ്പുവില വിശദമാക്കുന്ന പട്ടിക, പ്രതികൾക്ക് അയച്ച ലോയർ നോട്ടീസിൻ്റെ പകർപ്പ്, പ്രതികൾ സമർപ്പിക്കുന്ന കാര്യവിവര പത്രിക, പ്രതികളുടെ ക്രോസ് വിസ്താരത്തിൻ്റെ രേഖ, വിശദമായ സാക്ഷിമൊഴികൾ, ഒടുവിലായി വിധിന്യായം; 391 പുറങ്ങളിലായി സാമാന്യം വലിപ്പമുള്ള ഈ പുസ്തകത്തിൻ്റെ ഘടന ഇങ്ങനെയാണ്. ‘സദ്വാസനൻ’ എന്നയാളിൻ്റെ മക്കളായ മുമുക്ഷു എന്നിവരും, ധർമകാംക്ഷി, വിഷയി, പാമരൻ എന്നിവരും, മൈനറായ ‘പഞ്ചമനു’മാണ് വാദികൾ. ജഡാഭിമാനിയുടെ മകൻ കുഡുംബ മാനേജർ, ദുരഭിമാനിയുടെ മകൻ ക്ഷേത്രഭൂമൻ, അയിത്തോച്ചാടനൻ അജ്ഞാന കുഞ്ജരൻ്റെ മക്കൾ തീർത്ഥാടന ഭ്രാന്തൻ, ജാതിമദാന്ധൻ എന്നിവരാണ് പ്രതികൾ.

വാദികൾ മൈനറായിരുന്ന കാലത്ത്, പൈതൃകം വഴി തുല്യാവകാശമുള്ള വേദോപനിഷത്താദി ഗ്രന്ഥങ്ങൾ, കുടുംബ കാര്യങ്ങൾ നടത്തിവന്നിരുന്ന ജ്യേഷ്ഠപുത്രനായ ഒന്നാം പ്രതി കൈവശം വെച്ചിരുന്നു. ഒന്നാമത്തെ അന്യായക്കാരനായ മുമുക്ഷു മേജറായ ശേഷവും തിരികെ കൊടുത്തില്ല. ഇതു തിരികെ ലഭിക്കുന്നതിനു വേണ്ടി, കേസ് വക്കീലന്മാരായ മുരളീ ശങ്കരൻ, പിണ്ഡോദനഭോജി, ദ്വീപകാരകൻ തുടങ്ങിയവർ മുഖേന പ്രതികൾ സമർപ്പിക്കുന്ന പത്രികകളിൽ വാദികൾക്ക് അക്ഷരാഭ്യാസം പാടില്ല, വേദാദികൾ പഠിക്കാൻ പാടില്ല എന്നും, മനുസ്മൃതിയിലും മറ്റും പറയുന്ന കാര്യങ്ങളും, അവർ ഹീനജാതിക്കാരാണ് എന്ന കാര്യവും ബോധിപ്പിച്ചു. ഇതെല്ലാം തെളിയിക്കാൻ ഡിസ്ട്രിക്റ്റ് ജഡ്ജി സഹസ്രാക്ഷൻ ആവശ്യപ്പെട്ട പ്രകാരം പ്രതികൾ സാക്ഷികളെ കൊണ്ടുവന്നു. ഒന്നാം ക്ലാസ്സ് ബത്ത കെട്ടിവച്ച പ്രകാരം എത്തിച്ചേർന്ന സാക്ഷികളാണ് ശ്രീകൃഷ്ണനും വേദവ്യാസനും. അന്യായക്കാരുടെ വക്കീൽ മിസ്റ്റർ സാധുനിശ്ചലദാസ് ആണ്.

ശ്രീകൃഷ്ണൻ: ഒന്നാം സാക്ഷി

ഒന്നാമത്തെ വാദിയായ മുമുക്ഷുവിനെ പ്രതിയുടെ വക്കീൽ കർമ മാത്രൻ എതിർ വിചാരണ ചെയ്തു:

കർമമാത്രൻ: നിങ്ങൾ ഒന്നാം അന്യായക്കാരൻ ആണോ?

മുമുക്ഷു: അതേ

ക: നിങ്ങൾ എന്താ ജാതി?

മു: ഞാൻ മനുഷ്യൻ

ക: അതേ, മനുഷ്യരിൽ നിങ്ങൾ ഏതു ജാതി എന്നാണു ചോദിച്ചത്.

മു: ഏതു ജാതിയെന്നാൽ മനുഷ്യരിൽ ജാതിയില്ലല്ലോ

ക: ഹോ ഹോ മനുഷ്യരിൽ ജാതിയില്ലയോ!

മു: ഇല്ല

ക: എന്താ നിങ്ങളിങ്ങിനെ പറയുന്നത്. മനുഷ്യരിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്ന നാലു ജാതിയില്ലയോ?

മു: ഇല്ല. ബ്രാഹ്മണാദി നാലു വിധം പറയുന്നത് ജാതിയല്ല, വർണമാണ്.

ക: വർണമെന്നാൽ ജാതിയല്ലയോ?പിന്നെന്താണത്?

മു: ഓരോരോ തൊഴിലാസ്പദിച്ച് തിരിച്ചറിവാൻ വേണ്ടി വർണമെന്ന ഒരു വേദസംജ്ഞ എന്നല്ലാതെ അതു ജാതിയല്ല.

കു: നാലാമന്യായം മൈനർ ആരാണ്?

മു: പഞ്ചമനെന്നാണ്

ക: പഞ്ചമനെന്നതു ജാതിയല്ലയോ?

മു: അല്ല പേരാണ്

ക: നിങ്ങൾ മഹാ വല്ലാത്തവനെന്നു തോന്നുന്നു.

ഇങ്ങനെ നീണ്ടുപോകുന്നതാണ് വിസ്താരം. വിഗ്രഹാരാധന മൃഗ ധർമത്തെക്കാൾ മൂഢമെന്നു തുടർന്നു സ്ഥാപിക്കുന്നു. നാരായണ ഗുരുവിൻ്റെ മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേട്ട ”മനുഷ്യൻ” എന്ന പദം, ബ്രാഹ്മണമതം സൃഷ്ടിച്ച ജാതി ശ്രേണിയെ തല കീഴാക്കി മറിച്ചിട്ടു. സുരന്മാരും ഭൂസുരന്മാരും മനുഷ്യ വ്യവഹാര സ്ഥലങ്ങളിലേക്കിറങ്ങി വന്നു. അവർണരോട് സവർണർ കാട്ടിയ ക്രൂരതകളുടെയും കുറ്റകൃത്യങ്ങളുടെയും ഒന്നാം സാക്ഷിയായി ദൈവം മാറുന്നു.

ഒന്നാം സാക്ഷിയായി ശ്രീകൃഷ്ണനെ വിളിച്ചു കൂട്ടിൽ കയറ്റി സത്യം ചെയ്യിച്ച് അന്യായ വക്കീൽ ഇങ്ങനെ ചോദ്യം ചെയ്തു:

വക്കീൽ: നിങ്ങളുടെ പേരെന്ത്‌?

ശ്രീകൃഷ്ണൻ: ശ്രീകൃഷ്ണൻ.

വ: അച്ഛൻ്റെ പേരെന്ത്‌?

ശ്രീ: വാസുദേവൻ

ഇങ്ങനെ തുടങ്ങി വിശദമായി അന്യായ വക്കീൽ വിസ്തരിക്കുന്നു. തുടർന്ന് ഒന്നാം പ്രതിയുടെ വക്കീൽ കർമമാത്രനും ചോദ്യം ചെയ്യുന്നു:

കർമമാത്രൻ: നിങ്ങൾ അർജുനൻ്റെ തേർ തെളിക്കുന്നയാളല്ലേ?

ശ്രീകൃഷ്ണൻ: യുദ്ധകാലത്ത് സാരഥ്യം വഹിക്കേണമെന്നാവശ്യപ്പെട്ട പ്രകാരം ആ ആവശ്യത്തിന് കുറച്ചു ദിവസം തേർ തെളിച്ചിട്ടുണ്ട്

ക: എന്തായിരുന്നു മാസപ്പടി?

ശ്രീ: പ്രതിഫലം ഒന്നും ഇച്ഛിച്ചിട്ടല്ല.

ക: പിന്നെന്തിനു തേർ തെളിച്ചു?

ശ്രീ: ധർമപുത്രാദികളെ സഹായിപ്പാൻ.

ക: നിങ്ങൾക്കു ദുര്യോധന രാജാവു ജയിൽ ശിക്ഷ കൽപ്പിച്ചില്ലേ?

ശ്രീ: അയാൾ അങ്ങനെ ചെയ്യാനാഗ്രഹിച്ചിരിക്കാം. പക്ഷേ സാധിക്കാത്തതാണ്.

ക: നിങ്ങളെ നിങ്ങളുടെ അമ്മ പിടിച്ചുകെട്ടീട്ടില്ലേ?

ശ്രീ: മാതൃ സ്നേഹത്താൽ ഞാൻ അനുവദിച്ചിട്ടാണ്.

ക: നിങ്ങൾ മോഷണം ചെയ്തിട്ടില്ലേ?

ശ്രീ: ബാല്യകാലത്തു ബ്രഹ്മചാരി ചേഷ്ടയാൽ ചെയ്തിരിക്കാം.

ക: നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്?

ശ്രീ: പതിനാറായിരത്തെട്ട്.

ക: നിങ്ങൾ അമ്മാവനെ കൊല ചെയ്തിട്ടില്ലേ?

ശ്രീ: എന്നെ ചതിച്ചു കൊല്ലാൻ ഭാവിച്ചതിനാൽ ആത്മ രക്ഷക്ക് ചെയ്തതാണ്.

ക: നിങ്ങളെ ലാളിച്ചു മുലപ്പാൽ തന്ന മാതൃ തുല്യയായ പൂതനയെയും കൊന്നില്ലേ?

ശ്രീ: അതും എന്നെ ചതിയാൽ കൊല്ലുവാൻ വിഷം തന്നതിനാലാണ്

ക: നിങ്ങൾ ശൂദ്രനായ വിദുരൻ്റെ വീട്ടിൽ നിന്ന് ഊണു കഴിച്ചിട്ടില്ലേ?

ശ്രീ: ഉവ്വ്

ജഡ്ജി ഇതെല്ലാം കേട്ട് അനാവശ്യ ചോദ്യം ചോദിക്കരുതെന്ന് കൽപ്പിച്ചു.

ക: അന്യായക്കാരും പ്രതികളും ജാതി വ്യത്യാസമില്ലയോ?

ശ്രീ: യാതൊരു വ്യത്യാസവും ഇല്ല.

ക: മനുഷ്യരിൽ ജാതി വ്യത്യാസമില്ലെന്നാണോ പറയുന്നത്?

ശ്രീ: അതേ

ക: നിങ്ങൾ മനുഷ്യരിൽ നാലു ജാതികളെ ഞാൻ സൃഷ്ടിച്ചു എന്നു പറഞ്ഞിട്ടില്ലേ?

ശ്രീ: അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല.

ക: സത്യത്തിന്മേൽ ബോധിപ്പിക്കുന്നതാണെന്നും കോടതിയാണെന്നും ഓർക്കണം.

ശ്രീ: നല്ലവണ്ണം ഓർക്കുന്നുണ്ട്.

ക: നിങ്ങൾ ഭാരത യുദ്ധാരംഭത്തിൽ അർജുനൻ്റെ തേരിലിരുന്നുകൊണ്ട് നാലു ജാതികളെ സൃഷ്ടിച്ചിട്ടുണ്ടെന്നു അർജുനനോടു പറഞ്ഞിട്ടില്ലേ?

ശ്രീ: അങ്ങനെ പറഞ്ഞിട്ടില്ല.

ക: (ഭഗവദ് ഗീതാ പുസ്തകം എടുത്തു വിടർത്തി നാലാമധ്യായം 18-ാം ശ്ലോകത്തെ തൊട്ട്) ഇത് നിങ്ങൾ പറഞ്ഞതല്ലേ?

ശ്രീ: അതേ

ക: പിന്നെന്താ ജാതി സൃഷ്ടിച്ചിട്ടില്ലാന്ന് ബോധിപ്പിച്ചത്?

തുടർന്ന് ചാതുർവർണ്യം, മായാ സൃഷ്ടമെന്നൊക്കെ ജാതിയെക്കുറിച്ചല്ല വർണത്തെക്കുറിച്ചാണ് പറഞ്ഞതെന്നും, സത്വരജത മോഗുണങ്ങളെ മുൻനിർത്തിയാണത് പറഞ്ഞതെന്നും കൃഷ്ണൻ വിശദീകരിക്കുന്നു. ഇതുപോലെ വേദവ്യാസനെയും വിസ്തരിക്കുന്നു. വേദോപനിഷത്തുക്കളുടെ സാരത്തെ ഉത്തര മീമാംസ എന്നും ബ്രഹ്മപുത്രമെന്നും പേരായുള്ള പുസ്തകത്തിൽ വിവരിച്ചിട്ടുണ്ടെന്നും, ഇതും ഭാഗവതാദി പുരാണങ്ങളും എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, ഇതിലൊന്നും ജാതിയുണ്ടെന്ന് എഴുതിയിട്ടില്ലെന്നും, അങ്ങനെ കാണുന്നെങ്കിൽ വേറെ ആരെങ്കിലും എഴുതിച്ചേർത്തതായിരിക്കുമെന്നും വ്യാസൻ പറയുന്നു.

ശങ്കരാചാര്യരുടെ ജീവിതവും തത്വചിന്തയും വിവരിച്ചുകൊണ്ട് ശാങ്കര സ്മൃതി അദ്ദേഹത്തിന്റേതല്ലെന്നും, ഇവിടുത്തെ പ്രതികളായ സവർണരിൽ പലർക്കും സംസ്കൃതമോ മലയാളമോ പോലും അറിയില്ല എന്നും വിസ്താരത്തിലൂടെ സ്ഥാപിക്കുന്നു. മനുസ്മൃതിയും ശാങ്കര സ്മൃതിയും രൂക്ഷമായ വിമർശനത്തിനു പാത്രമാകുന്നു. “അതിനാൽ സ്മൃതി സ്വീകാര്യയോഗ്യമല്ല. ബ്രാഹ്മണർ ശ്രേഷ്ഠരുമല്ല” എന്നി നിഗമനത്തിലെത്തുന്നു. അധ്വാനിക്കാതെ കാലം കഴിക്കാൻ വേണ്ടി കണ്ടുപിടിച്ചതാണ് ക്ഷേത്രവും വിഗ്രഹാരാധനയും യാഗവും എന്നു കണ്ട്, ഇതിൻ്റെ പേരിൽ ആരും പണം കൊടുത്തു പോകരുതെന്നും വേദാദി ഗ്രന്ഥങ്ങൾ പാടത്തോ പറമ്പിലോ എവിടെയും ഏതു സമയവും ലഭ്യമാകും വിധം അന്യായക്കാർക്കു കൊടുക്കണമെന്നുമാണ് കോടതി വിധി.

നവോത്ഥാനമെന്ന വ്യവഹാര പ്രക്രിയ

പലതുകൊണ്ടും അസാധാരണത്വമുള്ളതാണ്
ഈ കൃതി. കോടതി വിസ്താരവും ആക്ഷേപഹാസ്യവും രോഷവും തത്വചിന്തയും നൈതിക ചിന്തയും എഴുത്തുകാരും ദൈവങ്ങളും എല്ലാം കലർന്നെത്തുന്ന ഈ ആഖ്യാന ഘടന നവോത്ഥാന വ്യവഹാര സന്ദർഭത്തിൻ്റെ ഏറ്റവും ഫലപ്രദമായ അടയാളപ്പെടുത്തലായി മാറുന്നു. നവോത്ഥാനമെന്നത് നിശ്ചലമായ ഒരു പാഠമല്ല (text), മറിച്ച് സജീവമായ ഒരു വ്യവഹാരമാണ് (discource) എന്ന് കൃതി സാക്ഷ്യപ്പെടുത്തുന്നു. അത് വിശദീകരിക്കാനാണ് നവോത്ഥാന സാംസ്കാരിക രാഷട്രീയ സമരത്തിന് കോടതി വ്യവഹാരത്തിൻ്റെ ഘടന സ്വീകരിക്കുന്നത്. “മിഷണറിമാരും ബ്രിട്ടീഷുകാരുമാണ് നവോത്ഥാനം നൽകിയത്”, “ഹൈന്ദവവത്കരണമായിരുന്നു നവോത്ഥാനം”, “വിവിധ ജാതി-മത പരിഷ്കരണങ്ങളാണ് നവോത്ഥാനം”- ഇങ്ങനെ പല വീക്ഷണങ്ങൾ നവോത്ഥാന കാലത്തും പിന്നീടും രൂപപ്പെട്ടു. പ്രത്യക്ഷത്തിൽ ജാതി പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൃതി നിർമിക്കപ്പെട്ടത് എന്നു പറയാൻ കഴിയും. “വൈദിക ധർമികളായ ഹിന്ദുക്കളുടെ സർവാഭിവൃദ്ധിയെ ആശിക്കുന്ന മഹാശയരേ” എന്ന സംബോധനയോടെയാണ് കൃതിയുടെ ആമുഖത്തിൽ കാണുന്ന, സ്വാമി ചിദ്ഘനാനന്ദഗിരിയുടെ പ്രസ്താവ തുടങ്ങുന്നത്. ജാതിയെ എതിർക്കുന്നു, ഹിന്ദുത്വ മൂല്യങ്ങളെ എതിർക്കുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിൽ ജാതി പരിഷ്കരണം മാത്രം ലക്ഷ്യമാക്കിയുള്ള, ഹൈന്ദവ നവോത്ഥാനം ലക്ഷ്യമാക്കിയുള്ള കൃതിയാണ് എന്ന ധാരണ തീർച്ചയായും ഉണ്ടാകാം. ജാതി മേധാവിത്വത്തിൻ്റെ നട്ടെല്ലു തകർക്കുന്ന കൃതി എന്നാണ് പള്ളത്ത് രാമൻ ഈ കൃതിയെക്കുറിച്ചു ആമുഖ ലേഖനത്തിൽ പറയുന്നത്.

കണ്ണടച്ച് ബ്രാഹ്മണ പാദോദകം കഴിക്കുന്ന പച്ചപ്പാവങ്ങൾ ഇനിയെങ്കിലും കൺമിഴിച്ച് ആ വക കപട മാറാലകളെ നീക്കിക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം കുറിക്കു കൊള്ളുന്ന കൃതിയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സമുദായ അധപതനം, ജാതിഭേദം എന്നിവയെ എതിർക്കാനാണ് കൃതി എഴുതുന്നത് എന്ന് എഴുത്തുകാരൻ തന്നെ ആമുഖമായി പറയുന്നുണ്ട്. “ജാതി ദൈത്യാരി” എന്ന പ്രയോഗം ജാതിയെ രാക്ഷസനായി കാണുന്ന പ്രയോഗം തന്നെ ജാതിരഹിത ദൈവ ശരീരത്തെ നിർദേശിക്കുന്നു എന്നു പറയാം. ശാങ്കരസ്മൃതി മാത്രമേ എതിർക്കുന്നുള്ളു, അദ്വൈതത്തെ നിഷേധിക്കുന്നില്ല. ഇതൊക്കെ ഓർക്കുമ്പോൾ ജാതിയെ മാത്രം എതിർക്കുന്ന, ആ അർത്ഥത്തിൽ ജാതിരഹിത ഹൈന്ദവ കൂട്ടായ്മയെ നിർദേശിക്കുന്ന ഒരു കൃതിയാണ് ഇത് എന്ന് ഒരാൾക്ക് തോന്നാം.

എന്നാൽ നവോത്ഥാന സാംസ്കാരിക പ്രക്രിയ, അതിലേർപ്പെടുന്നവരുടെ വ്യക്തിപരമായ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും മറികടന്നു പോകുന്നതാണ്. അത് പ്രതിഫലിപ്പിക്കും വിധമുള്ള കൃതിയുടെ സവിശേഷമായ ഈ വ്യവഹാര ഘടനകൊണ്ട് കൃതി എഴുത്തുകാരൻ്റെ അഭിപ്രായങ്ങളെയും മറികടക്കുന്നു. സംസ്കാരത്തിൻ്റെ കാവലാളുകളിൽ നിന്നും ഉടമകളിൽ നിന്നും അറിവു പിടിച്ചെടുക്കാനുള്ള വാദമാണ് കോടതിയിൽ നടക്കുന്നത് എന്നത്, ബ്രാഹ്മണനാണ് അറിവുള്ളവൻ എന്ന കാര്യത്തെ അറിയാതെ ധ്വനിപ്പിക്കുന്നുണ്ട്. എന്നാൽ വ്യാവഹാര ഘടനയിലൂടെയും, ക്രോസ് വിസ്താരത്തിൻ്റെ ഘടനയിലൂടെയും കടന്നു പോകുമ്പോൾ ഈ ഉടമകൾക്ക് അറിവില്ല എന്നു ബോധ്യപ്പെടുന്നു. മോഷ്ടിച്ചു കുത്തകയാക്കി വെച്ചിരിക്കുന്ന ധനം യഥാർത്ഥ അവകാശികളിലെത്തുമ്പോൾ മാത്രമേ അതിന് അർത്ഥം ഉണ്ടാകുന്നുള്ളൂ, സമത്വമുണ്ടാകുന്നുള്ളൂ എന്നു പറയുമ്പോലെ അറിവും അതിൻ്റെ യഥാർത്ഥ അവകാശികളിൽ എത്തുമ്പോഴേ അർത്ഥം ഉണ്ടാകുന്നുള്ളൂ. സ്വന്തം സങ്കൽപ്പവും നിർവചനവും അനുസരിച്ചു പോലും അറിവില്ലാത്തവരാണ് സവർണർ എന്നു വ്യവഹാരത്തിലൂടെ ബോധ്യപ്പെടുന്നു. വേദപഠനം നടത്താത്തവർ ശൂദ്രരായി തീരുമെന്നു മനുസ്മൃതിയിൽ ഉണ്ടായിരിക്കെ, വേദമോ പുരാണമോ അറിയാത്ത, സംസ്കൃതമോ മലയാളമോ അറിയാത്ത പ്രതികളായ ബ്രാഹ്മണർക്ക് അവരുടെ ജാതിസ്വത്വവും സാംസ്കാരിക സ്വത്വവും വ്യവഹാര സന്ദർഭത്തിൽ നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ, ഹൈന്ദവവത്കരണത്തെ കൃതി ചെറുക്കുന്നു. ഇനി മറ്റൊരു രീതിയിൽ കൃതിയെ സ്വീകരിക്കുന്നവർ ഉണ്ടാകാം. കൊളോണിയൽ ആധുനികതയുടെ മാത്രം സൃഷ്ടിയാണ് നവോത്ഥാനം, കോടതി വ്യവഹാര ഘടനയുടെയും നീതി സങ്കൽപ്പങ്ങളുടെയും സ്വാധീനം കൃതിക്ക് ഉണ്ടാകുന്നത് അതുകൊണ്ടാണ് എന്നൊക്കെയും ഒരാൾക്ക് വായിക്കാം. എന്നാൽ കൊളോണിയൽ ആധുനികതയുടെ വിപരീതവും കൃതിയിൽ ഉള്ളടങ്ങിയിട്ടുണ്ട്.

മീൻപിടുത്തക്കാരൻ വ്യാസനും കൊളോണിയൽ ആധുനികതയും

വിസ്താര വേളയിൽ പ്രതിയുടെ വക്കീൽ, മീൻപിടുത്തക്കാരൻ ബ്രാഹ്മണനായപ്പോൾ അന്യായക്കാർക്ക് വേണ്ടി സാക്ഷി പറയുന്നോ എന്നു വ്യാസനോട് ചോദിക്കുന്ന അവസരത്തിൽ, വ്യാസൻ പറയുന്ന മറുപടിയുണ്ട്. അൽപം ഇംഗ്ലീഷ് പഠിച്ച് വക്കീലായ ഗർവ്വിൽ പ്രതിയുടെ പണത്തിനു വേണ്ടി മൂഢനായി മാറരുത് എന്നു അദ്ദേഹം പറയുന്നു. കൊളോണിയൽ ആധുനികതയുടെ ധനപരമായ ഉള്ളടക്കമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ഇംഗ്ലീഷും കോടതിയും വക്കീലും അധസ്ഥിതനെ രക്ഷിക്കണമെന്നില്ല. അവിടെ പണം മാനദണ്ഡമാകുന്നു. വ്യാസൻ മീൻപിടുത്തക്കാരനായി നിന്നുകൊണ്ട് കൊളോണിയൽ ആധുനികതയെ വിമർശിക്കുകയാണിവിടെ. നവോത്ഥാനത്തിൻ്റെ അധസ്ഥിത പക്ഷ നിലപാടാണ് ഇതിൽ ധ്വനിക്കുന്നത്.

അതുപോലെ, പൈതൃകം വഴി ലഭിച്ച കൃതികൾ ആർക്കു കൊടുക്കണം എന്ന വാദത്തിൽ അവർണർക്ക് കൊടുക്കാം എന്നല്ല വിധി. എല്ലാർക്കും ഏതു സമയത്തും എവിടെ വച്ചും വേദാദി ഗ്രന്ഥങ്ങൾ പഠനങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നാണ് വിധി. അതായത് വാദിയും പ്രതിയും വാദവും സാക്ഷിയും സന്ദർഭവവും പരസ്പരം മറികടന്നു പോകുന്നതിനാൽ വിധിയും പൂർവ നിശ്ചിതമായ ആവശ്യത്തെ കടന്നു പോകുന്നു. പുസ്തകങ്ങളെ സംബന്ധിച്ചു മാത്രമല്ല വിധി. വഴി മാറാൻ പറഞ്ഞാൽ പറയുന്നവർ വഴി മാറി പോകണമെന്നും വിധിയിൽ പറയുന്നു. മൊത്തത്തിൽ പരിശോധിക്കുമ്പോഴാകട്ടെ സാംസ്കാരിക മൂലധനം കൈവശപ്പെടുത്തിയിരിക്കുന്നതിന് പിന്നിൽ ഉപരി വർഗത്തിൻ്റെ അടിച്ചമർത്തലും ധനസമ്പാദനവുമാണ് കാരണമെന്നു വരുന്നു. ചുരുക്കത്തിൽ എല്ലാത്തരം വിധി നിർണയങ്ങളെയും ധിക്കരിക്കുന്നതായി മാറുന്നു വ്യവഹാരപ്രക്രിയ.

ഇത്തരത്തിൽ ഈ കൃതിയുടെ സവിശേഷ ഘടന നവോത്ഥാന സാംസ്കാരിക സമരങ്ങളുടെ പ്രതിനിധാനങ്ങളെയും പ്രതിരോധങ്ങളെയും ഉന്നയിക്കുന്നു. ചുരുക്കത്തിൽ അഭ്യന്തര കൊളോണിയലിസത്തിൻ്റെയും വൈദേശിക കൊളോണിയലിസത്തിൻ്റെയും പാഠ നിർമിതികളെ ചെറുക്കുന്ന സവിശേഷ ഘടനയുള്ള പുസ്തകമാണിത്. പഠിച്ചതിനും പാട്ടു പാടിയതിനും ചവിട്ടിത്താഴ്ത്തപ്പെട്ട അധസ്ഥിതൻ കൊളോണിയൽ സാഹചര്യങ്ങളെയും സ്വന്തം പൂർവ്വകാല ചരിത്രത്തെയും ഉപയോഗിച്ചുകൊണ്ടും നിഷേധിച്ചു കൊണ്ടും നിവർന്നുണരുന്നത് ഇത്തരം കൃതികളിൽ കാണാം. ഭാവി പഠനങ്ങൾക്ക് വഴി തുറക്കാൻ കഴിയുന്ന, ഈ ബൃഹത്തായ കൃതി വീണ്ടെടുക്കുമ്പോൾ നമ്മുക്ക് എഴുത്തധികാരം നേടിത്തന്ന ചരിത്രത്തോടും ചരിത്രം നിർമിക്കുന്നവരോടുമുള്ള വലിയ കടപ്പാട് രേഖപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഫോർ വുമൺ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ.

Top