അൻപതു ശതമാനം ഓബീസീ ക്വാട്ട: പ്രൊഫ. അശ്വനികുമാർ സംസാരിക്കുന്നു

ജാതിയടിസ്ഥാനത്തിലുള്ള സെൻസസിനു വേണ്ടിയുള്ള മുറവിളികൾ രാജ്യത്തിന്റെ പല ഭാഗത്തും ശക്തമാണ്. ഒരു മൂന്നാം മണ്ഡൽ രാഷ്ട്രീയത്തിന്റെ ഉയർച്ചയെയാണ് ഇതു സൂചിപ്പിക്കുന്നത്. 50 ശതമാനം സംവരണ പരിധി ഉയർത്തുക എന്നതും അതിന്റെ താൽപര്യമാണ്. പുതിയ സാഹചര്യത്തിൽ അതിന്റെ സാമൂഹിക-രാഷ്ട്രീയ മാനങ്ങളെ കുറിച്ച് പ്രൊഫ. അശ്വനികുമാർ സംസാരിക്കുന്നു.

ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിനു വേണ്ടി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മുറവിളികള്‍ ശക്തിപെടുന്നു. അഥവാ ഒരു രണ്ടാം സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി). നിങ്ങളിതിനെ എങ്ങനയെയാണ് നോക്കിക്കാണുന്നത്?

പൊതുവെ കലഹശീലമുള്ള ഇൻഡ്യൻ പാര്‍ലമെന്റില്‍, ഭരണഘടനയുടെ 127ആം ഭേദഗതി പാസാക്കിയപ്പോള്‍ കണ്ട അഭൂതപൂര്‍വമായ രാഷ്ട്രീയ സമവായ കണക്കിലെടുത്താല്‍, ഭൂരിപക്ഷ രാഷ്ട്രീയത്തിനുള്ളില്‍ ‘കണ്‍സോസിയേഷണല്‍’ അല്ലെങ്കില്‍ ‘അധികാര പങ്കാളിത്ത ജനാധിപത്യം’ എന്ന് അരെന്റ് ലിജ്ഫാര്‍ട്ട് വിളിക്കുന്ന തരത്തിലുള്ള ഒന്നായി ഇൻഡ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.

അശോക സര്‍വകലാശാലയിലെ ത്രിവേദി കേന്ദ്രത്തിന്റെ ഡാറ്റാ വിശകലനമനുസരിച്ച്, കഴിഞ്ഞ മൂന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന ജാതിക്കാരായ എം.പിമാരുടെ എണ്ണം 28-29 ശതമാനമായി തുടരുന്നുണ്ടെങ്കിലും, ഓബീസീ എം.പിമാരുടെയും ഇടത്തരം ജാതി എം.പിമാരുടെയും എണ്ണം 37 ശതമാനമാണ്. ഓബീസീ ബില്‍ പാസാക്കപ്പെട്ടത് സൂചിപ്പിക്കുന്നതും ഇതു തന്നെയാണ്. ഓബീസീ വിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് ആധിപത്യത്തിന്റെ ഏകീകരണത്തെയും, അതിന്റെ ഫലമായി രാഷ്ട്രീയ അധികാരത്തിന്റെ പിരമിഡുകളിലേക്കുള്ള അവരുടെ ഉയര്‍ച്ചയെയുമാണ് ഇതു സൂചിപ്പിക്കുന്നത്.

വിശാലമായ വീക്ഷണകോണിൽ നിന്നാണ് ജാതി സെന്‍സസിന് വേണ്ടി ഉയരുന്ന മുറവിളികളെ കാണേണ്ടത്. 1990കള്‍ മുതലുള്ള നിശബ്ദ വിപ്ലവത്തിന്റെ ഭാഗമായ പുരോഗമനപരമായ തിരിച്ചറിവിന്റെ പൂര്‍ത്തിയാകാത്ത അജണ്ടയുടെ ഭാഗമാണത്. 1990കളില്‍ മണ്ഡല്‍ നയിച്ചത് കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട സംവരണത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നും (മണ്ഡല്‍-1), 2008ല്‍ അത് സര്‍ക്കാര്‍ ജോലികളിലെ സംവരണവുമായി ബന്ധപെട്ട പോരാട്ടവുമാണെന്ന് (മണ്ഡല്‍-2) വാദിക്കുകയാണെങ്കില്‍, ജാതിയടിസ്ഥാനത്തിലുള്ള സെന്‍സസിനു വേണ്ടി ഇപ്പോൾ ഉയരുന്ന ഈ മുറവിളികൾ, സംവരണം 50 ശതമാനം മാത്രം മതിയെന്ന വാദത്തിനെതിരെയുള്ള യുദ്ധമാണ്. മണ്ഡലിന്റെ ഈ മൂന്നാം വരവ് ഇൻഡ്യൻ ജനാധിപത്യത്തിന്റെ സമാശ്വാസപരമായ അടിത്തറകളെ മാറ്റിയെഴുതുന്ന സങ്കീര്‍ണമായ ഘട്ടമാണ്.

പ്രൊഫ. അശ്വനികുമാർ

‌നോക്കൂ, ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന്റെ ആവശ്യം ഉയരുന്നത് ഇൻഡ്യൻ ജനാധിപത്യത്തിന്റെ തുടര്‍ച്ചയായ അപര്യാപ്തതകളിൽ നിന്നാണ്. വിശ്വസനീയമായ ജാതി-സെന്‍സസ് ഡാറ്റയില്ലാതെ തന്നെ മണ്ഡല്‍ കമ്മീഷന്‍ ഇൻഡ്യയിലെ ജനസംഖ്യയില്‍ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പങ്ക് 52 ശതമാനമായി കണക്കാക്കിയിരുന്നു. എന്നാല്‍, ഭരണഘടനാ സംവിധാനത്തിന്റെ ചില വിചിത്രമായ കാരണങ്ങളാല്‍, അല്ലെങ്കില്‍ ചില രാഷ്ട്രീയ നീക്കുപോക്കുകളുടെ ഫലമെന്നോണം ഓബീസീ വിഭാഗത്തിന് 27% സംവരണം മാത്രമാണ് നല്‍കിയത്. ഇത് ജനസംഖ്യാ ശാസ്ത്രത്തിനും ജനങ്ങള്‍ക്കുമിടയില്‍ വഞ്ചനാപരമായ ഒരു ഇരട്ടത്താപ്പ് നിലനില്‍ക്കുന്നതിലേക്ക് നയിച്ചു. അതുകൊണ്ടുതന്നെ, ജാതിയടിസ്ഥാനത്തിലുള്ള സെന്‍സസ്, സംവരണ ശതമാനത്തിൽ കൂടുതൽ വിഹിതം എന്നീ രണ്ട് ആവശ്യങ്ങൾ വളരെ കാലമായി സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ മുന്‍നിരയിൽ തന്നെയുണ്ട്.

2001ലെ സെന്‍സസ് ആരംഭിക്കുന്നതിനു മുൻപ്, സെന്‍സസിലെ എല്ലാ ജാതികളുടെയും കണക്കെടുപ്പിനെ കുറിച്ച് വലിയ ചര്‍ച്ചകൾ നടന്നു. 2011ല്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് നടത്തി. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളെ കൃത്യമായി തിരിച്ചറിയാനായിരുന്നു ഇത്. എന്നാല്‍ ജാതി സര്‍വേയുടെ വിശദാംശങ്ങള്‍ ഒരിക്കലും പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തിയിട്ടില്ല. ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനായി ഈ സെന്‍സസ് ഉപയോഗിക്കുന്നു.

2012-13ല്‍ ആരംഭിച്ച ‘യുണൈറ്റഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോർ എടുക്കേഷൻ പ്ലസ്’ (യു.ഡി.ഐ.എസ്.ഇ പ്ലസ്) രാജ്യത്താകമാനമുള്ള സ്‌കൂളുകളില്‍ പ്രൈമറി തലത്തില്‍ ചേര്‍ക്കപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ജാതിയടിസ്ഥാനത്തില്‍ സൂക്ഷിക്കുന്നു. അപ്പോള്‍, ബിജെപി എംപി സംഘമിത്ര മൗര്യയുടെ തന്നെ വാക്കുകൾ കടമെടുത്താല്‍, “രാജ്യത്തെ കാലികളെ എണ്ണി തിട്ടപ്പെടുത്താന്‍ സാധിക്കുമെങ്കില്‍, എന്തുകൊണ്ട് ജാതികളെ തിട്ടപ്പെടുത്താൻ സാധിക്കുന്നില്ല?” ഈ ചോദ്യം രാജ്യത്തെ രാഷ്ട്രീയക്കാരെയും നയ നിർമാതാക്കളെയും വേട്ടയാടിക്കൊണ്ടിരിക്കും. അത് മണ്ഡല്‍ മുന്നോട്ടു വെച്ച രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ചര്‍ച്ചകളിലേക്കും, ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളിലേക്കും നയിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി അന്‍പതു ശതമാനം സംവരണമെന്നത് വിദ്യഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും മറികടക്കാനാവാത്ത ലക്ഷ്മണരേഖയാണ്. എന്നാല്‍, മണ്ഡല്‍ ലിസ്റ്റില്‍ പെടാത്ത ജാതികളില്‍ നിന്നും സംവരണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നു. ഭാവിയിൽ നിലവിലുള്ള സംവരണ തോത് ഉയർത്താനുള്ള സംഘടിതമായ ശ്രമങ്ങൾ നടക്കുന്നതായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

പ്രാഥമികമായി, സംവരണത്തിന്റെ 50% പരിധി കേശവാനന്ദ ഭാരതി കേസിലെ ഭരണഘടനയുടെ അടിസ്ഥാന ഘടനാ (basic structure) സിദ്ധാന്തം പോലെയാണ്; ഭരണ നിർവഹണവുമായി ബന്ധപ്പെട്ട ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കാന്‍ പാര്‍ലമെന്റിന്റെ അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ഒരു മികച്ച ജുഡീഷ്യല്‍ പോംവഴി. എന്നാല്‍, സംവരണത്തിന്റെ പരിധിയെ കുറിച്ച് ഭരണഘടന യാതൊരു വിധത്തിലുള്ള നിബന്ധനകളും വെക്കുന്നില്ല. 1992ലെ ഇന്ദ്ര സാഹ്നി കേസ് വിധിയില്‍, സമത്വത്തിന്റെയും തുല്യതയുടെയും ആശയങ്ങൾ പുനപരിശോധിച്ചു കൊണ്ട്, സംവരണ പരിധി പരിപാവനമായ ഒന്നല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്; അസാധാരണമായ സാഹചര്യങ്ങളില്‍ ഇത് 50 ശതമാനത്തിൽ കവിയാന്‍ കഴിയും.

വാസ്തവത്തില്‍, തമിഴ്നാടിന്റെ ചരിത്രപരമായ 69% ക്വാട്ട നിയമം (മൂന്നു പതിറ്റാണ്ടിലേറെയായി ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമായ ഒന്ന്) മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സംവരണ പരിധി ലംഘിക്കാനും, മണ്ഡലിതര സമുദായങ്ങളായ മറാട്ട, ജാട്ട്, ഗുജ്ജര്‍ എന്നിവയെ സംവരണ വലയത്തില്‍ ഉള്‍പെടുത്താനും സാധിക്കുന്ന അളവു കോലായി. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ ജനകീയ പരമാധികാരവും ഭരണഘടനാപരമായ ഭരണവും തമ്മിലുള്ള സന്തുലിതമായ ട്രപ്പീസ് കലാകാരനെപ്പോലെ പ്രവര്‍ത്തിക്കുന്നത് തുടരുമെങ്കിലും, 50% പരിധി അല്ലെങ്കില്‍, ‘ക്രീമീലെയറുകാരുടെ’ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു.

ബിപി മണ്ഡൽ

ഇതിന്റെ രാഷ്ട്രീയപരവും തെരഞ്ഞെടുപ്പുപരവുമായ (electoral) പ്രതിഫലനങ്ങള്‍ എന്തൊക്കെയായിരിക്കും?

ഒരേസമയം രണ്ട് തരത്തിലുള്ള സാഹചര്യങ്ങളാണ് ഇൻഡ്യയിലുണ്ടാവുക, ഒന്ന് ദേശീയ തലത്തിലുളളതും, മറ്റേത് പ്രാദേശികമായതുമാണ്. ആദ്യത്തേത്, പുനരുജ്ജീവിപ്പിക്കപ്പെടുന്ന മണ്ഡല്‍ ജാതികളെ ബിജെപിക്ക് ശക്തിയുള്ള ദേശീയ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വെല്ലുവിളിയാണ്. രണ്ടാമത്തേത് ഇൻഡ്യയിലെ വിവിധ പ്രദേശങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം മണ്ഡലിതര ഓബീസികളുടെ ക്രമേണയുള്ള രാഷ്ട്രീയവത്കരണവുമാണ്. ഈ രണ്ട് പ്രവണതകളുടെയും കൂടിച്ചേരല്‍ സമീപ ഭാവിയില്‍ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് (political and electoral) മേഖലകളെ ആഴത്തില്‍ പുനര്‍നിര്‍മിക്കും. സാമ്പത്തിക വളര്‍ച്ച, വിദ്യാഭ്യാസം, ജോലി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവാക്കളും ഊര്‍ജസ്വലരുമായ ഒരു ശക്തിയായി മണ്ഡല്‍-മണ്ഡലിതര പിന്നാക്ക വിഭാഗക്കാര്‍ ഒരുമിക്കുമ്പോള്‍ ഇൻഡ്യന്‍ രാഷ്ട്രീയത്തിലിത് വലിയ ജനസംഖ്യാപരവും ജനാധിപത്യപരവുമായ മാറ്റങ്ങള്‍ക്ക് ഇടവരുത്തും.

പല സംസ്ഥാനങ്ങളിലും (യു.പിയില്‍ 22%) ഉയര്‍ന്ന ജാതിക്കാര്‍ 10%-15% വോട്ടര്‍മാര്‍ മാത്രമാണെന്നു നമുക്കറിയാം. അതിനാല്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടത്തരം, താഴ്ന്ന ജാതി ഹിന്ദുക്കളെ വോട്ടിന് അണിനിരത്തുക ബുദ്ധിമുട്ടായിരിക്കും. പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇതൊരു പാഠമാണ്. പ്രാദേശിക പാര്‍ട്ടികള്‍ നേടിയ വോട്ടുകളുടെ വിഹിതം 48-50%മായി തന്നെ തുടരും. അതിനാല്‍ എതിരാളികളായ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും വിഭിന്നമാവുന്നതും വോട്ടു നേടുന്നതും ഭരണകക്ഷിയായ പ്രാദേശിക പാര്‍ട്ടികള്‍ എങ്ങനെയാണ് ദേശീയ പാര്‍ട്ടികളുമായി നിലനില്‍ക്കുന്ന ജാതി സഖ്യങ്ങള്‍ നിര്‍മിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. കൂടാതെ ഓബീസീ, സവര്‍ണർ, ദലിതര്‍ എന്നിവരുമായി അവര്‍ എങ്ങനെ കൂടുതല്‍ കൂട്ടായ്മകൾ ഉണ്ടാക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.

മണ്ഡല്‍ പാര്‍ട്ടികള്‍ സംവരണ പരിധിയില്‍ മണ്ഡലിതര ജാതികളുടെ ഈ ഒഴുക്കിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

മണ്ഡല്‍, നോണ്‍-മണ്ഡല്‍ ജാതികള്‍, മറ്റ് പിന്നാക്ക ജാതികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ പാരമ്പര്യം, കൊളോണിയല്‍ കടന്നുകയറ്റം, സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ സമകാലിക പുനര്‍നിര്‍മ്മാണം എന്നിവയുടെ സങ്കീര്‍ണമായ മിശ്രിതമാണ്. സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ ജനാധിപത്യ പ്രേരണകളാല്‍ അവര്‍ ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍, അധികാര ശ്രമങ്ങളിൽ അവരും ആന്തരികമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, നോണ്‍-മണ്ഡല്‍ ജാതികളിൽ, സംവരണത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ അവരുടെ പൊതു വിഭവങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട മത്സരവും പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിപ്പിക്കും.

ഇൻഡ്യയിലെ സാമൂഹിക വൈവിധ്യങ്ങളുടെ കെട്ടുപിണഞ്ഞു കിടക്കുന്നതും, അതേസമയം ചിതറിയതുമായ, പരസ്പരം മറികടക്കുന്നതുമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, സ്ഥിരമായ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ രാഷ്ട്രീയ ഭൂരിപക്ഷങ്ങള്‍ സ്ഥാപിക്കുന്നത് ഏതാണ്ട് അസാധ്യമാണ്. ഒരൊറ്റ സാമൂഹിക-സാമ്പത്തിക അല്ലെങ്കില്‍ ജാതി വരേണ്യ ഭരണം ഇൻഡ്യന്‍ ജനാധിപത്യത്തില്‍ തികച്ചും അസാധ്യമാണ്.

പ്രൊഫ. അശ്വനികുമാർ: മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ‘ഡെവലപ്മെന്റൽ സ്റ്റഡീസ്’ ഡീനാണ്, രാഷ്ട്രീയ ശാസ്ത്രജ്ഞൻ കൂടിയായ ഇദ്ദേഹം.

നിസ്തുല ഹെബർ: ‘ദി ഹിന്ദു’ പൊളിറ്റിക്കൽ എഡിറ്റർ

മൊഴിമാറ്റം: ജാസ്മിൻ പി.കെ

Top