ഡിസബിലിറ്റിയും ആത്മീയതയും

ഡിസബിലിറ്റിക്കാരുടെ ദൃശമായ ആത്മീയാനുഭൂതികൾ, അവരുടെ ആത്മീയതയെയും അത്തരമനുഭവങ്ങളെയും ഒരുതരം ‘ഡിസബിലിറ്റി ആത്മീയത’ ആയി വ്യവച്ഛേദിക്കാൻ ഇടയാക്കുന്നുണ്ട്. ഗ്രന്ഥങ്ങളിൽ നിന്നോ മറ്റോ ലഭ്യമാകുന്ന ആത്മീയ വിവരങ്ങൾക്കും അനുഭവങ്ങൾക്കുമപ്പുറത്ത്, തങ്ങളുടെ സവിശേഷമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്ന തീവ്രമായ ഒരാത്മീയാനുഭൂതി ഡിസബിലിറ്റിക്കാർ അവകാശപ്പെടുന്നുണ്ട്. നദീർ പയ്യോളി, ഷാജഹാൻ ഒരുമനയൂർ എന്നിവർ ചേർന്ന് നടത്തിയ പഠനം.

ഡിസബിലിറ്റി

“മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുന്നതിൽ തടസ്സങ്ങളുണ്ടാവുക, തദ്വാരാ അവരുടെ പൂർണവും ഫലപ്രദവുമായ സാമൂഹിക പങ്കാളിത്തം പ്രതിബന്ധം നേരിടുകയും ചെയ്യും വിധത്തിലുള്ള ദീർഘകാലത്തെ ശാരീരിക, മാനസിക, ബൗദ്ധിക, ബോധപരമായ വൈകല്യങ്ങളുള്ള വ്യക്തി” (2016ലെ ഡിസബിലിറ്റിയുള്ള വ്യക്തിയുടെ അവകാശങ്ങൾ). ഇപ്രകാരം ഡിസബിലിറ്റിക്കാരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സമ്മേളന പ്രകാരം, ഈ നിമയം ഭിന്നശേഷി സമൂഹത്തിനു വ്യക്തമായ നിർവചനത്തിന്റെ ചട്ടക്കൂടൊരുക്കാൻ ശ്രമിക്കുന്നു.

സെൻസസ് കണക്കുകൾ പ്രകാരം 2001-2011 വർഷങ്ങളുടെ കാലയളവിനിടയിൽ ഏതെങ്കിലും തരത്തിലുള്ള ഡിസബിലിറ്റിയുള്ളവർ 22.4 ശതമാനമായി വർദ്ധിച്ചതായി നിരീക്ഷിക്കപ്പെടുന്നു. ഇതിൽ 1.5 കോടി പുരുഷന്മാരും 1.18 കോടി സ്ത്രീകളുമാണെന്നാണ് കണക്ക്. ഈ കണക്കുകൾ പ്രകാരം നഗരപ്രദേശങ്ങളിൽ-വിശിഷ്യാ സ്ത്രീ ഡിസബിലിറ്റിക്കാരുടെ എണ്ണത്തിൽ സാരമായ വർദ്ധനവു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (സെൻസസ് 2011).

ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണമനുസരിച്ച് ഇരുപതിൽ ഒരാൾക്ക് ഡിസബിലിറ്റിയുണ്ട്. ഇതിൽ നാലിൽ മൂന്നും വികസ്വര രാജ്യങ്ങളിലാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ലോക ബാങ്ക് വിലയിരുത്തൽ പ്രകാരം ലോകത്തെ പരമ ദരിദ്രരിൽ അഞ്ചിൽ ഒരാൾ ഡിസബിലിറ്റിയുള്ളയാളാണ് (DF1D 2009).

തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലേക്കു പരിമിതമായ പ്രവേശനം മാത്രം സാധ്യമാകുന്നതിനാൽ ഡിസബിലിറ്റിയുള്ളവർ സാമ്പത്തിക-സാമൂഹിക അവഗണന നേരിടുന്നുണ്ട്. ഡിസബിലിറ്റി ദാരിദ്രത്തിന് ഒരേസമയം നിദാനമായും ദൂഷ്യഫലമായും വർത്തിക്കുന്നു. അതിനാൽ ഡിസബിലിറ്റിയുള്ള ജനതയുടെ ആവശ്യങ്ങളും അവകാശങ്ങളും അഭിമുഖീകരിക്കപ്പെടാതെ ലോകത്തെ ദാരിദ്ര്യ നിർമൂലനം സുസാധ്യമല്ല (Naught ann & officer, 2006).

ഡിസബിലിറ്റി പ്രധാനമായും രണ്ടു രീതിയിൽ ദർശിക്കാവുന്നതാണ്. ഒന്നാമതായി ആരോഗ്യ ശാസ്ത്ര രീതിയിലുള്ളവയും, രണ്ടാമത്തേത് സാമൂഹിക അവസ്ഥയെന്ന നിലയിലുള്ളതും. ആരോഗ്യ ശാസ്ത്ര വീക്ഷണ പ്രകാരം ഡിസബിലിറ്റിയെന്ന ‘പ്രശ്നം’ അതുള്ള വ്യക്തിയോടു ബന്ധപ്പെടുത്തി മാത്രമാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ ഈ പ്രശ്നത്തോടു ബന്ധപ്പെടുത്തി ഡിസബിലിറ്റിയുള്ള വ്യക്തയെയല്ലാതെ മറ്റാരെയും ഈ വീക്ഷണം പരിശോധിക്കുന്നില്ല.

അതേസമയം, സാമൂഹിക മാതൃകയെന്ന നിലയിൽ ഡിസബിലിറ്റിയെ അഭിവീക്ഷിക്കുന്നവർ, സമൂഹം തന്നെയാണ് ഇക്കൂട്ടരെ ഡിസബിലിറ്റിക്കാരാക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, പൂർണമായ ശാരീരിക-മാനസിക ശേഷിയുള്ളവരുടേതായ ഭൂരിപക്ഷ സമൂഹം, അവരുടെ ആവശ്യ നിവൃത്തിക്കായി സജ്ജീകരിക്കുന്ന ഒരു സമൂഹമത്രെ നിലനിൽക്കുന്നത്. അതിനാൽ ‘സാമൂഹിക വീക്ഷാഗതിയനുസരിച്ച്’, ഡിസബിലിറ്റിയുള്ളവർ നേരിടുന്ന വേലിക്കെട്ടുകൾ ലഘൂകരിക്കാനും ഒരുവേള നിർമാർജനം ചെയ്യാനും സമൂഹത്തിനു തന്നെ സാധ്യമാണ്. ഈ വിലക്കുകൾ ഭേദിക്കുന്നതിന്റെ ഉത്തരവാദിത്വം ഡിസബിലിറ്റിക്കാരിലല്ല, പ്രത്യുത സമൂഹത്തിനുമേലാണു കൂടുതലും നിക്ഷിപ്തമായിരിക്കുന്നതെന്നു കൂടി ഇവർ അഭിപ്രായപ്പെടുന്നു (University of Leicester, 2015)

ആത്മീയത

‘ആത്മീയത’ ജീവിതത്തിന്റെ കേന്ദ്രീയ വിചാരമായി ഗണിക്കപ്പെട്ടിരിക്കുന്നു. അതു ജനങ്ങളുടെ പ്രകൃതത്തെ നിയന്ത്രിക്കുകയും മനുഷ്യാസ്തിത്വത്തിന്റെ കേന്ദ്രമെന്ന നിലയിൽ അവന്റെ ശാരീരികവും, വൈകാരികവും, ബൗദ്ധികവും, സദാചാര-ധാർമികവും, ഇച്ഛാപരവും, സാമൂഹിക ശാസ്ത്രപരവുമായ വശങ്ങൾ ഉൾച്ചേർന്നിരിക്കുന്നതായും നിരീക്ഷിക്കപ്പെടുന്നു (Colliton 1981; Dom beck and Karl 1987; Eller Horst-Ryan 1985; Fish and Shelly 1978; Heriot 1972)

ആത്മീയതയെ ഒരുവേള മനുഷ്യന്റെ വൈയക്തിക സ്വഭാവവും വീക്ഷാഗതികളുമെന്ന നിലക്ക് നിരീക്ഷിക്കാവുന്നതാണ്. ആത്മീയത പലപ്പോഴും ഇന്ദ്രിയാതീതമായ തലങ്ങളിൽ വ്യക്തിനിഷ്ഠവും വിശാലവുമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. അപ്രകാരം അതു മൂല്യങ്ങളെ ശാക്തീകരിക്കുകയും, ആത്മത്തെ ഉദ്ഗ്രഥിതമാക്കുകയും ചെയ്യുന്നു (Kaye 2000, Read 1987). ആത്മീയത മനുഷ്യന്റെ ഭൗതികാസ്തിത്വപരമല്ലാത്തതും കേവല മാനസിക തലങ്ങൾക്കപ്പുറമുള്ള ഭാവ മണ്ഡലങ്ങളിലേക്കും വ്യാപരിക്കുന്നതാണ്. അപകാരം, ആത്മീയത കൊണ്ട് വിവക്ഷിക്കുന്നത്, മേൽപ്പറഞ്ഞ തലത്തിലുള്ള സങ്കൽപ്പങ്ങൾ, മനോഗതി, സ്വഭാവം എന്നിവയുടെ ആകത്തുകയാണെന്നു കാണാം (Hiatt 1986). ഇപ്രകാരം ആത്മീയതയെന്നത് മനുഷ്യാസ്തിത്വത്തിന്റെ കേന്ദ്രമായി വർത്തിക്കുകയും അവന്റെ ഭൗതികവും വൈകാരികവും, ബൗദ്ധിക-സാമൂഹികവുമായ ഭാവങ്ങളെ ആത്മീയ തലത്തിൽ ഉദ്ഗ്രഥിക്കുകയും ചെയ്യുന്നു (Landrum, Beck, Rawlins, Williams & Culpan 1984).

ആത്മീയത എന്ന ഭാവം തുടർന്നുവരുന്ന വിചിന്തനങ്ങളിൽ വികസ്വരമാവുന്ന ഒന്നായി ദർശിക്കാവുന്നതാണ് (Mozom amol Boulogom. Aldridge 1993, Emblen 1992, Read 1987). നിരന്തരം പരിണാമ വിധേയമാകുന്ന ഒരു പ്രകൃതമാണ് ആത്മീയത എന്ന സങ്കൽപ്പത്തിനുള്ളത്. (Read 1992). ഒപ്പം പുതിയൊരന്വേഷണ വിഭാഗമായി ഉയർന്നു വരുന്ന ഒന്നു കൂടിയാണ് ആത്മീയതയിലെ മനസ്സ്-ശരീരം-ആത്മാവ് എന്നീ ഘടകങ്ങളുടെ പാരസ്പര്യങ്ങൾ (Goleman and Guril, 1993, Leskowitz, 1993, Moyers, 1993). പരമ്പരാഗതവും ഒട്ടൊക്കെ യാന്ത്രികവുമായ ജീവശാസ്ത്ര മാതൃക ക്രമേണയായി വിശാലവും സമഗ്രവുമായ ഒരു വീക്ഷാഗതിയിലേക്ക് മാറിയിട്ടുണ്ട്. ജീവശാസ്ത്രപരവും സമൂഹിക-ആരോഗ്യാവസ്ഥകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇതിലുൾച്ചേരുന്നുണ്ട് (Dossey, 1995; Wiednseld et at, 1990).

ആത്മീയത എന്നത് പ്രവിശാലമായ സങ്കൽപ്പമാണ്. ഈ സങ്കൽപ്പത്തിന്റെ കൂരക്കു കീഴെ തന്നെയാണ് ‘മതം’ ദൃശ്യമാകുന്നതും. ‘മതാത്മകത’ എന്നത് വ്യക്തിയുടെ ആത്മീയമായ അഭിവീക്ഷണത്തിന്റെ ആവിഷ്കാരം തന്നെയാണ്. അപ്രകാരം അത് (ഈയൊരു മനോഭാവത്തിന്റെ) ഔപചാരികവും ബാഹ്യവുമായ ഒരു വ്യവസ്ഥയെക്കുറിക്കുന്നു. ഈ വ്യവസ്ഥയിൽ വിശ്വാസങ്ങൾ, മൂല്യങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, പെരുമാറ്റചട്ടങ്ങൾ എന്നിവയടങ്ങിയിരിക്കുന്നു. (Heriot, 1992; Micklay Soeken & Belcher, 1992). മതം (Religion) എന്ന പദത്തിന്റെ ഉൽപത്തി ‘പരസ്പരം ബന്ധിക്കുക’ എന്നർഥം വരുന്ന ‘Relegare’ എന്ന ലത്തീൻ പദത്തിൽ നിന്നത്രെ (Mensen, 1997). വിശ്വാസി സമൂഹങ്ങളുടെ രൂപത്തിൽ ആചാരാനുഷ്ഠാനങ്ങൾ മുഖേന, മതം അതിന്റെ സാമൂഹിക പ്രവേശനം സാധ്യമാക്കുന്നു (Walker-1992). വ്യക്തിയുടെ ആത്മീയ ചേതനയുടെ ആവിഷ്കാരമെന്ന നിലയിൽ ‘മതം’ എപ്രകാരമാണ് ഡിസബിലിറ്റി സമൂഹത്തിൽ ഇടപെട്ടിരിക്കുന്നതെന്ന് ഗവേഷണം വിശദമാക്കാൻ ശ്രമിക്കുന്നു (Kaye & Robinson 1994; Wykle & Segal 1991).

‘ആത്മീയത’, ‘മതം’ എന്നീ പരികൽപ്പനകൾ വൈവിധ്യമാർന്നതും, സാഹിത്യത്തിലും ഗവേഷണങ്ങളിലും പ്രത്യേകമായി അഭിസംബോധന ചെയ്യപ്പെടേണ്ട സംജ്ഞകളുമാണ്. ‘ആത്മീയത’ എന്നത് വ്യക്തിയുടെ ആന്തരികമായ വിശ്വാസത്തെ സൂചിപ്പിക്കുമ്പോൾ, ‘മതം’ ഒരുപറ്റം ഔപചാരിക അനുഷ്ടാനങ്ങളെ കുറിക്കുന്നു (George, Larsons, Koeing & Melcul longh, 2000; Kaye & Raghavan, 2002). പൊതുവായ ഏതൊരു ദൈവിക-പ്രകൃത്യാതീത വിശ്വാസത്തെയും ഉൾക്കൊള്ളും വിധത്തിൽ വിസ്തൃതവും ഉദ്ഗ്രഥിതവുമാണ് ‘ആത്മയത’ (Kaye & Raghavan, 2002)

ഡിസബിലിറ്റിയെന്ന അവസ്ഥയുടെ സവിശേഷമായ ആത്മീയാനുഭവങ്ങൾ, സാധാരണ മനുഷ്യരുടെ സാമ്പ്രദായികമായ ആത്മീയാമനുഭവങ്ങളിൽ നിന്നു വിച്ഛേദിക്കപ്പെടുന്നുണ്ട് (creamer, 2003). അദ്ദേഹം പറയുന്നത്, ഡിസബിലിറ്റിയുള്ളവർ, മറ്റുള്ളവരെയപേക്ഷിച്ച് അതുല്യമായ ആത്മീയ അനുശീലനങ്ങൾ തങ്ങളനുഷ്ഠിക്കുവെന്നു വിശ്വസിക്കുന്നുവെന്നാണ്. ഒരു ഡിസബിലിറ്റിക്കാരൻ എന്ന നിലയിൽ തങ്ങളുടെ ജീവിതം മറ്റുള്ളവരിൽ നിന്ന് എപ്രകാരം വ്യത്യസ്തമായിരിക്കുന്നുവോ, അവ്വിധത്തിൽ വ്യത്യസ്തവും തീവ്രവുമാണ് തങ്ങളുടെ ആത്മീയാനുഭവങ്ങൾ എന്നുവരെ അയാൾ കരുതുന്നു. ഈദൃശ ആത്മീയാനുഭൂതികൾ അവരെ ആത്മീയതയെയും അത്തരമനുഭവങ്ങളെയും ഒരുതരം ‘ഡിസബിലിറ്റി ആത്മീയത’ ആയി വ്യവച്ഛേദിക്കാൻ ഇടയാക്കുന്നുണ്ട്. ഗ്രന്ഥങ്ങളിൽ നിന്നോ മറ്റോ ലഭ്യമാകുന്ന ആത്മീയ വിവരങ്ങൾക്കും അനുഭവങ്ങൾക്കുമപ്പുറത്ത്, തങ്ങളുടെ സവിശേഷമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്ന തീവ്രമായ ഒരാത്മീയാനുഭൂതി ഡിസബിലിറ്റിക്കാർ അവകാശപ്പെടുന്നുണ്ട്.

ഈസ്‌ലാന്റിന്റെ (eisland, 1999) വീക്ഷണത്തിൽ, ഡിസബിലിറ്റിയെന്നത് ഒരാളുടെ വിശ്വാസത്തിന് ഊർജ്ജ്വലമായ തലം പ്രദാനം ചെയ്യുകയും, അതയാളുടെ ആത്മീയതയെ സാരമായി സ്വാധീനിക്കുകയും, അവ്വിധം ശാക്തീകരിക്കുകയും ചെയ്യുന്നുണ്ട്. ഭൗതികേതരമായ, അഥവാ ദിവ്യമായ ഒരനുഭവത്തോട് അനുബന്ധമായുള്ള ഒരാളുടെ സ്വമേധയാ സൃഷ്ടിക്കപ്പെടുന്ന ബന്ധമാണ് ആത്മീയ വ്യക്തിത്വം എന്നതുകൊണ്ടർത്ഥമാക്കുന്നത് (Kaye and Raghavan, 2002). ആയതിനാൽ ആത്മീയ വ്യക്തിത്വം എന്നതിനെ ‘ദിവ്യ’മാക്കുന്നതിന് സമ്പർക്കവും ആശയവിനിമയവും അനിവാര്യമാണ്. ആത്മീയതയും തനതായ വ്യക്തിത്വവുമാണ് ആയാൾ/അവൾ എപ്രകരമാണ് സമൂഹത്തോട് ഇടപഴകുകയെന്നു നിർണയിക്കുക. ഇതിൽ അവരുടെ ആത്മീയ സമൂഹത്തിന്റെ ഭൗതികേതര വിശ്വാസങ്ങൾ കൂടി സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിൽ താനുൾപ്പെട്ട ആത്മീയ സമൂഹത്തിന്റെ ഭൗതികാതീത ഘടകങ്ങൾ കൂടി ഉൾച്ചേരുന്നുണ്ട്. തങ്ങളുടെ സ്വന്തമായ ആത്മീയാനുഭവങ്ങളുടെ ആന്തരികവൽക്കരണം ഇക്കാര്യത്തിൽ ഡിസബിലിറ്റിക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ അത്യന്താപേക്ഷിതമാണ്. അങ്ങേയറ്റം ആത്മനിഷ്ഠവും വൈയക്തികവുമായ ഇത്തരമനുഭവങ്ങളെ സാമാന്യവൽക്കരിക്കുക സുഖകരമല്ല. ആയതിനാൽ വ്യക്തികേന്ദ്രീകൃതമോ, ചെറു സമൂഹങ്ങളുടെ അനുഭവസിദ്ധമായ അറിവുകൾ ശേഖരിക്കുകയോ ആണ് ഈ വിഷയത്തിൽ കൂടുതൽ അഭികാമ്യം (Black, 2012).

ഒരാളുടെ ഡിസബിലിറ്റിയും ഒപ്പമുള്ള ആത്മീയ നിലപാടും അയാളുടെ പൊതു വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട്. ‘ഡിസേബിൾഡ് വ്യക്തിത്വമെന്നത്’ അയാളുടെ പൊതു വ്യക്തിത്വമായിത്തന്നെ മാറുന്നുണ്ട്. ഡിസബിലിറ്റിയുള്ള ഒരാളെന്ന നിലക്കുള്ള വ്യക്തിത്വ നിർണയം കേവലം ശാരീരികമോ വൈദ്യശാസ്ത്രപരമോ ആയ നിദാനങ്ങൾ കൊണ്ടു മാത്രമല്ല സംഭവിക്കുന്നത്. സാമൂഹിക ധാരണകളുടെ കൈമാറ്റത്തിലൂടെയും സമൂർത്തമായ വ്യക്തിത്വ സിദ്ധിയിലുടെയും ഇതു സാധ്യമാകുന്നുണ്ട് (Goodley, 2010).

ഡാനിയൽ എച്. ഗ്രോസോച്മെ

ഡിസേബിൾഡ് വ്യക്തിത്വങ്ങളെയും ആത്മീയതയെയും കുറിച്ച മറ്റു പഠനങ്ങളുടേതു പോലെത്തന്നെ, ഒരു വൈരുദ്ധ്യമെന്ന നിലക്ക് ഇത് ‘ആത്മീയത’ എന്ന വിഷയത്തെ നേരിട്ട് അഭിമുഖീകരിക്കുന്നില്ല. മതവും ആത്മീയതയും ഒന്നു തന്നെയാണെന്നാണ് ഇതിന്റെ അനുമാനം. ഡിസബിലിറ്റിയെയും ആത്മീയതയെയും കുറിച്ചുള്ള പഠനങ്ങൾ പ്രകാരം ഒരാളുടെ ഡിസബിലിറ്റി വ്യക്തിത്വം അയാളുടെ ആത്മീയ വിശ്വാസത്തെ രൂപപ്പെടുത്തുന്നതിൽ സാരമായ പങ്കു വഹിക്കുന്നുണ്ട് (Chen, Grover-Glef & Marini, 2011: George at al 2000: Selnky & Ashmem, 1998). എന്നാൽ, ആത്മീയത ശാരീരിക ശേഷിയുമായി ബന്ധപ്പെട്ടിരിക്കുകയെന്നത് അനിവാര്യമൊന്നുമല്ല. ചിലരുടെ ശാരീരികാനുഭവങ്ങൾ അവരുടെ ആത്മീയാനുഭൂതികളുമായി ബന്ധപ്പെട്ടു നിൽക്കാൻ സാധ്യമുണ്ടെന്നു മാത്രം (George et at, 2000). ജോർജ് മുതലുള്ളവരുടെ പ്രസക്തമായ പഠനമനുസരിച്ച് മതവിശ്വാസങ്ങൾ ജീവിതാനുഭവങ്ങളെ നിവൃത്തിക്കുന്നുണ്ട്. ഒപ്പം മനോഭാവങ്ങളും ധാരണകളും വിശ്വാസ പ്രചോദിതമായ ഒന്നായി തന്റെ സ്വത്വവും ലോകവും രൂപപ്പെടുത്തുകയും, അതവരുടെ ബോധത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും ‘ഡിസബിലിറ്റിയും ആത്മീയതയും’ എന്നത് ഏറെക്കുറെ അമൂർത്തമായും കുറഞ്ഞയളവിൽ മാത്രം നിർവചിക്കാനാവുന്നതുമാണ്. ആരോഗ്യം പോലെ സുവ്യക്തമായ ഒരാശയത്തോട് ചേർത്തുവെക്കാൻ അത് അശക്തവുമാണ്. എന്നാൽ ഇത്തരം പഠനങ്ങൾക്ക് ‘ഡിസബിലിറ്റിയും ആത്മീയതയും’ തമ്മിലുള്ള പാരസ്പര്യത്തെ വ്യക്തമാക്കാൻ സാധിച്ചിട്ടുണ്ട്. മതത്തെയും ഡിസബിലിറ്റിയെയും കുറിച്ച് ഈയൊരു ബന്ധത്തിന്റെ പരാമർശമൊഴികെ ഇവ്വിഷയകമായി സുവിദിതമായ പഠനങ്ങൾ അധികമില്ല. നിലവിലുള്ള വിശകലനങ്ങളിൽ നിന്ന് ‘ആത്മീയ’ ഘടകങ്ങൾ എത്രമാത്രമാണ് ഒരാളുടെ ‘ഡിസേബിൾഡ്’ വ്യക്തിത്വത്തെ സ്വാധീനിക്കുന്നതെന്ന് വേണ്ടത്ര വ്യക്തമല്ല.

ആത്മീയ വ്യക്തിത്വം ഡിസേബിൾഡ് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിൽ സാംസ്കാരിക ഘടകങ്ങൾക്കും സാരമായ പങ്കുണ്ട്. സാൽവേയും ആഷ്‌മാനും (salway and ashman, 1998) തങ്ങളുടെ പാനത്തിൽ, ഡിസബിലിറ്റിയും ആത്മീയതയും തമ്മിലുള്ള ബന്ധം നിർണയിക്കുന്നതിൽ ‘സംസ്കാരത്തിനുള്ള’ പങ്കിനെ ഊന്നിപ്പറയുന്നുണ്ട്. ചില സംസ്കാരങ്ങൾ അംഗവിഹീനതയെ ശാപമായും ഭാരമായും കാണുമ്പോൾ, മറ്റു ചിലത് അതിനെ അനുഗ്രഹവും ശക്തിയും എന്ന നിലക്കും, ദയാവായ്പിന്റെയും കരുതലിന്റെയും ഹേതുവായും കരുതിപ്പോരുന്നു. സംസ്കാരവും ആത്മീയതയും കാഴ്ചപ്പാടിൽ സ്വാധീനം ചെലുത്തുന്നു എന്നു പറയുന്നത് സുവ്യക്തമല്ല. എന്നിരുന്നാലും ഈ വിഷയത്തിലുള്ള സാഹിത്യങ്ങളിൽ നിന്ന് ഒരാളുടെ ആത്മീയ വ്യക്തിത്വത്തെ ചൂഴ്ന്നു നിൽക്കുന്ന സംസ്കാരപരിസരം തീർച്ചയായും ഡിസബിലിറ്റിയെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുമെന്ന് തന്നെയാണ് സ്പഷ്ടമാകുന്നത്.

ആത്മീയതയും ഡിസബിലിറ്റിയെക്കുറിച്ച മനോവികാരങ്ങളും

ഗ്രോസോച്ച്മെ, റാഗ്‌സ് ഡേറ്റ്, ഷോ സൈദ് (Grossochme , Rags date, Show and Seid, 2012) എന്നിവരുടെ അഭിപ്രായത്തിൽ ആത്മീയ വിശ്വാസങ്ങളും ഡിസബിലിറ്റിയെക്കുറിച്ച മനോഗതിയും പരസ്പരം ബന്ധപ്പെടുന്നതും സ്വാധീനം ചെലുത്തുന്നവയുമാണ്. ഇതിന്റെ ദൃഷ്ടാന്തമായി, ഡിസബിലിറ്റിയുള്ള കുട്ടികളുടെ മാതാപിതാക്കൾ ഈയവസ്ഥയെ നേരിടുന്ന അനുഭവം അവർ ചൂണ്ടിക്കാട്ടുന്നു.

ഡിസബിലിറ്റിയെക്കുറിച്ചുള്ള ധാരണകളിൽ ‘ആത്മീയത’ ചെലുത്തുന്ന ഗുണാത്മക സ്വാധീനം

ജോർജും സഹഗവേഷകരും ‘ആത്മീയത’ മനുഷ്യന്റെ ആരോഗ്യസ്ഥിതിയിൽ സ്വാധീനം ചെലുത്തുന്നതിന്റെ മൂന്നു ഘട്ടങ്ങൾ വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി, അത് വ്യക്തിയെ കൂടുതൽ നല്ല ആരോഗ്യ ശീലങ്ങൾ സ്വീകരിക്കാൻ പ്രോത്സാഹനം നൽകുന്നു. രണ്ടാമതായി, സാമുഹ്യ പിന്തുണയുടേതായ ഘടകമാണ്. മൂന്നാമത്തേത്, പാരസ്പര്യ മനോഭാവമാണ്. ഇതിനാൽ സമൂഹത്തിൽ/പ്രപഞ്ചത്തിൽ തങ്ങളുടെ സ്ഥാനവും പങ്കും തിരിച്ചറിയാനും, നിർവഹിക്കുവാനും അവർ പ്രേരിതരാവുന്നു. ‘ഡിസബിലിറ്റി’ എന്ന അവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രസാദാത്മകമായി സമീപിക്കുന്നതിന് ഈ മനോഭാവം സഹായകമാവുന്നു. ഇപ്രകാരം ‘ആത്മീയത’, ‘ഭിന്നശേഷി’ എന്ന അവസ്ഥയെ ഗുണാത്മകമായി സമീപിക്കുന്നതിനും, തദ്വാരാ ആരോഗ്യ സങ്കൽപ്പത്തിൽ മാറ്റം വരുത്താൻ സഹായകമാവുകയും ചെയ്യുന്നു. പാർക്ക്, ഡോർമെലാസ് (Park, Dormelas, 2012) എന്നിവർ ഹൃദയാഘാതത്തെ നേരിടുന്നതിൽ ആത്മീയ ചിന്ത എപകാരം ഗുണാത്മകമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് .

‘ഡിസബിലിറ്റി’ അവസ്ഥയിൽ കൃത്യമായ ഒരർഥം ദർശിക്കുകയെന്നത് ഈയവസ്ഥയെ നേരിടുന്നതിനുള്ള ജീവകാരുണ്യ മാതൃകയുടെ (Charity model) പ്രധാന രീതിയാണ്. ഇപ്രകാരം ഡിസബിലിറ്റിക്കാർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഏറ്റവും രചനാത്മകമായ വിചാരത്തിൽ ഏർപ്പെടുന്നു. ഫ്ലാനെല്ലി, എല്ലിസൺ, ഗാലെക്, സിൽട്ടൻ (Flannelly , Ellison, Galek, silton, 2012) എന്നിവർ നടത്തിയ പഠനത്തിൽ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരിൽ (ആത്മീയ ചിന്തയുടെ ഒരു പ്രധാന അംശമത്രെ മരണാനന്തര ജീവിതം) താരതമ്യേന കുറഞ്ഞ ഋണാത്മക ഭാവം കാണപ്പെടുന്നുവെന്ന് നിരീക്ഷിച്ചിട്ടുണ്ട് (അതില്ലാത്തവരെക്കാൾ). പ്രസ്തുത ഗവേഷകർ തങ്ങളുടെ പഠനത്തിൽ രണ്ടുതരം ആത്മീയ ചിന്തകൾ നിരീക്ഷിക്കുകയുണ്ടായി. ഒരു കൂട്ടർ വിശ്വസിക്കുന്നത് തങ്ങളുടെ കർമങ്ങൾ എവ്വിധമായാലും ജീവിതത്തിൽ പതിനാറു പ്രതികൂല സംഭവങ്ങൾ ഉളവാകുമെന്നാണ്. ഇതരർ വിശ്വസിക്കുന്നത്, തങ്ങളുടെ കർമങ്ങൾക്കനുസരിച്ച് പ്രതിഫലം ലഭിക്കുന്ന നീതിയുക്തമായ ഒരു പരലോകത്തിലാണ്. ഗവേഷണ ഫലമനുസരിച്ച്, ദോഷൈകദൃക്കുകളായ കൂട്ടർക്ക് അവരുടെ ആരോഗ്യത്തെ സംബന്ധിച്ച് താരതമ്യേന കുറഞ്ഞ അളവിൽ മനശാസ്ത്രപരമായ ഫലങ്ങൾ ഉണ്ടായതായി കാണപ്പെട്ടു. കൗതുകകരമായ പല കണ്ടെത്തലുകളും ഈ ഗവേഷണസംഘം നടത്തിയെങ്കിലും ഈ അന്വേഷണത്തിന്റെ പ്രധാന അപാകത, പരലോക വിശ്വാസത്തെ ആത്മീയതയുടെ ഏക മാദണ്ഡമായി കണക്കാക്കി എന്നതാണ്. അതിനാൽത്തന്നെ കണ്ടെത്തലുകൾ സാമാന്യവൽക്കരിക്കാൻ പ്രയാസമുണ്ട്. എന്നിരുന്നാലും ആരോഗ്യവും ആത്മീയതയും തമ്മിലുള്ള പാരസ്പര്യം കൂടുതൽ അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്ന വസ്തുതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. ഇത്തരം ഗവേഷണങ്ങൾ ‘ആരോഗ്യവും’ ‘ആത്മീയതയും’ തമ്മിലുള്ള ഗുണാത്മക ബന്ധം ഊന്നിപ്പറയുന്നുവെങ്കിലും ഈ വിഷയകരമായി കൂടുതൽ പഠനങ്ങൾ അനിവാര്യമാകുംവിധം വിശാലവും സങ്കീർണവും ആഴമുള്ളതുമാണ് വിഷയത്തിന്റെ സാധ്യതയെന്ന് കാണുന്നു.

ഡിസബിലിറ്റിയെക്കുറിച്ച നിഷേധാത്മക ആത്മീയ വിചാരങ്ങൾ

മേൽ പ്രസ്താവിച്ച വിഷയത്തെ കൂടുതൽ സങ്കീർണമാക്കിക്കൊണ്ട്, ആത്മീയതയും ആരോഗ്യവും തമ്മിൽ വിപരീത ബന്ധമാണുള്ളതെന്നു സ്ഥാപിക്കുന്ന ചില പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ആത്മീയതയുമായി ബന്ധപ്പെട്ട ചില സവിശേഷ സിദ്ധികൾ ശാസ്ത്രപരമായി പ്രതികൂല ഫലങ്ങൾ ഉളവാക്കുന്നുവെന്ന് കാണിക്കുന്ന ചില സുദീർഘ പഠനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ചെൻ (chen, 2011) മുതലുള്ളവരുടെ പഠനങ്ങൾ പ്രകാരം മൾട്ടിപ്ൾ സ്ക്ലിറോസിസ്‌ രോഗികൾക്ക് തങ്ങളുടെ രോഗാവസ്ഥയുമായി അനുകൂലവും പ്രതികൂലവുമായ സ്വാധീനം ആത്മീയതയും ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട് ഉളവാകാറുണ്ട്. ഡിസബിലിറ്റിയും ആത്മീയതയുമായി വിപരീതാർഥത്തിലുള്ള ബന്ധമുള്ളവരിൽ, തങ്ങളുടെ ഡിസബിലിറ്റി പ്രകൃതവുമായി ബന്ധപ്പെട്ട് മൂന്നു തരത്തിലുള്ള പ്രതികരണങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തങ്ങളെ അംഗവിഹീനരാക്കിയ ദൈവത്തോടുള്ള അമർഷം, തങ്ങളുടെ ആത്മീയ സാധനകൾ നിർവഹിക്കാൻ ഡിസബിലിറ്റി കാരണമായി അനുഭവിക്കുന്ന പ്രയാസം, തങ്ങളുടെ മുജ്ജന്മ പാപഫലമായി ഉളവായതാണ് ഈ വൈകല്യം എന്ന ബോധത്തിൽ നിന്നുമുടലെടുക്കുന്ന ലജ്ജ എന്നിവയാണത്. ഇവ്വിഷയകമായി വന്ന പഠനം, മതം, ഡിസബിലിറ്റി, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് ഒരവലോകനം നടത്തുന്നുണ്ട്. അതിന്റെ നിരീക്ഷണത്തിൽ ഇതു സംബന്ധിച്ച ഭൂരിഭാഗം വിസ്തൃത പഠനങ്ങളിലെല്ലാം ആത്മീയതവും മതവും അനുകൂലമായ ഫലങ്ങൾ സൃഷ്ടിച്ചതായി കാണപ്പെട്ടു. അൽപ മാത്രമായ മാതൃകകളിൽ മാത്രമാണ് പ്രതികൂല ഫലങ്ങൾ ദർശിക്കപ്പെട്ടത്. ചുരുക്കത്തിൽ പ്രസ്തുത ഗവേഷകരുടെ വീക്ഷണത്തിൽ ഡിസബിലിറ്റി പ്രതിരോധവും ആത്മീയതയും തമ്മിലുള്ള ബന്ധം വൈരുദ്ധ്യം നിറഞ്ഞതാണ്. എന്നിരുന്നാലും ഈ വിഷയത്തിലെ ഗവേഷണങ്ങൾ ഏറിയകൂറും അഖണ്ഡതയില്ലാത്തതും വിടവുകൾ നിറഞ്ഞതുമാണ്. കൂടാതെ ‘ആത്മീയതയും’ ‘മതവും’ തമ്മിൽ കൃത്യമായ വ്യവഛേദം സ്ഥാപിക്കാൻ ഈ പഠനങ്ങൾ മുതിർന്നിട്ടുമില്ല .

ആത്മീയതക്കുമേൽ ഡിസബിലിറ്റിയുടെ സ്വാധീനം

പ്രസ്തുത ഡിസബിലിറ്റിയോട് മല്ലിട്ടുള്ള ജീവതം എപ്രകാരമെങ്കിലും ‘ആത്മീയതയെ’ പോഷിപ്പിക്കുന്നുണ്ടോ എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല. (Kaye, Ragavan, 2002) എന്നിവരുടെ പഠനമനുസരിച്ച് ഒരാളുടെ പ്രകടമായ ‘ആത്മീയത’ പലപ്പോഴും പുതിയൊരു രോഗിനിർണയത്തോടെ (ഉദാ: എയ്ഡ്സ് ) വർദ്ധിതമാവുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിന് വിരുദ്ധമായ തെളിവുകളും നിലനിൽക്കുന്നു. ബോയ്ൽ, സ്റ്റൈഗാൾ, കേഷ്ഗർ, ഡേവിഡ്‌സൺ (Boyle, Stygall, Keshtgar, Davidson) എന്നിവരുടെ നിരീക്ഷണ പ്രകാരം ആത്മീയതയും ആരോഗ്യ/രോഗനിർണയവും തമ്മിലുള്ള ബന്ധം- ഡിസബിലിറ്റി ഉൾപ്പെടെ- സങ്കീർണമാണെന്നാണ് വീക്ഷിക്കപ്പെടുന്നത്. പഠന വിധേയരക്കപ്പെട്ടവർ അധികപേരും ക്രിസ്ത്യാനികളായിരുന്നു. സ്തനാർബുദ രോഗികളായ അവരാകട്ടെ തങ്ങളുടെ വിശ്വാസാതിരേകത്തിൽ പ്രത്യേകമായ വ്യതിയാനമൊന്നും പ്രകടിപ്പിച്ചതുമില്ല. ഡിസബിലിറ്റിയുടെ മേൽ ചെലുത്തുന്ന പ്രകാരം പ്രബലവുമല്ല.

മുൻകാല ഗവേഷണങ്ങളുടെ ആകെത്തുക

ആത്മീയതയും മതവും വ്യത്യസ്തതയാർന്ന സങ്കൽപ്പങ്ങളാണ്. അതിൽ ആത്മീയത എന്നാൽ ഒരധീശശക്തിയിലുള്ള പൊതുവിശ്വാസം അഥവാ ഒരു ദിവ്യശക്തിയുമായുള്ള ബന്ധം എന്ന് വിവക്ഷിക്കാം. എന്നാൽ മതമാകട്ടെ, ഔപചാരികമായ അനുഷ്ഠാനങ്ങളുടെയും തദനുബന്ധമായ കൂട്ടായ്മയേയും കുറിക്കുന്നു. തങ്ങളുടെ ജീവിതത്തിലെ പ്രതികൂല അവസ്ഥകളെ മറികടക്കുന്നതിന് മനുഷ്യർ ആത്മീയതയെ ഉപയോഗിക്കുന്നു. ഡിസബിലിറ്റി അടക്കമുള്ള പരിമിതികൾ ഇതിലുൾപ്പെടുന്നു. ഡിസബിലിറ്റി എന്ന അവസ്ഥയെ അനുകൂലമായും പ്രതികൂലമായും സമീപിക്കുന്നതിന് ആത്മീയത ഉപയോഗിക്കുന്നുണ്ട് (park & dornelas 2012).

ഡിസബിലിറ്റി- മാതൃകകൾ

ഡിസബിലിറ്റിയുടെ സന്മാർഗനിഷ്ഠവും മതാചാരബന്ധവമായ മാതൃകകൾ മതത്തെയും ആത്മീയതയെയും ബന്ധപ്പെട്ട് നിരീക്ഷിക്കാവുന്നതാണ്. ഈ മാത്യകകൾ തന്നെയാണ് കാലങ്ങളായി ഡിസബിലിറ്റിയെക്കുറിച്ചുള്ള വിചാരങ്ങളിൽ പ്രാമുഖ്യം നേടിയിട്ടുള്ളത്. ഡിസേബിൾഡ് ജനത തങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതും, സമൂഹം അവരെ എങ്ങനെ വീക്ഷിക്കുന്നു എന്നതും ഇതിനാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ‘ഡിസബിലിറ്റി’ അവസ്ഥയെക്കുറിച്ച് മത-സദാചാര സങ്കൽപ്പങ്ങളോട് ബന്ധപ്പെടുത്തിയ വിചാര മാതൃകകളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവിർഭാവത്തിന്റെ മുമ്പ് പ്രാമുഖ്യം നേടിയിരുന്നത്. അത് ഇന്നും തുടരുന്നുണ്ട് (Lengmore 1987). സദാചാര-മതചിന്താ മാതൃക അനുസരിച്ച് ഡിസബിലിറ്റിയെന്നത് പാപഫലമായി ഉണ്ടാകുന്ന ഒന്നാണ് (Goodlay, 2010). ഈ പാപം തന്റേത് തന്നെയോ തന്റെ പൂർവ്വികരുടെയോ ആകാം. ചരിത്രപരമായി ഈ ‘സദാചാരബന്ധമായ’ വീക്ഷണം ഡിസേബിൾഡ് ജനതയിൽ ഒരുതരം അപമാനഭാരം നിറച്ചുപോരുന്നതാണ്. തങ്ങൾ ഒരുതരം ധാർമികഭ്രംശത്തിന്റെ ഇരകൾ എന്ന നിലയിൽ ഡിസബിലിറ്റിയെക്കുറിച്ച ‘ജീവകാരുണ്യ മാതൃക’ സദാചാര മാതൃകയുടെ തന്നെ ആധുനിക പതിപ്പാണ്.

ഈ മാതൃകയിൽ ‘സദാചാര’ വീക്ഷണത്തിന്റെ അടിയൊഴുക്കുകൾ ദൃശ്യമാണ്. എന്നിരുന്നാലും അതൊരു ഗുണാത്മക (Positive) രീതിയിലാണെന്നു മാത്രം. ‘ജീവകാരുണ്യ മാതൃക’ ഡിസബിലിറ്റിയുള്ളവർ മറ്റു സമൂഹങ്ങളുടെ ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളുടെ പങ്കുപറ്റി ജീവിക്കേണ്ടവരെന്നും ഈ വീക്ഷണം ബൈബിൾ പരിശോധിച്ചാൽ ദർശിക്കാവുന്നതാണ്. അതായത് ഭിന്നശേഷി ജനത മറ്റുള്ളവരുടെ ദയ അർഹിക്കുന്നവരാണെന്നുള്ളത് (Blair 2003). അതിനാൽ തന്നെ സാധാരണ ജനങ്ങൾ ഡിസബിലിറ്റിയുള്ളവരെ സഹായിക്കേണ്ടതാണ് എന്നും അതുണർത്തുന്നു (Eiesland, 1999). ഈ വിചാര മാതൃകയനുസരിച്ച് ഡിസബിലിറ്റിക്കാർ തങ്ങളുടെ ജീവത യാഥാർഥ്യത്തെക്കുറിച്ചും, ഉദ്ദേശ്യത്തെക്കുറിച്ചും പ്രസാദാത്മകമായ ഒരു വീക്ഷണം സ്വീകരിക്കുന്നുണ്ട് (Shakespear, Watson, 2002 ). ഡിസബിലിറ്റിയെക്കുറിച്ച നിഷേധാത്മക വീക്ഷണങ്ങളെയപേക്ഷിച്ച് ഈ കാഴ്ചപ്പാട് ഒട്ടൊക്കെ ഗുണാത്മകവും കാരുണ്യം നിറഞ്ഞതുമാണെന്ന് അംഗീകരിച്ചാൽത്തന്നെ, മറ്റുള്ളവരുടെ സഹതാപവും കാരുണ്യവുമർഹിക്കുന്നവർ എന്ന നിലയിലുള്ള ഡിസബിലിറ്റി ജനതയുടെ സ്ഥാനം പ്രച്ഛന്നമായ ഒരു വേദനയായി ഈ സമുഹത്തെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്.

സദാചാര-ജീവകാരുണ്യ മാതൃകയുടെ ചരിത്രപരമായ പ്രധാന്യവും നിലനിൽക്കാനുള്ള ശേഷിയും അംഗീകരിക്കുമ്പോൾ പഠനം ഡിസബിലിറ്റിയെ കുറിച്ചുള്ള സമകാലിക ന്യൂനപക്ഷ സാമൂഹിക മാതൃക (contemperory Minority and Social Model) ആണു പിന്തുടരുന്നത്. ആത്മീയതയുമായി അടിസ്ഥാനപരമായി ബന്ധപ്പെട്ടു നിൽക്കുന്നില്ലെങ്കിലും വ്യത്യസ്ത വിശ്വാസ വിഭാഗങ്ങളെ പരിഗണിക്കുന്ന വേളയിൽ ഈ സങ്കൽപ്പം കുറേകൂടി ആധുനികമാണെന്ന് സമ്മതിക്കേണ്ടതുണ്ട്. ഡിസബിലിറ്റിയെക്കുറിച്ചുള്ള ന്യൂനപക്ഷ മാതൃക (Minority Model) പ്രകാരം ഡിസബിലിറ്റി സമൂഹം ഒരു ന്യൂനപക്ഷ സാമൂഹിക വിഭാഗമാണ്. സവിശേഷ വംശ, ലിംഗ, ലൈംഗിക വിഭാഗങ്ങളോട് ഏറെക്കുറെ സമാനമായ രീതിയിൽ ഡിസബിലിറ്റി വിഭാഗത്തേയും പരിഗണിക്കേണ്ടി വരുന്നു (Goodley 2010; Hahn 1989). പല ഡിസബിലിറ്റിക്കാരും തങ്ങളുടേത് സവിശേഷമായ ഒരു ജീവിത സംസ്കാരമാണെന്ന് അവകാശപ്പെടുന്നുണ്ട്. ഇവരുടെ ജീവിതത്തിന്റെ മറ്റു വശങ്ങൾക്കൂടി നിർണയിക്കാൻ പാകത്തിൽ പ്രബലവുമാണ്. ഡിസബിലിറ്റിയുള്ളയാൾ എന്ന നിലക്കുള്ള ഒരാളുടെ വ്യക്തിത്വം മറ്റൊരു വ്യക്തിത്വവുമായി ഒത്തുപോകാൻ സാധ്യതയുണ്ട്. അയാളുടെ മത-ആത്മീയ വ്യക്തിത്വങ്ങൾ വരെ ഇപ്രകാരം, ആ രണ്ടു വ്യക്തിസ്വത്വങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട് (Goodley 2010: Turmusani, 200).

ഡിസബിലിറ്റിയെക്കുറിച്ചുള്ള സാമൂഹ്യ മാതൃക അതിനെ നിർവചിക്കുന്നത്, ശാരീരികമോ മാനസികമോ ആയ പരിമിതികൾ ഉള്ളവർക്കു നേരെയുള്ള നിഷേധാത്മക സാമൂഹിക നിലപാട് എന്ന നിലയിലാണ് (Goodley 2010a Oliver 1996).

ഡിസബിലിറ്റിയെന്നതു തന്നെ ഒരു സാമൂഹിക നിർമിതിയാണ്. ആരോഗ്യ ശാസ്ത്ര നിർമിതിയല്ല തന്നെ (Goodllety 2010, Hahn 1983). എന്നാൽ, അംഗവൈകല്യം എന്നത് വൈദ്യശാസ്ത്ര സംബന്ധിയായ ഒരവസ്ഥ തന്നെയാണ്. അത് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യാം. ഈ സാമൂഹിക പ്രത്യാഘാതങ്ങളാണ് ‘സാമൂഹിക മാതൃകയിൽ’ ഡിസബിലിറ്റി എന്നതുകൊണ്ട് വ്യവഹരിക്കപ്പെടുന്നത്. ഈ മാതൃക പ്രകാരം ഭിന്നശേഷിക്കാർക്ക് ശാശ്വതമായ ഒരു പ്രശ്‌നവുമില്ല. എന്നാൽ വിഭിന്നങ്ങളായ ജീവിതാവസ്ഥകൾ എന്നാ നിലക്ക് സമൂഹമാണ് അവരെ ചേർത്തുനിർത്തുന്നതിൽ പരാജയപ്പെടുന്നത്. ഉദാഹരണമായി, സുഷുംനാ നാഡിക്കു ക്ഷതം സംഭവിച്ച ഒരാൾ വീൽചെയർ ഉപയോഗിക്കുന്നു. അവരുടെ പ്രശ്നം സുഷുംനാ നാഡിക്കേറ്റ ക്ഷതമാണ്. അവരുടെ അംഗ വൈകല്യമെന്നാൽ അവർക്ക് ‘റാമ്പു’കളില്ലാത്ത കെട്ടിടങ്ങൾ, ലിഫ്റ്റുകൾ, മുതലായ അവസ്ഥകളിൽ പ്രവേശനം ദുഷ്കരമാണ് എന്നതാണ്.

ഡിസബിലിറ്റിയെക്കുറിച്ചുള്ള പഠനഗവേഷണ രംഗത്ത ‘സാമൂഹിക മാതൃക’ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് (Oliver 1996). സാമൂഹിക മാതൃകയുടെ സ്വാധീനം ഡിസബിലിറ്റിയെക്കുറിച്ച പരമ്പരാഗത-ആധുനിക സിദ്ധാന്തങ്ങളിലെല്ലാം ദൃശ്യമാകുന്നുണ്ട് എന്നതിന് ദൃഷ്ടാന്തങ്ങൾ ലഭ്യമാണ് (Schumm, stoltzfus 2007, eiesland, 1994). എന്നാൽ ഡിസബിലിറ്റിയുടെയും ആത്മീയതയുടെയും മേഖലയുടെ അധിക പങ്കും നിർണയിക്കുന്നത് ഇതിലെ സദാചാര-ജീവകാരുണ്യ വിഭാഗം തന്നെയാണ്.

ഇൻഡ്യൻ സാമൂഹിക ചരിത്രത്തിന്റെ കണ്ണിൽ ഡിസബിലിറ്റിയുടെ സ്ഥാനം

ഇൻഡ്യൻ സമൂഹം പ്രാചീനകാലം മുതൽ തന്നെ ജീവകാരുണ്യപരമായ പ്രകൃതം സ്വന്തമാക്കിയിരുന്നു. സ്നേഹം, കാരുണ്യം, ദരിദ്രരോടും ശരണാർഥികളോടും സഹാനുഭൂതി, ഇത്യാദി ഭാവങ്ങൾ ഇൻഡ്യൻ സമൂഹത്തിന്റെ പാര്യമ്പര്യമായുണ്ടായിരുന്നു. ഈ മാനുഷിക വികാരങ്ങളെല്ലാം തന്നെ കുടുംബത്തിലെ പ്രായമേറിയ അംഗങ്ങളോടും അവർ പുലർത്തി പോന്നിരുന്നു. എന്നാൽ മാരക രോഗപീഡയാലോ അംഗവൈകല്യങ്ങളാലോ പ്രയാസപ്പെടുന്നവർക്കു നേരെയുള്ള ഇൻഡ്യൻ സമൂഹത്തിന്റെ സമീപനം വ്യത്യസ്തമായിരുന്നുവെന്ന് കാണാം. ഒരേസമയം ഇത്തരമാളുകളോട് സഹാനുഭൂതിയും, മറ്റൊരു വശത്ത് ഇത്തരതിലുള്ളവർ കുടുംബത്തിലുൾപ്പെടുന്നത് അങ്ങേയറ്റത്തെ മനപ്രയാസത്തിന് ഹേതുവുമായിരുന്നു.

ചരിത്രത്തിലുടനീളം ധാരാളം ഡിസബിലിറ്റി കഥാപാത്രങ്ങളെ നമുക്ക് കണ്ടെത്താനാകും. ജി. എൻ. കർണയുടെ അഭിപ്രായത്തിൽ, ‘ഹിന്ദു ജനതയുടെ’ കർമഫല സിദ്ധാന്തമനുസരിച്ച് അംഗവിഹീനത എന്നത് ഒരാൾ പൂർവ ജന്മത്തിൽ ചെയ്ത ദുഷ്‌കൃത്യങ്ങളുടെ ഫലമായുണ്ടാകുന്നതാണ്. ഭൂരിഭാഗം പേർ നിരക്ഷരരും സങ്കുചിതമനസ്കരുമായ ഇൻഡ്യയെ പോലൊരു മൂന്നാം ലോക രാജ്യത്ത്, രോഗങ്ങൾ പോലും ദൈവകോപത്താലോ പ്രകൃതിശക്തികളെ ലംഘിച്ചതിനാലോ നിമിത്തമാണെന്നു വിശ്വസിക്കപ്പെടുക സ്വാഭാവികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ജി.എൻ കർണയുടെ പുസ്തകങ്ങളിൽ ഒന്ന്

ബുദ്ധമത തത്വചിന്ത പ്രകാരം ആരോഗ്യവും മാനസികോല്ലാസവും പരസ്പര്യത്തിൽ വർത്തിക്കുന്നവയാണ്. ശാരീരിക ക്ഷമതയും ആരോഗ്യവും അതീവ പ്രാധാന്യമുള്ളവയാണ്. അതോടൊപ്പം മാനസികാരോഗ്യവും ശുചിത്വവും ആവശ്യം വേണ്ടതത്രേ.

മാനസിക-നാഡീരോഗങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങളെയപേക്ഷിച്ച് കുറഞ്ഞ അളവിലാണ് ഇൻഡ്യയിൽ ദൃശ്യമാകുന്നത്. ഇതിന്റെ പ്രധാന കാരണം ആത്മീയതയുടെ സ്വാധീനമോ, ചിന്തയുടെ സാന്നിധ്യമോ ആകാം. എന്നാൽ ഭൗതിക ചിന്തയുടെ അതിപ്രസരം മൂലം മാനസികാസ്വസ്ഥതകളുടെ തോതിൽ പ്രകടമായ വർദ്ധനവ് ദൃശ്യമായിട്ടുണ്ട്. മനുഷ്യരാശി ഇപ്രകാരം സങ്കുചിത മനസ്കരായി പരിണമിക്കുന്നുണ്ട്. അസഹിഷ്ണുതയും പൊരുത്തക്കേടുകളും കൂടി വരുന്നുമുണ്ട്. അതിനാൽ ‘ആത്മീയതയുടെ’ പൊതുവായും, ബുദ്ധമത തത്വങ്ങളുടെയും പങ്ക് സവിശേഷമായും, സന്ത്രാസങ്ങൾ ലഘൂകരിക്കുന്നതിനും, മാനസികോല്ലാസം വർധിപ്പിക്കുന്നതിനും അനിവാര്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്.

സൈദ്ധാന്തിക ചർച്ചകളിലെ ഒരു വിഷയമെന്നതിലുപരി മനുഷ്യ പ്രജ്ഞയുടെ വികാസം എന്നത് അവൻ, (മനുഷ്യൻ) നേരിടുന്ന ദുരിതങ്ങളിൽ നിന്നുള്ള മോചനമെന്ന നിലയിൽ പ്രയോഗവൽക്കരിക്കേണ്ട ഒരു നടപടി തന്നെയാണ്. ഒരു വൈരുദ്ധ്യമെന്ന നിലയിൽ ഇൻഡ്യ ഭരിച്ച മുഗളന്മാർ ഒഴികെയുള്ള മുസ്‌ലിം ഭരണാധികാരികളുടെ കാലത്ത് ഡിസബിലിറ്റി സമൂഹത്തിന്റെ സംരക്ഷണത്തിനോ ക്ഷേമത്തിനോ പ്രത്യേക നടപടികളൊന്നും കൈക്കൊണ്ടതായി കാണപ്പെടുന്നില്ല.

സൈദ്ധാന്തിക ചട്ടക്കൂട്

ഡിസബിലിറ്റിയെ കുറിച്ചുള്ള ‘സാമൂഹിക മാതൃക’ അതിനെ നിർവചിക്കുന്നത് ശാരിരികവും മാനസികവുമായ അപര്യാപ്തതകൾ ഉള്ളവർ എന്ന നിലക്ക് അവരുടെ നേരെയുള്ള സമൂഹത്തിന്റെ നിഷേധാത്മക നിലപാടിന്റെ അടിസ്ഥാനത്തിലാണ് (Goodley 2010a, oliver 1996). ഡിസബിലിറ്റി എന്നതുതന്നെ ഒരു വൈദ്യശാസ്ത്ര നിർമിതിയെന്നതിലുപരി സാമൂഹിക നിർമിതിയാണെന്നു കാണാം (Goodley, Hahn). എന്നാൽ അംഗവൈകല്യം എന്നത് വൈദ്യശാസ്ത്ര സംബന്ധിയായ ഒരു പ്രശ്നം തന്നെയാണ്. അത് നിദാനമായി ഒരു സാമൂഹ്യ പ്രശ്നം ഉളവാക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഈ സാമൂഹിക പ്രത്യാഘാതങ്ങളെയാണ്, സാമൂഹിക മാതൃക പ്രകാരം ‘ഡിസബിലിറ്റി’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഈ മാതൃകയനുസരിച് ഭിന്നശേഷിയുള്ള ഒരാൾക്ക് ശാശ്വതമായ ഒരു വൈകല്യവുമില്ല. എന്നാൽ ഡിസബിലിറ്റി ജീവിതങ്ങളെ മനുഷ്യാവസ്ഥയുടെ ബഹുസ്വരതയെന്ന നിലക്ക് അംഗീകരിക്കാനുള്ള സമൂഹത്തിന്റെ വൈമുഖ്യമാണ് പ്രശ്നം. (ഒമവി, 1985). ഉദാഹരണമായി സുഷുംനാ നാഡിക്ക് ക്ഷതം സംഭവിച്ച ഒരാൾ ഒരു വീൽചെയർ ഉപയോഗിക്കുന്നു. അയാളുടെ പ്രയാസം എന്നത് സുഷുംനാ നാഡിക്കേറ്റ ക്ഷതമാണ്. അയാളനുഭവിക്കുന്ന ‘ഡിസബിലിറ്റി’ റാമ്പുകാലില്ലാത്ത കെട്ടിടങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലായെന്നതും, ലിഫ്റ്റ് പോലെയുള്ള സൗകര്യങ്ങൾ അപ്രാപ്യമായിരിക്കുമെന്നതുമാണ്.

‘സാമൂഹിക മാതൃക’ വ്യാപകമായി സ്വീകാര്യത സിദ്ധിച്ച ഒന്നാണ്. ‘സാമൂഹിക മാതൃകയുടെ’ സ്വാധീനം പരമ്പരാഗത-സമകാലിക മാതൃകകളിലും ദൃശ്യമാകുന്നുണ്ട്. എന്നാൽ ആത്മീയതയുടെയും ഡിസബിലിറ്റിയുടെയും പാരസ്പര്യത്തിൽ അധിക ഭാഗവും സദാചാര ജീവകാരുണ്യ അംശങ്ങൾ കൊണ്ടാണ് നിർവഹിക്കപ്പെട്ടിട്ടുള്ളത്.

ഡിസബിലിറ്റി അവസ്ഥ വൈദ്യശാസ്ത്രപരമായ ഒന്നെന്നതിലുപരി ഒരു സാമൂഹിക പരിപ്രേക്ഷ്യമാണ് പ്രധാനം ചെയ്യുന്നത്. ഈ വിശകലനമനുസരിച്ച് ശരീരം, അതിന്റെ ഭാതീകവും സാമൂഹികവുമായ ആശയവിനിമയങ്ങൾ എന്നിവയുടെ പശ്ചാതലത്തിൽ ഡിസബിലിറ്റിയുടെ പ്രസക്തി ഈ വിശകലനം ഊന്നിപ്പറയുന്നു.

ഡിസബിലിറ്റി എന്നത് (സാമൂഹിക) ബഹിഷ്കരണത്തിന്റെ നിദാനമെന്ന നിലയിൽ, മനുഷ്യബന്ധങ്ങളിലെ വൈജാത്യങ്ങളെ കൂടുതൽ കളങ്കിതമാക്കുന്നുണ്ട്. നാം ഡിസബിലിറ്റി വിഭാഗങ്ങൾ എന്നു വിളിക്കുന്നവരുടെ സമൂഹങ്ങളെയും വ്യക്തിത്വങ്ങളേയും, അത് അനാവരണം ചെയ്യുന്നു. ഈ സമൂഹങ്ങൾക്കു നേരെയുള്ള വിവേചനപരമായ നിലപാടുകളെ അത് വെളിപ്പെടുത്തുന്നു. ഡിസബിലിറ്റിയുടെ സാമൂഹിക അപഗ്രഥനത്തിലെ ഒരു ഘടകമായി അത് വ്യക്തമാക്കുന്നു. ഡിസബിലിറ്റിയെ സമൂഹത്തിലെ ശാക്തിക ബന്ധങ്ങളിലെ ഒരു പ്രഭാവമായി ഈ പഠനങ്ങൾ അടയാളപ്പെടുത്തുന്നു (Rosemarie Garland, Thomson-winter 2005).

‘സ്ത്രീസമത്വവാദ രചനകൾ’ സ്ത്രീ-പുരുഷ സമത്വങ്ങൾക്കിടയിലെ അസമഭാവനകൾ ഇല്ലായ്മ ചെയ്യുന്നതിനും, പരമ്പരാഗത സമൂഹത്തിൽ സ്ത്രീകളുടെ പേരിൽ ചാർത്തപ്പെട്ടിരുന്ന വിശ്വാസ ആചാരങ്ങൾ ദൂരീകരിക്കുന്നതിനും യത്നിച്ചു.

സ്ത്രീവാദ തത്വവിചാരത്തിൽ ഉന്നയിക്കപ്പെട്ട നിലപാടുകളും ലക്ഷ്യങ്ങളും ഡിസബിലിറ്റിയെ തത്വചിന്താപരമായി വിഷയവൽക്കരിക്കാൻ സഹായിച്ചു. സ്ത്രീകൾ എന്തുകൊണ്ടാണ് തത്വചിന്താ പാരമ്പര്യത്തിൽ നിന്നു പുറത്തായത് എന്നതിന് ഉത്തരമായി ഒരു പടി കൂടി കടന്ന് സ്ത്രീവാദികൾ, തത്വചിന്തയിൽ സ്ത്രീവാദ പങ്കാളിത്തം ഉറപ്പുവരുത്തുകയും, വിശിഷ്യാ ഡിസേബിൾഡ് സ്ത്രീകളുടെ വിഷയങ്ങൾ പ്രശ്നവൽക്കരിക്കുകയുമുണ്ടായി. സ്ത്രീവാദ തത്വചിന്തയെ മൂന്നോട്ടു നയിക്കുകയും ദിശ കാണിക്കുകയും ചെയ്ത നിലപാടുകളും ലക്ഷ്യങ്ങളും ഒരനന്തര ഫലമെന്ന നിലയിൽ ഡിസബിലിറ്റിയെക്കുറിച്ചുള്ള വിശകലനങ്ങൾക്കു കാരണമായി. എന്നാൽ സ്ത്രീവാദം, ഡിസബിലിറ്റിക്കാരായ സ്ത്രീകളെ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ല എന്ന വാദമുയർന്നിരുന്നു (wendell 1989-1999). ഈ വിമർശനം നിലനിൽക്കെ, ‘വെൻഡലി’ന്റെ ഇതിനായുള്ള പരിഹാരങ്ങൾക്ക് പ്രചോദനമായത് സ്ത്രീവാദ കാഴ്ചപ്പാടുകളാണ്. അപ്രകാരം ചെയ്യുന്നതിലൂടെ തത്വചിന്തയുടെ ഗതിമാറും വിധത്തിലുള്ള ഇടപെടലുകൾ തന്നെയാണ് അവർ നടത്തിയതെന്നു പറയാം. തങ്ങളുടെ വിചാര നിർമിതിയുടെ പുരോയാനത്തിനിടയിൽ അവർ കണ്ടെത്തിയത്, തങ്ങളുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കുമെതിരിൽ നിൽക്കുന്നത് പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ദുഷ്ടലാക്കുകൾ തന്നെയാണ് എന്നായിരുന്നു.

Top