ഐഐടി മദ്രാസിലെ ഇസ്‌ലാമോഫോബിയ: ഫാത്തിമാ ലത്തീഫിന് ശേഷം

പലപ്പോഴും നമ്മൾ വിവേചനത്തെക്കുറിച്ച് സംസാരിക്കുന്നത് വ്യവസ്ഥാപിത കൊലപാതകങ്ങൾ നടക്കുമ്പോഴാണ്. പിന്നോക്ക സമുദായത്തിൽ നിന്നുള്ളവർക്ക് നിത്യജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ജാതീയതയും ഇസ്‌ലാമോഫോബിയയും ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനുള്ള ഒരിടം പോലും ഇത്തരം സ്ഥാപനങ്ങളിലില്ല. അവർ മരണപ്പെടുമ്പോഴോ വലിയൊരു അനീതിക്ക് ഇരയാവുമ്പോഴോ മാത്രമാണ് രാജ്യത്തെ പൊതുവിടങ്ങളിൽ ഇത്തരം അനീതികൾ ചർച്ച പോലുമാകുന്നുളളൂ.

ജയ് ഭീം.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഞാൻ ഐഐടി മദ്രാസിലെ ഒരു ഗവേഷണ വിദ്യാർഥിയായിരുന്നു. അതായത് ഫാത്തിമാ ലത്തീഫിന്റെ വ്യവസ്ഥാപിത കൊലപാതകം നടക്കുന്ന സമയത്ത് അവിടെ ഒരു വിദ്യാർഥിയായി ഉണ്ടാവാനും എങ്ങനെയാണ് ഐഐടി എന്ന സ്ഥാപനവും അവിടുത്തെ വിദ്യാർഥികളും ഇതിനോട് പ്രതികരിച്ചത് എന്ന് നേരിട്ടുകാണാനുമുള്ള അവസരമുണ്ടായി. ഡിപ്പാർട്ട്‌മെന്റിന്റെ നിഷ്‌ക്രിയത്വമാണ് ഈ വിഷയത്തിൽ ആദ്യമായി എടുത്തു പറയേണ്ടത്. ഒരു വിദ്യാർഥിയുടെ മരണത്തിന്റെ മാനുഷികവശങ്ങളെ പോലും മറികടന്നുകൊണ്ട് എത്രത്തോളം നിഷ്ക്രിയമായി ഒരു സ്ഥാപനത്തിന് പെരുമാറാൻ പറ്റുമെന്നത് ഐഐടി മദ്രാസിൽ നിന്നാണ് എനിക്ക് മനസിലായത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ കൃത്യമായി എഴുതിവെച്ചിട്ടുള്ളൊരു ആത്മഹത്യാകുറിപ്പ്‌ നിലനിൽക്കെ തന്നെ അവർ ശിക്ഷിക്കപ്പെടാതെ തുടരുക എന്നത് ഇൻഡ്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു. കൃത്യമായ ഒരു അന്വേഷണം പോലും ആവിശ്യമില്ലാത്തൊരു വിഷയമായിട്ടാണ് വ്യവസ്ഥാപിത കൊലപാതകങ്ങളെ ഐഐടി മദ്രാസ് സമീപിക്കുന്നത് എന്നാണ് മനസിലാക്കാൻ പറ്റിയത്.

ഫാത്തിമാ ലത്തീഫ്

പിന്നോക്ക-ന്യൂനപക്ഷ സമുദായത്തിൽ നിന്ന് വരുന്ന ഒരു മികച്ച വിദ്യാർത്ഥിയുടെ (‘മികവ്’ എന്നുള്ളതിലെ പ്രശ്നം അംഗീകരിച്ചുകൊണ്ട് തന്നെ ആ വാക്കുപയോഗിക്കുകയാണ്) മരണത്തിനെക്കാളും ഐഐടിയുടെ സൽപ്പേര് ആണ് അവിടെ പ്രശ്നം. ബഹുഭൂരിപക്ഷം വിദ്യാർഥികളും നീതിയെക്കുറിച്ച് ചിന്തിക്കാതെ ഒരു വ്യവസ്ഥാപിത കൊലപാതകം നടന്ന ഇടമെന്ന രീതിയിൽ ഐഐടി ചിത്രീകരിക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിച്ചു എന്നുള്ളതായിരിക്കും ഐഐടി മദ്രാസ് എത്രത്തോളം ജാതീയവും വംശീയവുമാണ് എന്നതിന് പറ്റിയ ഉദാഹരണം. ഫാത്തിമയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് ശേഷം അവിടെ നടന്ന ചർച്ചകളേറെയും നീതിയ്ക്കു വേണ്ടിയുള്ള പരിശ്രമത്തേക്കാൾ അക്കാദമികമായ വാചാടോപങ്ങളാണെന്ന് പറയേണ്ടി വരും. എങ്ങനെ നീതി ലഭ്യമാക്കാമെന്നതിലുപരി, ഏത് വാക്കുപയോഗിക്കാം എന്നാണ് സവർണ സമുദായങ്ങളിൽ നിന്നു വരുന്ന സഹപാഠികൾ ഐഐടി മദ്രാസിൽ ചർച്ചചെയ്തത്. മറ്റൊരു ചർച്ച വ്യവസ്ഥാപിത കൊലപാതകത്തെ എങ്ങനെ കേവല മാനസികാരോഗ്യ പ്രശ്നമായി ഒതുക്കിത്തീർക്കാമെന്നതിനെ കുറിച്ചായിരുന്നു. തീര്‍ച്ചയായും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി കാണേണ്ടതുണ്ട്. അതുകൊണ്ടുദ്ദേശിക്കുന്നത് കേവലം വ്യക്തി ആരോഗ്യത്തെയല്ല. എന്തുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് ചിലരുടെ മാനസികാരോഗ്യം മാത്രം ക്ഷയിക്കപ്പെടുന്നതെന്ന് ഏറെ ഗൗരവത്തോടെ പഠിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ അവര്‍ നേരിടുന്ന വിവേചനവും അവഹേളനവും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നാലവിടത്തെ ചർച്ച എന്തായിരുന്നു എന്നുവച്ചാൽ ‘ഇങ്ങനെ സ്വയം ജീവനെടുക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് എന്തോ മാനസിക പ്രശ്നമുണ്ട്. ആ മാനസിക പ്രശ്നത്തെ കേവലമായി അഭിസംബോധന ചെയ്യുന്നതോടെ നമ്മൾ മാനുഷികമായി പെരുമാറുന്നു’ എന്ന നിലയ്ക്കായിരുന്നു. അതിന്റെ പിന്നിൽ വരുന്ന സവർണതയുടെ രാഷ്ട്രീയം അവിടെ അവർക്ക് വിഷയമേയല്ല. 

ഇസ്‌ലാമോഫോബിയ എന്ന് പറയുന്നതാണ് വിഷയം. നിങ്ങൾ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന് ഐഐടിയിൽ ഇടമുണ്ടാക്കുകയാണ് എന്നാണ് പലരും ആരോപിച്ചത്. ഐഐടികളിൽ എന്തുകൊണ്ട് പിന്നോക്ക, ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് മറ്റുള്ളവരെപ്പോലെ പഠിക്കാനാവുന്നില്ല എന്നതല്ല വിഷയമായി വന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഐഐടി മദ്രാസിന്റെ പേരെങ്ങനെ ‘മതേതരമായി നിലനിർത്താം’ എന്നുള്ളതായിരുന്നു അവിടുത്തെ അകത്തളങ്ങളിൽ നടന്ന ചർച്ചകളുടെ കാതൽ. നീതി എന്നുള്ളത് പിന്നീട് മാത്രം വരുന്ന ഒരു കാര്യമാണ്‌. അതുപോലും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും.

മണ്ഡലാനന്തരം അവിടേക്ക് എത്തിപ്പെട്ട പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളിൽ ബഹുഭൂരിപക്ഷം പേരും ഒന്നാം തലമുറ പഠിതാക്കളോ ബിരുദധാരികളോ ആണ്. ഒട്ടേറെ പ്രശ്‌നങ്ങൾ മറികടന്നാണ് ഇത്തരമൊരു സ്ഥലത്ത് അവർ എത്തിപ്പെടുന്നത് തന്നെ. അങ്ങനെയുള്ള വിദ്യാർഥികൾ ഇതിലേക്ക് ഇടപെട്ടപ്പോൾ വളരെ പ്രിവിലേജ്ഡായ മറ്റാളുകൾ നമ്മളോട് എങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തണം എന്നു പറയുകയാണ്. എന്നതായാണ്, ഒരു ജാതിവിരുദ്ധ-സാമുദായിക രാഷ്ട്രീയത്തെ വീണ്ടും അരികുകളിലേക്ക് ചേർത്തുവെക്കാനാണ് ഐഐടി മദ്രാസിലെ പല കൂട്ടായ്മകളും ശ്രമിച്ചത്. നീതിയെ കുറിച്ച ചോദ്യങ്ങൾ ഉന്നയിക്കുന്നതിലുപരിയായി ഇവിടത്തെ പ്രധാനപ്പെട്ട ഇസ്‌ലാമിസ്റ്റുകളാരൊക്കെയെന്നും, അവരെ പ്രതിരോധിക്കുന്നവർ ആരൊക്കെയെന്നും കണ്ടുപിടിക്കുക. ഇതിനെ ഇസ്‌ലാമോഫോബിയയുടെ പ്രശ്നമായിട്ടാണോ അതോ മുസ്‌ലിം വിരുദ്ധ പ്രശ്നമായിട്ടാണോ വിശേഷിപ്പിക്കേണ്ടത് എന്ന് ചർച്ചചെയ്യുക. ഇങ്ങനെയായിരുന്നു കാര്യങ്ങളുടെ പോക്ക്. ഇതൊക്കെ നടക്കുന്നത് ഡിപ്പാർട്ട്മെന്റിന്റെ ക്രൂരമായ നിസംഗത നിലനിൽക്കുമ്പോഴാണ്. സ്ഥാപനത്തിന്റെ നിസംഗതയ്ക്കൊപ്പം തന്നെ സഹപാഠികളുടെ നിസംഗതയും പ്രകടമാക്കുന്നത് സമൂഹത്തിലാഴത്തിൽ വേരോടിയിട്ടുള്ള ജാതീയമായ മുരട്ടിന്റെ മറ്റൊരു മുഖമാണ്. മികവ് എന്നുള്ളതിന് നാമെത്രത്തോളം ജാതീയമായാണ് മനസിലാക്കുന്നത് എന്നതാണ് മറ്റൊരു സംഗതി.

ഇത്തരമിടങ്ങളിൽ പിന്നോക്ക-ന്യൂനപക്ഷ സമുദായത്തിൽ നിന്നും വരുന്ന ആളുകൾ അപരന്മാരായിത്തന്നെയാണ് നിലനിൽക്കുന്നത്. ‘നമ്മൾ വീണ്ടും സിവിലൈസ് ചെയ്യപ്പെടേണ്ടതുണ്ട്. നമ്മളുടെ ഭാഷ ഗൈഡ് ചെയ്യപ്പെടേണ്ടതുണ്ട്. എല്ലാ ദിവസവും അവഹേളനവും വിവേചനവും സഹിക്കുന്നതിനൊപ്പം, നമ്മളതിനെ കൃത്യമായി ആഖ്യാനിച്ചാൽ മാത്രമേ വിവേചനങ്ങളെ ചോദ്യം ചെയ്യാൻ പോലും കഴിയൂ’ എന്ന ഭീകരമായ അവസ്ഥയായിരുന്നു ഐഐടി മദ്രാസിൽ നിലനിന്നിരുന്നത്. ഇതോടൊപ്പം തന്നെ അനുസ്മരിക്കേണ്ട മറ്റൊരു സംഭവം, ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം തുടരാനാവാതെ ഐശ്വര്യ എന്ന വിദ്യാർഥിക്ക് ജീവനോടുക്കേണ്ടിവന്നതാണ്. വിവേചനം എല്ലായ്പ്പോഴും വളരെ വ്യക്തമാവില്ല. കണ്ടാൽ മനസിലാവുന്ന, മറ്റൊരാളെ പറഞ്ഞു മനസിലാക്കാൻ പറ്റുന്ന ഒന്നാവണമെന്നില്ല. അതിന് പല അടരുകളുണ്ട്. ഇത്ര സങ്കീർണമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത്, ഇതിനെ നേരിടാൻ ഒരു പ്രശ്നപരിഹാര സംവിധാനമില്ല എന്നുള്ളത് വളരെ പ്രശ്‌നഭരിതമായൊരു കാര്യമാണ്. 

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ രോഹിത് ശഹാദത് ദിനത്തോടനുബന്ധിച്ച്‌ ഒരു നീളൻ പട്ടികയുണ്ടാവും. ഇൻഡ്യയിലിതുവരെ വ്യവസ്ഥാപിത കൊലപാതകത്തിനിരയായ വിദ്യാർഥികളുടെ പട്ടിക. വർഷം തോറും ഈ പട്ടികയുടെ നീളം കൂടുന്നു എന്നതല്ലാതെ സ്ഥാപനങ്ങളോ അധികാര കേന്ദ്രങ്ങളോ ഇതിനോട് അനുഭാവപൂർണമായ ഒരു നടപടി സ്വീകരിച്ചതായി കാണാൻ സാധിക്കുകയില്ല. രോഹിത് വെമൂലയുടെ മരണത്തിൽ നീതി ലഭിക്കാൻ സഹായകമായേക്കാവുന്ന എസ്‌സി/എസ്‌റ്റി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണ കമ്മീഷൻ രോഹിതിനെ ദലിതനല്ലാതാക്കാനാണ് ശ്രമിച്ചത്. അതേസമയം ഇവിടുത്തെ ഓബിസി വിദ്യാർഥികളുടെ കാര്യത്തിൽ പേരിനൊരു നിയമപരിരക്ഷ പോലും ഇല്ല. മണ്ഡലാനന്തര കാലത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വർധിച്ചാലും, ഈ സമുദായത്തിൽ നിന്ന് വരുന്ന കുട്ടികൾ, വിദ്യാർഥികൾ, അല്ലെങ്കിൽ ഗവേഷകർ അഭിമുഖീകരിച്ചേക്കാവുന്ന വിവേചനങ്ങൾക്കെതിരെയുള്ള സംരക്ഷണമെന്ന മട്ടിൽ നിയമപരമായ പരിഗണനയോ പരിരക്ഷയോ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന്  വരുന്ന വിദ്യാർഥികൾക്കില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ നിയമപരിരക്ഷകൾ നിലനിൽക്കുമ്പോൾ പോലും പായൽ തഡ്‌വിക്കോ രോഹിത് വെമുലക്കോ പഠിക്കാനും ജീവിക്കാനും സാധിച്ചില്ല. അത്തരത്തിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കാണ്, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഫാത്തിമാ ലത്തീഫ് വരുന്നത്. ഫാത്തിമയുടെ മരണാനന്തര നീതിക്കുവേണ്ടി പോലും ഏതെങ്കിലുമൊരു നിയമം ഇവിടെ സംസാരിക്കുന്നില്ല. അക്കാദമിക രംഗത്താവട്ടെ അല്ലാത്ത രംഗത്താവട്ടെ, ന്യൂനപക്ഷ വിവേചനങ്ങൾക്കെതിരെ നിയമപരമായ ഒരു പരിരക്ഷയും ഇല്ലാതെയാണ് പിന്നോക്ക-ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർ നിലനിൽക്കുന്നത്. 

മികവിനെ ജാതീയമായി മനസിലാക്കിക്കൊണ്ട് സംവരണത്തെ എങ്ങനെയൊക്കെ അട്ടിമറിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്ഥാപനമാണ് ഐഐടി മദ്രാസ്. സ്വാഭാവികമായും ആ ഇടത്തിന്റെ രാഷ്ട്രീയം നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇത്‌ ആരുടെ ഇടമാണ്? ഈയൊരു ഇടത്തിൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അവകാശമുണ്ടോ? അവകാശവാദം ഉന്നയിക്കാനുള്ള ഒരു സാധ്യതയോ ഭാഷയോ നമുക്കുണ്ടോ? ഇങ്ങനെയൊരു ഇടത്തേക്കാണ് ഒന്നാം റാങ്കു നേടിന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഫാത്തിമാ ലത്തീഫ് കടന്നുവരുന്നത്. ഈ കടന്നുവരവ് ഒരുപാട്‌ പേരെ അസ്വസ്ഥപ്പെടുത്തിയിരിക്കാം. കാരണം നിങ്ങൾ നിലനിൽക്കുക എന്നുള്ളതും, നിങ്ങൾ മികവ് കാണിക്കുക എന്നുള്ളതും രണ്ട് പ്രശ്നങ്ങളാണ്. നിലനിൽപ്പ് തന്നെ ഇത്തരമൊരു ഇടത്തിൽ പ്രശ്‌നഭരിതമാണ്. അങ്ങനെയുള്ളയിടത്തേക്കാണ് ഒരു പെണ്‍കുട്ടി ഒന്നാം റാങ്കോടെ കടന്നു വരുന്നത്. മരണത്തിന് കാരണമായി ആദ്യമാദ്യം കേട്ടിരുന്നത് ഇത് കേവലം പഠനവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ്. ‘ഒരു കുട്ടിയ്ക്ക് വിഷയത്തിൽ മാർക്ക് കുറഞ്ഞുപോയി; അതുപോലും താങ്ങാനാവാത്തത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത്’ എന്നായിരുന്നു. പക്ഷേ ഈ കുട്ടി ആരാണ്? ഏതൊക്കെ കുട്ടികൾക്കാണ് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ ഇങ്ങനെ ബുദ്ധിമുട്ടുണ്ടാവുന്നത്? എന്തുകൊണ്ടാണ് ചില കുട്ടികൾക്ക് മാത്രം നീതിപൂർവ്വമല്ലാതെ മാർക്ക് കുറയ്ക്കപ്പെടുന്നതും മാർക്ക് രേഖപെടുത്താതെ പോവുന്നതും? ഇത്തരം വിശദാംശങ്ങളിലേക്കൊന്നും ചർച്ചകൾ പോയില്ല. എപ്പോഴും ഇരയ്ക്കാണ് പ്രശ്നം. ഒന്നുകിൽ മരണപ്പെടുന്ന ആളുടെ മികവില്ലായ്മ. അല്ലെങ്കിൽ പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവില്ലായ്മ, മാനസികാരോഗ്യക്കുറവ്. ഐഐടി മദ്രാസിൽ ആദ്യം ചർച്ചചെയ്യപ്പെട്ടതും ഇത്തരത്തിൽ മാനസികാരോഗ്യത്തിന്റെ കുറവ് തന്നെയായിരുന്നു. ഘടനാപരമായി നിലനിൽക്കുന്ന അസമത്വങ്ങളെയും ജാതീയതയെയും വംശീയതയെയും ഇസ്‌ലാമോഫോബിയയെയും പരിഗണിക്കാതെ ഈ ചർച്ചയെ നമുക്കെങ്ങനെ ഒരു വ്യക്തിയിലേക്ക് ചുരുക്കാം എന്നുള്ളതായിരുന്നു പലരുടെയും ചിന്ത.

ഒരു പ്രത്യേക സമുദായത്തിൽ നിന്ന്, ഒരു മതവിഭാഗത്തിൽ നിന്ന് വരുന്നത് കൊണ്ട്, അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചൊന്നും എന്തെങ്കിലും ഒരറിവുള്ളതായി ഐഐടി മദ്രാസിലെ ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചിട്ടില്ല. ഈയൊരു നിസംഗത ഭീകരമാവുന്നത് ഇതൊരു മാനവിക-സാമൂഹികശാസ്ത്ര ഡിപ്പാർട്മെന്റ് ആവുന്നതിലൂടെയാണ്. ലിംഗനീതിയെക്കുറിച്ചും ജാതിയെക്കുറിച്ചും നീതിയില്ലായ്മകളെകുറിച്ചും പഠിക്കുന്ന ഒരു ഡിപ്പാർട്ട്മെന്റ് എങ്ങനെയാണ് ഇത്തരം വംശീയമായ പ്രശ്നങ്ങളോട് ഇത്ര നിസംഗമായി പെരുമാറുന്നത് എന്നത് പ്രശ്നവൽക്കരിക്കപ്പെടേണ്ടതുണ്ട്.

അതേസമയം തന്നെ അതിനോട് എതിരിടാൻ ഒരു ഭാഷയില്ലാതാവുക എന്നതാണ് ഒരുപാട് വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധി. നമ്മളോട് ചെയ്യുന്നത് നീതിയല്ല എന്ന് നമ്മളറിയുമ്പോഴും ഇതിനോടെങ്ങനെ പ്രതികരിക്കുമെന്നോർത്ത് വ്യക്തിപരമായി പകച്ചുനിൽക്കുന്ന ഒരുപാടു പേർ ഐഐടി മദ്രാസിലുണ്ട്. സവർണനായ ഒരധ്യാപകൻ നിരന്തരം ഒരു വിദ്യാർഥിനിയെ, ‘നിങ്ങൾക്ക് മനസിലായോ എന്ന് ഞാൻ ചോദിക്കുന്നില്ല. നിങ്ങൾ പഠിച്ചത് പ്രാദേശിക ഭാഷയിലായത് കൊണ്ട് നിങ്ങൾക്കിത് മനസിലാവില്ല എന്നെനിക്കറിയാം’ എന്നു പറഞ്ഞ് അവഹേളിക്കുന്നത് കാണാൻ സാധിക്കും. ഇങ്ങനെയുള്ള അക്രമങ്ങൾ നിരന്തരം ഒരധ്യാപകൻ പഠിതാവിനോട് ചെയ്തുകൊണ്ടിരിക്കുകയും, ഇതിനെക്കുറിച്ച് പരാതിപ്പെടാൻ ഒരു സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.

പലപ്പോഴും നമ്മൾ വിവേചനത്തെക്കുറിച്ച് സംസാരിക്കുന്നത് വ്യവസ്ഥാപിത കൊലപാതകങ്ങൾ നടക്കുമ്പോഴാണ്. പിന്നോക്ക സമുദായത്തിൽ നിന്നുള്ളവർക്ക് നിത്യജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ജാതീയതയും ഇസ്‌ലാമോഫോബിയയും ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനുള്ള ഒരിടം പോലും ഇത്തരം സ്ഥാപനങ്ങളിലില്ല. അവർ മരണപ്പെടുമ്പോഴോ, അല്ലെങ്കിൽ വലിയൊരു അനീതിക്ക് ഇരയാവുമ്പോഴോ മാത്രമാണ്, ഇൻഡ്യൻ പശ്ചാത്തലത്തിൽ ഇത്തരം അനീതികൾ പൊതുവിടങ്ങളിൽ ചർച്ച പോലുമാകുന്നുളളൂ. സംവരണീയരായവർ മെറിറ്റ് നേടി അകത്ത് വരുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവേചനം ചോദ്യംചെയ്യപ്പെടാത്ത പ്രതിഭാസമാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

മികവിന്റെ കേന്ദ്രങ്ങളെന്നു പറയപ്പെടുന്ന മെഡിക്കൽ കോളേജ്, ഐഐടി പോലുള്ള സ്ഥാപനങ്ങളിലെ വിവേചനത്തെ കുറിച്ച് സംസാരിക്കാൻ മികച്ച വിദ്യാർഥികളുടെ ജീവൻ തന്നെ നഷ്ടപെടുത്തുന്ന ഒരു അവസരത്തിൽ മാത്രമേ സാധിക്കുന്നുള്ളൂ. ഇതിനെ മറികടന്നുകൊണ്ട് നിത്യജീവിതത്തിലെ ഇത്തരം പ്രശ്നങ്ങളെ നേരിടാൻ പറ്റുന്ന രീതിയിലേക്ക് സാഹോദര്യത്തോടെയും സ്നേഹത്തോടെയും നമുക്ക് നമ്മുടേതായ ഒരു ഇടമുണ്ടാക്കാനും കൂട്ടായ്മകൾ കെട്ടിപ്പടുക്കുവാനുമുള്ള ഒരവസരം പോലും പലപ്പോഴും ഇത്തരം സ്ഥാപനങ്ങളിലില്ല. ഐഐടി മദ്രാസിന്റെ സാമൂഹിക ഇടംവളരെ ഭീകരമാംവിധം നിർമിക്കപ്പെട്ടതാണ്. എല്ലാ തരത്തിലുമുള്ള സാമൂഹിക കൈമാറ്റങ്ങൾ വളരെയധികം പരിശോധനയ്ക്ക് വിധേയമാകുന്നൊരിടമാണ്‌. കൂട്ടംകൂടിയിരുന്ന് സംസാരിക്കുവാനോ, കൂട്ടായ്മ ഉണ്ടാക്കുവാനോ സാധ്യമല്ലാത്ത വിധമുള്ള നിർമിതിയാണ് ഈ ഇടത്തിന്റേത്. അങ്ങനെ ഒരിടത്തേക്ക് വിദ്യാർഥികൾ കടന്നുവരുമ്പോൾ അവർക്ക് എന്തുതരം പിന്തുണയാണ് കിട്ടുക? വിദ്യാഭ്യാസ സ്ഥാപനം അവർ അഭിമുഖീകരിക്കാവുന്ന വിവേചനത്തെ മുൻകൂട്ടി കാണുന്നില്ല. ഒരു എസ്‌സി/എസ്‌റ്റി ഓബിസി മൈനോറിറ്റി സെൽ എന്നൊരു സംവിധാനം അവർക്കില്ല. ഐഐടി മദ്രാസ് പിന്തുടരുന്ന സംവരണ മാനദണ്ഡം പോലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പിന്നോക്ക സമുദായക്കാരുടെ എണ്ണം ഈ സ്ഥാപനത്തിൽ വളരെ കുറവായിരിക്കും. പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്, അധ്യാപകർക്കിടയിൽ വളരെ കുറഞ്ഞ എണ്ണത്തിൽ മാത്രമാണ് സവർണേതര അധ്യാപകർ ഐഐടി മദ്രാസിലുള്ളത് എന്നാണ്. ഇത്തരമൊരു സ്ഥാപനത്തിൽ എങ്ങനെയാണ് വിദ്യാർഥികൾ ജീവിച്ചു പോവുക?

പഠിക്കുക എന്നുള്ളത് പലപ്പോഴും വേറൊരു തരം പോരാട്ടമായി മാറുന്ന ഈ അവസരത്തിൽ രോഹിത് ആക്ടിനെ കുറിച്ച് നമ്മൾ വളരെ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഇത്തരം വിവേചനങ്ങൾക്കിരയായി മരണപ്പെടുന്ന വിദ്യാർഥികൾക്ക് നീതി ലഭിക്കാൻ എന്തുതരം സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്? എന്തുതരം നിയമ പരിരക്ഷയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിവേചനത്തിനെതിരെ ഒരു പടച്ചട്ട പോലെ നമുക്ക് ഉപയോഗിക്കുവാനുള്ളത്? വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റു തൊഴിലിടങ്ങളിൽ നിന്ന് വ്യത്യസ്തമാവുന്നത് ജ്ഞാനവും അധികാരവും തമ്മിലുള്ള ബന്ധം കൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് സംവരണമെപ്പോഴും അട്ടിമറിക്കപ്പെടുന്നതും, പിന്നോക്ക വിദ്യാർഥികളെ അന്യവൽക്കരിക്കുന്ന രീതിയിൽ കാമ്പസുകൾ നിർമിക്കപ്പെടുന്നതും. ഇത്തരമൊരവസ്ഥയിൽ ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി കണക്കാക്കണമെന്നും പിന്നോക്ക-ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ GSCASH പോലുള്ള കമ്മിറ്റികൾ വേണമെന്നും ഫ്രറ്റേർണിറ്റി മൂവ്‌മെന്റ് അടക്കമുള്ള സംഘടനകൾ അവശ്യപ്പെടുന്നത് ആ നിലയ്ക്ക് വളരെ സന്തോഷകരമായ ഒരു കാര്യമാണ്.

പായൽ തഡ്‌വി

ഇൻഡ്യയിലെ ഏതൊരു ഉന്നതവിദ്യാഭ്യാസ രംഗത്തും മറ്റു സമുദായങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളോടൊപ്പം തന്നെ മുസ്‌ലിം സമുദായത്തിൽ നിന്നുമുള്ള വിദ്യാർഥികൾക്കും സുരക്ഷിതത്വത്തോടെ പഠിക്കാനും അവരുടേതുകൂടിയെന്ന രീതിയിൽ ആ ഇടത്തെ ഉപയോഗപ്പെടുത്തുവാനും സാധിക്കേണ്ടതുണ്ട്. ഈയടുത്ത് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ തിരുമാൾ എങ്ങനെയാണ്, അക്കാദമി ഒരു സവർണ ശരീരം പോലെ പെരുമാറുന്നതെന്ന് പറയുകയുണ്ടായി. എന്തുകൊണ്ടാണവിടെ ചിലർക്ക് മാത്രം സാഹോദര്യവും ചിലർക്ക് അന്യവൽക്കരണവും അനുഭവപ്പെടുന്നത്? വിവേചനം വളരെ അനുഭവേദ്യമാവുമ്പോൾ പോലും അത്‌ എന്താണെന്ന് വിശദീകരിച്ച് കൊടുക്കുന്നതോ അതു വിവേചനമാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതോ ബുദ്ധിമുട്ടുള്ള ഒരു കാര്യമാകുന്നു. തൊട്ടുകൂടായ്മ ഒരു പാപമാണെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളുള്ള സംസ്ഥാനമാണ് തമിഴ്നാട്. പക്ഷേ എല്ലാ അവസ്ഥയിലും ജാതീയത എന്നാൽ തൊട്ടുകൂടായ്മ അല്ല. എല്ലാ അവസ്ഥയിലും ഇസ്‌ലാമോഫോബിയയും ഒരേ രീതിയിലായിരിക്കില്ല. ഇത്തരം സൂക്ഷ്മമായ വശങ്ങൾ കൂടെ പരിഗണിച്ച് കൊണ്ടുള്ള ഒരു നിയമപരിരക്ഷ വിദ്യാർഥികൾക്ക് ലഭിക്കേണ്ടതുണ്ട്. 

ഐഐടി മദ്രാസിലെ വിദ്യാർഥി സംഘടനകൾ രൂപീകരിക്കുന്നതിന്റെ ചട്ടങ്ങളും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. ഏതെങ്കിലുമൊരു അധ്യാപകൻ ഉപദേശകനായി ഉണ്ടായാൽ മാത്രമേ അവിടെ വിദ്യാർഥി സംഘടനകൾ ഉണ്ടാക്കുവാൻ സാധിക്കുകയുള്ളു. അധ്യാപകർക്ക് നിങ്ങളുടെ സംഘടനയുടെ കൂടെ നിൽക്കാൻ താൽപര്യമില്ലെങ്കിൽ നിങ്ങൾക്ക് നിയമപരമായി ഐഐടി മദ്രാസിനകത്ത് പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ പൊലീസിങ് നടത്തുന്ന ഒരു സ്ഥാപനത്തിന് നീതിയെക്കുറിച്ച്‌ യാതൊരു താൽപര്യവുമില്ലെങ്കിൽ പിന്നെങ്ങനെയാണ് അവിടത്തെ വിദ്യാർഥികളുടെ നിലനിൽപ്പ് സുരക്ഷിതമായിരിക്കുക?

ഇൻഡ്യൻ വിദ്യാഭ്യാസ രംഗത്ത് വിവേചനമൊരു വലിയ പ്രശ്നമായിക്കൊണ്ടിരിക്കെ, അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണങ്ങളായി നിലനിൽക്കുകയാണ് ഐഐടികൾ. അധ്യാപകർക്ക് മറ്റിടങ്ങളിലേക്കാളുപരിയായി കടുത്ത അധികാരമാണ് ഐഐടികളിലുള്ളത്. ഒരു ഗവേഷകയ്ക്ക് പുറത്ത് പോകണമെങ്കിൽ, അവധി എടുക്കണമെങ്കിൽ അധ്യാപകരുടെയോ ഗൈഡിന്റെയോ ഒപ്പ് ലഭിക്കാതെ സാധിക്കുകയില്ല. അധ്യാപകർ ഇസ്‌ലാമോഫോബിക്കാണെങ്കിൽ, ജാതീയമായ ചിന്തകൾ വച്ചുപുലർത്തുന്ന ഒരാളാണെങ്കിൽ, എങ്ങനെയാണൊരു വിദ്യാർഥി അവരുടെ കീഴിൽ സ്വതന്ത്രമായി ഗവേഷണം ചെയ്യുക? ഒരു വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ഒരു അധ്യാപകൻ, ഒരുതരത്തിലും ശിക്ഷിക്കപ്പെടാതെ എത്രമാത്രം ധൈര്യത്തോടെയാണ് അതേ ഡിപ്പാർട്ട്മെന്റിൽ ഇപ്പോഴും തൊഴിലെടുത്തുക്കൊണ്ടിരുന്നത്! 

കുറ്റാരോപിതനെ കുറ്റാന്വേഷണത്തിന്റെ ഭാഗമായെങ്കിലും അയാളുടെ പദവിയിൽ നിന്നും മാറ്റിനിർത്തുകയെന്നുള്ളത് സ്വാഭാവിക നീതിയുടെ ഭാഗമെന്നാണെന്നാണ് മനസിലാക്കുന്നത്. എന്നാൽ സ്വാഭാവികനീതി ഉറപ്പുവരുത്തിയെന്ന് കാണിക്കേണ്ട ഉത്തരവാദിത്വം പോലുമില്ലാത്ത അക്ഷതിയാണ് ഐഐടി മദ്രാസ്‌ എന്നുള്ള മികവിന്റെ ഒരു കേന്ദ്രത്തിനുള്ളത്. പലപ്പോഴും വിവേചനത്തിന്റെ സ്വഭാവമെന്തെന്ന് വെച്ചാൽ, “You are not good enough, you don’t belong here” എന്ന് നമ്മളോട് നിരന്തരം പറയുന്നതാണ്. വിദ്യാർഥികൾക്ക് ആ ഇടവുമായി സ്വയം ബന്ധിപ്പിക്കാനുള്ള സാഹചര്യമൊരുക്കാൻ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ലായെങ്കിൽ അവ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നതില് നിന്നും മാറി മേൽജാതി ഹിന്ദുക്കൾക്ക് മാത്രം  പഠിക്കാവുന്ന അഗ്രഹാരങ്ങൾ ആയിത്തീരുന്നതിനേക്കാൾ വലിയ അധപതനം ഒരു മതേതര ജനാധിപത്യ രാജ്യത്തിന് സംഭവിക്കുവാനില്ല. 

ജെൻഡർ എന്താണെന്നും ലിംഗനീതി എന്താണെന്നും ഐഐടി മദ്രാസിൽ ക്ലാസുകൾ നടക്കാറുണ്ട്. വളരെ സജീവമായ ഒരു ജെൻഡർ സെൽ അവിടെയുണ്ട്. പക്ഷേ എന്തുകൊണ്ട് ജാതീയത ഒരു പ്രശ്‌നമാവുന്നു എന്ന് അവർക്ക് പറയാൻ സാധിക്കുന്നില്ല. ഐഐടി മദ്രാസിൽ മാത്രമല്ല ലിംഗനീതിയെക്കുറിച്ച് ക്ലാസെടുക്കുന്ന ഇൻഡ്യയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനത്തിനു എന്തുകൊണ്ട് ജാതീയ വിവേചനത്തിനെതിരെ ക്ലാസ്സുകൾ എടുത്തുകൂടാ? അല്ലെങ്കിൽ ഇസ്‌ലാമോഫോബിയ ഒരു പ്രശ്നമാണ് എന്നുള്ളത് അധ്യാപകരെയും വിദ്യാർഥികളെയും എന്തുകൊണ്ട് ബോധ്യപ്പെടുത്തിക്കൂടാ? കാരണം ഇതെല്ലാം ഒരു യാഥാർഥ്യമായി അംഗീകരിക്കാൻ അവർ ഇനിയും സന്നദ്ധരല്ല. ‘ജാതി നിലനിൽക്കുന്നത് സംവരണത്തിലാണ്. അല്ലാതെ എല്ലാ ദിവസവും സംവരണീയ വിഭാഗത്തിലുള്ള കുട്ടികൾ അഭിമുഖീകരിക്കുന്ന വിവേചനത്തിലല്ല’ എന്ന് സ്ഥാപിക്കാനാണ് അവരുടെ പരിശ്രമങ്ങൾ. നിയമനിർമാണത്തിലേക്ക് നീക്കുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും നമ്മൾ കൂട്ടായി നടത്തണം. ഒപ്പം ഇപ്പോൾ നിലനിൽക്കുന്ന സംവിധാനങ്ങളിലൂടെ നീതി ഉറപ്പുവരുത്താൻ വേണ്ടിയും പരിശ്രമിക്കേണ്ടതുണ്ട്. നിയമപരമായ പരിരക്ഷ ഉണ്ടായിട്ടുപോലും വ്യവസ്ഥാപിത കൊലപാതകങ്ങൾ നടക്കുന്ന ഈ രാജ്യത്ത്, നിയമപരിരക്ഷ ഇല്ലാതെ ഇത്തരം അഗ്രഹാരങ്ങളിൽ ജീവിക്കുക എന്നുള്ളത് ഇവിടുത്തെ ഓരോ വിദ്യാർഥിയും ജീവിതത്തിൽ ഏറ്റെടുക്കുന്ന വലിയ വെല്ലുവിളിയാണെന്നു തന്നെ ഫാത്തിമാ ലത്തീഫിന്റെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ വാർഷികത്തിൽ പറയേണ്ടിയിരിക്കുന്നു.

ഫാത്തിമാ ലത്തീഫിന്റെ വ്യവസ്ഥാപിത കൊലപാതകത്തിന് ഒരു വർഷം തികയുന്ന 2020 നവംബർ 9ന് ഫ്രറ്റേർണിറ്റി മൂവ്മെന്റ് കേരള സംഘടിപ്പിച്ച  ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണം.

ഓസ്ട്രിയയിലെ  സെന്റ്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകയാണ് സ്വാതി.

തയ്യാറാക്കിയത്: ഹനീൻ സി.യു

Top