മെസ്യൂറ്റ് ഓസില്‍: ഒരു താരത്തെ മായ്ച്ചുകളയുന്ന വിധം

ചൈനയിലെ ഉയിഗൂർ മുസ്‌ലിംകൾക്ക് വേണ്ടി ട്വീറ്റ്‌ ചെയ്തതോടെ ചൈനീസ് പ്രക്ഷേപണ പങ്കാളികളായ സിസിടിവി, പി.പി സ്പോർട്സ് എന്നിവർ ആഴ്സണലിന്റെ കളികൾ ബഹിഷ്കരിച്ചു. കമന്റേറ്റർമാർ ഓസിലിന്റെ പേര് പറയാതായി. സാമൂഹ്യ മാധ്യമങ്ങളിൽ അനേകം ഫോളോവേഴ്സ് പിരിഞ്ഞുപോയി. ചൈനയിൽ അദ്ദേഹത്തിന്റെ പേര് തിരഞ്ഞവർക്ക് ഇന്റർനെറ്റിൽ നിന്ന് ‘എറർ സന്ദേശങ്ങൾ’ ലഭിച്ചുതുടങ്ങി. ഓസിൽ എന്ന കളിക്കാരന്റെ മായ്ച്ചുകളയൽ അവിടെ ആരംഭിക്കുകയായിരുന്നു. റോറി സ്മിത്ത് എഴുതുന്നു.

എല്ലാം ആരംഭിച്ചത് ഒരു ട്വീറ്റിലൂടെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിന്‍ജിയാങ് പ്രവിശ്യയിലെ വലിയൊരു വിഭാഗം മുസ്‌ലിം ന്യൂനപക്ഷങ്ങളായ ഉയിഗൂറുകള്‍ക്ക് നേരെ ചൈന നടത്തുന്ന ഞെട്ടിപ്പിക്കുന്ന പീഢനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിശബ്ദത പാലിച്ചപ്പോള്‍, അതിനെതിരെ പരസ്യമായി അപലപിക്കാന്‍ തീരുമാനിക്കുമ്പോൾ, അത് വരുത്തിവെക്കുന്ന അപകട സാധ്യതകളെ കുറിച്ച് മെസ്യൂറ്റ് ഓസിലിന് അറിയാമായിരുന്നു. പരിണിതഫലങ്ങള്‍ ഉണ്ടാകുമെന്ന് സുഹൃത്തുക്കളും ഉപദേശകരും ആഴ്‌സണൽ മിഡ്ഫീല്‍ഡറായ ഓസിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയെ കേവലമൊരു വിപണിയായി അദ്ദേഹം എഴുതിത്തള്ളണം, എങ്കിൽ, രാജ്യത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ‘വെയ്‌ബോയിലെ’ ആറ് ദശലക്ഷം വരുന്ന അദ്ദേഹത്തിന്റെ ഫോളോവേഴ്സ് പൊടുന്നനെ അപ്രത്യക്ഷരാകും. 50,000ത്തോളം സൈനപ്പ് അംഗങ്ങളുള്ള അദ്ദേഹത്തിന്റെ ഫാന്‍ ക്ലബ്ബ് ഇല്ലാതാവും. അദ്ദേഹത്തിന് ഒരിക്കലും ചൈനയില്‍ കളിക്കാന്‍ കഴിയില്ല. ചൈനീസ് ഉടമകളുള്ള ഏതെങ്കിലും ക്ലബ്ബിന്റെ, അല്ലെങ്കില്‍ അവിടെ ബിസിനസ്സ് ചെയ്യാന്‍ താൽപര്യമുള്ള സ്‌പോണ്‍സര്‍മാരുടെ പോലും ശത്രുവായി അദ്ദേഹം മാറും.

എന്നാല്‍, ഇത് അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. ഏതാനും ആഴ്ചകള്‍ക്ക് മുൻപ് എൻബിഎ ടീമായ ‘ഹ്യൂസ്റ്റണ്‍ റോക്കറ്റ്സിന്റെ’ ജെനറല്‍ മാനേജര്‍ ഡാരില്‍ മോറിയുടെ ട്വീറ്റിനോട് സ്ഥാപനപരമായും ശാരീരികമായും ചൈന നടത്തിയ രൂക്ഷമായ പ്രതികരണത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. എന്നിട്ടും ഓസില്‍ അചഞ്ചലനായിത്തന്നെ നിന്നു. മാസങ്ങളോളമെടുത്ത് സിന്‍ജിയാങിലെ സ്ഥിതിഗതികള്‍ പഠിക്കുക, ഡോക്യുമെന്ററികള്‍ കാണുക, വാര്‍ത്താറിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക, തുടങ്ങിയവയില്‍ അദ്ദേഹം വ്യാപൃതനായി. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനനുസരിച്ച് അദ്ദേഹം കൂടുതല്‍ പ്രകോപിതനായി. അതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം വിശ്വസിച്ചു. കേവലം ഈ വിഷയം ഉയര്‍ത്തിക്കാട്ടുക മാത്രമായിരുന്നില്ല, മറിച്ച് തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾക്ക് മേൽ സമ്മര്‍ദ്ദം ചെലുത്തി പ്രസ്തുത വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുക കൂടിയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പ്രത്യേകിച്ച്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഓസിലിന്റെ വിവാഹ ചടങ്ങിലൊക്കെ പങ്കെടുത്ത് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന മനുഷ്യനാണ്.

ഓസിൽ ഉർദുഗാനോടൊപ്പം

അങ്ങനെയാണ് ആ ട്വീറ്റ് ചെയ്യാന്‍ ഓസിൽ തീരുമാനിക്കുന്നത്. ആ ട്വീറ്റിന് ശേഷം അദ്ദേഹം എത്രത്തോളം അൺഫോളോ ചെയ്യപ്പെട്ടുവെന്ന് കൃത്യമായി കണ്ടെത്താനാകും. എല്ലാം നിമിഷ നേരം കൊണ്ട് മാറിയതായി ഓസിലിന് ബോധ്യപ്പെട്ടു. ഫലം പ്രതീക്ഷിച്ചതു പോലെ തന്നെയായിരുന്നു. ഓസിലിന്റെ ട്വീറ്റ് പുറത്തുവന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, ചൈനയിലെ രണ്ട് പ്രക്ഷേപണ പങ്കാളികളായ സിസിടിവി, പിപി സ്‌പോര്‍ട്‌സ് എന്നിവര്‍ ആഴ്‌സണലിന്റെ മത്സരം സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ചു. ആഴ്‌സണലിന്റെ മത്സരം സംപ്രേഷണം ചെയ്യുന്ന വേളകളില്‍ കമന്റേറ്റര്‍മാര്‍ ഓസിലിന്റെ പേര് പറയാന്‍ വിസമ്മതിച്ചു. വീഡിയോ ഗെയിമുകളില്‍ നിന്ന് അദ്ദേഹത്തിന്റെ അവതാര്‍ (ഗെയിമുകളില്‍ ഓരോരുത്തരെ സൂചിപ്പിക്കാനുപയോഗിക്കുന്ന രൂപം) നീക്കം ചെയ്യുകയുണ്ടായി. ചൈനയില്‍ അദ്ദേഹത്തിന്റെ പേര് ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ക്ക് ‘എറര്‍ സന്ദേശങ്ങള്‍’ ലഭിക്കാൻ തുടങ്ങി. ഓസിലിന്റെ അപ്രത്യക്ഷമാവല്‍ അവിടെ തുടങ്ങുകയായിരുന്നു.

വേതനം വെട്ടിക്കുറക്കല്‍

മറുവശത്ത്, ഓസിലിന്റെ പ്രതികരണം ആഴ്‌സണലിന് പൊരുത്തമില്ലാത്തതായിരുന്നു. പരസ്യമായിത്തന്നെ ക്ലബ്ബ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ നിന്ന് അകന്നു. സ്വകാര്യമായി, അത് താരത്തെ ശിക്ഷിക്കുന്നതിന് സമാനമായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റും, 20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റഗ്രാം പേജിലെ പോസ്റ്റും ആഴ്‌സണലിന് മാത്രമല്ല പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്, മറിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വരെ ഗണ്യമായ പ്രശ്‌നങ്ങളുണ്ടാക്കി. എല്ലാത്തിലുമുപരി, ചൈന പ്രീമിയര്‍ ലീഗിന്റെ ഏറ്റവും വലിയ വിദേശ പ്രക്ഷേപണ പങ്കാളിയും, ഏറ്റവും വലിയ വിദേശ വിപണിയുമായിരുന്നു. കൂടാതെ, കോവിഡ് 19ന് മുൻപുള്ള ലോകക്രമത്തില്‍ പോലും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായുള്ള ചെലവുകള്‍ പ്രീമിയർ ലീഗിന് താങ്ങാൻ കഴിയാത്തതായിരുന്നു.

ചൈനയില്‍, വിദേശ രാജ്യങ്ങളിലെ ഒരു അസോസിയേഷനും കളിക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് അധികമാര്‍ക്കും വലിയ ധാരണയില്ലെന്ന് പ്രിമിയര്‍ ലീഗിനും മറ്റു പല ടീമുകള്‍ക്കുമായി ചൈനയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് കമ്പനിയായ ‘റെഡ് ലാന്റേണിന്റെ’ ഡയറക്ടര്‍ സേ ജി പറയുകയുണ്ടായി. ”ചൈനയില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പൂര്‍ണമായും ലീഗിന്റെ നിയന്ത്രണത്തിലാണ്, ലീഗ് കളിക്കാരന്റെ നിയന്ത്രണത്തിലും. ഇത് അവിടെ ഒരു സാംസ്‌കാരിക ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്ന വിധത്തില്‍ ടീമുകളെയും ലിഗിലെ കളിക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്”.

ഇത് മനസ്സിലാക്കിയ ആഴ്‌സണല്‍ എക്‌സിക്യൂട്ടീവുകള്‍ രാഷ്ട്രീയ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ഓസിലിനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍, ക്ലബ്ബ് തുടര്‍ന്നും അവരുമായി ബന്ധം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശം ക്ലബ്ബിന് ലഭിച്ചു. ചൈനീസ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ക്ലബ്ബ് അതിന്റെ വിപണി മെറ്റീരിയലുകള്‍ അയച്ചപ്പോള്‍, എല്ലാ മെറ്റീരിയലില്‍ നിന്നും ഓസിലിനെ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തുകയുണ്ടായി.

ചൈനയുമായുള്ള എൻബിഎയുടെ ബില്യണ്‍ ഡോളര്‍ ബിസിനസ് ബന്ധത്തെ തടസ്സപ്പെടുത്തിയ തരത്തിലുള്ള പൊതു തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി, മത്സരരംഗത്ത് തുടരാന്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പരമാവധി ശ്രമിച്ചു. എന്നാല്‍, ലീഗും അതിന്റെ ക്ലബ്ബുകളും അവരുടേതായിട്ടുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടായിരുന്നു. ഓസിലിന്റെ ട്വീറ്റിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം, പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകള്‍ കളിക്കിടയില്‍ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റിന്’ പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പല തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ ആരംഭിക്കുമെന്ന് ലീഗിനെ അറിയിച്ചു. ആഴ്‌സണലില്‍ കളിക്കുന്ന ‘ഹെക്ടർ ബെല്ലറിന്‍’ അതിന്റെ പ്രധാന വക്താവായിരുന്നു. കഴിഞ്ഞയാഴ്ച, ആഴ്‌സണലിന്റെ ക്യാപ്‌റ്റന്‍ ‘പിയറി എമറിക് ഒബമെയാങ്ങ്’ ആഫ്രിക്കയിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് ശേഷം, ക്ലബ്ബ് സ്വന്തം പ്രസ്താവന ഇറക്കുകയുണ്ടായി. “ഞങ്ങളുടെ നൈജീരിയന്‍ ആരാധകര്‍ക്ക് വേണ്ടി, ഞങ്ങള്‍ അത് ആരംഭിച്ചുകഴിഞ്ഞു. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കുന്നു, ഞങ്ങള്‍ നിങ്ങളെ കാണുന്നു” എന്നായിരുന്നു അത്.

പിയറി എമറിക്ക് ഒബമെയാങ്

ഈ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വീക്ഷണം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്ന് സ്‌പോണ്‍സര്‍ഷിപ്പ് കണ്‍സള്‍ട്ടന്റ് ‘ടിം ക്രോ’ പറയുന്നു. അങ്ങനെ വീക്ഷണമില്ലാതാവുമ്പോള്‍ ആളുകള്‍ നിങ്ങള്‍ക്ക് നേരെ തിരിയുകയും നിങ്ങളുടെ മൂല്യങ്ങളെക്കുറിച്ചും മറ്റുമായി പലതരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുകയും ചെയ്യും. അങ്ങനെയാവുമ്പോള്‍, തെറ്റായ ഒരു പ്രശ്‌നം തെരെഞ്ഞെടുത്ത്, ഒരു രാഷ്ട്രീയ പ്രസ്താവന നടത്തി എന്ന നിലയില്‍ ഓസിലിന്റെ ‘പിഴവ്’ നന്നേ കുറച്ചുകാണിക്കപ്പെടുന്നു.

സമ്മര്‍ സീസണില്‍ പ്രീമിയര്‍ ലീഗിലെ ‘ബ്ലാക്ക് ലൈവ്‌സ് മാറ്ററി’നെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടക്ക് ലോകം വല്ലാതെ മാറിയിരുന്നു. കൊറോണ വൈറസ് മൂന്ന് മാസത്തെ ഇടവേളയിലേക്ക് സോക്കറിനെ കൊണ്ടുപോയി. മറ്റെല്ലാ ക്ലബ്ബുകളെയും പോലെ, ആഴ്‌സണലും സാമ്പത്തിക വ്യതിയാനങ്ങളുമായി പൊരുത്തപ്പെട്ടു. ടീമിൽ നല്ല ശമ്പളം ലഭിച്ചിരുന്ന കളിക്കാരുടെ വേതനം വെട്ടിക്കുറക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ആഴ്‌സണല്‍ പുതിയ ചര്‍ച്ചകളാരംഭിച്ചു. ഉടൻ ഓസിൽ എടുത്ത നിലപാട് അദ്ദേഹവും ക്ലബ്ബും തമ്മിലുള്ള അകലം വർധിപ്പിക്കുന്നതായിരുന്നു.

ചൈനയെക്കുറിച്ചുള്ള തന്റെ ട്വീറ്റിന് ശേഷവും,2020ന്റെ ആദ്യ കുറച്ച് മാസങ്ങളില്‍ ആഴ്‌സണലിനായി ഓസില്‍ മികച്ച രീതിയില്‍ തന്നെ കളിച്ചിരുന്നു. ക്ലബ്ബിന്റെ പുതിയ പരിശീലകനായ മൈക്കല്‍ അര്‍ട്ടേറ്റ മുന്‍ടീമിലെ സഹതാരം കൂടിയായ ഓസിലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, ക്ലബ്ബിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരത്തെ മികച്ച രീതിയില്‍ തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. ആഴ്‌സണലിന്റെ പണമിടപാട് ലഘൂകരിക്കുന്നതിനായി കളിക്കാരുടെ ശമ്പളം കുറക്കാൻ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി നടന്ന ചർച്ചയായിരുന്നു ഇത്. ആ ചര്‍ച്ചകള്‍ ആറ് ആഴ്ചകളോളം നീണ്ടുനിന്നു. ഏപ്രില്‍ അവസാനത്തോടെ ഭൂരിഭാഗം പേരും വേതനം കുറക്കുന്നതിനോട് സമ്മതം മൂളി.

അർട്ടേറ്റയും ഓസിലും

ഓസിലിന് എപ്പോഴും ചോദ്യങ്ങളുണ്ടായിരുന്നു. ക്ലബ്ബ് സമ്പാദ്യം എന്തിനുവേണ്ടി ഉപയോഗിക്കും? ക്ലബ്ബ് ഉടമ പുതിയ നിക്ഷേപങ്ങൾ ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിശദമായ ഉത്തരങ്ങള്‍ക്കായി അദ്ദേഹം ആഴ്‌സണലിന്റെ മുതിര്‍ന്ന നേതൃത്വത്തോട് പലപ്പോഴായി ബന്ധപ്പെട്ടിരുന്നു. കളിക്കാരല്ലാത്ത ക്ലബ്ബ് ജീവനക്കാരെ സംരക്ഷിക്കുന്നതിനായി പണം ഉപയോഗിക്കുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയുമോ എന്നും ഓസില്‍ അന്വേഷിച്ചിരുന്നു. ആ പ്രശ്‌നങ്ങളെ ക്ലബ് അധികൃതർ തൃപ്തികരമായി അഭിസംബോധ ചെയ്യുന്നതായി അദ്ദേഹത്തിന് തോന്നിയിരുന്നില്ല. അവസാന സൂം കോളിന് ശേഷം, ‘ശരിയായ’ കാര്യങ്ങള്‍ മാത്രം ചെയ്യാൻ അര്‍ട്ടേറ്റ തന്റെ കളിക്കാരെ പ്രേരിപ്പിച്ചെങ്കിലും ഓസില്‍ അഭിപ്രായങ്ങളില്‍ ഉറച്ചുനിന്നു.

ജൂണില്‍ 12.5 ശതമാനം വേതന വെട്ടിക്കുറക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിലിലെ ട്രാന്‍സ്ഫര്‍ പശ്ചാത്തലത്തില്‍ കളിക്കാര്‍ക്ക് പേപ്പറുകള്‍ സമര്‍പ്പിച്ചു. മിക്കവരും ഉടനടി ഒപ്പിട്ടു. അര ഡസനിലധികം താരങ്ങള്‍ പോകാന്‍ മടിച്ചുനിന്നു. ഓസില്‍ ഉറച്ചുനിന്നു. വരാനിരിക്കുന്ന അപകട സാധ്യതകൾ അദ്ദേഹത്തിന് നന്നായി ബോധ്യമുണ്ടായിരുന്നു. ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കാനും, അതോടെ ആഴ്‌സണില്‍ തന്റെ കരിയര്‍ അവസാനിക്കുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതില്‍ ഒരു മാറ്റവും സംഭവിച്ചില്ല. അതിനു‌ശേഷം അദ്ദേഹം ആഴ്‌സണലിനായി കളിച്ചിട്ടില്ല. ഓഗസ്റ്റില്‍ (കളിക്കാരിൽ നിന്നുള്ള വേതന ഇളവുകള്‍ ഈടാക്കി രണ്ട് മാസത്തിന് ശേഷം, കോവിഡ് കാരണമായി തുടര്‍ച്ചയായി സംഭവിച്ച സാമ്പത്തിക ആഘാതം ചൂണ്ടിക്കാട്ടി 55 സ്റ്റാഫ് അംഗങ്ങളുമായി കമ്പനി പിരിഞ്ഞതായി പ്രഖ്യാപിക്കുകയുണ്ടായി.

ദിനോസർ

ഓസിലിന്റെ രാഷ്ട്രീയ ആക്റ്റിവിസവും ശമ്പളം വെട്ടിക്കുറക്കുന്നത് വിസമ്മതിച്ചതിനുമപ്പുറം അദ്ദേഹവും ക്ലബ്ബും തമ്മിലുള്ള പിരിമുറുക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഒരു ദിനോസറിനെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടതാണ്. ഈ മാസത്തിന്റെ ആദ്യത്തില്‍, ജീവിതകാലം മുഴുവന്‍ ആഴ്‌സണല്‍ ആരാധകനായ ജെറി ക്വിയുമായി ക്ലബ്ബ് ബന്ധം വേര്‍പെടുത്തിയിരുന്നു. അദ്ദേഹം കഴിഞ്ഞ 27 വര്‍ഷമായി ഒരു വലിയ പച്ച ദിനോസറായി വേഷമിടുന്നു. ഒരുപക്ഷേ, വർഗം പോലും അവ്യക്തമാകുന്ന തരത്തിലാണ് അദ്ദേഹം ഗെയിമുകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്. ആഴ്‌സണലിന്റെ പ്രിയ ചിഹ്നമായ ‘ഗണ്ണേഴ്‌സറസിന്’ പിന്നിലുള്ള മനുഷ്യനാണ് ക്യൂ. അദ്ദേഹത്തെ പുറത്താക്കിയത് പരസ്യ വിഭാഗത്തിന് വലിയൊരു ആഘാതമായിരുന്നു. ഇംഗ്ലീഷ് സ്‌റ്റേഡിയങ്ങളിലേക്ക് ആരാധകര്‍ അനുവദിക്കപ്പെടുന്നത് വരെയും ഗണ്ണേഴ്‌സറസ് മടങ്ങിവരുന്നതുവരെയും ക്യൂവിന് വേതനം നല്‍കാന്‍ സ്വയം സന്നദ്ധനായി ഓസിൽ മുന്നോട്ടുവരികയുണ്ടായി. ഇത് ക്ലബ്ബിനെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചു. ഓസില്‍ ആഴ്‌സണലിനെ ട്രോളുന്നത് പോലെയാണ് അവർക്ക് അനുഭവപ്പെട്ടത്. തീര്‍ച്ചയായും അദ്ദേഹം അങ്ങനെത്തന്നെ ചെയ്തതായിരിക്കാം.

ഗണ്ണേഴ്സറസ്

2018ലെയും 2019ലെയും സമ്മര്‍ ട്രാന്‍സ്ഫറില്‍ ഓസിലിനെ വില്‍ക്കാന്‍ ക്ലബ്ബ് ശ്രമിച്ചിരുന്നു. കരാറിൽ ബാക്കിനിൽക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ താരവുമായി ക്ലബ്ബ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഓസില്‍ വഴങ്ങിയിരുന്നില്ല. എന്തുകൊണ്ടാണ് ഓസില്‍ തയ്യാറാവാതിരുന്നത് എന്നത് മറ്റൊരു ചര്‍ച്ചാവിഷയമാണ്. ഓസില്‍ അടുത്തിടെ വിവാഹിതനായ താരമാണെന്നും, ഒരു മകളുമൊത്ത് ലണ്ടനില്‍ സ്ഥിരതാമസമാക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് ക്ലബ്ബ് മറാന്‍ ആഗ്രഹിക്കാത്തത് എന്നുമാണ് ചിലർ വിശ്വസിക്കുന്നത്. കളിക്കാതെ തന്നെ അദ്ദേഹത്തിന് ലഭിക്കുന്ന മള്‍ട്ടി മില്യണ്‍ ഡോളര്‍ സാലറിയില്‍ അദ്ദേഹം സന്തുഷ്ടനാണെന്ന് പല ആരാധകരും കരുതുന്നു. ഓസിലിനെ ടീമിൽ എടുത്താല്‍ അത് വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭയെയും കഴിവിനെയും കവച്ചുവെക്കുന്നതാണെന്ന് എല്ലാവരും ചിന്തിക്കുന്നു. മാസങ്ങളായി, ലോകക്കപ്പ് നേടിയ മികവുറ്റ പ്ലേമേക്കറെ ഏറ്റവും നല്ല ഫോമിൽ ലഭ്യമായിട്ടും യൂറോപ്പില്‍ ഒരു ക്ലബ്ബും അദ്ദേഹത്തെ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.

അവസാനത്തിന്റെ ആരംഭം!

ആഴ്‌സണലിനോടുള്ള തന്റെ സ്‌നേഹം തന്നെയാണ് ഓസില്‍ അവിടെത്തന്നെ തുടരുന്നതിലുള്ള പ്രേരകം. ഓഫറുകളെക്കുറിച്ച് കൃത്യമായ അറിവുള്ള ഒരു സോക്കര്‍ എക്‌സിക്യൂട്ടീവ് പറയുന്നതനുസരിച്ച്, ഈ സമ്മറില്‍ അദ്ദേഹത്തിന് പോകാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ വലുപ്പം ഏറെയാണെങ്കില്‍ പോലും, അതിനു പുറമെ കരാറിന്റെ മൂന്നില്‍ രണ്ട് ഭാഗം നല്‍കി ക്ലബ്ബില്‍ നിന്നും നീക്കം ചെയ്യാന്‍ ആഴ്‌സണല്‍ വളരെയധികം താൽപര്യപ്പെടുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ അവസ്ഥയുടെ യാഥാര്‍ഥ്യം ശരിക്ക് ബോധ്യമായത്. ഈ സീസണിലെ യൂറോപ്പ ലീഗിനായുള്ള ആഴ്‌സണലിന്റെ ടീമില്‍നിന്നും അദ്ദേഹം ഇതിനകം പുറത്താക്കപ്പെട്ടിരുന്നു. പ്രീമിയര്‍ ലീഗിനായുള്ള പട്ടികയില്‍ ഉള്‍പ്പെടില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, ‘റാപ്പിഡ് വിയന്നക്കെതിരായ’ മത്സരം വ്യാഴാഴ്ച രാത്രി അദ്ദേഹം വീട്ടില്‍ നിന്ന് തത്സമയം ട്വീറ്റ് ചെയ്തിരുന്നു.

ട്രാന്‍സ്ഫര്‍ വിന്‍ഡോ ജനുവരി വരെ അടച്ചതിനാല്‍, ഇപ്പോള്‍ ക്ലബ്ബ് വിടല്‍ അദ്ദേഹത്തിന് സാധ്യമല്ല. അതുവരെ അദ്ദേഹത്തിന് ‘സോക്കര്‍ എക്‌സൈല്‍’ (സോക്കര്‍ പ്രവാസം) തുടരാം. ഇനി ഒരു പോംവഴി ഉണ്ടെന്ന് തോന്നുന്നില്ല. ആ ട്വീറ്റിലൂടെത്തന്നെയാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ആഴ്‌സണല്‍ അതിനോട് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. എവിടെത്തുടങ്ങിയതാണെങ്കിലും 10 മാസത്തിന് ശേഷം, മെസ്യൂറ്റ് ഓസില്‍ എന്ന ഫുട്ബോളർ തന്ത്രപരമായി മായ്ച്ചുകളയപ്പെട്ടിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ചീഫ് സോക്കര്‍ ലേഖകനാണ് റോറി സ്മിത്ത്.

കടപ്പാട്: ദി ന്യൂയോര്‍ക്ക് ടൈംസ്

മൊഴിമാറ്റം: അബ്ദുല്ലത്തീഫ് പാലത്തുങ്കര

Top