കെ.എം. റിയാലു: രാഷ്ട്രീയ ആത്മീയതയും കീഴാള സാഹോദര്യവും
എൺപതുകൾ മുതൽ കേരളത്തിലെ ദലിത്-പിന്നോക്ക-ന്യൂനപക്ഷ സാഹോദര്യ രാഷ്ട്രീയത്തെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കാണ് ജൂൺ എട്ടിന് അന്തരിച്ച കെ.എം. റിയാലു നിർവഹിച്ചത്. ആത്മീയ പ്രബോധനരംഗത്തും സമുദായ രാഷ്ട്രീയത്തിലും നിർണായക സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, ദലിത് പാന്തേഴ്സ് സ്ഥാപക നേതാവ് പന്തളം രാജേന്ദ്രൻ, സാമൂഹിക പ്രവർത്തകനും പ്രമുഖ അംബേഡ്കറൈറ്റുമായ വി.പ്രഭാകരൻ, കേരള ദലിത് പാന്തേഴ്സ് സ്ഥാപക പ്രസിഡന്റും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റുമായ കെ.അംബുജാക്ഷൻ എന്നിവർ അനുസ്മരിക്കുന്നു.
പാന്തർ പ്രസ്ഥാനത്തിന് ഉയിരേകിയ അഞ്ഞൂറ് രൂപ
- പന്തളം രാജേന്ദ്രൻ
കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് അന്തരിച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മനുഷ്യസ്നേഹിയും, സർവോപരി ദലിത് ചിന്തകനും കൂടിയായിരുന്ന കെ.എം. റിയാലു സാഹിബിൻ്റെ മരണവാർത്തയറിഞ്ഞപ്പോൾ വളരെയധികം വേദനയും ദുഖവുമുണ്ടായി. അതിന് ഒട്ടേറെ കാരണങ്ങളുമുണ്ട്. ദലിത് എന്ന പദം പോലും മലയാളികൾക്ക് അന്യമായിരുന്ന തൊള്ളായിരത്തി എൺപത്തിയേഴ് കാലഘട്ടം – ദലിത് എന്ന പദത്തെയും അത്തരം ചിന്താഗതിക്കാരെയും മാവോയിസ്റ്റുകളേക്കാൾ വലിയ തീവ്രവാദികളായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റു പാർട്ടികൾ കാണുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തുകൊണ്ടിരുന്ന കാലം. ഈ കാലത്താണ് ദലിത് പ്രവർത്തനം നടത്താൻ വേണ്ടി കോഴിക്കോട് എത്തിചേരുന്നത്.
ആരുമായും വലിയ പരിചയമില്ലാത്ത കാലം. അങ്ങനെ ഒരു ദിവസം പാളയത്തു വെച്ച് നാട്ടുകാരനായ ഒരു സുഹൃത്തിനെ പരിചയപ്പെടുകയുണ്ടായി. കോഴിക്കോട് ഒരു കോളേജിൽ പഠിക്കുകയാണന്നു പറഞ്ഞു. അയാളെയും കൂട്ടി പാളയം പള്ളിയോടു ചേർന്നുള്ള അഹ്സ ലോഡ്ജിൻ്റെ ഒരു മുറിയിൽ പ്രവർത്തിക്കുന്ന കേരള ഇസ്‌ലാമിക് മിഷൻ (കിം) എന്ന സ്ഥാപനത്തിലെത്തി. ദലിത് പ്രവർത്തകരാണന്നു പറഞ്ഞപ്പോൾ സ്ഥാപനത്തിൻ്റെ ഓഫീസ് സെക്രട്ടറി അബാസ്, ഡയറക്ടർ കെ.എം. റിയാലുവിനെ വിളിച്ചുവരുത്തി കാര്യങ്ങൾ സംസാരിച്ചു. ദലിത് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൻ്റെ കാര്യങ്ങൾ സംസാരിക്കാം, കുറച്ചു ദിവസം ഇവിടെ തന്നെ താമസിക്കാം എന്നു പറഞ്ഞുകൊണ്ട് ആ ലോഡ്ജിൽ തന്നെ റിയാലു സാഹിബ് ഒരു ഡബിൾ റൂം പറഞ്ഞ് ഏർപ്പാടു ചെയ്തു. അവിടെ താമസിച്ചു കൊണ്ട് ഞാനും കോഴിക്കോട്ടു വെച്ച് പരിചയപ്പെട്ട സുഹൃത്തും കൂടി കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലുള്ള കോളനികളിലൊക്കെയും, ചില കോളേജുകളിലും സ്കൂളുകളിലുമൊക്കെ അംബേഡ്കർ ആശയം പ്രചരിപ്പിക്കാൻ തുടങ്ങി.
അതിനുശേഷം വി.പ്രഭാകരൻ, രാജു തോമസ് തുടങ്ങിയവരെ പരിചയപ്പെട്ടത് ദലിത് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് അൽപം കൂടി കരുത്തുപകർന്നു. അങ്ങനെ ആ ലോഡ്ജിൽ നിന്നും താമസം കല്ലായി റോഡിലെ അറഫാ ബിൽഡിംഗിലുള്ള ദലിത് കൾച്ചറൽ ഫോറത്തിൻ്റെ ഓഫീസിലേക്കു മാറ്റി. ഈ സമയമെല്ലാം റിയാലു സാഹിബ് എന്ന മനുഷ്യസ്നേഹിയുടെ സഹായത്തോടു കൂടിയാണ് കഴിയുന്നത്. ദലിത് കൾച്ചറൽ ഫോറം പുറത്തിറക്കിയ അംബേഡ്കറിന്റെ ജാതി നിർമൂലനമടക്കം നിരവധി പുസ്തകങ്ങളും ലഘുലേഖകളും, ബംഗളൂരുവിൽ നിന്നും വി.ടി. രാജശേഖർ പ്രസിദ്ധീകരിക്കുന്ന ദലിത് വോയ്സിൻ്റെ മലയാളം പതിപ്പൊക്കെയും അച്ചടിക്കുന്നതിൽ റിയാലു സാഹിബിൻ്റെ പങ്കാളിത്തം വളരെ പ്രശംസനീയമായിരുന്നു.
ഏതു പാതിരാത്രിയിലും എന്താവശ്യത്തിനു വിളിച്ചാലും അദ്ദേഹം ഞങ്ങളോട് യാതൊരു പരിഭവവും പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തിൻ്റെ വീട് എനിക്കു സ്വന്തം വീടുപോലെയായിരുന്നു. അതിന് അദ്ദേഹം പറയുന്നത്, എൻ്റെ ഉപ്പയും ഉമ്മയും ഒരു കാലത്ത് മലബാറിലെ ചെറുമനോ കണക്കനോ തീയ്യനോ ആയിരുന്നു, അതുകൊണ്ടുതന്നെ ദലിതരൊക്കെ എൻ്റെ സഹോദരങ്ങളാണ് എന്നാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രധാന സംഘാടകരിലും നേതാക്കളിലും ഒരാളായിരുന്നു അദ്ദേഹം. മാധ്യമം അടക്കം ജമാഅത്തെ ഇസ്‌ലാമിയുടെ പല സ്ഥാപനങ്ങളുടെയും സൃഷ്ടിയിൽ റിയാലു സാഹിബിൻ്റെ ബലിഷ്ടമായ കരങ്ങൾ പതിഞ്ഞിട്ടുണ്ട്.
കേരളത്തിൽ ദലിത്-മുസ്‌ലിം-പിന്നോക്ക ഐക്യം എന്ന ആശയം കെട്ടിപ്പടുക്കുന്നതിലും, ജമാഅത്തെ ഇസ്‌ലാമിയെക്കൊണ്ട് ഈ ആശയം സംഘടനയുടെ നയമാക്കി മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചത് രിയാലു സാഹിബായിരുന്നു. ഇന്നത്തെ വെൽഫെയർ പാർട്ടിയുടെ ആശയമൊക്കെ അദ്ദേഹത്തിൻ്റെ മനസിലുണ്ടായിരുന്നതാണ്.
1988 കാലത്ത് ദലിത്-മുസ്‌ലിം-പിന്നോക്ക ഐക്യം, മാധ്യമം ദിനപത്രത്തിൻ്റെ പ്രചരണം തുടങ്ങിയ കാര്യങ്ങളുമായി എസ്ഐഒയുടെ പ്രസിഡൻ്റും പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും, ഇപ്പോൾ അഖിലേന്ത്യാ സെക്രട്ടറിയുമായ ആരിഫലി സാഹിബ്, ടി. മുഹമ്മദ് സാഹിബ് തുടങ്ങിയവരുമായി അനേകം യാത്രകൾ ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ശാന്തപുരം ഇസ്‌ലാമിയ കോളേജ്, വാടാനപ്പള്ളി ഓർഫനേജ് തുടങ്ങിയ സ്ഥാപനങ്ങളൊക്കെ സന്ദർശിക്കാനും, നിരവധി വ്യക്തികളെ പരിചയപ്പെടാനും, നിരവധി പരിപാടികളിൽ പങ്കെടുക്കാനും കഴിഞ്ഞു. വാടാനപ്പള്ളിയിലെ സന്ദർശനത്തിലാണു ‘മാധ്യമത്തിൻ്റെ’ പ്രചരണാർഥം ചാവക്കാട്ടുള്ള വലിയ ബീഡി കച്ചവടം നടത്തുന്ന ഒരാളുടെ വീട്ടിൽ പോകാനിടയായത്. അന്ന് ബീഡി കച്ചവടം അനിസ്‌ലാമികമാണന്നും ഇത് തുടരരുതെന്നും അദ്ദേഹത്തെ റിയാലു സാഹിബ് ഉപദേശിച്ചു. അദ്ദേഹം പിന്നീട് ആ കച്ചവടം നിർത്തുകയുണ്ടായി. ആ യാത്രയിൽ കേരളത്തിലെ അനേകം ദലിത്-മുസ്‌ലിം-പിന്നോക്ക നേതാക്കളെ പരിചയപ്പെടാൻ കഴിഞ്ഞത് വളരെയധികം സന്തോഷമുള്ള കാര്യമാണ്.
ദലിത്-മുസ്‌ലിം-പിന്നോക്ക ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണന്ന് ലോകത്തെ അറിയിക്കണം എന്നൊരാശയം അദ്ദേഹത്തിൻ്റെ മനസിലുദിച്ചു. അങ്ങനെയുണ്ടെങ്കിൽ കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖ അംബേഡ്കറൈറ്റും അംബേഡ്കറോടൊപ്പം ജീവിക്കുകയും ചെയ്ത ടി.കെ.നാരായണൻ സാറിൻ്റെ വീട്ടിലെത്തി അദ്ദേഹവുമായി നടത്തിയ ചർച്ച ഷൂട്ടു ചെയ്തു. വി.പ്രഭാകരനും രാജു തോമസും ഞാനും റിയാലു സാഹിബും ടി. മുഹമ്മദ് സാഹിബും ചർച്ചയിൽ പങ്കെടുത്തു. ആ ചർച്ച കാസറ്റാക്കി ഗൾഫ്നാടുകളിലും മറ്റും പ്രചരിപ്പിച്ചു. അങ്ങനെ ആ ആശയം പ്രചരിച്ചു.
കേരളത്തിലെ ദലിത് യുവാക്കളുടെ ആശയവും ആവേശവുമായി മാറിയ ‘ദലിത് പാന്തർ’ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിലും റിയാലു സാഹിബിൻ്റെ എഴുതിത്തള്ളാൻ കഴിയാത്ത നിർണായക പങ്കുണ്ട്. അദ്ദേഹം തന്ന അഞ്ഞൂറു രൂപയാണു ദലിത് പന്തർ പ്രസ്ഥാനം കേരളത്തിൽ രൂപം കൊള്ളുന്നതിനു കാരണമായത്. 1988ൽ കോട്ടയത്ത് സീഡിയൻ്റ സമ്മേളനം നടക്കുന്നതായും ആ സമ്മേളനത്തിൽ ദലിത് പാന്തേഴ്സ് അഖിലേന്ത്യാ പ്രസിഡൻ്റ് പ്രൊഫ.അരുൺ കാംബ്ളേ പങ്കെടുക്കുന്നതായും പത്രവാർത്ത കണ്ടു. സമ്മേളനത്തിൻ്റെ തലേ ദിവസത്തെ പത്രത്തിലായിരുന്നു വാർത്ത. വാർത്ത കണ്ട ഉടനെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ഞാൻ വിളിച്ചു. ഞങ്ങൾ രണ്ടു പേർക്ക് കോട്ടയത്ത് വരെ പോകാൻ വണ്ടിക്കൂലിക്കും ഭക്ഷണം കഴിക്കാനുമുള്ള പൈസ വേണമെന്നു പറഞ്ഞു. കാര്യം കേട്ടപ്പോൾ എപ്പോഴാണു പോകുന്നതെന്നു ചോദിച്ചു. വൈകീട്ട് പോകണമെന്നു പറഞ്ഞു. പോകാൻ നേരം വീടു വഴി ചെല്ലാൻ പറഞ്ഞു. ചെന്നപ്പോൾ അഞ്ഞൂറു രൂപ എടുത്തുതന്നു. കോളേജ് വിദ്യാർഥിയായ സുഹൃത്തിനെയും കൂട്ടി കോട്ടയത്തേക്കു പോയി സമ്മേളന സ്ഥലത്തെത്തി അരുൺ കാംബ്ളേയെ കണ്ടു. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെയും ഭാര്യ അബാനി കാംബ്ളേയെയും പന്തളത്തുള്ള എൻ്റെ വീട്ടിൽ കൊണ്ടുവന്നു യോഗം നടത്തി ദലിത് പാന്തേഴ്സിനു രൂപം നൽകി.
അതിനുശേഷം അദ്ദേഹം ഇൻഡ്യ മുഴുവൻ ദലിത്-മുസ്‌ലിം-പിന്നോക്ക ഐക്യം എന്ന ആശയം എത്തിക്കുന്നതിനു വേണ്ടി, പ്രായാധിക്യവും ആരോഗ്യവും നോക്കാതെ ഓടിനടക്കുകയായിരുന്നു
അദ്ദേഹത്തെ കാണാനുള്ള അതിയായ ആഗ്രഹമുണ്ടായിട്ടും ഇരുപത്തെട്ടു വർഷത്തോളം കാണാൻ സാധിച്ചില്ല. ഒരിക്കൽ ബാംസെഫിൻ്റെ കേരളത്തിലെ ഓർഗനൈസർ ബൽബാരി പാസ്വാനാണു അദ്ദേഹവും മകനും ബാംസെഫിലുണ്ടെന്നു പറയുന്നത്. പാസ്വാൻ്റ കയ്യിൽ നിന്നും നമ്പർ വാങ്ങി അദ്ദേഹത്തെ വിളിച്ചു. വളരെ സന്തോഷകരമായ ഒരു നിമിഷമാണു അതു സമ്മാനിച്ചത്. കോഴിക്കോടു നിന്നും മാറി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണു താമസിക്കുന്നതെന്നു പറഞ്ഞു. കഴിഞ്ഞ വർഷം ഞാൻ പാലക്കാട്ട് ഒരു പരിപാടിക്ക് പോയപ്പോൾ എനിക്കദ്ദേഹത്തെ കാണണമെന്നു പറഞ്ഞു. അദ്ദേഹം എന്നെയും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പാലക്കാട് ട്രയിനിറങ്ങി മണ്ണാർകാട് വരെ വരുന്നത് പ്രയാസമാണെന്നും അമൃത എക്സ്പ്രസ് വരുന്ന സമയത്ത് ഞാൻ അവിടെ വരാം എന്നും എന്നോടു പറഞ്ഞു. ഞാൻ പാലക്കാട് ട്രയിൻ ഇറങ്ങുമ്പോൾ അദ്ദേഹമവിടെ എത്തിയിരുന്നു. കണ്ടപ്പോൾ മോനേ എന്നു പറഞ്ഞു കെട്ടിപ്പിടിക്കുകയായിരുന്നു. ഇരുപത്തെട്ടു വർഷങ്ങൾക്കു ശേഷമുള്ള ആ കണ്ടുമുട്ടൽ വളരെ സന്തോഷം പകർന്ന ഒരു നിമിഷമായിരുന്നു. എന്നോടൊപ്പം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. ഓരോ ചായയും കുടിച്ച് കെട്ടിപ്പിടിച്ച് പിരിഞ്ഞു.
അതിനുശേഷം ഇടക്കൊക്കെ വിളിച്ചു ക്ഷേമാന്വേഷണം നടത്തുമായിരുന്നു. അവസാനമായി കഴിഞ്ഞ മാസം വിളിക്കുമ്പോൾ ഫോൺ എടുത്തത് മകനായിരുന്നു. ‘ബാപ്പക്ക് നല്ല സുഖമില്ല. സംസാരിക്കാൻ കഴിയില്ല, മറ്റു കുഴപ്പമൊന്നുമില്ല. വിളിച്ച കാര്യം ഞാൻ പറഞ്ഞു കൊള്ളാം’ എന്ന് എന്നോട്ടു പറഞ്ഞു. പക്ഷേ ഇന്നത്തെ വാർത്ത വളരെയധികം ദുഃഖമുണ്ടാക്കി. അദ്ദേഹത്തിൻ്റെ മരണവാർത്ത ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല.
റിയാലു സാഹിബിനെ പരിചയപ്പെടുന്നതിനു മുമ്പും ശേഷവും അനേകം മുസ്‌ലിംകളെ പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർഥ ഇസ്‌ലാം എന്താണന്നും, അവർ മറ്റു സമുദായങ്ങളോട് പ്രത്യേകിച്ച് പാർശ്വവൽകരിക്കപ്പെട്ട ദലിതരോട് എങ്ങനെ പെരുമാറണമെന്നും, അതുപോലെ ദലിതർ ഇസ്‌ലാമിനോട് എങ്ങനെ പെരുമാറണം എന്നും പഠിപ്പിച്ചത് റിയാലു സാഹിബായിരുന്നു. അദ്ദേഹം ഒരു ഇസ്‌ലാമിക പണ്ഡിതൻ മാത്രമല്ലായിരുന്നു. ദലിത് വിഷയങ്ങളിലും അംബേഡ്കറിസത്തിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൻ്റെ മരണം മുസ്‌ലിം സമുദായത്തിനു മാത്രമല്ല ദലിത് സമുദായത്തിനും തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിൻ്റെ മരണത്തിൽ വ്യക്തിപരമായും, കെഡിപിയുടെ സംസ്ഥാന കമ്മിറ്റിയുടെ പേരിലും അതിയായ ദുഃഖവും ആദരാജ്ഞലിയും അർപ്പിക്കുന്നു.
___________________________
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വ്യക്തിത്വം
- വി. പ്രഭാകരൻ
ബ്രദർ റിയാലുവിന്റെ ജീവിതവും, അതേക്കുറിച്ചുള്ള ഓര്‍മ്മകളും അവിസ്മരണീയമാണ്. എൺപതുകളുടെ തുടക്കത്തില്‍, ഞാനെന്റെ ദലിത്-അംബേഡ്കറൈറ്റ് ചിന്തകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉടനീളം സജീവമായിരുന്ന സമയത്ത്, ബസ്സുകളിലോ, ട്രെയിനുകളിലോ ഒക്കെ യാത്ര ചെയ്യുന്ന സമയത്ത്, കൂടെയുള്ള യാത്രക്കാരെ പരിചയപ്പെടുകയോ അവരുമായി ആശയ സംവാദം നടത്തുകയും അവര്‍ക്ക് നമ്മുടെ ചിന്തകള്‍ പരിചയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് എന്റെ പതിവ് പരിപാടിയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിമൂന്നിലോ, നാലിലോ ആയിരുന്നിരിക്കണം, അങ്ങനൊരു ട്രെയിൻ യാത്രക്കിടെ സൈഡ് സീറ്റില്‍ ഇരുന്നു കൊണ്ട് ഒരാൾ, ഞങ്ങളുടെ ചർച്ചകൾ ശ്രദ്ധിക്കുകയും ഇടയ്ക്കിടെ കൈയിലുള്ള പുസ്തകം വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ട്രെയിനിലിരുന്ന് വായിക്കുക എന്നത് അന്ന് പുതുമയുള്ളതായിരുന്നതിനാൽ, ചർച്ചകൾക്ക് ശേഷം ഞാനയാളുമായി പരിചയപ്പെട്ടു. അതായിരുന്നു റിയാലു. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദമാരംഭിക്കുന്നത്. പിന്നീടത് ഒരുപാട് അനുഭവങ്ങളുടെയും സംഭവങ്ങളുടെയും തുടർച്ചയുള്ള ഒരു ബന്ധമായിത്തീർന്നു. അദ്ദേഹം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയത്തില്‍ വളരെ അധികം ആകൃഷ്ടനാവുകയും, അത് അടുത്തൊരു വ്യക്തി ബന്ധം രൂപപ്പെടുത്തുകയും ചെയ്തു.
കോഴിക്കോട് ചിന്താവളപ്പിലെ കോര്‍ട്ടേഴ്സിൽ ഞാൻ താമസിക്കുന്ന കാലഘട്ടത്തില്‍, അവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു റിയാലു. അദ്ദേഹത്തിന്റെ വീടും ടൗണിൽ മറ്റൊരു ഭാഗത്തായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനുമൊരു സ്ഥിരം സന്ദര്‍ശകനായിരുന്നു. ഞങ്ങൾ തമ്മില്‍ നിരന്തരമായ ചർച്ചകൾ, ആശയ സംവാദങ്ങൾ, ഹിന്ദുത്വത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്നിവ പങ്കുവെക്കാറുണ്ടായിരുന്നു. എന്റെ ലൈബ്രറി എല്ലാം അദ്ദേഹം വളരെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. പ്രായോഗിക തലത്തില്‍ ഈ ചിന്തകളെല്ലാം നടപ്പിലാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഞാനും അതേ അഭിപ്രായക്കാരനായിരുന്നു. ആ ബന്ധം കുറച്ചുകാലം നീണ്ടുനിന്നു.
ദലിത്-മുസ്‌ലിം സാഹോദര്യ രാഷ്ട്രീയത്തിന്റെ ചിന്തകൾ കേരളത്തിൽ ഞങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, ഇക്കാര്യത്തിൽ കോഴിക്കോടിൽ റിയാലു സാഹിബ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. അറിയപ്പെടുന്ന ഇസ്‌ലാമിക പ്രവർത്തകനും പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതൃനിരയിലുള്ള പ്രൊഫ. പി കോയയോടും സിമിയുടെ പ്രധാനപ്പെട്ട നേതാവായിരുന്ന വി.എം. ഫസലുള്ളയോടുമുള്ള ബന്ധത്തിന് പുറമെ, പ്രായോഗിക തലത്തില്‍ ഈ മനുഷ്യന്‍ വലിയൊരു മാതൃകയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നതിലും, ദലിത്-മുസ്‌ലിം സൗഹൃദങ്ങള്‍ പ്രായോഗികവൽകരിക്കുന്ന രീതികളിലും – പ്രത്യേകിച്ച് മാധ്യമം പത്രം രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍, സജീവമായി പ്രവര്‍ത്തിച്ച ഒരാളായിരുന്നു അദ്ദേഹം.
ആ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ മുമ്പില്‍ ഒരു പ്രപ്പോസൽ വയ്ക്കുകയുണ്ടായി. മാധ്യമങ്ങളെന്നത് പൊതുബോധത്തെ സ്വാധീനിക്കുന്ന ഒരു മേഖലയാണ്. ആയതിനാൽ മാധ്യമത്തിന്റെ രൂപീകരണത്തിലും സ്ഥാപിക്കുന്നതിലും ദലിതരെ കൂടി ഉൾക്കൊള്ളിക്കുകയാണെങ്കിൽ അത് വളരെ നല്ലൊരു സന്ദേശമാവും പൊതുസമൂഹത്തിന് നൽകുക. ആ സമയത്ത് ദലിതര്‍ക്കിടയിൽ അത്രയധികം പത്രപ്രവർത്തകരെയും ആളുകളെയും കണ്ടെത്താന്‍ ഞങ്ങളെക്കൊണ്ട് സാധിച്ചിരുന്നില്ല. അതുകൊണ്ട് സ്റ്റാഫ് പോലുള്ള വിഭാഗങ്ങളിൽ ദലിതരെ കൂടി ഉള്‍പ്പെടുത്താമെന്നായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. അക്കാലത്ത് നിരന്തര ബന്ധമുണ്ടായിരുന്ന, പലപ്പോഴും വീടുകളില്‍ ഒക്കെ പോയിരുന്ന, ഒരു ദലിത് ആക്ടിവിസ്റ്റുണ്ടായിരുന്നു, ടി.പി. വേലായുധൻ. ഒരു കല്ലുവെട്ട് തൊഴിലാളിയായിരുന്ന അദ്ദേഹം ആ സമയത്ത് കായികമായി ജോലി ചെയ്യാനാവാതെ, നെഞ്ചുവേദനയുമായി വളരെ ബുദ്ധിമുട്ടി വീട്ടില്‍ കഴിയുകയായിരുന്നു. ഞാൻ റിയാലു സാഹിബിനോട്, വേലായുധന്റെ പേര് നിര്‍ദ്ദേശിക്കുകയും, അദ്ദേഹത്തിന് അവിടെ എന്തെങ്കിലും ജോലി നൽകാൻ അഭ്യര്‍ഥിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ അത് പ്രവര്‍ത്തകര്‍ക്കിടയിൽ വളരെ നല്ല ഒരു സന്ദേശമാവും എന്നും പറഞ്ഞു. അദ്ദേഹം അത് ഗൗരവമായി എടുക്കുകയും, വേലായുധനെ കാണുകയും, അദ്ദേഹത്തിന് പാക്കിങ് സെക്ഷനിൽ ജോലി കൊടുക്കുകയും ചെയ്തു. അദ്ദേഹം അവിടെ ദീര്‍ഘകാലം ജോലി ചെയ്യുകയും അടുത്തിടെ വിരമിക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ജോലി ഒരു വലിയ അനുഗ്രഹമായിരുന്നു.
ഞാൻ പറഞ്ഞു വന്നതെന്തെന്നാൽ, ഇത്തരത്തിൽ, ആശയത്തെ പ്രായോഗികവൽകരിക്കുന്നതിൽ റിയാലു സാഹിബിന് വലിയ താല്‍പര്യമായിരുന്നു. അതിനൊരു ഉദാഹരണമായിരുന്നു ഇത്. ഇങ്ങനെ നിരവധി പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്റെ പിന്തുണ നമുക്കുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് പ്രസിദ്ധീകരണ രംഗത്ത്. ഞാൻ പ്രസിദ്ധീകരിച്ച ഏറ്റവും വലിയ പുസ്തകം എന്ന് പറയുന്നത്, അംബേദ്കറുടെ ജാതി നിർമൂലനം ആണ്. അതിന്റെ പ്രസിദ്ധീകരണത്തില്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ കിട്ടിയിട്ടുണ്ട്. വാസ്തവത്തില്‍ അങ്ങനൊരു പിന്തുണ ഇല്ലായിരുന്നെങ്കില്‍, അന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു തുക സമാഹരിക്കുന്നതിൽ ഞാൻ വളരെ ബുദ്ധിമുട്ടിയേനെ. അത്തരം കാര്യങ്ങളിലെല്ലാം, അദ്ദേഹം വളരെ ആത്മാര്‍ത്ഥതയേടെ,അർപ്പണബോധത്തോടുകൂടി ഇടപെടുകയും, നമ്മൾക് വലിയ സഹായങ്ങൾ ചെയ്തിട്ടുമുണ്ട്. മൊത്തത്തില്‍ മുസ്‌ലിം സമൂഹവുമായുള്ള ബന്ധം വളരെ ഊഷ്മളമാക്കുന്നതിൽ, അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
യാതൊരു ജാഡയുമില്ലാതെ, വളരെ തുറന്ന മനസ്സോടെയാണ് അദ്ദേഹം ജനങ്ങളോട് ഇടപെട്ടിരുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ വശ്യതയും. മറ്റ് പല പ്രവര്‍ത്തകരിൽ നിന്നും വ്യത്യസ്തമായി അദ്ദേഹത്തെ നിലനിര്‍ത്തുന്ന ഒരു ഘടകം ഇതായിരുന്നു. ഉദ്ദേശിച്ച സംഗതികളും, വിഷയങ്ങളും ആശയവിനിമയം നടത്താനുതകുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തിന്റെ ജീവിതം ധന്യമാക്കിയിട്ടുള്ളത്. ഒരുപാട് ആളുകള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും, അവര്‍ക്കൊക്കെ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എവിടെചെന്നാലും അദ്ദേഹത്തിന്റെ ശൈലി അടിസ്ഥാനപരമായി ഇതുതന്നെയായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവുമായി എനിക്ക് തോന്നിയിട്ടുള്ളത്.
പിന്നീട് ഞാന്‍ വ്യത്യസ്ത മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങൾ മാറ്റി. അദ്ദേഹവും പല തലങ്ങളിലേക്കും തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്കും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു. കോഴിക്കോടിന്റെ പരിധിയില്‍ നിന്നൊക്കെ വളരെ വിപുലമായ തലത്തിലേക്ക് അദ്ദേഹം മാറി. തമിഴ്‍നാട്ടിലും, കര്‍ണാടകയിലും, ആന്ധ്രയിലും, അതുപോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ അദ്ദേഹം വ്യാപകമായി സഞ്ചരിക്കുകയും വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ ഒക്കെ ഏര്‍പ്പെടുകയും ചെയ്തു എന്നതാണ് എനിക്ക് അറിയാൻ സാധിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി എനിക്ക് ബന്ധം ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളില്‍ നിന്നായി അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. പലപ്പോഴും സ്ഥിരമായി ഫോണില്‍ വിളിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ക്യു.ടി മുഹമ്മദ് കുട്ടിയുമായി എനിക്ക് സ്ഥിരമായ അടുപ്പമുണ്ടായിരുന്നു. കുറച്ചുകാലം മുന്നേ റിയാലു സാഹിബിനെ ഒന്ന് നേരിട്ട് കാണണം എന്ന് തോന്നിയപ്പോൾ, ക്യുടിയുമായി ബന്ധപ്പെട്ട് അദ്ദേഹം താമസിക്കുന്ന സ്ഥലം പെരിന്തല്‍മണ്ണയില്‍ നിന്ന് മാറിയാണ് എന്ന് അറിയുകയും, അവരോടൊപ്പം ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ പോവുകയും ചെയ്തു. വളരെ അടുത്ത്, രണ്ടോ നാലോ മാസം മുമ്പ് വരെ, അദ്ദേഹത്തിന്റെ അടുത്ത് പോയി നേരിട്ട് കാണാറുണ്ടായിരുന്നു. അന്നൊക്കെ, കിടപ്പിലായ അവസ്ഥയിലായിരുന്നെങ്കിൽ പോലും വളരെയധികം ആത്മവിശ്വാസത്തോടെയും, ധാരണയോടും കൂടിയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും അംബേഡ്കറൈറ്റ്-ദലിത് ചിന്തകൾ കേരളത്തില്‍ പരിചയപ്പെടുത്താനും അതുപോലെ തന്നെ അത് വ്യാപിപ്പിക്കാനുമുള്ള എന്റെ ശ്രമത്തില്‍, എന്നെ വളരെയധികം സഹായിച്ചിട്ടുള്ള വലിയൊരു മനുഷ്യനാണ് റിയാലു സാഹിബ്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സൗഹൃദമായിരുന്നു അത്. അദ്ദേഹത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇനി വരും തലമുറകള്‍ക്ക് കൂടുതൽ ആവേശം പകരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ സജീവമായ നേതൃത്വത്തില്‍ നിന്ന് അദ്ദേഹം പിന്നീട് എന്തോ കാരണങ്ങൾ കൊണ്ട് മാറിപ്പോവുകയും സ്വതന്ത്രമായ രീതിയില്‍ പല തലങ്ങളിലും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണുണ്ടായിട്ടുള്ളത്. അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് വിശദമായിട്ടറിയില്ല. അദ്ദേഹം മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രവര്‍ത്തനങ്ങളിലായതോടെ അദ്ദേഹവുമായി ബന്ധപ്പെടുന്നത് വളരെ കുറവായിരുന്നു. എന്തായാലും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ വളരെ ഊഷ്മളമാണ്, അവിസ്മരണീയമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തീര്‍ച്ചയായും രേഖപ്പെടുത്തേണ്ട വ്യക്തിത്വമാണ് റിയാലു സാഹിബ്.
__________________________
സാഹോദര്യത്തിൻ്റെയും സമഭാവനയുടെയും പ്രതീകം
- കെ.അംബുജാക്ഷൻ
എനിക്കു വ്യക്തിപരമായും, ദലിത് സംഘടനാ പ്രവർത്തനം ചെയ്തുപോന്നിരുന്ന മറ്റുപലർക്കും അതിരുകളില്ലാത്ത സ്നേഹസാഹോദര്യങ്ങളുടെ നിറവാണു നഷ്ടമാകുന്നത്. അത്യന്തം വ്യസനത്തിനു കാരണമാകുന്നുണ്ട് റിയാലു സാഹിബിൻ്റെ വേർപാട്. 1986ൽ ഞാൻ കോഴിക്കോട് ആർഇസിയിൽ വിദ്യാർഥിയായിരിക്കെ, ജ്യേഷ്ഠസഹോദരനും അംബേഡ്കറൈറ്റുമായിരുന്ന പ്രൊഫ. രാജു തോമസിനൊപ്പം കിമ്മിൽ (കേരള ഇസ്‌ലാമിക് മിഷൻ) വെച്ചാണ് റിയാലു സാഹിബിനെ കണ്ടുമുട്ടിയത്. ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവും പണ്ഡിതനുമായിരുന്ന അദ്ദേഹം തികഞ്ഞ സാഹോദര്യത്തോടെയും സമഭാവനയോടെയുമാണ് കേവലം ഇരുപതുകാരനായിരുന്ന എന്നോട് ഇടപെട്ടതും സംസാരിച്ചതും. അന്നുണ്ടായ പരിചയം പിന്നീട് ആഴത്തിലുള്ള ആത്മബന്ധമായി വളരുകയായിരുന്നു. എന്നെക്കൂടാതെ, ഗിരീഷ് കുമാർ കോട്ടയവും, അനിൽകുമാർ വടകരയും മറ്റു പലരും ഈ ആത്മബന്ധത്തിൻ്റെ ഭാഗമായിത്തീരുകയുണ്ടായി. പൊതുസമൂഹത്തിൽ, പ്രത്യേകിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിൽ വളരെ സമുന്നതനും വലിയ തിരക്കുള്ള വ്യക്തിത്വവുമായിരുന്നിട്ടും വിദ്യാർഥികളായിരുന്ന ഞങ്ങളോടുണ്ടായിരുന്ന ആത്മബന്ധത്തിന് തെല്ലിടപോലും ഭംഗം വരുത്താതെ അദ്ദേഹം തുടരുകതന്നെ ചെയ്തുപോന്നു.
എൺപതുകളുടെ മധ്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ദലിത് ആശയ പ്രചാരണങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ച സന്ദർഭങ്ങളിൽ അദ്ദേഹത്തിൻ്റെ ഭവനം ഞങ്ങൾക്കൊരു അഭയകേന്ദ്രമായി വർത്തിച്ചു പോന്നു. എപ്പോൾ വേണമെങ്കിലും അവിടെ കടന്നുചെല്ലുന്നതിനും, ഏതു തരത്തിലുള്ള സഹായ സഹകരണങ്ങൾ ലഭ്യമാകുന്നതിനും തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏതു പ്രതിസന്ധികൾക്കും അദ്ദേഹത്തെ സമീപിച്ചാൽ പരിഹാരം നിശ്ചയമായിരുന്നു. കോഴിക്കോട് ആർഇസി, ഫറൂഖ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, മണാശ്ശേരി കോളേജ്, മമ്പാട് എംഇഎസ് കോളേജ്, എന്നിവിടങ്ങളിലൊക്കെ അംബേഡ്കറൈറ്റ്-ദലിത് അവബോധം ഉയർത്തിക്കാട്ടി വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന കാലത്ത്, കേരളത്തിനകത്തും പുറത്തുമായി ലഭിക്കാവുന്ന ദലിത് സാഹിത്യ കൃതികൾ സംഘടിപ്പിച്ച് ഞങ്ങൾക്കു നൽകുവാൻ അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നിട്ടുള്ളപ്പോഴെല്ലാം സാഹോദര്യത്തോടെ ഭക്ഷണവും ദലിത് പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനു സംഭാവനയും നൽകിയിരുന്നു. ഞങ്ങളോടൊപ്പം പല സന്ദർഭങ്ങളിലും സഞ്ചരിക്കുകയുമുണ്ടായി. ദലിത് വോയ്സ് എഡിറ്റർ വി.ടി.രാജശേഖർ, ദലിത് സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കു കേരളത്തിൽ മുന്നിട്ടിറങ്ങിയ വി.പ്രഭാകരൻ എന്നിങ്ങനെ പലരോടും അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹത്തിന് ഇൻഡ്യയാകമാനം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അത്തരം യാത്രകൾക്കിടയിൽ പോലും ദലിത് സാഹിത്യ കൃതികൾ കണ്ടെത്തി സമാഹരിച്ചു നൽകിയിട്ടുണ്ട്. അദ്ദേഹം ബാംഗ്ലൂരിൽ നിന്ന് വാങ്ങിനൽകിയ ‘ദി കൺഫ്യൂഷൻ കോൾഡ് കൺവെർഷൻ‘ (ഇ.സുന്ദർ രാജ്) എന്ന പുസ്തകമാണ് പെട്ടെന്ന് ഓർമയിൽ വരുന്നത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരിൽ ബാബാ സാഹബ് ഡോ. ബി.ആർ. അംബേഡ്കറെ ആഴത്തിൽ മനസിലാക്കിയ വേറിട്ട വ്യക്തിത്വമായിരുന്നു റിയാലു സാഹിബ്. അദ്ദേഹത്തിൻ്റെ ഒരു മകൻ ബി.എ.എം.സി.എ.എഫ് എന്ന അംബേഡ്കറൈറ്റ് കേഡർ സംഘടനയുടെ ദേശീയ തലത്തിലുള്ള പ്രവർത്തകനാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
അംബേഡ്കർ കൃതികളുടെ വിപുലമായ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ആശയപരവും ബൗദ്ധികവുമായ ആധുനിക ദലിത് മുന്നേറ്റങ്ങളോട് അങ്ങേയറ്റത്തെ ഐക്യദാർഢ്യമാണ് അദ്ദേഹം പുലർത്തിയിരുന്നത്. ഇൻഡ്യയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ സമഗ്രമായ പരിവർത്തനം സാധ്യമാക്കുന്നതിനും, വർണ-ജാതി വ്യവസ്ഥയെ പ്രതിരോധിക്കുന്നതിനും, ദലിത്-പിന്നാക്ക-മുസ്‌ലിം സാഹോദര്യവും സഖ്യവും അനിവാര്യമാണെന്ന ഉറച്ച ബോധ്യം അദ്ദേഹം അന്ത്യം വരെ ഉയർത്തിപ്പിടിച്ചിരുന്നു.
ഇസ്‌ലാമിനെയും അതിൻ്റെ വിമോചനാത്മകതയെയും പറ്റി അദ്ദേഹത്തിൽ നിന്നാണ് കൂടുതൽ വസ്തുതകൾ ഞാനടക്കം പലരും മനസിലാക്കിയിട്ടുള്ളത്. എന്നാൽ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾ സ്വീകരിച്ചു കൊള്ളണം എന്നൊരു സമ്മർദവും അദ്ദേഹം പ്രയോഗിച്ചിരുന്നില്ല. ബഹുസ്വരതയെ അദ്ദേഹം ആദരിച്ചിരുന്നു. ഭരണഘടനയും ജനാധിപത്യവും മറയ്ക്കപ്പെടുകയും, സർവ്വാധിപത്യ പ്രവണതയിലേക്കു ഭരണകൂടം ചുവടുമാറ്റിച്ചവിട്ടുകയും ചെയ്യുന്ന സമകാലിക സന്നിഗ്ദതകളുടെ വർത്തമാന ആകുലതകൾക്കിടയിൽ സാഹോദര്യത്തിൻ്റെയും സമഭാവനയുടെയും പ്രതീകമായ കെ.എം. റിയാലു സാഹിബിന്റെ വേർപാട് ജനാധിപത്യ വിമോചന കാംഷികൾക്ക് തീരാനഷ്ടവും വേദനയുമാണ്.