പൗരത്വം, ദേശീയത, മുസ്‌ലിം പ്രശ്നം

ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രരഹിത സമുദായത്തെ സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ് പൗരത്വ രജിസ്റ്ററും ജനസംഖ്യാ പട്ടികയും. അകത്തുള്ളവർ/പുറത്തുള്ളവർ എന്ന ദ്വന്ദങ്ങളെ സൃഷ്ടിച്ചുകൊണ്ടും പോസ്റ്റ്-കോളോണിയൽ ദേശരാഷ്ട്രങ്ങളുടെ സങ്കീർണ ചിത്രത്തെ ഒന്നടങ്കം അവഗണിച്ചു കൊണ്ടുമുള്ള ‘വംശശുദ്ധി’ സങ്കൽപത്തിലും ‘തനിമയിലും’ അടിസ്ഥാനപ്പെടുത്തിയുള്ള നവ-ദേശീയ പദ്ധതിയാണിത്. അഫീഫ് അഹ്‌മദ്‌ എഴുതുന്നു.

പ്രസിദ്ധ ഉർദു കഥാകൃത്ത് സാദത്ത് ഹസൻ മന്റോയുടെ ഇൻഡ്യാ-പാക് വിഭജന പശ്ചാത്തലത്തിലുള്ള വളരെ പ്രസിദ്ധമായ കഥയാണ് തോബ തേക് സിങ്. കൊളോണിയൽ ഭരണ സംവിധാനത്തിന്റെയും ഇൻഡ്യൻ ഉപഭൂഖണ്ഡ പശ്ചാത്തലത്തിലെ പോസ്റ്റ്-കൊളോണിയൽ ദേശരാഷ്ട്രത്തിന്റെ പൗരത്വ-ഭൂരാഷ്ട്രീയ പ്രതിസന്ധികളും കൃത്യമായി വരച്ചിടുന്ന മന്റോ തന്റെ കഥ അവസാനിപ്പിക്കുന്നത് ഇൻഡ്യ-പാകിസ്ഥാൻ അതിർത്തിയിലെ നോ മാൻസ് ലാൻഡിൽ മരിച്ചുകിടക്കുന്ന തോബ തേക് സിങിലാണ്. പടിഞ്ഞാറിന്റെ ദേശരാഷ്ട്ര സങ്കൽപങ്ങളിൽ നിന്നു മാറി വളരെ സങ്കീർണമായ പ്രക്രിയകളിലൂടെയാണ് പോസ്റ്റ്-കൊളോണിയൽ ഇൻഡ്യയുടെ ആരംഭം. ‘How India became Democratic: Citizenship and the making of Unified Franchise’ എന്ന പഠനത്തിൽ ഇൻഡ്യൻ ജനങ്ങൾ പൗരന്മാരാവുന്നതിന് മുൻപ് തന്നെ വോട്ടർമാരാവുന്ന സാമൂഹിക സാഹചര്യത്തെ കുറിച്ച് ഒർണിത് ഷാനി പറയുന്നുണ്ട്. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമെന്ന് ഷാനി വിശേഷിപ്പിക്കുന്ന 173 മില്യൺ ജനങ്ങളിലേക്ക് ഇലക്ടറേറ്റ് വിപുലീകരിച്ചും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തും നടത്തിയ ജനാധിപത്യ പരീക്ഷണങ്ങൾ ഭരണഘടനാ സംവിധാനങ്ങളുടെ വരവോടെ ഔദ്യോഗികമായി മാറുകയും ഈ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടായിരുന്നവർ സ്വാഭാവിക പ്രക്രിയകളുടെ ഭാഗമായി പൗരത്വ ലിസ്റ്റിലേക്ക് മാറുകയും ചെയ്തു. ഇത്തരത്തിൽ അടിസ്ഥാനപ്പെടുത്തി ഒരു ജോയിന്റ് ഇലക്ടറൽ റോളിന്റെ (അതും ഭരണഘടനാ സംവിധാനങ്ങളുടെ പിന്തുണയോടു കൂടിയുള്ളത്) രൂപീകരണം, ദേശഭാവനകൾക്കും ആലോചനകൾക്കും കരുത്തു പകരുകയും ഏകീകൃത ഇൻഡ്യ എന്ന സങ്കൽപത്തെ ഉത്തേജിപ്പിക്കുകയും ചെയ്തു എന്ന് ഷാനി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ പ്രാദേശിക രാഷ്ട്രീയ സ്വാധീനങ്ങളുടെ ഫലമായി ഒരുപാട് പേർ ഈ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. അപരഭയം (xenophobia) മൂലം ഈ പൗരത്വ സങ്കൽപങ്ങളെ ബഹിഷ്കരണ സിദ്ധാന്തമായി പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ ഏറെ നടന്നിരുന്നു. പ്രത്യേകിച്ച് വിഭജനാനന്തര ബംഗാൾ-ആസാം പ്രവിശ്യകളിൽ. 

സാദത്ത് ഹസൻ മന്റോ

കൊളോണിയൽ ഭൂരാഷ്ട്രീയവും പോസ്റ്റ്-കൊളോണിയൽ ദേശരാഷ്ട്രത്തിന്റെ ജനസംഖ്യാ വിതരണവും സോഷ്യൽ എഞ്ചിനീറിംഗും തമ്മിൽ ഏറെ സങ്കീർണവും പ്രക്ഷുബ്ധവുമായ ഒരു ചരിത്ര ബന്ധമാണുള്ളത്.  സിൽഹത്ത് വിഭജനം ഉദാഹരണം. ഇന്നത്തെ എൻആർസി സംവാദങ്ങളുടെ വേരുകളെടുത്താൽ അത് ചെന്നെത്തുന്നത് ആദ്യം 1947ലെ സിൽഹത്ത് ജില്ലാ വിഭജനത്തിലേക്കായിരിക്കും. അതോടെ ആസാം പ്രവിശ്യയിൽ ആസാമീസ് സംസാരിക്കുന്നവരേക്കാൾ ഇരട്ടി ബംഗാളി സംസാരിക്കുന്നവരായി. ഇതോടെ ഹിതപരിശോധന നടക്കുകയും, ഹിന്ദു-മുസ്‌ലിം ചേരിതിരിവ് പ്രകടമായ ഹിതപരിശോധനയിലൂടെ സിൽഹത്തിനെ പുറന്തള്ളുകയും ചെയ്തു. ഭാഷ-വംശ സങ്കൽപങ്ങളെ അടിസ്ഥാനമാക്കി കൊണ്ടുള്ള ശുദ്ധം/അശുദ്ധം, അകത്തുള്ളവൻ/പുറത്തുള്ളവൻ ദ്വന്ദങ്ങൾ സൃഷ്ടിക്കപ്പെടുകയും ആസാമിലുണ്ടായിരുന്ന ബംഗാളി മുസ്‌ലിംകൾ ബംഗാളി ഹിന്ദുക്കളേക്കാൾ ആസാമിന്റെ വിശുദ്ധ തനിമക്ക് ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. എന്നാൽ 1947ലെ സിൽഹത്ത് വിഭജനത്തെ കുറിച്ചും സാമൂഹിക അരക്ഷിതാവസ്ഥയെ കുറിച്ചും പറയുമ്പോൾ തന്നെ കൊളോണിയൽ സാമ്പത്തിക താൽപര്യങ്ങൾ മാത്രം പരിഗണിച്ച്, അതിന്റെ രാഷ്ട്രീയ-സാമൂഹിക പരിമിതികളെ പരിഗണിക്കാതെ നടത്തിയ 1874 സിൽഹത്ത് അനക്‌സേഷനിലേക്ക് മടങ്ങിപ്പോവേണ്ടി വരും.

ഒരുപാട് സങ്കീർണതകളും വൈവിധ്യങ്ങളും ഉള്ള സാംസ്കാരിക വിഷയികളെയും സാമുദായിക രൂപീകരണങ്ങളെയും പരിഗണിക്കാതെയുള്ള ജനങ്ങളെ വെറും രാഷ്ട്ര പൗരന്മാരായി മാത്രം പരിഗണിക്കുന്ന ഏകശിലാത്മകമായ മനസിലാക്കലുകൾ ഇൻഡ്യൻ ചരിത്ര പഠനത്തിനോ വിശകലനത്തിനോ ഉപയോഗപ്പെടുകയില്ലെന്ന് മാത്രമല്ല, അത് ഏറെ അപകടകരമായ തികച്ചും വംശീയ സ്വഭാവമുള്ള മതം, ഭാഷ തുടങ്ങിയ അടിസ്ഥാനീയങ്ങളിൽ മാത്രം പുനർനിർവ്വചനം ചെയ്യുന്നതിലേക്ക്  എത്തിക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യമാണ് ആസാമിൽ നടപ്പിലാക്കിയതും (ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിലും) നടപ്പിലാക്കാന്‍ സകലശ്രമങ്ങളും നടത്തി കൊണ്ടിരിക്കുന്നതുമായ എൻആർസിയുടേയും അതിനോട് ചേര്‍ന്ന് തന്നെ നടപ്പിലാക്കാന്‍ പോകുന്ന സിഎഎയുടെയും പൂര്‍ത്തീകരണത്തോടെ ആവിര്‍ഭവിക്കാന്‍ പോവുന്നത്.

പൗരത്വവും ദേശീയ ആലോചനകളും

തോബ തേക് സിങ്ങിലേക്ക് തിരിച്ചുവരാം. തോബാ തേക് സിങ്ങിലെ മുഖ്യ കഥാപാത്രങ്ങളെല്ലാം തന്നെ ഭ്രാന്തൻ (lunatic) വിഷയികളാണ് (subjectivity). ഇൻഡ്യ-പാക് വിഭജന സമയത്ത് ലാഹോറിലെ ഒരു ഭ്രാന്താലയത്തിലാണ് കഥ നടക്കുന്നത്.  വിഭജനാനന്തരം ഭ്രാന്തന്മാരുടെ കൈമാറ്റം നടക്കുകയാണ്. എന്താണ് യാഥാർഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ആർക്കും ഒരെത്തും പിടിയുമില്ല. അതിനിടയിൽ ഒരു ഭ്രാന്തൻ ഓടി ഒരു മരത്തിന്റെ മുകളിൽ കയറുന്നു. എന്നിട്ട് ഇങ്ങനെ ഉറക്കെ വിളിച്ചു പറയുന്നു: “എനിക്ക് ഇൻഡ്യയിലും ജീവിക്കേണ്ട പാക്കിസ്ഥാനിലും ജീവിക്കേണ്ട! എനിക്കീ മരത്തിൽ ജീവിച്ചാൽ മതി”. മരത്തിൽ ജീവിച്ചാൽ മതിയെന്ന് ആ ഭ്രാന്തനെ കൊണ്ട് പറയിപ്പിക്കുന്ന സാഹചര്യം നമ്മൾ ആലോചിക്കേണ്ടതുണ്ട്. ഭൂമിയിൽ അഥവാ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിൽ തനിക്ക് ഇടമില്ല എന്ന കടുത്ത സന്ദേഹമാണ് പ്രകടമാകുന്നത്. അതുകൊണ്ടാണ് ഭൂമിശാസ്ത്രപരമല്ലാത്ത ഒരു ഇടത്തിൽ നിന്നുകൊണ്ട് അയാൾക്ക് സംസാരിക്കേണ്ടി വരുന്നതും. 2015ൽ നിലൂഫർ ദെമിർ എടുത്ത ഐലൻ കുർദിയുടെ ചിത്രം ഓർമ്മയിലുണ്ടാവും/വണം. അതും ഇതിനോട് ചേർത്തു വായിക്കാമെന്ന് തോന്നുന്നു. ഐലൻ കുർദിക്ക് ഭൂമിശാസ്ത്രപരമായ ഇടങ്ങളിൽ സ്ഥാനമില്ലാഞ്ഞിട്ടല്ല, അതിന് അനുവദിക്കാത്ത രാഷ്ട്രീയ സാഹചര്യങ്ങളുള്ളത് കൊണ്ടാണ് ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കിടയിൽ, കടൽത്തീരം എന്ന ലിമിനൽ സ്പേസിൽ മുഖം താഴ്ത്തി മരിച്ചുകിടക്കേണ്ടി വരുന്നത്. ആദ്യത്തേത് രാഷ്ട്രരാഹിത്യം (statelessness) എന്ന പ്രതിസന്ധി ആണെങ്കിൽ രണ്ടാമത്തേത് കുടിയേറ്റ പ്രതിസന്ധി ആണ്. രണ്ടും ആധുനിക ദേശരാഷ്ട്ര സംവിധാനങ്ങളുടെ പരാജയങ്ങളിലേക്കും വിടവുകളിലേക്കുമാണ് വിരൽചൂണ്ടുന്നത്‌.

പ്രാദേശികമായ ദേശീയതയോ മുഴുസമയ പൗരത്വമോ ഒരു രാജ്യത്തും അവകാശപ്പെടാൻ ഗതിയില്ലാത്ത അവസ്ഥയാണ് രാഷ്ട്രരാഹിത്യം. ഇത് അന്താരാഷ്ട്ര തലത്തിൽ എടുക്കുകയാണെങ്കിൽ ആഗോള കുടിയേറ്റ പ്രതിസന്ധിക്കൊപ്പം വിസ്തൃതിയുള്ള ഒരു പ്രതിസന്ധിയാണ്, രാഷ്ട്രരാഹിത്യം എന്ന അവസ്ഥയുടെ നിലനിൽപ്പ് തന്നെ ആധുനിക ദേശ രാഷ്ട്ര സംവിധാനത്തിന്റെ സാധുതയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ്. ഈ അവസ്ഥയുടെ കാതൽ എന്ന് പറയുന്നത് ഒരു നൈതികമായ ചോദ്യമാണ് എന്നാണ് ‘Nationality and Statelessness under International Law’  എന്ന പഠനത്തിൽ, ആലിസ് എഡ്വേഡ്സ് നിരിക്ഷിക്കുന്നത്.

അതായത്, ഈ ലോകം ദേശരാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ട് കഴിഞ്ഞാൽ, ഒരു ദേശരാഷ്ട്രത്തിന്റെയോ അല്ലെങ്കിൽ മറ്റൊരു ദേശരാഷ്ട്രത്തിന്റെയോ അധികാരത്തിൽ വേറെ സാധ്യതകളില്ലാതെ ജീവിക്കണം എന്ന അവസ്ഥ സംജാതമായാൽ പിന്നെ എല്ലാവർക്കും (മത-ജാതി-വംശ വിഭജനങ്ങളില്ലാതെ) അവരവരുടെ ദേശത്ത് ജീവിക്കാനുതകുന്ന പൗരത്വവും അതിനനുബന്ധമായ അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. ദാർശനിക വ്യത്യാസമില്ലാതെ രാഷ്ട്രീയ-നൈതിക തത്വചിന്തകന്മാരെ ഒന്നിപ്പിക്കുന്ന ഒരു വാദമാണിത്. എന്നാൽ ആധുനിക ദേശരാഷ്ട്ര വ്യവസ്ഥിതിതിയുടെ നിർമിതി വഴി നൈതികതയുടെ (ethical ) മേൽ നിയമസാധുത്വത്തിന്റെ (legal) അപ്രമാദിത്വം സാധ്യമാവുകയും അത് പലപ്പോഴും മതപരവും അല്ലാത്തതുമായ ധാർമിക-നൈതിക മൂല്യങ്ങളെ പുറംതള്ളി ഒരു യാന്ത്രികമായ നിയമ വ്യവഹാരങ്ങൾക്ക് മേൽക്കൈ വരികയും ചെയ്തു. ഈ എൻആർസി തന്നെ സുപ്രീംകോടതി വിധിയുടെ നടപ്പിലാക്കൽ കൂടിയാണെന്ന കാര്യം ചേർത്ത് വായിക്കണം.

നിയമ-തത്വചിന്തകനായ ജോൺ ഫിന്നിസ്  ‘Nationality, Alienage and Constitutional Principle’ എന്ന തന്റെ പഠനത്തിൽ രാഷ്ട്രരഹിതത്വം എന്നത് ഒരു വ്യക്തിയുടെ ബന്ധപ്പെടലിനോട് ചെയ്യുന്ന അനീതിയായിട്ടാണ് വായിക്കുന്നത്. ഇൻഡ്യൻ സാഹചര്യത്തിൽ വായിക്കുകയാണെങ്കിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രരഹിത സമുദായത്തെ സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ് പൗരത്വ രജിസ്റ്ററും എൻആർസി സംവാദങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ. ഇത് നേരത്തെ പറഞ്ഞതുപോലെ അകത്തുള്ളവൻ/പുറത്തുള്ളവൻ എന്ന ദ്വന്ദങ്ങളെ സൃഷ്ടിച്ചുകൊണ്ടും പോസ്റ്റ്-കോളോണിയൽ ദേശരാഷ്ട്രങ്ങളുടെ സങ്കീർണ ചിത്രത്തെ ഒന്നങ്കടം അവഗണിച്ചു കൊണ്ടുമുള്ള ‘വംശശുദ്ധി’ സങ്കൽപത്തിലും ‘തനിമയിലും’ അടിസ്ഥാനപ്പെടുത്തിയുള്ള അപരഭയം കുത്തിനിറച്ച് ജനങ്ങളെ വിഭജിക്കാനുള്ള ഒരു നവ-ദേശീയ പദ്ധതിയായിട്ട് തന്നെ മനസിലാക്കണം. ഈ പദ്ധതി വഴി ഉന്മൂലനത്തിന്റെ വക്കിൽ നിൽക്കുന്ന സമുദായം എന്ന നിലക്ക് മുസ്‌ലിം സമുദായത്തെ വായിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള  ഒരു ഏകജാതീയമായ ദേശരാഷ്ട്ര നിർമിതിക്ക് ചേരാത്ത, ആ ഒരു ശുദ്ധി സങ്കൽപത്തെ മറികടക്കുന്ന വിഷയികളായിട്ടാണ് മുസ്‌ലിം സമുദായത്തെ ചരിത്രപരമായി ദേശരാഷ്ട്ര ബന്ധിതമായിട്ടുള്ള വായനകൾ മനസിലാക്കിയിട്ടുള്ളത്. ‘ഭ്രാന്ത്’ എന്ന അവസ്ഥയുടെ വിശകലനവും ഇവിടെ ആവശ്യമണെന്ന് തോന്നന്നു. തോബാ തേക്ക് സിങ്ങിലെ കഥാപാത്രത്തിലേറെയും നോർമൽ വിഷയികളല്ല, മറിച്ച് ഭ്രാന്തരായ വിഷയികളാണ്. ഇതിന്റെ രസമെന്താണെന്ന് വെച്ചാൽ ഹെഗൽ തൊട്ട് വില്യം ലോഗൻ വരെ മുസ്‌ലിം വിഷയികളെ നോർമൽ അല്ലാത്ത അബ്നോർമൽ വിഷയികളായാണ് പരിഗണിച്ച് പോന്നിട്ടുള്ളത് എന്നതാണ്. ഉന്മത്തൻ, ഭ്രാന്തൻ, മതഭ്രാന്തൻ തുടങ്ങിയ പദാവലികൾ കൊണ്ട് വിശേഷിപ്പിക്കേണ്ട, നിയന്ത്രണം ചെയ്യപ്പെടേണ്ടുന്ന വിഷയിയാണ് മുസ്‌ലിംകളുടേത് എന്ന പടിഞ്ഞാറിന്റെ സങ്കൽപത്തെ ഉപയോഗപ്പെടുത്തി ദേശരാഷ്ട്രത്തിനോട് ഒരിക്കലും ചേരാത്ത ഒരു സമുദായമായി മുസ്‌ലിംകളെ മനസിലാക്കുന്ന ഒരു പരമ്പരാഗതമായ വായന കൂടി ഈ പദ്ധതിയോട് ചേർത്ത് മനസിലാക്കണം.

ഇത്തരത്തിലുള്ള മുൻവിധികളുടെ പുറത്താണ് സിഎഎക്ക് എതിരെയുള്ള മുസ്‌ലിം സമുദായത്തിന്റെ സ്വാഭാവികമായ രാഷ്ട്രീയ ഒത്തുചേരലുകളെയും ഒന്നുചേരലുകളെയും പ്രതിഷേധങ്ങളെയും ‘വർഗീയ’മായി വായിക്കപ്പെടുന്നത്, പ്രത്യേകിച്ചും കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ. ഈ വിധമുള്ള രാഷ്ട്രീയ-സാംസ്കാരിക മുൻവിധികൾ കടന്നുവരുന്നത് പലപ്പോഴും കോളനിയാന്തര (വിഭജനാന്തര) ഇൻഡ്യയിലെ മുസ്‌ലിം സമുദായം പതിറ്റാണ്ടുകളായി അനുഭവിച്ചു പോന്നിട്ടുള്ള രാഷ്ട്രീയമായ ഷണ്ഡീകരണത്തിന്റെയും (political sterilization) മതേതരമായ മെരുക്കലിന്റെയും (secular domestication) അനിവാര്യമായ പരിണതിയാണ് പൊട്ടിത്തറിയാണ് ഇന്നത്തെ പൊതുമണ്ഡലത്തിലെ മുസ്‌ലിം രാഷ്ട്രീയ ഇടപെടലുകൾ എന്ന ചിന്തയുടെ അഭാവത്തിൽ നിന്നാണ്.

“വിദേശ ഇൻഡ്യക്കാരും സ്വദേശ ഇൻഡ്യക്കാരും” 

ഈയടുത്ത് നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശനവും ഹൗഡി മോഡി എന്ന പിആർ  പരിപാടിയും അതിന് അമേരിക്കൻ-ഇൻഡ്യക്കാർ നൽകിയ ജനപിന്തുണയും വിവാദമായിരുന്നു. കുടിയേറ്റം എന്ന വിഷയത്തെ കൃത്യമായി പഠിക്കേണ്ട ഒരു സാഹചര്യമുണ്ട്. എങ്ങനെയാണ് കുടിയേറ്റവും ദേശീയതയും പൗരത്വവും ബന്ധപ്പെട്ട് കിടക്കുന്നത്? ‘Islam and The West: A Conversation with Derrida’ എന്ന മുസ്തഫ ഷെരീഫിന്റെ പുസ്തകത്തിന്റെ മലയാളം  പതിപ്പിനെഴുതിയ അവതാരികയിൽ എം.ടി.അൻസാരി ദറീദയുടെ ‘ഡിഫറൻസ്’ എന്ന ആശയത്തെ സമകാലിക വ്യവഹാരങ്ങളുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് ‘ഡിഫറൻസ്’ എന്ന ആശയത്തെ ഭാഷാശാസ്ത്രത്തിനുള്ളിൽ പരിമിതപ്പെടുത്താനാകില്ല. നമ്മുടെ സമകാലിമായ വ്യവഹാരങ്ങളുടെ സ്ഥാനത്ത് അതുണ്ട്. സാമൂഹിക രാഷ്ട്രീയ-ചരിത്ര ഘടകങ്ങളാൽ നിർണയിക്കപ്പെട്ട ജനസംഖ്യാവിതരണം എന്ന മാനദണ്ഡമാണ്  ചില സമുദായങ്ങളെ ന്യൂനപക്ഷങ്ങൾ എന്ന് ലേബൽ ചെയ്യാൻ നമ്മളെ പ്രാപ്തരാക്കുന്നത്. കാരണം ന്യൂനപക്ഷങ്ങൾ, ഒരു ദേശരാഷ്ട്രം ‘നോർമൽ’ എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായ വംശീയ, മത, ഗോത്ര, സ്വത്വങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ടിരിക്കുന്നു. ഇൻഡ്യയിൽ ജനിച്ച വിദേശി (Person of Indian Origin), ഇൻഡ്യക്ക് വെളിയിൽ താമസിക്കുന്ന ഇൻഡ്യൻ പൗരൻ (Overseas Citizen of India) തുടങ്ങിയ പൗരത്വത്തിന്റെ ബഹുരീതികളെപ്പറ്റി നാം ചിന്തിച്ചു തുടങ്ങുമ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി അംഗീകരിക്കേണ്ടതായി വരും. ഇൻഡ്യയിലെ മുസ്‌ലിംകൾ അവർക്ക് മേൽ പ്രഖ്യാപിക്കപ്പെടുകയും ചാർത്തപ്പെടുകയും ചെയ്ത ദേശീയ ഉത്കണ്ഠകളുടെ ഭാരം പേറിയവരാണെന്നും ഇപ്പോഴും പേറിക്കൊണ്ടിരിക്കുന്നവരാണെന്നും എന്നത് ഇതിന്  ഉദാഹരണമാണ്.

എൻആർഐ പൗരന്മാർ ഇൻഡ്യക്കാരാണ് എന്നിരിക്കെ (അവരിൽ ചിലർ ഇവിടം സന്ദർശിച്ചിട്ടു പോലുമുണ്ടാവില്ല) കേവലം സാങ്കൽപികം എന്നതിലുപരിയായി തങ്ങൾ ഭാഗവാക്കായിരുന്ന ലോക ഇസ്‌ലാം എന്ന വിശാലമായ സമുദായത്തോട് മുസ്‌ലിംകൾ കൂറുപുലർത്തുന്നത് എങ്ങനെയാണ് അവർക്ക് പാപവും അപമാനവുമാവുക? നേരത്തെ പറഞ്ഞ ദേശരാഷ്ട്രത്തിന് ചേരാത്ത ഒരു വിഷയിയാണ് മുസ്‌ലിംകൾ എന്ന വാദക്കാർ ആദ്യം പറയുന്ന വാദം ഇവർക്ക് ‘ഉമ്മത്തിനോടാണ്’ കൂടുതൽ കൂറ് എന്നതാണ്. ഇത് വളരെ അപഹാസ്യമാണെന്ന് മാത്രമല്ല കാപട്യവുമാണ് എന്നാണ് അൻസാരി പറഞ്ഞുവെക്കുന്നത്.

എന്തുകൊണ്ടാണ് പടിഞ്ഞാറൻ-ഇൻഡ്യൻ കുടിയേറ്റം ഈ പൗരത്വ സങ്കൽപങ്ങളെയൊന്നും ലംഘിക്കാത്ത, വളരെ ഐഡിയലായ ഒരു സമുദായമായി നിലനിൽക്കുന്നത്? രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് നിലവിലെ രാഷ്ട്രീയ ഭരണ സാഹചര്യങ്ങൾക്ക് വളരെ താൽപര്യമുള്ള രാഷ്ട്രീയ നിലപാടുകളാണ് ഇവരുടെ പൊതുനിലപാടുകൾ എന്നതാണ്. രണ്ട് Everything is fine in India എന്ന് പറയുമ്പോൾ കണ്ണടച്ച് കയ്യടിക്കുന്നത്. അഥവാ, മാതൃഭൂമിയുടെ ഏത് മനുഷ്യവിരുദ്ധ പ്രവർത്തികളെയും വെളളപൂശി പാശ്ചാത്യ ലോകത്ത് അവതരിപ്പിക്കുന്നത്. ഇത് ഒരു യാദൃശ്ചികമായ മാറ്റത്തിന്റെ ഭാഗമല്ല. വളരെ കൃത്യമായി റാഡിക്കലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ മാറ്റമാണ്. Ethnicity in an Age of Diaspora എന്ന പഠനത്തിൽ ആർ.രാധാകൃഷ്ണൻ നിരീക്ഷിക്കുന്നത് കുടിയേറ്റത്തിന്റെ കൂടിച്ചേരലുകളിൽ നിങ്ങൾക്ക് ഇൻഡ്യൻ സ്വത്വത്തിൽ നിന്നും ഹിന്ദു സ്വത്വത്തെ വേർതിരിക്കുന്ന യാതൊന്നും കണ്ടെത്താനാകില്ല എന്നതാണ്. ഇൻഡ്യയിൽ തീവ്ര ദേശീയവാദത്തിന്റെ പേരിൽ നടക്കുന്ന കലാപങ്ങളും ആൾക്കൂട്ടക്കൊലപാതകങ്ങളും മറച്ചുവെച്ചു കൊണ്ട് നടക്കുന്ന സംസാരങ്ങളെ കുറിച്ചും രാധാകൃഷ്ണൻ പറയുന്നു. സെലക്റ്റീവ് നരേറ്റീവുകൾ മാത്രം നൽകുന്ന മുതിർന്ന തലമുറയും ‘സ്വന്തം’ രാജ്യത്ത് എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത യുവതലമുറയും ചേർന്ന്  ഈ റാഡിക്കലൈസേഷന്റെ ആക്കം കൂട്ടി. എങ്ങനെയാണ് വംശ സ്വത്വവും (ethnic identity) ദേശീയസ്വത്വവും (national identity) ബന്ധപ്പെട്ട് കിടക്കുന്നത് എന്നും എങ്ങനെയാണ് ദേശീയസ്വത്വം വംശീയസ്വത്വത്തെ മറികടന്നതെന്നും ഈ പഠനം നിരീക്ഷിക്കുന്നു. ഇതിലുപരി ഒരു പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയും സ്ട്രാറ്റജിക്ക് കമ്മ്യൂണിറ്റിയും കൂടിയായി ഡയസ്പോറിക്ക് കമ്മ്യൂണിറ്റിയെ മനസിലാക്കേണ്ടതുണ്ട്. 1999ൽ കാശ്മീരിലെ മനുഷ്യവിരുദ്ധ നടപടികളുടെ പരിണിത ഫലമായി ഇൻഡ്യക്കുള്ള സാമ്പത്തിക സഹായം 25 ശതമാനം ആയി കുറക്കാൻ ബർട്ടൺ ഭേദഗതി പ്രകാരം യുഎസ് തീരുമാനിച്ചപ്പോൾ അത് പിൻവലിക്കാൻ നിർണായക പങ്കുവഹിച്ചത് മുതൽ 2008ലെ ഇന്ത്യ-യുഎസ് ആണവ കരാറും ഗുജറാത്ത് കലാപം കാരണം മോദിക്കുണ്ടായിരുന്ന യുഎസ് വിസ നിരോധനം നീങ്ങുന്നതിൽ വരെ വളരെ നിർണായകമായ രാഷ്ട്രീയ പങ്കാളികളായിരുന്നു ഇൻഡ്യൻ ഡയസ്പോറ. ഇൻഡ്യൻ-ഹിന്ദു ഐഡന്റിറ്റിയെ എക്സോട്ടിക്കായി കാണുകയും അതിനെ കാൽപനികവൽക്കരിക്കുകയും ചെയ്ത് നിലനിൽക്കുന്ന ഡയസ്പോറിക്ക് കമ്മ്യുണിറ്റി ഇൻഡ്യൻ പൗരന്മാരായും അല്ലാതെയും നിലനിൽക്കുകയും രാജ്യാന്തര തലത്തിൽ ഇൻഡ്യയിലെ മതേതര ദേശീയതയുടെ തകർച്ചയും ഹിന്ദു തീവ്ര ദേശീയവാദത്തിന്റെ വളർച്ചയും മറച്ചുവെച് ‘സമകാലിക’ ഇൻഡ്യയെ കുറിച്ച് പരമ്പരാഗതമായ ഒരു ഓറിയന്റൽ എക്സോട്ടിക്ക് വ്യവഹാരം പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേസമയം ഇൻഡ്യയിൽ ജനിച്ച് ജീവിക്കുന്ന മുസ്‌ലിംകൾക്ക് നിരന്തരം ദേശക്കൂറ് തെളിയിക്കേണ്ടിയും വരുന്നുവെന്നത് ഏറെ വൈരുദ്ധ്യാത്മകമാണ്. ദേശീയ മുസ്‌ലിംകൾ എന്ന പദത്തിന് തുല്യമായി മറ്റൊരു മതത്തിന്റെയും ചേർത്തുകൊണ്ടുള്ള ഒരു പദമില്ലെന്ന് ‘Can a Muslim be an Indian?’ എന്ന പഠനത്തിൽ ഗ്യാനേന്ദ്ര പാണ്ഡെ വിമർശനാത്മകമായി നിരീക്ഷിക്കുന്നുണ്ട്.

പൗരന്‍ എന്നത് മനുഷ്യന്‍ എന്നതിന്റെയും പൗരത്വം എന്നത് മനുഷ്യാവകാശം എന്നതിന്റെയും പര്യായപദങ്ങളായി പരിവര്‍ത്തനം ചെയ്തു കഴിഞ്ഞ ആധുനിക ദേശരാഷ്ട്ര സാഹചര്യത്തില്‍  പ്രകടമായ വർഗീയവാദവും വംശീയവാദവും പറഞ്ഞ് പൗരത്വത്തിന്റെ ആത്മാവിനെ അതിന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്ത് കേവല തീവ്രദേശീയ വാദങ്ങൾക്കും അപരവിദ്വേഷ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നത് തീർച്ചയായും ചെറുക്കപ്പെടേണ്ടതുണ്ട്. പോസ്റ്റ്-കൊളോണിയൽ ദേശരാഷ്ട്രങ്ങളുടെ ഏറെ സങ്കീർണതകൾ നിറഞ്ഞ ചരിത്രത്തിൽ നിന്നും കൊളോണിയൽ താൽപ്പര്യങ്ങളെ മാറ്റിവെച്ചുകൊണ്ടുള്ള പൗരത്വത്തിന്റെ ചരിത്രപരമായ വീണ്ടെടുപ്പ് സാധ്യമാക്കുകയും തീവ്രദേശീയ വാദത്തിനെതിരെയുള്ള സമരായുധമായി അത് മാറുകയും ചെയ്യേണ്ടതുണ്ട്.

കടപ്പാട്: മുഹമ്മദ് ഷാ, മഷ്ക്കൂര്‍ ഖലീല്‍

Top