മലയാള സിനിമയോടുള്ള ഇടപാടുകൾ : സുഡാനിയുടെ സാധ്യതകൾ

സിനിമയുണ്ടാക്കുന്ന പല തരത്തിലുള്ള വ്യവഹാരിക പ്രശ്‌നങ്ങളെ സുഡാനി ഫ്രം നൈജീരിയ എങ്ങിനെയാണ് അഭിസംബോധന ചെയ്യുന്നത്? ഇത്രയധികം ചര്‍ച്ചകള്‍ ഒരു സിനിമയെപറ്റി ഉണ്ടാകുമ്പോള്‍ അത് സിനിമയുടെ കാഴ്ച്ചയെ എങ്ങിനെ പ്രതിസന്ധിയിലാക്കുന്നു? സിനിമ എന്ന മാധ്യമത്തെ ഗൗരവമായി എടുക്കുമ്പോള്‍ തന്നെ പുതിയ പ്രേക്ഷകരുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ എവിടെയാണ് സ്ഥാപിക്കുക? സുഡാനി മലയാള സിനിമയോട് ചെയ്യുന്ന കാര്യങ്ങളെപ്പറ്റി എ.എസ് അജിത് കുമാറിന്റെ വായന.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ മലയാള സിനിമയോട് കാഴ്ചകളോട് വ്യവസായത്തോട്‌ എങ്ങനെ ഇടപെടുന്നു എന്ന് ആലോചിക്കുവാനും അതുമായി ബന്ധപ്പെട്ട ചർച്ചകളോട് ഇടപെടുവാനുമാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്. സിനിമാ വ്യവസായം, പ്രേക്ഷകർ, പലതരം പ്രേക്ഷകത്വങ്ങൾ, ചർച്ചകൾ, വിമർശനങ്ങൾ, ആഘോഷങ്ങൾ, സാമൂഹ്യ മാധ്യമം തുടങ്ങി സിനിമയോടുള്ള പലതരത്തിലുള്ള ഇടപാടുകൾക്കുള്ളിലായിരിക്കാം ഒരു സിനിമ പ്രവർത്തിക്കുന്നത്. അതിനെ അങ്ങനെ മനസിലാക്കേണ്ടതുണ്ട് എന്നാണു ഞാൻ കരുതുന്നത്. സുഡാനി മലയാളസിനിമയുടെ ശീലങ്ങളോടും ചരിത്രത്തോടും വ്യത്യസ്തമായ രീതിയിലാണ് ഇടപെടുന്നതെന്നു തോന്നുന്നു. വിശേഷിച്ചും, മലയാള സിനിമയിലെ പ്രതിനിധാനത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ ഒരു സാധ്യത ഈ സിനിമ കൊണ്ടു വരുന്നുണ്ട്. മലയാളസിനിമയോട് നീക്കുപോക്കു നടത്തുന്ന പുതിയൊരു സമീപനമാണതെന്നു ഞാൻ കരുതുന്നു. വിശദീകരിക്കാൻ ശ്രമിക്കാം.

അഭാവങ്ങള്‍ എന്ന തന്ത്രം

സക്കരിയ

സിനിമാസാഹിത്യ രംഗത്തെ രണ്ടു പ്രമുഖ സെലിബ്രിറ്റികളിൽ നിന്നും വന്ന പ്രതികരണങ്ങളിൽ നിന്ന്‌ തുടങ്ങാം. സുരാജ് വെഞ്ഞാറമ്മൂട്‌ പറയുന്നത് “ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവുമില്ലാത്ത, കൊതിപ്പിക്കുന്ന യഥാർഥ മലപ്പുറത്തിന്റെ ഭംഗി” എന്നാണ്. പിന്നെ, ‘ദേശവും മതവും ഒന്നും തന്നെ പ്രശ്നമല്ല’ എന്നും പറയുന്നു. എൻ എസ് മാധവനാകട്ടെ, “ഇതു ഫുട്‍ബോളിന്റെ കഥയുമല്ല, ഒരു ദേശത്തിന്റെ കഥയുമല്ല; എന്നാൽ സാർവലൗകികമായ എന്തോ ഈ സിനിമയ്ക്കുണ്ട്” എന്നാണ് സുഡാനിയെ വിശേഷിപ്പിക്കുന്നത്. ‘മനുഷ്യൻ ഫ്രം ഭൂമി’ എന്ന് ഈ പടത്തിനെ വിളിക്കാമെന്നും അദ്ദേഹം പറയുന്നു. ലിബറൽ മാനവികവാദത്തിൽ നിന്നും മതേതര ലിബറൽ ചിന്താഗതിയിൽ നിന്നുമാണ് ഈ രണ്ട്‌ അഭിപ്രായങ്ങളും വരുന്നത്. ‘യഥാർഥ’ മലപ്പുറം, ലീഗും കുഞ്ഞാലിക്കുട്ടിയും മതവും ഒന്നും ഇല്ലാത്തതാണെന്ന ബോധം ഒന്നിലുണ്ട്. അപ്പോൾ, ചില പ്രത്യേക കാര്യങ്ങളുടെ അഭാവമാണ് സുരാജിനെപ്പോലുള്ളവരെ ആകർഷിക്കുന്നത്. മതപരത പോലെതന്നെ പ്രധാനപ്പെട്ട ആ അഭാവം ഏതാണ്? അതിപൗരുഷത്വമുള്ള, ഭീകരവാദിയായ, സ്ത്രീമർദകനായ, അങ്ങനെ പലതുമായി നിർമിക്കപ്പെട്ടിട്ടുള്ള മുസ്‌ലിം പുരുഷൻ ആണ് ആ അഭാവം.

രണ്ടു തരം അഭാവങ്ങള്‍

സാമുവല്‍ റോബിന്‍സണ്‍

എന്നാൽ ഈ അഭാവത്തിൽ സിനിമ ഒതുങ്ങുന്നുണ്ടോ? അവിടെയാണ് സിനിമ രസകരമായ തന്ത്രം പ്രയോഗിക്കുന്നത്‌. ഒരു ഭാഗത്ത്‌ മുസ്‌ലിം പുരുഷൻ, മലപ്പുറം എന്നിവയെക്കുറിച്ചുള്ള എല്ലാ വാർപ്പു മാതൃകകളുടെയും ബോധപൂർവമായ അഭാവം സൃഷ്ടിക്കുന്നു. അതിലൂടെ സിനിമ പ്രിയപ്പെട്ടതാകുന്നു. മുസ്‌ലിം വിശ്വാസികളെ സംബന്ധിച്ച്, മുസ്‌ലിം രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സിനിമയെ വിമർശിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ച്‌ രാഷ്ട്രീയമായ ധൈര്യം തരുന്ന കാര്യമാണത്. മറുഭാഗത്ത്‌ മുസ്‌ലിംകളെ കുറിച്ചുള്ള വാർപ്പു മാതൃകകൾക്കെതിരെ സാധാരണ ഉയർന്നു വരാവുന്ന പ്രതികരണം, മതപരമായ, പ്രതിരോധാത്മക മുസ്‌ലിം സിനിമയിൽ ഇല്ല എന്നതാണ്.

ഈ അഭാവം മറ്റൊരു സാധ്യതയും സൃഷ്ടിക്കുന്നുണ്ട്. മതേതര ആശങ്കകളെ കബളിപ്പിക്കുന്നു എന്നതാണത്. മതേതര ലിബറലുകൾ, മതവിരുദ്ധർ എന്നിവരെ സംബന്ധിച്ച്‌ അതിതീക്ഷ്ണമായ ഒരു മുസ്‌ലിം അടയാളം സഹിക്കാൻ കഴിയുന്ന ഒന്നല്ല. രാഷ്ട്രീയ പരിസരത്തു നിന്നാണെങ്കിൽ പറയുകയും വേണ്ട. അതുകൊണ്ടു തന്നെയാണ് സുഡാനി അവർക്കും സ്വീകാര്യമാവുന്നത്. രണ്ടു കോണിൽ നിന്നും സിനിമയെ കാണാൻ ഉള്ള സാധ്യതയാണിതു നൽകുന്നത്. യാദൃഛികമായാവാം, ഒരു നൈജീരിയൻ സിനിമ തന്നെ ഈ നിലയ്ക്ക് ഓർമ വരുകയാണ്.

ദി ഫിഗറിൻ -അററോമൈർ [THE FIGURINE (ARAROMIRE)] എന്ന 2009 ലെ സിനിമ. ഒരു വനാന്തരത്തിലെ പൊളിഞ്ഞ ആരാധനാസ്ഥലത്തു നിന്നു ലഭിക്കുന്ന നിഗൂഢമായ വിഗ്രഹത്തെക്കുറിച്ചാണു സിനിമ. സിനിമയുടെ ക്ളൈമാക്സ് ഒരു ചോദ്യത്തിലാണ് അവസാനിക്കുന്നത്. ക്ലൈമാക്സിൽനിന്നു പിറകോട്ടു ചിന്തിക്കുമ്പോൾ ഈ സിനിമയെ വിശ്വാസിയുടെ തലത്തിലും അതുപോലെ, യുക്തിവാദ തലത്തിലും കാണാൻ കഴിയും. അതിലെ ഭീകര സംഭവങ്ങൾക്ക്, വിശ്വാസിക്കും വിശ്വാസിയല്ലാത്തവർക്കും ഓരോ രീതിയിൽ കാരണം കണ്ടെത്താൻ കഴിയും. സുഡാനി, വിരുദ്ധതലങ്ങളിൽ നിന്നുമുള്ള വായനാസാധ്യത തരുന്നുണ്ടെന്നാണു സൂചിപ്പിക്കുന്നത്.

സുഡാനിയിലെ പുരുഷന്മാര്‍, സ്ത്രീകള്‍

മുസ്‌ലിം പുരുഷന്മാരെക്കുറിച്ചുള്ള വാർപ്പുമാതൃകകളുടെ സ്ഥാനത്ത്‌ അതിനെ അട്ടിമറിച്ചുകൊണ്ടു സ്ഥാപിക്കുന്ന പുരുഷന്മാരെ നോക്കുക. സൗബിന്റെ കഥാപാത്രം-മജീദ്- തന്നെ പലതരം ദൗർബല്യങ്ങളും വേദനകളും ഉള്ള, ഇംഗ്ളീഷ് അറിയാത്ത, പഠിപ്പില്ലാത്ത, പെണ്ണു കാണാൻ ചെല്ലുമ്പോൾ എളുപ്പത്തിൽ പെണ്ണുങ്ങൾ തള്ളിക്കളയുന്ന, ദുർബലമായ ആണത്തമുള്ള ആളാണ്. മുസ്‌ലിം കുടുംബങ്ങളിലെ ഭീകരന്മാരായ പിതാക്കന്മാരെ കാണുന്ന സ്ഥലത്ത്‌ കെ ടി സി അബ്ദുല്ലയുടെ ദയനീയമായ കഥാപാത്രത്തെയാണു നാം കാണുന്നത്. വലിയ ഒരു അഭാവമാണത്. എന്നാൽ സ്ത്രീകൾ, ഹൈദരാബാദിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരും സൗബിന്റെ വിദ്യാഭ്യാസമില്ലായ്‌മ മൂലം അയാളെ നിഷ്ക്കരുണം തള്ളിക്കളയുന്നവരുമൊക്കെയാണ്. പർദ ഒരു പ്രത്യക്ഷ സാന്നിധ്യമായി വന്നു മതേതരരെ അലട്ടുന്നുമില്ല.

ഇതിനിടയിൽ ശ്രദ്ധക്കേണ്ടത് ചില ആണത്തങ്ങളുടെ രസകരമായ അഴിച്ചുപണിയാണ്. നായർ കഥാപാത്രത്തിന്റെയും പോലീസിന്റെയും അഴിച്ചുപണിയാണ് ഉദ്ദേശിക്കുന്നത്. സാധാരണ കാണുന്ന, ആഢ്യത്തമുള്ള, അധീശ്വത്വമുള്ള നായരുടെ സ്ഥാനത്ത് കോമാളിയെപ്പോലെ ദുർബലമായ കഥാപാത്രമാണിവിടെ. അതുപോലെ,  എസ്. ഐ  ആധിപത്യം പ്രകടിപ്പിക്കുന്നത്‌ ചിരിയാണ് ഉയർത്തുന്നത്.

കടപ്പാട് : ജുനൈദ് മമ്പാട്‌

റിയലിസത്തോടുള്ള ഇടപാടുകള്‍

ഇവിടെയാണ് സുഡാനി ഫ്രം നൈജീരിയ പല സിനിമാ വിമർശകരെയും കുഴക്കുന്നത്. ഡോക്യുമെന്ററി സംവിധായകൻ രൂപേഷ് കുമാർ സിനിമയെക്കുറിച്ച് എഴുതിയ വിമർശനത്തിൽ, സിനിമയുടെ ചരിത്രം പറയാൻ ശ്രമിക്കുമ്പോഴും സിനിമയുടെ വ്യവഹാരത്തേക്കാൾ, പുറത്തെ റിയലിസത്തെക്കുറിച്ചാണു സംസാരിക്കുന്നത്‌. ഇതിലെ പോലീസുകാരെ നിഷ്‌കളങ്കര്‍ ആക്കി എന്നുള്ള പരാതിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഈ സിനിമ, നേരത്തെ സൂചിപ്പിച്ചപോലെ, തീക്ഷ്ണമായ എതിരിടലിന്റെ രീതിയല്ല സ്വീകരിക്കുന്നത്. മറിച്ച്‌ വളരെ നേർത്ത രീതിയിൽ പ്രശ്നത്തെ അവതരിപ്പിക്കുകയും, രാഷ്ട്രീയം കടുത്തു വരുമ്പോൾ പിടിതരാതെ പോവുകയുമാണു ചെയ്യുന്നത്. ‘പോലീസ് പീഡിപ്പിക്കുന്ന മുസ്‌ലിം’ എന്ന റിയലിസത്തിൽ നിന്നു വഴുതിപ്പോവുകയും, എന്നാൽ പോലീസിനെക്കുറിച്ചു പറയുകയും ചെയ്യുന്നുണ്ട്‌ സിനിമ. അധികാരത്തെ, മുസ്‌ലിം പൊളിറ്റിക്കൽ ഇടത്തു നിന്ന്‌ ഭീകരമായ, കലഹത്തിന്റെ രീതിയിൽ സിനിമ അവതരിപ്പിക്കുന്നില്ല. ഭീകരമായ പോലീസ് മർദനവും റിയലിസ്റ്റിക് പോലീസ് സ്റ്റേഷനുമാണല്ലോ ഇപ്പോൾ മലയാള സിനിമയ്ക്കു പ്രിയപ്പെട്ടത്. പക്ഷേ സുഡാനി അതിന്റെ രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും രൂപേഷ് ആവശ്യപ്പെടുന്ന റിയലിസ്റ്റിക് ബാധ്യത ഏറ്റെടുക്കുന്നില്ല. ഈ സമീപനം തന്നെയാണ് സുഡാനിയെ സ്വീകാര്യമാക്കുന്നതും. ഈ സ്വീകാര്യത തന്നെയാണ് അതിനെ മനുഷ്യ സംഗമം എന്നോ നന്മയുടെ പ്രകടനമെന്നോ ആരോപിക്കാൻ പ്രേരിപ്പിക്കുന്നത്. മലയാള സിനിമയോടുള്ള ഈ നീക്കുപോക്കു തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

മുസ്‌ലിം പുരുഷന്മാരെക്കുറിച്ചുള്ള വാർപ്പുമാതൃകകളുടെ സ്ഥാനത്ത്‌ അതിനെ അട്ടിമറിച്ചുകൊണ്ടു സ്ഥാപിക്കുന്ന പുരുഷന്മാരെ നോക്കുക. സൗബിന്റെ കഥാപാത്രം-മജീദ്- തന്നെ പലതരം ദൗർബല്യങ്ങളും വേദനയും ഉള്ള, ഇംഗ്ളീഷ് അറിയാത്ത, പഠിപ്പില്ലാത്ത, പെണ്ണു കാണാൻ ചെല്ലുമ്പോൾ എളുപ്പത്തിൽ പെണ്ണുങ്ങൾ തള്ളിക്കളയുന്ന, ദുർബലമായ ആണത്തമുള്ള ആളാണ്. മുസ്‌ലിം കുടുംബങ്ങളിലെ ഭീകരന്മാരായ പിതാക്കന്മാരെ കാണുന്ന സ്ഥലത്ത്‌ കെ ടി സി അബ്ദുല്ലയുടെ ദയനീയമായ കഥാപാത്രത്തെയാണു നാം കാണുന്നത്. വലിയ ഒരു അഭാവമാണത്. എന്നാൽ സ്ത്രീകൾ, ഹൈദരാബാദിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരും സൗബിന്റെ വിദ്യാഭ്യാസമില്ലായ്‌മ മൂലം അയാളെ നിഷ്ക്കരുണം തള്ളിക്കളയുന്നവരുമൊക്കെയാണ്. പർദ ഒരു പ്രത്യക്ഷ സാന്നിധ്യമായി വന്നു മതേതരരെ അലട്ടുന്നുമില്ല.

‘നല്ല മുസ്‌ലിം- ചീത്ത മുസ്‌ലിം’ എന്ന ദ്വന്ദത്തിലല്ല ഈ സനിമ പ്രവർത്തിക്കുന്നത്. ഈ രണ്ടു മാതൃകകളുടെയും പ്രത്യക്ഷമായ അഭാവം തന്നെയാണ് ഇതിലുള്ളത്. മലയാള സിനിമയിലെ കടുത്ത, വംശീയമായ വാർപ്പു മാതൃകകളെ റിയലിസ്റ്റിക് മുസ്‌ലിം പ്രതിനിധാനത്തിലൂടെ പ്രതിരോധിച്ചു കൂടേ എന്നു ചിന്തിക്കുന്നവർ കാണും. എന്നാൽ ആ റിയലിസ്റ്റിക് പ്രതിനിധാനത്തെ കൂട്ടു പിടിക്കാതെയാണ് സുഡാനി തന്ത്രപരമായി ഇടപെടുന്നത്.

‘കമ്മട്ടിപ്പാടം’ ഉയർത്തിയ, റിയലിസത്തെക്കുറിച്ചുള്ള ചർച്ചയുടെ ആവർത്തനം, സുഡാനിയുമായി ബന്ധപ്പെട്ട ചർച്ചയിലും കാണാം. കമ്മട്ടിപ്പാടം, ദലിത് പ്രതിനിധാനം എന്ന നിലയിൽ അടിമുടി ആഘോഷിക്കപ്പെടുകയായിരുന്നു . സ്വന്തം നാടിന്റെ അനുഭവത്തോടു ചേർത്തു വച്ചാണ് രൂപേഷ്കുമാർ തന്നെ അതിനെക്കുറിച്ചെഴുതിയത്. അതിലെ റിയലിസം ഒരു അധികാരമായാണു തോന്നിയത്. കൃത്രിമമായ ഉന്തിയ പല്ലും ദലിത് ശരീരമാതൃകകളുമൊക്കെ ചേർന്നുണ്ടാക്കിയ എത്ത്നോഗ്രാഫിക് വയലൻസിനെക്കുറിച്ച് ഈ ലേഖകന്‍ എഴുതിയിരുന്നു. സുഡാനിയെക്കുറിച്ചുള്ള രൂപേഷിന്റെ കുറിപ്പിലെ, കമ്മട്ടിപ്പാടം എന്ന സിനിമയുടെ അദൃശ്യത അത്ഭുതമാണുണ്ടാക്കിയത്. റിയലിസത്തെക്കുറിച്ച് ഏറ്റവും കൂടുതൽ വാദ -പ്രതിവാദം നടന്ന കമ്മട്ടിപ്പാടം, എന്തുകൊണ്ടായിരിക്കും അദ്ദേഹം ഈ എഴുത്തിൽ പരാമർശിക്കാതിരുന്നത്? കമ്മട്ടിപ്പാടം സൃഷ്ടിച്ച വംശീയമായ ‘അതിദലിത’ (പി കെ രതീഷിന്റെ ലേഖനത്തിൽ പ്രയോഗിക്കപ്പെട്ടത്‌) സ്വത്വം അല്ല സുഡാനി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. മറിച്ച് മുസ്‌ലിം ജീവിത പരിസരത്തെ നോർമൽ ആയ തന്ത്രപരതയിൽ പ്രതിഷ്ഠിക്കുകയാണു ചെയ്യുന്നത്. സാധാരണ, നിലവിളക്കും ഹിന്ദു ബിംബങ്ങളും മതേതര മണ്ഡലത്തിൽ ചേർന്നു പോവുകയും മുസ്‌ലിം ആയതു ചേരാതിരിക്കുകയും ചെയ്യുന്നിടത്ത്‌ വളരെ തന്ത്രപരമായി, മുസ്‌ലിം ജീവിതത്തെ നോർമലൈസ് ചെയ്യുന്നുണ്ടു സിനിമ. അതുകൊണ്ടാണ് സുരാജിനും എൻ എസ് മാധവനും ഒരു ദേശത്തിന്റെയോ മതത്തിന്റെയോ സിനിമയായി സുഡാനി അനുഭവപ്പെടാഞ്ഞത്.

വംശീയത’

നൈജീരിയൻ അഭയാർഥിയെ പ്രതിനിധീകരിക്കുന്നതിൽ വംശീയത ഉണ്ടെന്ന ആരോപണം വ്യക്തമാക്കപ്പെടുന്നില്ല. ‘സുഡു’ എന്ന വിളിയെക്കുറിച്ചാണു പറയുന്നത്. സിനിമയുടെ ഘടനയ്ക്കുള്ളിൽ അത്തരത്തിൽ വംശീയത ഉണ്ടോ എന്ന രീതിയിൽ ഒരു വിമർശനവും വന്നില്ല. പ്രശാന്ത് കോളിയൂർ ഉന്നയിച്ച വാദം മാത്രമാണു കാമ്പുള്ളതു്; നൈജീരിയൻ രംഗങ്ങൾ കാണുമ്പോളുള്ള ടോണിന്റെ പ്രശ്നം. അതിൽ ഒരു എക്സോട്ടിക് പ്രതീതി വരുന്നുണ്ട്. ഇതിനെ ഒരു പ്രതിസന്ധിയായാണ് എനിക്കു തോന്നിയത്. മറ്റൊരിടത്തെ, മറ്റൊരു ജനതയെ ചിത്രീകരിക്കുന്നതിലുള്ള പ്രതിസന്ധി. മലയാള സിനിമയെ സംബന്ധിച്ച്‌ മുസ്‌ലിംകളെയും ദലിതരെയുമൊക്കെ ചിത്രീകരിക്കുന്നതിൽ സമാനമായ പ്രതിസന്ധിയുണ്ട്.

കമ്മട്ടിപ്പാടം സൃഷ്ടിച്ച വംശീയമായ ‘അതിദലിത’ (പി കെ രതീഷിന്റെ ലേഖനത്തിൽ പ്രയോഗിക്കപ്പെട്ടതു്) സ്വത്വം അല്ല സുഡാനി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. മറിച്ച് മുസ്‌ലിം ജീവിത പരിസരത്തെ, നോർമൽ ആയ തന്ത്രപരതയിൽ പ്രതിഷ്ഠിക്കുകയാണു ചെയ്യുന്നത്. സാധാരണ, നിലവിളക്കും ഹിന്ദു ബിംബങ്ങളും മതേതര മണ്ഡലത്തിൽ ചേർന്നു പോവുകയും മുസ്‌ലിം ആയതു ചേരാതിരിക്കുകയും ചെയ്യുന്നിടത്ത്‌ വളരെ തന്ത്രപരമായി, മുസ്‌ലിം ജീവിതത്തെ നോർമലൈസ് ചെയ്യുന്നുണ്ടു സിനിമ. അതുകൊണ്ടാണ് സുരാജിനും എൻ എസ് മാധവനും ഒരു ദേശത്തിന്റെയോ മതത്തിന്റെയോ സിനിമയായി സുഡാനി അനുഭവപ്പെടാഞ്ഞത്.

ഈ സിനിമ നിൽക്കുന്ന കീഴാള ഇടം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സെവൻസ് ഫുട്ബോൾ, ഓട്ടോക്കാർ, കീഴാള മുസ്‌ലിം പരിസരങ്ങൾ അങ്ങനെ ഒട്ടേറെ ഘടകങ്ങൾ. അതുകൊണ്ടുതന്നെ, നൈജീരിയൻ അഭയാർഥി എന്നതിലൂടെ മുസ്‌ലിം ജീവിതങ്ങൾ നേരിടുന്ന സമാനമായ പ്രശ്നങ്ങൾ സിനിമ പറയുന്നുണ്ട്. നൈജീരിയക്കാരെ വീട്ടിൽ താമസിപ്പിക്കുന്നതു സംശയമുളവാക്കുന്നത്‌ മുസ്‌ലിം വീടുകൾ എന്നതുകൊണ്ടു കൂടിയാണല്ലോ. കീഴാളമായ കൊടുക്കൽ വാങ്ങൽ കൂടിയാവാം ഇവർ തമ്മിലുള്ളത്. വംശീയത എന്നതിനെ കുറച്ചുകൂടി സങ്കീർണമായ രീതിയിൽ ആണു കാണേണ്ടത്.

സുഡാനിയെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് അത് അവതരിപ്പിക്കുന്ന മൂന്നാമത്തെ സാധ്യതയാണ്. മതേതര-മത എന്ന പ്രത്യക്ഷ ദ്വന്ദങ്ങൾക്കപ്പുറത്ത്‌ മലയാള സിനിമയോട് ഇടപെടുന്ന മറ്റൊരു സാധ്യതയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ, സവർണ ഹൈന്ദവ ബിംബങ്ങൾ വളരെ സ്വാഭാവികമായി നിറഞ്ഞു നിന്നിരുന്ന മതേതര ഇടത്തിൽ തന്ത്രപമായി കയറി വന്ന് മുസ്‌ലിം ജീവിതങ്ങളെ സ്വാഭാവികമാക്കുന്ന ഇടപാടിനെ കുറച്ചു കാണാൻ കഴിയുമോ?

പിന്‍കുറിപ്പ് :-

ഈ കുറിപ്പ് എഴുതി അയച്ചതിനു ശേഷമാണ് നൈജീരിയൻ താരം സാമുവൽ റോബിൻസന്റെ പോസ്റ്റ് കാണുന്നത്. സിനിമയോടുള്ള പല തരത്തിലുള്ള ഇടപെടലുകൾ മനസ്സിലാക്കാനാണ് സുഡാനി ഫ്രം നൈജീരിയയെ കുറിച്ചുള്ള കുറിപ്പിലൂടെ ഞാൻ ശ്രമിച്ചത്. സാമുവൽ ഉന്നയിക്കുന്ന പ്രശ്നം മറ്റൊരു പ്രശ്നമായി കാണണമെന്നാണു എനിക്ക് തോന്നുന്നത്. അതിനെ ഈ സിനിമയുടെ കാഴ്ചയുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിൽ കാര്യമില്ല. സിനിമാ വ്യവസായം, നിർമ്മാണം, എന്നിവയുമായി ബന്ധപെട്ടു ഇതുപോലെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടാകാറുണ്ട്. സിനിമ എന്ന സ്ഥാപനത്തിന്റെ അധികാരം എന്നത് ചെറുത്തുനിൽപ്പുകൾ, നീക്കുപോക്കുകൾ തുടങ്ങിവയുമായി പല തരത്തിൽ ബന്ധമുള്ള ഒരു കാര്യമാണ്. വംശീയത, ജാതീയത ഒക്കെ നിലനിൽക്കുന്നുണ്ട്. പക്ഷെ അതിനുള്ളിൽ നിന്നുമാത്രം ഈ കാര്യങ്ങൾ വിലയിരുത്താൻ കഴിയുമോ? സൂപ്പർ താരങ്ങൾ, ഹാസ്യ താരങ്ങൾ, നടിമാർ, സഹനടന്മാർ, നടികൾ, പുതുമുഖങ്ങൾ എന്നിവരുടെ വേതനം, അവരോടുള്ള സിനിമാ വ്യവസായത്തിന്റെ സമീപനം ഇവയൊക്കെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. അതിനോടെല്ലാം സംഘര്‍ഷത്തിലേര്‍പ്പെട്ടു കൊണ്ടാണ്‌ പലരും നിലനിൽക്കുന്നത്. ഈ പ്രശ്നങ്ങളെ പ്രത്യേകമായിതന്നെ മനസിലാക്കേണ്ടതുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ വ്യവഹാരത്തെ കുറിച്ചുള്ള വിമർശനങ്ങൾക്കൊപ്പം എളുപ്പം ചേർത്തുവെക്കാവുന്ന ഒന്നായി സാമുവലിന്റെ പ്രസ്താവനയെ കാണുന്നത് വിമർശനങ്ങളെ ശക്തമാക്കുമെന്ന് കരുതുന്നില്ല.

Top