ചിതലരിക്കുന്ന ചെങ്കോട്ടകൾ

ക്യാമ്പസുകളില്‍ കീഴാള മുന്നേറ്റങ്ങളുടെ മുന്‍കൈയ്യില്‍ നടക്കുന്ന വൈജ്ഞാനിക ചര്‍ച്ചകളൊന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്കെത്ര വോട്ട് ലഭിക്കുന്നുണ്ട് എന്ന ചോദ്യമാണ് എസ്.എഫ്.ഐ ഉയര്‍ത്തുന്നത്.സവര്‍ണ മതേതര അഗ്രഹാരങ്ങളിലെ ദലിത് മുസ്ലീം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ സാന്നിധ്യം എസ്.എഫ്.ഐ യുടെ ഉറക്കം കെടുത്തുന്നുണ്ട്.പഴയകാലത്ത് നിന്ന് ഭിന്നമായി എസ്.എഫ്.ഐയുടെ മര്‍ദ്ധനങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ദൃശ്യത കൈവരുന്നുണ്ട്. കേന്ദ്രസര്‍വകലാശാലകളിലെ ദലിത് ബഹുജന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഉണര്‍വും സാമൂഹ മാധ്യമങ്ങളുടെ സാധ്യതകളും ദലിത് മുസ്ലീം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളുമെല്ലാം ആ ദൃശ്യതയുടെ കാരണങ്ങളാണ്.എണ്‍പതുകളുടെ ഗൃഹാതുരതയില്‍ മുന്‍ എസ്.എഫ്.ഐക്കാര്‍ നിര്‍മിക്കുന്ന ഹിംസ നിറഞ്ഞ ആണാഘോഷ സിനിമകളാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഏക ആശ്വാസം.അതിലെ നായകന്‍മാരായ സ്വയം സങ്കല്‍പ്പിച്ച് തിയേറ്ററുകളില്‍ ജനാധിപത്യം, സ്വാതന്ത്ര്യം മുദ്രാവാക്യം മുഴക്കി അവര്‍ സായൂജ്യമടയുന്നു.

തിരൂരില്‍ പ്രമുഖ   ദിനപത്രം സംഘടിപ്പിച്ച പരിപാടിയിൽ  ‘പൊരുതുന്ന ക്യാമ്പസ്’ എന്ന തലക്കെട്ടില്‍ ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളിലെ ദലിത് ബഹുജന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മുന്നേറ്റങ്ങളെ അടയാളപെടുത്തുന്ന ചര്‍ച്ച നടക്കുന്നു. പാനലിസ്റ്റുകള്‍ എല്ലാവരും സദസ്സിലിരിക്കുന്ന മടപ്പള്ളി ഗവ.കോളജിലെ സല്‍വ എന്ന വിദ്യാര്‍ഥിയെ സംസാരത്തിനിടെ അഭിവാദ്യം ചെയ്യുന്നു. ജെ എന്‍ യു വിലെ ബാപ്‌സ(Birsa Ambedkar Phule Students Association) നേതാവ് രാഹുല്‍ സോംന്‍പിന്‍പ്‌ളെ പുനാറാം എഴുന്നേറ്റ് നിന്നാണ് സല്‍വയെ അഭിവാദ്യം ചെയ്തത്.

എന്താണ് സല്‍വയെ ഈ അഭിവാദ്യത്തിന് അര്‍ഹയാക്കിയത്.കോഴിക്കോട് ജില്ലയിലെ മടപ്പളളി ഗവ.കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സല്‍വ അബ്ദുല്‍ ഖാദര്‍. വടകര ഒഞ്ചിയത്തെ പാര്‍ട്ടി ഗ്രാമത്തിലെ ഈ ചെങ്കോട്ടയില്‍ എസ്.എഫ്.ഐ ക്കാര്‍ സല്‍വക്ക് ഭ്രഷ്ട് കല്‍പ്പിച്ചു. സല്‍വയെ പുറത്താക്കും വരെ കോളജില്‍ പഠിപ്പ് മുടക്ക് സമരവും പ്രഖ്യാപിച്ചു. സല്‍വയെ പര്‍ദ്ദയണിഞ്ഞ വര്‍ഗീയ വിഷജന്തുവെന്ന് വിശേഷിപ്പിച്ചിറക്കിയ യൂണിറ്റ് കമ്മിറ്റിയുടെ സമര പ്രഖ്യാപന കുറിപ്പില്‍ മുഖം മറക്കാനും ഉപദേശമുണ്ട്. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ എസ്.എഫ്.ഐയുടെ സ്ത്രീ വിരുദ്ദവും മുസ്ലീം വിരുദ്ദവുമായ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും മാധ്യമശ്രദ്ധ കൈവരുകയും ചെയ്തതോടെ സമരം പിന്‍വലിച്ച് സഖാക്കള്‍ തടിതപ്പി. ലോ അക്കാദമി സമരത്തിന് പിന്തുണയര്‍പ്പിച്ച് പഠിപ്പ് മുടക്ക് സമരം നടത്താന്‍ തീരുമാനിച്ചതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള എട്ട് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെയുള്ള അധ്യാപകരുടെ ഒത്താശയോട് കൂടിയാണ് ഈ അതിക്രമങ്ങള്‍. സാധാരണ ഗതിയില്‍ ഭയംകൊണ്ട് വിദ്യാര്‍ഥികള്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പുറത്ത് പറയില്ല. സല്‍വയും കൂട്ടുകാരും ധീരമായി അതിനെ നേരിടാന്‍ തീരുമാനിച്ചു. വ്യക്തിഹത്യാ പ്രചാരണങ്ങളും കള്ളകേസുകളും തുടര്‍മര്‍ദ്ദനങ്ങളുമായാണ് എസ്.എഫ്.ഐ ഇതിനെ നേരിട്ടത്. സീനിയര്‍ വിദ്യാര്‍ഥികളുടെ പൊളിറ്റിക്കല്‍ റാഗിങ് സഹിക്കവയ്യാതെ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ സല്‍വ എഴുതിയ കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്.കേരളത്തിലെ ക്യാമ്പസുകളില്‍ നിലനില്‍ക്കുന്ന പൊളിറ്റിക്കല്‍ റാഗിംങിന്റെ നേര്‍ചിത്രം കൂടിയാണ് മടപ്പള്ളിയിലെ അനുഭവങ്ങള്‍ വരച്ച് കാണിക്കുന്നത്.

അവിടം കൊണ്ടും തീര്‍ന്നില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ തന്നെ നേരിട്ട് മടപ്പള്ളിയിലെത്തി. എസ്.എഫ്.ഐ യുടെ ഏകാധിപത്യ അതിക്രമങ്ങേളില്‍ മനംമടുത്ത മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതരവിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും ചേര്‍ന്ന് നാല് വര്‍ഷം മുന്‍പ് രൂപീകരിച്ച ഇന്‍ക്വിലാബ് എന്ന വിദ്യാര്‍ഥി കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിയുടെ ഗൂഢാലോചനായണെന്നും ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസും ചേര്‍ന്ന് എസ്.എഫ്.ഐ യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എബിവിപിയും ക്യാമ്പസ് ഫ്രണ്ടും, ആര്‍ എസ് എസും ജമാഅത്തെ ഇസ്ലാമിയും എന്നതായിരുന്നു സമീകരണത്തിന്റെ താളം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സൂര്യഗായത്രിക്കും അസ്മിതക്കും സുഹൃത്തിനും നേരിടേണ്ടി വന്ന അനുഭവങ്ങളും മഹാരാജാസിലെ അതിക്രമങ്ങളുമെല്ലാം വ്യാജപ്രചാരണങ്ങളാണ് എന്നദ്ദേഹം പറഞ്ഞുവെച്ചു.

ഏറ്റവും കൗതുകകരമായ കാര്യം തിരുവനന്തപുരത്തെ സദാചാര ഗുണ്ടായിസത്തിനെതിരായ വിമര്‍ശങ്ങളെ നേരിടാന്‍ എസ്.എഫ്.ഐ അഖിലേന്ത്യോ നേതാക്കള്‍ തന്നെ നല്‍കിയ വിശദീകരണങ്ങളെ കൂടി അദ്ദേഹം തള്ളികളഞ്ഞു. എസ്.എഫ്.ഐ  സമൂഹത്തിന്റെ എല്ലാതുറകളിലേയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ആള്‍കൂട്ടമായതിനാലുള്ള പ്രശ്‌നങ്ങളാണെന്നും തെറ്റുകാരുണ്ടങ്കില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു അഖിലേന്ത്യേ പ്രസിഡന്റ് വി.പി സാനു പറഞ്ഞിരുന്നത്. എസ്.എഫ്.ഐ കെട്ടുറപ്പുള്ള  സംഘടനയാണെന്നും എല്ലാം കള്ളപ്രചാരണങ്ങളാണെന്നുമാണ് കൊടിയേരിയുടെ പ്രതികരണം. കൊടിയേരിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം മടപ്പള്ളിയില്‍ തന്നെ പ്രസംഗിച്ചത് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എസ്.ഐ.ഒ ആണെന്നും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നുമായിരുന്നു.

എതിര്‍പക്ഷത്തുള്ളത് മുസ്ലീം വിദ്യാര്‍ഥികളായതിനാല്‍ മുസ്ലീം വിരുദ്ധ പൊതുബോധത്തെ ഉത്തേജിപ്പിച്ച് രക്ഷപെടുന്ന ഇടതുപക്ഷത്തിന്റെ പതിവ് തന്ത്രമാണിവിടെ കാണാനാവുക. ഐ എസ് വിവാദം കൊടുമ്പിരികൊണ്ട കാലത്ത് എസ്.ഐ.ഒ വിനെ ഐ.എസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന സംഘടനയായും അതിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റും മുന്‍ സംസ്ഥാന പ്രസഡന്റും കേരളത്തിലെ യുവ പണ്ഡിതനുമായ നാഹാസ് മാളയെ ഐ എസ് കമാന്ററായും ചിത്രീകരിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ നടത്തിയ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കൂറച്ച് കൂടി വ്യക്തമാവും. ഈ തന്ത്രമാണ് എസ്.എഫ്.ഐ ക്യാമ്പസുകളില്‍ മുസ്ലീം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളായ എം.എസ്.എഫിനും എസ്.ഐ.ഒ വിനും ക്യാമ്പസ് ഫ്രണ്ടിനുമെതിരെ നിരന്തരമായി പയറ്റുന്നത്. മുസ്ലീം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ആര്‍.എസ്.എസിനോട് സമീകരിക്കുക മാത്രമല്ല അവരെ ദേശവിരുദ്ധരായും മതേതരത്വത്തെ തകര്‍ക്കുന്നവരായും ചിത്രീകരിച്ചാണ് അവര്‍ ‘പ്രതിരോധിക്കുന്നത്’. രോഹിത്ത് വെമുലയോ  നജീബ് അഹമ്മദോ കേരളത്തില്‍ എസ്.എഫ്.ഐ യുടെ മുന്‍ഗണനയില്‍ ഒരിക്കല്‍ പോലും വന്നിട്ടില്ല.ആ രാഷ്ട്രീയം ഉന്നയിക്കുന്നവരെയാണ് വര്‍ഗീയവാദികളാക്കുന്നത്. ‘ജാതിരഹിത മതരഹിത ക്യാമ്പസിനെ’ മലിനമാക്കുന്നവരാക്കുന്നത്. ഇവിടെ എസ്.എഫ്.ഐക്ക് എബിവിപിയോട  സാമ്യതകള്‍ മാത്രമല്ല വ്യത്യാസം തിരിച്ചറിയാന്‍ പോലും പറ്റാതാകുന്ന സ്ഥിതിയുണ്ട്.എബിവിപിയുടെ മുസ്ലീം വിരുദ്ധ രാഷ്ട്രീയം പേറുന്നുണ്ട് എസ്.എഫ്.ഐ എന്നുള്ളത് കേരളത്തിലെ മാത്രം അനുഭവമല്ലെന്ന് കേന്ദ്ര സര്‍വ്വകലാശാലകളിലെ ഇലക്ഷന്‍ കാലത്തെ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്ടന്ന് മനസ്സിലാകും.എ.എസ്.എ യിലെയും ബാപ്‌സ സഖ്യത്തിലേയും മുസ്ലീം വിദ്യാര്‍ഥികളുടെ സാന്നിധ്യം ചൂണ്ടികാണിച്ചാണ് ഹൈദരാബാദിലും ജെ.എന്‍.യുവിലും എസ്.എഫ്.ഐ ഇലക്ഷന്‍ പ്രചാരണം നയിച്ചത്. എസ്. എഫ്. ഐയുടെ എസ്. ഐ.ഒ എബിവിപി സമീകരണത്തിന്റെ രാഷ്ട്രീയത്തെ കരുതിയിരിക്കാന്‍ ആവശ്യപ്പെടുന്ന രോഹിത് വെമുലയുടെ രാഷ്ട്രീയം കേരളത്തിലെ ക്യാമ്പസുകളില്‍ പ്രസക്തമായി തീരുന്നുണ്ട്.

ഇത്തരം അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് പലരും വാദിക്കുന്നത്. ഊതിവീര്‍പ്പിച്ച് എസ്.എഫ്.ഐ യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറയുന്നു. കേരളത്തിലെ എസ്.എഫ്.ഐക്ക് ഭൂരിപക്ഷമുള്ള ഒട്ടുമിക്ക ക്യാമ്പസുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിരന്തരമായി എസ്.എഫ്.ഐ യുടെ മര്‍ദ്ദനത്തിന് മുസ്ലീം വിദ്യാര്‍ഥികള്‍ ഇരയാകുന്നുണ്ട്. പക്ഷേ ഒരിക്കല്‍ പോലും അസ്മിതക്കും സൂര്രഗായത്രിക്കും ലഭിക്കുന്ന മാധ്യമശ്രദ്ധയും പൊതുസമൂഹത്തിന്റെ പിന്തുണയും അവര്‍ക്ക് ലഭിക്കാറില്ലെന്ന് മാത്രം. കണ്ണൂര്‍ യൂണിവേഴ്‌സിററിയിലെ നാല് മുസ്ലീം പെണ്‍കുട്ടികള്‍ ഇലക്ഷന് നോമിനേഷന്‍ നല്‍കിയതിന്റെ പേരില്‍ കോളജിലും താമസ സ്ഥലത്തും കേറാന്‍ സാധിക്കാതെ റെയില്‍വെ സ്‌റ്റേഷനില്‍ അന്തിയുറങ്ങിയപ്പോള്‍ പോലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. എസ്.എഫ്.ഐ യുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് തന്റെ കായിക സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന ദേശീയ സൈക്‌ളിംഗ് താരം അജ്മലിന് ഇപ്പോഴും ക്യാമ്പസില്‍ പ്രവേശിക്കാന്‍ പോലും സാധിച്ചിട്ടില്ല. മഹാരാജാസില്‍ ഈ വര്‍ഷം തന്നെ നിരവധി തവണയാണ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കപ്പെട്ടത്. രോഹിത് വെമുലയുടെ ജീവത്യാഗത്തെ തുടര്‍ന്ന് ഉയര്‍ന്ന് വന്ന ദേശീയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി പഠിപ്പ് മുടക്ക് സമരം നടത്തിയതിനും രോഹിത്ത് അനുസ്മരണം സംഘടിപ്പിച്ചതിനുമെല്ലാം മഹാരാജാസിലെ എസ്.എഫ്.ഐ ക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. രോഹിത്തിന്റെ മരണത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നുവെന്നാണ് ചില ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ആരോപിച്ചത്. നരേന്ദ്രമോദിയുടേതിന് സമാനമായ ഇത്തരം വാദങ്ങള്‍ എസ്.എഫ്.ഐ ഉന്നയിയിക്കുന്നത് ഇതാദ്യമല്ല. ഹൈദരാബാദിലെ ഇഫ്‌ലുവില്‍ പുലയാല രാജുവും മുദ്ദസ്സിര്‍ കമ്രാനും കൊല്ലപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന് വന്ന പ്രക്ഷോഭങ്ങളെ മരണത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് പറഞ്ഞാണ് എസ്.എഫ്.ഐ് നേരിട്ടത്.

എണ്‍പതുകളില്‍ കെ.എസ്.യുവില്‍ നിന്ന് എസ്.എഫ്.ഐക്ക് നേരിടേണ്ടി വന്ന അക്രമങ്ങള്‍ നിരന്തര ചര്‍ച്ചക്ക് വിധേയമാകുമ്പോഴും കേരളത്തില്‍ രൂപം കൊണ്ട ദലിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിനെ എസ്.എഫ്.ഐ ഇ്ല്ലാതാക്കിയത് അധികം ചര്‍ച്ചക്ക് വരാറില്ല. അക്കാലത്ത് എസ്.എഫ്.ഐയില്‍ നിന്ന് ദലിത് വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് ഒ.പി രവീന്ദ്രനും എം.ബി മനോജും എ. കെ. വാസുവുമെല്ലാം എഴുതിയിട്ടുണ്ട്.ഒരുപക്ഷേ കേരളത്തിലെ ദലിത് വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ ഏറ്റവും റാഡിക്കലായ പ്രസ്ഥാനങ്ങളിലൊന്നായ വലിയ സാധ്യതകളുണ്ടായിരുന്ന ഡി.എസ്.എമ്മിനെ തകര്‍ത്തതാണ് എസ്.എഫ്.ഐ ചെയ്ത ഏറ്റവും വലിയ ഹിംസ. കേരളത്തിലെ വിദ്യാര്‍ഥിയെ പ്രസ്ഥാന ചരിത്രത്തില്‍ ദലിത് വിദ്യാര്‍ഥി മുന്നേറ്റങ്ങളോട് എസ്.എഫ്.ഐ ചെയ്ത ക്രൂരതകള്‍ ഇപ്പോഴും അടയാളപ്പെടുത്താതിരിക്കാനും ഓര്‍മിക്കാതിരിക്കാനും പുരോഗമനകാരികള്‍ ശ്രദ്ധ വെക്കുന്നുണ്ട്. ഇപ്പോഴും ഈ ദലിത് വിരുദ്ധ രാഷ്ട്രീയം എസ്.എഫ്.ഐ തുടരുന്നുണ്ട്. എം.ജി യൂണിവേഴ്‌സിറ്റിയിലെ വിവേകിന്റെ അനുഭവങ്ങള്‍ വിവരണാതീതമാണ്. ക്രൂരമായ മാര്‍ദ്ദനത്തിന് വിധേയനാക്കിയ ശേഷം വിവേകിനെതിരെ  സാദാചാര പ്രശ്‌നങ്ങളും കഞ്ചാവ് ഉപയോഗവുമൊക്കെയാണ് എസ്.എഫ്.ഐ ഉന്നയിച്ചത്. പിന്നീട് അവിടെ രൂപീകരിക്കപെട്ട എ.എസ്.എ ക്കെതിരെയും ഈ പ്രചാരണങ്ങള്‍ എസ്.എഫ്.ഐ തുടരുന്നു. കേരളത്തിലെ ദളിത് മുന്നേറ്റങ്ങളെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമാക്കുന്ന നിലപാടിനെതിരെ പോലും കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ രൂപപെടുന്നില്ല. വിവേകിനെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ ഹര്‍ത്താലുള്‍പ്പടെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചു. പക്ഷെ കേരളത്തിലെ മുഖ്യാധാര സംഘടനകള്‍ പാലിച്ച മൗനം നമ്മുടെ പൊതുസമൂഹത്തിലെ ദലിത് വിരുദ്ധതയുടെ ആഴം വിളിച്ചു പറയുന്നുണ്ട്.

ദലിത് മുസ്ലീം വിദ്യാര്‍ഥികള്‍ക്കെതിരായ എസ്.എഫ്.ഐയുടെ അക്രമങ്ങളെ മുഖ്യധാരാ മാധ്യമങ്ങളും എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം അവഗണിക്കാറാണ് പതിവ്. തിരുവനന്തപുരത്ത് അസ്മിതക്കും സൂര്യഗായത്രിക്കും നേരെ നടന്ന അതിക്രമങ്ങളെ അപലപിക്കാന്‍ ഇടത്പക്ഷത്ത് നില്‍ക്കുന്ന മുന്‍ എസ്.എഫ്.ഐ ക്കാരായ മാധ്യമപ്രവര്‍ത്തകരും ആശിഖ് അബുവിനെ പോലുള്ള സിനിമാ പ്രവര്‍ത്തകരുമെല്ലാം തയ്യാറായി. അതേസമയം തന്നെ കീഴാള രാഷ്ട്രീയമുയര്‍ത്തുന്ന ദലിത് മുസ്ലീം വിദ്യാര്‍ഥികള്‍ക്കെതിരായ മര്‍ദ്ദനങ്ങള്‍ക്ക് നേരെ അവര്‍ കണ്ണടയ്ക്കുന്നു. മുസ്ലീം വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘അക്രമം അന്നും പ്രതിരോധമായിരുന്നു’ എന്ന നിലയില്‍ പോലും ന്യായീകരിക്കപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളായും വഴിതെറ്റിയ തെമ്മാടികളുടെ പിഴവായുമെല്ലാം എസ്.എഫ്.ഐ നേതൃത്വത്തെ സംരക്ഷിച്ചെടുക്കാന്‍ മുന്‍ എസ്.എഫ്.ഐ ക്കാരായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ എസ്.എഫ്.ഐയുടെ അതിക്രമങ്ങളെ വെല്ലുന്നവയായിരുന്നു.

എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങള്‍ ഒറ്റപട്ടതല്ലെന്ന് മാത്രമല്ല അത് പാര്‍ട്ടി മെക്കാനിസത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ റാഗിംങ് സംബന്ധിച്ചുയര്‍ന്ന ചര്‍ച്ചയില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്ന റാഗിംങില്‍ പ്രതികളാവുന്നവരില്‍ വലിയൊരു ശതമാനം എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് കേരളത്തിലെ ക്യാമ്പസുകളില്‍ നിന്നുള്ള അനുഭവം. ക്യാമ്പസുകളിലെത്തുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ വലിയ തോതിലുള്ള പൊളിറ്റിക്കല്‍ റാഗിംങിനാണ് വിധേയമാകുന്നത്.ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ ചേരാതിരുന്നാല്‍ മാത്രം പോരാ മറിച്ച് എസ്.എഫ്.ഐ യില്‍ ചേര്‍ന്നാല്‍ മാത്രമേ റാഗിങ് അവസാനിക്കുകയുള്ളൂ. ഇത്തരം മിക്ക സംഭവങ്ങളിലും വിദ്യാര്‍ഥികള്‍ ഭയന്ന് എസ്.എഫ്.ഐക്ക് വിധേയരാകും. പരാതി നല്‍കുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പാര്‍ട്ടി റാന്‍മൂളികളായ പ്രിന്‍സിപ്പാളും അധ്യാപകരും ചേര്‍ന്ന് ഭയപ്പെടുത്തിയും ഉപദേശിച്ചും ശരിപ്പെടുത്തും. എസ്.എഫ്.ഐ നല്‍കുന്ന കൗണ്ടര്‍ കേസുകൂടി വരുന്നതോടെ കാര്യങ്ങള്‍ (ഒത്തു)തീര്‍പ്പാകും.

ഇപ്പോഴത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്റെ നേതൃത്വത്തിലുള്ള എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ 2008ല്‍ പയ്യന്നൂര്‍ കോളജില്‍ പഠിക്കുന്ന സമയത്ത് മര്‍ദ്ദിച്ച് ബോധരഹിതനാക്കി കാട്ടിലുപേക്ഷിച്ച ഒ.ടി. ഷാരിസാസാലിന്റെ  അനുഭവം ‘പുരോഗമന ക്യാമ്പസിലെ ഇടിമൂലകള്‍’ എന്ന തലക്കെട്ടില്‍ ‘പച്ചക്കുതിര’ പ്രസിദ്ധീകരിച്ചിരുന്നു. എസ്.എഫ്.ഐ യില്‍ നേതൃത്വത്തിലെത്തുന്നതിന്റെ മാനദണ്ഡങ്ങളിലൊന്ന് ഇത്തരം അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതാണ്. അതേസമയം പാര്‍ട്ടി ഒരോ വര്‍ഷവും ഗുണ്ടാലിസ്റ്റിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെയും വ്യാജപരാതികള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന വനിതാസഖാക്കളുടെയും സാമൂഹിക പശ്ചാത്തലം പഠനവിധേയമാക്കിയാല്‍ സ്വന്തം പ്രവര്‍ത്തകരായ ദലിത് പിന്നാക്ക സമൂഹങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ടി സമ്മാനിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനാവും. എസ്.എഫ്.ഐ നടത്തിയ സമരങ്ങളുടെയും അക്രമങ്ങളുടെയും ഭാഗമായി കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലെ പ്രതികളുടെ സാമൂഹിക പശ്ചാത്തലം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകും. ദലിത് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നതിന് ദലിത് പ്രവര്‍ത്തകരെയും മുസ്ലീം വിദ്യാര്‍ഥികള്‍ക്കെതിരായ പ്രചാണത്തിന് മുസ്ലീം നേതാക്കളെയും തെരഞ്ഞെടുക്കുന്ന തന്ത്രം കൂടി എസ്.എഫ്.ഐ പയറ്റുന്നുണ്ട്. അങ്ങനെ നിരന്തരമായി തങ്ങളുടെ പാര്‍ട്ടി കൂറ് തെളിയിക്കാന്‍ എസ്.എഫ്.ഐ യിലെ ദലിത് മു്സ്ലീം വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായി തീരുന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ മര്‍ദ്ദനമേല്‍ക്കുകയും എസ്.എഫ്.ഐക്ക് വേണ്ടി  മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത, രോഗികളായി തീര്‍ന്ന, പഠനം തുടരാനാവാതെ ഉപേക്ഷിച്ച് പോയ, പോലീസ് കേസുകളില്‍ ഉള്‍പ്പെട്ട,ജീവിതം തന്നെ ചിതറി പോയ അസംഖ്യം ദലിത് മുസ്ലീം വിദ്യാര്‍ഥികളുണ്ട്. വിദ്യാര്‍ഥി സമരങ്ങള്‍ക്ക് ഏകപക്ഷീയമായ ഹിംസയുടെ രൂപം നല്‍കി ക്യാമ്പസുകളില്‍ അക്രമം പതിവാക്കിയും ക്യാമ്പസ് രാഷ്ട്രീയ നിരോധനത്തിന് വളമൊരുക്കുന്നതിലും എസ്.എഫ്.ഐയുടെ പങ്ക് വളരെ വലുതാണ്.

ക്യാമ്പസുകളില്‍ കീഴാള മുന്നേറ്റങ്ങളുടെ മുന്‍കൈയ്യില്‍ നടക്കുന്ന വൈജ്ഞാനിക ചര്‍ച്ചകളൊന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്കെത്ര വോട്ട് ലഭിക്കുന്നുണ്ട് എന്ന ചോദ്യമാണ് എസ്.എഫ്.ഐ ഉയര്‍ത്തുന്നത്. സവര്‍ണ മതേതര അഗ്രഹാരങ്ങളിലെ ദലിത് മുസ്ലീം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ സാന്നിധ്യം എസ്.എഫ്.ഐ യുടെ ഉറക്കം കെടുത്തുന്നുണ്ട്. പഴയകാലത്ത് നിന്ന് ഭിന്നമായി എസ്.എഫ്.ഐയുടെ മര്‍ദ്ധനങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ദൃശ്യത കൈവരുന്നുണ്ട്. കേന്ദ്രസര്‍വകലാശാലകളിലെ ദലിത് ബഹുജന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഉണര്‍വും സാമൂഹ മാധ്യമങ്ങളുടെ സാധ്യതകളും ദലിത് മുസ്ലീം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളുമെല്ലാം ആ ദൃശ്യതയുടെ കാരണങ്ങളാണ്. എണ്‍പതുകളുടെ ഗൃഹാതുരതയില്‍ മുന്‍ എസ്.എഫ്.ഐക്കാര്‍ നിര്‍മിക്കുന്ന ഹിംസ നിറഞ്ഞ ആണാഘോഷ സിനിമകളാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഏക ആശ്വാസം. അതിലെ നായകന്‍മാരായ സ്വയം സങ്കല്‍പ്പിച്ച് തിയേറ്ററുകളില്‍ ജനാധിപത്യം, സ്വാതന്ത്ര്യം മുദ്രാവാക്യം മുഴക്കി അവര്‍ സായൂജ്യമടയുന്നു.

Top