ലിംഗഭേദവും നിർവാഹകത്വവും മാപ്പിള സാഹിത്യത്തിൽ

മുസ്‌ലിം ജീവിതത്തിലെ ലിംഗഭേദത്തെക്കുറിച്ച് നമ്മുടെ സാംസ്‌കാരിക പൊതുബോധം നിര്‍മിച്ചുവെച്ചിട്ടുള്ള വാര്‍പ്പുമാതൃകകളെ അഴിച്ചുപണിയാനും പുതിയ വിശകലന പദ്ധതികള്‍ സവിശേഷമായി രൂപീകരിക്കാനും മോയിന്‍ കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ട് സാധ്യതകൾ തരുന്നുണ്ട്.

18, 19 നൂറ്റാണ്ടുകളിലെ മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളെയോ അവരുടെ നിത്യജീവിതത്തിലെ വിനിമയങ്ങളെയോ വരച്ചു കാണിക്കുന്ന ചരിത്ര രേഖകള്‍ ഒന്നും നമുക്കു ലഭ്യമല്ല. ആധുനികപൂര്‍വമോ അപരിഷ്‌കൃതമോ ആയി വര്‍ഗീകരിച്ചാണ് ആധുനിക നവോത്ഥാന വിശകലന പദ്ധതികള്‍ അവയെ നോക്കിക്കണ്ടിട്ടുള്ളത്. വിദേശ സഞ്ചാരികളുടെ കുറിപ്പുകളെയോ കൊളോണിയല്‍ രേഖകളെയോ പിന്‍പറ്റി എഴുതപ്പെടുന്ന ദേശീയ ചരിത്രാഖ്യാനങ്ങളിലും അതു വേണ്ടവിധം വിശദീകരിക്കപ്പെട്ടിട്ടില്ല. ആയതിനാല്‍ത്തന്നെ, മുസ്‌ലിം സ്ത്രീയെക്കുറിച്ച് മുന്‍വിധികളാല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള വാര്‍പ്പുമാതൃകകള്‍ പുനരുല്‍പാദിപ്പിക്കാന്‍ മാത്രമേ ഇവയ്ക്കു സാധിച്ചിട്ടുള്ളൂ. അധീശ വ്യവഹാരം ഇത്തരം വാര്‍പ്പു മാതൃകകള്‍ നിര്‍മിക്കുന്നതും വികസിപ്പിക്കുന്നതും പുതിയ കാലത്തെ മുസ്‌ലിം സാന്നിധ്യത്തെ നിയന്ത്രിക്കാനും നിശബ്ദമാക്കാനുമാണ്. 20 ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായി വന്നിട്ടുള്ള മുസ്‌ലിം പരിഷ്‌കരണ സംരംഭങ്ങളും ഈ ആധുനിക ജ്ഞാനപദ്ധതിയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണു പഴയ കാലത്തെ വിലയിരുത്തിയത്. എന്നാല്‍, 1720 ല്‍ (ഹി. 1141) മലപ്പുറത്തു നടന്ന ഒരു സംഭവത്തെപ്പറ്റി, തദ്ദേശീയരായ മാപ്പിളമാരുടെ ഓര്‍മകളില്‍നിന്നു മോയിന്‍ കുട്ടി വൈദ്യര്‍ 1883 ല്‍ (ഹി. 1300) തയ്യാറാക്കിയ മലപ്പുറം പടപ്പാട്ട് എന്ന കൃതിയില്‍ നമ്മുടെ സാമ്പ്രദായികമായ ധാരണകളെ മറികടക്കാവുന്ന പല ആശയങ്ങളും കണ്ടെത്താനാവും.

മലയാളി മുസ്‌ലിം സാമൂഹിക ജീവിതത്തെയും ദൈനംദിനാനുഭവങ്ങളെയും മുന്‍നിര്‍ത്തി അവര്‍ക്കിടയില്‍ത്തന്നെ ജീവിക്കുന്ന കവി എഴുതുന്നു എന്ന  സവിശേഷത ഈ കൃതിക്കുണ്ട്. ടി. ഭാസ്‌കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള’മോ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ‘കേരളത്തിന്റെ ഇരുളടഞ്ഞ ഇന്നലെകളോ’ പ്രക്ഷേപിക്കാത്ത സാമൂഹികാനുഭവങ്ങള്‍ ഈ കൃതിയില്‍ നമുക്കു കണ്ടെത്താവുന്നതാണ്. മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്നുള്ള  കേരള ചരിത്രാഖ്യാനമായി ഈ കൃതിയെ കാണാം. അക്കാലത്തെ മുസ്‌ലിം സ്ത്രീ പുരുഷ ബന്ധങ്ങളെപ്പറ്റി ഈ കൃതിയിലെ സൂചനകളിലൂടെ സഞ്ചരിക്കുമ്പോള്‍ മുഖ്യധാരാ പഠനങ്ങളോടു വിയോജിച്ചുകൊണ്ട് പുതിയൊരു സാംസ്‌കാരിക ഭാവന സാധിക്കും എന്നാണു വിചാരിക്കണ്ടത്. കേരളത്തിലെ മുസ്‌ലിം സ്ത്രീ പഠനങ്ങളില്‍ പുതിയ അന്വേഷണങ്ങള്‍ക്കു പ്രചോദനമാവാനും ഇതു കാരണമായേക്കും.

കെ കെ മുഹമ്മദ്‌ അബ്ദുല്‍ കരീം

കേരള ചരിത്രം പ്രതിപാദിക്കുന്ന ആദ്യത്തെ മലയാള കാവ്യമായി പരിഗണിക്കപ്പെടുന്നത് ഉള്ളൂരിന്റെ ഉമാകേരള (1913) മാണ്. എന്നാല്‍, മലപ്പുറം പടപ്പാട്ട് 1883 ലാണ് എഴുതപ്പെടുന്നത്. ആറ്റിങ്ങല്‍ സ്വരൂപത്തില്‍ മൂപ്പുവാണിരുന്ന അശ്വതി തിരുന്നാള്‍ തമ്പുരാട്ടി (1678-1698) എന്ന ഉമയമ്മ റാണിയുടെ ജീവിതത്തില്‍ അനവധി ഐതിഹ്യങ്ങളും ഭാവനകളും കലര്‍ത്തിയാണ് ഉമാകേരളം രചിക്കപ്പെടുന്നത്. മഹാവിഷ്ണുവിന്റെ രാജ്യമായ തിരുവിതാംകൂറിനോടും ബ്രാഹ്മണ ദേശമായ കേരളത്തോടും ഭക്തി പ്രകടിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന കാവ്യത്തില്‍ ഉമയമ്മ റാണി കേരളത്തിന്റെ പ്രതീകമായി പ്രത്യക്ഷപ്പെടുകയാണ്. ‘എന്നാല്‍, ഉമാകേരളത്തിലെ ഉമയമ്മക്ക് ചരിത്ര രേഖകളില്‍ പ്രത്യക്ഷപ്പെടുന്ന ഉമയമ്മ റാണിയുമായി വലിയ സാമ്യമൊന്നുമില്ലെന്ന്’ ജെ. ദേവിക, ‘കേരളത്തില്‍ റാണിമാര്‍ ഉണ്ടായിരുന്നോ?’ എന്ന ലേഖനത്തില്‍ പറയുന്നുണ്ട് (2010: 56).

പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാമത്തെ കാവ്യമായി മാപ്പിള സാഹിത്യത്തില്‍ നമുക്കു കണ്ടെത്താവുന്നത് ചേറൂര്‍ പടപ്പാട്ടാണ്. 1844 ലാണ് ഇതു രചിക്കപ്പെടുന്നത്. ചേറൂര്‍ സ്വദേശികളായ മുഹമ്മദുകുട്ടിയും മുഹ് യുദ്ദീനും ചേര്‍ന്നു രചിച്ച കൃതിയാണിത്. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മദ്രാസ് റജിമെന്റിലെ അഞ്ചാം ബറ്റാലിയനുമായി 1843 ല്‍ ഏറ്റുമുട്ടി രക്തസാക്ഷികളായ പൊന്മളക്കാരായ ഏഴു മാപ്പിളപ്പോരാളികളുടെ സാഹസികതയെയാണ് ഈ കൃതി മുന്‍നിര്‍ത്തുന്നത്. ഇതു ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഇത്തരത്തില്‍ എഴുതപ്പെട്ട രണ്ടാമത്തെ കൃതിയായാണു ‘മലപ്പുറം പടപ്പാട്ട് ‘(1883) പരിഗണിക്കപ്പെടുന്നത്. 1885 ല്‍ അറബി മലയാളത്തില്‍ അച്ചടിച്ച ഈ കൃതിയുടെ മുഖവുരയില്‍ ഇങ്ങനെ കാണാം: ‘ഇതാകുന്ന ഈ പാട്ട് കൊണ്ടുവട്ടി മേലങ്ങാടി ഓട്ടുപാറക്കുയ്യില്‍ ആലുങ്ങല്‍ കണ്ടി മോയിന്‍കുട്ടിവൈദ്യാരാല്‍ ഉണ്ടാക്കപ്പെട്ടതും തന്റെ സ്വന്തം ചിലവിന്‍മേല്‍ അരയാല്‍പുറത്ത് കുഞ്ഞമ്മത്, തയ്യിലക്കണ്ടി എന്ന പുരയില്‍വെച്ച് മള്ഹറുല്‍ ഉലൂം എന്ന അച്ചുകൂടത്തില്‍ അടിപ്പിക്കപ്പെട്ടതും ഇന്ത്യാ ഗവര്‍മെന്റിന്റെ 1867 ലെ 25 ാം നമ്പര്‍ ആക്ട് പ്രകാരം തലശ്ശേരി ഡിസ്ട്രിക്റ്റ് രജിസ്ത്രാപ്പീസില്‍ രജിസ്റ്റര്‍ ആക്കിയതും ആകയാല്‍ അന്യന്മാര്‍ക്ക് ഒരുത്തര്‍ക്കും അടിക്കയും അടിപ്പിക്കയും ചെയ്തുകൂടാത്തതും ആകുന്നു.

മനോനഭസ്സുഖ സാരഭാസ്‌കരം അഥവാ മനാഖിബ് ശുഹാദാഇ മലപ്പുറം, മതിനിധി മാല, മലപ്പുറം ഖിസ്സപ്പാട്ട് എന്നിങ്ങനെയെല്ലാം ഈ കൃതിക്കു പേരുകളുണ്ട്. 1720 ല്‍ മലപ്പുറത്തു നടന്ന ഒരു യുദ്ധത്തെപ്പറ്റി 150 വര്‍ഷങ്ങള്‍ക്കു ശേഷം രചിക്കപ്പെടുന്ന കൃതിയാണിത്. പ്രസ്തുത സ്ഥലത്ത് രണ്ടു വര്‍ഷത്തോളം താമസിച്ചു വിവരങ്ങള്‍ ശേഖരിച്ചാണു വൈദ്യര്‍ ഈ കൃതി എഴുതുന്നത്. അത്തരത്തില്‍ എഴുതപ്പെടുന്ന മലയാളത്തിലെ ആദ്യ കൃതിയായും മലപ്പുറം പടപ്പാട്ടിനെ അടയാളപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനവും സാമൂതിരിയുടെ വളര്‍ച്ചയും മലപ്പുറം ഒരു മുസ്‌ലിം അധിവാസ കേന്ദ്രമായി ഉയര്‍ന്നുവന്നതും ഈ കൃതിയുടെ ആദ്യഭാഗത്തു വിവരിക്കുന്നു. മലപ്പുറം പട്ടണത്തിന്റെ ഉല്‍ഭവ വികാസങ്ങളെക്കുറിച്ചുള്ള ആധികാരിക രേഖകൂടിയാണ് ഈ കൃതി.

കേരളചരിത്രം പ്രതിപാദിക്കുന്ന ആദ്യത്തെ മലയാള കാവ്യമായി പരിഗണിക്കപ്പെടുന്നത് ഉള്ളൂരിന്റെ ഉമാകേരള (1913) മാണ്.  പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാമത്തെ കാവ്യമായി മാപ്പിള സാഹിത്യത്തില്‍ കണ്ടെത്താവുന്ന ചേറൂര്‍ പടപ്പാട് 1844 ലാണ് രചിക്കപ്പെടുന്നത്. ഇത് ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഇത്തരത്തില്‍ എഴുതപ്പെട്ട രണ്ടാമത്തെ കൃതിയായാണ് മലപ്പുറം പടപ്പാട്ട് (1883) പരിഗണിക്കപ്പെടുന്നത്.  മലയാളി മുസ്‌ലിം സാമൂഹിക ജീവിതത്തെയും ദൈനംദിനാനുഭവങ്ങളെയും മുന്‍നിര്‍ത്തി അവര്‍ക്കിടയില്‍ത്തന്നെ ജീവിക്കുന്ന ഒരു കവി എഴുതുന്നു എന്ന പ്രത്യേകത ഈ കൃതിക്കുണ്ട്.

 

എന്തുകൊണ്ട് മലപ്പുറം പടപ്പാട്ട്?

തന്റെ ജീവിത കാലത്തിനു മുമ്പ് നടന്ന ഒരു ചരിത്രസംഭവത്തെ പുനരാവിഷ്‌കരിക്കേണ്ട ആവശ്യകത എന്തായിരുന്നു? വൈദ്യരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ചരിത്രത്തിലെ ബദര്‍, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങളും പേര്‍ഷ്യന്‍ മിത്തുകളുടെ കാല്‍പ്പനിക ലോകവും ആയിരുന്നു അക്കാലം വരെയുള്ള ഇഷ്ട പ്രമേയങ്ങള്‍. പക്ഷേ, തന്റെ ജീവിത കാലത്ത് (1852-1892) ബ്രിട്ടീഷുകാരോടും സവര്‍ണ ജന്മിമാരോടും പോരാടിക്കൊണ്ടിരുന്ന ചുറ്റുപാടുമുള്ള മാപ്പിള സമൂഹത്തെ പ്രചോദിപ്പിക്കുവാന്‍ കേരള ചരിത്രത്തിലെ തന്നെ മുസ്‌ലിം പ്രതിരോധാനുഭവങ്ങള്‍ ഉണര്‍ത്തിക്കൊണ്ടുവരേണ്ടി വന്നതാകാം. നേരിട്ടു ചരിത്രം പറയുന്ന കൃതികള്‍ ബ്രിട്ടീഷുകാര്‍ നിരോധിക്കുകയാണു പതിവ്. ചേറൂര്‍ പടപ്പാട്ട് അത്തരത്തില്‍ ഒന്നായിരുന്നുവല്ലോ. മണ്ണാര്‍ക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട് തുടങ്ങിയ പല കൃതികളും പുറത്തിറങ്ങും മുന്‍പുതന്നെ പിടിച്ചെടുത്തു ലണ്ടനിലേക്കു കടത്തുകയാണുണ്ടായത്. മാപ്പിളമാര്‍ രചിച്ച പല പടപ്പാട്ടുകളും ബ്രിട്ടീഷ് ആര്‍ക്കൈവുകളിലാണ് ഇന്നു കാണാന്‍ കഴിയുക. സമകാലിക പോരാട്ടങ്ങളെ മുന്‍നിര്‍ത്തി എഴുതപ്പെടുന്ന കൃതികളെ ബ്രിട്ടീഷുകാര്‍ ഭയന്നിരുന്നു എന്നാണിതു കാണിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണു മോയിന്‍ കുട്ടി വൈദ്യര്‍ നയതന്ത്രപരമായി ചുവടു വെക്കുന്നത്. പ്രത്യക്ഷത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് അലോസരമുണ്ടാക്കുന്ന സമകാലിക ചരിത്രമായല്ല വൈദ്യര്‍ ഈ കൃതിയെ അവതരിപ്പിച്ചത്. 150 വര്‍ഷം മുന്‍പു് പാറനമ്പി എന്ന നാടുവാഴിയുമായി മുസ്‌ലിംകള്‍ നടത്തിയ പോരാട്ടം ബ്രിട്ടീഷ് വിരുദ്ധമായ ഉണര്‍വുകള്‍ക്കു കാരണമാകും എന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല. വൈദ്യരാകട്ടെ രക്തസാക്ഷിത്വത്തിന്റെ മഹത്വവും അധികാരികളുടെ അന്യായങ്ങളോടുള്ള ചെറുത്തുനില്‍പ്പും ഈ കൃതിയില്‍ വരച്ചുകാണിക്കുകയും ചെയ്തു. അന്യാപദേശപരമായ ഇത്തരം പ്രവൃത്തികളിലൂടെയാണല്ലോ ഏതുകാലത്തും സര്‍ഗസാഹിത്യകാരന്മാര്‍ അതിജീവിച്ചിട്ടുള്ളതും.

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, കൊണ്ടോട്ടി

കഥാസാരം

സാമൂതിരിയുടെ സാമന്ത രാജാവായിരുന്ന മലപ്പുറത്തെ പാറനമ്പി, തന്നെ യുദ്ധത്തില്‍ സഹായിച്ച മുസ്‌ലിംകളോടുള്ള പ്രത്യുപകാരം എന്നനിലക്ക് മലപ്പുറത്ത് മുസ്‌ലിംകള്‍ക്കുവേണ്ടി പട്ടണവും പള്ളിയും നിര്‍മിക്കാന്‍ സന്തോഷത്തോടെ അനുവദിക്കുകയുണ്ടായി. പള്ളിയുടെ ശില്‍പ്പഭംഗി ആസ്വദിക്കുവാനും മറ്റു ദേശങ്ങളിലെ മുസ്‌ലിംകളും മലപ്പുറത്തെത്തി. ധീരനും ചുറുചുറുക്കുമുള്ള വള്ളുവനാട്ടുകാരന്‍ അലി മരക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അലി മരക്കാരുടെ ഗാംഭീര്യം ഇഷ്ടപ്പെട്ട പാറനമ്പി അദ്ദേഹത്തെ തന്റെ നികുതി പിരിവുകാരനായി നിയോഗിച്ചു. കണക്കു പ്രകാരം നികുതി നല്‍കാന്‍ തയ്യാറാകാത്തവരെ മര്‍ദനത്തിലൂടെ പിടിച്ചുകെട്ടാനും അദ്ദേഹത്തിനു് അനുവാദമുണ്ടായി. എന്നാല്‍, പാറനമ്പിയുടെത്തന്നെ അകന്ന ബന്ധത്തില്‍പ്പെട്ട ചിലരോട് ഇത്തരത്തില്‍ പെരുമാറിയത് അലി മരക്കാരോടു് രാജകുടുംബത്തിനു വിദ്വേഷം ജനിക്കുവാന്‍ കാരണമായി. അവരുടെ ഗൂഢാലോചനപ്രകാരം അലി മരക്കാരെ ചതിച്ചുകൊല്ലുവാന്‍ പാറനമ്പി സന്നദ്ധനായി. അലി മരക്കാരും രണ്ടു സുഹൃത്തുക്കളും പാറനമ്പിയുടെ പടയാളികളോടു പോരാടി മരണപ്പെടുകയും ചെയ്തു. പാറനമ്പിയുടെ പല പടയാളികളും കൊല്ലപ്പെട്ട ഈ പോരാട്ടത്തില്‍ പാറനമ്പിക്കു മുറിവേല്‍ക്കുകയും ചെയ്തു. പ്രകോപിതനായ അദ്ദേഹം മുസ്‌ലിംകളെ നാട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. തെറ്റുകാരനായി താങ്കള്‍ ഗണിക്കുന്ന അലി മരക്കാരെ കൊന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഞങ്ങളെ ജീവിക്കാനനുവദിച്ചുകൂടേയെന്നു മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു. എന്നിട്ടും കൂട്ടാക്കാതെ അന്യദേശത്തുനിന്നു സൈന്യങ്ങളെ വരുത്തി മുസ്‌ലിംകളുടെ നഗരവും പള്ളിയും നശിപ്പിക്കാന്‍ പാറനമ്പി കോപ്പു കൂട്ടി. സ്ത്രീകളും കുട്ടികളും അന്യദേശങ്ങളിലേക്ക് ഒഴിഞ്ഞുപോവുകയും പുരുഷന്മാര്‍ പള്ളി സംരക്ഷിക്കാന്‍ വേണ്ടി പാറനമ്പിയുടെ സൈന്യത്തോടു പോരാടി രക്തസാക്ഷികളാവുകയും ചെയ്തു. പള്ളി നശിപ്പിച്ച ശേഷം പിന്നീട് പാറനമ്പിക്കു മനസ്താപമുണ്ടാവുകയും പള്ളി പുനര്‍നിര്‍മിച്ച് മുസ്‌ലിംകളെ തിരിച്ചുവിളിക്കുകയും ചെയ്തു. ഇതാണു മലപ്പുറം പടപ്പാട്ടിന്റെ ഇതിവൃത്തം. മൂന്നു സന്ദര്‍ഭങ്ങളിലും വ്യത്യസ്ത പാറനമ്പിമാരായിരുന്നു എന്നു പറയപ്പെടുന്നു. ചരിത്രത്തിന്റെ മറ്റു വിശദാംശങ്ങളിലേക്കോ പാഠവിമര്‍ശത്തിലേക്കോ ഈ പ്രബന്ധം പ്രവേശിക്കുന്നില്ല. സ്ത്രീകളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ മാത്രമാണു ശ്രദ്ധിക്കുന്നത്. വൈദ്യരുടെ പാട്ടിലെ വരികള്‍ അതുപോലെ ഉപയോഗിക്കാതെ, ആശയം എടുത്തു ചേര്‍ത്തിരിക്കുകയാണ്. കൂടുതല്‍ അന്വേഷിക്കുന്നവര്‍ക്കു വേണ്ടി ഇശലിന്റെയും വരികളുടെയും നമ്പര്‍ സൂചനയായി നല്‍കുന്നുണ്ട്.

സ്ത്രീകളെപ്പറ്റിയുള്ള ആഖ്യാനം

മലപ്പുറം പടപ്പാട്ടില്‍ നാലു സന്ദര്‍ഭങ്ങളിലായി അക്കാലത്തെ മുസ്‌ലിം സ്ത്രീകളുടെ ജീവിതം വായിച്ചെടുക്കാവുന്നന്നതാണ്.

1. ശത്രുക്കള്‍ ബഹളംവെച്ച് മുസ്‌ലിംകളുടെ പട്ടണത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയ സന്ദര്‍ഭം. സ്ത്രീകള്‍ കുട്ടികളെയുംകൊണ്ടു പള്ളിയിലേക്കു ചെല്ലുന്ന ചിത്രമാണ് വൈദ്യര്‍ അവതരിപ്പിക്കുന്നത്. ശത്രുക്കളുടെ ബഹളം കേട്ടു കുട്ടികള്‍ വാവിട്ടു കരയുന്നു. സ്ത്രീകളും പുരുഷന്മാരും മന:സംഘര്‍ഷത്തിലാവുന്നു. അവര്‍ക്കു ശത്രുക്കളോട് അരിശം വന്നു. മന:സ്ഥൈര്യം വിടരുതെന്ന് അവര്‍ തീരുമാനമെടുത്തു. പടിപ്പുറത്തേക്ക് ഇറങ്ങാതെ ഒതുങ്ങിയിരിക്കുന്ന സ്ത്രീകള്‍, പെട്ടെന്നു മനസ്സലിയുന്ന സ്ത്രീകള്‍ ഈ ബഹളത്തിനിടക്കു പള്ളിയിലേക്ക് ഇറങ്ങി നടന്നു എന്നാണു വൈദ്യര്‍ പറയുന്നത് (ഇശല്‍ 26, വരി 25 മുതല്‍ ഇശല്‍ 27, വരി 24 വരെ).

2. പള്ളിയില്‍ മുഷിപ്പോടെയും കരച്ചിലോടെയും ഇരുന്നിരുന്ന സ്ത്രീകള്‍ ശത്രുക്കളുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. ശത്രുക്കളോട് അപേക്ഷകള്‍ മൊഴിയുവാന്‍ വിടകൊടുത്ത് അയച്ചതിനാല്‍ സ്ത്രീകള്‍ പോയി എന്നു കാവ്യത്തിലുണ്ട്. എത്ര സ്ത്രീകള്‍ ഈ സംഘത്തിലുണ്ടെന്നു വ്യക്തമല്ല. എങ്കിലും പുരുഷന്മാര്‍ ആരും കൂടെയില്ലെന്ന് ഉറപ്പാണ്. ഉത്തരവാദപ്പെട്ട രാജപ്രതിനിധികളോടും സൈന്യ നേതാക്കളോടും നയപരമായി സംസാരിക്കുവാനാണു സ്ത്രീകള്‍ പോയിരിക്കുന്നത്. തങ്ങളുടെ സമൂഹത്തിന്റെ ആവശ്യമാണ് അവര്‍ അറിയിക്കുന്നത്. അവര്‍ പാറനമ്പിയുടെയും സൈന്യത്തിന്റെയും മുന്‍പാകെ വെച്ച ആവശ്യങ്ങള്‍ വൈദ്യര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: (ഇശല്‍ 27, വരി 25 മുതല്‍ ഇശല്‍ 28, വരി 26 വരെ).

ഞങ്ങളുടെ ഏറ്റവും മനോഹരമായ ഈ സാംസ്‌കാരിക നഗരവും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയും പ്രകൃതി സുന്ദരമായ ഈ പ്രദേശത്ത് യാതൊരു പ്രയാസങ്ങളുമില്ലാതെ നിലനിന്നു പോരുകയാണ്. ഇക്കാലമത്രയും സത്യത്തിനു നിരക്കാത്ത യാതൊന്നും ഞങ്ങളാരും ചെയ്തിട്ടില്ല. തെറ്റു ചെയ്തതായി താങ്കള്‍ ആരോപിക്കുന്ന ആളുകള്‍ താങ്കളാല്‍ കൊല്ലപ്പെട്ടും കഴിഞ്ഞു. എന്നിട്ടും എന്തിനാണു ഞങ്ങളോടു യുദ്ധത്തിനു വരുന്നത്?

നിങ്ങള്‍ക്കു ശല്യമില്ലാതെ, ഞങ്ങള്‍ ഇവിടം ഒഴിഞ്ഞു മറുനാട്ടില്‍ പോവണം എന്നുണ്ടെങ്കില്‍ അങ്ങാവട്ടെ അതിനു് അനുവാദം തന്നതുമില്ല. ആ ഉറപ്പില്‍ തൃപ്തരായി ഞങ്ങള്‍ ഇവിടെത്തന്നെ കഴിഞ്ഞുപോരുകയാണ്. എന്നിട്ട് ഓര്‍ക്കാപ്പുറത്തു സൈന്യത്തെ അയച്ച് ഈ ചതി ചെയ്യുന്നതെന്തിനാണ്?

പ്രതികാരം ചെയ്യണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഞങ്ങളുടെ പട്ടണവും വീടുകളും കരിച്ചു കൊള്ളുക. അല്ലാഹുവിന്റെ വീടായ പള്ളിയെ വെറുതെ വിടുക. ഞങ്ങളുടെ ആഭരണങ്ങളത്രയും അങ്ങയുടെ ഖജനാവിലേക്കു മുതല്‍ക്കൂട്ടായി നല്‍കുകയും ചെയ്യാം.

‘ഞങ്ങളുടേത് എന്തും എടുത്തുകൊള്ളൂ. പക്ഷേ, അല്ലാഹുവിന്റെ പള്ളി നശിപ്പിക്കരുത്’ എന്ന് മലപ്പുറം പള്ളിയുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ വിശ്വാസപരമായ ചോദ്യമാണ് ഉയര്‍ത്തിയത്. വ്യക്തിയും സമുദായവും അപ്രധാനമായി പോവുകയും അല്ലാഹുവിന്റെ പള്ളി പ്രധാനമാവുകയും ചെയ്യുന്നത് ഇസ്‌ലാം എന്ന ആത്മീയ ചിന്താപദ്ധതിയുടെ ഭാഗമാണ്. സമകാലികമായി ദേശീയതയും മതേതരത്വവും വികസിച്ച ഇക്കാലത്ത് ബാബരി മസ്ജിദിന്റെ കാര്യത്തില്‍ മുസ്‌ലിംകള്‍ വിശ്വാസപരമായ ചോദ്യം ഉയര്‍ത്തിയിട്ടില്ല. മറിച്ച്, മതേതരത്വത്തിന്റെ താഴികക്കുടങ്ങള്‍ എന്ന ഭാഷയിലാണ് അതുന്നയിച്ചതെന്നും ഇതു ദേശീയതക്കു ശേഷം മുസ്‌ലിം അനുഭവിക്കുന്ന പ്രതിസന്ധിയായോ അല്ലെങ്കില്‍ മതേതരത്വത്തിന്റെ പരിമതിയായോ മനസ്സിലാക്കേണ്ടതാണെന്നു ത്വാഹിര്‍ ജമാല്‍ ഉന്നയിക്കുന്നത് ഇവിടെ പ്രസക്തമാണ്.

സ്ത്രീകള്‍ മുന്നോട്ടുവെച്ച ഈ വ്യവസ്ഥകളൊന്നും സ്വീകാര്യമല്ലെന്ന് അധികാരികള്‍ തീര്‍പ്പു പറഞ്ഞു. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുവാന്‍ ഒരുങ്ങിനില്‍ക്കുന്ന വലിയ സൈനിക നേതാക്കളോടാണ് ഇത്രയും നേരം നയതന്ത്രത്തിന്റെയും സമചിത്തതയുടെയും ഭാഷയില്‍ സ്ത്രീകള്‍ സംസാരിച്ചത് എന്നതു പ്രധാനപ്പെട്ട കാര്യമാണ്. ഭയപ്പാടുകള്‍ പ്രകടിപ്പിക്കാതെ ഈ സന്ദര്‍ഭം കൈകാര്യം ചെയ്ത ശേഷം അവര്‍ നടന്നത് ഓരോന്നായി പുരുഷന്മാരോടു പറഞ്ഞു. പുറത്തിറങ്ങാത്ത സ്ത്രീകള്‍ ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി ഈ സന്ദര്‍ഭം ഏറ്റെടുക്കുന്നതായാണു മനസ്സിലാക്കേണ്ടത്. നഗരം ശത്രുക്കള്‍ വളഞ്ഞപ്പോള്‍ പുരുഷന്മാരോടൊത്തു പള്ളിയില്‍ മുസ്‌ലിം സ്ത്രീകളും കുട്ടികളും കഴിഞ്ഞുകൂടുന്നതും ഇതിന്റെ തുടര്‍ച്ചയായി വൈദ്യര്‍ വിവരിക്കുന്നുണ്ട്. മുസ്‌ലിംകളുടേതു മാത്രമായ പട്ടണത്തില്‍ അവര്‍ സമാധാനത്തോടെ ഇടപെടുകയും സുരക്ഷിതരായി സഞ്ചരിക്കുകയും ചെയ്തതിന്റെ ചില സൂചനകള്‍ മറ്റു പല സന്ദര്‍ഭങ്ങളിലും കാണാവുന്നതാണ്. ചേറൂര്‍ പടപ്പാട്ടില്‍ പട്ടാളത്തിന്റെ മാര്‍ച്ച് വഴിക്കിരുവശവും നിന്നു നിരീക്ഷിക്കുന്ന സ്ത്രീകളെപ്പറ്റി പറയുന്നുണ്ട്. പാടത്ത് കൃഷിപ്രവൃത്തികളിലേര്‍പ്പെടുകയും ചെറിയ കച്ചവടങ്ങള്‍ ചെയ്യുകയും ചെയ്തിരുന്ന സ്ത്രീകളെപ്പറ്റിയും മറ്റു പല രേഖകളിലും സൂചനകളുണ്ട്.

 

3. രക്തസാക്ഷിത്വം വരിക്കാന്‍ സന്നദ്ധരായി പുറപ്പെടുന്ന പോരാളികളുടെ ഉമ്മമാരും മറ്റും പെരുമാറുന്ന വിധം:

യുദ്ധസജ്ജരായി പുറപ്പെടുന്ന പുരുഷന്മാരോട് സ്ത്രീകള്‍ ഇടപെടുന്ന വിധം മലപ്പുറം പടപ്പാട്ടില്‍ പലയിടങ്ങളിലായി വരച്ചുകാണിക്കുന്നുണ്ട്. മങ്കരത്തോപ്പില്‍ യൂസുഫ് എന്ന യുവാവ് മുസ്‌ലിംകളുടെ നേതൃത്വമേറ്റെടുക്കുന്ന സന്ദര്‍ഭം വൈദ്യര്‍ വിവരിക്കുന്നു. യൂസുഫ്, മുസ്‌ലിംകളോടു ചില നിര്‍ദേശങ്ങള്‍ വെക്കുകയാണ്. എല്ലാവരും വീട്ടില്‍ പോയി വസ്വിയ്യത്ത് എഴുതിവെച്ച് സാമ്പത്തിക ബാധ്യതകളെല്ലാം നിറവേറ്റി വീട്ടുകാരോടു യാത്ര പറഞ്ഞു തിരിച്ചു പള്ളിയിലെത്തണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

മൂസക്കുഞ്ഞോലന്‍, സങ്കടപ്പെടുന്ന ഭാര്യയെയും മക്കളെയും മറി കടന്ന് കാട്ടാനക്കുട്ടിയെപ്പോലെ പരിചയണിഞ്ഞു പള്ളിയിലെത്തുന്നു. തോക്കുപയോഗിക്കുന്നതില്‍ പ്രവീണനായ പോരാളിയാണു മൊയ്തീന്‍ കുട്ടി. അദ്ദേഹം ഉമ്മയോടു യാത്ര പറയുമ്പോള്‍ ഉമ്മ വികാരനിര്‍ഭരമായി ചില വാക്കുകള്‍ പറയുന്നു: ‘നീ വിട്ടുപോയാല്‍ തിരിച്ചെത്തുംവരെ എനിക്ക് ഊണും ഉറക്കവുമുണ്ടാവില്ല. എങ്കിലും യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ നീ ഇതൊന്നും ഓര്‍ക്കരുത്.’ മൊയ്തീന്‍ കുട്ടിയുടെ മറുപടി ഇങ്ങനെയാണ്: ‘എന്നെ പത്തു മാസം ചുമന്നു നോവു സഹിച്ച ഉമ്മാ.. മുലപ്പാലേകിയവരേ.. എന്നെ വളര്‍ത്തിയവരേ.. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു ക്ഷമിച്ചിരിക്കുവിന്‍.’

രായിന്‍ എന്ന യോദ്ധാവ് പുറപ്പെടുമ്പോള്‍ ഭാര്യ പറയുന്നു: ‘എന്റെ ജീവനു തുണയായ മധുമധുരക്കനിയേ, എന്നെയും പിരിഞ്ഞു നിങ്ങള്‍ പോയാല്‍ ഖേദം കൂടിയിരുന്നു മുഷിഞ്ഞ മനസ്സുമായി ഭൂമിയില്‍ ഞാന്‍ പൊറുക്കുന്നതെങ്ങനെ? അല്‍പ്പനേരംകൂടി നില്‍ക്കൂ. നമ്മുടെ കണ്ണായ മകനുണ്ട് ഉറങ്ങുന്നു. ആ പൂമുഖം കണ്ടിട്ടു പോയാല്‍ പോരേ.’ ഭാര്യയുടെ വാക്കുകള്‍ കേട്ടു മനസ്സു ചഞ്ചലമാകുമെന്നു ഭയന്ന് രായിന്‍ പെട്ടെന്നു തന്നെ പള്ളിയിലേക്കു പുറപ്പെടുന്നു.

കളപ്പാടന്‍ അവറാന്‍ കുട്ടി തന്റെ ഉമ്മയെ ഭാര്യവീട്ടിലാക്കിയാണു പള്ളിയിലേക്കു പുറപ്പെടുന്നത്. ഉമ്മ അവറാനെ കെട്ടിപ്പിടിച്ചു പറയുന്നു: ‘മോനേ, നീയല്ലാതെ എനിക്കു മക്കള്‍ വേറെയില്ല.’ ഉമ്മയെ ഒരുവിധം സമാധാനിപ്പിച്ച് അവറാന്‍ ഇറങ്ങാന്‍ തുടങ്ങുന്നു. പിന്നീടു പൂമുഖത്തിരുന്ന് അവറാന്റെ കുഞ്ഞിനു ഭക്ഷണം കൊടുക്കാനൊരുങ്ങുകയാണ് ഉമ്മ. വീടിനു മുന്നിലൂടെ കടന്നുപോവുന്നതു പ്രയാസമാമാവുമെന്നറിഞ്ഞ അവറാന്‍, ഉമ്മ ശ്രദ്ധിക്കാത്ത നേരത്ത് ഇറങ്ങുകയാണ്.

ഹസ്സന്‍ പോക്കര്‍ എന്ന പോരാളി പള്ളിയിലേക്കു വരുന്നു. തന്റെ അനിയന്മാരും സഹോദരിയും പള്ളിയില്‍ കഴിയുകയാണ്. അവരോട് ഹസ്സന്‍ പോക്കര്‍ പറയുന്നു: ‘നിങ്ങള്‍ മറുനാട്ടില്‍ പോയി ജീവിച്ചുകൊള്ളുക. ഞാന്‍ ഈ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഇവിടെ നിന്നുകൊള്ളാം.’

കുഞ്ഞാലന്‍ തന്റെ ഭാര്യയോട് മക്കളെയും കൂട്ടി മറുനാട്ടില്‍ പോയി ജീവിക്കാന്‍ പറഞ്ഞു പള്ളിയിലേക്കു പുറപ്പെടുന്നു.

കുഞ്ഞാലി ഭാര്യയെയും വീട്ടുകാരെയും മറ്റൊരു വീട്ടില്‍ കൊണ്ടുചെന്നാക്കി പള്ളിയിലേക്കു പോകുന്നു.

തോരപ്പവീട്ടില്‍ അഹമ്മദ് ഭാര്യയോടും മക്കളോടും മറുനാട്ടില്‍ പോവാന്‍ ആവശ്യപ്പെടുന്നു (ഇശല്‍ 32-37).

4. പള്ളിക്കകത്തു കുടുംബ സമേതം കഴിയുന്ന മുസ്‌ലിംകള്‍. ഇവരെ പുറത്തുചാടിക്കാനായി ശത്രുക്കള്‍ പള്ളി വളയുന്നു.

പള്ളിയിലേക്കു് കുടിക്കാനും വുളൂ ചെയ്യാനും ആവശ്യത്തിനുള്ള വെള്ളം മലമുകളില്‍നിന്നു് ഒരു പാത്തി വഴി ഒഴുകുന്നുണ്ട്. ശത്രുക്കള്‍ ഈ ജലധാര മുറിക്കുകയും പള്ളിയിലേക്കുള്ള വെള്ളം മുടക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭം വൈദ്യര്‍ വിവരിക്കുന്നതു ശ്രദ്ധിക്കാം: പള്ളിക്കകത്ത് സ്ത്രീകളും കുട്ടികളും പോരാടാനൊരുങ്ങിയ പുരുഷന്മാരും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞുവരികയാണ്. ശത്രുക്കള്‍ ജലം മുടക്കിയിട്ടും രണ്ടു രാപ്പകലുകള്‍ ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു കണ്ണുനീര് മുലപ്പാലായി ഊട്ടി സഹിച്ചു കഴിഞ്ഞു. മൂന്നാം ദിവസമായപ്പോള്‍ അങ്ങേയറ്റം അവശരായി. ഇതു കണ്ട് പുരുഷന്മാര്‍ ഭാര്യമാരെയും മക്കളെയും എങ്ങനെയെങ്കിലും മറുനാട്ടിലേക്കു രക്ഷപ്പെടുത്തണമെന്ന് ആലോചിച്ചു. ഈ തീരുമാനം എല്ലാവരും അംഗീകരിച്ചു. പരസ്പരം മാറോടണച്ചുപിടിച്ച് മരണാനന്തരം നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുറച്ചു. പിരിയാന്‍ നേരം ഭാര്യമാര്‍ ഇങ്ങനെ മൊഴിഞ്ഞു: ‘രക്തസാക്ഷികളുടെ പൊന്‍നൂലില്‍ കോര്‍ത്ത മുത്തുകളേ, പോര്‍വാളാകുന്ന കുടക്കീഴില്‍ കുളിരനുഭവിക്കുന്നവരേ, നാം ഇന്നു പിരിഞ്ഞാല്‍ പിന്നെ ഒന്നുചേര്‍ന്നു കാണുന്നത് എന്നാകാം.’ പോരാളികള്‍ മറുപടി പറഞ്ഞു: ‘മഹ്ശറയില്‍ വെച്ച്.’ എല്ലാം അല്ലാഹുവിലര്‍പ്പിച്ച് എല്ലാവരും ഒരുമിച്ചിരുന്നു പ്രാര്‍ത്ഥനയില്‍ മുഴുകി. ശേഷം സ്ത്രീകളെ ഓരോരുത്തരെയായി പുറത്തേക്കു വിട്ടു. പ്രസവം അടുത്തവരും മാസം തികയാത്തവരുമായ ഗര്‍ഭിണികളടക്കം മുഴുവന്‍ സഹോദരിമാരും ഉടപ്പിറപ്പുകളുടെ പേരു വിളിച്ചു കരഞ്ഞു. അര്‍ദ്ധരാത്രിയില്‍ ഇറങ്ങിപ്പോയി. ദൂരേക്കു നടകൊണ്ടു. അപ്പോള്‍, തടിയെ ബാധിച്ച തളര്‍ച്ച വര്‍ദ്ധിച്ചു. നാടും വഴിയും അറിയില്ല. കണ്ണീര്‍ തൂവി സ്വബോധവും നശിച്ച് നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടിലേക്ക് അവര്‍ പലവിധേന യാത്രയായി (ഇശല്‍ 43-44 ലെ 8 വരി).

മേല്‍ വിവരിച്ച നാലു സന്ദര്‍ഭങ്ങളും മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച ചില വിചാരങ്ങളിലേക്കു നമ്മെ നയിക്കുന്നുണ്ട്. മുഖ്യധാരാ ഭാവനകളില്‍ മുസ്‌ലിം പുരുഷന്റെ അടിച്ചമര്‍ത്തലിനു വിധേയപ്പെടുന്ന ‘വസ്തു’ വായാണു മുസ്‌ലിം സ്ത്രീ വ്യവഹരിക്കപ്പെട്ടിട്ടുള്ളത്. മലപ്പുറം പടപ്പാട്ടിനെ മുന്‍നിര്‍ത്തി മനസ്സിലാക്കുമ്പോള്‍ ആധുനിക നവോത്ഥാന സങ്കല്‍പനങ്ങള്‍ക്കു വഴങ്ങാത്ത സ്ത്രീ ജീവിതമാണു മുസ്‌ലിംകളുടേത് എന്നു കാണാന്‍ കഴിയും. സ്ഥലപരമായി (space) ആലോചിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീ വീട്ടിലും അങ്ങാടിയിലും പള്ളിയിലും മാറി മാറി പ്രത്യക്ഷപ്പെടുന്നതു കാണാം. സ്വകാര്യം/പൊതു എന്നിങ്ങനെയുള്ള സ്ഥല വിഭജനങ്ങള്‍ ഇവിടെ പ്രശ്‌നത്തിലാകുന്നുണ്ട്. നിര്‍മിതമായ സ്ഥലങ്ങള്‍ക്കകത്തു നിലകൊള്ളുന്നവളായി മുസ്‌ലിം സ്ത്രീയെ മനസ്സിലാക്കാന്‍ പ്രയാസമാണ്. സ്ത്രീയെ വീട്ടിലൊതുക്കുന്നു/വീട്ടിനു പുറത്തു പുരുഷനെപ്പോലെ ജീവിക്കുന്നു തുടങ്ങിയ രണ്ടറ്റങ്ങളിലുള്ള വായനയെ മലപ്പുറം പടപ്പാട്ടിലെ സ്ത്രീ ജീവിതം നിരാകരിക്കുന്നു.

മലപ്പുറം പടപ്പാട്ടിനെ മുന്‍നിര്‍ത്തി മനസ്സിലാക്കുമ്പോള്‍ ആധുനിക നവോത്ഥാന സങ്കല്‍പനങ്ങള്‍ക്ക് വഴങ്ങാത്ത സ്ത്രീ ജീവിതമാണ് മുസ്‌ലിംകളുടേത് എന്നു കാണാന്‍ കഴിയും. സ്ഥലപരമായി ആലോചിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീ വീട്ടിലും അങ്ങാടിയിലും പള്ളിയിലും മാറി മാറി പ്രത്യക്ഷപ്പെടുന്നത് കാണാം. സ്വകാര്യം/പൊതു എന്നിങ്ങനെയുള്ള സ്ഥല വിഭജനങ്ങള്‍ ഇവിടെ പ്രശ്‌നത്തിലാകുന്നുണ്ട്. സ്ത്രീയുടെ നിര്‍വാഹകത്വ ത്തെപ്പറ്റി ആലോചിക്കുമ്പോയും ചില സങ്കീര്‍ണതകളെ അഭിമുഖീകരിക്കേണ്ടി വരുന്നു. സന്ദര്‍ഭാനുസരണം വീട്ടിലൊതുങ്ങുകയും പുറത്തിറങ്ങുകയും കാര്യാലോചനകള്‍ നടത്തുകയും ചെയ്യുന്ന സ്ത്രീകളെ ഈ ദ്വന്ദ്വ മാതൃകകളില്‍ എങ്ങനെയാണ് പരിഗണിക്കുക?

സ്ത്രീയുടെ നിര്‍വാഹകത്വ (agency) ത്തെപ്പറ്റി ആലോചിക്കുമ്പോള്‍ അവിടെയും ചില സങ്കീര്‍ണതകളെ നാം അഭിമുഖീകരിക്കേണ്ടി വരുന്നു. സജീവം/ നിര്‍ജീവം (active/ passive) എന്നിങ്ങനെ കള്ളിതിരിച്ചു വിശകലനം ചെയ്യാന്‍ ഇവിടെ പ്രയാസമുണ്ട്. സന്ദര്‍ഭാനുസരണം വീട്ടിലൊതുങ്ങുകയും പുറത്തിറങ്ങുകയും കാര്യാലോചനകള്‍ നടത്തുകയും ചെയ്യുന്ന സ്ത്രീകളെ ഈ ദ്വന്ദ്വ മാതൃകകളില്‍ എങ്ങനെയാണു പരിഗണിക്കുക? പറഞ്ഞുവരുന്നത്, ഫെമിനിസ്റ്റ് ലിബറല്‍ ചിന്താപദ്ധതികളുടെ വിശകലനോപാധികള്‍ മുസ്‌ലിം സ്ത്രീകളെ മനസ്സിലാക്കുന്നതിന് അപര്യാപ്തമാണ് എന്നാണ്. മുസ്‌ലിം സ്ത്രീകളെക്കുറിച്ച് നമ്മുടെ പൊതു സാംസ്‌കാരിക ബോധം നിര്‍മിച്ചുവെച്ചിട്ടുള്ള വാര്‍പ്പുമാതൃകകളെ അഴിച്ചുപണിയാനും പുതിയ വിശകലന പദ്ധതികള്‍ സവിശേഷമായി രൂപവത്കരിക്കാനും മോയിന്‍ കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ടിനെ മുന്‍നിര്‍ത്തി സാധ്യമാക്കേണ്ടതുണ്ട് എന്നാണ് ഇവിടെ വാദിക്കുന്നത്.

(കടപ്പാട്: ‘മാപ്പിള സാഹിത്യവും മലയാള ഭാവനയും ‘ (ബുക് പ്ലസ് 2016) എന്ന കൃതിയിൽ നിന്ന്)

  • ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, 'മലപ്പുറം പടപ്പാട്ട്: പാഠവും പഠനവും', വൈദ്യര്‍ അക്കാദമി, കൊണ്ടോട്ടി, 2016 (അവതാരിക, കെ.കെ. മുഹമ്മദ് അബ്ദുസ്സത്താര്‍)
  • ദേവിക ജെ, 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?', സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സറ്റഡീസ്, തിരുവനന്തപുരം, 2010, പേജ്: 56
  • 'മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍', വാല്യം: 3, എഡി: കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം & കെ. അബൂബക്കര്‍, വൈദ്യര്‍ അക്കാദമി, 2015
  • മതേതര-ദേശീയ ഉദ്ഗ്രഥനവും ന്യൂനപക്ഷ സമുദായ ചോദ്യങ്ങളും: ഭരണഘടനാ നിര്‍മാണ സഭയിലെ ഇസ്‌ലാം പേടി, താഹിര്‍ ജമാല്‍ കെ.എം, 2016
Top