ദലിത് സംസ്‌കാര രാഷ്ട്രീയവും റാപ്പ് സംഗീതവും : സുമീത് സമോസ് സംസാരിക്കുന്നു

ജാതീയ അടിച്ചമർത്തലുകള്‍ക്കും പുറന്തള്ളലുകൾക്കുമെതിരെ റാപ്പ് സംഗീതം കൊണ്ടു പ്രതിരോധം തീര്‍ക്കുന്ന സുമീത് സമോസ് എന്ന അംബേഡ്കറൈറ്റ് റാപ്പറുടെ ജീവിതകഥ. ആധുനിക ഇന്ത്യയില്‍ ജീവിക്കുന്ന നിരവധി ബഹുജൻ വിദ്യാർഥികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും സുമിത്തിന്റെ ജീവിതം ഇതിൽ നിന്നും വ്യത്യസ്തമാണ്.സുമിത്തുമായി തേജസ്വിനി തബ്ഹാനി ഇമെയിൽ വഴി നടത്തിയ അഭിമുഖം.

“Revising our past time and again.
It drives me insane,
Like a stream of current flowing through my vein,
Squeezing out all the gray matters of my brain.
I see too many patches of caste slavery stains.
In this very lane,
We will blow up Manu’s kingdom no one us can restrain.
We busting all your myths, learn from us how to be humane.
Yo this is us Children of Counter Culture,
Counter Culture, this is us.”

ജാതീയ അടിച്ചമർത്തലുകള്‍ക്കും പുറന്തള്ളലുകൾക്കുമെതിരെ റാപ്പ് സംഗീതം കൊണ്ടു പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ശക്തമായ പാട്ടുകളാണ് ഇവ. പാട്ടും കവിതയും നൃത്തവുമൊന്നും ഒരിക്കലും ദലിത് പോരാട്ടങ്ങൾക്ക് പുതുമയല്ല. എന്നാൽ റാപ്പ് സംഗീതം അങ്ങനെയല്ല. ഒരു തരത്തിലുമുള്ള പിന്തുണയുമില്ലാതെ തന്നെ ഇത്തരമൊരു വിയോജിപ്പിന്‍റെ ആവിഷ്കാര ശൈലി മുന്നോട്ടുവെക്കുന്നത് സുമീതിനെ സംബന്ധിച്ചിടത്തോളം ധീരമായ ചുവടുവെപ്പാണ്. അതുകൊണ്ടു തന്നെ ആരാണ് ഈ അംബേഡ്കറൈറ്റ് റാപ്പർ? എന്താണ് അയാളുടെ ജീവിതകഥ? എങ്ങനെയാണ് എന്തുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്ഥാനത്തിൽ എത്തിച്ചേരുന്നത്? എന്നു തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനും ചെറുപ്പക്കാരനും ഊര്‍ജസ്വലനുമായ ഒരു അംബേഡ്കറൈറ്റിനെ നിങ്ങൾക്ക് പരിചയപ്പെടുത്താനും വേണ്ടി ഞാന്‍ അദ്ദേഹവുമായി ഇമെയിൽ വഴി അഭിമുഖ സംഭാഷണം നടത്തുകയുണ്ടായി. പാർശ്വവത്കരിക്കപ്പെട്ട വിദ്യാർഥികൾ ദിനേനെയെന്നോണം നേരിടുന്ന വ്യവസ്ഥാപിത അടിച്ചമർത്തലുകളെയും നീതി നിഷേധത്തെയും ഉയർത്തിക്കാണിക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ആധുനിക ഇന്ത്യയില്‍ ജീവിക്കുന്ന നിരവധി ബഹുജൻ വിദ്യാർഥികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും സുമിത്തിന്റെ ജീവിതകഥ ഇതിൽ നിന്നും വ്യത്യസ്തമാണ്.

സുമീത് സമോസ്

സുമീത് സമോസ്

ഞങ്ങൾക്കെല്ലാവർക്കും വേണ്ടി താങ്കളെ ഒന്നു പരിചയപ്പെടുത്താമോ ?

ജയ് ഭീം ! ഞാൻ സുമീത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ (JNU ) നിന്ന് ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലാണ് (സ്പാനിഷ്‌ ) ഞാൻ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഒഡീഷയിലെ കൊറാപുട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ‘തെൻതുലിപടാർ’ എന്ന ഗ്രാമത്തിൽ നിന്നാണ് ഞാന്‍ വരുന്നത്.

എങ്ങനെയാണ് റാപ്പ് സംഗീതം നിങ്ങളുടെ ചെറുത്തുനിൽപ്പിന്റെ സുപ്രധാന ഭാഗമായി തീർന്നത് ? റാപ്പിനും സംഗീതത്തിനും താങ്കളുടെ വ്യക്തി ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട്?

റാപ് പഠിക്കുന്നതിൽ താൽപര്യം ഉണ്ടാവുക എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ജൈവികമായ ഒരു പ്രക്രിയ ആയിരുന്നു. ജാതി വ്യവസ്ഥ എന്നെയും എനിക്ക് ചുറ്റുമുള്ളവരെയും അനിശ്ചിതത്വത്തിലും അസ്വസ്ഥതയിലുമാഴ്ത്തി. സ്കൂൾ കാലം മുതല്‍ക്കു തന്നെ വൈകാരികവും ധൈഷണികവും സാമ്പത്തികവമായ ക്ലേശം ഞാൻ ആഴത്തിൽ അനുഭവിച്ചിരുന്നു. തിരിച്ചടിക്കണമെന്ന് എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. കാരണം, സംരക്ഷിക്കാനും പിന്തുണക്കാനും യാതൊരു സംവിധാനവുമില്ലാത്ത അവസ്ഥയില്‍ തിരിച്ചടിക്ക് മുതിരുന്നത് സ്വന്തം കൈ കൊണ്ട് പാറമേൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നതിന് സമാനമായിത്തീരും.

ഒഡീഷയുടെ നാടൻ സംഗീതം, ഫോട്ടോഗ്രഫി, കവിത, നൃത്തം തുടങ്ങിയവയോട് എനിക്ക് എന്നും താൽപര്യമായിരുന്നു. ജാതി വിരുദ്ധ വ്യവഹാരങ്ങളെ സംബന്ധിച്ച് അവബോധമുണ്ടായതു മുതല്‍ക്ക് അംബേഡ്കറൈറ്റ് വിദ്യാര്‍ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ബഹുജൻ സാഹിത്യങ്ങൾ വായിക്കാനും സഹപാഠികളായ അംബേഡ്കറൈറ്റുകളുമായി ഇടപഴകാനും തുടങ്ങി. എന്റെ ബോധരൂപീകരണത്തിന്‍റെ തുടക്കമായിരുന്നു അത്. അതെന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഈ ബോധത്തിന് സർഗാത്മക രൂപം നല്‍കാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ റാപ്പും ഡാന്‍സും ഫോട്ടോഗ്രഫിയും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഈ കഥ പറച്ചിൽ രീതികളിലൂടെ വൈയക്തികമായ സ്വയംഭരണാധികാരത്തെ കുറിച്ച് സംസാരിക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു.

മാധ്യമരംഗം, സംഗീതം, സംരഭകത്വം, വിദ്യാര്‍ഥി സംഘടനകള്‍, പഠനവേദികള്‍, വ്യത്യസ്ത കലാരൂപങ്ങള്‍ തുടങ്ങി എന്തുമായിക്കൊള്ളട്ടെ, ബഹുജനങ്ങള്‍ സ്വന്തമായൊരു ഇടം നിര്‍മിക്കുക എന്നതാണ് എന്‍റെ സ്വപ്നം. ചുരുക്കി പറഞ്ഞാൽ, ഒരു പ്രതിസംസ്കാരത്തിന്‍റെ സൃഷ്ടിപ്പ്. അതായത്, ബഹുജൻ വിഭാഗങ്ങളെ മനുഷ്യരായി പരിഗണിക്കാത്ത അനീതി നിറഞ്ഞ വ്യവസ്ഥക്കെതിരെയുള്ള എന്റെ വൈകാരികവും വിമര്‍ശനാത്മകവുമായ പ്രതികരണവും ഇടപെടലുമാണിത്.

മാധ്യമരംഗം, സംഗീതം, സംരഭകത്വം, വിദ്യാര്‍ഥി സംഘടനകള്‍, പഠനവേദികള്‍, വ്യത്യസ്ത കലാരൂപങ്ങള്‍ തുടങ്ങി എന്തുമായിക്കൊള്ളട്ടെ, ബഹുജനങ്ങള്‍ സ്വന്തമായൊരു ഇടം നിര്‍മിക്കുക എന്നതാണ് എന്‍റെ സ്വപ്നം. ചുരുക്കി പറഞ്ഞാൽ, ഒരു പ്രതിസംസ്കാരത്തിന്‍റെ സൃഷ്ടിപ്പ്. അതായത്, ബഹുജൻ വിഭാഗങ്ങളെ മനുഷ്യരായി പരിഗണിക്കാത്ത അനീതി നിറഞ്ഞ വ്യവസ്ഥക്കെതിരെയുള്ള എന്റെ വൈകാരികവും വിമര്‍ശനാത്മകവുമായ പ്രതികരണവും ഇടപെടലുമാണിത്.

പാർശ്വവൽകരിക്കപ്പെട്ട സമൂഹത്തിൽ നിന്നും ജെ.എൻ.യു പോലുള്ള മുൻനിര സ്ഥാപനത്തിൽ വന്ന ഒരാൾ എന്ന നിലയിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ എന്തെങ്കിലും വ്യത്യാസമുണ്ടോ?

ജെ.എന്‍.യു പോലുള്ള ഇടങ്ങളിൽ ഒരുപാട് വെല്ലുവിളികളുണ്ട്. വര്‍ഷങ്ങളായുള്ള നിർബന്ധിത അധസ്ഥിതാവസ്ഥ മൂലമുണ്ടായ ശൂന്യത നികത്താൻ വേണ്ടി കഠിനാധ്വാനം ചെയ്യുക എന്നതാണ് പ്രഥമ വെല്ലുവിളി.  പ്രതികൂല സാഹചര്യങ്ങളില്‍ ആത്മാഭിമാനബോധം കാത്തുസൂക്ഷിക്കുകയും കാര്യം തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കുകയും മാത്രമേ വേണ്ടൂ.

‌വ്യക്തിപരവും കുടുംബപരവുമായ സാമ്പത്തിക സുസ്ഥിരത, പ്രത്യക്ഷവും പരോക്ഷവുമായ വിവേചനങ്ങള്‍, ക്ലാസ്സ് മുറികളിലെ അന്യവല്‍ക്കരണം, കുടുംബ പ്രശ്നങ്ങള്‍, നിരന്തരമായ ഒറ്റപെടലുകള്‍ തുടങ്ങി ഒരുപാട് വെല്ലുവിളികളെ ഒരാള്‍ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. ചെറുപ്പക്കാരായ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഈ വെല്ലുവിളികള്‍ വളരെയധിം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ജെ.എന്‍.യുവിലെ ദലിത് ഗവേഷക വിദ്യാർഥിയും ഞങ്ങളുടെ സുഹൃത്തുമായ മുത്തുവിന് (മുത്തു കൃഷ്ണൻ ജീവാനന്ദം) ജീവത്യാഗം തന്നെ ചെയ്യേണ്ടിവന്നു.

ഇത്തരം ഒരു അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാട് ബഹുജൻ വിദ്യാർഥികളെ എനിക്ക് നേരിട്ടറിയാം. നിര്‍ബന്ധിത പഠനംനിര്‍ത്തല്‍,  വൈവകള്‍ക്കിടയിലെ ജാതി വിവേചനം, അധ്യാപനത്തിലെ സ്വതന്ത്ര ബഹുജന്‍ വ്യവഹാരത്തിന്‍റെ പുറന്തള്ളല്‍, സ്ഥാപനത്തിന്‍റെ വിവിധിയിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെടുത്തലുകള്‍ തുടങ്ങിയവയുടെ പുറത്താണ് ജെ.എന്‍.യു എന്ന മുന്തിയ ബ്രാന്‍ഡ് വളരെ വ്യവസ്ഥാപിതമായി നിര്‍മിച്ചെടുത്തിട്ടുള്ളത്. എന്‍െറ അറിവില്‍, ഒട്ടുമിക്ക കേന്ദ്ര സർവകലാശാലകളിലും ബഹുജനങ്ങള്‍ക്ക് പുറംന്തള്ളലും വിവേചനങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്; അതിന്റെ അളവില്‍ മാത്രമാണ് വ്യത്യാസമുള്ളത്.

ബിർസ ഫൂലെ അംബേഡ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്റെ (BAPSA) സജീവ പ്രവര്‍ത്തകനാണല്ലോ താങ്കൾ. അനേകം വിദ്യാർഥി സംഘടനകൾ ജെ.എന്‍.യുവില്‍ ഉള്ളപ്പോള്‍ ഇത്തരമൊരു സംഘടനയുടെ ആവശ്യകത എന്താണ്?

തീര്‍ച്ചയായും ഞാനൊരു ബാപ്സ അംഗമാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികൾക്കു സ്വയംഭരണാധികാരമുള്ള ഒരു സംഘടനയുടെ രൂപീകരണം ഒരുപാട് കാരണങ്ങള്‍ കൊണ്ട് പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ഒരു സംവിധാനമായി അത് പ്രവർത്തിക്കുന്നു എന്നതാണ് ഏറ്റവും സുപ്രധാന കാരണം. രണ്ടാമതായി, മേല്‍ജാതി ആധിപത്യത്തിന് കീഴിലുള്ള വിദ്യാര്‍ഥി സംഘടനകൾ ആദൃശ്യമാക്കുകയും വികലമാക്കി ചിത്രീകരിച്ചതുമായ ബഹുജൻ വ്യവഹാരങ്ങൾ പുനഃസ്ഥാപിക്കുവാൻ അത് സഹായിക്കുന്നു എന്നതാണ്. ഇടതു- വലതു വിദ്യാര്‍ഥി സംഘടനകളിൽ ഇതിന്റെ പ്രതിഫലനങ്ങൾ കാണാന്‍ കഴിയും. മൂന്നാമതായി, നമ്മുടെ തന്നെ വിദ്യാർഥി നേതാക്കൾ, ആക്ടിവിസ്റ്റുകൾ, പ്രഭാഷകന്‍മാര്‍, എഴുത്തുകാർ, സംഘാടകര്‍ തുടങ്ങിയവരെയെല്ലാം വളർത്തി കൊണ്ടുവരാനുള്ള വിശാലമായ ഇടം അതു നൽകുന്നുണ്ട്. അവസാനമായി, അംബേഡ്കര്‍ വ്യവഹാരത്തെ കേവലമൊരു നിര്‍ജീവ തത്വസംഹിതയായി കൈകാര്യം ചെയ്യാത്ത, ആഭ്യന്തര വിമര്‍ശനങ്ങള്‍ക്കും ചലനാത്മക ഇടപെടലുകള്‍ക്കും അവസരമുള്ള ഒരു ഇടം അത് പ്രദാനം ചെയ്യുന്നുണ്ട്.

സുമീത് സമോസ്

താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരുപാട് തവണ “ഗ്രെയ്ഡഡ് സോളിഡാരിറ്റി”യെ കുറിച്ച് സംസാരിക്കുന്നത് കാണാം. എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത് ?

തീര്‍ച്ചയായും, ഞാൻ “ഗ്രെയ്ഡഡ് സോളിഡാരിറ്റി”യെ കുറിച്ച്‌ സംസാരിക്കാറുണ്ട്. ഉയർന്ന ജാതിക്കാര്‍ക്കും വരേണ്യ ഇന്ത്യക്കാര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഐക്യത്തെയാണ് ഞാനതു കൊണ്ട് ഉദ്ദേശിക്കുന്നത്. അടിച്ചമർത്തപ്പെട്ട സമൂഹം സ്വയം പൊരുതുന്നത് ഐക്യദാര്‍ഢ്യത്തിന്‍റെ ഏറ്റവും വലിയ സ്രോതസാണെന്നതു പോലെ തന്നെ ലോകത്താകമാനമുള്ള പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം കരുത്തും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണെന്നും ഞാൻ ഉറച്ചു വിശ്വാസിക്കുന്നു. ഈ വാദത്തെ സാധൂകരിക്കുന്ന ഒരുപാടു ഉദാഹരണങ്ങള്‍ എന്‍റെ പക്കലുണ്ട്. നമ്മുടെ സര്‍വകലാശാല ഇടത്തിലെ രണ്ടു ഉദാഹരണങ്ങള്‍ ഞാനിവിടെ പറയാം.

1. പ്രശസ്തമായ ദില്ലി സര്‍വകലാശാലയില്‍ പഠിക്കുന്ന മേല്‍ജാതിയില്‍പെട്ട ഒരു വിദ്യാര്‍ഥി ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന്‍റെ പേരില്‍ എ.ബി.വി.പിക്കാരില്‍ നിന്നും ഭീഷണി ഉണ്ടാവുകയും അതിനെ തുടര്‍ന്ന് തെരുവുകളില്‍ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും കയ്യേറ്റങ്ങള്‍ നടക്കുകയും ആ വിദ്യാര്‍ഥിക്ക് വേണ്ടി ഐക്യദാര്‍ഢ്യ ശബ്ദങ്ങള്‍ ദിവസങ്ങളോളം ഉച്ചത്തില്‍ ഉയരുകയും ചെയ്യുകയുണ്ടായി. കയ്യേറ്റങ്ങൾ ഉണ്ടാവരുത് എന്നല്ല ഞാൻ പറയുന്നത്, പക്ഷേ എന്തുകൊണ്ടാണ് അത് അവിടെ അവസാനിക്കുന്നത്? നിത്യജീവിതത്തില്‍ നിരന്തരം ഭീഷണി നേരിടുന്ന മറ്റു ബഹുജൻ വിദ്യാർഥികളുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് അത്തരം ഐക്യദാര്‍ഢ്യ ശബ്ദങ്ങള്‍ ഉയരാത്തത്? ”സേവ് ഡി.യു” കാമ്പയിനിലേക്ക് നയിച്ച മുഴുവൻ സംഭവപരമ്പരകളുടെയും തുടക്കം മണിപൂരിനെയും ചത്തീസ്ഗഢിനെ കുറിച്ചുള്ള ചർച്ചയായിരുന്നു. പക്ഷേ പതുക്കെ ആ രണ്ടു പേരുകളും മനഃപൂർവമോ അല്ലാതെയോ മായ്ക്കപ്പെട്ടു. ‘ഞങ്ങൾ V/S എ. ബി.വി.പി’ എന്ന രീതിയിലാണ്  പ്രതിഷേധം അവസാനിച്ചത്. ജാതിയെ മൂലധനമാക്കി ജീവിക്കുന്ന ഒരുപാട് വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളുടെ പ്രധാനസങ്കേതമായി ഈ “ഞങ്ങള്‍” മാറി കഴിഞ്ഞിട്ടുണ്ട്.

”സേവ് ഡി.യു” കാമ്പയിനിലേക്ക് നയിച്ച മുഴുവൻ സംഭവപരമ്പരകളുടെയും തുടക്കം മണിപൂരിനെയും ചത്തീസ്ഗഢിനെ കുറിച്ചുള്ള ചർച്ചയായിരുന്നു. പക്ഷേ പതുക്കെ ആ രണ്ടു പേരുകളും മനഃപൂർവമോ അല്ലാതെയോ മായ്ക്കപ്പെട്ടു. ‘ഞങ്ങൾ V/S എ. ബി.വി.പി’ എന്ന രീതിയിലാണ്  പ്രതിഷേധം അവസാനിച്ചത്. ജാതിയെ മൂലധനമാക്കി ജീവിക്കുന്ന ഒരുപാട് വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളുടെ പ്രധാനസങ്കേതമായി ഈ “ഞങ്ങള്‍” മാറി കഴിഞ്ഞിട്ടുണ്ട്.

2. ഇത് തികച്ചും വ്യക്തിപരമായ അനുഭവമാണ്. ജെ.എന്‍.യുവിലെ സീറ്റ്  വെട്ടിക്കുറച്ചതിനും യു.ജി.സി ഗസറ്റിനും എതിരെയുമുള്ള പ്രതിഷേധത്തിൽ പങ്കാളിയായി എന്ന കാരണത്താല്‍ കഴിഞ്ഞ രണ്ടു മാസമായി എന്റെ ബി.എ, എം.എ സർട്ടിഫിക്കറ്റുകൾ തടഞ്ഞു വെച്ചിരിക്കുകയാണ്. ഈ രണ്ടു മാസവും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഓടുകയായിരുന്നു ഞാൻ. തുടര്‍ പഠനത്തിന് വേണ്ടിയുള്ള ഒരു വര്‍ഷം ഇപ്പോള്‍  തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്റെ സാമൂഹ്യ സാമ്പത്തിക അവസ്ഥകൾ വെച്ചുനോക്കുമ്പോൾ അതൊരു വലിയ നഷ്ടം തന്നെയാണ്. മേല്‍ജാതിയില്‍പെട്ട ആക്ടിവിസ്റ്റുകളില്‍ ആര്‍ക്കെങ്കിലും പിഴയോ മറ്റോ ചുമത്തിയാല്‍ വന്‍ പ്രതിഷേധവും ഐക്യദാര്‍ഢ്യ ആഹ്വാനവും കൂട്ടായ മുന്നേറ്റങ്ങളും നടക്കും. പക്ഷേ ഒരിക്കലും ഞങ്ങളുടെ പേരുകൾ ഇത്തരത്തിൽ പരാമർശിക്കപ്പെടുകയോ ഐക്യദാര്‍ഢ്യാഹ്വാനം പുറപ്പെടുവിക്കുകയോ ഉണ്ടാവില്ല. ജാതിയുടെയും വര്‍ഗത്തിന്‍റെയും അടിസ്ഥാനത്തിലാണ് അത്തരം ഇടങ്ങളില്‍ മാനുഷിക പ്രതികരണവും സഹാനുഭൂതിയും ഉണ്ടാവുന്നത്.

അവസാനമായി, ദലിത്‌ ബഹുജൻ ആദിവാസി വിദ്യാർഥികൾ സര്‍വകലാശാലകളില്‍ കാമ്പസുകളിൽ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത് ?

രാജ്യത്തുടനീളമുള്ള സര്‍വകലാശാലാ ഇടങ്ങളിൽ അംബേഡ്കറൈറ്റുകള്‍ നടത്തുന്ന സ്വത്വപ്രഖ്യാപനങ്ങളും മുന്നോട്ടുവെക്കുന്ന പരിവര്‍ത്തനോന്മുഖ വ്യവഹാരങ്ങളും, നിലവിലുള്ള വ്യവഹാരങ്ങളെ പ്രതിരോധിക്കാന്‍ മാത്രം ശക്തവും വാചികവും ആത്മവിശ്വാസവുമുള്ള വിമര്‍ശന കൂട്ടായ്മയുടെ ഒരു പുതിയ തലമുറയെ കൊണ്ടുവരിക തന്നെ ചെയ്യും. പുറന്തള്ളല്‍നയം സ്വീകരിച്ച സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ കൂട്ടായ്മകള്‍, പഠനവേദികള്‍, സഹവര്‍ത്തിത്വ സംഘങ്ങള്‍ തുടങ്ങിയവയുടെ രൂപീകരണത്തിലൂടെ നമ്മുടെ അംബേഡ്കറൈറ്റ് വിദ്യാര്‍ഥികള്‍ സഹായസഹകരണ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരമിടങ്ങളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ സ്വയംപര്യാപ്തത നേടാനാണിത്.  ലേഡീസ് ശ്രീറാം കോളേജ് ഫോർ വുമണിലേ അംബേദ്ക്കറൈറ് വിദ്യാർഥികള്‍ എന്നെ വ്യക്തിപരമായി വളരെയധികം പ്രചോദനാത്മകമായിസ്വാധീനിച്ചിട്ടുണ്ട്.  അവിടെ അവർ ബഹുജൻ വിദ്യാര്‍ഥികള്‍ക്ക് ജെ.എന്‍.യുവിലെ ബാപ്സയുടെ കൂടെ ഒരിടം ഉണ്ടാക്കിയെടുത്തു; അത് പടിപടിയായി ബഹുജൻ വിദ്യാർഥികൾക്ക് ഒരു പിന്തുണവ്യവസ്ഥയായി വളർന്നു കൊണ്ടിരിക്കുകയാണ്.

ജയ് ഭീം !

ദില്ലി സര്‍വകലാശാല, മിറാണ്ട ഹൗസില്‍ ബി.എ (ഹോണേഴ്സ്) ഇകണോമിക്സ് ആദ്യവര്‍ഷ വിദ്യാര്‍ഥിനിയും വളര്‍ന്നുവരുന്ന അംബേ‍ഡ്കറൈറ്റുമായ  തേജ്വസിനി തഭാനെ നടത്തിയ അഭിമുഖം. 

മൊഴിമാറ്റം: ഫാത്തിമ മദാരി

അവലംബം: https://bit.ly/2NLTFJj

Top