ഓഖിക്കു ശേഷം തീരദേശത്ത് എന്തു സംഭവിച്ചു ?

കേരള തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറി. എന്നാൽ ഈ സംഭവത്തോട് സർക്കാറും പൊതുസമൂഹവും പ്രതികരിച്ചത് അങ്ങേയറ്റം നിസ്സംഗതയോടെയായിരുന്നു. മത്സ്യത്തൊഴിലാളി രാഷ്ട്രീയ മേഖലയിൽ ഇടപെടുന്ന മാഗ്ലിൻ ഫിലോമിന , പുതിയ സംസ്ഥാന ബജറ്റിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുന്നു.

തിരുവനന്തപുരത്തു നിന്നു 120 കിലോമീറ്റര്‍ തെക്കു മാറി, കന്യാകുമാരിക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിൽ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി ഓഖി ചുഴലിക്കാറ്റ് 2017 നവംബർ 30 നു കേരളത്തിലെ തീരദേശ മേഖലകളിൽ നാശം വിതച്ചു. മണിക്കൂറില്‍ 75 കിലോമീറ്ററിലധികം വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 245 ൽപ്പരം മത്സ്യത്തൊഴിലാളികളാണു മരണപ്പെട്ടത്. 2018-ലെ കേരള സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക്, ഓഖി ദുരന്തനിവാരണത്തിനും തീരദേശ മേഖലയുടെ ഉന്നമനത്തിനുമായി 2000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു നല്കുന്നതിലും രക്ഷാപ്രവർത്തനത്തിലും സർക്കാറിനുണ്ടായ വീഴ്ചയിൽ അതൃപ്തരരായ തീരദേശവാസികൾക്കു പക്ഷേ ഈ പ്രഖ്യാപനത്തിൽ വലിയ പ്രതീക്ഷകൾ ഒന്നും തന്നെയില്ല.

വൈപ്പിൻ സമരം, വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം തുടങ്ങിയ മത്സ്യത്തൊഴിലാളി സമരങ്ങളിലെ സജീവ സാനിധ്യവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹിയുമായ ശ്രീമതി മാഗ്ലിൻ ഫിലോമിന, ഓഖി ചുഴലിക്കാറ്റ് വിതച്ച പ്രശ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും തീരദേശവാസികളുടെ മനസ്സ് വ്യക്തമാക്കുന്നു.

ഓഖി ദുരന്തത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് ഈ വർഷത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. സംസ്ഥാന സർക്കാരിൻറെ പുതിയ ബജറ്റിൽ 2000 കോടിയുടെ പദ്ധതികളാണ് തീരദേശ പ്രദേശങ്ങളുടെ വികസനത്തിനായി നീക്കി വച്ചിട്ടുള്ളത്. ബജറ്റ് പ്രസംഗത്തിൽ ഏകദേശം 7 പേജോളം മാറ്റി വച്ചിട്ടുള്ള ഈ പദ്ധതികൾക്കുമേൽ തീരദേശ വാസികളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്..?

ഒന്നാമത്, ബജറ്റിന്റെ ആനുകൂല്യങ്ങൾക്കർഹരായ ജനങ്ങളുമായി ചർച്ച നടത്തി അവരുടെ ആവശ്യങ്ങൾ മനസിലാക്കി തയ്യാറാക്കിയാൽ മാത്രമേ ആ പ്രഖ്യാപനം പൂര്‍ണമാവുകയുള്ളൂ. ഒരു പ്രീബജറ്റ് സെഷൻ വേണമായിരുന്നു. രണ്ടാമത് ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തീരദേശ മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സർക്കാർ നാളിതുവരെയായി ഒരു പഠനവും നടത്തിയിട്ടില്ല എന്നതാണ്. മൂന്നാമത്, പ്രത്യക്ഷമായ പ്രശ്നങ്ങൾ മാത്രമല്ല ഓഖി ദുരന്തത്തെത്തുടർന്ന് ഇവിടെ ഉണ്ടായിട്ടുള്ളത്. മത്സ്യ സമ്പത്തു തന്നെ ഇല്ലാതായിരിക്കുകയാണ്. കടലിനെ തലകീഴ്മറിച്ചുള്ള ദുരന്തമായിരുന്നു ഓഖി. കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു കിടക്കുകയാണ് എന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്.

തോമസ്‌ ഐസക്ക്

പിന്നീടുള്ള കാര്യം, 2000 കോടിയുടെ ഈ ബജറ്റ് കൂടുതൽ ഊന്നൽ കൊടുത്തട്ടിട്ടുള്ളതു നിർമാണ മേഖലക്കാണ്. തീരദേശ റോഡ്‌ , തീരദേശ ഹൈവേ… ഇതല്ല ഞങ്ങൾക്കു വേണ്ടത് ; ഞങ്ങളുടെ പട്ടിണി മാറ്റുന്ന, സമഗ്രമായ വികസന പദ്ധതികൾ ആണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന ഒന്നും ഈ ബജറ്റിൽ ഇല്ലെന്നാണു ഞാൻ മനസിലാക്കുന്നത്. പിന്നെ, കഴിഞ്ഞ ബജറ്റ് വരെ എടുത്ത നോക്കിയാൽ പ്രഖ്യാപിച്ച തുകയുടെ വെറും 25 ശതമാനം മാത്രമാണു ദുരിതാശ്വാസ പദ്ധതികൾക്കു വേണ്ടി ചെലവഴിച്ചത്. ബാക്കിയെല്ലാം എവിടെയാണു പോകുന്നത്? ഓഖി ദുരന്തവുമായി ബന്ധപെട്ടു് സർക്കാരിന് ഒരുപാടു തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. ആ തിരിച്ചടികളിൽ നിന്നു രക്ഷപ്പെടാനുള്ള കാണിച്ചുകൂട്ടൽ മാത്രമാണ് ഈ ബജറ്റ് എന്നതാണു സത്യം. ധനക്കമ്മിയിൽ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന സർക്കാർ ഈ ഫണ്ടിനുള്ള സോഴ്സു പോലും ഇതുവരെ കണ്ടിട്ടില്ല. തീരദേശ നിവാസികളുടെ അത്യാവശ്യങ്ങളെ പരിഗണിക്കാതെ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യ മാത്രമാണ് ഈ പ്രഖ്യാപനം എന്നാണു ഞാൻ മനസ്സിലാക്കുന്നത്

ഓഖി ദുരന്ത ബാധിതർക്കുള്ള ദുരിതാശ്വാസ പാക്കേജ് ഡിസംബർ 7 നു മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ആ പാക്കേജ് അർഹിക്കുന്നവർക്കു ലഭിച്ചിട്ടുണ്ടോ. ?

ഈ പ്രസ്താവനകളൊക്കെയും കള്ളത്തരം ആണ്. കടലിൽ മരിച്ച് ആദ്യം മൃതശരീരം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കു നൽകാം എന്നു പ്രഖ്യാപിച്ച 20 ലക്ഷം രൂപ ട്രെഷറിയിലാണ് ഇട്ടിരിക്കുന്നത്. എല്ലാ മാസവും 14,000 രൂപ പലിശയിനത്തില്‍ വർഷം തോറും മാസപ്പടിയായി തൊഴിലാളികളുടെ അക്കൗണ്ടിലേക്കു കയറുമെന്നാണു വാഗ്ദാനം . തീരദേശ മേഖലയിൽ കൂടുതലും കൂട്ടുകുടുംബങ്ങളാണ്. അവരുടെ ഭക്ഷണം, പഠനം, ജീവിതച്ചെലവുകൾ , കടം എല്ലാം ഈ 14,000 രൂപ കൊണ്ടു ശരിയാവുമോ? പിന്നെയുള്ള പ്രഖ്യാപനം, ഓഖിയിൽ ദുരന്തബാധിതരായ ആളുകൾക്കു 15,000 രൂപ വീതം കൊടുക്കാമെന്നാണ്. നാളിതുവരെയായി പകുതിയിലേറെ പേര്‍ക്കും ആ പണം ലഭിച്ചിട്ടില്ല . സർക്കാർ നേരിടുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കു് ഒരു മുഖംമൂടിയായി മാത്രമാണ് അവർ ഓഖി ദുരന്തത്തെ കാണുന്നത്. പൂന്തുറയിൽ ഒരു കുടുംബത്തിൽ ഒരു അച്ഛൻ ഓഖി ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ 2 ആൺ മക്കളും കടൽ ദുരന്തത്തിൽ മരിച്ചവരാണ്, അവർക്കു് ഒന്നും ലഭിച്ചിട്ടില്ല, ഈ അച്ഛന് ഇപ്പോഴും ഒന്നും ലഭിച്ചിട്ടില്ല. പ്രഖ്യാപനം നടത്തിയ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കണമെങ്കിൽ 3 മാസം കഴിയണം എന്നാണു സർക്കാർ പറയുന്നത്. സത്യാവസ്ഥ അടുത്ത മാസം അറിയാം എന്നാണു പ്രതീക്ഷിക്കുന്നത്.

ഒരു ദുരന്തം ഉണ്ടായതിനു ശേഷമാണു് പുതിയ തിരിച്ചറിവുകളും തെറ്റു തിരുത്തലുകളും ഉണ്ടാവുന്നത്. ബജറ്റിൽ വോക്കി-ടോക്കി , ജി. പി. എസ് സൗകര്യങ്ങൾ നൽകുവാനുള്ള പദ്ധതികൾ ഉണ്ട് . ഇതിനു മുൻപും കടൽ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്, ആ സമയത്തു തന്നെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന സംഗതികൾ അല്ലേ ഇതെല്ലാം?

ഐ എസ് ആർ ഒ സ്ഥിതി ചെയ്യുന്ന വലിയവേലി ഗ്രാമവാസിയാണു ഞാൻ. എന്റെ ഗ്രാമത്തിൽ നിന്ന്, ദുരന്തം പ്രവചിച്ചുകൊണ്ടുള്ള പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ വഴി ഡൽഹിയിലേക്ക് എത്തി. അതിന്റെ അനാലിസിസ് റിപ്പോർട്ട് ലഭിക്കാന്‍ 3 ദിവസം വേണ്ടി വന്നു എന്നതു വേദനാജനകമായ കാര്യമാണ്. മത്സ്യത്തൊഴിലാളികൾ പറഞ്ഞതനുസരിച്ച് ഓഖി ഉണ്ടാവുന്നതിന്റെ 3 ദിവസം മുൻപു തന്നെ കടലിൽ ചുഴി പോലുള്ള മുന്നറിയിപ്പുകള്‍ കണ്ടു തുടങ്ങിയിരുന്നു. എന്നിട്ടുപോലും സർക്കാരിന് അതെന്താണെന്നു മനസിലാക്കാൻ സാധിച്ചിട്ടില്ല. ലാഘവ ബുദ്ധിയോടെ കാര്യങ്ങളെ സമീപിച്ചതു കൊണ്ടാണിതു സംഭവിച്ചത് . മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളോട് മറൈൻ ആംബുലൻസ് ഉൾപ്പടെ പല ആവശ്യങ്ങളും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.. തീരദേശ പോലീസിൽ ഞങ്ങളുടെ ആളുകളുടെ സാന്നിധ്യമായിരുന്നു പിന്നെ ആവശ്യപ്പെട്ടത്. കാരണം, കടലിൽ ഒരു പ്രശ്നമുണ്ടായാൽ ബോട്ട് ഓടിക്കാൻ അറിയാത്ത, നീന്താൻ പോലുമറിയാത്ത ‘രക്ഷാ പ്രവർത്തകർ’ ആണ് ഇവിടെ ഉള്ളത് . അവർക്കു പകരം, വിദ്യാസമ്പന്നരായ ഞങ്ങളുടെ കുട്ടികൾക്കു് അവസരം നൽകണം എന്നു പറഞ്ഞിരുന്നു. സർക്കാർ അതു കണ്ട ഭാവം നടിച്ചില്ല . സർക്കാരുകൾ, തീരദേശ മേഖലയിലെ ജനങ്ങളെ വെറും വോട്ട്ബാങ്ക് ആയി മാത്രമാണു കാണുന്നത്. ഈ ചിന്താഗതി മാറണം. ഇനിയും ഇവരുടെ വിഴിപ്പു ചുമക്കുന്നവരായി മാറാൻ നമുക്കു സാധിക്കില്ല എന്നാണ് ഇനി ഞങ്ങൾക്കു പറയാനുള്ളത്.

കടലിൽ ആദ്യം ഡിപ്രെഷൻ ആയി. അതിനു ശേഷം ഡീപ് ഡിപ്രെഷൻ ആയി. അതിനു ശേഷമാണു് സൈക്ലോൺ ആയി മാറുന്നത് . ഇതു ചെറിയൊരു സമയപരിധിക്കുള്ളിൽ സംഭവിക്കുന്ന ഒന്നല്ല. എങ്കിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ തീരദേശത്തു ലഭിക്കുന്നത് അന്നേദിവസം ഉച്ചയ്ക്കു ശേഷമാണ്. ഈ സാഹചര്യത്തിൽ ഓഖിയെക്കാൾ വലിയ ദുരന്തം സൃഷ്ടിച്ചത് ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയല്ലേ ?

സത്യം പറഞ്ഞാൽ ഇവർക്കെതിരെ നരഹത്യയ്ക്കു കേസെടുക്കണം എന്നാണു ഞാൻ പറയുന്നത് . കാരണം വിവരങ്ങൾ നല്കാൻ വൈകിയതിന് അവർ പറഞ്ഞ ന്യായീകരണം ഡിപ്രെഷൻ , ഡീപ് ഡിപ്രെഷൻ എന്നീ വാക്കുകൾ തരം തിരിക്കാൻ സാധിച്ചില്ല എന്നതാണ്. അതിനർത്ഥം മന്ത്രിമാരെയും മറ്റും അതിൽ കുത്തി നിറച്ചു വച്ചിരിക്കുകയാണ് എന്നല്ലേ? ഒരു ദുരന്തം ദുരന്തമാവണമെങ്കിൽ അതു രാത്രി സംഭവിക്കാൻ പാടില്ല, പട്ടാപ്പകൽ സംഭവിക്കണം എന്നതായിരുന്നു സുനാമി വന്നപ്പോഴും സംസ്ഥാന സർക്കാരിന്റെ സമീപനം. പക്ഷേ തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ വിവരങ്ങളും രക്ഷാപ്രവർത്തനങ്ങളും സജീവമായി നടന്നിരുന്നു.

തീർച്ചയായും ഓഖി ദുരന്ത നിവാരണ അതോറിറ്റിയിൽ ഒരു വിദഗ്ധൻ മാത്രമാണ് ഉള്ളത്. മറ്റുള്ളതെല്ലാം മന്ത്രിമാരും ഐ എ എസ് ഓഫീസർമാരും ആണ് .
തീർച്ചയായും സർക്കാർ ” എല്ലാം ഞങ്ങളിലൂടെ ” എന്ന മനോഭാവവുമായിത്തന്നെ മുന്നോട്ടു പോകുന്നതുകൊണ്ടാണ് ഇതുപോലുള്ള അനാസ്ഥകൾ സംഭവിക്കുന്നത് . വികേന്ദ്രീകരണം എന്ന പ്രക്രിയ ഇവിടെ നടക്കുന്നില്ല. കക്ഷിരാഷ്ട്രീയം കളിച്ചു വരുന്ന മന്ത്രിമാരുടെ കയ്യിൽനിന്നു വിദഗ്ധരുടെ കയ്യിലേക്ക് ചുമതലകൾ പോയാൽ ഇതിനെല്ലാം പോംവഴിയാകും.

സത്യം പറഞ്ഞാൽ ഇവർക്കെതിരെ നരഹത്യയ്ക്കു കേസെടുക്കണം എന്നാണു ഞാൻ പറയുന്നത് . കാരണം വിവരങ്ങൾ നല്കാൻ വൈകിയതിന് അവർ പറഞ്ഞ ന്യായീകരണം ഡിപ്രെഷൻ , ഡീപ് ഡിപ്രെഷൻ എന്നീ വാക്കുകൾ തരം തിരിക്കാൻ സാധിച്ചില്ല എന്നതാണ്. അതിനർത്ഥം മന്ത്രിമാരെയും മറ്റും അതിൽ കുത്തി നിറച്ചു വച്ചിരിക്കുകയാണ് എന്നല്ലേ? ഒരു ദുരന്തം ദുരന്തമാവണമെങ്കിൽ അതു രാത്രി സംഭവിക്കാൻ പാടില്ല, പട്ടാപ്പകൽ സംഭവിക്കണം എന്നതായിരുന്നു സുനാമി വന്നപ്പോഴും സംസ്ഥാന സർക്കാരിന്റെ സമീപനം. പക്ഷേ തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ വിവരങ്ങളും രക്ഷാപ്രവർത്തനങ്ങളും സജീവമായി നടന്നിരുന്നു.

 

മുൻകരുതലുകൾ പിഴച്ചു എന്നതു സത്യം , രക്ഷാപ്രവർത്തനങ്ങളിലേക്കു വരുമ്പോൾ, കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി നടത്തിയ ‘ഓപ്പറേഷൻ സിനെര്‍ജി ‘ എത്രത്തോളം വിജയകരമായിരുന്നു ?

ഇനിയും കണ്ടെത്താനാവാത്ത മൽസ്യത്തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരിനു മാത്രമേ കണക്കുകളും പ്രതീക്ഷകളുമുള്ളു. കാരണം, ഞങ്ങള്‍ക്കറിയാം, തിരിച്ചു വരാത്തവർ മരിച്ചു പോയെന്ന്. എന്തെന്നാൽ ഇനിയും കണ്ടെത്താനാവാത്ത മൽസ്യത്തൊഴിലാളികളെല്ലാം വലിയ ബോട്ടുകളിൽ പോയവർ അല്ല; ചെറു വള്ളങ്ങളിൽ പോയവരാണ്. അവരുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വരാത്തവർ മുങ്ങിത്താഴുന്നതു കണ്ടവരുമാണ്. പിന്നെ, ഈ പറഞ്ഞ ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാപ്രവർത്തനങ്ങളിൽ ഊര്‍ജിതമാവേണ്ട സമയത്ത് ഊർജിതമായി പ്രവർത്തിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, ഒരുപാടു പേരുടെ ജീവിതം രക്ഷിക്കാൻ സാധിച്ചേനെ. ഞങ്ങളുടെ അറിവു പ്രകാരം മൂന്നും നാലും ദിവസങ്ങൾ ജീവൻ പിടിച്ചുവച്ചു നിന്നതിനു ശേഷമാണു പലരും മരിച്ചിരിക്കുന്നത് . മന്ത്രിമാരും ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിൽ വന്നു ദുരന്ത ബാധിത സ്ഥലങ്ങൾ കണ്ടതുകൊണ്ടായില്ലല്ലോ , രക്ഷാപ്രവർത്തനങ്ങൾ ഊര്‍ജിതമാവണമായിരുന്നു.

കേരളവും കേന്ദ്രവും സത്യത്തിൽ ഒരു മത്സരത്തിലായിരുന്നു. സംസ്ഥാന സർക്കാർ പറയുന്നു കേന്ദ്രമാണു തെറ്റുകാർ എന്ന്; കേന്ദ്രം തിരിച്ചും. ഇത് എന്തിനുള്ള മത്സരമാണ്? ഇവർ ആരെയാണ് ഇങ്ങനെ ഭയക്കുന്നത് ?

ഞങ്ങളുടെ മുന്നിലെ ചോദ്യവും അതു തന്നെയാണ്. നിങ്ങൾ ആരെയാണു ഭയക്കുന്നതെന്ന്. കേരളവും കേന്ദ്രവും തമ്മിൽ പല കാര്യങ്ങളിലും ധാരണ ഉണ്ടായിട്ടുണ്ട്. ദുരന്തത്തില്‍ മാത്രമല്ല , ദലിത് ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഒരുപാടു കാര്യങ്ങളിൽ, വികസന പ്രവർത്തനങ്ങളുടെ കാര്യങ്ങളിൽ ധാരണയുണ്ട്. കോർപെറെയ്റ്റുകളെ സംരക്ഷിക്കുന്ന കാര്യത്തിൽ മ്യൂച്ചൽ അണ്ടർസ്റ്റാന്‍‍ഡിങ്ങാണ് . അതുകൊണ്ടാണ് ഈ പരസ്പരം പഴിചാരല്‍. മുഖ്യയമന്ത്രിയും പ്രധാനമന്ത്രിയും പരസ്പരം ധാരണയിലാണ്. മുന്നറിയിപ്പുകള്‍ ഗ്രാസ് റൂട്ടിൽ കൊടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ടാണു കേന്ദ്രം നടപടി സ്വീകരിക്കാത്തത് ? തെറ്റായ വികസന അജണ്ടകളാണു കേന്ദ്രവും കേരളവും നടപ്പാക്കുന്നത്.

ഇന്നും കണ്ടെത്താനാവാത്ത എല്ലാ മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളിൽ യാത്ര ചെയ്തവരാണ്. ഒരു പക്ഷേ, വലിയ ബോട്ടുകളിൽ പ്രമുഖരാണു യാത്ര ചെയ്തിരുന്നതെങ്കിൽ ഇങ്ങനെയൊന്നുമായിരിക്കില്ല രക്ഷാപ്രവര്‍ത്തനങ്ങൾ.

മാഗ്ലീന്‍ ഫിലോമിന

നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോൺഗ്രസിനും കമ്യൂണിസ്റ്റിനുമെല്ലാം മത്സ്യത്തൊഴിലാളി സംഘടനകളുണ്ട്. മറ്റു സ്വതന്ത്ര മത്സ്യത്തൊതൊഴിലാളി യൂണിയനുകളും നിലവിൽ തീരദേശ മേഖലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ആർക്കും തന്നെ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ യാതൊരു കമിറ്റ്മെന്റുമില്ല. കോൺഗ്രസ്സുകാർ പോലും ചടങ്ങിനു ദുഖാചരണങ്ങളും ചർച്ചകളും നടത്തിയതല്ലാതെ സർക്കാരിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ പോലും നടത്തിയിട്ടില്ല. ഇന്നും തീരദേശ മേഖലകളിൽ സാമ്പത്തിക ഞെരുക്കമാണ്. പട്ടിണിയുണ്ട്, കുട്ടികളുട പഠനം പോലും വഴിമുട്ടി നിൽക്കുകയാണ്. സർക്കാർ പറഞ്ഞിട്ടുള്ള ഒരു വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. ഞങ്ങളെന്താ വോട്ടുബാങ്ക് മാത്രമോ? മത്സ്യത്തൊഴിലാളികൾ, ദലിതർ എന്നിവരെയെല്ലാം മുൻനിരയിലെത്തിക്കണമെന്ന പേരിൽ രാഷ്ട്രീയ ലാഭങ്ങൾ കൊയ്യുന്നവരെ മനസ്സിലാക്കാനുള്ള ഉത്തമ ഉദാഹരണമാണ് ഓഖി ദുരന്തം.

വലിയൊരു ദുരന്തത്തിനു സാക്ഷ്യം വഹിച്ച ജനത എന്ന നിലയിൽ തീരദേശവാസികളുടെ ഇനിയുള്ള പ്രതീക്ഷകൾ എന്താണ് ?

പട്ടിണി ഇല്ലാതെ ജീവിക്കുന്ന കാലമാണു ഞങ്ങളുടെ ആദ്യത്തെ പ്രതീക്ഷ. സാമ്പത്തികമായും സാമൂഹികമായും സംരക്ഷണം ഉറപ്പു വരുത്തുന്ന സർക്കാർ എന്നതു മറ്റൊരു പ്രതീക്ഷയാണ്. തൊഴിൽ രീതിയിലും സാമൂഹിക രീതിയിലും അർഹിക്കുന്ന സംവരണം വേണം. എന്റെ അറിവു പ്രകാരം കേരളത്തിൽ 65 മറൈൻ സയന്റിസ്റ്റുകൾ ഉണ്ട് . അതിൽ ഒഴിച്ചുകൂടാനാവാത്ത കഴിവാണു സ്കൂബ ഡൈവിങ്. മറൈൻ ബിയോളജി പഠിക്കുന്ന സയന്റിസ്റ്റുകളിൽ ഏഴോ എട്ടോ ആളുകൾ മാത്രമാണ് ഇതിൽ പരിശീലനം നേടിയിരിക്കുന്നത് . മറൈൻ ബയോളജി പഠിക്കാൻ സ്കൂബ ഡൈവിങ് പോലും അറിയാത്ത ആളുകൾ വരുന്നതു പരിതാപകരമായ അവസ്ഥയാണ് . ഇവരാണു കടലിന്റെ സ്വഭാവം നിശ്ചയിക്കുന്നത് . ആദിവാസികളുടെ കാര്യം പറയുന്ന പോലെ , കാടറിയുന്നവനെ കാടിന്റെ സ്വഭാവങ്ങൾ അറിയുകയുള്ളൂ. അതുപോലെ തന്നെ, കടൽ അറിയുന്ന, ഉന്നത വിദ്യാഭ്യാസം നേടിയ തീരദേശ വാസികൾക്കു സംവരണം നൽകണം എന്നാണ് എന്റെ അഭിപ്രായം.

(പാലക്കാട് ജില്ലയിലെ നെന്മാറ സ്വദേശിയാണ് ലേഖകൻ. 2010 – ൽ ശാന്തകുമാരൻ തമ്പി ഫൗണ്ടേഷന്റെ മികച്ച യുവ എഴുത്തുകാരനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.  ഇപ്പോൾ കോഴിക്കോട് മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ജേണലിസം വിദ്യാർഥിയാണ്.)

Top