മതിലുകളും സവർണരും : വടയമ്പാടിയിൽ ഇടിഞ്ഞു വീണത്

വടയമ്പാടിയിലെ ജാതി മതിലിനെതിരായ രാഷ്ട്രീയ പ്രതിരോധത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ അനാവരണം ചെയ്യുകയാണ് ലേഖകൻ. ആണ്ടുതോറും ഇടതുപക്ഷം മനുഷ്യ മതിലുകൾ
തീർത്ത കേരളത്തിൽ ഈ സവർണ മതിൽ എങ്ങിനെ ഇപ്പോഴും ഇടിഞ്ഞു പൊളിയാതെ അവശേഷിക്കുന്നുവെന്ന ചോദ്യത്തിൽനിന്ന് അവർക്ക് അത്രയെളുപ്പം ഇനി ഓടിയൊളിക്കാൻ കഴിയില്ലെന്നും ലേഖകൻ ഓർമിപ്പിക്കുന്നു

വടയമ്പാടിയിലെ അയിത്ത മതിൽ വലിയൊരു സാക്ഷ്യമാണ്. കേരള സമൂഹം ഇന്നും ജീവിക്കുന്നതും അഭിരമിക്കുന്നതും അതിന്റെ പഴകിയ ഫ്യൂഡൽ ബോധത്തിലും അധികാരഘടനയിലും ആണെന്നതിന്റെ നേർസാക്ഷ്യം !
വഴികൾക്കും നിരത്തുകൾക്കും പൊതു ഇടങ്ങൾക്കും, കെട്ടിയും കെട്ടാതെയും ഉയർത്തിയിരുന്ന മതിലുകൾ തകർത്തുകൊണ്ടാണ് വിലക്കുകൾ ലംഘിച്ചുകൊണ്ടാണ് കേരളം ആധുനിക യുഗത്തിലേക്കും നവോത്ഥാനത്തിലേക്കും പ്രവേശിച്ചത്. അന്നു മുതൽക്കേ പൊതുവിടങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ പ്രക്ഷോഭ കേന്ദ്രങ്ങളായി മാറിയ ചരിത്രം കൂടിയാണു കേരളത്തിനുള്ളതെന്നും അത്തരം സമരങ്ങൾ കൂടിച്ചേർന്നതാണു യഥാർഥ കേരള ചരിത്രമെന്നും ആവർത്തനംകൊണ്ട് ഓർമിപ്പിക്കുകയാണു വടയമ്പാടി.

ഫ്യൂഡൽ വിരുദ്ധത തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയാണെന്ന് കേരളത്തെ തെറ്റിദ്ധരിപ്പിച്ച പുരോഗമന പ്രസ്ഥാനങ്ങളുടെ വക്താക്കൾ ഭരണം നടത്തുമ്പോൾ, നവോത്ഥാനാനന്തരം കേരളം ഉയർത്തിപ്പിടിച്ച പുരോഗമന നാട്യങ്ങളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടു കെട്ടിയുയർത്തിയ ഒരു മതിൽ ഉണ്ടെന്നറിയുന്ന നിമിഷം അതു തച്ചുടയ്ക്കാൻ നേതൃത്വം നൽകേണ്ടതിന്നു പകരം അതു സംരക്ഷിക്കാനും അനീതിയെ ചോദ്യം ചെയ്യുന്ന ദലിതരെ തല്ലിയോടിക്കാനുമാണു ഭരണകൂടം കൂട്ടുനിൽക്കുന്നത്. അപ്പോള്‍ ഇവർ, ആർക്കൊപ്പമാണ് ?

ജനാധിപത്യപരമായ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം വ്യാപകമാവുകയും അതിന്റെ ഫലമായുണ്ടാകുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെല്ലാം പാർട്ടിക്കു പുറത്തു നടക്കുകയും ചെയ്യുന്നതു നിശ്ശബ്ദരായി കണ്ടു നിൽക്കാനേ ഏറെ നാളായി ഇടതുപക്ഷത്തിനു സാധിക്കുന്നുള്ളൂ . തുല്യനീതിക്കോ ജനാധിപത്യാവകാശങ്ങൾക്കോ, അവസര നിഷേധങ്ങൾക്കെതിരെ മനുഷ്യാവകാശ പ്രശ്നങ്ങളുയർത്തിയുള്ളതോ ആയ എല്ലാ സമരങ്ങളും ഇന്ന് പാർട്ടിക്കുള്ളിലല്ല, വെളിയിലാണു രൂപപ്പെട്ടു വരുന്നത്. അതിനു കാരണവുമുണ്ട്. കാലാകാലങ്ങളായി സമത്വവും സാമൂഹ്യനീതിയും നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ അസമത്വാനുഭവങ്ങൾക്കു കാരണമായ സവിശേഷ സാഹചര്യങ്ങളെ വർഗപരികൽപ്പനകൾക്കുള്ളിൽ പൊതിഞ്ഞൊളിപ്പിക്കാനാണ് കാലങ്ങളായി അവർ ശ്രമിച്ചു പോന്നത്. ഇപ്പോളത് ഇനിയും അദൃശ്യവത്കരിക്കാനാവാത്ത വിധം പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെട്ടിരിക്കുന്നു. അത്തരം ഇടങ്ങളിൽ ദലിതർ പാർട്ടി വിട്ടു സ്വയം പുറത്തേക്കു പോവുന്നതിനെ ത ടയാൻ സ്ഥാപിക്കപ്പെട്ട പി.കെ.എസ്.പോലുള്ള പൊറാട്ടുനാടകക്കാരെ, ജാതി മതിലുകൾ കൂടുതൽ ഉയരത്തിലേക്കു കെട്ടിപ്പൊക്കാനുള്ള മൈക്കാഡുപണിക്കാരായി മാത്രമാണ് അവർ കൊണ്ടു നടക്കുന്നതെന്നും ജനത കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു.

Photo courtesy: Mrudula Bhavani

വികസനത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും വിഭവാധികാരത്തെക്കുറിച്ചും ഒക്കെയുള്ള ദലിതരുടെ സമീപനങ്ങൾ, മാർക്സിയൻ രീതിശാസ്ത്രങ്ങൾക്കും വർഗവിശകലന സിദ്ധാന്തങ്ങൾക്കും അന്യമായ ദാർശനിക ഭൂമികയിലാണു് ഇന്നു നിലയുറപ്പിച്ചിട്ടുള്ളത്. ജനാധിപത്യത്തിന് സാമൂഹികവും സാമ്പത്തികവുമായ അധികമാനമുണ്ടെന്നും കേവല രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പരികൽപ്പനകൾക്കപ്പുറമാണെതെന്നും കൃത്യമായി വരച്ചുകാട്ടുന്ന ആ പുരോഗാമിത്വത്തിൽ ഇടതു ചിന്തകർക്കോ പ്രസ്ഥാനങ്ങൾക്കോ പങ്കില്ലാതെ പോവുന്നത് ആത്മപരിശോധനാ വിധേയമാക്കുന്നതിനു പകരം, പുതിയ ചരിത്ര ശക്തികളോട് ഭ്രാന്തമായ യുദ്ധപ്രഖ്യാപനമാണ് അവർ നടത്തുന്നത്‌.. സ്വത്വപ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിനു പകരം അതിന്റെ കാരണക്കാരായ ദലിത് ഉണർവുകളെ, അംബേദ്കറൈറ്റ് അണിചേരലുകളെ അവഗണിച്ചു കൊണ്ടിരുന്നാൽ വരേണ്യരുടെ സ്വകാര്യ സ്വത്തായി, പിന്തിരിപ്പൻ പ്രതിലോമകാരികളുടെ പിണിയാളുകളായി അരികു വത്കരിക്കരിക്കപ്പെടുകയെന്ന ദുരന്തമാണ് ഇടതുപക്ഷത്തിന് ഉണ്ടാവാൻ പോവുന്നത്.

ഫ്യൂഡൽ കോർപ്പറേറ്റ് പിന്തുണ കൊണ്ട് പാർട്ടി കെട്ടിപ്പടുത്തുവച്ചിരിക്കുന്ന അധികാരത്തിന്റെ മതിലുകൾ പോലും തച്ചുടക്കാൻ പര്യാപ്തരായ ഒരു ജനതയുടെ സ്വത്വാഭിമാനപ്പോരാട്ടമാണു വടയമ്പാടിയിൽ നടക്കുന്നത്. അതിനെ നേരിടാൻ പാർട്ടിയുടെ അധികാര രാഷ്ട്രീയം അപര്യാപ്തമാണ്. ബംഗാളിലും നന്ദിഗ്രാമിലും സിന്ദൂറിലും കോർപ്പറേറ്റുകൾക്കൊപ്പം നിന്ന, ചെങ്ങറയിലും അരിപ്പയിലും പരസ്യമായി ദലിത് വിരുദ്ധ നിലപാടുകൾ എടുത്ത, സി.പി.എം അധികാരത്തിലുള്ളപ്പോൾ അവരിൽ നിന്ന് അനുകൂലമായി എന്തെങ്കിലും ഉണ്ടാവുമെങ്കിൽ, അതു ദലിതർക്കും കോളനി നിവാസികൾക്കും ഒപ്പമായിരിക്കില്ലെന്നും ഫ്യൂഡൽ ഭൂപ്രഭുക്കന്മാർക്കും ഹാരിസൺ പോലെയുള്ള കുത്തക മുതലാളിമാർക്കും ഒപ്പമായിമായിരിക്കും

പുരോഗമന കേരളം എന്നു പറയുന്ന കേരളത്തിലെ കാമ്പസുകളിലെ എ എസ് എ പ്രവർത്തകരെയും മുസ്ലീം വിദ്യാർഥികളെയും തിരിഞ്ഞു പിടിച്ചു മർദിക്കുകയും അവരുടെ സംഘടനാ സ്വാതന്ത്ര്യത്തിനു വിലക്കിന്റെ മതിലുകൾ തീർക്കാൻ എസ്.എഫ് ഐ യെ ഉപയോഗിക്കുകയും ചെയ്യുന്നത് സി.പി.എം.ആണ്. അയിത്തത്തിനും പൊതു ഇടങ്ങളിൽ നിന്നും അവർണരെ അയിത്തം കൽപ്പിച്ച് അകലെ നിർത്തിയ ഫ്യൂഡൽ കാലഘട്ടത്തിൽ, സവർണ വാഴ്ചക്കെതിരെയുള്ള അവകാശപ്പോരാട്ടങ്ങളുടെ രൂപത്തിലാണു കേരളീയ നവോത്ഥാനം വികസിച്ചത്. ജാതിയുടെ മതിൽക്കെട്ടുകൾ ഭേദിച്ച് സമൂഹത്തെ പൊതുവായ മുദ്രാവാക്യങ്ങളിലേക്കും സാമൂഹ്യ പ്രക്ഷോഭങ്ങളിലേക്കും ജാതിവിരുദ്ധ മതേതര പ്രസ്ഥാനങ്ങളിലേക്കും നയിച്ച നവോത്ഥാന കാലഘട്ടം ഇളക്കിമറിച്ച മണ്ണിലാണ് ഇടതുപക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കപ്പെടുന്നത്. നവോത്ഥാനാനന്തര കേരളത്തിൽ സമൂഹങ്ങളെ ജനാധിപത്യ ബോധത്തിൽ നിന്നു ജാതി ബോധത്തിലേക്കു തിരിച്ചു നടത്തി ജാതി സംഘടനകൾക്കുള്ളിൽ നിർത്തുക എന്ന പ്രതിലോമകരമായ പ്രക്രിയയിലാണ് ഇടതുപക്ഷ പാർട്ടികൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ പിന്നണിയിൽ അണി ചേരുന്ന സംഘടിത സമുദായങ്ങളുടെ വോട്ടു ബാങ്കുകളിൽ എൻറോൾ ചെയ്ത് സാമുദായിക വിലപേശലുകൾക്കു ജനാധിപത്യത്തെ തന്നെ പണയം വയ്ക്കുന്ന കാലത്ത് മതിലുകൾ സംരക്ഷിക്കേണ്ടതു പാർട്ടി ബാധ്യതയാവുന്നതു യാദൃഛികമല്ല.

Photo courtesy: Mrudula Bhavani

ഫ്യൂഡൽ കോർപ്പറേറ്റ് പിന്തുണ കൊണ്ട് പാർട്ടി കെട്ടിപ്പടുത്തുവച്ചിരിക്കുന്ന അധികാരത്തിന്റെ മതിലുകൾ പോലും തച്ചുടക്കാൻ പര്യാപ്തരായ ഒരു ജനതയുടെ സ്വത്വാഭിമാനപ്പോരാട്ടമാണു വടയമ്പാടിയിൽ നടക്കുന്നത്. അതിനെ നേരിടാൻ പാർട്ടിയുടെ അധികാര രാഷ്ട്രീയം അപര്യാപ്തമാണ്. ബംഗാളിലും നന്ദിഗ്രാമിലും സിന്ദൂറിലും കോർപ്പറേറ്റുകൾക്കൊപ്പം നിന്ന, ചെങ്ങറയിലും അരിപ്പയിലും പരസ്യമായി ദലിത് വിരുദ്ധ നിലപാടുകൾ എടുത്ത, സി.പി.എം അധികാരത്തിലുള്ളപ്പോൾ അവരിൽ നിന്ന് അനുകൂലമായി എന്തെങ്കിലും ഉണ്ടാവുമെങ്കിൽ, അതു ദലിതർക്കും കോളനി നിവാസികൾക്കും ഒപ്പമായിരിക്കില്ലെന്നും ഫ്യൂഡൽ ഭൂപ്രഭുക്കന്മാർക്കും ഹാരിസൺ പോലെയുള്ള കുത്തക മുതലാളിമാർക്കും ഒപ്പമായിമായിരിക്കും എന്ന് സുശീലാ ആർ.ഭട്ടിനെയും രാജമാണിക്യം കമ്മറ്റിയെയും ഓർമ്മയുള്ളവർക്കു നിസ്സംശയം ഉറപ്പിക്കാം. നീതിക്കു വേണ്ടിയുള്ള അടിസ്ഥാനമില്ലാത്ത പ്രതീക്ഷകളല്ല, ചെറുത്തുനിൽപ്പുകൾ തന്നെയാണു പോംവഴി.

അനീതിയുടെ നെടുങ്കോട്ടകളെ വിറകൊള്ളിച്ചുകൊണ്ട്, പഴയ ജാതി ബോധത്തിന്റെയും അയിത്തത്തിന്റെയും അവശിഷ്ടങ്ങളെ പിഴുതെറിയാൻ വടയമ്പാടിയിലെ സമരഭൂമിയിലേക്ക് ഇരച്ചു വരുന്നത് മഹാത്മാ അയ്യൻകാളിയുടെ വില്ലു വണ്ടിയാണ്… ജാതിഭ്രാന്തന്മാർ വഴി മാറുക തന്നെ ചെയ്യും. ദലിതനെ കണ്ടാൽ തീണ്ടലെന്ന് പ്രശ്നക്കളങ്ങളിലെ കരുക്കളിലൂടെ വിളിച്ചു പറയുന്ന സവർണ ദൈവങ്ങൾ വിചാരണ ചെയ്യപ്പെടും. ദലിതന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള അതിരുകൾ പൊളിച്ചുമാറ്റാനുള്ളവ തന്നെയാണ്… വടയമ്പാടിയിലേത് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ അവസാന ജാതിമതിലായിരിക്കും.

Top