ദലിതുകള്‍ പൊളിച്ചെഴുതുക കേരളത്തിന്റെ പൊളിറ്റിയെയാകും
1988 ല്‍ മഹാരാഷ്ട്രയിലെ ദലിത് പാന്തര്‍ പ്രസ്ഥാനത്തെ പിന്‍പറ്റി കോഴിക്കോട് ആര്‍. ഇ. സിയിലെ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ കേരള ദലിത് പാന്തേഴ്സ് എന്ന സംഘടന രൂപം കൊണ്ടു. ദലിതന്റെ ആത്മബോധത്തെ വിളിച്ചുണര്‍ത്താന്‍ വൈകാരികതയും തീവ്രതയും ആയുധമാക്കി കേരളത്തിലെ ആയിരക്കണക്കിന് കോളനികളില്‍ മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങളിലൂടെ കെ.ഡി.പി പ്രചോദിപ്പിച്ചത് ആത്മാഭിമാനം ചോര്‍ന്ന ദലിത് യുവമനസ്സുകളെയായിരുന്നു. ആക്രമണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവിലൂടെ നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങളായി, ഇരുപതിലേറെ വധശ്രമങ്ങളെ അതിജീവിച്ചുകൊണ്ട് കെ. അംബുജാക്ഷന്‍ എന്ന നാല്പത്തിരണ്ടുകാരന്‍ കെ.ഡി.പിയെ നയിക്കുന്നു. കേരള ദളിത് മഹാസഭ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയ അദ്ദേഹം ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ആണ്. ഒരു പതിറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെ തന്റെ ദര്‍ശനങ്ങള്‍ക്കും ആക്ടിവിസത്തിലും വന്നുചേര്‍ന്ന ഗുണപരമായ മാറ്റത്തെപ്പറ്റി അംബുജാക്ഷന്‍ സംസാരിക്കുന്നു. ഒരു ദലിത് പ്രവര്‍ത്തകന്റെ രൂപപ്പെടല്‍, സമുദായ
സ്വന്തമായി മണ്ണും വീടും
പന്തളത്തുനിന്നും അഞ്ചുകിലോമീറ്റര്‍ ദൂരെ കൂരമ്പാലയാണ് എന്റെ ഗ്രാമം. കൂരമ്പാല അന്ന് ഒരു ഐഡിയല്‍ ഹിന്ദുഗ്രാമമാണ്. ഹിന്ദുമതത്തിന്റെ കര്‍ക്കശ നിയമങ്ങള്‍ തെറ്റാതെ പാലിക്കുന്ന ശുദ്ധ ഹിന്ദുഗ്രാമം. ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ കാണുന്നത് ക്ഷേത്രവിശ്വാസികളെയാണ്. നാട്ടിലെ ഏറ്റവും വലിയ പവിത്രമായ സംഗതി ക്ഷേത്രമാണ്. രാവിലെ ക്ഷേത്രത്തില്‍ പോവുകയും തൊഴുതുമടങ്ങുകയും ചെയ്യുന്ന ആളുകള്‍. ക്ഷേത്രത്തെ കേന്ദ്രീകരിച്ചായിരുന്നു ഗ്രാമത്തിലെ അധികാരവ്യവസ്ഥയും. നാട്ടില്‍ കൂടുതലായുള്ള നായന്‍മാരായിരുന്നു അധികാരി വര്‍ഗ്ഗം.
ഗ്രാമത്തില്‍ ഈഴവര്‍ കുറവാണ്. അവിടെ നായന്‍മാര്‍ കഴിഞ്ഞാല്‍ പിന്നെ നേരെ ദലിതരാണ്. പിന്നെ വളരെ കുറച്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍- ഈഴവരും തട്ടാനും മൂശാരിയുമൊക്കെ ഇടയ്ക്ക് വന്നിരുന്നെങ്കില്‍- നായരില്‍ നിന്നു നേരിട്ടു മര്‍ദ്ദം കുറഞ്ഞേനെ. അങ്ങനെ അല്ലാത്തതിനാല്‍ പുലയന്‍ , പറയന്‍ , കുറവന്‍ എന്നിവരെയാണ് മൃഗങ്ങളെ പോലെ ചവിട്ടി താഴ്ത്തിയിരുന്നത്.
ഞങ്ങള്‍ പുലയ സമുദായക്കാരായിരുന്നു. പുലയരുടെ സാമൂഹ്യ സ്ഥിതി അന്നേതാണ്ട് അടിമകളുടെതിന് സമാനമായിരുന്നു. പക്ഷെ എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബക്കാര്‍ അയ്യങ്കാളി തറവാടൊക്കെ പോലെ ആത്മാഭിമാനികളുടെതായിരുന്നു. ജന്മിമാര്‍ ഭൂമികൊടുത്തിരുന്നില്ലെങ്കിലും അന്ന് ഒരുപാടുണ്ടായിരുന്ന തരിശു ഭൂമി കൈവശപ്പെടുത്തി അവര്‍ സ്വന്തമായി ഓണര്‍ഷിപ്പ് നിലനിര്‍ത്തി. ഇത് മിക്കവാറും ഏതെങ്കിലും മലയിലോ പൊട്ടക്കുന്നിലോ ആയിരിക്കും. കാരണം അന്നത്തെ കാലത്ത് ദളിതര്‍ക്ക് സ്വന്തമായി മറ്റാരെയും ഭയക്കാതെ അനുഭവിക്കാന്‍ കഴിയുന്നത് ഈ വിധം ആര്‍ക്കും വേണ്ടാത്ത ഭൂമി മാത്രമായിരുന്നു. അതായത് ദളിതന്റെ മണ്ണ് എപ്പോഴും ജന്‍മിയുടെ റീച്ചിന് അപ്പുറമുള്ള, ഏതെങ്കിലും മലയോ കുന്നോ ആയിരിക്കും. അധ്വാനിച്ച് പണിപ്പെട്ട് അവിടമാകെ അവര്‍ മനോഹരമാക്കുമ്പോഴേക്കും ജന്മിമാരെത്തി ദളിത് കുടുംബങ്ങളെ പറഞ്ഞ് വിടുകയും ചെയ്യും. എന്റെ അപ്പൂപ്പന്‍മാരും അമ്മയുടെ അച്ഛനുമൊക്കെ നേരിട്ട ഒരനുഭവം ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. നാട്ടിലെ അധികാരികള്‍ മുത്തയ്യത്ത് എന്ന പ്രബലമായ നായര്‍ തറവാട്ടുകാരായിരുന്നു. എന്റെ നാട്ടില്‍ നിന്നും
ബാല്യം
എന്റേതൊരു കോണ്‍ഗ്രസ്സ് കുടുംബമായിരുന്നു. അച്ഛന്‍ മണ്ണില്‍ കുഞ്ഞുകുഞ്ഞ്- ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍. വെളുത്തുള്ളിക്കായല്‍ സമരത്തിലൊക്കെ പങ്കെടുത്ത് ജയില്‍ വാസമനുഭവിച്ചിട്ടുള്ള കോണ്‍ഗ്രസ്സുകാരന്‍. ആലപ്പുഴ ഡിസി.സി. അംഗമായിരുന്നു അച്ഛന്‍. ഇതൊക്കെയായിരുന്നെങ്കിലും അച്ഛന്റേയും അമ്മയുടേയും കുടുംബക്കാരൊക്കെയും കമ്യൂണിസ്റുകളായിരുന്നു. അന്നൊക്കെ ദളിതുകളാണോ അവര്‍ കമ്മ്യൂണിസ്റുകളായിരിക്കും എന്നതായിരുന്നു സ്ഥിതി. ഏതായാലും അച്ഛന്റേയോ മറ്റു ബന്ധുക്കളുടേയോ രാഷ്ട്രീയം എന്നെ ചെറുപ്പത്തില്‍ സ്വാധീനിച്ചിട്ടില്ല എന്നു പറയാം.
അമ്മ, തങ്കമ്മ ഡെപ്യൂട്ടി തഹസീല്‍ദാരായി റിട്ടയര്‍ ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. എന്റെ അമ്മയുടെ പഠനവും ഉദ്യോഗവുമൊക്കെ ഒരു തരം എക്സംപ്ഷന്‍ ആയിരുന്നു. അമ്മയുടെ അനുജത്തി ഇപ്പോഴും കൊയ്ത്തിനു പോകും. മറ്റു സഹോദരങ്ങളെല്ലാവരും പാടത്ത് പണിക്കു പോവുന്നവരായിരുന്നു. പിന്നെ അമ്മ മാത്രം എങ്ങനെ പഠിച്ചു എന്നത് ഒരു ചോദ്യമാണ്. അമ്മ കുഞ്ഞായിരിക്കുമ്പോള്‍ പണിക്കു പോവാന്‍ പ്രായമാവുന്നതിനുമുമ്പ് ഊഞ്ഞാലാടുന്നതിനിടയില്‍ വീണ് ഇടതു കൈ ഒടിഞ്ഞു. അപ്പോ പിന്നെ കൊയ്യാന്‍ പറ്റാത്ത ഒരാളെന്ന നിലയില്‍ അമ്മക്ക് സ്കൂളില്‍ പോകാന്‍ സാധിച്ചു. അതൊരു ഓപ്പര്‍ച്യൂണിറ്റി ആയിരുന്നു. എന്നാലവള്‍ പഠിക്കാന്‍ പോവട്ടെ. ഏതായാലും കൊയ്യാന്‍ പറ്റില്ലല്ലോ- ജന്മിമാരുടെ മനസാക്ഷി ഇതനുവദിക്കുകയായിരന്നു. അങ്ങനെ അമ്മ ഡിഗ്രി വരെ പഠിച്ചു. ജോലിയും കിട്ടി. അക്കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭേദപ്പെട്ട ശമ്പളം ലഭിക്കുമായിരുന്നു എന്നതിനാല്‍ ഞങ്ങളുടെ ജീവിത നിലവാരം നാട്ടിലെ ബാക്കിയുള്ള ദളിത് കുടുംബങ്ങളെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു. പട്ടിണി എന്നൊരു കാര്യം ഞാന്‍ ബാല്യത്തിലനുഭവിച്ചതേയില്ല.
ചുറ്റുപാടും ഉള്ള ലോകത്തെ തിരിച്ചറിഞ്ഞു തുടങ്ങിയ ബാല്യത്തില്‍ തന്നെ എനിക്കുണ്ടായ ഒന്നുരണ്ടനുഭവങ്ങള്‍ വലിയ ചോദ്യങ്ങളായി. എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ആദ്യത്തേത് എന്റെ ബന്ധുവായ ഒരു ചെറുപ്പക്കാരനെ സ്ഥലത്തെ നായര്‍ അധികാരികള്‍ ചേര്‍ന്ന് തല്ലിയത് കാണാനിടവന്നതാണ്. 1976ലാണത്. അക്കാലത്ത് ദേവസ്വത്തിന്റെ അവകാശികള്‍ നാട്ടിലെ നായന്‍മാരായിരുന്നു. ദേവസ്വം വക പറമ്പുകളില്‍ അന്ന് തേങ്ങയോ മറ്റോ മോഷ്ടിക്കപ്പെട്ടാല്‍ തെളിവുകളൊന്നുമില്ലാതെ തന്നെ ഏതെങ്കിലും ഒരു ദലിതന്റെ മേല്‍ കുറ്റമാരോപിക്കപ്പെടും. അങ്ങനെ ഒരിക്കല്‍ പിടിപ്പിക്കപ്പെട്ടത് എന്റെ ഒരു ബന്ധുവായ സോമനാണ്. പോലിസോ കേസോ ഒന്നുമില്ല. മരത്തില്‍ കെട്ടിയിട്ട് പ്രമാണിമാരെല്ലാം ചേര്‍ന്ന് തല്ലുന്നു. ഞാനല്ല, അല്ല എന്നവന്‍ നിലവിളിക്കുന്നുണ്ട്. പക്ഷെ നിലവിളിക്കൊന്നും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല.
രണ്ടാമത്തേത്, എന്റെ അമ്മാവന്റെ വീട്ടിലെ പട്ടി ഒരു നായര്‍ പെണ്‍കുട്ടിയെ കടിച്ചു. സാധാരണ ഗതിയില്‍ ഒരു പട്ടി ഒരാളെ കടിച്ചാല്‍ അതൊരു സാമൂഹിക പ്രശ്നമൊന്നുമാവാറില്ല. ഒരു പട്ടിയുടെ ചെയ്തിക്ക് അതിന്റെ ഉടമസ്ഥന്‍ ഉത്തരവാദിയാകും എന്ന് വേണമെങ്കില്‍ പറയാമെങ്കിലും അവരെ കുറ്റക്കാരാക്കാറില്ലല്ലോ. പക്ഷെ ഇവിടെ കടിച്ചത് പുലയന്റെ പട്ടിയായതുകൊണ്ട് നായന്‍മാര്‍ സംഘടിച്ചു. അതൊരു വിഷയമാക്കി. ഈ അനുഭവങ്ങളൊക്കെയും ഓരോ ഷോക്കുകളായിരുന്നു. ഉള്ളില്‍ ഒരു ലോജിക്ക് ഡെവലപ് ചെയ്യുന്ന കാലത്തു തന്നെ നേരിടേണ്ടി വന്ന ലോജിക്കിന് നിരക്കാത്ത കാര്യങ്ങള്‍, ആഘാതങ്ങള്‍.
അടുത്ത അനുഭവം എന്റെ സ്കൂളില്‍ നിന്നാണ്. അമ്മയുടെ വരുമാനം കൊണ്ട് ആഹാരത്തിനോ വസ്ത്രത്തിനോ പുസ്തകങ്ങള്‍ക്കോ എനിക്ക് ഒരിക്കലും പഞ്ഞമുണ്ടായില്ല. ഓരോ സാലറി ഡേറ്റിലും അടൂര്‍
പിന്നീടുള്ളത് കൂട്ടുകൂടലുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ്. ജാതിയെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ക്കും മുമ്പുള്ള ബാല്യത്തില്‍ മേല്‍ജാതിക്കാരായ കുട്ടികള്‍ ഞങ്ങളോടൊപ്പം കൂട്ടുകൂടുകയും കളിക്കുകയും ചെയ്യുമായിരുന്നു. ദളിത് കുട്ടികള്‍ സ്വാഭാവികമായും കായികമായി മികവുള്ളവരായിരിക്കും. മരത്തില്‍ കയറ്റം, നീന്തല്‍ തുടങ്ങിയ അഭ്യാസപ്രകടനങ്ങളിലൊക്കെ ഡോമിനേറ്റ് ചെയ്യുക ഞങ്ങളായിരിക്കും. പക്ഷെ അപ്പോഴും ഞങ്ങള്‍ക്ക് ചില റെസ്ട്രിക്ഷന്‍ ഒക്കെയുണ്ട്. ഞങ്ങള്‍ക്ക് എല്ലായിടത്തും എന്‍ട്രിയില്ല. ദാഹിക്കുമ്പോള്‍ മറ്റു കുട്ടികളെപ്പോലെ എല്ലാ വീട്ടിലും കയറി വെള്ളം കുടിക്കാനാവില്ല. ഇതെല്ലാം നമുക്ക് പ്രശ്നങ്ങളാണ്. എന്തുകൊണ്ട് ഇങ്ങനെ? എന്ന പ്രശ്നം, എന്തോ ഒരു കുറവ് തനിക്കുണ്ടെന്ന തോന്നല്‍ ഇതുണ്ടാക്കുന്നു. കുറച്ചുകൂടി വലുതാവുമ്പോഴേക്കും മേല്‍ ജാതിക്കാരായ കുട്ടികള്‍ ഞങ്ങളോട് പഴയതുപോലെ ചേര്‍ന്ന് ഇടപഴകാതാകുന്നു. അവരുടെ മേല്‍ വീടുകളില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ വരുന്നു. അവര്‍ ഞങ്ങളെ ജാതിപ്പേരു വിളിക്കുവാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ അന്നൊന്നും ജാതിയെക്കുറിച്ചുള്ള ബോധ്യം വന്നിട്ടില്ല. ചെറുപ്പം മുതല്‍ ഒരുമിച്ച് നടന്ന കൂട്ടുകാര്‍ തിരിച്ചറിവാകുമ്പോള്‍ നമ്മളെ ക്രമേണ അകറ്റുന്നു. അതെനിക്ക് തീരെ സഹിക്കാനായില്ല. സവര്‍ണ്ണ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ തിരിച്ചറിവിന്റെ പ്രായമാവുമ്പോഴേ ജാതിയെക്കുറിച്ച് എജ്യൂക്കേറ്റ് ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് ഈ ബോധം സ്വന്തമായി ഉണ്ടാകുന്നതല്ല. സവര്‍ണ്ണ മാതാപിതാക്കള്‍ അവരെ ജാതിബോധത്തിലേക്ക് കൊണ്ടുവരികയാണ് പതിവ്. അതേ സമയം ദളിത് അച്ഛനമ്മമാരുടെ അവസ്ഥയോ, മക്കളേ നമ്മള്‍ ഇതാണ് എന്നു പറഞ്ഞ് ഒരു ഡോമിനേഷനു വേണ്ടി പറയാന്‍ അവര്‍ക്കൊന്നുമില്ല. അങ്ങനെ നോക്കുമ്പോള്‍ ദളിത് കുട്ടികളേക്കാള്‍ വളരെ മുന്നെ തന്നെ ജാതി ബോധത്തിലേക്ക് സവര്‍ണ്ണരുടെ കുട്ടികള്‍ എത്തിച്ചേരുന്നു. അതോടെ അവരുടെ മനോഭാവത്തിലും മാറ്റം വരുന്നു. ഇത്തരം അവഗണനകളോടുള്ള എന്റെ പ്രതികരണം ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമായി. ഏതാണ് ആറാം ക്ളാസ്സിലാകുമ്പോഴേക്കും ഞാന്‍ ഒരു കുഴപ്പക്കാരനായി മുദ്ര ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ജാതിപ്പേരു വിളികളോടും അധിക്ഷേപങ്ങളോടും മാറ്റി നിര്‍ത്തലുകളോടും ക്ളാസ്സില്‍ വച്ചും അല്ലാതെയുമുള്ള എന്റെ പ്രതികരണങ്ങള്‍ നിമിത്തം ഞാന്‍ ഒരു നോട്ടപ്പുള്ളിയായി മാറി. ഒടുവില്‍ അവരെന്നെ ആ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ആ പുറത്താക്കലായിരുന്നു എന്റെ പ്രശ്നം. സത്യത്തില്‍ അന്നു മുതല്‍ക്കാണ് എന്റെ യഥാര്‍ത്ഥ എജ്യൂക്കേഷന്‍ ആരംഭിക്കുന്നത്. എന്റെ ജാതി പറയുകയോ മറ്റോ ചെയ്താല്‍ ഞാന്‍ കുഴപ്പമുണ്ടാക്കും. ചിലതൊക്കെ ആദ്യമെ ചാടിയെണീറ്റു ചെയ്യാനുള്ള ഒരു വാസന എനിക്കുണ്ടായിരുന്നു. അപ്പോള്‍ നിന്നെ വിളിച്ചില്ല എന്നു പറഞ്ഞു മാറ്റി നിര്‍ത്തുക അധ്യാപകനായാല്‍ക്കൂടി എതിര്‍ത്തില്ലെങ്കിലും ഞാന്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത് പ്രശ്നമായി. പറയുന്നതെന്തും ഭവ്യതയോടെ കേള്‍ക്കണമെന്നതായിരുന്നു അവിടുത്തെ നീതി. അല്ലാതെ അവിടെ റെസ്പോണ്‍സുകള്‍ അനുവദനീയമല്ല. ഒടുവില്‍ ഈ കാരണം കൊണ്ട് അവര്‍ എന്റെ അച്ഛനോട് മകനെ ഇവിടെ പഠിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നു. പഠനത്തിലും ഉപന്യാസം, പ്രസംഗംപോലെയുള്ള സംഗതികളിലും ഞാന്‍ പിന്നിലായിരുന്നില്ല. എങ്കിലും ഞാന്‍ പുറത്താകുന്നു. എന്നെ ഒരു ക്രിമിനലായി അവര്‍ മുദ്രകുത്തുന്നു. എന്നെ ഏതങ്കിലും ജുവനൈല്‍ സ്കൂളില്‍ ചേര്‍ക്കാനാണ് അവര്‍ എന്റെ മാതാപിതാക്കളെ ഉപദേശിച്ചത്.
ശരിക്കു പറഞ്ഞാല്‍ എന്റെ മാതാപിതാക്കള്‍ അല്പം എജ്യൂക്കേറ്റഡ് ആയത് എനിക്ക് രക്ഷയായി. അവരെന്നെ കുറ്റപ്പെടുത്തിയതേയില്ല. പക്ഷെ ഇനിയൊരു സ്കൂള്‍ 3 കിലോമീറ്റര്‍ അകലെയാണ്. അത്രയും ദൂരം ഞാന്‍ ഒറ്റക്കുപോകണം. അതായിരുന്നു പ്രശ്നം. പക്ഷെ ആ സ്കൂള്‍ എനിക്കൊരു വഴിത്തിരിവായി. ഞാന്‍ ഈ മാറ്റത്തെ ഒരനുഗ്രമായിട്ടാണ് കാണുന്നത്. കാരണം എന്റെ ഗ്രാമത്തില്‍ നിന്ന് ഏറെ ദൂരമുള്ള ആ സ്കൂളില്‍ ആര്‍ക്കും എന്റെ ജാതി അറിയില്ല. എന്റെ കുടുബത്തെ നേരിട്ടറിയാത്തതിനാല്‍ ആരും എന്നോട് കൂട്ടുകൂടാന്‍ മടിച്ചില്ല. അവര്‍ കാണുമ്പോള്‍ ഞാന്‍ നല്ല വസ്ത്രങ്ങളിലാണ് സ്കൂളിലെത്തുന്നത്. എന്റെ ക്യാരക്ടറും അല്‍പ്പം ഡോമിനന്റ് ആണ്. ഏഴാം ക്ളാസ്സില്‍ ഞാനവിടെ സ്കൂള്‍ ലീഡറായി. ജാതി മറച്ചുവച്ചാല്‍ പിന്നീട് സമൂഹത്തില്‍ നിന്ന് ലഭിക്കുക പോസിറ്റീവ് സ്ട്രോക്കുകള്‍ മാത്രമായിരിക്കുമെന്ന് ഇതില്‍ നിന്ന് എനിക്ക് ബോധ്യപ്പെടുന്നു. പഠനത്തില്‍ മാത്രമല്ല പ്രസംഗത്തിലും ഉപന്യാസമെഴുത്തിലുമൊക്കെ ഞാന്‍ സാമര്‍ത്ഥ്യം കാട്ടി. ഒടുവില്‍ എന്റെ പെര്‍ഫോമന്‍സിന്റെ വെളിച്ചത്തില്‍ ഹെഡ്മാസ്റര്‍ അച്ഛനേയും അമ്മയേയും വിളിപ്പിച്ചു പറയുന്നു- നിങ്ങളുടെ മകന്‍ ഒരു എക്സ്ട്രാ ടാലന്റ് ഉളളവന്‍ – ആണെന്ന്. ഒരൊറ്റ വര്‍ഷത്തിന്റെ വ്യത്യാസത്തിലാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. അതൊരു യു.പി. സ്കൂളായിരുന്നു. അതിനാല്‍ ആ ഒരു വര്‍ഷം മാത്രമേ എനിക്കിവിടെ പഠിക്കാനായുള്ളൂ. ഞാന്‍ അടൂര്‍ ടെക്നിക്കല്‍ സ്കൂളില്‍ എന്‍ട്രന്‍സ് എഴുതി പ്രവേശനം നേടി. ഏഴാം ക്ളാസ്സിലെ നല്ല അനുഭവങ്ങള്‍ എന്റെ മനസ്സിലെ മുറിവുണക്കി, അതോടെ ഞാന്‍ കൂടുതല്‍ കൂടുതല്‍ പോസിറ്റീവ് ഇമേജ് ആഗ്രഹിക്കുവാനും തുടങ്ങി.
ഇതിനിടെ ഒരു രസകരമായ സംഭവം ഉണ്ടാകുന്നുണ്ട്. എട്ടാം ക്ളാസ്സിലെ വര്‍ഷാവസാന പരീക്ഷ നടക്കുന്നു. എന്റെ കൂട്ടുകാരെല്ലാം പരീക്ഷാ ദിവസം അമ്പലക്കുളത്തില്‍ കുളിച്ച് തൊഴുത് കുറിതൊട്ടാണ് എഴുതാന്‍ വരിക. എന്നെ ഇത് സ്വാധീനിച്ചു. അങ്ങനെ ചെയ്യണമെന്ന് എനിക്കും തോന്നി. ഞങ്ങളുടെ നാട്ടില്‍ 1976-77കാലം വരെ ദളിതുകളെ അമ്പലക്കുളത്തില്‍ കുളിക്കാന്‍ അനുവദിച്ചിരുന്നില്ല. എഴുപത്തെട്ടിലോ മറ്റോ ആണ് അതിനനുവാദം ലഭിച്ചത്. അതും നമ്പൂതിരിമാരും നായന്മാരും കടവത്തില്ലാത്തപ്പോള്‍ കുളിച്ചുകയറിപ്പോണം എന്ന കര്‍ശന വ്യവസ്ഥയില്‍. ഇതിനേതാണ്ട് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ്, പരീക്ഷാ ദിവസം രാവിലെ ഞാന്‍ കുളിക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ആരോ കുളിച്ചു കൊണ്ട് നില്‍പ്പുണ്ട്. ആരാണെന്നൊന്നും ശ്രദ്ധിച്ചില്ല. അതിന് സമയവുമില്ല. അമ്മയുടെ ഒപ്പം ഇറങ്ങണം. ഞാന്‍ കുളത്തിലേക്ക് എടുത്തു ചാടി. ആണുങ്ങളുടെ കടവില്‍ അന്നേരം കുളിച്ചുകൊണ്ട് നിന്നത് അവിടുത്തെ പൂജാരിയായിരുന്നു. എന്റെ പണി എല്ലാവരേയും ചൊടിപ്പിച്ചു. ചുറ്റും ചീത്ത വിളിയാണ്. ജാതിപ്പേര് വിളിച്ചാണ് അധിക്ഷേപം. പൂജാരി കുളിക്കുമ്പോളാണോടാ കുളം തീണ്ടുന്നത്. അവിടെയുണ്ടായിരുന്ന നായര്‍ സ്ത്രീകളെല്ലാം കടവിലേക്ക് കയറി നിന്ന് ചീത്ത വിളിക്കുകയാണ്. പൂജാരിയാവട്ടെ എന്നെ ഉഗ്രമായി ശപിക്കുന്നുണ്ട്. എന്റെ നേര്‍ക്ക് വെള്ളം കുടഞ്ഞൊക്കെയാണ് ശാപം. കേറെടാ എന്ന് ആരൊക്കെയോ ആക്രോശിക്കുന്നു. പക്ഷെ എന്റെ മനസ്സ് അത് അംഗികരിക്കാന്‍ തയറായില്ല. ഈ പ്രകോപനത്തിന്റെ കാരണങ്ങളൊന്നും എനിക്ക് മനസ്സിലാവുന്നുമില്ല. ക്ഷേത്ര പൂജാരിമാര്‍ കുളിക്കാന്‍ വന്നാല്‍ കടവത്തുള്ള നായര്‍ പുരുഷന്‍മാര്‍ പോലും കരയില്‍ കയറി നില്‍ക്കുകയാണത്രെ അവിടുത്തെ വഴക്കം. പക്ഷെ സ്ത്രീകള്‍ പെര്‍മിററഡ് ആയിരുന്നു. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അവിടെ നിന്നും ആര്‍ക്കും പിടികൊടുക്കാതെ ഞാന്‍ വീട്ടിലെത്തി. പക്ഷെ അമ്പലക്കമ്മിറ്റിക്കാരായ നായന്‍മാര്‍ പിറകെ വീട്ടിലെത്തി ഇതൊരു വലിയ പ്രശ്നമാക്കി. അമ്മയേയും അച്ഛനേയും അവര്‍ വിരട്ടി. കൂടുതല്‍ വഷളാകാതെ പ്രശ്നങ്ങളവിടംകൊണ്ട് തീര്‍ന്നുവെങ്കിലും ഇതൊന്നും എനിക്ക് സഹിക്കാനായില്ല. എന്നെ ഇന്‍സള്‍ട്ട് ചെയ്ത കാര്യങ്ങളോട് എനിക്ക് വല്ലാത്ത വെറുപ്പായി,
ഒമ്പതാം ക്ളാസ്സ് കഴിയുന്ന കാലം, കടയില്‍ തുക്കിയിട്ട പ്രിദ്ധീകരണങ്ങളിലൊന്ന്-യുക്തിവാദി-എന്റെ ശ്രദ്ധയില്‍ പെട്ടു. ഇന്‍സള്‍ട്ടഡായ എന്റെ മനസ്സിനെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്കുളള മറുപടിയായിരുന്നു അതില്‍ നിറയെ. അങ്ങനെ ഞാന്‍ യുക്തിവാദത്തില്‍ ആകൃഷ്ടനായി. പിന്നെ ക്ഷേത്രത്തെയും ആചാരങ്ങളെയും വെല്ലുവിളിക്കലായി, ഇതിന്റെയൊക്കെ നിരര്‍ത്ഥകതയെപ്പറ്റി എല്ലായിടവും പറഞ്ഞു. രാത്രി ഭൂതം പിടിക്കുമെന്ന് പറയുന്നിടത്ത് ഒറ്റക്ക് പോകുക, അതൊക്കെ പൊളളത്തരമെന്ന് സ്ഥാപിക്കുക. തുടങ്ങി അമ്പലത്തിനും വിശ്വാസികള്‍ക്കും രുചിക്കാത്ത പലതും ചെയ്തു. അങ്ങനെ പഴയ സ്കൂളിലെപ്പോലെ ഒരു നിഷേധിയുടെ-കുഴപ്പക്കാരന്റെ ഐഡന്റിറ്റി ഞാന്‍ നാട്ടിലും സമ്പാദിച്ചു. പിന്നീട് യുക്തിവാദിപ്രസ്ഥാനമായും നേതാക്കളുമായും ബന്ധപ്പെട്ടു തുടങ്ങി. സ്വാഭാവികമായും ഞാന്‍ കേരള യുക്തിവാദസംഘത്തിന്റെ പ്രവര്‍ത്തകനായി തീര്‍ന്നു. ഇതേ സമയം അമ്മാവന്‍ കറുത്ത കുഞ്ഞിന്റെ വീട്ടിലെ കമ്മ്യൂണിസ്റ്റ് സാഹിത്യ സഞ്ചയവുമയി ഞാന്‍ പരിചയപ്പെടുന്നുണ്ട്. മാത്രമല്ല വീട്ടില്‍ അമ്മ സോവ്യറ്റ് നാടും വരുത്തിയിരുന്നു. അമ്മാവന്റേത് കമ്മ്യൂണിസ്റ്കാരുടെ ഒരു മനോഭാവമായിരുന്നു. അങ്ങനെ വൈരുദ്ധ്യാത്മക ഭൌതിക വാദവും വായിക്കുന്നു. ഇതെന്നില്‍ ഒരു യുക്തി ഭദ്രമായ അടിത്തറയുണ്ടാക്കിത്തന്നു.
പക്ഷേ നാട്ടില്‍ ഒരു മൂവ്മെന്റിന് സ്വാതന്ത്യ്രം ഉണ്ടായിരുന്നില്ല. വലിയ കുഴപ്പക്കാരനെന്നുളളതാണ് എന്റെ ചിത്രം. അതുകൊണ്ട് എന്നോട് കൂടുന്നതില്‍ വലിയ വിലക്കുകളായിരുന്നു. ദളിതരുടെ കോളനിയില്‍ ചെന്ന് എനിക്കുണ്ടായ സാമുദായിക ബോധം അവരോട് ചെന്ന് പറഞ്ഞെങ്കിലും അവര്‍ ചെവികൊണ്ടില്ല.
ദലിതരുടെ തികച്ചും സ്പിരിച്ച്വലായ പ്രാര്‍ത്ഥന വെറ്റിലയും പാക്കും വെച്ച് പൂര്‍വ്വികരെ വിളിക്കുക എന്നതാണ്. ശരിക്കും എവിടെയുമുളള ദളിതിന്റെ വിശ്വാസം ഇതു മാത്രമാണെന്ന് പറയാം. അപ്പനപ്പുപ്പന്‍മാരെ വിളിച്ച് പ്രാര്‍ത്ഥിച്ച് പോന്ന ദലിതനില്‍ ചെരുപ്പ് തൊട്ട് തൊഴില്‍- അടിച്ചേല്‍പ്പിക്കപ്പെടുകയാണ് ഉണ്ടായത്. അമ്പലത്തില്‍ പോകുന്നതുകൊണ്ടും മറ്റും അവര്‍ക്ക് യാതൊരുവിധത്തിലുളള സ്പിരിച്ച്വല്‍ റിലീഫും ലഭിക്കുന്നില്ല. അപ്പനപ്പൂപ്പന്‍മാരോടുളള വിശ്വാസമാണ് പ്രധാനം. മറ്റ് രീതികള്‍ സാംസ്കാരികമായ dominance ല്‍ നിന്ന് വരുന്നതാണ്. അത് ശുദ്ധമായ അടിസ്ഥാന വിശ്വാസമല്ല. ഉയര്‍ന്നവര്‍ കാണിക്കുന്ന കാര്യത്തെ അനുകരിക്കുന്ന പ്രവണത.
ഗ്രാമ നിഷേധം
എന്റെ ചെറുപ്പത്തിലുളള അനുഭവങ്ങളാല്‍ എനിക്ക് ഗ്രാമത്തോട് വല്ലാത്ത വെറുപ്പായിരുന്നു.
എനിക്ക് ദളിത് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കരുത്ത് നേടാന്‍ കഴിഞ്ഞത് ഈ ഗ്രാമനിഷേധം മൂലമാണ് എന്നാണ് എന്റെ ധാരണ. അതുകൊണ്ട് ഏത് ദളിതനായാലും അവന്റെ ഗ്രാമത്തെ പ്രേമിക്കാന്‍ പോയാല്‍ അവന് ഒരിക്കലും ഒരു political revolutionary ആവാന്‍ സാദ്ധ്യമല്ല. ഇന്‍ഡ്യയെ സംബന്ധിച്ച് ഒരു ദളിതന്‍ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം അവന്റെ വില്ലേജിനെ discard ചെയ്യുക എന്നതാവണം. അവനെ അടിച്ചമര്‍ത്തുന്ന റൊമാന്റിസ്സിത്തെ നീക്കം ചെയ്യണം. അമേരിക്കയില്‍ ബ്ലാക്സിന്റെ സ്വാതന്ത്യവുമായി
ബന്ധപ്പെട്ട് discard your villages, migrate to the cities എന്ന സ്ളോഗന്‍ ഉയര്‍ത്തപ്പെട്ടിരുന്നു. ഇതു തന്നെയാണ് അംബേദ്ക്കറും പറഞ്ഞിട്ടുളളത്. കാരണം ജാതി നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമസമ്പ്രദായം-ഹിന്ദു ഗ്രാമ സമ്പ്രാദയം തകരണം. ഗാന്ധി ഗ്രാമത്തെ പരിഷ്ക്കരിക്കാനും ആദര്‍ശവല്‍ക്കരിക്കാനും ശ്രമിച്ചപ്പോള്‍ അംബേദ്ക്കര്‍ അതിനെ വിമര്‍ശിച്ചു. നിലവിലുളള ജാതി വര്‍ണ്ണ വ്യവസ്ഥയെ തകര്‍ക്കാതെ സംരക്ഷിക്കുവാന്‍ വേണ്ടിയുളള പ്രത്യയ ശാസ്ത്ര നിലപാടായിരുന്നു ഗാന്ധിയുടേത്. അടിച്ചമര്‍ത്തലിന്റെ ഓര്‍മ്മകളും ആ അടിച്ചമര്‍ത്തലിന്റെ അധികാരവുമെല്ലാം ഗ്രാമഘടനക്കകത്താണ് നിലനില്‍ക്കുക. അപ്പോള്‍ ഗ്രാമത്തെ സ്നേഹിക്കുകയെന്ന് പറയുന്നത്. ദലിത് വിരുദ്ധമായ-ജനാധിപത്യവിരുദ്ധമായ ഒരു ഓര്‍ഡറിനെ അതായത് ആഭ്യന്തര കൊളോണിയലിസത്തെ അംഗീകരിക്കുകയാണ്. ഓരോ ഗ്രാമവും ഓരോ കോളണിയാണ്, മോലാളന്‍മാരുടെ സ്വയം ഭരണമാണ് അവിടെ; അതിനെ നിഷേധിച്ച് പുറത്ത് പോയാല്‍ മാത്രമേ ഒരു ദലിതന് സ്വയം സ്വതന്ത്രനാവാനാകു.
അംബേദ്കര്‍
പത്താം ക്ളാസ്സ് കഴിഞ്ഞ് ഹയര്‍ സെക്കണ്ടറി ഘട്ടത്തില്‍ ടെക്നിക്കല്‍ വിദ്യാഭാസം തന്നെ തിരഞ്ഞെടുത്തു. ഇലക്ട്രോണിക്സിലാണ് താത്പര്യം. ഇലക്ട്രോണിക്സ് അന്ന് വടകരയില്‍ മാത്രമേ ഉണ്ടായിരുന്നുളളു. ആഗ്രഹിക്കുന്ന കാര്യത്തിന് എത്ര റിസ്ക്ക് എടുത്താണെങ്കിലും പോവുക എന്ന അവസ്ഥ. പഠിക്കുന്ന കാര്യമായതു കൊണ്ട് ഇനിയെന്താണെന്നു പറഞ്ഞാലും സാധിച്ചു തരുവാനുളള ഒരു മനോഭാവം അച്ഛനും അമ്മക്കുമുണ്ട്. തിരുവിതാം കൂറില്‍ ഒരു ദലിതനെ അകറ്റി നിര്‍ത്തുന്ന ഗ്രാമാനുഭവത്തില്‍ ജനിച്ച ഒരാള് മലബാറിലെ ഒരു സെക്യുലര്‍ ഗ്രാമത്തില്‍ ചെന്നാല്‍-വലിയ വ്യത്യാസമായിരുന്നു. തീയന്‍മാരാണ് കൂടുതല്‍, ഭൂരിപക്ഷം ഇടതു പക്ഷത്തോടൊപ്പമാണ്. പക്ഷെ രാഷ്ട്രീയത്തെക്കാളപ്പുറം സംസ്ക്കാരമുളള
ഗോപിനാഥന്റെ വീട്ടില്‍ നിന്നും അംബേദ്ക്കര്‍, ഫുലെ, പെരിയാര്‍ എന്നിവരെ പരിചയപ്പെടുവാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ നാരായണ ഗുരുവിനേയും പരിചയപ്പെടുന്നു. പക്ഷേ ഗുരുവില്‍ ദളിത് മഹാത്മാക്കള്‍ പറയുന്ന ബ്രാഹ്മിണ്‍ വിരുദ്ധത കാണാന്‍ കഴിഞ്ഞില്ല. ഒരു ദളിത് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പെരിയാര്‍ സ്വാധീനം ചെയ്യന്നതുപോലെ, ഫൂലെ സ്വാധീനിക്കുന്നതുപോലെ ഗുരു എന്നെ സ്വാധീനിച്ചില്ല. അറിഞ്ഞോ അറിയാതേയോ ബ്രാഹ്മണിസത്തോട് ഫൈറ്റ് ചെയ്യാന്‍ ബ്രാഹ്മിണസത്തിന്റെ മൂല്യ വ്യവസ്ഥയെതന്നെ ഗുരു ആശ്രയിച്ചു. ബ്രാഹ്മണ്യത്തെ ആശ്രയിച്ചുകൌണ്ട് ബ്രാഹ്മണിസത്തെ നിഷേധിക്കുക സാദ്ധ്യമല്ല. ഗുരു ഒരു secular ബിംബമാണ്. അതിനാല്‍ തന്നെ തിരിച്ചറിവുകള്‍ക്കിടയില്‍ ഗുരു വരാതിരിക്കില്ല. അതുപോലെ കുമാരനാശാനെയും വിചാരിക്കാതിരിക്കാന്‍ പറ്റില്ലാ, ആശാന്റെ മാറ്റുവിന്‍ ചട്ടങ്ങളെ എന്നുളളത് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. അതൊരു ശക്തമായ ബിംബം തന്നെയ്ണ്. പക്ഷേ ഹിന്ദുത്വത്തിന്റെ ശക്തമായ തടങ്കലിലാണ് ഗുരു.
ഞാന്‍ നിരീശ്വര വാദിയായി, എനിക്ക് വിശ്വാസികളല്ലാത്ത ഒരു പാട് സുഹൃത്തുക്കളുമുണ്ടായി. പക്ഷെ ഒരു നിരീശ്വര വാദിയും ദളിതരോടുളള മനോഭാവത്തില്‍ വ്യത്യസ്തരായിരുന്നില്ല. ഒരു ബ്രാഹ്മണന് ചിലപ്പോള്‍ നിരീശ്വര വാദിയാവാം. അയാളുടെ ദൈവത്തെ നിഷേധിക്കാം. പക്ഷെ അപ്പോഴും ബ്രാഹ്മണിസത്തിന് ദളിതനോടുളള ആ നിയമം അയാള്‍ ലംഘിക്കുകയില്ല. എന്റെ അനുഭവത്തില്‍ പലപ്പോഴും ദൈവവിശ്വാസിയേക്കാള്‍ അപകടകാരിയാണ് അവിശ്വാസിയായ സവര്‍ണ്ണന്‍. ചുരുക്കത്തില്‍ കമ്മ്യൂണിസ്റ് യുക്തിവാദസാഹിത്യവും പരിചയവുമൊന്നും എന്റെ മുറിവേറ്റ ഹൃദയത്തിന് മരുന്നായില്ല. എന്നെ അംഗീകരിക്കുന്നില്ല, എനിക്കൊരു മനുഷ്യനെന്ന പരിഗണന ലഭിക്കുന്നില്ല. അവിടെയാണ് എന്നില്‍ ബാബാസാഹിബിന്റെ സാഹിത്യം സ്വാധീനിക്കുന്നത്.
മാറ്റി നിര്‍ത്തലിന്റെ അടിസ്ഥാനം ദാരിദ്യ്രമല്ല, അതിനപ്പുറം ശക്തമായ എന്തോ ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദളിത് യാഥാര്‍ത്ഥ്യങ്ങളെ വിശദീകരിക്കാന്‍ വൈരുദ്ധ്യാത്മക ഭൌതികവാദം ഒരിക്കലും പര്യാപ്തമാവുകയില്ല. ഉളളവനും ഇല്ലാത്തവനും തമ്മിലുളള വൈരുദ്ധ്യം വളര്‍ന്ന് നിലവിലുള്ള വ്യവസ്ഥയെത്തകര്‍ത്ത് മറ്റൊന്നിന്റെ പിറവിക്ക് കാരണമാകും എന്ന സിദ്ധാന്തം ഇന്ത്യയില്‍ ജാതികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെ പുതിയൊരു മാനവ സംസ്കാരത്തിന്റെ ഉടലെടുപ്പിന് കാരണമായില്ല. ഏത് സാമൂഹിക വ്യവസ്ഥയും തകര്‍ച്ചക്ക് വിധേയമാണ്. പക്ഷെ ഇന്ത്യയിലെ ഏതാണ്ട് 4000 വര്‍ഷങ്ങളുടെ പഴക്കമുള്ള ജാതിവ്യവസ്ഥമാത്രം നിലനിന്നു. അതിനും പിന്നീട് നിലവില്‍ വന്ന് അടിമത്തം പോലുള്ള വ്യവസ്ഥകള്‍ സംഘര്‍ഷങ്ങളിലൂടെ ഇല്ലാതായപ്പോഴും ജാതി വ്യവസ്ഥ മാത്രം നിലനില്‍ക്കുന്നു. ഇന്നും അത് പുതിയ പുതിയ രൂപങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നു. ഞാന്‍ നേരിടുന്ന പ്രശ്നമെന്താണ്. അത് തൊട്ടുകൂടായ്മയാണ്. അതിന്റെ കാരണം ജാതിയും. തൊട്ടുകൂടായ്മയ്ക്കും ഒരു സാമ്പത്തിക വശമുണ്ട്. പക്ഷെ സാമ്പത്തികം മാത്രവുമല്ല. കാരണം, തൊട്ടു കൂടായ്മ എന്നെ മാറ്റി നിര്‍ത്തിയത് സമ്പത്തില്‍ മാത്രമല്ല ഒരു സാമൂഹ്യതയില്‍ നിന്ന് കൂടിയാണ്. അവിടെ ആത്യന്തികമായി നിഷേധിക്കപ്പെട്ടത് എന്റെ ഹ്യൂമന്‍ഹുഡ് ആണ്. ഇല്ലാത്തവനും ഉള്ളവനും എന്നത് മാത്രമാണ് ശരിയെങ്കില്‍ ഇല്ലാത്തവരെല്ലാം അക്കാരണത്താല്‍ തന്നെ സമന്‍മാരാകുമല്ലോ. അവരോടുള്ള മനോഭാവം അതിനാല്‍ തന്നെ സമാനമാകണം. പക്ഷെ അതല്ലല്ലോ സ്ഥിതി. പരമ ദരിദ്രനായ ഒരു ബ്രാഹ്മണനേക്കാള്‍ അധകൃതനായിട്ടായിരിക്കും സമ്പന്നനായ ദലിതന്‍ സോഷ്യലി ട്രീറ്റ് ചെയ്യപ്പെടുക. ഉദാഹരണത്തിന് കെ.ആര്‍ നാരായണന്‍ എത്ര മിടുക്കനായാലും ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സിന്റെ പ്രോഡക്ട് ആയിരുന്നാലും ഒറ്റപ്പാലത്തുവന്ന് അപ്പന്റേയും അമ്മയുടെയും പേര് പതിച്ച ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങി സമര്‍പ്പിക്കണമായിരുന്നു. ജനപ്രതിനിധിയാകാന്‍. മാര്‍ക്സിസത്തിന്റെ ഈ അപര്യാപ്തതയെ വളരെ ലോജിക്കലായി സ്ഥാപിക്കാന്‍ ബാബാസാഹിബ് അംബേദ്കര്‍ക്ക് സാധിച്ചു. പക്ഷെ അതിനോടെല്ലാം ഇന്ത്യയിലെ മാര്‍ക്സിസ്റുകള്‍ പുലര്‍ത്തിയ നിഷേധ നിലപാട് ബൌദ്ധികമായ പാപ്പരത്തം മാത്രമല്ല സത്യസന്ധതയില്ലായ്മയുമാണ്. ഇത് എക്കാലവും ഇന്ത്യയിലെ മാര്‍ക്സിസ്റ് ബൌദ്ധികത പുലര്‍ത്തിയിരുന്ന ബ്രാഹ്മണിക്കല്‍ ചായ്‌വിന്റെ ഫലം കൂടിയായിരുന്നു. അംബേദ്കറുടെ ഒരു നിരീക്ഷണവുമുണ്ട് no brahmin in India can become a revolutionary- മാര്‍പ്പാപ്പക്ക് വിപ്ളവം നയിക്കുവാനാവത്തതുപോലെ.
മാര്‍ക്സിസം വായിക്കുകയും പഠിക്കുകയം ചെയ്യുമ്പോവും അത് പ്രായോഗികതയില്‍ വരുത്തണമെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം നാട്ടില്‍ നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തനം അവകാശവാദങ്ങളില്‍ അധിഷ്ഠിതമായിരുന്നു എന്നതില്‍ കവിഞ്ഞ് ദളിതര്‍ക്ക് ഗുണം നല്‍കിയിരുന്നില്ല. പലപ്പോഴും കമ്മ്യൂണിസ്റ് നേതാക്കളുടെ വീട്ടില്‍ നമ്മുടെ ബന്ധുക്കളായ സഖാക്കന്‍മാര്‍ ചെല്ലുന്നത് കണ്ടിട്ടുണ്ട്. അവരെ ദൂരെക്കാണുമ്പോഴേക്കും നായന്‍മാരായിട്ടുള്ള നേതാക്കന്മാര്‍ ഇറങ്ങിവരുന്നത് കണ്ടിട്ടുണ്ട്. ആത്മാര്‍ത്ഥത മൂലം ഇറങ്ങി വരുന്നതാണെന്നാണ് നാം ധരിക്കുക. പക്ഷെ സംഗതി അതല്ല. അവരെ വീട്ടില്‍ കയറ്റി ഇരുത്താന്‍ പറ്റില്ലെന്നത് കൊണ്ട് ഇറങ്ങി വരുന്നതാണ്. ഇത്തരം നിരവധി അനുഭവങ്ങളില്‍ നിന്ന് ആ പാര്‍ട്ടിയുടെ കണ്ടന്റിനെക്കുറിച്ച് ഒരു ദളിതനായ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാഭ്യാസം ടെക്നിക്കല്‍ സ്കൂളുകളിലായിരുന്നതുകൊണ്ട് അവിടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ആര്‍. ഇ.സി.യില്‍ വച്ചാണ് എസ്.എഫ്.ഐ യെ അറിയുന്നത്. അപ്പോഴേക്കും ഒരു ദളിത് അവബോധത്തിലെത്തിയിരുന്ന എനിക്ക് എസ്.എഫ്.ഐ യെ ഒരു കാമ്പസ് ബഹളമായി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. അല്ലാതെ രൂക്ഷമായ സാമൂഹിക പ്രശ്നങ്ങളെ അത് അഭിമുഖീകരിക്കാറേയില്ല.
അംബേദ്കര്‍ വായിക്കുമ്പോള്‍ ആദ്യമായി വിചാരണക്ക് വരുന്നതും പൊളിയുന്നതും ഗാന്ധിയായിരുന്നു. അച്ഛന്‍ കോണ്‍ഗ്രസ്സുകാരനായതുകൊണ്ട് തന്നെ അദ്ദേഹം ഗാന്ധിജിയെക്കുറിച്ചും നെഹ്റുവിനെക്കുറിച്ചുമൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഗാന്ധി ഭക്തിയൊന്നുമുണ്ടായിരുന്നില്ല.
പക്ഷെ ജാതീയത കുറ്റമാണെന്ന് അദ്ദേഹം പറയുന്നില്ല. വര്‍ണ്ണ വ്യവസ്ഥയെ അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്യുന്നത്. ജാതിയെന്ന യാഥാര്‍ത്ഥ്യത്തിന്റെ റിസല്‍ട്ട് അഥവാ ഇഫക്ടാണ് തൊട്ടുകൂടായ്മ. അത് ജാതിയുടെ പ്രയോഗമാണ്. അപ്പോള്‍ ജാതിയെന്ന കാരണത്തെ നിലനിര്‍ത്തി തൊട്ടുകൂടായ്മ എന്ന ഇഫക്ടിനെ എതിര്‍ക്കുകയായിരുന്നു അദ്ദേഹം. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാടിലെ വൈരുദ്ധ്യം. ഈ അവസ്ഥകളൊക്കെ സവര്‍ണ്ണരുടെ മനസ്സിന്റെ വിമലീകരണത്തിലൂടെ മാറുമെന്നും അങ്ങനെ ഇതെല്ലാം പരിഹൃതമാകുമെന്നും വിശ്വസിപ്പിക്കാനും ഗാന്ധിജിക്ക് കഴിയുമായിരുന്നു. എന്നാല്‍ അംബേദ്കറുടെ പ്രതിരോധം അതില്ലാതാക്കി. ദളിത് വിമോചനപ്പോരാട്ടത്തെ വലിയ പരിധിവരെ വൈകിക്കാന്‍ ഗാന്ധിയെന്ന വിഗ്രഹത്തിന് സാധിച്ചു. അതിനാല്‍ തന്നെ അത് ഉടയേണ്ടത് അനിവാര്യവും ചരിത്രപരവുമായിരുന്നു. അത് അംബേദ്കര്‍ ലിറ്ററേച്ചറിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.
അംബേദ്കര്‍ കൃതികളിലേക്ക് എത്തുമ്പോള്‍ അണ്‍ടച്ചബിള്‍ എന്ന സാമൂഹ്യ യാഥാര്‍ത്ഥ്യമാണ് വെളിവാകുന്നത്. ഇന്ത്യയിലാകെ ശക്തിപ്പെട്ട ദളിത് എഴുത്തുകളുടെയെല്ലാം ബേസ് ബാബാസാഹിബ് തന്നെയായിരുന്നു. അംബേദ്കര്‍ കൃതികള്‍ വര്‍ണ്ണ വ്യവസ്ഥയെ വളരെ കൃത്യമായി വ്യാഖ്യാനിക്കുന്നു. ഐക്യരാഷ്ട്ര സഭയും ലോകത്തെ സെമറ്റിക് മതങ്ങളും മനുഷ്യര്‍ തുല്യരായി ജനിക്കുന്നു എന്ന ഇഗാലിറ്റേറിയന്‍ ദര്‍ശനം പുലര്‍ത്തുമ്പോള്‍ ബ്രാഹ്മണിസം അതിനെ എതിര്‍ക്കുന്നു. ബ്രാഹ്മണിസത്തിനെതിരെ ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗം –
ആര്‍ ഇ സി യും ആസ്മിയും
പ്ളസ്റു വിദ്യാഭ്യാസത്തിനു ശേഷം 1986ല്‍ ആര്‍.ഇ.സി.യില്‍ ചേരുന്നു. 1981 മുതല്‍ 1986 വരെയുള്ള കാലഘട്ടം ഇന്ത്യയിലെ ദലിത് ഐഡിയോളജിയുടെ വികാസത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ആര്‍. ഇ. സി. യിലെ ജീവിതം ഒരു മിനിയേച്ചര്‍ ഇന്ത്യയിലേത് പോലെയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ദലിത് വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടായ്മ അവിടെ രൂപപ്പെടുന്നു. കൂടാതെ ആഫ്രിക്കന്‍ സ്റുഡന്റ്സുമുണ്ട്. അപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ ദലിത് ജീവിതാവസ്ഥകളെ പരസ്പരം കൈമാറാനുള്ള സാധ്യതയുണ്ടായിരുന്നു. മാത്രമല്ല വിവിധ ഭാഷയിലുള്ള ദലിത് സാഹിത്യങ്ങള്‍ വായിക്കാനാവുന്നു. ഉദാഹരണത്തിന് പഞ്ചാബില്‍ നിന്നുള്ള ജനക് ലഹര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ഇംഗ്ളീഷ് പതിപ്പ്, തെലുങ്കിലും ഇംഗ്ളീഷിലുമിറങ്ങുന്ന പ്രജാ ബന്ധു, മറാഠിയില്‍ നിന്ന് അനില്‍ കാംബ്ളേയുടെയും മറ്റും കൃതികള്‍, കൂടാതെ വിദേശികളായ സുഹൃത്തുക്കളില്‍ നിന്ന് ബ്ളാക്ക് ലിറ്ററേച്ചര്‍- ആഫ്രോ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളും ലഭിക്കുന്നു. ഈ അനുഭവങ്ങളെ പരസ്പരം പങ്കു വക്കുവാന്‍ വേണ്ടി 1986 ല്‍ എന്റെ മുന്‍കയ്യില്‍ അംബേദ്കറിസ്റ്റ് സ്റുഡന്റ്സ് മൂവ്മെന്റ് ഓഫ് ഇന്ത്യ- ആസ്മി രൂപം കൊണ്ടു. അക്കാലത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് ഡോ. അംബേദ്കറുടെ കൃതികള്‍ വാല്യങ്ങളായി പുറത്തിറക്കുന്നുണ്ട്. ഇത് അംബേദ്കറുടെ ജീവചരിത്രം എന്നതിലുപരിയായി അദ്ദേഹത്തിന്റെ സോഷ്യോ- എക്ണോമിക്കല്‍-പൊളിറ്റിക്കല്‍ തിയറികളെ ആഴത്തില്‍ പഠിക്കുവാനും അതില്‍ നിന്നും ഒരു ഐഡിയോളജിക്കല്‍ ബേസ് ഡെവലപ് ചെയ്യാനും ഇത് ഉപകരിക്കുന്നു. കേവലം ജയന്തിയും സമാധിയുമാചരിക്കുന്ന സ്ഥിരം ജാതി സംഘടനകളില്‍ നിന്ന് വ്യത്യസ്ഥമായി അംബേദ്കര്‍ ഐഡിയോളജി പ്രചരിപ്പിക്കുന്ന ഒന്നായി ആസ്മിയെ ഞങ്ങള്‍ രൂപപ്പെടുത്തി. പഠിക്കുന്ന ആശയങ്ങള്‍ പരസ്പരം കൈ മാറുന്നതിനൊപ്പം ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലുന്നുണ്ട്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുന്ന ഗ്രാമീണരുടെ മനോഭാവത്തില്‍ നിന്ന് ഒരു ക്രിയാത്മക ദലിത് പ്രസ്ഥാനത്തിന്റെ ആവശ്യകത ഞങ്ങള്‍ക്ക് ബോധ്യമാവുന്നു.
അത് ചില ചോദ്യങ്ങളാണ് ഉയര്‍ത്തിയത്.എവിടെ തുടങ്ങണം? എങ്ങോട്ടു പോകണം? എന്തു ചെയ്യണം? ഏതായിരിക്കണം ദിശ? എന്ന കാര്യങ്ങളിലൊക്കെ ഒരു വ്യക്തതയുടെ ആവശ്യം ബോധ്യമാവും. അപ്പോള്‍ നമ്മള്‍ ആരാണ്? എന്താണ് നമ്മുടെ ചരിത്രം? എന്താണ് നമ്മുടെ ധര്‍മ്മം? എന്നിങ്ങനെയുള്ള ചിന്തകളെ മുന്‍നിര്‍ത്തി ഒരു സമുദായ വിദ്യാഭ്യാസത്തിന്റെ സിലബസ്സ് രൂപപ്പെട്ടു. ഇന്നത് പറയണം, ഇന്നതെല്ലാം പ്രചരിപ്പിക്കണം, ഇന്നതുപോലാകണം ആക്ടിവിസം എന്നെല്ലാം ഒരു രൂപ രേഖയുണ്ടാവുന്നു. സ്വാഭാവികമായും പ്രവര്‍ത്തനം കാമ്പസിനു പുറത്തേക്ക് വ്യാപിക്കുന്നു. ആസ്മിയുടെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുക പോലുള്ള കാടിളക്കിയുള്ള ഒന്നായിരുന്നില്ല. കേരളീയ സമൂഹത്തിന് അതുവരെ അപരിചിതമായിരുന്ന ദലിത് രാഷ്ട്രീയം മുന്നോട്ടു വക്കുന്ന ഒരു സംഘടനക്ക് ലഭിക്കാവുന്നഒരു സ്വീകാര്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് റിയലിസ്റിക്കായ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ ആസ്മിയുടെ ആക്ടിവിസം കാമ്പസുകളില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ ഇഷ്യൂസ് മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. എസ്.സി., എസ്.ടി വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തിനും അവരുടെ പെര്‍ഫോമന്‍സ് മെച്ചമാക്കലിനും വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ ഞങ്ങളുടെ ഉദ്യമങ്ങളെ പല മാനേജ്മെന്റുകളും തുറന്നമനസ്സോടെ പിന്തുണച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലും ആസ്മിയുടെ നേതൃത്വത്തില്‍ ദലിത് ഗ്രൂപ്പുകളുണ്ടാക്കി. ദലിത് സ്വത്വ ബോധവും അംബേദ്കര്‍ ഐഡിയോളജിയുമായിരുന്നു ഈ ഗ്രൂപ്പു കളുടെ ഒക്കെയും ആത്മാവ്. പുറത്തു വന്ന് കോളനികളില്‍ ഈ ആശയങ്ങള്‍ പങ്കു വച്ചപ്പോള്‍ ലഭിച്ചത് പ്രതീക്ഷകളെ മറികടക്കുന്ന വിധമുള്ള ആവേശകരമായ സ്വീകരണമാണ്. ഞങ്ങളെ അവര്‍ കാത്തിരുന്ന പോലെ. ഒന്നുണ്ട് അവരില്‍ നല്ലൊരു ശതമാനം പേരും പ്രതീക്ഷകള്‍ നശിച്ചവരായിരുന്നു. തലേവിധി എന്നുമൊക്കെ വിശ്വസിച്ച് പോരാട്ടവീര്യം നശിച്ചവര്‍. അവരുടെ വിശ്വാസം കമ്മ്യൂണിസ്റ് പാര്‍ട്ടിയിലായിരുന്നു. പക്ഷെ പരിഷ്ക്കരിച്ചു എന്ന വാദമല്ലാതെ ദലിതന്റെ ജീവിതം രണ്ടു സെന്റ് കോളനിയില്‍ ദുരിത പൂര്‍ണ്ണമായി തുടര്‍ന്നു. അപ്പോളാണ് ഞങ്ങള്‍ ചെല്ലുന്നത്. ഇനിയും ഇക്കൂട്ടരെ വിശ്വസിക്കുന്നത് തെറ്റാണെന്നും ഗാന്ധിയേയും ഇ.എം.എസ്സിനേയുമൊക്കെ തങ്ങളുടെ വിമോചകരായി കരുതുന്നത് മൂഢത്വമാണെന്നും ഞങ്ങള്‍ അവരെ ബോധവത്ക്കരിച്ചു. ഏതായാലും പറഞ്ഞതില്‍ പലതും അവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നതിനാല്‍ വേഗത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ ബോഝധ്യപ്പെട്ടു കൊണ്ടിരുന്നു. അപ്പോളാണ് ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം മാത്രമല്ല, മറിച്ച് ഒരു റവല്യൂഷനറി ഉള്ളടക്കമുള്ള ജനകീയ പ്രസ്ഥാനമാണ് ആവശ്യമെന്ന ബോധ്യം വരുന്നു. ആസ്മിയുടെ വിദ്യാര്‍ത്ഥി ശൃംഖലയില്‍ പെടുന്നവര്‍ അതാതു കോളനികളില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കോളനിവാസികളായ ദലിതര്‍ കൂടി ഉള്‍പ്പെടുന്ന ഒരു സംഘടന ഉണ്ടാവേണ്ടതിന്റെ സമ്മര്‍ദ്ദം ഞങ്ങള്‍ക്കു മേല്‍ വരുന്നു. അന്നത്തെ സാഹചര്യത്തില്‍ ദലിതര്‍ക്കുമേല്‍ വലിയ തോതില്‍ അതിക്രമങ്ങള്‍ നടന്നു പോന്നിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ദലിതുകള്‍ക്കുണ്ടായിരുന്ന ആശ്രയം ജാതി സംഘടനകളാണ്. അവരാകട്ടെ ചട്ടപ്പടിയുള്ള പരാതി നല്‍കലും കാര്യങ്ങളുമായി ഒതുങ്ങിയിരുന്നു. സംഘടനകള്‍ക്കു തന്നെ പ്രതികരണ ശേഷി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഈ വിധം തീവ്ര ദുരിതം അനുഭവിച്ചിരുന്ന ദലിതന്റെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തീവ്രവും വൈകാരികവുമായ പ്രസ്ഥാനത്തെയാണ് അവര്‍ക്കന്ന് ആവശ്യം.
ദലിത് പാന്തര്‍ പ്രസ്ഥാനം
ദലിത് പാന്തേഴ്സ് മൂവ്മെന്റ് ഓഫ് മഹാരാഷ്ട്രയുടെ സാഹിത്യങ്ങളിലൂടെയാണ് അഫ്രോ അമേരിക്കന്‍ മാരുടെ ബ്ളാക്ക് പാന്തര്‍ പ്രസ്ഥാനത്തെക്കുറിച്ച് അറിയുന്നത്. ബ്ളാക്ക് പാന്തര്‍ ലിറ്ററേച്ചറുകള്‍ അക്കാലം വായനക്കായി ലഭിക്കുന്നുണ്ട്. അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരുടെ കൃതികള്‍- ടോണി തോംസണ്‍, ബൂലി സലെ, കാള്‍ മൈക്ക് ന്യൂട്ടണ്‍, ലാങ്സ്റണ്‍ ഹ്യൂസ് തുടങ്ങിയവരുടെ കവിതകള്‍ എന്നില്‍ വല്ലാതെ സ്വാധീനം ചെലുത്തി. ബ്ളാക്ക് പാന്തറുകളുടെ മാനിഫെസ്റോകളും അവരുടെ തന്നെ
ദലിത് പാന്തര്‍ പ്രസ്ഥാനം വരുന്നത് ബാബാസാഹിബിന്റെ തുടര്‍ച്ച എന്ന നിലയ്ക്കാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നത് ബാബാസാഹിബിന്റെ വലിയ സ്വപ്നമായിരുന്നു. അതിന് ഭരണഘടനയൊക്കെ അദ്ദേഹം എഴുതിവെച്ചിരുന്നു. പക്ഷെ ആര്‍.പി.ഐ. രൂപീകരണത്തിന് അധിക കാലം കഴിയും മുമ്പേ അദ്ദേഹം മരിക്കുന്നു. അംബേദ്കറിന് ശേഷമാകട്ടെ ആര്‍.പി.ഐ. യ്ക്ക് ഒരു പൊട്ടന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് ഉണ്ടായതുമില്ല. 70 കള്‍ എത്തുമ്പോഴേയ്ക്കും അംബേദ്ക്കറില്‍ നിന്നോക്കെ ആ പാര്‍ട്ടി ഏറെ അകന്നുകഴിഞ്ഞിരുന്നു. അധികാര രാഷ്ട്രിയത്തിന്റെ ഭാഗമായി തീര്‍ന്ന ആര്‍.പി.ഐ. സ്വന്തം നിലപാട് ബലികഴിച്ച് കോണ്‍ഗ്രുമായി പോലും സഖ്യത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് അവര്‍ ഗ്രൂപ്പുകളായി ഭിന്നിച്ചു. എന്നാല്‍ ഈ സമയം മഹാരാഷ്ട്രയില്‍ ജാതി പ്രശ്നങ്ങള്‍ രൂക്ഷമാകുന്നുണ്ട്. ഇതിനെ അഡ്രസ്സ് ചെയ്യാത്ത ആര്‍.പി.ഐ. നിലപാടില്‍ അമര്‍ഷം പൂണ്ട മഹാരാഷ്ട്രയിലെ ദലിത് യൂത്താണ് ബ്ളാക്പാന്തറുകളുടെ മാതൃകയില്‍ ഒരു മിലിട്ടന്റ് പ്രസ്ഥാനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ദലിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ വരവ് സാഹിത്യത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ദയാപവാറിന്റെ കവിതകള്‍ പോലുള്ള അനേകം രചനകള്‍ക്ക് ഭാഷയിലും സാഹിത്യത്തിലും ദലിത് ഡയലക്ടിക്സ് കൊണ്ടുവന്നു. ദലിത് ജീവിതദുരിതങ്ങളെ വരച്ചുകാട്ടുന്ന പ്രൊട്ടസ്റ്റ് ലിറ്ററേച്ചര്‍ ആയിരുന്നു അത്. അവയിലാകെ പ്രതിഫലിച്ചത് ആഴത്തിലുള്ള അംബേദ്ക്കര്‍ അവബോധവും. വാസ്തവത്തില്‍ ഒരു ഗ്യാപിനു ശേഷം അംബേദ്കര്‍ അവസാനിപ്പിച്ചിടത്തുനിന്നും ദലിത് അവബോധത്തെ വീണ്ടെടുക്കുകയായിരുന്നു പാന്തറുകള്‍.
പക്ഷെ പൂര്‍ണ്ണമായ ഒരു ആശയവ്യക്തതയിലേയ്ക്ക് പാന്തറുകള്‍ എത്തിയിരുന്നില്ല. മാര്‍ക്സിസത്തിന്റെ സ്വാധീനത്തിലായിരുന്ന പാന്തര്‍ എഴുത്തുകാരില്‍ മിക്കവരും പറഞ്ഞിരുന്നത് വര്‍ഗ്ഗ-ജാതി സമരത്തെപ്പറ്റിയാണ്. അംബേദ്ക്കറിസത്തെ സ്വയം പര്യാപ്തമായ ഒരു ഐഡിയോളജിയായി കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അംബേദ്ക്കറിസത്തില്‍ നിലയുറപ്പിച്ച് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ദര്‍ശനത്തെ വികസിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പകരം അംബേദ്ക്കറെ ഒരു ഐക്കണ്‍ ആക്കി ബ്ളാക്പാന്തര്‍ പ്രസ്ഥാനത്തിന്റെ മിലിട്ടന്‍സിയെ അനുകരിക്കുകയായിരുന്നു. ലോകത്ത് ആകെ അന്ന് നിലനിന്നിരുന്ന തീവ്ര ഇടതുപക്ഷാശയം പാന്തര്‍ പ്രസ്ഥാനത്തെ വഴിതെറ്റിച്ചു. പില്ക്കാലം മഹാരാഷ്ട്രയിലെ ചില ഇടതുപക്ഷ ഗ്രൂപ്പുകളുമായി സഖ്യപ്പെട്ട് ഒടുവില്‍ ആര്‍.പി.ഐ.യുടേതിന് സമാനമായ രീതിയില്‍ പാന്തര്‍ പ്രസ്ഥാനവും അസ്തമിച്ചു.
അംബേദ്ക്കര്‍ മാര്‍ക്സിസത്തിലെ സോഷ്യലിസ്റ്റ് ആശയത്തെ അംഗീകരിച്ചുവെങ്കിലും വയലന്‍സിലൂന്നിയ അതിന്റെ മാര്‍ഗ്ഗത്തെ നിഷേധിച്ചു. ബാബാസാഹിബിന്റെ പാത ബുദ്ധദര്‍ശനത്തിലധിഷ്ഠിതമായ അഹിംസയും ജനാധിപത്യവുമായിരുന്നു. ബൌദ്ധപാരമ്പര്യവും സ്വാധീനവും ഇത്രയേറെയുള്ള മഹാരാഷ്ട്രയില്‍ ബാബാ സാഹിബിന് ശേഷം പാന്തറുകള്‍ അവിഷ്കരിച്ച സെമി-ഫാസിസ്റ്റ് സമീപനം നെഗറ്റീവ് ആയി തീര്‍ന്നു. പൊതു സമൂഹം അവരെ തെറ്റിദ്ധരിക്കാന്‍ ഇടവന്നു. എങ്കിലും ഒരു ദലിത് ഐഡന്റിറ്റിയെ സ്ഥാപിച്ചെടുക്കുന്നതില്‍ പാന്തറുകള്‍ നിര്‍വ്വഹിച്ച ചരിത്രമായ പങ്ക് വിസ്മരിക്കാനാവുകയില്ല.
കെ.ഡി.പി.
മഹാരാഷ്ട്ര ദലിത് പാന്തറുകളുടെ സാഹിത്യവും സ്വാധീനവും ഒപ്പം വി.ടി. രാജശേഖര്‍, ഭഗവന്‍ദാസ്, ഡി.ആര്‍. ജാദവ്, എസ്.കെ. ബിശ്വാസ് തുടങ്ങിയ അംബേദ്ക്കറൈറ്റുകള്‍ നടത്തിയ അംബേദ്ക്കറിസത്തിന്റെ വിശകലനങ്ങളും മാര്‍ക്സിസത്തെ ആശ്രയിക്കാതെ ദലിത് അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ ഇന്ത്യന്‍ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെ വിശകലനം ചെയ്യാനും ഒരു ബദല്‍ മുന്നോട്ടുവയ്ക്കാനും സാധിക്കും എന്ന ആത്മവിശ്വാസം നല്‍കി. ദലിത് പാന്തറുകളുടെ തകര്‍ച്ച നമുക്കുമുന്നിലെ വലിയ അനുഭവപാഠമായി. അവര്‍ ചെന്നുമുട്ടിയ കാസ്റ്റ്/ക്ളാസ് സമസ്യയെ അതിനാല്‍തന്നെ മറികടക്കാന്‍ സാധിച്ചു. കേരളത്തിലെ ദലിത് പാന്തര്‍ പ്രസ്ഥാനം ആദ്യം മുതല്‍ക്കേ വര്‍ഗ്ഗ സമരസിദ്ധാന്തത്തെ നിരാകരിച്ചു. വര്‍ഗ്ഗസങ്കല്‍പം മിഥ്യയാണെന്നും ഇന്ത്യന്‍ ദലിതവസ്ഥയെ വിശകലനം ചെയ്യാന്‍ അത് പര്യാപ്തമല്ലെന്നും ഞങ്ങള്‍ പ്രഖ്യാപിച്ചു. പകരം നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നുള്ള ദലിതരുടെ മോചനമാര്‍ഗ്ഗം ഹൈന്ദവ നിരാകരണവും അംബേദ്ക്കറിസവും മാത്രമാണെന്ന് പ്രസ്താവിച്ചു.
ദലിത് പാന്തര്‍ നേതാവും എഴുത്തുകാരനുമായ പ്രൊ. അരുണ്‍ കാംബ്ളേയുടെ അദ്ധ്യക്ഷതയില്‍ 1988 ല്‍ കോഴിക്കോട് നടന്ന സമ്മേളനം കേരള ദലിത് പാന്തര്‍ സംഘടനയ്ക്ക് രൂപംകൊടുത്തു. സംഘടനയുടെ
ഞങ്ങളുടെ ഏക ആയുധം നാവായിരുന്നു. ഞാന്‍ ഉള്‍പ്പടെയുള്ള അന്നത്തെ കെ.ഡി.പി. നേതൃത്വത്തില്‍ എല്ലാവരും തന്നെ മണിക്കൂറുകളോളം വൈകാരികമായി പ്രസംഗിക്കാന്‍ ശേഷിയുള്ളവരായിരുന്നു. വികാരപരമായി പ്രസംഗിക്കുന്ന രീതി ഞങ്ങള്‍ ബോധപൂവ്വം അനുവര്‍ത്തിച്ചതാണ്. കാരണം പ്രതീക്ഷയറ്റ് തളര്‍ന്ന് ശിഥിലമായ സമുദായത്തെ തട്ടിയുണര്‍ത്താന്‍ വൈകാരികതക്കേ ആവുമായിരുന്നുള്ളൂ. മറ്റൊന്നും നടന്നില്ലെങ്കിലും കേട്ടിരിക്കുന്നവരില്‍ ആത്മബോധം ഉണര്‍ത്താനും ഒരു തരം ഇമോഷണല്‍ റിലീഫ് നല്‍കാനും ഇത് ഉപകരിച്ചു. പുസ്തരൂപത്തില്‍ ലഭിച്ച എലിജ, മാല്‍ക്കം തുടങ്ങിയ ബ്ളാക് ലീഡേഴ്സിന്റെ പ്രസംഗങ്ങള്‍ എന്നെ സ്വാധീനിച്ചു. നാല് നാലര മണിക്കൂറുകള്‍ കേരളത്തില്‍ അങ്ങോള മിങ്ങോളമുള്ള ദലിത് കോളനികളില്‍ ഞാന്‍ പ്രസംഗിച്ചു. പെട്ടെന്ന് പറഞ്ഞാല്‍ രണ്ടായിരത്തില്‍ അധികം വേദികള്‍. ഒരു കോളനിയില്‍ ചെന്നാല്‍ ആരെയെങ്കിലം സ്വാധീനിച്ച് ഞങ്ങള്‍ സംസാരിക്കാന്‍ അവസരം ഒപ്പിക്കും, കോളനികളില്‍ ആരും പരിചയക്കാരായി ഉണ്ടായെന്ന് വരില്ല, കുറച്ച് പേര്‍ കേള്‍ക്കാന്‍ വരും, പ്രസംഗം കഴിയുമ്പോഴേയ്ക്കും മുഴുവന്‍ പേരും വന്നിട്ടുണ്ടാവും, വലിയ പാര്‍ട്ടിക്കാരൊക്കെയായിരിക്കും പക്ഷെ അവരും കേള്‍ക്കും, അതോടെ അവരുമായി ഒരു ബന്ധുത്വം രൂപപ്പെടും, അതിനെ പിന്നീട് ഒരു യൂണിറ്റായി കണ്‍വര്‍ട്ട് ചെയ്യും, ഇതായിരുന്നു രീതി. രാഷ്ട്രീയകാരുടെ കാപട്യത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്നത് അവരുടെ അനുഭവങ്ങള്‍ ആയതിനാല്‍ പെട്ടെന്ന് ബോധ്യമാവും, പക്ഷെ അവര്‍ക്ക് പാര്‍ട്ടികാരെ ഭയമാണ്. ദലിതരില്‍ രാഷ്ട്രിയക്കാര്‍ സൃഷ്ടിച്ചെടുത്ത ഈ ഭയമാണ് ദലിതരുടെ രാഷ്ട്രീയ ചായ്വിന്റെ ബെയ്സ്. പാര്‍ട്ടി ഇല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്നവരാണ് തങ്ങള്‍ എന്നവര്‍ വിശ്വസിച്ചു. മറ്റൊന്ന് പോലീസ് ഭയമായിരുന്നു. കേരളത്തിലെ ദലിതര്‍ ചരിത്രപരമായി ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരുന്നില്ല എങ്കിലും എപ്പോള്‍ വേണമെങ്കിലും കേസില്‍പ്പെടാമെന്ന് അവര്‍ ഭയന്നു. അപ്പോള്‍ പാര്‍ട്ടി വേണ്ടായെന്ന് ഞങ്ങള്‍ പറയുമ്പോള്‍ കോളനിക്കാര്‍ക്ക് ഭയം പാര്‍ട്ടിയേയും പോലീസിനെയും ആണ്. പാര്‍ട്ടിവിട്ടുവരുന്ന ദലിതരെ പോലീസില്‍ നിന്നും പാര്‍ട്ടിക്കാരുടെ തല്ലില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ ബാധ്യത ഞങ്ങള്‍ക്കുവന്നു. അങ്ങനെ ഞങ്ങള്‍ക്കും ഒരു മിലിട്ടന്‍സി ആവശ്യമായി അതിനായി ഒരു വോളണ്ടിയര്‍ നിര രൂപപ്പെടുത്തുകയും ചെയ്തു.
പിന്നീടങ്ങോട് സംഘര്‍ഷങ്ങളാണ്. ആദ്യമൊക്കെ എവിടെപോയാലും തല്ലുകിട്ടും. തല്ലുകൊണ്ടുകൊണ്ട് കൊടുക്കാനും പഠിച്ചു. തല്ലുകാരില്‍ സി.പി.എം. ആയിരുന്നു പ്രധാനാനികള്‍. പാര്‍ട്ടി നേതൃത്വം നേരിട്ട് ഇടപ്പെട്ട് മര്‍ദ്ദിച്ച സംഭവങ്ങളുണ്ട്. തിരുവിതാംകൂറില്‍ മര്‍ദ്ദകര്‍ സി.പി.എം. ആയിരുന്നെങ്കില്‍ മലബാറില്‍ ആര്‍.എസ്.എസ്. ആയിരുന്നു. പത്തനംതിട്ട ജില്ലയില്‍ സി.പി.ഐ.യും. 1997 ല്‍ എന്നെ കിട്ടാത്തതിനാല്‍ അടൂരിലെ മേലൂരില്‍ വച്ച് എന്റെ അച്ഛന്‍ ആക്രമിക്കപ്പെട്ടു. മലബാറില്‍ കെ.ഡി.പി. മുന്നോട്ടുവച്ച ദലിത് മുസ്ളീം ഐക്യം രാഷ്ടീയം ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചു. മാത്രമല്ല കെ.ഡി.പി. അതിന്റെ രൂപീകരണം മുതല്‍ക്ക് തന്നെ ഹൈന്ദവതയെ തീവ്രമായി നിഷേധിക്കുന്നുണ്ട്. 1990 മാര്‍ച്ച് 3 ന് വടകരയില്‍ ഒരു പൊതുവേദിയില്‍ മനുസ്മൃതിയെ വിമര്‍ശിക്കുമ്പോള്‍ സായുധരായ 50ഓളം ആര്‍.എസ്.എസുകാര്‍ സംഘടിതമായി ആക്രമിച്ചു. തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ് ദീര്‍ഘകാലം ആശുപത്രിയിലായിരുന്നു. വയനാട്ടില്‍ രാമശിലാപൂജ ആദിവാസികള്‍ക്കിടയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കെ.ഡി.പി. സജീവമായിരുന്ന കല്‍പ്പറ്റ, ഉള്യേരി, അമ്പിലേരി കോളനി, വൈത്തിരി എന്നിവിടങ്ങളില്‍ ആദിവാസി യുവാക്കള്‍ എതിര്‍ത്തു. ഞങ്ങളുടെ നേതാവ് രാമനല്ല, ബാലിയും സുഗ്രീവനുമാണെന്നവര്‍ പറഞ്ഞു. ഇതിനു പിന്നില്‍ കെ.ഡി.പി.യുടെ എഡ്യൂക്കേഷന്‍ ആണെന്ന് മനിലാക്കിയ അവര്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു. 1989 ആഗസ്ത് 10ന് ആര്‍.എസ്സ്.എസ്സുകാര്‍ ഞങ്ങളുടെ ഓഫീസിന് ബോംബെറിയുന്നു. അന്ന്
അത് കേരളത്തില്‍ ഇന്റലക്ച്വല്‍ തലങ്ങളില്‍ ദലിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങുന്ന കാലമാണ്. ദളിത് ഇന്റലക്ച്വലുകളില്‍ പലരും മാര്‍ക്സിസവുമായി ബന്ധമുള്ള വരായിരുന്നു. അതിനാല്‍ അവര്‍ക്കിടയില്‍ മാര്‍ക്സിസ്റ് – അംബേദ്കറിസ്റ് കണ്‍ഫ്യൂഷന്‍ രൂഢമൂലമായിരുന്നു. അതിനാല്‍ തന്നെ ശക്തമായൊരു ദലിത് മൂവ്മെന്റിന്റെ ഭാഗമാവാതെ ബൌദ്ധികമായ തലത്തില്‍ സമുദായത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. പക്ഷെ പിന്നീടവര്‍ മാര്‍ക്സിസത്തെ നിരാകരിക്കുകയും ദലിത് സാമുദായികതയുടെ ഭാഗമായി മാറുകയും ചെയ്യുന്നുണ്ട്.
കല്ലറ സുകുമാരനും ഐ.ഡി.എഫും.
അന്ന് കേരളത്തില് സജീവമായിരുന്ന ദലിത് പ്രസ്ഥാനം കല്ലറ സുകുമാരന്‍ സാറിന്റെയും മറ്റും ഇന്ത്യന്‍ ദളിത് ഫെഡറേഷനായിരുന്നു. ജാതി സംഘടനകളുടെ പോരായ്മയെക്കുറിച്ചുള്ള ബോധത്തില്‍ നിന്ന് രൂപം കൊടുത്ത ഈ പ്രസ്ഥാനത്തിന് ഒരു കേഡര്‍ നേച്ചര്‍ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ദാര്‍ശനികമായ അപര്യാപ്തതയും അവര്‍ നേരിട്ടിരുന്നു. ദലിത് പാന്തറുകള്‍ വളരെ ആദ്യം തന്നെ പ്രസ്താവിക്കുന്ന ഒന്നുണ്ട് -വീ ആര്‍ നോട്ട് ഹിന്ദൂസ്- എന്ന്. ദലിതര്‍ ഹിന്ദുവായി തുടരുവോളം അവര്‍ക്കെന്താണ് ഐഡന്റിറ്റി? ഹൈന്ദവ നിരാകരണത്തില്‍ നിന്നോ ദലിത് ഐഡന്റിറ്റി രൂപപ്പെടുന്നുള്ളൂ. അതേ സമയം ഐഡിഎഫ് ആകട്ടെ ആന്റിഹിന്ദു നിലപാടിനു പകരം ഹിന്ദു മതത്തില്‍ തന്നെ ചില പരിഷ്ക്കരണ ശ്രമങ്ങളിലേര്‍പ്പെട്ടു. ഐ.ഡി.എഫ് ന്റെ ഏറ്റവും വലിയ നേട്ടമായി പറയുന്നതു തന്നെ കല്ലറ സുകുമാരന്‍ സാറ് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ച് ഊട്ടുപുര സദ്യ ഉണ്ടു എന്നുള്ളതാണ്. ഹിന്ദു മതത്തില്‍ നിന്നിട്ട് നീതി ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ ദലിതന്‍ മറ്റ് സെമറ്റിക് മതങ്ങളെ തേടി പോകുന്നത് തടയാന്‍ അവരെ വീണ്ടും ഹിന്ദുത്വത്തിലേക്ക് കൂട്ടിക്കെട്ടുകയായിരുന്നു ക്ഷേത്രപ്രവേശന വിളംബരത്തിന്റെ യുക്തി. അതായത് ഒലിച്ചു പോകുന്ന മണ്ണിനെ തടയാന്‍, ഈ വലിയ ആള്‍ക്കൂട്ടത്തെ തങ്ങളോടടുപ്പിച്ച് അവന്റെ അധ്വാനത്തെ ചൂഷണം ചെയ്യുവാന്‍, രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുവാന്‍; ഹിന്ദു ബുദ്ധിയില്‍ ഉടലെടുത്തതായിരുന്നു ക്ഷേത്രപ്രവേശനം എന്ന ആശയം. ക്ഷേത്ര പ്രവേശനം ഒരു ചതിയായിരുന്നുവെന്ന് അംബേദ്കര്‍ പ്രഖ്യാപിക്കുന്നുണ്ട്. അയ്യങ്കാളിയും ക്ഷേത്രപ്രവേശനം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. അപ്പോള്‍ ഐ.ഡി.എഫ് നേടിയെന്ന് പറയുന്നത് ദളിതന്‍ നിരാകരിക്കേണ്ട ഒന്നിലേക്കുള്ള തിരിച്ചു പോക്കാണ്. മാത്രമല്ല, ഉപജാതി പ്രശ്നങ്ങളെ വേണ്ടവിധം കൈ കാര്യം ചെയ്യാനും അവര്‍ക്കായില്ല. എന്നാല്‍കെഡിപി ഉപജാതി ഐഡന്റിറ്റികളെ അപകടപരമായിക്കാണാതെ അതിലെ ബ്രാഹ്മണിക് സ്വാധീനം എടുത്തു കളയുകയാണ് ചെയ്തത്. കാസ്റ്-ബ്രാഹ്മണിസം അപകടകരമായ ഒന്നല്ലóഎന്ന് കെ.ഡി.പി. തിരിച്ചറിയുന്നു. കെ.ഡി.പി.യില്‍ എല്ലാ ഉപജാതികള്‍ക്കും പ്രാതിനിധ്യമുണ്ട്. ഞങ്ങളുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അനില്‍കുമാര്‍ തീയ്യ സമുദായക്കാരനായിരുന്നു. കഴിഞ്ഞ ടേം വരെയും കെഡിപിയുടെ സംസ്ഥാന പ്രസിഡണ്ടായ രാമകൃഷ്ണന്‍ വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ പെടുന്നു. ദളിത് ക്രൈസ്തവരടക്കം എല്ലാ എത്നിക് കമ്മ്യൂണിറ്റികളെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ഘടന കെഡിപിക്കുണ്ട്.
അയ്യങ്കാളി
കേരളത്തെ സംബന്ധിച്ചിടത്തോളം ദളിത് ഐഡന്റിറ്റി രൂപപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പേരാണ് മഹാത്മ അയ്യങ്കാളിയുടേത്. അദ്ദേഹം നേതൃത്വം കൊടുക്കുകയും പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ് പോലുള്ള മഹത്തുക്കള്‍ തുടരുകയും ചെയ്ത നവോത്ഥാന ശ്രമങ്ങളിലാണ് ഇന്നത്തെ ദളിത്
മുത്തങ്ങ സമരം.
1989 ല്‍ തന്നെ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ ആദിവാസി ഭൂമിക്കു വേണ്ടി തിരുവനന്തപുരത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 70 കളില്‍ തന്നെ ആദിവാസിയുടെ അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. പക്ഷെ അവയൊന്നും ഇത്തരത്തിലുള്ള ഒരു ഏറ്റുമുട്ടലില്‍ കലാശിച്ചിട്ടില്ല. മുത്തങ്ങ സമരം എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ ദളിതരെ സ്വാധീനിച്ച സമരമല്ല. ദലിതരുടെ ഭൂമി പ്രശ്നം 2007 മുതല്‍ക്കു മാത്രം കേരളത്തില്‍ പൊന്തി വന്ന ഒന്നാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സ്റേറ്റിനെ അക്കൌണ്ടബിള്‍ ആക്കേണ്ടത് ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെയാണ്. പക്ഷെ മുത്തങ്ങയില്‍ ബലം പ്രയോഗിക്കുകയാണുണ്ടായത്. അത് കേരളത്തിലെ ദളിതുകളുടേയും വിശേഷിച്ച് ആദിവാസികളെയും ഡീ മോറലൈസ് ചെയ്തു. കേരളത്തിലെ ദളിത്-ആദിവാസി മൂവ്മെന്റുകളുടെ
ഡി എച്ച് ആര്‍ എം
മുത്തങ്ങയുടെ ഇംപാക്ട് ഒരു തരത്തില്‍ ഡി എച്ച് ആര്‍ എം ലും കാണാം. സാഹസികമായ ബദലുകള്‍ക്ക് മുതിരുകയല്ല ഇക്കാലത്ത് ദളിതുകള്‍ ചെയ്യേണ്ടത്. ഡി എച്ച് ആര്‍ എം ആവിഷ്ക്കരിച്ച കൂലിവേലക്കാരായ ദളിതരുടെ മൈക്രോ പരീക്ഷണങ്ങള്‍ ഒരു തരം സാഹസിക പ്രവര്‍ത്തിയായിരുന്നു. അങ്ങനെയല്ല വേണ്ടിയിരുന്നത്. ഈ നാടിന്റെ പൊതു സമ്പദ്ഘടനയ്ക്കകത്തു നിന്നുകൊണ്ട് ദലിതുകള്‍ക്ക് അവകാശപ്പെട്ടത് നേടിയെടുക്കാന്‍ ആവശ്യമായ രാഷ്ട്രീയ മാറ്റമുണ്ടാക്കാനാണ് നോക്കേണ്ടിയിരുന്നത്. ഡി എച്ച് ആര്‍ എമ്മിന് ദലിത് കോളനികളില്‍ നിന്ന് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത് അവിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആവശ്യകതയിലേക്കാണ്.അതായത് കെ.ഡി.പി. പോലുള്ള കേരളത്തിലെ എല്ലാ ദലിത് സംഘടനകള്‍ ചേര്‍ന്നാലും കേരളത്തിലെ മുവുവന്‍ ദളിതരിലേക്കും ശരിയായ സംഘടനാ പ്രവര്‍ത്തനം എത്തിയെന്ന് പറയാനാവില്ല. അപ്പോള്‍ അസംഘടിതരായി നില്‍ക്കുന്ന അസംഖ്യം ദലിതുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുക, അവര്‍ക്ക് അറിയില്ലാത്തതു പറയുക. അവരോട് ഐക്യപ്പെടാന്‍ ആഹ്വാനം ചെയ്യുക തുടങ്ങിയ പ്രാഥമികവും അവശ്യവുമായ കടമകളാണ് ഡി. എച്ച്. ആര്‍. എം. നിര്‍വ്വഹിച്ചത്. 20 വര്‍ഷങ്ങളിലേറെ പാരമ്പര്യമുള്ള ദലിത് സംഘടനകളുടെ നിരയിലേയ്ക്ക് ഒരു സംഘടന പുതുതായി കടന്നുവരുമ്പോള്‍ അവര്‍ക്ക് ഉണ്ടാകേണ്ടത് വ്യക്തമായ ആശയ അടിത്തറയാണ്. അത്
തീവ്ര നിലപാടില്‍ നിന്ന് ജനാധിപത്യത്തിലേക്ക്
ആദ്യകാലത്തെ തീവ്ര നിലപാടുകളില്‍ നിന്നും ജനാധിപത്യത്തിലേയ്ക്കുള്ള കെ.ഡി.പി. യുടെ പരിണാമം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ഞങ്ങള്‍ ഒരിക്കലും സംഘര്‍ഷങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഞങ്ങള്‍ അവിഷ്കരിച്ച വൈകാരികമായ പ്രവര്‍ത്തനശൈലി സംഘര്‍ഷങ്ങളില്‍ കലാശിച്ചു. ഉദാഹരണത്തിന് ഇ.എം.എസ്. എന്ന ബിംബത്തെ എന്റെ പ്രസംഗങ്ങളില്‍ ഒരു ദലിത് ബോധത്തില്‍ നിന്ന് എക്സ്പോസ് ചെയ്തിരുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സംഭവിക്കുമായിരുന്ന ദലിത് മുന്നേറ്റത്തെ നിര്‍വ്വീര്യമാക്കാന്‍ ഇല്ലത്തുനിന്നും ഇറങ്ങിവന്ന പ്രതിവിപ്ളവകാരിയാണ് ഇ.എം.എസ്. എന്ന് ഞാന്‍ അന്നൊക്കെ
മറ്റൊന്ന് ദലിതുകള്‍ക്കെതിരായ ആക്രമങ്ങളില്‍ നിന്ന് മതിയായ സംരക്ഷണം ലഭിക്കാതായപ്പോള്‍ ഞങ്ങള്‍ അഡാപ്റ്റ് ചെയ്ത സ്വയം പ്രതിരോധത്തിന്റെ മാര്‍ഗ്ഗം. കെഡിപിയുടേത് ഒരു സെല്‍ഫ് സ്റൈല്‍ഡ് ലീഡര്‍ഷിപ്പായിരുന്നു. മാതൃകകളൊന്നുമില്ലല്ലോ, പിന്തുണയും. അതിനാല്‍ ഞങ്ങള്‍ ആത്മരക്ഷാര്‍ത്ഥം കായികമായി സംഘടിച്ചിരുന്നു. ഒരു കാലത്ത് ഞങ്ങളുടെ ലീഡര്‍ഷിപ്പ് മുഴുവനും മാര്‍ഷല്‍ ആര്‍ട്സൊക്കെ പഠിച്ച ആത്മപ്രതിരോധ ശേഷിയുള്ളവരായിരുന്നു. അതുകൊണ്ട് പലപ്പോഴും ജീവന്‍ രക്ഷിക്കാനായി. ഇല്ലെങ്കില്‍ പണ്ടേ തല്ലിക്കൊല്ലുമായിരുന്നു. പത്തനംതിട്ടയിലെ കൊടുമണ്ണില്‍ എസ്.എഫ്.ഐയുടെ ജാഥയുമായി ബന്ധപ്പെട്ട് ഒത്തു കൂടിയ ആളുകള്‍ കെ.ഡി.പി. പ്രവര്‍ത്തകരായ സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ രാജേഷ് എന്നൊരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ മരണപ്പെടുന്നുണ്ട്. പക്ഷെ അത് ഒരിക്കലും ഒരു അറ്റംപ്റ്റഡ് മര്‍ഡര്‍ ആയിരുന്നില്ല.
പക്ഷെ സംഘര്‍ഷങ്ങള്‍ ഒരു സംഘടനയുടെ ഗുണകരമായ വളര്‍ച്ചയ്ക്ക് ഒരിക്കലും സഹായിക്കില്ല. അനുഭവങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഒരു സമുദായത്തെ ആഭ്യന്തരമായി നവീകരിക്കാനും അവര്‍ക്കിടയില്‍ ക്രിയേറ്റീവ് ആക്ടിവിസത്തിനും നീക്കിവയ്ക്കേണ്ടിയിരുന്ന വിലപ്പെട്ട സമയം സംഘര്‍ഷങ്ങള്‍ കവരുകയായിരുന്നു. സംഘര്‍ഷങ്ങള്‍ എപ്പോഴും നമ്മുടെ ഫോക്കസ് ഇഷ്യൂസില്‍ നിന്നും നോണ്‍ ഇഷ്യൂസിലേയ്ക്ക് ഡൈവേര്‍ട്ട് ചെയ്യും. ഈ തിരിച്ചടികളില്‍ നിന്നെല്ലാം കൂടുതല്‍ പക്വമായ ഒരു സമീപനത്തിന്റെ ആവശ്യകത കെ.ഡി.പി ക്ക് ബോധ്യപ്പെടുന്നുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് പകരം സമൂഹത്തില്‍ കുറേക്കൂടി സവാധീനം ചെലുത്തിക്കൊണ്ടുള്ള പരിവര്‍ത്തനമാണ് വേണ്ടതെന്ന് ബോധ്യമാവുന്നു. മാത്രവുമല്ല, പൊതു സമൂഹം മാറുന്നതിനൊപ്പം ദലിത് സമൂഹവും ആന്തരികമായി നവീകരിക്കപ്പെടേണ്ടതിന്റെ അത്യാവശ്യം 90 കളായപ്പോള്‍ കെ.ഡി. പി. ക്ക് ബോധ്യപ്പെടുന്നു. തീര്‍ച്ചയായും സ്ഥാപിക്കപ്പെടണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന സാമൂഹിക നീതിയും തുല്യാവസരവും തികച്ചും ജനാധിപത്യപരമായവയാണെന്നിരിക്കെ ആയതിനുവേണ്ടിയുള്ള ശ്രമങ്ങളും അതിന്റെ ഉള്ളടക്കം കൊണ്ടു തന്നെ ജനാധിപത്യപരമാവണം – കൂടുതല്‍ ക്വാളിഫൈഡ് ആയ ജനാധിപത്യം. 90 വരെ കെ.ഡി.പി ഒറ്റക്കായിരുന്നു. ആരും മിത്രങ്ങളായില്ല, ഒറ്റക്കു നില്‍ക്കുന്നവന്‍ സ്വാഭാവികമായും തന്റേടിയാണല്ലോ. പക്ഷെ പിന്നീടാവുമ്പോള്‍ സ്ഥിതി മാറുന്നു. കൂടുതല്‍ അര്‍ത്ഥവത്തായ ബാന്ധവങ്ങളിലേക്ക് എത്തി. കെ.ഡി.പി യോടൊപ്പമുള്ള ആള്‍ക്കൂട്ടത്തിന് രാഷ്ട്രീയ പ്രസക്തിയുണ്ടായി. അവരുടെ ഗണ്യമായ അവരുടെ വോട്ട് ഒരു സമസ്യയായി. അത് പലര്‍ക്കും ആവശ്യമായി വന്നു. അതോടെ അക്കാലം വരെ മുഖ്യ ധാരാരാഷ്ട്രീയത്തോട് പുലര്‍ത്തിയ അകല്‍ച്ച കൈവെടിഞ്ഞ് കുറച്ചു കൂടി അക്കൊമഡേറ്റീവായി ഞങ്ങള്‍ ചിന്തിച്ചു. നമുക്ക് അര്‍ത്ഥവത്തായ ചില ബാന്ധവങ്ങളാവാം, ഞങ്ങളുമുണ്ടീ സമൂഹത്തില്‍, ഞങ്ങളെ നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുക, ആരോഗ്യപരവും ജനാധിപത്യ പരവുമായ ഡയലോഗുകളാവാം എന്നതായി ഞങ്ങളുടെ നിലപാട്. അങ്ങനെ ചില എളിയ രാഷ്ട്രീയ പരീക്ഷണങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പു പോലുള്ള അവസരങ്ങളില്‍ ഞങ്ങള്‍ ചെയ്യുന്നു.
ബുദ്ധമതം
കെ.ഡി.പി യുടെ രൂപീകരണ സമയത്ത് ഞങ്ങള്‍ക്ക് മുന്നില്‍ മാതൃകകളൊന്നുമുണ്ടായിരുന്നില്ല. അപ്പോള്‍ എന്താണ് മഹാരാഷ്ട്രയിലും മറ്റും നടക്കുന്നത് എന്നറിയാന്‍ 89ല്‍ മാസങ്ങളോളം ഞാന്‍ മഹാര്ഷ്ട്ര സന്ദര്‍ശിച്ചു. അവിടെ എന്നെ സ്വാധീനിച്ച ഒന്നാണ് ദലിതുകള്‍ക്കിടയിലെ ബുദ്ധമത സ്വാധീനം. അവിടങ്ങളിലെ കുടുംബങ്ങളില്‍ ഒരു തരത്തിലുള്ള സ്പിരിച്വല്‍ വാക്വവും- ശൂന്യതയും എനിക്ക് കാണാനായില്ല. ധ്യാനവും ശീലങ്ങളും എല്ലാം ചേര്‍ന്ന് നമ്മുടെ ദലിത് കുടുംബങ്ങളില്‍ കാണാറില്ലായിരുന്ന ഒരു സമാധാനം അവിടെ ഉണഅടായിരുന്നു. ഒപ്പം അംബേദ്കറുടെ ബുദ്ധ ആന്റ് ഹിസ് ധര്‍മ്മ എന്ന പുസ്തകവും എന്നെ ആഐഴത്തില്‍ സവാധീനിക്കുന്നു. ഈ സ്വാധീനമാണ് കെ.ഡി.പി യുടെ
ബൌദ്ധ ദര്‍ശനങ്ങള്‍ ഏറ്റവും വലിയ കരുത്ത് അതിലെ ജനാധിപത്യ ഉള്‍ക്കാമ്പിലാണ്. ഇത്രയേറെ നീചവും നീണ്ടതുമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിട്ടുള്ള ഒരു മതം ലോകത്ത് മറ്റൊന്നില്ല. നൂറ്റാണ്ടുകളോളം വേട്ടയാടിയ ബ്രാഹ്മണ്യത്തോട് അതേ ശൈലിയില്‍ തിരിച്ചടിക്കാന്‍ ഒരിക്കലും ബുദ്ധമതം തുനിഞ്ഞില്ല. ഇവിടെ നിലനില്‍പ്പില്ലെങ്കില്‍ മറ്റെവിടെയെങ്കിലും എന്ന നിലയില്‍ അവര്‍ പലായനം ചെയ്തു.അങ്ങനെ അവര്‍ എവിടെയൊക്കെ വേരുറപ്പിച്ചുവോ അവിടങ്ങളിലാകെ നാഗരികതക്കും സംസ്ക്കാരത്തിനും നിസ്തുലമായ സംഭാവനകള്‍ ബുദ്ധമതം നല്‍കി. അതിന്റെ സല്‍ഫലങ്ങളില്‍ പലതും നാമിന്ന് അനുഭവിക്കുന്നു. അതൊരു വിധം നിശബ്ദ വിപ്ളവമാണ്. ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ തിരിച്ചു വരവാണിത്. ഇന്ത്യയിലെ ദളിതന്റെ വിമോചനത്തിന്റെ മാര്‍ഗ്ഗം ബുദ്ധമതമാണ്.
കെ.ഡി.പി യുടെ ഔദ്യോഗിക മതം ബുദ്ധമതമാണ്. പക്ഷെ അത് വിവിധ മതക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു സംഘടനക്കുള്ളില്‍ ഒരു പ്രതിസന്ധി തീര്‍ക്കുന്നില്ല. കാരണം മതം ഒരു നിര്‍ബന്ധമല്ല. ഒരു പാരമ്പര്യമാണ്. ഇപ്പോള്‍ ഹിന്ദുവോ ഇസ്ളാമോ ക്രിസ്ത്യനോ ആകട്ടെ ദലിതരുടെ പാരമ്പര്യം ബൌദ്ധമതം തന്നെയാണെന്നാണ് കെ.ഡി.പി യുടെ വിശ്വാസം. ചരിത്രത്തില്‍ നാം കാണുന്ന ബുദ്ധിസ്റ് റിപ്പബ്ളിക്കുകളെല്ലാം സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സ്മാരകങ്ങളായിരുന്നു. ബുദ്ധമതത്തിന്റെ ജനാധിപത്യ വീക്ഷണം ഇക്വാലിറ്റിയെ ഇടത്തും ലിബേര്‍ട്ടിയെ വലത്തും ഫ്രറ്റെനറ്റിയെ നടുവിലുമായി സ്ഥാപിക്കുന്നു. അംബദ്കര ഇതുതന്നെ പറയുന്നു. പക്ഷെ ബുദ്ധനും 200 വര്‍ഷങ്ങള്‍ക്ക ശേഷം ഫ്രാന്‍സില്‍ നടക്കുന്ന വിപ്ളവം മുന്നോട്ടു വക്കുന്ന ജനാധിപത്യ ദര്‍ശനം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നുള്ള ക്രമത്തിലാണ്. അംബേദ്കര്‍ പറയുന്നു- പരിപൂര്‍ണ്ണ സമത്വം സ്വാതന്ത്ര്യത്തെയും, പരിപൂര്‍ണ്ണ സ്വാതന്ത്ര്യം സമത്വത്തെയും ഹനിക്കും. ഇവ രണ്ടിനെയും ബാലന്‍സ് ചെയ്ത് നടുവിലാകണം സാഹോദര്യത്തിന്റെ സ്ഥാനം. സ്വാതന്ത്ര്യത്തിനും,സമത്വത്തിനും ഉള്ള പരിശ്രമം സാഹോദര്യത്തിലൂന്നിയായാല്‍ മാത്രമേ പൂര്‍ണ്ണമായും ജനാധിപത്യപരമാവൂ. ഈയൊരു ശൈലിയാണ് അടിസ്ഥാന ഉദ്ദേശലക്ഷ്യങ്ങളില്‍ മാറ്റമില്ലാത കെ.ഡി.പി ഇന്നാവിഷ്ക്കരിക്കുന്നത്.
ചെങ്ങറ ഭൂസമരം
ചെങ്ങറയിലെ സമരം ഭൂമിയില്ലാത്തവരെ സംഘടിപ്പിച്ച് ളാഹ ഗോപാലന്‍ തുടങ്ങിയ പ്രാദേശിക സമരമായിരുന്നുവെങ്കിലും പിന്നീട് അതിന് കേരളത്തിലെ മുഴുവന്‍ ദളിതരുടെയും ധാര്‍മ്മിക പിന്തുണ ലഭിച്ചു.നിരവധി ദലിത് പ്രസ്ഥാനങ്ങള്‍ നേരിട്ടും അല്ലാതെയും ഈ സമരത്തെ പിന്തുണച്ചിട്ടുണ്ട്. ചെങ്ങറയില്‍ കുടില്‍ കെട്ടി താമസിക്കുന്നവരില്‍ അനേകം കെ.ഡി.പി അനുകൂലികള്‍ ഉണ്ട്. സമരത്തെ അടിച്ചമര്‍ത്തുന്ന ഒരു സാഹചര്യമുണ്ടായപ്പോള്‍ അത് പ്രത്യക്ഷത്തില്‍ ഏറ്റെടുക്കുവാനും സമരത്തിനു പിന്നില്‍ ദലിത് സമൂഹം ആകെത്തന്നെ സമരത്തിന് പിന്നിലുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനും ഞങ്ങളും
എസ്സ്.യു.സി.ഐ. പോലുള്ള രാഷ്ട്രീയ വേരുകളില്ലാത്ത വെറും പ്രചരണ മെക്കാനിസം മാത്രമായ ചില സംഘടനകളുടെ കയ്യില്‍ പെടുകയായിരുന്നു ളാഹ. സാമുദായികമായ എല്ലാവിധ ബോണ്ടേജുകളെയും തള്ളിപ്പറഞ്ഞ് ഇദ്ദേഹം സഖ്യത്തിലാക്കിയത് കേരളത്തില്‍ ഒരു പെരിഫറല്‍ മൂവിമെന്റ് മാത്രമായ എസ്സ്. യു.സി.ഐ യെ ആണ്. ഒരു ഭൂസമരത്തിനപ്പുറം മുഴുവന്‍ ദലിതരുടെ പ്രക്ഷോഭമായി ചെങ്ങറ വളരുന്നതിന് ഏക തടസ്സം ളാഹ ഗോപാലന്‍ മാത്രമായിരുന്നു.
കേരളം ഇന് അക്കൌണ്ടബിളായേ പറ്റൂ, ദലിതരുടെ പ്രശ്നങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ ഉത്തരവാദിത്വപ്പെട്ട സ്റ്റേറ്റിനാവില്ല. ഇനിയും അക്കൌണ്ടബിളാവാത്ത പക്ഷം പ്രശ്നം നിലനില്‍ക്കുന്ന പൊളിറ്റിയിലാണെന്ന് തിരിച്ചറയപ്പെടണം. അത് പൊളിച്ചെഴുതപ്പെടുകയും വേണം. അതാകും ഇനി കേരളത്തിലെ ദലിതര്‍ ചെയ്യുക. ഇനി ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകാത്ത വിധം ഭൂമിയുടേതായൊരു ദലിത് രാഷ്ട്രീയം രൂപപ്പെട്ടു കഴിഞ്ഞു, ഒരു ബദല്‍ രാഷ്ട്രീയം. തീര്‍ച്ചയായും ളാഹാ ഗോപാലന്‍മാരെ മറികടക്കുന്ന ദലിത് രാഷ്ട്രീയം.
ഭൂമി
കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഒരു സോഷ്യോ -ഇകണോമിക് അജണ്ട വച്ചു കൊണ്ടാണ്. ഭരണഘടനാ പരമായ പ്രശ്നങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, എന്നിവയിലെ സംവരണ പ്രശ്നം, മൂലധന പങ്കാളിത്തം മറ്റു സാമ്പത്തിക വിഷയങ്ങള്‍, മനുഷ്യാവകാശ പ്രശ്നങ്ങള്‍, ദലിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് ഭൂമി. കേരളത്തിലെ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ നടപ്പിലാക്കപ്പെട്ട ഭൂ വിതരണത്തില്‍ വഞ്ചിക്കപ്പെട്ട വിഭാഗം ദലിതുകളാണ്. എന്നാല്‍ ഇന്ന് ഭൂമിക്കു മേല്‍ അര്‍ഹതപ്പെട്ട അവകാശത്തിനായി വാദിക്കാന്‍ കേരളത്തിലെ ദലിതുകള്‍ സ്വയം പ്രാപ്തരാണ്. അടിസ്ഥാന ആവശ്യങ്ങളെപ്പോലെ തന്നെ പ്രധാനമാണ് ദലിതുകളുടെ ഐഡന്റിറ്റി ക്രൈസിസും. മനുഷ്യാസ്ഥിത്വത്തിനായി ദലിതന്‍ ഇന്ത്യയില്‍ എവിടെയും
ദലിത് ഭൂപ്രശ്നം കേവലം ഭൌതികമായ ഒന്ന് മാത്രമല്ല. ചെങ്ങറയില്‍ നിരവധി സമുദായങ്ങള്‍ സമരത്തില്‍ പങ്കെടുത്തുവെങ്കിലും ഒരു സമൂഹമെന്ന നിലയില്‍ ഭൂമി ഒരു പൊള്ളുന്ന അനുഭവമായി നില്‍ക്കുന്നത് ദലിതര്‍ക്കാണ്. ഭൂമിയും ദലിതനുമായുള്ള ബന്ധം മറ്റേത് ഭൂരഹിതനില്‍ നിന്നും വ്യത്യസ്തമാണ്. ഇതിന് ഒരു സവിശേഷ സാംസ്ക്കാരിക മാനമുണ്ട്. മറ്റുള്ളവര്‍ ഭൂമിയെ ഒരു വിഭവമായി മാത്രം കാണുമ്പോള്‍ -അവര്‍ക്ക് ഭൂമി സ്വത്ത് മാത്രമാണ്- ദലിതന് ഭൂമി ഒരുതരം ആത്മീയതയാണ്. ഭൂമിയുമായുള്ള അവന്റെ ബന്ധം കേവലം പണിയെടുപ്പും കൂലിയും മാത്രമായുള്ളതല്ല. അത് അവന്റെ ശീലമാണ് -സംസ്ക്കാരമാണ്. മണ്ണുള്ള ദലിതന്‍ മണ്ണില്‍ പണിയെടുക്കുന്നത് അവന്റെ രക്തത്തിലലിഞ്ഞ വികാരത്തിന്റെ ഭാഗമായാണ്. ഈ നാടിന്റെ നിലനില്‍പ്പ് അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെങ്ങറയുടെ അനുഭവ പാഠം മുന്നിലുള്ള കേരളത്തിലെ ദലിതന്‍ മണ്ണിനു വേണ്ടിത്തന്നെ കൂടുതല്‍ ഐക്യപ്പെടുകയാണ്. ദലിതര്‍ ഒരു സംഘടിത ശേഷിയായി മാറി. എക്കാലവും ദലിത് സ്വത്വ രൂപപ്പെടലിനെ അസഹിഷ്ണുതയോടെ മാത്രം കണ്ട സി.പി.എമ്മിനു പോലും ഇത് കാണാതിരിക്കാനാവില്ല എന്നുള്ളതിനുദാഹരണമാണ് എറണാകുളത്തെ പട്ടിക ജാതി കണ്‍വെന്‍ഷന്‍. അനുഭവങ്ങളുടെ സമാനതയോട് ഐക്യപ്പെടുന്ന ദലിത് സമുദായത്തെ അങ്ങനെ തന്നെ അഡ്രസ്സ് ചെയ്യണമെന്ന തിരിച്ചറിവാണ് വര്‍ഗ്ഗ നിലപാടില്‍ നിന്ന് വ്യതിരിക്തമായി അവര്‍ നടത്തിയ ജാതി- കണ്‍വെന്‍ഷന്‍. നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പറയാം. ഇവിടെ എല്ലാം ഞങ്ങള്‍ നേടിത്തന്നു കഴിഞ്ഞു. ജാതി പ്രശ്നം വടക്കേ ഇന്ത്യയിലോ തമിഴ്നാട്ടിലോ പറയൂ. നാളിതുവരെ ഇതായിരുന്നു അവരുടെ ഭാഷ. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ദലിത് രാഷ്ട്രീയവും ഭൂമി രാഷ്ട്രീയവും ഇന്ന് രാഷ്ട്രീയ കക്ഷികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്ന വിധം ഉരുത്തിരിയുകയാണ്.
ബി.എസ്.പി
ഒരു പാര്‍ട്ടിക്ക് അവശ്യം ഉണ്ടാകേണ്ട ഒന്ന് ഐഡിയോളജിയാണ്. അംബേദ്കറൈറ്റ് ഐഡിയോളജിയുമായി പ്രവര്‍ത്തനമാരംഭിച്ച ബി. എസ്. പി ഇന്ന് സര്‍വ്വജന്‍ സമാജ് പോലുള്ള തിരഞ്ഞെടുപ്പ് അഭ്യാസങ്ങള്‍ക്കായി അതിനെ വളച്ചൊടിക്കുന്നു. എങ്ങനെയും അധികാരത്തിലെത്താനുള്ള തികച്ചും പേഴ്സണല്‍ ആയ, സെല്‍ഫ് സെന്റേര്‍ഡായ ഐഡിയോളജികളാണ് മായാവതിയുടേത്. കാന്‍ഷിറാം ജി ആരോഗ്യത്തിലിരിക്കുകയും രാഷ്ച്രീയത്തില്‍ ഇടപെടുകയും ചെയ്തിരുന്ന 96-97 കാലം വരെയും
ബി. എസ്. പി ക്ക് വ്യക്തമായ ദിശാബോധവും മോറല്‍ ഫൌണ്ടേഷനുമുണ്ടായിരുന്നു. ഇന്ത്യയിലെ ദലിതുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു ബി. എസ്. പി. പക്ഷെ ഇന്ന് ദലിതരുടെ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനു പകരം മായാവതിയിലേക്ക് ചുരുങ്ങിപ്പോവുകയാണ് ബി. എസ്. പി. ദലിതരുടെ ആവശ്യങ്ങള്‍ക്ക് മുകളില്‍ അംബേദ്കര്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ എന്താണ് യുക്തി. വലിയൊരു ആനയെ ഉണ്ടാക്കാന്‍ കോടികള്‍ ചെലവാക്കുന്നതിനു പകരം പത്ത് ദലിതര്‍ക്ക് ആടിനെ വാങ്ങിക്കൊടുക്കുകയാണ് ചെയ്യേണ്ടത്.
കാന്‍ഷി റാം
ദലിത് രാഷ്ട്രീയത്തിന്റെ ഭാവി
പൊതുവില്‍ സമുദായങ്ങള്‍ സംഘടിച്ച് രാഷ്ട്രീയ വിലപേശല്‍ ശക്തിയായിത്തീരുക എന്നതാണ് കേരളത്തില്‍ നാം കണ്ടു വരുന്ന രീതി. എന്നാല്‍ ദലിതര്‍ മാത്രം കേരളത്തില്‍ ആ വിധത്തില്‍ സംഘടിതരായില്ല.കേരളത്തിന് തന്നെ ഇനി മുന്നേട്ടു പോകണമെങ്കില്‍ സമൂഹത്തിലെ ദലിത് കണ്ടെന്റ് ശക്തിപ്പെട്ട് മുന്നോട്ട് വരേണ്ടതുണ്ട്. ദലിതരെ ആ നിലയില്‍ സ്വാംശീകരിക്കാതെ, അവരെക്കൂടി പൊതു ധാരയില്‍ അക്കൊമഡേറ്റ് ചെയ്യാതെ കേരളത്തിന് ഇനി മുന്നോട്ടു പോക്കില്ല. കാര്യങ്ങള്‍ ഈ വിധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണാണായകം ഉപജാതി ബോധങ്ങള്‍ക്കുപരിയായി വളരുന്ന ദലിത് ബോധമാണ്. അതിന്ന് മുമ്പൊന്നുമില്ലാത്ത വിധം ശക്തിപ്പെട്ടിട്ടുണ്ട്.
ഈ ഐക്യാഹ്വാനം രൂപപ്പെടുന്നത് തൊഴില്‍ സംവരണം, കോമണ്‍ ദലിത് പോളിസി, കൃഷി ഭൂമി തുടങ്ങിയ പൊതുവായ ആവശ്യങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. രാഷ്ട്രീയത്തിനും ഉപജാതി വ്യത്യാസങ്ങള്‍ക്കുമുപരിയായി ഈ ആവശ്യങ്ങള്‍ക്ക് സമുദായ പിന്തുണ ലഭിക്കുന്നു. സി.പി.എമ്മില്‍പ്പോലും ഈ ആവശ്യങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും അനുരണനങ്ങള്‍ ഉണ്ടാവുന്നു. അണികളില്‍ നിന്നു തന്നെ ചോദ്യമുയര്‍ന്നപ്പോള്‍ അതിനെ കുറുക്കു വഴിയില്‍ മറികടക്കാനായിരുന്നു സി.പി.എമ്മിന്റെ ജാതി സമ്മേളനം. പക്ഷെ അവിടെ നിന്നും ഒരടി പോലും മുന്നോട്ടു പോകാന്‍ അവര്‍ക്കു കഴിയുന്നില്ല. എന്നാല്‍ ദലിത് സംഘടനകളാകട്ടെ കേരളത്തിലെ മുഴുവന്‍ സമുദായത്തെയും പ്രതിനിധീകരിക്കാനാവും വിധം ഐക്യപ്പെടുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്നു.nകഴിഞ്ഞ ആഗസ്ത് 28ന് എറണാകുളത്ത് രൂപീകരിച്ച കേരള ദലിത് മഹാ സഭ വളരെ നിര്‍ണ്ണായകമായ ഒരു ചുവടാണ്. ചെറുതും വലുതുമായ 15-ഓളം സംഘടനകള്‍ ഈ ഐക്യ വേദിയിലുണ്ട്. കെ.പി.എം.എസ്സ് പോലെയുള്ള ജാതി സംഘടനയില്‍ നില്‍ക്കുന്നവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെടുന്നവരായ പലരും സമുദായത്തിന്റെ വിശാലമായ പ്ളാറ്റ് ഫോം എന്ന നിലയില്‍ മഹാ സഭയോട് ഐക്യപ്പെടാന് ആഭിമുഖ്യം കാണിക്കുന്നുണ്ട്. ഈ നീക്കം വലിയൊരു ആശ്വാസം നല്‍കുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ ഒറ്റക്കൊറ്റക്ക് മാത്രം ചെയ്യേണ്ടതല്ല, ഒരു കൂട്ടായ പരിശ്രമം വേണമെന്നുള്ള ബോധം രൂപം കൊള്ളുകയാണ്. ദലിത് ക്രൈസ്തവരുടെയും ആദിവാസികളുടെയും സജീവമായ പിന്തുണ സഭക്ക് ലഭിക്കുന്നു. ഈ ശക്തി കേരളത്തിലെ പ്രധാനപ്പെട്ട ഒരു പൊളിറ്റിക്കല്‍ യൂണിറ്റാവാന്‍ പോവുകയാണ്. ദലിത് സമുദായ ബോധവും ആ അടിത്തറയില്‍ നിന്നു കൊണ്ടുള്ള രാഷ്ട്രീയ ബോധവും ഇവിടെ അതിവേഗം ശക്തിപ്പെടുകയാണ്. കേരളത്തിന്റെ ഭാവി ഈ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.
തയ്യാറാക്കിയത്: ജി. സുനില്‍ / കെ.ആര്‍ ധന്യ