വഴിതെറ്റിയ കേരളം വഴികാട്ടുന്ന വടയമ്പാടി

വിഖ്യാതമായ കേരള മാതൃകയുടെ മുമ്പിലെ ചോദ്യചിഹ്നമാണ് വടയമ്പാടിയെന്ന് ലേഖനം നിരീക്ഷിക്കുന്നു. കേരളം നേടി എന്നു പറയപ്പെടുന്ന സാമൂഹിക സാംസ്കാരിക ഔന്നത്യത്തിന്റെ ഇല്ലായ്മയെ വടയമ്പാടി പുറത്തു കൊണ്ടുവരുന്നുണ്ട്. വഴിതെറ്റിയ കേരളത്തിന് പൊരുതുന്ന വടയമ്പാടിയിലെ ദലിത് സമുദായം വഴി കാട്ടുന്നു.

കേരളം ജാതിരഹിത- മതനിരപേക്ഷ സമൂഹമാണെന്നതാണു നിലനില്‍ക്കുന്ന പൊതു ബോധം. ജാതി, അതിന്റെ ലാഭേഛകളുടെ അക്രമോത്സുക താത്പര്യം പ്രകടിപ്പിച്ച് അതിസങ്കീർണമായ രാഷ്ട്രീയ-സാംസ്ക്കാരിക-സാമ്പത്തിക വ്യവഹാരങ്ങളിൽ ‘പ്രത്യേക ജാതിക്കാർക്കുള്ള ‘ അധികാരം ഉറപ്പിക്കാനും നിലനിർത്താനും പരിചരിക്കാനുമാണു ശ്രമിക്കുന്നത്. എന്നാൽ ജാതിരഹിത പ്രബുദ്ധ കേരളം എന്ന പരികല്പനയുടെ ‘അയഥാർഥവും വിശാലവുമായ ‘ സങ്കല്പത്തിന്റെ നിലപാടുതറയിലെ രാഷ്ട്രീയ സംവാദങ്ങളിൽ ജാതി, അധികാരഘടനയുടെ സാംസ്ക്കാരിക ഭാവുകത്വത്തിന്റെ വിഭവങ്ങൾക്കു മേലുള്ള ഉടമസ്ഥതയിൽ എങ്ങനെ എന്നുള്ള വിശകലനത്തിനു വിധേയമാക്കാതെ ജാതിരഹിത-മതനിരപേക്ഷ-സുന്ദര കേരള മോഡൽ, ജാതിയെ നിലനിർത്തിക്കൊണ്ട് രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഫ്യൂഡൽ ഘടന നിലനിർത്തുകയാണ്.

നവോത്ഥാന മുന്നേറ്റങ്ങളുടെ ആശയവും പോരാട്ടവും നിലനിർത്തിയും അതിന്റെ തുടർച്ചയും നേരവകാശികളെന്നു ഭാവിച്ചുമാണ് പലരും ജാതിയില്ലാക്കേരളത്തെ വ്യാഖ്യാനിക്കുന്നത്. തീണ്ടൽ, മാറുമറയ്ക്കൽ, വഴിനടക്കൽ, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചു നടത്തിയ തീക്ഷ്ണ സമരങ്ങൾ ഫലപ്രാപ്തിയിലെത്തിയെങ്കിലും അയിത്തബോധത്തെ സാമൂഹിക പെരുമാറ്റങ്ങളിൽ നിന്നു പൂർണമായി നീക്കം ചെയ്യുന്നതിൽ വിജയിച്ചിട്ടില്ല. അധികാര ഘടനയിൽ ജാതി, ഇളക്കം തട്ടാതെ നിലനില്ക്കുന്നു. എല്ലാ അധികാരങ്ങളുടെയും കേന്ദ്രം, ഭൂമിയ്ക്കു മേലുള്ള ഉടമസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടം, പൊതു ഇടങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം എന്നിവ ജാതിയുടെ അധികാരവ്യവസ്ഥയെ മാത്രമല്ല, പരോക്ഷമായ അസ്പൃശ്യതയേയും തുറന്നു കാട്ടുന്നു. ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മീഡിയ എന്നീ തൂണുകളിലേക്കു കണ്ണോടിച്ചാൽ വ്യക്തമാകും, കപട ജനാധിപത്യത്തിലെ ജാതി വ്യവസ്ഥ.

ഇ.എം.എസ് നമ്പൂതിരിപ്പാട്

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള 1967 ലെ ഇടതു സർക്കാർ മിച്ചഭൂമിയായി കണക്കാക്കി വടയമ്പാടി സെറ്റിൽമെന്റ് കോളനി നിവാസികളുടെ കായിക- സാംസ്ക്കാരിക ഉപയോഗത്തിനായാണ് വടയമ്പാടി മൈതാനം നീക്കിവച്ചിട്ടുള്ളതെങ്കിലും പൊതു ഇടമായാണതു നിലനിർത്തിപ്പോന്നത്. ഈ പൊതു ഇടത്തെയാണ് എല്ലാ അധികാര സ്ഥാപനങ്ങളുടെയും ഒത്താശയോടെ ഭൂവുടമസ്ഥതയിൽ മൃഗീയാധിപത്യമുള്ള നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍ എസ് എസ്), ജാതിമതിൽ കെട്ടിപ്പൊക്കി, പരിസരവാസികളായ നൂറോളം ദരിദ്ര-ദലിത് കുടുംബങ്ങളുടെ സർവ മനുഷ്യാവകാശങ്ങളെയും അന്തസ്സിനെയും നിഷേധിക്കുന്ന, അയിത്തത്തിന്റെ പുതു രൂപം സ്ഥാപിച്ചത്. കോളനിവാസികളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ പൊതുകിണറ്റിലേക്ക് ചുറ്റി വളഞ്ഞു പോകേണ്ട അവസ്ഥയാണ്. വടയമ്പാടി കോളനിയിലെ പറയ സമുദായാംഗമായ മാക്കോത പാപ്പു പ്രതിഷ്ഠ വച്ചു പൂജ നടത്തുകയും പുലയ സമുദായാംഗമായ നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ (പതി ) ഈ മൈതാനത്തിനുള്ളിലാണ്. പൊതു മൈതാനത്തോടു ചേർന്ന് ഒരേക്കർ ഇരുപതു സെന്റ് ഉടമയായിരുന്ന ഇരവി രാമൻ നായർ, ദേവീഭജന നടത്തിക്കൊണ്ട് അവിടെ അമ്പലം നിലവിൽ വന്നു. ക്ഷേത്രത്തോടു ചേർന്നു കിടക്കുന്ന വസ്തുവിന് വ്യാജപ്പട്ടയം നേടി ക്ഷേത്ര ഭൂമിയാണെന്ന വാദത്തിലൂന്നി അതുപയോഗിച്ചാണ് മതിൽ നിർമാണത്തിനുള്ള അനുമതി എന്‍ എസ് എസ് കരയോഗം സമ്പാദിച്ചത്.

ഹിന്ദു ഐക്യവേദിയും സി.പി.ഐ എമ്മും  സമരത്തെക്കുറിച്ച് ഒരേ ഭാഷയിലാണു സംസാരിക്കുന്നത്. ജനകീയ സമരങ്ങളെ തകർക്കാൻ ഭരണകൂടം പ്രയോഗിക്കുന്ന തന്ത്രമാണ് അവർ ഉപയോഗിക്കുന്നത്. തദ്ദേശവാസികൾക്കു പ്രാതിതിധ്യമില്ലാത്ത സമരസമിതിയുടെ നിയന്ത്രണം മുസ്ലിം തീവ്രവാദികളും മാവോവാദികളും ഏറ്റെടുത്ത് വിധ്വംസക പ്രവർത്തനങ്ങൾക്കു വടയമ്പാടിയെ കേന്ദ്രമാക്കുന്നു എന്ന ഭരണകൂട വായ്ത്താരിയാണ് വടയമ്പാടി ജാതിമതിൽ വിരുദ്ധസമരത്തിന്റെ കർതൃത്വം ഏറ്റെടുക്കാനെത്തുന്ന ഇടതുപക്ഷവും ആവർത്തിക്കുന്നത്.

ഡോ. ബി.ആര്‍. അംബേദ്ക്കര്‍

2016-ൽ ദേശവിളക്ക‌ു നടത്താൻ കോളനി വാസികൾ മൈതാനം ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് എന്‍ എസ് എസ് കര പ്രമാണിമാർ ഭൂമിക്കു മേലുള്ള അവകാശം തങ്ങൾക്കാണെന്ന് വ്യാജരേഖയുടെ അടിസ്ഥാനത്തിൽ  പ്രഖ്യാപിച്ചത്. ” ക്ഷേത്ര പരിസരത്ത് കണ്ട കാളനും കൂളനും കയറണ്ട. പള്ളിയിൽ പോയി തിരി കത്തിച്ചാൽ മതി” എന്ന് ആക്ഷേപിച്ചും “പട്ടിക ജാതിക്കാർ മൈതാനത്തു വന്ന് അഴിഞ്ഞാട്ടവും അനാശാസ്യവും നടത്തുന്നതു” ദേവിക്ക് അപ്രീതിക്കിടയാക്കുമെന്ന് ആരോപിച്ചും പത്തു പന്ത്രണ്ടടി ഉയരത്തിൽ ജാതിമതിൽ നിർമിക്കാൻ കരയോഗം തയ്യാറായി. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം കൈയൊഴിഞ്ഞ വിഷയത്തിൽ പുരോഗമനാശയ സംഘടനകൾ ഇടപെട്ട് കോളനിക്കാരുടെ നേതൃത്വത്തിൽ സമരമുന്നണി രൂപപ്പെട്ടു. വ്യാജപട്ടയം റദ്ദാക്കി മൈതാനം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കണമെന്നും ജാതിമതിൽ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു നിരവധി പ്രക്ഷോഭങ്ങൾ നടന്നു. ഭരണ കേന്ദ്രങ്ങളിൽ നിന്നു ഒരു നടപടിയും ഉണ്ടായില്ല. 2017 ഏപ്രിൽ 14 അംബേദ്ക്കർ ജയന്തി ദിനത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ദലിത് ഭൂ അവകാശ മുന്നണി പ്രവർത്തകർ ജാതിമതിൽ തച്ചുതകർത്തു – അത് ഒരിക്കലും നിയമവിരുദ്ധമായിരുന്നില്ല. നിയമം മൂലം നിരോധിക്കപ്പെട്ട അയിത്തത്തെ പുന:സ്ഥപിക്കാനുള്ള ശ്രമത്തിന്റെ പ്രത്യക്ഷ നിർമിതിയായ അയിത്ത മതിൽ കല്ലിൽ കല്ലു ശേഷിക്കാതെ തകർത്തതിലൂടെ നീതിന്യായ- ധാർമിക വ്യവസ്ഥയെ സേവിക്കുകയായിരുന്നു സമരക്കാർ. ഉത്സവവുമായി ബന്ധപ്പെട്ട് സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന എന്‍ എസ് എസ്സിന്റെ ആവശ്യം സമരസമിതിയെ അറിയിക്കാൻ ദൂതരായി വന്നതു പോലീസാണ്. സമരസമിതി അതു നിരാകരിച്ചതിനാൽ കനത്ത പോലീസ് സാന്നിധ്യത്തിൽ സമരപ്പന്തൽ പൊളിച്ച് നിരാഹാര സത്യഗ്രഹികളെ അറസ്റ്റ് ചെയ്തു. സമരം ചെയ്യാൻ പോലും ഇടമില്ലാത്ത ദലിത് ജനത തെരുവിൽ നിൽപ്പു സമരം നടത്താന്‍ നിർബന്ധിതരായി.

മനു നിയമങ്ങളിലൂടെ നൂറ്റാണ്ടുകളായി നിലനിർത്തിക്കൊണ്ടിരിക്കുന്ന അധികാര വ്യവസ്ഥയിൽ അതിനെ പിൻപറ്റുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഐക്യപ്പെടലാണ് ഈ സമരത്തിനെതിരെ നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കാണാവുന്നതാണ്. ഹിന്ദു ഐക്യവേദിയും സി.പി.ഐ എമ്മും  സമരത്തെക്കുറിച്ച് ഒരേ ഭാഷയിലാണു സംസാരിക്കുന്നത്. ജനകീയ സമരങ്ങളെ തകർക്കാൻ ഭരണകൂടം പ്രയോഗിക്കുന്ന തന്ത്രമാണ് അവർ ഉപയോഗിക്കുന്നത്. തദ്ദേശവാസികൾക്കു പ്രാതിതിധ്യമില്ലാത്ത സമരസമിതിയുടെ നിയന്ത്രണം മുസ്ലിം തീവ്രവാദികളും മാവോവാദികളും ഏറ്റെടുത്ത് വിധ്വംസക പ്രവർത്തനങ്ങൾക്കു വടയമ്പാടിയെ കേന്ദ്രമാക്കുന്നു എന്ന ഭരണകൂട വായ്ത്താരിയാണ് വടയമ്പാടി ജാതിമതിൽ വിരുദ്ധസമരത്തിന്റെ കർതൃത്വം ഏറ്റെടുക്കാനെത്തുന്ന ഇടതുപക്ഷവും ആവർത്തിക്കുന്നത്. അതായത്, പ്രത്യക്ഷത്തിൽ പരസ്പര വൈരികളെന്നു തോന്നിപ്പിക്കുന്ന മുഖ്യധാരാ ഇടതുപക്ഷവും സംഘപരിവാരവും ബ്രാഹ്മണ്യത്തിന്റെ അധികാര ഘടനയെ വടയമ്പാടിയിലെ ദലിതര്‍ ചോദ്യം ചെയ്തപ്പോൾ ഐക്യപ്പെടുന്ന ദൃശ്യമാണു മറ നീക്കി പുറത്തു വന്നത്. അതാണവരുടെ രാഷ്ട്രീയ നിലപാടെന്ന് വിശദീകരണയോഗങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നുമുണ്ട്. ഭരണകൂടവും അതിന്റെ മർദക സംവിധാനങ്ങളും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ദലിതരെ വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണു നിലനില്ക്കുന്നത്. എന്നാൽ നവ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ ജാഗ്രതയുള്ളവരുടെ ഇടപെടൽ അതിശക്തമായി വടയമ്പാടിയെ ദേശീയശ്രദ്ധയിലേക്ക് എത്തിച്ച് ജാതിരഹിത കേരളമെന്ന മിഥ്യയെ തുറന്നു കാട്ടുകയും ജാതിയെ പ്രശ്നവത്ക്കരിക്കുകയും ചെയ്തു. നിർണായകമായ ഘട്ടത്തിലെത്തിയ ജാതിമതിൽ വിരുദ്ധ സമരം ജനകീയ പങ്കാളിത്തത്തോടെ വിജയത്തിലേക്ക് എത്തുകയും കൂടുതൽ വർത്തമാനങ്ങൾക്കുള്ള സാധ്യത തുറന്നിടുകയുമാണ്.

Top