ആരാണ് ‘ദലിത്’ പ്രയോഗത്തെ ഭയപ്പെടുന്നത്?

ദലിത് പദം നിരോധിക്കാൻ ഉത്തരവിറക്കുന്നവർ ഈ പദത്തിന്റെ കർതൃത്വത്തിൽ ഒരു ശതമാനം പോലും പങ്ക് അവകാശപ്പെടാൻ ആവാത്തവരാണ് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. സ്വയം നവീകരണത്തിന്റെയും  പരിഷ്കരണത്തിന്റെയും ശാക്തീകരണത്തിന്റെയും ഭാഗമായി ഉത്പാദിപ്പിച്ച് വികസിപ്പിച്ചെടുത്ത  ദലിത് സംജ്ഞയുടെ കർതൃത്വവും ഉടമസ്ഥതയും.. വ്യത്യസ്തങ്ങളായ ദലിത് സാമൂഹ്യ സാമുദായിക പ്രസ്ഥാനങ്ങൾ, അവയുടെ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ചിന്തകർ, എഴുത്തുകാർ, വായനക്കാർ തുടങ്ങിയ വലിയൊരു സംഘത്തിന്റെ പല കാല ശ്രമങ്ങളുടെ കൂട്ടായ ഫലമാണ്. അത്തരത്തിൽ ഒരു ജനതയുടെ സാമൂഹ്യവും സാംസ്കാരിക സ്വത്വത്തിന്റെ പ്രതീകമായി സ്ഥാപിക്കപ്പെട്ട ഒന്നാണ് ‘ദലിത് ‘പദം. അത് ഒരു കമ്മീഷൻ നിർദ്ദേശത്തിന്റെയോ ഗവൺമെന്റ് ഉത്തരവിന്റെയോ അടിസ്ഥാനത്തിൽ എടുത്തു മാറ്റാനുള്ള ശ്രമങ്ങളിൽ നിന്ന് അടിയന്തിരമായിത്തന്നെ സർക്കാർ പിൻവാങ്ങേണ്ടതുണ്ട്.

ഒദ്യോഗികവ്യവഹാരങ്ങളിൽ നിന്ന് ദലിത് എന്ന പദം ഒഴിവാക്കി പട്ടികജാതി, പട്ടികവർഗ്ഗം എന്ന് ഉപയോഗിക്കണം എന്ന നിർദ്ദേശം വന്നിരിക്കുന്നു. പട്ടികജാതി – ഗോത്രവർഗ്ഗ കമ്മിഷന്റെ നിർദ്ദേശമനുസരിച്ച്  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് അച്ചടി, ദൃശ്യമാധ്യമങ്ങങ്ങളിൽ നിന്നടക്കം ദലിത് പദം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഈ നിർദ്ദേശം കേരളത്തിൽ കാൽ നൂറ്റാണ്ട്  കാലം കൊണ്ട് ഉയർന്നു വന്ന ദലിത് അവബോധത്തിന്റെയും മുന്നേറ്റത്തിന്റെയും ഗുണഫലങ്ങളെ തകർക്കുന്നതിനുള്ള നടപടിയെന്ന നിലയ്ക്ക് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ദലിത് എന്ന സംജ്ഞ ഇന്ത്യയിൽ പട്ടികജാതി പട്ടികവർഗ്ഗങ്ങൾകൂടി ഉൾപ്പെടുന്ന  ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സൈദ്ധാന്തിക സംവാദങ്ങളിലും  ഗവേഷണ പഠനങ്ങളിലും മാധ്യമ വ്യവഹാരങ്ങളിലും സർവ്വ സ്വീകാര്യമായ പദമാണിന്ന്. കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ പല സർവ്വകലാശാലകളിലും ദലിത് പഠന ഗവേഷണ വിഭാഗങ്ങൾ നിലവിലുണ്ട്. വൈജ്ഞാനിക പഠനങ്ങളുടെ നിയന്ത്രണ സിരാ കേന്ദ്രമായ യുജിസിയുടെ ചെയർമാനായ എസ്.കെ.തോറാട്ടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെയും മേധാവി. ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റർ നാഷണലുമടക്കം ജാതീയമായ വിവേചനമോ അതിക്രമമോ നേരിടേണ്ടി വരുന്ന ജനതയെ കുറിക്കാൻ ദലിത് പദമാണ് ഉപയോഗിക്കുന്നത്.. ഇത്തരത്തിൽ ദേശീയ മോ അന്തർദ്ദേശീയമോ ആയ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തുകാണിക്കാം  എന്നിരിക്കേ ഇത്തരത്തിലുള്ള ഏകപക്ഷീയമായ ഒരു തീരുമാനം സർക്കാരോ കമ്മീഷനോ എടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

സമീപകാല ഇന്ത്യയിൽ ഏറ്റവും വിപ്ലവാത്മകമായ നവവിജ്ഞാന  മേഖലയായി ദലിത് ,അനുബന്ധ പഠനങ്ങൾ, മാറിയ സാഹചര്യത്തിൽ പെട്ടെന്നുണ്ടായ ഒരു തീരുമാന പ്രകാരം ദലിത് സംജ്ഞതന്നെ റദ്ദുചെയ്യുക എന്നത് അത്തരത്തിലുണ്ടായ ഒരുണർവ്വിനെ തല്ലിക്കെടുത്താനാഗ്രഹിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയ നയങ്ങൾക്ക് പിന്തുണ നൽകുന്ന സമീപനമാണ്

  • ആരാണ് ‘ദലിത് ‘പ്രയോഗത്തെ ഭയപ്പെടുന്നത്?

സാമൂഹ്യപരമായ, സാംസ്കാ കാരികവും സാഹിത്യ സംബന്ധവുമായ, ബഹുതല മൂല്യസത്തകൾ ഉൾക്കൊള്ളുന്ന ഒന്നാണ് ‘ദലിത് ‘ എന്ന പദം.ഇന്ത്യയിലെ നവ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ദലിത് പ്രസ്ഥാനങ്ങൾ പരിഗണിക്കപ്പെടുന്നത്. വിശാല – വൈജ്ഞാനിക മാനദണ്ഡങ്ങളുള്ള,  ഒരു സമൂഹത്തിന്റെ പുരോഗാമിത്വത്തിന്റെ പ്രതീകമായി മാറിയ ഒരു പ്രയോഗത്തെ, സംജ്ഞയെ നിഷേധിക്കുകയോ നിരോധിക്കുകയാ ചെയ്യുന്നത് തീർത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.
എല്ലാ സമൂഹങ്ങളും നവോത്ഥാന കാലാനന്തരം പുരോഗമനപരമായ ഇത്തരം പുതിയ രൂപങ്ങളിലേക്ക് കാലാനുസൃതമായി പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സമാന രീതിയിലുണ്ടായ സാംസ്കാരിക വിപ്ലവത്തിന്റെ ഗുണഫലമെന്ന നിലയിലാണ് ദലിത് സംജ്ഞയും സ്വീകാര്യത നേടുന്നത്. വെത്യസ്ത മത വിശ്വാസ ധാരകൾക്കും ഭാഷകൾക്കുമപ്പുറം’ പുറത്ത്  ഇന്ത്യയിലെ അധ:സ്ഥിത ജനകോടികളെ രാഷ്ടീയ ഉള്ളടക്കമുള്ളതും വിമോചനാത്മകവുമായ ഒരു പൊതു സ്വത്വത്തിലേക്ക് ഈ പ്രയോഗം സമുദായത്തെ പരിവർത്തിപ്പിച്ചിട്ടുണ്ട്.പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര സന്ധികളിൽ ഏറ്റവും പുരോഗമനപരമായ സാമൂഹ്യ സമത്വ സങ്കൽപ്പനം സാധ്യമാക്കിയ പദം കൂടിയാണ് ദലിത്. അംബേദ്കർ അനന്തര കാലഘട്ടത്തിൽ ഉണ്ടായ നിശ്ശബ വിപ്ളവമെന്ന് ദലിത് സാഹിത്യത്തെ നിർവ്വചിച്ചത് .. ക്രിസ്റ്റഫർ ജഫർലോട്ടാണ്. പുതിയ നിർവ്വചനങ്ങളും പരിപ്രേക്ഷ്യവും സൃഷ്ടിച്ച് ഏറ്റവും സംവാദാത്മകവും പ്രതിരോധ സജ്ജവുമായ പദവുമായി ദലിത് സംജ്ഞ ഇന്നും പ്രസക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട് .അതുകൊണ്ടാണ് ദലിത് കേന്ദ്രിത രാഷ്ട്രീയ സൈദ്ധാന്തിക വൈജ്ഞാനിക ഇടപെടലുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി വർത്തമാനങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി മാറിയതും.

ഇത്തരത്തിലുള്ള വലിയ മുന്നേറ്റങ്ങളോടുള്ള അസഹിഷ്ണുത ഈ ഉത്തരവിനു പിന്നിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ശാക്തീകരണത്തെ സഹായിക്കുന്നതിനല്ലാ നേരേ മറിച്ച് വലിയ പോരാട്ടങ്ങളിലൂടെ  കരുപ്പിടിപ്പിച്ച പുരോഗമനപരമായ മുന്നേറ്റത്തെ പിന്തിരിപ്പൻ ജാതി ബോധത്തിന്റെ പഴഞ്ചൻ ചട്ടക്കൂടിലേക്ക് അടിച്ചൊതുക്കാൻ ആണ് ഈ ശ്രമം.

Top